close
Sayahna Sayahna
Search

പാടിക്കൊണ്ടു മരിച്ച തിമോഫി എന്ന വൃദ്ധൻ


റിൽക്കെ

റിൽക്കെ-10
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212
Rabindranath Tagore (1861–1941): Head Study (1941) (Courtesy: Wikimedia).

കാലു മുടന്തനായ ഒരാളോടു കഥ പറയുന്നതു് എന്തു സുഖമുള്ള കാര്യമാണെന്നോ! ആരോഗ്യമുള്ളവർ എപ്പോഴാണു മനസ്സു മാറ്റുന്നതെന്നു പറയാൻ പറ്റില്ല; ഈ നിമിഷം ഈ കോണിലൂടെ നോക്കുന്നവർ അടുത്ത നിമിഷം അടുത്ത കോണിലൂടെ നോക്കുകയായി; വലതുവശത്തവരുമായി ഒരു മണിക്കൂർ നടന്നുകഴിയുമ്പോഴാണു് പെട്ടെന്നതാ, അവരുടെ മറുപടി ഇടതു വശത്തു നിന്നു വരുന്നതു്; അതാണു് കൂടുതൽ മര്യാദയുള്ളതായി, വളർത്തുഗുണം കാണിക്കുന്നതായി അവർക്കു തോന്നിയതത്രേ! ഒരു മുടന്തനിൽ നിന്നു് നിങ്ങൾക്കതു പേടിക്കേണ്ട. ചലനസ്വാതന്ത്ര്യമില്ലാത്തതു് അയാളെ ഒരചേതനവസ്തു പോലെയാക്കുന്നു (വാസ്തവത്തിൽ അവയുമായി അയാൾക്കു് പല അടുപ്പങ്ങളുമുണ്ടു്); മറ്റു വസ്തുക്കളേക്കാൾ വളരെ ഉത്കൃഷ്ടമായ ഒരു വസ്തു, തന്റെ മൗനം കൊണ്ടു മാത്രമല്ല, അപൂർവ്വമായ, പതിഞ്ഞ വാക്കുകൾ കൊണ്ടും സൗമ്യവും ആദരം നിറഞ്ഞതുമായ വികാരങ്ങൾ കൊണ്ടും കാതോർക്കുന്ന ഒരു വസ്തു.

എനിക്കു കഥ പറയാൻ ഏറ്റവും ഇഷ്ടം എന്റെ സ്നേഹിതൻ ഇവാൾഡിനോടാണു്. “എനിക്കൊരു കാര്യം ചോദിക്കാനുണ്ടു്,” പതിവായി പ്രത്യക്ഷപ്പെടാറുള്ള ജനാലയിൽ നിന്നു് അയാൾ എന്നെ വിളിച്ചപ്പോൾ എനിക്കു വലിയ സന്തോഷം തോന്നി.

ഞാൻ പെട്ടെന്നു് ജനാലയ്ക്കടുത്തേക്കു ചെന്നു.

“കഴിഞ്ഞ തവണ പറഞ്ഞ ആ കഥ എവിടുന്നു കിട്ടി?” അയാൾ ചോദിച്ചു.

“പുസ്തകത്തിൽ നിന്നു്?”

“അതെ,” വിഷാദത്തോടെ ഞാൻ പറഞ്ഞു; “മരിച്ചതിനു ശേഷം ചരിത്രകാരന്മാർ അതിനെ അവിടെ കുഴിച്ചിട്ടിരിക്കുകയായിരുന്നു; അതു് അത്ര പണ്ടൊന്നുമായിരുന്നുമില്ല. ഒരു നൂറു കൊല്ലം മുമ്പു വരെ എത്രയോ ചുണ്ടുകളിൽ അതു ജീവിച്ചിരുന്നു (താന്തോന്നിയായി, എന്നതു ശരിതന്നെ). പക്ഷേ ആളുകൾ ഇന്നുപയോഗിക്കുന്ന വാക്കുകൾ, പാടാൻ പറ്റാത്ത വിധം ഭാരം തൂങ്ങുന്ന വാക്കുകൾ, അതിന്റെ ശത്രുക്കളായിരുന്നു; അവ അതിനെ ഒരു ചുണ്ടിൽ നിന്നു മറ്റൊന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി; ഒടുവിൽ, വരണ്ടുണങ്ങിയ ഒരു ജോഡി ചുണ്ടുകളിൽ പട്ടിണിയും ഒറ്റപ്പെടലുമായി, ഒരു വിധവയെപ്പോലെ അതു് അരിഷ്ടിച്ചുജീവിച്ചു. അവിടെക്കിടന്നു്, അവകാശികളില്ലാതെ അതു മരിക്കുകയും ചെയ്തു. ഞാൻ നേരത്തേ പറഞ്ഞപോലെ, അതിന്റെ കുടുംബത്തിലെ മറ്റു പലരേയും അടക്കിയിരിക്കുന്ന അതേ പുസ്തകത്തിൽ എല്ലാ ബഹുമതികളോടും കൂടെ അതിനെ അടക്കം ചെയ്തിരിക്കുന്നു.”

