മരണം
← റിൽക്കെ
റിൽക്കെ-13.02 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
ഈ ആശുപത്രി വളരെ പുരാതനമാണു്. ക്ളോവിസ്[1] — റിൽക്കെ പറയുന്ന {\en Hotel-Dieu} എന്ന ആശുപത്രിയുടെ സ്ഥാപകൻ. രാജാവിന്റെ കാലം മുതലേ ആളുകൾ ഇവിടെക്കിടന്നു മരിക്കുന്നു; അന്നു പക്ഷേ കിടക്കകൾ വളരെ കുറവായിരുന്നു. ഇന്നാകട്ടെ, കിടന്നു മരിക്കാൻ 559 കിടക്കകളാണുള്ളതു്. അതെ, ഒരു ഫാക്ടറി പോലെ തന്നെ. ഉല്പാദനം ഇത്ര വൻതോതിലാവുമ്പോൾ എല്ലാ ഉല്പന്നങ്ങളിലും ഒരേ ശ്രദ്ധ കിട്ടണമെന്നില്ലല്ലോ; എന്നാൽ അതു കാര്യമാക്കാനില്ല. എണ്ണത്തിലാണു കാര്യം. ഒരു മരണം പൂർണ്ണതോതിലാണോ നടന്നതു്, അതു വേണ്ടവിധത്തിലായോ എന്നൊക്കെ ശ്രദ്ധിക്കാൻ ഇക്കാലത്താരെങ്കിലുമുണ്ടോ? ഒരാളുമില്ല. മരണത്തിന്റെ വിശദാംശങ്ങളിൽ ശ്രദ്ധിക്കാൻ സമയവും സൗകര്യവുമുള്ള പണക്കാർ പോലും അതിൽ അലസതയും ഉദാസീനതയും കാണിക്കാൻ തുടങ്ങിയിരിക്കുന്നു. സ്വന്തമായ ഒരു മരണത്തിനായുള്ള ആഗ്രഹം പോകെപ്പോകെ അപൂർവ്വമായി വരികയാണു്. അധികകാലം കഴിയേണ്ട, സ്വന്തമായൊരു ജീവിതം പോലെ അതപൂർവ്വമായിക്കോളും. എന്റെ ദൈവമേ! ഒക്കെ തയാറാക്കി വച്ചിരിക്കുകയല്ലേ! നിങ്ങൾ കയറിവരുന്നു, പെഗ്ഗുകളിൽ തൂക്കിയിട്ടിരിക്കുന്ന ജീവിതങ്ങളിൽ നിന്നു് ഒരെണ്ണം നോക്കിയെടുക്കുന്നു, പിന്നെ അതെങ്ങെടുത്തിട്ടാൽ മതി. നിങ്ങൾക്കിഷ്ടമുള്ളപ്പോഴോ അല്ലെങ്കിൽ നിർബ്ബന്ധിച്ചു പറഞ്ഞുവിടുമ്പോഴോ നിങ്ങൾക്കു സ്ഥലം വിടുകയും ചെയ്യാം: ഒരു പ്രയാസവുമില്ല: ഇതാ, സർ, താങ്കളുടെ മരണം. നിങ്ങൾ നിങ്ങൾക്കാവുന്നത്ര ഭംഗിയായി നിങ്ങളുടെ മരണം മരിക്കുന്നു; നിങ്ങൾ നിങ്ങളുടെ രോഗത്തിനു ചേർന്ന മരണം മരിക്കുന്നു (രോഗങ്ങൾ എല്ലാവർക്കും അറിയുന്നതാണു്; അതുപോലെ എല്ലാവർക്കും അറിയുന്നതാണു്, മരണങ്ങൾ വ്യത്യസ്തമാകുന്നതു് മനുഷ്യർക്കനുസരിച്ചല്ല, രോഗങ്ങൾക്കനുസരിച്ചാണെന്നു്; രോഗിക്കതിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ല).
സാനിട്ടോറിയങ്ങളിൽ, സംതൃപ്തിയോടെയും ഡോക്ടർമാരോടും നഴ്സുമാരോടുമുള്ള അകമഴിഞ്ഞ കൃതജ്ഞതയോടെയും ആളുകൾ കിടന്നു മരിക്കുമ്പോൾ ആ മരണം ആ സ്ഥാപനം നല്കുന്നതാണു്; അതിൽ ആർക്കും പരാതിയില്ല. എന്നാൽ വീട്ടിൽ കിടന്നാണു് ഒരാൾ മരിക്കുന്നതെങ്കിൽ ഉന്നതവും കുലീനവുമായ മരണമാണയാൾ തിരഞ്ഞെടുക്കുക എന്നതു് സ്വാഭാവികം മാത്രം; അതോടെ വിശിഷ്ടമായ ചിട്ടവട്ടങ്ങളുടെ പരമ്പരയായ ഒരൊന്നാന്തരം ശവസംസ്കാരത്തിനു തുടക്കവുമായിക്കഴിഞ്ഞു. അപ്പോൾ പാവപ്പെട്ടവർ അങ്ങനെയൊരു വീടിനു മുന്നിൽ തടിച്ചുകൂടുന്നു, കാണാനാഗ്രഹിച്ചതെല്ലാം കണ്ണു നിറയെ കാണുന്നു. അതെ, അവർക്കുള്ള മരണം പഴഞ്ചനും വലിയ മോടികളൊന്നുമില്ലാത്തതുമായിരിക്കും. ഏറെക്കുറെ തങ്ങൾക്കു യോജിക്കുന്നതൊന്നു കിട്ടിയാൽ അവർക്കു സന്തോഷമായി. കുറച്ചൊന്നു വലുതായാലും കാര്യമാക്കാനില്ല: അത്രയുമൊക്കെ ഒരാൾക്കു വളരാവുന്നതേയുള്ളു. ബട്ടണിടാൻ പറ്റാത്ത രീതിയിൽ അത്ര ചെറുതോ ശ്വാസം മുട്ടിക്കുന്നത്ര ഇറുകിപ്പിടിച്ചതോ ആവുമ്പോഴേ അതൊരു പ്രശ്നമാകുന്നുള്ളു.
|
- ↑ Clovis II (634-657)