അടുത്ത മുറിയിലെ ദൈവം
← റിൽക്കെ
റിൽക്കെ-05.01 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
അടുത്ത മുറിയിലെ ദൈവമേ,
ഏകാന്തരാത്രിയിൽ ചിലനേരം
വാതിലിൽ ഉറക്കെ മുട്ടി
ഞാൻ നിന്റെ പൊറുതി മുട്ടിച്ചാൽ,
ക്ഷമിക്കണേ,
നീ ശ്വാസമെടുക്കുന്നതു പോലും കേൾക്കാത്തതു കൊണ്ടാണതു്:
നീയവിടെ ഒറ്റയ്ക്കാണെന്നെനിക്കറിയാം.
ഇരുട്ടത്തു ദാഹിച്ചു പരതുന്ന നിന്റെ കൈയിൽ
ഒരു പാത്രം വെള്ളമെടുത്തു തരാൻ ആരുണ്ടാവും?
എന്നാൽ കാതോർത്തു ഞാനരികെത്തന്നെയുണ്ടു്.
നീ ഒരു സൂചന തന്നാൽ മതി.
നമുക്കിടയിൽ ഈയൊരു നേർത്ത ചുമരല്ലേയുള്ളു,
അതും യദൃച്ഛയാ വന്നുപെട്ടതും?
ഞാനോ നീയോ ഒന്നു വിളിച്ചാൽ മതി,
അതിടിഞ്ഞുവീഴും,
ഒരൊച്ചയും കേൾപ്പിക്കാതെ.
|