“മരിക്കുമ്പോൾ അതിനു നല്ല പ്രായമുണ്ടായിരുന്നോ?” ആ നാടകത്തിൽ പങ്കു ചേർന്നുകൊണ്ടു് എന്റെ സ്നേഹിതൻ ചോദിച്ചു.

“നാനൂറോ അഞ്ഞൂറോ കൊല്ലം,” സത്യസന്ധമായി ഞാൻ പറഞ്ഞു; “അതിന്റെ ചില ബന്ധുക്കൾക്കാണെങ്കിൽ അതിലും പ്രായമുണ്ടായിരുന്നു.”

“അതെങ്ങനെ, ഒരു പുസ്തകത്തിലും അന്ത്യവിശ്രമം കിട്ടാതെയോ?” ഇവാൾഡ് വിശ്വാസമാകാത്തപോലെ ചോദിച്ചു.

ഞാൻ വിശദീകരിച്ചു കൊടുത്തു: “എനിക്കു കിട്ടിയ അറിവു വച്ചു് അവ ഒരു നാവിൽ നിന്നു് മറ്റൊരു നാവിലേക്കു് നിരന്തരസഞ്ചാരമായിരുന്നു.”

“അവ ഉറങ്ങാറുമില്ലായിരുന്നോ?”

“ങ്ഹാ, ഒരു ഗായകന്റെ ചുണ്ടുകളിൽ നിന്നു മറ്റൊരാളുടെ ചുണ്ടുകളിലേക്കു പറക്കുന്നതിനിടെ ചൂടും ഇരുട്ടുമുള്ള ഏതെങ്കിലും ഹൃദയത്തിൽ വല്ലപ്പോഴും തങ്ങിയെന്നു വരാം.”

“ഹൃദയത്തിൽ പാട്ടുകളുറങ്ങാൻ ആളുകൾ അത്ര ഒച്ചയനക്കമില്ലാത്തവരായിരുന്നോ?” ഇവാൾഡിനു് അതു തീരെ വിശ്വാസമായില്ല.

“ആയിരിക്കണമല്ലോ. പറഞ്ഞുകേൾക്കുന്നതു് ആളുകൾ അന്നൊക്കെ ഇത്ര സംസാരിച്ചിരുന്നില്ല എന്നാണു്; സാവധാനം മുറുകിവരുന്ന താളത്തിലായിരുന്നു അവർ നൃത്തം വച്ചിരുന്നതു്; ഇതെല്ലാം പോകട്ടെ, അവർ ഉറക്കെ ചിരിച്ചിരുന്നുമില്ല; സംസ്കാരം അഭിവൃദ്ധി പ്രാപിച്ചുവെന്നു പറയുന്ന ഇക്കാലത്തു് അട്ടഹസിച്ചുള്ള ചിരി അപൂർവ്വവുമല്ലല്ലോ.”

ഇവാൾഡ് മറ്റെന്തോ ചോദിക്കാനാഞ്ഞതായിരുന്നു; അതമർത്തിയിട്ടു് അയാളൊന്നു മന്ദഹസിച്ചു: “ഞാനിങ്ങനെ ചോദിച്ചുകൊണ്ടേയിരിക്കുകയാണല്ലോ; താങ്കൾക്കെന്തെങ്കിലും കഥ പറയാൻ കാണും.” അയാൾ പ്രതീക്ഷയോടെ എന്നെ നോക്കി.

“കഥയോ? കഥയാണോയെന്നൊന്നും എനിക്കറിയില്ല. ആ ഗാനങ്ങൾ ചില കുടുംബങ്ങളുടെ പൈതൃകമായിരുന്നു എന്നു പറയാനാണു ഞാൻ വന്നതു്. ഒരാൾ ഏറ്റെടുത്തു് അടുത്തയാൾക്കു കൈമാറുന്നു; അതിൽ തന്റെ വിരൽ പതിയാതെയല്ല, നിത്യോപയോഗത്തിന്റെ പാടുകൾ വീഴാതെയല്ല, എന്നാൽ ഒരു കേടും വരാതെ, അച്ഛനിൽ നിന്നു മകനിലേക്കു പോകുന്ന ഒരു പഴയ വേദപുസ്തകം പോലെ. ആ പൈതൃകം നിഷേധിക്കപ്പെട്ട ഒരാൾ അതിനവകാശികളായ തന്റെ സഹോദരന്മാരിൽ നിന്നു വ്യത്യസ്തനാകുന്നതു് അയാൾക്കു പാടാനറിയില്ല എന്നതുകൊണ്ടാണു്, അല്ലെങ്കിൽ തന്റെ അച്ഛനും മുത്തശ്ശനുമറിയാവുന്നതിൽ ചെറിയൊരു ഭാഗമേ അയാൾക്കറിയൂ എന്നതുകൊണ്ടാണു്, തനിക്കു നഷ്ടപ്പെട്ട ആ പാട്ടുകൾക്കൊപ്പം ബൈലിന[1]കളും സ്കസ്ക[2]കളും ആളുകൾക്കെന്താണോ അർത്ഥമാക്കുന്നതു്, അതും അയാൾക്കു നഷ്ടമാകുന്നു എന്നതുകൊണ്ടാണു്.”

