close
Sayahna Sayahna
Search

ഒരു പെൺകുട്ടിയുടെ കത്തിൽ നിന്നു്


റിൽക്കെ

റിൽക്കെ-17
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

… എല്ലാവരും ഉറക്കമായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റുചെന്നു് ജനാല തുറന്നു. വീട്ടിലെ മറ്റു ജനാലകളെപ്പോലെ അതു കിരുകിരുത്തു ശബ്ദമുണ്ടാക്കിയില്ല. വിജാഗിരിയിൽ സൗമ്യമായി തിരിഞ്ഞു് അതു തുറന്നു; എന്റെ കൈകൾ വലിച്ചുതുറന്നപോലെയല്ല, മറുവശത്തു് ഈട്ടം കൂടിയ പരിമളം തള്ളിത്തുറന്നപോലെ. ഈ ജനാല തുറന്നതു് ഒരു പൂമൊട്ടു പോലെയായിരുന്നു… അതിന്റെ പാളികൾ വിടർന്നതു് ഒരു പൂവിനു പുറമേയുള്ള കട്ടിയുള്ള, തിളക്കം കുറഞ്ഞ ഇലകൾ പോലെയായിരുന്നു. പൂവിന്റെ ആഴങ്ങളിലേക്കു ഞാൻ നോട്ടമയച്ചു, എണ്ണമറ്റ ഇതളുകൾ രഹസ്യമാക്കി വയ്ക്കുന്ന രാത്രിയുടെ ഇരുണ്ട ദളപുടത്തിലേക്കെന്റെ നോട്ടമിറങ്ങിച്ചെന്നു.

അപ്പോൾ ഇതിനാണല്ലേ ‘യാത്ര ചെയ്യൽ’ എന്നു പറയുന്നതു്, ഹെലൻ. ഇങ്ങനെയൊരു മാന്ത്രികഗ്രന്ഥത്തിനു് എത്ര സാധാരണവും വിരസവുമായ ഒരു പേരാണതു്! അതിന്റെ ആദ്യത്തെ താൾ മറിക്കാൻ എനിക്കു കഴിയുന്നില്ല; അത്ഭുതങ്ങളോടു് കുട്ടിക്കാലം മുതലേയുള്ള പേടി കാരണമാണതു്. ഇതിനെയാണോ ആളുകൾ വെറുതേ ‘യാത്ര ചെയ്യൽ’ എന്നു വിളിക്കുന്നതു്! അതിനു മറ്റൊരു പേരു കണ്ടെത്തേണ്ടതാണെന്നു് നിനക്കു തോന്നുന്നില്ലേ? അതിനെന്നെ നീ സഹായിക്കില്ലേ? അതു വേണ്ട: ഇപ്പോഴോ അല്ലെങ്കിൽ സ്വപ്നം കാണുമ്പോഴോ വിചാരിച്ചിരിക്കാതെ അങ്ങനെയൊന്നെനിക്കു കിട്ടിയാൽ അതു രഹസ്യമാക്കി വയ്ക്കാൻ സഹായിച്ചാൽ മതി. എന്താണു് സ്വപ്നം കാണുക എന്നു പറഞ്ഞാൽ? മുറികളിലൂടലസമായി, സാവധാനമായി, തളർച്ചയുടെ വലകളിൽ കുരുങ്ങിയവരായി നാമലഞ്ഞ ആ ദീർഘാപരാഹ്നങ്ങളിൽ നാമന്യോന്യം പറഞ്ഞുകേൾപ്പിച്ച സ്വപ്നങ്ങൾ എന്തൊക്കെയായിരുന്നു? പ്രിയപ്പെട്ട ഹെലൻ, ആർഭാടവും സൗന്ദര്യവും കൊണ്ടെന്റെ സ്വപ്നങ്ങളുടെ ശോഭ കെടുത്തുന്നതാണു നിന്റെ സ്വപ്നങ്ങളെങ്കിലും, ഇവിടെ അവ പകൽവെളിച്ചത്തിലെ ക്രിസ്തുമസ്സു് മരം പോലെ വിളറിയതും നിസ്സാരവുമായിരിക്കും. ക്ഷമിക്കണേ: സ്വപ്നങ്ങളെ ഇത്ര നീ ആശ്രയിക്കുന്നതു് ബുദ്ധിമോശമാണെന്നു് എനിക്കു തോന്നുന്നു. പലപ്പോഴും എത്ര പ്രയാസപ്പെട്ടിട്ടാണു് നീ എഴുന്നേല്ക്കുന്നതു്; എന്നിട്ടു് ഉച്ച കഴിയുന്നതു വരെ നിന്റെ മുഖം പിന്നിലേക്കു തിരിഞ്ഞിരിക്കുകയാവും, നിന്റെ നെറ്റിക്കൊരു വിളറിയ വെളിച്ചമായിരിക്കും, ഇനിയുമസ്തമിക്കാത്ത മറ്റൊരു വെളിച്ചമാണതിനെ തിളക്കുന്നതെന്നപോലെ. നിന്റെ ചിന്തകളും ആ ദിക്കിലേക്കാണു പോവുക; നിന്റെ കണ്ണുകളിൽ പകലിനിടമില്ല; നിന്റെ കൈകളാവട്ടെ (എത്ര മെലിഞ്ഞതാണവ!), ആരും നോക്കാനില്ലാത്ത അനാഥക്കുട്ടികളെപോലെയും! കൂട്ടിയടച്ച നിന്റെ വായ ഒരു പാത്രവും കൈ നീട്ടാനില്ലെങ്കിലും ഭയമില്ലാതെ, സ്വയം ശോഷിപ്പിച്ചും, അരുവികളൊഴുകിയിറങ്ങുന്ന ആ മനോഹരമായ വെണ്ണക്കല്ലിന്റെ വദനങ്ങൾ പോലെ. ആ നേരങ്ങളിൽ നിന്റെ ചുണ്ടുകളിൽ നിന്നുമുണ്ടു് ഒരു നീരോട്ടം. വിചിത്രവസന്തങ്ങൾ നിന്നെ താലോലിക്കുന്ന ഉദ്യാനങ്ങൾക്കു നീരു പകരുന്നതതാണു്.

