close
Sayahna Sayahna
Search

എന്റെ


റിൽക്കെ

റിൽക്കെ-05.11
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

വേവലാതിപ്പെടേണ്ട നീ, ദൈവമേ.
സഹനമുള്ളതെന്തിനോടുമവർ പറയും,
പ്രതിഷേധിക്കാത്തതെന്തിനോടുമവർ പറയും,
അവ ‘എന്റേതെ’ന്നു്.
ചില്ലകളിലൂടെ വീശിക്കടക്കുമ്പോൾ
‘എന്റെ മര’മെന്നു പറയുന്ന കാറ്റിനെപ്പോലെയാണവർ.
തങ്ങൾ തൊടാനായുന്നതെന്തും
ജ്വലിച്ചുനില്ക്കുകയാണെന്നവർ കാണുന്നതേയില്ല:
കൈ പൊള്ളാതവയുടെ അരികു പോലും തൊടാനാവുകയില്ലെന്നും.
‘എന്റേതെ’ന്നവർ പറയും,
ചില ഗ്രാമീണരോടു സംസാരിക്കുമ്പോൾ
രാജാവു് തങ്ങളുടെ സ്നേഹിതനാണെന്നവർ പറയുമ്പോലെ-
അത്ര വലിയവനും അത്ര വിദൂരസ്ഥനുമാണീ
രാജാവെങ്കിൽ വിശേഷിച്ചും.
തങ്ങളുടെ  വീട്ടുചുമരുകൾ ‘എന്റേതെ’ന്നവർ പറയും,
ആരാണവയ്ക്കു നാഥനെന്നവർക്കറിയുകയുമില്ല.
‘എന്റേതെ’ന്നവർ പറയും, എന്തിലുമവർ അവകാശം സ്ഥാപിക്കും,
(അവരടുത്തുചെല്ലുമ്പോൾ അടയുകയാണെന്തുമെങ്കിലും;)
ഇടിമിന്നലും സൂര്യനും തന്റേതെന്നു്
വായാടിയായൊരു തട്ടിപ്പുകാരൻ അവകാശപ്പെടുമ്പോലെ.
അവർ പറയും: എന്റെ ജീവിതം, എന്റെ ഭാര്യ,
എന്റെ നായ, എന്റെ കുട്ടി;
എന്നാലവർക്കറിയുകയും ചെയ്യാം:
ജീവിതം, ഭാര്യ, കുട്ടി, നായ: അന്യരുടേതാണൊക്കെയുമെന്നു്,
കണ്ണു കാണാതെ തപ്പിത്തടയുമ്പോൾ
കൈയിൽ തടഞ്ഞവ മാത്രമാണവയെന്നു്.
കഷ്ടം, വിവേകികളേ ഈ സത്യമറിയുന്നുള്ളു,
കണ്ണുകൾക്കു ദാഹിക്കുന്നവരേ അതു കാണുന്നുള്ളു.
ശേഷിച്ചവർ ഉൾക്കാതു കൊണ്ടു കേൾക്കുന്നതേയില്ല,
സ്വന്തമെന്നു പറയാൻ തങ്ങൾക്കൊന്നുമില്ലെന്നു്,
പൊന്നു പോലെ കാത്ത സമ്പാദ്യങ്ങളിൽ നിന്നാട്ടിയോടിക്കപ്പെട്ടവർ,
സ്വന്തമെന്നു കരുതിയവർ തള്ളിപ്പറഞ്ഞവർ,
അവർ കാണുന്നതേയില്ല,
തങ്ങളുടെ ഭാര്യമാർ തങ്ങളുടെ സ്വന്തമല്ലെന്നു്,
നമ്മളിൽ നിന്നു വ്യത്യസ്തവും വേറിട്ടതുമായ ജന്മങ്ങൾ,
പൂക്കളെപ്പോലെയാണവരെന്നു്.
ദൈവമേ, നീ നിന്റെ സമചിത്തത കൈവെടിയരുതേ.
നിന്നെ സ്നേഹിക്കുന്നവൻ,
ഇരുട്ടത്തു നിന്റെ മുഖം കണ്ടെടുക്കുന്നവൻ,
നിന്റെ നിശ്വാസമേല്ക്കുമ്പോൾ നാളം പോലുലയുന്നവൻ,
അവനും നീ സ്വന്തമല്ല.
രാത്രിയിലൊരാൾ നിന്നെ മുറുകെപ്പിടിച്ചാലും
പ്രാർത്ഥനകൾ കൊണ്ടു നിന്നെ വരിഞ്ഞുമുറുക്കിയാലും:
നീ വിരുന്നുകാരൻ,
വന്നു മടങ്ങിപ്പോകുന്നവൻ.
ആരു നിന്നെ പിടിച്ചുവയ്ക്കാൻ, ദൈവമേ?
നീ ആരുടേതുമല്ല,
ഒരുടമയുടെ കൈയും നിനക്കു ശല്യമല്ല:
ചാറയിലേകാന്തമായി മൂക്കുന്ന ഇളംവീഞ്ഞു്
ആരുടേതുമല്ലാത്ത പോലെ.