close
Sayahna Sayahna
Search

അഴുകുന്ന നഗരങ്ങൾ


റിൽക്കെ

റിൽക്കെ-05.12
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

കെട്ടഴുകുകയാണു് നഗരങ്ങൾ, ദൈവമേ,
തീ പിടിച്ച പുരയിൽ നിന്നുള്ള പലായനങ്ങളാണവ.
അവയ്ക്കാശ്വാസമായി ഒരു സാന്ത്വനവുമില്ല,
അവയ്ക്കു ശേഷിച്ച കാലം ചോർന്നുപോവുകയുമാണു്.
ഇടുങ്ങിക്കൂടിയ നിലവറമുറികളിൽ
അരിഷ്ടിച്ചും തപിച്ചും
കൈക്കുഞ്ഞുങ്ങളെക്കാൾ നിസ്സഹായരായി
ജീവിതം പോക്കുകയാണാളുകൾ;
പുറത്തു നിന്റെ മണ്ണു് നിശ്വസിച്ചുണരുമ്പോൾ
തങ്ങൾക്കും ജീവനുണ്ടെന്നറിയാതെ പോവുകയാണവർ.
ഒരേ ജനാലയുടെ ചതുരത്തിൽ
ഒരേ നിഴൽ മറഞ്ഞു വളരുകയാണു് കുഞ്ഞുങ്ങൾ;
കാറ്റും വെളിച്ചവും ഉല്ലാസവും നിറഞ്ഞൊരു പകൽ
പുറത്തുണ്ടെന്നറിയാതെ,
അവിടെയ്ക്കു വിളിയ്ക്കുകയാണു്
പൂക്കൾ തങ്ങളെയെന്നറിയാതെ.
കുഞ്ഞുങ്ങളാവാൻ,
സങ്കടപ്പെടുന്ന കുഞ്ഞുങ്ങളാവാൻ
വിധിക്കപ്പെട്ടവരാണവർ.
അജ്ഞാതത്തിലേക്കു വിടരുകയാണവർ, സ്ത്രീകൾ,
ചെറുപ്പത്തിൽ തങ്ങളറിഞ്ഞ ശാന്തി തേടുകയാണവർ,
എന്നാൽ തങ്ങൾ ദാഹിച്ചതൊന്നും
പ്രത്യക്ഷപ്പെടുന്നില്ലെന്നു വരുമ്പോൾ
പിന്നെയും കൂമ്പിയടയുകയാണവർ.
ഉൾമുറികളിലവർ മൂടിപ്പൊതിഞ്ഞുവയ്ക്കുന്നു,
ആശയറ്റ മാതൃത്വത്തിന്റെ നാളുകൾ,
ദീർഘരാത്രികളിൽ അറിയാതുതിരുന്ന നെടുവീർപ്പുകൾ,
ബലവും ചുണയും കെട്ടു പാഴായ വർഷങ്ങൾ.
ഇരുട്ടത്തകലെ മരണക്കിടക്കകൾ കിടപ്പുണ്ടു്,
അവർ അതിൽ ആശ വയ്ക്കാൻ തുടങ്ങുന്നു;
അവർ സാവധാനം മരിയ്ക്കുന്നു,
ചങ്ങലയിലെന്നപോലെ മരിക്കുന്നു,
പിച്ചക്കാരികളെപ്പോലെ പിരിഞ്ഞുപോകുന്നു.