എന്നോടു ദേഷ്യം തോന്നരുതേ, ഹെലൻ. ആ സ്വപ്നാവസ്ഥ എനിക്കും എത്ര ഇഷ്ടമായിരുന്നുവെന്നു മനസ്സിലായപ്പോൾ മാത്രമാണു് അതിലെ വലിയ അപകടം ഞാൻ തിരിച്ചറിഞ്ഞതും. നമ്മുടെ കണ്ണും കാതുമൊക്കെ മറ്റേതോ ദിക്കിലേക്കു തിരിച്ചുവച്ചാണു നാം ജീവിച്ചതു്, ഹെലൻ. നമ്മുടെ അമ്മമാർ നമ്മുടെ കണ്ണുകളിൽ പെട്ടതേയില്ല, നമ്മുടെ അച്ഛന്മാരുടെ വിരളമായ സ്നേഹചേഷ്ടകളാവട്ടെ, നമ്മിലേക്കെത്തിയതുമില്ല. നമ്മുടെ മുറിയുടെ ചുമരുകൾക്കു് എന്തു നിറമാണെന്നു പറയട്ടെ? എനിക്കറിയില്ല. ആൾതാമസമില്ലാത്ത നമ്മുടെ വീട്ടിൽ ഒന്നു പോയി നോക്കിയിട്ടു് എനിക്കെഴുതൂ. നമ്മുടെ ചുമരുകൾ സുതാര്യമാണെന്നു നാം കരുതി. എത്ര വലിയൊരു തെറ്റിദ്ധാരണയുമായിട്ടാണു് നാം വളർന്നതു്! മിനിയാന്നു് എനിക്കു സംഭവിച്ചൊരു സംഗതി പറയാം. ഇവിടെ, ഈ തെളിഞ്ഞ, പൊള്ളുന്ന ഉച്ചവെയിലിൽ മുന്തിരിത്തോപ്പുകൾക്കിടയിലുള്ള ഊഷരമായ കൊച്ചു വഴിത്താരകളെല്ലാം കണ്ണഞ്ചിക്കുന്നപോലെ വെട്ടിത്തിളങ്ങും — ഈ നേരത്തു് തീരെ നിർജ്ജനമാണെന്നതിനാൽ വിശേഷിച്ചും. എന്റെ തലയ്ക്കു മേലെത്തുന്ന (അതിനാൽ നിന്റെയും!) കന്മതിലുകൾ ഇരുപുറവുമായി നിങ്ങൾ അതിലൂടെ നടന്നുപോകുന്നു. വഴിയിലെ വെളുത്ത പൊടി കാരണം കണ്ണുകൾ തളരുമ്പോൾ ചുമരുകളിൽ ചാരി മയങ്ങിയിട്ടെന്നപോലെ നിങ്ങൾ നിന്നുപോകുന്നു. അവയും കണ്ണഞ്ചിക്കുന്നപോലെ വെട്ടിത്തിളങ്ങുന്നുണ്ടു്. അവയുടെ ഉയരങ്ങളിൽ നിന്നു പാതയിലേക്കു നോക്കുന്ന സൂര്യൻ പക്ഷേ, ഒരു ദീപ്തലാഞ്ഛന മാത്രമേ വിട്ടുപോകുന്നുള്ളു. തന്നെയുമല്ല, കുമ്മായക്കൂട്ടടർന്നുപോയ ഭാഗങ്ങളിൽ പരുക്കനും ഊഷ്മളമായ നിറവുമാണവയ്ക്കെന്നതിനാൽ നിങ്ങളുടെ നോട്ടത്തിനു് അവിടെ ഒരു പിടുത്തം കിട്ടുകയുംചെയ്യുന്നു. ഒരു ക്രിസാന്തമപ്പൂവു വച്ചു തേച്ചപോലെ ചിലേടങ്ങളിൽ ഒരു ചുവപ്പുരാശി കാണുന്നു. കല്ലുകൾക്കിടയിലെ വിടവുകളിൽ നിന്നു തെറിച്ചുനില്ക്കുന്ന നേർത്ത, ചെറിയ കുറ്റികൾ താഴെ നിഴൽ വീഴ്ത്തുന്നു. നിങ്ങളുടെ കണ്ണുകൾ നടന്നുപോകുന്ന പരവതാനി പോലെയാണതു്. ആ വിടവുകൾ അതിലുമിരുണ്ടതാണു്, വിളുമ്പോളം രാത്രി നിറഞ്ഞ ചഷകങ്ങൾ പോലെയാണവ. ഓരോ ചഷകത്തിൽ നിന്നും നുകരാനെന്നപോലെ നിങ്ങളുടെ കണ്ണുകൾ ഒന്നിൽ നിന്നൊന്നിലേക്കു ചാടിക്കടക്കുന്നു. പൊടുന്നനെയാണു് ആ അഗാധമായ അന്ധകാരം പിൻവലിയുന്നതു്; ആ ചെറിയ ചഷകങ്ങളിലൂടെ ഒരു തിര നീങ്ങിപ്പോയ പോലെയാണതു് — ഇപ്പോഴവ ഒഴിഞ്ഞിരിക്കുന്നു, നിങ്ങൾ നോക്കുന്നതു് അവയുടെ പരന്ന, നരച്ച അടിത്തട്ടിലേക്കാണു്. കിരുകിരു ശബ്ദമുണ്ടാക്കുന്ന കുഞ്ഞുജീവികൾ ഇരുട്ടും കൊണ്ടു കടന്നുകളഞ്ഞു; ഒച്ച കൂടിയ ഒരു ചലനത്താൽ നിങ്ങളതു നഷ്ടപ്പെടുത്തി. എവിടെയാണെന്റെ നോട്ടം പിന്നെയും പിന്നെയും ചെന്നു തങ്ങിയതെന്നറിയാമോ: കണ്ണുകളിൽ. ജാഗരൂകമായ ഒരായിരം കണ്ണുകളിൽ. ഓരോ പഴുതിലും ഒരു ഗൗളി ഉണർന്നിരിപ്പുണ്ടായിരുന്നു; അവിടങ്ങളിൽ ഞാൻ കണ്ട കറുപ്പു് അവ എന്നെ നോക്കുന്ന കണ്ണുകളായിരുന്നു. ഒരായിരം ഗൗളികൾ എന്നെയും നോക്കി ഇരിക്കുകയായിരുന്നു.