“ഉദാഹരണത്തിനു് യിഗോർ തിമോഫിയേവിച്ചു് തന്റെ അച്ഛൻ, കിഴവൻ തിമോഫിയുടെ ആഗ്രഹത്തിനു വിരുദ്ധമായി സുന്ദരിയായ ഒരു ചെറുപ്പക്കാരിയെ വിവാഹം കഴിച്ചു് ഓർത്തൊഡോക്സു് സഭയുടെ ഏറ്റവും സമ്പൂജ്യരായ രക്തസാക്ഷികളുടെ ശവകുടീരങ്ങൾക്കരികിലുള്ള കീവു് എന്ന പുണ്യനഗരത്തിലേക്കു താമസം മാറ്റി. അച്ഛൻ തിമോഫി, പത്തുനാൾ ദൂരത്തെ ഏറ്റവും നല്ല പാട്ടുകാരൻ എന്നു കേൾവി കൊണ്ടയാൾ, മകനെ ശപിച്ചുതള്ളി; അങ്ങനെയൊരു മകൻ തനിക്കില്ലെന്നു പലപ്പോഴും തനിക്കു തോന്നിയിരുന്നതായി അയാൾ അയല്ക്കാരോടു പറഞ്ഞു. എന്നിട്ടുകൂടി ദുഃഖവും കുറ്റബോധവും കൊണ്ടു് അയാളുടെ നാവിറങ്ങി. പൊടിയടിഞ്ഞൊരു വയലിനിലെന്നപോലെ ആ വൃദ്ധന്റെയുള്ളിൽ അടച്ചുപൂട്ടിവച്ചിരിക്കുന്ന എണ്ണമറ്റ ഗാനങ്ങൾക്കവകാശികളാകാമെന്ന പ്രത്യാശയോടെ തന്റെ കുടിലിനു മുന്നിൽ തടിച്ചുകൂടിയ എല്ലാ ചെറുപ്പക്കാരെയും അയാൾ പറഞ്ഞയച്ചു. ‘അമ്മാവാ, പൊന്നമ്മാവാ, ഇന്നതെന്നില്ല, ഏതെങ്കിലും ഒരു പാട്ടു പറഞ്ഞുതന്നാൽ മതി. ഞങ്ങളതു് ഗ്രാമങ്ങളിലേക്കു കൊണ്ടുപോകാം; സന്ധ്യയായി, കാലികൾ തൊഴുത്തിലണഞ്ഞുകഴിഞ്ഞാൽ ഓരോ കളപ്പുരമുറ്റത്തു നിന്നും അങ്ങയ്ക്കതു കേൾക്കാം.”

