close
Sayahna Sayahna
Search

Difference between revisions of "ഒരുവള്‍"


(Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} <poem> :: രാത്രിയുടെ മിഴി തിളങ്ങുന്നു… :: ഒരുവള്‍ ക...")
 
(No difference)

Latest revision as of 00:26, 14 June 2014

ഒരുവള്‍
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രാത്രിയുടെ മിഴി തിളങ്ങുന്നു…
ഒരുവള്‍ കുഞ്ഞിച്ചുണ്ടില്‍ വരണ്ട
മുലയായിച്ചുരക്കുന്നൂ
ഒരുവള്‍ പുരുഷന്റെ കൈകളില്‍
മരിക്കുന്നൂ
ഒരുവള്‍ കത്തിത്തീരും ജഡമായ്
ജ്വലിക്കുന്നൂ
ഒരുവള്‍ നിലാവത്തു പുല്ലില്‍
വീണരുളുന്നൂ,
ഒരുവള്‍ ചുംബിക്കുന്നൂ
ഒരുവള്‍ ചുണ്ടാല്‍പ്പൊള്ളിത്തീരുന്നൂ,
ഒരുവള്‍ തിളങ്ങുന്നൂ കണ്ണീരില്‍
ഒരുവള്‍ പുഴപോലെ മണ്ണിലാഴ്ന്നു വറ്റുന്നു,
ഒരുവള്‍ വിരല്‍ത്തുമ്പില്‍ ശൂന്യത നിറയ്ക്കുന്നൂ,
ഒരുവള്‍ മൗനക്കോപ്പ നിറയെ
തന്നെതന്നെ മോന്തുന്നൂ
ഒരുവള്‍ തുളുമ്പുന്നൂ മദ്യമായ്,
ഒരുവൾ സ്വന്തം മാംസം മുറിച്ചു
വിലപേശി വില്ക്കുന്നൂ,
ഒരുവള്‍ ദുഃസ്വപ്നത്തില്‍
നിലവിട്ടൊഴുകുന്നൂ
ഒരുവള്‍ നോവിന്‍ ചോരക്കളത്തില്‍
ഒരു വിത്തു മുളപ്പിച്ചെടുക്കുന്നൂ
ഒരുവള്‍ നക്ഷത്രങ്ങള്‍
ഒരുവള്‍ കിനാവുകള്‍
ഒരുവള്‍ പൂമൊട്ടുകള്‍
ഒരുവള്‍ മഞ്ചാടിമണികള്‍
ഒരുവള്‍ മയില്‍പ്പീലി
ഒരുവൾ മഴവില്ല്…
ഒരുവള്‍ തലയോട്ടി
ഒരുവള്‍ കുരിശ്
ഒരുവള്‍ പാപത്തിന്റെ മുള്‍മുടി
ഒരുവള്‍ കാഞ്ഞിരച്ചില്ലയും ചൂടീടുന്നൂ.

(1991)