അറിയാമോ: എല്ലാ ചുമരുകളും ഇതുമാതിരി തന്നെ. എല്ലാ ചുമരുകളുമെന്നല്ല: എല്ലാ വസ്തുക്കളും! ഭാരമില്ലെന്നു തോന്നിയതിനാൽ നാം മുകളിലേക്കുയർത്തിയ നോട്ടമാകട്ടെ, പൊള്ളുന്ന ഭാരം പോലെ നാം താഴേക്കിട്ട നോട്ടമാകട്ടെ — അതിനെ കടന്നുപിടിയ്ക്കാനും പിടിച്ചുവയ്ക്കാനും ഒരു കണ്ണു തുറന്നുവരാനുണ്ടാവും; കൂടുതൽ തെളിച്ചമുള്ള മറ്റൊരു നോട്ടം അതു നമ്മൾക്കെറിഞ്ഞുതരികയും ചെയ്യും. ആ പുതിയ നോട്ടവുമായി നാം നോക്കിനടക്കും, അടുത്ത വസ്തുവിൽ നിന്നു് കൂടുതൽ മനോഹരമായ മറ്റൊരു നോട്ടം നമുക്കു കിട്ടും… വലിയൊരു ഭാഗ്യമല്ലേ അതു? നാം നോക്കിക്കൊണ്ടേയിരിക്കുന്നിടത്തോളം നമുക്കു പകരം കിട്ടുന്ന നോട്ടങ്ങൾ ഉജ്ജ്വലവുമായിക്കും, ഒന്നിനൊന്നു മെച്ചവുമായിരിക്കും. ഹെലൻ, കഴിയുന്നിടത്തോളം കണ്ണുകളിലേക്കു നമുക്കു നോക്കാം!