“ആ വൃദ്ധൻ കട്ടിലിൽ നിന്നിറങ്ങാതെ പകലും മുഴുവനും തല കുലുക്കിക്കൊണ്ടിരുന്നു. അയാൾക്കു ചെകിടു കേൾക്കാതായിക്കഴിഞ്ഞിരുന്നു; വീടിനു സമീപത്തായി ചുറ്റിപ്പറ്റി നില്ക്കുന്ന ചെറുപ്പക്കാരിലാരോ തന്നോടു പാട്ടു പാടാൻ പറഞ്ഞുവോയെന്ന സംശയം കൊണ്ടു് വെളുത്തു നരച്ച തല കുലുക്കിക്കൊണ്ടു് അയാൾ ആംഗ്യം കാണിക്കും: ഇല്ല, ഇല്ല, ഇല്ല; ഒടുവിൽ ആൾ ഉറക്കമാവും; ഉറക്കത്തിലും അല്പനേരം ആ ഇല്ല, ഇല്ല, ഇല്ല തുടരുന്നുണ്ടാവും. ആ കുട്ടികൾ ആവശ്യപ്പെടുന്നതു് അയാൾ സന്തോഷത്തോടെ ചെയ്തുകൊടുക്കുമായിരുന്നു; ആ പാട്ടുകൾക്കു മേൽ തന്റെ മൂകമായ, മരിച്ച പൊടി വീണു മൂടാൻ പോവുകയാണെന്നതു്, ഒരുപക്ഷേ അധികം വൈകാതെതന്നെ, അയാളെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ അവരിലൊരാളെ എന്തെങ്കിലും പഠിപ്പിക്കാമെന്നു വച്ചാൽ അയാൾക്കപ്പോൾ തന്റെ മകൻ യിഗോറുഷ്കയെ ഓർമ്മ വരുമെന്നതു തീർച്ചയായിരുന്നു; പിന്നെന്താണുണ്ടാവുകയെന്നു് ആരു കണ്ടു? അയാൾ ഒരിക്കലും സംസാരിച്ചിരുന്നില്ലെന്നതു കൊണ്ടാണു് അയാൾ കരയുന്നതു് ആരും കാണാതിരുന്നതു്. ഓരോ വാക്കിനു പിന്നിലും അവ, ആ തേങ്ങലുകൾ, തയാറെടുത്തു നില്പ്പുണ്ടായിരുന്നു; അവ പുറത്തു വരാതിരിക്കാനായി അയാൾ പെട്ടെന്നു്, ശ്രദ്ധയോടെ വായടച്ചുകളയുകയായിരുന്നു.”

കിഴവൻ തിമോഫി തന്റെ ഏകമകനായ യിഗോറിനെ വളരെ ചെറുപ്പത്തിലേ ചില പാട്ടുകളൊക്കെ പഠിപ്പിച്ചിരുന്നു; പതിനഞ്ചായപ്പോഴേക്കും ആ ഗ്രാമത്തിലെയും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലെയും മുതിർന്ന ചെറുപ്പക്കാരെക്കാൾ കൂടുതൽ പാട്ടുകൾ കൂടുതൽ നന്നായി പാടാൻ അവനു കഴിയുമെന്നായി. എന്നാല്ക്കൂടി ചില ഒഴിവുദിവസങ്ങളിൽ (അന്നയാൾ അല്പമൊന്നു മിനുങ്ങിയിട്ടുണ്ടാവും) വൃദ്ധൻ മകനോടു പറയും: ‘യിഗോറുഷ്കാ, എന്റെ കുഞ്ഞുമാടപ്രാവേ, നിനക്കു ഞാൻ കുറേയധികം പാട്ടുകൾ പഠിപ്പിച്ചു തന്നുകഴിഞ്ഞു; പല ബൈലിനകളും നാളിനൊന്നു വച്ചു് വിശുദ്ധന്മാരുടെ അത്ഭുതപ്രവൃത്തികളും. നിനക്കറിയാമല്ലോ, ഈ പ്രവിശ്യയിലെ ഏറ്റവും നല്ല പാട്ടുകാരനാണു ഞാൻ; എന്റെ അച്ഛനു് റഷ്യയിലെ സകല പാട്ടുകളും താർത്താർ കഥകളും വശമായിരുന്നു. നിനക്കിപ്പോഴും തീരെ ചെറുപ്പമാണു്; അതിനാൽ ബൈലിനകളിൽ വച്ചേറ്റവും മനോഹരമായതു് നിനക്കു ഞാൻ പറഞ്ഞുതന്നിട്ടില്ല; പൂജാവിഗ്രഹങ്ങൾക്കു തുല്യമായ അതിലെ വാക്കുകൾ നിത്യജീവിതത്തിലെ വാക്കുകൾ പോലെ കാണരുതു്; കണ്ണീരൊഴുക്കിക്കൊണ്ടല്ലാതെ ആർക്കും, കൊസാക്കോ ഗ്രാമീണനോ ആരുമാകട്ടെ, കേട്ടുകൊണ്ടു നില്ക്കാൻ പാടില്ലാത്ത ആ ഈണങ്ങൾ നീയിനിയും പഠിച്ചിട്ടില്ല.

എല്ലാ ഞായറാഴ്ചയും റഷ്യൻ കലണ്ടർ പ്രകാരമുള്ള മറ്റൊഴിവുദിവസങ്ങളിലും — എന്നു പറഞ്ഞാൽ, മിക്കപ്പോഴുമെല്ലാ ദിവസവും — തിമോഫി ഇക്കാര്യം മകനോടു് ഉരുവിട്ടുകൊണ്ടിരിക്കും. ഒടുവിൽ അച്ഛനുമായി ഉഗ്രമായി വഴക്കടിച്ച ഒരു ദിവസം യിഗോർ ഒരു പാവം കൃഷിക്കാരന്റെ സുന്ദരിയായ മകൾ ഉസ്തിയൊങ്കയുമായി നാട്ടിൽ നിന്നപ്രത്യക്ഷനായി.

