ലോകംപോലെ
| ലോകംപോലെ | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
എന്നുള്ളില്‍ എത്രയോ വന്‍കരകള്‍,
ഒരേ സമയം
ചക്രം തിരിയുംഋതുക്കള്,
കണ്ണീര്‍മഴ,
സ്വര്‍ണ്ണവെയിലുമായ് സൂര്യന്,
മഞ്ഞുമൂടുന്ന ധ്രുവശൈത്യമേഖലകള്,
ഉള്ളില്ത്തിളയ്ക്കുന്ന ലാവയായ്
ഓര്‍മ്മകള്‍,
സ്നേഹസ്പര്ശവുമായ്
നിലാനൂലുകള്,
ഏകാന്തതതന്‍ മഹാസമുദ്രങ്ങള്‍,
വന്യകാമനകള്‍ ചേക്കേറുമുള്ഗുഹകള്,
പൂക്കുന്ന മാമരങ്ങള്‍,
പച്ചതിങ്ങുന്ന കാടുകള്‍,
ഉള്ളാകെപ്പിളരുന്നു
നാനാ നിറങ്ങളായ്,
പ്രേമവിദ്വേഷ വിലാപസ്വരങ്ങളായ്,
വിചിത്രമാം ഭാഷകളില്‍
മറുകുറിയാരുമയക്കാത്ത
ഭിന്ന ദ്വീപങ്ങളായ്
എന്നുള്ളില്‍
എത്രയോ വന്‍കരകള്‍…
ആളുകള്‍.
(1994
| ||||||
