ദൈവമേ, ഞാൻ മരിച്ചാൽ
← റിൽക്കെ
| റിൽക്കെ-05.05 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
ഞാനഥവാ മരണപ്പെട്ടാൽ, എന്തു ചെയ്യും നീ, ദൈവമേ?
ഞാൻ, നിന്റെ മൺകൂജ, വീണുടഞ്ഞാൽ?
ഞാൻ, നിന്റെ പാനീയം, പുളിച്ചുപോയാൽ?
ഞാൻ നിന്റെ മേലാട, നീ വ്യാപരിക്കുന്ന വ്യവഹാരം.
ഞാനില്ലാതെയായാൽ നിനക്കെന്തർത്ഥമാണു പിന്നെ?
ഞാനില്ലാതെയായാൽ നിനക്കു വീടില്ലാതെയാവും;
ഊഷ്മളമധുരമായി ആരു നിന്നെ വരവേല്ക്കാൻ പിന്നെ?
ഞാൻ നിന്റെ പാദുകങ്ങൾ:
ഞാനില്ലാതെ നിന്റെ നഗ്നപാദങ്ങളലഞ്ഞുതളരും.
നിന്റെ പ്രതാപത്തിന്റെ മേലാടയൂർന്നുവീഴും.
എന്റെ കവിളിന്റെ ചൂടിൽ തലയണച്ച നിന്റെ നോട്ടം
ഒരുകാലം ഞാൻ നല്കിയ സുഖങ്ങൾക്കായി ഖേദിച്ചലയും.
അസ്തമയത്തിന്റെ നിറങ്ങൾ മായുമ്പോൾ
അന്യശിലകളുടെ തണുത്ത മടിയിൽ വീണു നീയുറങ്ങും.
എന്തു ചെയ്യും നീ, ദൈവമേ? എനിക്കു പേടിയാകുന്നു.
| ||||||