ഇതു കഴിഞ്ഞു മൂന്നാം കൊല്ലം തിമോഫി കിടപ്പിലായി; സാമ്രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും കീവിലേക്കുള്ള തീർത്ഥാടകർ യാത്ര തുടങ്ങാൻ പോകുന്ന കാലമായിരുന്നു അതു്. അയല്ക്കാരൻ ഓസ്സിപു് രോഗിയെ കാണാൻ ചെന്നു: ‘ഞാനും തീർത്ഥാടനത്തിനു പോവുകയാണു്, തിമോഫി ഇവാനിച്ചു്; പോകുന്നതിനു മുമ്പു് നിങ്ങളെ ഒന്നു കെട്ടിപ്പിടിക്കാൻ അനുവദിക്കണേ.’ ഓസ്സിപു് വൃദ്ധന്റെ സുഹൃത്തൊന്നുമായിരുന്നില്ല; എന്നാലും ഈ ദീർഘയാത്രക്കിറങ്ങുന്നതിനു മുമ്പു് ഒരച്ഛനോടെന്നപോലെ അയാളോടു യാത്ര ചോദിക്കേണ്ടതാണെന്നു് അയാൾ കരുതി. ‘ചിലപ്പോഴൊക്കെ ഞാൻ നിങ്ങളുടെ മനസ്സിനെ മുറിപ്പെടുത്തിയിട്ടുണ്ടു്,’ അയാൾ വിതുമ്പി, അതൊക്കെ പൊറുക്കണേ, കുടിച്ചു ബോധമില്ലാതായപ്പോൾ ചെയ്തുപോയതാണു്; ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടി ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കുന്നു. പോയി വരാം, ദൈവേച്ഛ അതാണെങ്കിൽ നിങ്ങൾ സുഖപ്പെട്ടുവെന്നു വരാം; അപ്പോൾ നിങ്ങൾ ഞങ്ങൾക്കു വേണ്ടി പിന്നെയും പാട്ടുകൾ പാടും. ഹൊ, എത്ര കാലമായിരിക്കുന്നു, നിങ്ങളൊന്നു പാടിയിട്ടു്! ആ പാട്ടുകളോ! ദിയൂക്കു് സ്റ്റെപ്പാനോവിച്ചിനെക്കുറിച്ചുള്ള ആ ഒരെണ്ണം, അതെന്നെങ്കിലും ഞാൻ മറക്കുമെന്നു കരുതുന്നുണ്ടോ? നിങ്ങൾ എന്തൊരു വിഡ്ഢിയായിപ്പോയി! അതെനിക്കിപ്പോഴും മനപ്പാഠമാണു്. അതെയതെ, നിങ്ങളെപ്പോലെയല്ല; അതെങ്ങനെ പാടണമെന്നു നിങ്ങൾക്കാണറിയുക; അതു സമ്മതിക്കണം. ദൈവം നിങ്ങൾക്കു് അതു തന്നു, മറ്റൊരാൾക്കു് വേറേ ചിലതു കൊടുക്കുന്നു. ഉദാഹരണത്തിന്, എനിക്കു കിട്ടിയതു്… വൃദ്ധൻ ഒരു ഞരക്കത്തോടെ കട്ടിലിൽ ഒന്നു തിരിഞ്ഞുകിടന്നിട്ടു് എന്തോ പറയാനെന്നപോലെ ഒരു ചേഷ്ട കാണിച്ചു. യിഗോറിന്റെ പേരു പോലെയാണു് അത്ര വ്യക്തമല്ലാതെ കേട്ടതു്. യിഗോറിനു കൊടുക്കാൻ എന്തോ സന്ദേശമോ മറ്റോ ആവാം അയാൾ ഉദ്ദേശിച്ചതു്. എന്നാൽ ഓസ്സിപു് വാതില്ക്കൽ നിന്നുകൊണ്ടു് ‘എന്തെങ്കിലും പറഞ്ഞോ, തിമോഫി ഇവാനിച്ചു്?’ എന്നു ചോദിച്ചപ്പോൾ അയാൾ പിന്നെയും അനക്കമില്ലാതെ കിടന്നുകൊണ്ടു് നരച്ചുവെളുത്ത തല പതുക്കെ ഒന്നിളക്കുകയേ ചെയ്തുള്ളു. അതെന്തായാലും, എന്തു നടന്നുവെന്നു ദൈവത്തിനേ അറിയൂ, ഓസ്സിപു് പോയി ഒരു കൊല്ലം കഴിഞ്ഞില്ല, തീരെ അപ്രതീക്ഷിതമായി യിഗോർ തിരിച്ചുവന്നു. വൃദ്ധനു് അത്ര പെട്ടെന്നു് അയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല; കുടിലിനുള്ളിൽ ഇരുട്ടായിരുന്നു, ഒരു പുതിയ, അപരിചിതമായ രൂപത്തെ അത്ര പെട്ടെന്നു സ്വീകരിക്കാൻ ആ വൃദ്ധനേത്രങ്ങൾ സന്നദ്ധവുമായിരുന്നില്ല. എന്നാൽ ആഗതന്റെ ശബ്ദം കേട്ടപ്പോൾ തിമോഫി ഒരു ഞെട്ടലോടെ കട്ടിലിൽ നിന്നു ചാടിയിറങ്ങി ബലം കെട്ട കാലുകളിൽ എഴുന്നേറ്റുനിന്നു. യിഗോർ അച്ഛനെ വീഴാതെ തടഞ്ഞു; ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു. തിമോഫി തേങ്ങിക്കരഞ്ഞു. ചെറുപ്പക്കാരൻ എടുത്തെടുത്തു ചോദിക്കുകയായിരുന്നു: ‘സുഖമില്ലാതായിട്ടു കുറേക്കാലമായോ, അച്ഛാ?’ ഒരുവിധം ഒന്നു സമാധാനമായപ്പോൾ വൃദ്ധൻ പിന്നെയും കട്ടിലിൽ കയറിക്കിടന്നിട്ടു് നിശിതമായ ഒരു സ്വരത്തിൽ ചോദിച്ചു: ‘നിന്റെ ഭാര്യ?’

