പണി തീരാത്ത ദൈവം
← റിൽക്കെ
റിൽക്കെ-05.03 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
വിറ കൊള്ളുന്ന കൈകളാൽ കല്ലിന്മേൽ കല്ലടുക്കി
ഞങ്ങൾ നിന്നെ പണിതെടുക്കുന്നു.
എന്നാലാർക്കു പണി തീർക്കാനാവും,
പെരുംകോവിലേ, നിന്നെ?
എന്താണു് റോം?
അതിടിഞ്ഞുതകർന്നു കിടക്കുന്നു.
എന്താണു് ലോകം?
അതു് നശിച്ചുപോകുന്നു,
നിന്റെ ഗോപുരങ്ങൾക്കു താഴികക്കുടങ്ങളുയരും മുമ്പേ,
വർണ്ണശിലാഖണ്ഡങ്ങളുടെ കൂമ്പാരത്തിൽ നിന്നു്
നിന്റെ മുഖപ്രഭ ഞങ്ങൾക്കിണക്കിയെടുക്കാനാകും മുമ്പേ.
എന്നാൽ ചിലനേരങ്ങളിൽ സ്വപ്നങ്ങളിൽ
നിന്റെ വൈപുല്യമെന്റെ കണ്ണുകൾക്കു കാണാറാകുന്നു,
അസ്തിവാരത്തിന്റെ അഗാധതയിൽ നിന്നു്
കുംഭഗോപുരത്തിന്റെ സുവർണ്ണൗന്നത്യം വരെ.
അപ്പോഴെനിക്കു ബോദ്ധ്യമാകുന്നു,
ശേഷിച്ചതു കൂട്ടിച്ചേർത്തു് നിന്നെപ്പണി തീർക്കുകയെന്നതു്
എന്റെ മനസ്സിനു പറഞ്ഞ പണിയാണെന്നു്.
|