കാട്
കാട് | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
വനം വിളിക്കുന്നു വരൂ
മഴയുടെ മണം തുളുമ്പുന്നു
മരങ്ങളില്‍
വേരു വെരുകിനെപ്പോലെ
മണക്കുന്നു
നിറങ്ങള്‍ പൊന്തുന്നു
മയിലായ് പൂക്കളായ്
തണല്‍മരങ്ങളില്‍
നിലാവും വര്‍ഷവും
ഇരുട്ടുമായ്
രാത്രി നിറഞ്ഞു തൂവുന്നു…
ഇലകളായ് പച്ചമഴ
പൊഴിയുന്നു
പിച്ചി, പവിഴമല്ലികള്‍
മണങ്ങളായ് ആദിസ്മൃതികള്‍പോല്‍
നമ്മെപ്പൊതിയുന്നു…
വരൂ… വിളിക്കുന്നു കിളികള്‍
കൂട്ടിലേക്കിരുട്ടിറങ്ങുന്നു,
തണുപ്പിറങ്ങുന്നു,
അടുത്തിരിക്കുമ്പോള്‍
മദം ചുരക്കുന്നു…
മഴ വിളിക്കുന്നൂ
വനം വിളിക്കുന്നൂ
സൂര്യനുദിക്കുംപോല്‍
നിന്റെ മുഖം തിളങ്ങുന്നു..
അരയില്‍ ചീറ്റുന്ന
കരിമ്പാമ്പിന്‍ ചരടഴിയുന്നു,
കാടിന്‍ മടിയില്‍
ഞാനെല്ലാം മറന്നുറങ്ങുന്നു,
മഴ നനയുന്നു
കുനിഞ്ഞു കാടെന്റെ
മുഖമുഴിയുന്നു,
ചുണ്ടില്‍ ഹരിതമുദ്രകള്‍
ഉണര്‍ത്തുന്നു,
കരിനാഗം ചീറിയുണരുന്നു,
തുട മഴമണികളാല്‍ക്കുതിരുന്നു.
മാറിലറിയാപ്പൂങ്കുല വിരിയുന്നു.
പച്ചപ്പുല്‍വിരിപ്പിലെന്‍ മേനി
ഹരിതചുംബനസമൃദ്ധിയില്‍
പൂത്തു തളിര്‍ക്കുന്നു
കാടിനകത്തൊരുല്‍സവം,
ഉടലിനുല്‍സവം
കാട്ടിലലയുന്നു
ഞാനും മഴയുമൊന്നായി.
(1995)
|