ഒരു നിമിഷത്തെ മൗനം. യിഗോറിന്റെ വായിൽ നിന്നു് ഇങ്ങനെ പുറത്തുവന്നു: ‘ഞാനവളെ കുട്ടിയുമായി ഇറക്കിവിട്ടു.’ പിന്നെയും അയാൾ മിണ്ടാതിരുന്നു. ‘ഒരു ദിവസം ഓസ്സിപു് എന്നെ കാണാൻ വന്നു.’ ‘ഓസ്സിപു് നിക്കോഫൊറോവിച്ചു്?’ ഞാൻ ചോദിച്ചു. ‘അതെ’, അയാൾ പറഞ്ഞു, ‘അതു ഞാൻ തന്നെ’. തന്റെ അച്ഛനു സുഖമില്ല, യിഗോർ. അങ്ങേർക്കിപ്പോൾ പാടാൻ പറ്റുന്നില്ല. നാടിപ്പോൾ ആകെ മൂകമാണു്; നമ്മുടെ നാടിനിപ്പോൾ ഒരാത്മാവില്ലാത്ത പോലെയായി. ആരും മുട്ടുന്നില്ല, ഒന്നും അനങ്ങുന്നില്ല, ആരുമിപ്പോൾ കരയുന്നില്ല, ചിരിക്കാനും ശരിക്കൊരു കാരണമില്ലെന്ന മട്ടായി. ഞാനതു് മനസ്സിലിട്ടു നടന്നു. എന്താ ചെയ്യേണ്ടതു? ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു: “ഉസ്തിയോങ്കാ” ഞാൻ പറഞ്ഞു, “എനിക്കു നാട്ടിലേക്കു പോകാതെ പറ്റില്ല. അവിടെയിപ്പോൾ ആരും പാടാനില്ല; എന്റെ ഊഴമാണിനി. അച്ഛനു സുഖമില്ല.” “ആയിക്കോട്ടെ”, ഉസ്തിയോങ്ക പറഞ്ഞു. “പക്ഷേ എനിക്കു നിന്നെ കൊണ്ടുപോകാൻ പറ്റില്ല”, ഞാൻ കാര്യം പറഞ്ഞു. “അച്ഛന്, നിനക്കറിയാമല്ലോ, നിന്നെ കണ്ടുകൂടാ. അവിടെച്ചെന്നു് പാടാൻ തുടങ്ങിയാൽ ഞാൻ പിന്നെ തിരിച്ചുവരുന്നതും സംശയമായിരിക്കും”. ഉസ്തിയോങ്കയ്ക്കു് ഞാൻ പറഞ്ഞതു മനസ്സിലായി. “ആവട്ടെ, ദൈവം ഒപ്പമുണ്ടാവട്ടെ. ഇവിടെയിപ്പോൾ ധാരാളം തീർത്ഥാടകർ വരുന്നുണ്ടു്; അവർ ഭിക്ഷ തരും. ദൈവം സഹായിക്കട്ടെ, യിഗോർ.” അങ്ങനെ ഞാൻ അവിടെ നിന്നു പോന്നു. ‘ഇനി അച്ഛാ, എല്ലാ പാട്ടുകളും എനിക്കു പറഞ്ഞുതന്നാട്ടെ’.

