close
Sayahna Sayahna
Search

അന്നേരമൊരു സഹസ്രായുതമാദിത്യന്‍മാര്‍


അന്നേരമൊരു സഹസ്രായുതമാദിത്യന്‍മാര്‍
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

എന്‍ വിരല്‍ത്തണുപ്പില്‍
നിന്നറിഞ്ഞതെന്തു നീ?
ഉഷ്ണനദിയായ് ഉടല്‍
തിളച്ചുയരുന്നത്?
നദിതന്നാഴത്തിലെ ജലനാഗങ്ങള്‍
നൃത്തംവച്ചുണരുന്നത്?
മഴപ്പളുങ്കും ലാവാനദിയാക്കുന്ന
തീക്കുണ്ഡങ്ങള്‍?
പച്ചച്ചെടികള്‍ക്കിടയിലും
പതുങ്ങും നീരാളികള്‍,
എന്‍ വിരല്‍ത്തണുപ്പി-
ലൂടെന്തിലെത്തി നീ?
മഴയില്‍?
ഇരുണ്ടിടിവെട്ടുന്ന
തുലാരാവില്‍?
മദ്യവും ചിരിയും കുഴയുന്ന
രാത്രിസത്രത്തിന്‍
തീവ്രവ്യഥയില്‍?
നിലാവിറുത്തുമയെ
ചൂടിക്കുന്ന ശിവനിൽ?
വിരല്‍ത്തണുപ്പു കുടിച്ചു നിന്‍
ദാഹമാറിയോ?
ദാഹമേറിയോ?
സിരകളിലമൃതകരവുമാ-
യമ്പിളിയുദിച്ചുവോ?
നരകാഗ്നിയായ് ചുഴന്നുവോ
നിന്നെ ഞാന്‍?
നിന്റെ ചുംബനമവിശുദ്ധമെന്‍
കവിളിന്മേല്‍
പൊള്ളി നീലച്ചതറിഞ്ഞുവോ?
പഴയരാവിന്‍
മങ്ങാമണങ്ങള്‍,
പഴയ പാനീയത്തിന്‍ രുചികള്‍,
ചവര്‍പ്പുകള്‍,
പഴയ പ്രണയത്തിന്‍
തീനിലാവുകള്‍…
എന്റെ കരളിലണയാത്ത
ചണ്ഡസൂര്യനായ്
അന്നേരമൊന്നിച്ചുദിക്കുന്നോരു
സഹസ്രായുതമാദിത്യന്മാരായ്-
അണയാതണയാതെ
കനല്‍ വാരിയെറിയുന്നതും
തണുവിരലാലറിഞ്ഞുവോ?

(1995)