ഒററ
ഒററ | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
ഇലക്കുമ്പിളില്‍ വെയിലും
നിലാവും മഴപ്പളുങ്കും മോന്തി
വിടരുന്നൂ പ്രണയം…
ചിരികളികളായ്
തൊണ്ടയില്‍പ്പടരുന്ന ദാഹമായ്,
വിരല്‍കൊണ്ടു കത്തിക്കുമഗ്നിയായ്,
പ്രണയമയൂരം, ചടുലനൃത്തം,
പീലിയഴക്, വര്‍ഷത്തിന്റെ
തോരാത്ത പൊഴിയാത്ത
സ്ഫടികശരറാന്തല്‍…
പളുങ്കുമേലാപ്പ്.
… … … …
ഇന്നതേ തീയ്
ഉടല്‍കൊണ്ടും മറയ്ക്കാത്ത ശീതമായ്,
ധ്രുവദൂരമായ് തമ്മില്‍
പിന്നെ ഒറ്റയ്ക്കൊരാള്‍…
മറ്റൊരാള്‍ ദുസ്വപ്നലോകങ്ങളില്‍…
വിരല്‍തൊടല്‍പോലുമുഗ്രവിഷമായ്,
അസഹ്യമാം കയ്പായ്,
വാഴ്വിന്നിലകള്‍ കൊഴിഞ്ഞുപോയ്,
നിലാവലകളില്‍ തീയായ്
ഒറ്റയായ് നീ…
ഞാനുമൊറ്റയായ്…
ഒറ്റയ്ക്കു നമ്മള്‍ സമാന്തരരേഖകള്‍
അറ്റംവരേ നീണ്ടു നീണ്ടുപോയീടാം.
(1995)
|