യിഗോർ തിരിച്ചു വന്നുവെന്നും കിഴവൻ തിമോഫി പിന്നെയും പാടാൻ തുടങ്ങിയെന്നും നാടാകെ വാർത്ത പരന്നു. പക്ഷേ ആ ശരല്ക്കാലത്തു് ഗ്രാമത്തിൽ വീശിയ കാറ്റിന്റെ ഉഗ്രത കുറച്ചൊന്നുമല്ലായിരുന്നു; അതിനാൽ തിമോഫിയുടെ വീട്ടിനുള്ളിൽ നിന്നു പാട്ടു കേട്ടിരുന്നോയെന്നു് തീർച്ചയായി പറയാൻ ആ വഴി പോയവർക്കാർക്കും കഴിഞ്ഞില്ല. മുട്ടിയ ഒരാൾക്കുമായി ആ വാതിൽ തുറന്നതുമില്ല. രണ്ടു പേർക്കും ആരുടെയും ശല്യമില്ലാതെ സ്വൈരമായിട്ടിരുന്നാൽ മതിയായിരുന്നു. യിഗോർ കട്ടിലിന്റെ വക്കത്തിരുന്നിട്ടു് ഇടയ്ക്കിടെ അച്ഛന്റെ ചുണ്ടിനടുത്തേക്കു് കാതടുപ്പിക്കും; കാരണം അദ്ദേഹം പാടുക തന്നെയാണു്. മുതുകു കുനിഞ്ഞ, വിറ കൊള്ളുന്ന ആ വൃദ്ധശബ്ദം തനിക്കറിയുന്ന മനോഹരമായ പാട്ടുകളെല്ലാം യിഗോറിനു കൊണ്ടുകൊടുക്കുകയാണു്; താൻ അതെല്ലാം പാടുകയാണെന്നപോലെ യിഗോർ ചിലപ്പോൾ തലയാട്ടും, അല്ലെങ്കിൽ തൂക്കിയിട്ടിരിക്കുന്ന കാലുകളാട്ടും. ഈ രീതിയിൽ കുറേ ദിവസങ്ങൾ കടന്നുപോയി. തിമോഫി തന്റെ ഓർമ്മയിൽ നിന്നു് പുതിയ പുതിയ പാട്ടുകൾ കണ്ടെത്തിക്കൊണ്ടിരുന്നു; ഓരോന്നും തൊട്ടു മുമ്പുള്ളതിനേക്കാൾ മനോഹരവുമായിരുന്നു. പലപ്പോഴും രാത്രിയിൽ അയാൾ മകനെ തട്ടിയുണർത്തിയുണർത്തും; എന്നിട്ടു് ചുക്കിച്ചുളിഞ്ഞ ആ കൈകൾ കൊണ്ടു് അസ്പഷ്ടമായ എന്തൊക്കെയോ ചേഷ്ടകൾ കാണിച്ചുകൊണ്ടു് ഒരു ഗാനശകലം പാടിക്കേൾപ്പിക്കും; അതു കഴിഞ്ഞാൽ വേറൊന്നു്, പിന്നെ മറ്റൊന്നു്… പ്രഭാതം മടി പിടിച്ചെഴുന്നേറ്റു വരുന്നതു വരെ ഇതിങ്ങനെ തുടരും. ഗാനങ്ങളിൽ വച്ചേറ്റവും സുന്ദരമായതു പാടിത്തീർത്തതും, അയാൾ മരിച്ചു. എത്ര വലിയൊരു ഗാനശേഖരമാണു് തന്റെയുള്ളിലുള്ളതെന്നും അതൊക്കെ മകനു പകർന്നു കൊടുക്കാനുള്ള നേരം ഇനി തനിക്കില്ലെന്നും അവസാനദിവസങ്ങളിൽ അയാൾ പലപ്പോഴും വിലപിച്ചിരുന്നു. ഓർമ്മിച്ചെടുക്കാനുള്ള തീവ്രവും വ്യഗ്രവുമായ ശ്രമത്തിൽ നെറ്റിത്തടത്തിൽ ചാലുകൾ വീഴുമ്പോൾ പ്രതീക്ഷ കൊണ്ടു് അയാളുടെ ചുണ്ടുകൾ വിറ കൊണ്ടിരുന്നു. ഇടയ്ക്കയാൾ എഴുന്നേറ്റിരിക്കും, കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും തലയിട്ടുരുട്ടും, ചുണ്ടുകൾ ചലിപ്പിക്കും — ഒടുവിൽ അവ്യ‌‌ക്തമായ ഒരു ഗാനശകലം പുറത്തേക്കു വരും. ഇപ്പോഴയാൾ മിക്കപ്പോഴും തനിക്കേറ്റവും ഇഷ്ടപ്പെട്ട ഡ്യൂക്കു് സ്റ്റെപ്പാനോവിച്ചിനെക്കുറിച്ചുള്ള ചില വരികൾ മാത്രമാണു് ആവർത്തിച്ചുകൊണ്ടിരുന്നതു് — അച്ഛനെ ദേഷ്യപ്പെടുത്തേണ്ടെന്നു കരുതി മകൻ താൻ വല്ലാതെ അത്ഭുതപ്പെട്ടു പോയെന്നും ആദ്യമായിട്ടാണു് താനതു കേൾക്കുന്നതെന്നും നടിക്കും.

