close
Sayahna Sayahna
Search

രാത്രി


റിൽക്കെ

റിൽക്കെ-13.08
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

വിഷയങ്ങളില്ലാത്ത രാത്രീ. പുറത്തേക്കു നോക്കുന്ന അന്ധമായ ജാലകമേ; കരുതലോടടച്ച വാതിലുകളേ; അതിപുരാതനകാലത്തു നിന്നും പകർന്നുകിട്ടിയ, വിശ്വസിച്ചുവെങ്കിലും പിടികിട്ടാത്ത സംവിധാനങ്ങളേ; കോണിത്തളത്തിലെ നിശ്ശബ്ദതേ, അടുത്തുള്ള മുറികളിലെ നിശ്ശബ്ദതേ, അങ്ങു മുകളിൽ മച്ചുമ്പുറത്തെ നിശ്ശബ്ദതേ. അമ്മേ: അനന്യേ, വളരെപ്പണ്ടു്, എന്റെ ബാല്യത്തിൽ ഈ നിശ്ശബ്ദതകളെല്ലാം എന്റെ കണ്ണിൽ നിന്നു മറച്ചുപിടിച്ചവൾ. പേടിക്കേണ്ട, ഞാൻ കൂടെയുണ്ടല്ലോ എന്നു പറയാൻ സന്നദ്ധയായവൾ. വിരണ്ടുപോയ കുട്ടിയ്ക്കു്, പേടിച്ചു മരിക്കാറായ കുട്ടിക്കു് രാത്രിയിൽ ഈ നിശ്ശബ്ദതയാവാൻ ധൈര്യം കാണിച്ചവൾ. നീ ഒരു തീപ്പെട്ടിക്കൊള്ളിയുരയ്ക്കുന്നു, ആ ശബ്ദം നീയായിക്കഴിഞ്ഞു. വിളക്കു മുന്നിൽ പിടിച്ചുകൊണ്ടു നീ പറയുന്നു: ഞാൻ കൂടെയുണ്ടു്; പേടിക്കേണ്ട. നീ വിളക്കു് സാവധാനം താഴെ വയ്ക്കുന്നു, സംശയമില്ല: അതു നീ തന്നെ, എളിമയും നന്മയും സാരള്യവുമല്ലാതെ മറ്റൊരു ഗൂഢാർത്ഥവുമില്ലാത്ത പ്രിയപ്പെട്ട പരിചിതവസ്തുക്കളെ വെളിച്ചപ്പെടുത്തുന്ന വെളിച്ചം. ചുമരിലോ തറപ്പലകകളിലോ ഒരനക്കം കേട്ടാൽ നീയൊന്നു മന്ദഹസിക്കുന്നതേയുള്ളു — ഉത്കണ്ഠയോടെ നിന്നെ നോക്കുന്ന ആ പേടി പൂണ്ട മുഖത്തെ നോക്കി നീ മന്ദഹസിക്കുന്നു; പാതി മന്ത്രിക്കപ്പെട്ട ഓരോ വാക്കിന്റെയും രഹസ്യം നിനക്കറിയാമെന്നു്, നിനക്കറിയാത്ത രഹസ്യങ്ങളില്ലെന്നു് അവനു തോന്നുന്നു. ഭൂമിയിലെ രാജാക്കന്മാരിൽ നിന്റെ അധികാരത്തോടു കിട പിടിക്കുന്ന അധികാരം ആർക്കിരിക്കുന്നു? നോക്കൂ: രാജാക്കന്മാർ മിഴിച്ചുനോക്കിക്കിടക്കുന്നു, അവരെ വിനോദിപ്പിക്കാൻ കഥ പറയുന്നവനു കഴിയുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട വെപ്പാട്ടിമാരുടെ മാറുകളിൽ നിർവൃതി നുകർന്നു കിടക്കുമ്പോഴും ഭീതി അവർക്കു മേലിഴഞ്ഞുകയറുന്നു, അവരുടെ കാമമടങ്ങുന്നു, അവരുടെ ഉടലുകൾ തളരുന്നു. പക്ഷേ നീയോ, നീ വന്നു് ആ ബീഭത്സതയ്ക്കു മുന്നിൽ നില്ക്കുന്നു, അതിനെ പൂർണ്ണമായി മറയ്ക്കുന്നു; ചിലേടത്തൊക്കെ ഉയർന്നുകാണാവുന്ന തിരശ്ശീല പോലെയല്ല. അല്ല: കുട്ടി നിന്നെ നോക്കി കരഞ്ഞപ്പോഴേ നീയതിനു മുന്നിൽക്കയറി നിന്നതുപോലെയാണു്. വരാവുന്നതിനെല്ലാം മുന്നേ നീ വന്നപോലെയാണു്, നിനക്കു പിന്നിൽ ഇവിടെയ്ക്കുള്ള നിന്റെ തിടുക്കപ്പെട്ട യാത്രയേയുള്ളു, നിന്റെ നിത്യമായ നടവഴി, നിന്റെ സ്നേഹത്തിന്റെ പറന്നെത്തൽ.