close
Sayahna Sayahna
Search

പിയെത്ത


റിൽക്കെ

റിൽക്കെ-12.02
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

യേശുവേ, പിന്നെയുമൊരിക്കൽക്കൂടി നിന്റെ പാദങ്ങൾ ഞാൻ കാണുന്നു,
നിനക്കുമവയ്ക്കും ചെറുപ്പമായിരുന്നപ്പോഴെന്റെ കൈകൾ സ്പർശിച്ചവ,
വിറ പൂണ്ട കൈകളാലന്നു പാദുകങ്ങളൂരി ഞാൻ കഴുകിത്തോർത്തിയവ;
അന്നെത്ര വിധുരമായിട്ടെന്റെ മുടിക്കെട്ടിലവ തങ്ങിനിന്നിരുന്നു,
മുൾക്കാട്ടിൽ കുടുങ്ങിപ്പോയ പാൽവെള്ളമാനുകളെപ്പോലെ!
ഇന്നിതാ, ആരുമൊരുനാളും പുണരാത്ത നിന്റെ കൈകാലുകൾ
ഞാൻ കാണുന്നു,
നമ്മുടെ പ്രണയത്തിന്റെ പ്രഥമരാത്രിയിൽ ഇന്നാദ്യമായി
ഞാനവ കാണുന്നു.
ഇന്നോളം നിനക്കായി ദാഹിച്ചിരുന്നവൾ, നിന്നോടൊരുമിച്ചു
ഞാൻ ശയിച്ചിട്ടില്ല;
ഇന്നു നിന്നെയെനിക്കായി കിട്ടുമ്പോൾ ആരാധിക്കാനേ എനിക്കാവൂ.
ഇന്നാർക്കും കയറിച്ചെല്ലാനായി നിന്റെ ഹൃദയം തുറന്നുകിടക്കുന്നു;
ആ വാതിൽ തുറക്കേണ്ടതെനിക്കു മാത്രമായിരുന്നില്ലേ?
നോക്കൂ, നിന്റെ കൈവെള്ളകൾ ആണി തുളഞ്ഞു മുറിപ്പെട്ടിരിക്കുന്നു;
അവയറിയേണ്ടതെന്റെ പല്ലുകളുടെ മൂർച്ച മാത്രമായിരുന്നില്ലേ?
ഇന്നു നീ ക്ഷീണിതൻ. നിന്റെ കയ്ക്കുന്ന ചുണ്ടുകൾക്കു വേണ്ട,
എന്റെ ചുണ്ടുകൾ പകരുന്ന കദനം പുരണ്ട ദാഹജലം.
യേശുവേ, യേശുവേ, നമ്മുടെ അന്ത്യമെന്തേ, ഈ വിധമാവാൻ!
നമുക്കു കിട്ടാതെ പോയതെന്തേ, നമ്മുടേതായൊരിടം, നേരവും?