“തിമോഫി ഇവാനിച്ചു് മരിച്ചു് കുറേക്കാലത്തോളം ആ വീടു് അടഞ്ഞുകിടന്നു; അയാളുടെ മകൻ ഒറ്റയ്ക്കാണു് അതിൽ താമസിച്ചിരുന്നു. അടുത്ത വസന്തകാലം വന്നപ്പോൾ യിഗോർ തിമോഫിയേവിച്ചു് (അയാൾക്കിതിനകം നീണ്ടൊരു താടിയും വളർന്നുകഴിഞ്ഞിരുന്നു) വീടിനു പുറത്തേക്കു കാലെടുത്തുവച്ചു; പാട്ടുകൾ പാടിക്കൊണ്ടു് അയാൾ ഗ്രാമത്തിൽ ചുറ്റിനടക്കാൻ തുടങ്ങി. പിന്നയാൾ അടുത്തുള്ള ഗ്രാമങ്ങളിലും പോയി; യിഗോർ അച്ഛൻ തിമോഫിയെപ്പോലെ മിടുക്കനായ ഒരു പാട്ടുകാരനാണെന്നു് ഗ്രാമീണർ പറഞ്ഞുതുടങ്ങിയിരുന്നു; എത്ര ദൈവസ്തുതികളും വീരഗാഥകളുമാണു് അയാൾക്കറിയാവുന്നതു്! പിന്നെ, കണ്ണീരൊഴുക്കിക്കൊണ്ടല്ലാതെ ആർക്കും, കൊസാക്കോ ഗ്രാമീണനോ ആകട്ടെ, കേട്ടുനില്ക്കാനാവാത്ത ഗാനങ്ങളും. തന്നെയുമല്ല, മറ്റൊരു പാട്ടുകാരനിൽ നിന്നും ഇതേ വരെ കേൾക്കാത്ത സൗമ്യവും ശോകസാന്ദ്രവുമായ ഒരു സ്വരമാണു് അയാളുടെ ശബ്ദത്തിനുള്ളതെന്നും ആളുകൾ പറഞ്ഞു. പല്ലവി പാടുമ്പോൾ, തീരെ അപ്രതീക്ഷിതമായിട്ടാണു് അതു പ്രത്യക്ഷപ്പെടുന്നതെന്നതിനാൽ വല്ലാതതു മനസ്സിനെ സ്പർശിക്കുന്നുവത്രെ. പറഞ്ഞുകേട്ടതു് എന്തായാലും അങ്ങനെയാണു്.”

“അപ്പോൾ, ആ സ്വരം അയാൾ അച്ഛനിൽ നിന്നു പഠിച്ചതല്ലെന്നോ?” അല്പനേരത്തിനു ശേഷം എന്റെ സ്നേഹിതൻ ഇവാൾഡ് ചോദിച്ചു.

“അല്ല,” ഞാൻ പറഞ്ഞു, “അയാൾക്കതെങ്ങനെ കിട്ടിയെന്നു് ആർക്കുമറിയില്ല.”

ഞാൻ ജനാലയ്ക്കൽ നിന്നു് പിന്നോട്ടു് ഒരു ചുവടു വച്ചുകഴിഞ്ഞിരുന്നു; അപ്പോഴേക്കും അയാൾ പിന്നാലെ വിളിച്ചു:

“അയാൾ ഭാര്യയേയും കുട്ടിയേയും കുറിച്ചോർക്കുന്നതു കൊണ്ടാവും. അച്ഛൻ മരിച്ചുകഴിഞ്ഞ സ്ഥിതിയ്ക്കു് അയാൾ അവരെ വിളിച്ചുകൊണ്ടുവരാൻ നോക്കിയില്ലേ?”

“ഇല്ല, ഇല്ലെന്നാണെന്റെ വിശ്വാസം. എന്തായാലും മരിക്കുമ്പോൾ അയാൾ ഒറ്റയ്ക്കായിരുന്നു.”

(1900)
  1. ബൈലിന — കിഴക്കൻ സ്ലാവു് ദേശങ്ങളിലെ വീരഗാഥ.
  2. സ്കസ്ക — റഷ്യൻ യക്ഷിക്കഥ.