ഒരെളിയ ദൈവത്തിനോടുള്ള പ്രാർത്ഥനകൾ
← റിൽക്കെ
| റിൽക്കെ-05 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
അന്യോന്യമാശ്രയിക്കുന്ന ഒരു ദൈവത്തെയും മനുഷ്യനെയും കുറിച്ചുള്ള റിൽക്കേയുടെ Das Stunden-Buch (The Book of Hours) 1899-നും 1903-നും ഇടയിൽ എഴുതി 1905-ൽ പ്രസിദ്ധീകരിച്ചു. ലൂ അന്ദ്രിയാസ്-സലോമിക്കു സമർപ്പിച്ചിരിക്കുന്ന ഈ സമാഹാരത്തിനു് മൂന്നു ഭാഗങ്ങളുണ്ടു്: ആശ്രമജീവിതത്തിന്റെ പുസ്തകം, തീർത്ഥയാത്രയുടെ പുസ്തകം, ദാരിദ്ര്യത്തിന്റെയും മരണത്തിന്റെയും പുസ്തകം.
ഒന്നാം ഭാഗത്തിലെ കവിതകൾ ചിത്രകാരനായ ഒരു റഷ്യൻ സന്ന്യാസി ദൈവവുമായി നടത്തുന്ന സംഭാഷണങ്ങളുടെ രൂപത്തിലുള്ളതാണു്. റിൽക്കെ ഇറ്റലിയിലും റഷ്യയിലും താമസിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണു് കവിതകളിൽ നിറഞ്ഞുനില്ക്കുന്നതു്. 1898 ഏപ്രിൽ മുതൽ ജൂൺ വരെ ഫ്ളോറൻസിലായിരുന്നപ്പോഴാണു് അദ്ദേഹം നവോത്ഥാനകാലത്തെ ചിത്രകാരന്മാരെയും ശില്പികളേയും പറ്റി കൂടുതൽ പഠിക്കുന്നതു്. ആത്മസാക്ഷാല്ക്കാരത്തിലേക്കുള്ള കഠിനയാത്രയാണു് റിൽക്കേയുടെ കണ്ണിൽ കലാകാരന്റെ ദൗത്യം. ഒരു സന്ന്യാസിയുടെ ആശ്രമജീവിതത്തെ ഈ യാത്രയുടെ രൂപകമായി അദ്ദേഹം കാണുന്നു. നിസ്സാരവും അനാവശ്യവുമായതെല്ലാം ത്യജിക്കാനും ഉള്ളിന്റെയുള്ളിൽ വെളിച്ചം നിറഞ്ഞ ഒരു വൈപുല്യം ബാക്കിവയ്ക്കാനുമുള്ള പരിശീലനമാണതു്. ത്യാഗത്തിലേക്കു്, സ്വയം വരിച്ച ഏകാന്തതയിലേക്കുള്ള ഒരു യാത്രയാണതു്. 1899-ൽ ലൂവിനും ഭർത്താവിനുമൊപ്പം നടത്തിയ റഷ്യാസന്ദർശനമാണു് ഈ ഭാഗത്തെ കവിതകളിലെ മറ്റൊരു സ്വാധീനം. ഓർത്തഡോക്സു് വിശ്വാസികളായ റഷ്യൻ ഗ്രാമീണരുടെ നിഷ്കളങ്കമായ ദൈവഭക്തി അദ്ദേഹത്തെ അഗാധമായി സ്പർശിച്ചിരുന്നു. റഷ്യയിലെ ഐക്കൺ (ആരാധനാവിഗ്രഹങ്ങളായി ഉപയോഗിച്ചിരുന്ന ചിത്രങ്ങൾ) ചിത്രകാരന്മാരിൽ തന്റെ ആദർശത്തിലുള്ള കലാകാരന്മാരെ അദ്ദേഹം കണ്ടു. ദൈവത്തെ ദൃശ്യമാക്കാനുള്ള മനുഷ്യയത്നമാവുകയാണു് ഇവിടെ കല. കലാകാരൻ ദൈവത്തെ പരിഭാഷപ്പെടുത്തുകയാണു്; ജനസാമാന്യത്തിനു് ദൈവാനുഭവത്തിനുള്ള മാദ്ധ്യമമാണു് അയാളുടെ രചനകൾ. ഇവിടെ ദൈവവും നിസ്സഹായനാണു്; കലാകാരനിലൂടെയല്ലാതെ ദൈവത്തിനു പ്രത്യക്ഷവുമില്ല.
തീർത്ഥയാത്രയുടെ പുസ്തകത്തിലെ കവിതകൾ റിൽക്കെ 1901 സെപ്തംബർ 18 മുതൽ 25 വരെ ജർമ്മനിയിലെ വെറ്റ്സെർവീഡിൽ ആയിരുന്നപ്പോൾ എഴുതിയവയാണു്. ഈ കവിതകളിലെ റഷ്യയുടെ സാന്നിദ്ധ്യം ഐക്കണുകളുമായി ബന്ധപ്പെട്ടതല്ല, റഷ്യയിലെ, വിശേഷിച്ചും ഉക്രെയ്‌നിലെ ആശ്രമദൃശ്യങ്ങളും വിശ്വാസങ്ങളുമാണു്. എന്തിനേയും, ദൈവത്തേയും, എങ്ങനെ ശരിയായി കാണണം എന്ന അന്വേഷണമാണു് ഈ ഭാഗത്തിലെ കവിതകളുടെ മുഖ്യമായ പ്രമേയം. “കാണേണ്ട രീതിയിൽ കണ്ടതൊക്കെ പിന്നെ സ്വാഭാവികമായി കവിതയാവുകയാണ്”: റിൽക്കെ ഡയറിയിൽ എഴുതുന്നുണ്ടു്.
മൂന്നാം ഭാഗത്തിലെ കവിതകൾ 1903 ഏപ്രിൽ 13-നും 20-നുമിടയിൽ ഇറ്റലിയിലെ വിയറെഗ്ഗിയോയിൽ വച്ചെഴുതിയതാണു്. പാശ്ചാത്യവും പൗരസ്ത്യവുമായ കലാസൃഷ്ടികളും റഷ്യൻ ഭൂപ്രകൃതിയും ആശ്രമങ്ങളും തീർത്ഥകേന്ദ്രങ്ങളുമല്ല, വൻനഗരങ്ങളിലെ സാധുമനുഷ്യരുടെ ദരിദ്രജീവിതമാണു് ഈ കവിതകളിൽ നിറയുന്നതു്. ഒപ്പം ഇറ്റാലിയൻ ആൽപ്സും ഫ്രാൻസിസ് അസ്സീസ്സിയും ഓർഫ്യൂസ്സും വരുന്നുണ്ടു്. ദൈവം സന്നിഹിതനാവുന്നതു് ദരിദ്രർക്കിടയിലാണു്; അവന്റെ ആവിഷ്കാരം തന്നെയാണു് അവർ.
| ||||||

