close
Sayahna Sayahna
Search

വിത്താലി ഉണർന്നു


റിൽക്കെ

റിൽക്കെ-07
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212
Félix Vallotton (1865–1925): Sur le balcon (1905) (Courtesy: Wikimedia).

വിത്താലി ഉണർന്നു. താൻ എന്തെങ്കിലും സ്വപ്നം കണ്ടിരുന്നോയെന്നു് അവനോർമ്മയുണ്ടായില്ല. എന്നാൽ ഒരടക്കം പറച്ചിലാണു് തന്നെ ഉണർത്തിയതെന്നു് അവനറിയാം. അവന്റെ നോട്ടം നേരേ ക്ലോക്കിലേക്കു പോയി: മണി നാലു കഴിഞ്ഞിരിക്കുന്നു. മുറിക്കുള്ളിലെ പാതിയിരുട്ടിലേക്കു് വെളിച്ചം ക്രമേണ കയറിവരികയാണു്. അവൻ എഴുന്നേറ്റു് ജനാലയ്ക്കടുത്തേക്കു നടന്നു; ആ വെളുത്ത കമ്പിളിക്കുപ്പായത്തിൽ അവനെ കാണാൻ ഒരു യുവസന്ന്യാസിയെപ്പോലുണ്ടായിരുന്നു. അവനു മുന്നിൽ ആ ചെറിയ ഉദ്യാനം നിശ്ശബ്ദവും നിർജ്ജനവുമായി കിടന്നിരുന്നു. രാത്രിയിൽ മഴ പെയ്തിട്ടുണ്ടാവണം. ഇല കൊഴിഞ്ഞ കറുത്ത മരക്കൊമ്പുകൾക്കിടയിലൂടെ ഇരുണ്ട നിലം കാണാനുണ്ടായിരുന്നു; അതു കനത്തുവീർത്തിരുന്നു, പിൻവാങ്ങുന്ന രാത്രി മാനത്തേക്കുയരുന്നതിനു പകരം അതിലേക്കു കിനിഞ്ഞിറങ്ങിയപോലെ.  

മേഘങ്ങളിൽ പൂണ്ടുകിടന്ന പരിത്യക്തമായ കുന്നുകളിൽ കാറ്റുകൾ തിക്കു കൂട്ടിയിരുന്നു. കണ്ണുകൾ ലക്ഷ്യഹീനമായി മേഘങ്ങൾക്കിടയിൽ അലയുമ്പോൾത്തന്നെ ആ അടക്കം പറച്ചിൽ വിത്താലി പിന്നെയും കേട്ടു; ദൂരെയെങ്ങോയിരുന്നു സൂര്യോദയത്തെ വാഴ്ത്തുന്ന, നേരത്തേയുണർന്ന വാനമ്പാടികളാണതെന്നു് അപ്പോഴാണവനു മനസ്സിലായതു്. അവയുടെ ശബ്ദങ്ങൾ എവിടെയുമുണ്ടായിരുന്നു, അടുത്തും അകലത്തും; ചൂടു പിടിച്ചു വരുന്ന വായുവിൽ പതുക്കെ അലിഞ്ഞിറങ്ങുന്നപോലെ; അതിനാൽ കാതു കൊണ്ടു കേൾക്കുകയല്ല, ഉള്ളു കൊണ്ടറിയുകയാണെന്നപോലെ. പെട്ടെന്നവനു ബോദ്ധ്യമായി, ശബ്ദങ്ങൾ നിറഞ്ഞ ഈ നേരത്തെ ഒരു പേരെടുത്തും വിളിക്കാനാവില്ലെന്നും ഒരു ഘടികാരത്തിലും അതു വായിക്കാനാവില്ലെന്നും. പ്രഭാതമായിട്ടില്ലെന്നും രാത്രി കഴിഞ്ഞിരിക്കുന്നുവെന്നും. ഈ തോന്നലുമായി ഉദ്യാനത്തിനു പിന്നിലുള്ള ജനാലയ്ക്കലേക്കു് അവൻ അടുത്തുചെന്നു. ഇപ്പോൾ അതിന്റെ മുഖം തനിക്കൊന്നുകൂടി വ്യക്തമാകുന്നുണ്ടെന്നു് അവനു തോന്നി. മുമ്പു് തന്റെ ശ്രദ്ധയിൽ വരാത്തതൊന്നിൽ അവന്റെ നോട്ടം ചെന്നുതങ്ങി: വളർന്നുമുറ്റിയ ഒരു കുറ്റിച്ചെടിയുടെ ചില്ലകളിൽ ചെറിയ കിളികളെപ്പോലെ വലിയ മൊട്ടുകൾ കാത്തിരിക്കുന്നു. അവിടെയെങ്ങും ക്ഷമയും പ്രതീക്ഷയുമാണു്. മരങ്ങളും പുതിയതായെന്തിനോ ഒരുക്കിയിട്ട പോലത്തെ വട്ടത്തിലുള്ള കൊച്ചുപൂത്തടങ്ങളും ആകാശത്തു നിന്നു് പകൽ ഇറങ്ങിവരാൻ കാത്തുകിടക്കുകയാണു്; നന്നായി വെയിൽ തെളിഞ്ഞ ഒരു പകൽ അവ പ്രതീക്ഷിക്കുന്നുമില്ല; പ്രകൃതിയിലെ സർവ്വതും കൈക്കുമ്പിളുകളായി സ്വീകരിക്കാൻ കാത്തുനില്ക്കെ വീണു മുറിപ്പെടാതെ മഴയ്ക്കിറങ്ങിവരാവുന്ന ദിവസം. എത്ര ഹൃദയസ്പർശിയാണു്, ഈ കൊച്ചുപൂന്തോട്ടത്തിന്റെ ക്ഷമ. പക്ഷേ വിത്താലി പൂന്തോട്ടത്തിലേക്കു നോക്കി ഉറക്കെപ്പറഞ്ഞു: ഇതൊരു ഗോത്തികു് ജനാലയിലൂടെ നോക്കുന്നപോലെയുണ്ടു്. പിന്നെയവൻ സാവധാനം തന്റെ കിടക്കയിലേക്കു തിരിച്ചുനടന്നു. അനുസരണയോടെ അവൻ ഉറക്കത്തെ കൈക്കൊണ്ടു. പുറത്തു് ഗംഭീരമായ ഒരു മഴ പെയ്തുതുടങ്ങുന്നതും പിന്നെ ഇരച്ചിറങ്ങുന്നതും അവൻ കേൾക്കാതിരുന്നുമില്ല.

(1900)