എന്നാൽ ഒരു കണ്ണുമില്ലാത്തൊരിടത്തേക്കു നോക്കുന്നതിൽ വിലക്കുണ്ടെന്നു നിനക്കു തോന്നുന്നില്ലേ? നമ്മുടെ കണ്ണുകൾ ഊറ്റിക്കുടിക്കുന്ന അന്ധരായ ശത്രുക്കളുണ്ടെന്നു നിനക്കറിയാമോ? നമ്മുടെ നോട്ടമെല്ലാം വറ്റി ഒഴിഞ്ഞ കൺപോളകളുമായിട്ടാവും പിന്നെ നാം നടക്കുക. സ്വപ്നത്തിന്റെ ചുണ്ടുകളിൽ നിന്നു നിന്റെ കണ്ണുകൾ പറിച്ചെടുക്കുക, ഹെലൻ. വസ്തുക്കളിലേക്കും സൂര്യനിലേക്കും നല്ലവരായ മനുഷ്യരിലേക്കും തിരിയട്ടെ നിന്റെ കണ്ണുകൾ; നോട്ടം കൊണ്ടു് അവ പിന്നെയും നിറയട്ടെ… എന്റെ പ്രിയപ്പെട്ട കൂട്ടുകാരീ, നീയിപ്പോൾ എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ! എന്റെയൊപ്പം വരാൻ നിന്റെ അച്ഛനമ്മമാർ സമ്മതിച്ചിരുന്നെങ്കിൽ; എങ്കിൽ ഞാൻ എത്ര മാറിപ്പോയെന്നു നിനക്കു കാണാമായിരുന്നു. എന്റെ കണ്ണുകളിലിപ്പോൾ ഒരായിരം കണ്ണുകളുണ്ടു്. അവയിലേക്കു നോക്കാൻ നിനക്കായാൽ എല്ലാം നിനക്കു മനസ്സിലാകും, ഒറ്റ നിമിഷത്തിൽ എന്റെ മനസ്സു് നിനക്കു വായിക്കാനാകും. നീയെന്നെ ഉമ്മ വയ്ക്കും. നീ തേങ്ങിക്കരയും. ഞാനിപ്പോൾ കരയുന്നപോലെ; എന്റെ ചിരി തീരെ സാധാരണവും തീരെ ബാലിശവും വളരെ ഉച്ചത്തിലുമാണെന്നു തോന്നുന്നതിനാൽ ഇപ്പോൾ ഞാൻ കരയുന്നപോലെ.

നിന്റെ…

(1900 ഏപ്രിൽ, ഷ്മാർജൻഡോർ ഡയറിയിൽ നിന്നു്)