പ്രശസ്തി
← റിൽക്കെ
റിൽക്കെ-13.09 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
ചെറുപ്പക്കാരാ, നിങ്ങൾ ലോകത്തെവിടെയുമായിക്കോട്ടെ, നിങ്ങളെ വിറ കൊള്ളിച്ചുകൊണ്ടു് നിങ്ങൾക്കുള്ളിലൂടെ എന്തോ ഒന്നിരച്ചുകേറുന്നുണ്ടെങ്കിൽ — ആരും നിങ്ങളെ അറിയാത്തതെത്ര നന്നായി എന്നോർക്കുക. നിങ്ങളെ പുച്ഛത്തോടെ കാണുന്നവർ നിങ്ങളെ ഖണ്ഡിക്കുകയാണെങ്കിൽ, നിങ്ങൾ സ്നേഹിതരെന്നു കരുതിയവർ നിങ്ങളെ വിട്ടെറിഞ്ഞു പോവുകയാണെങ്കിൽ, നിങ്ങൾ നെഞ്ചോടു ചേർക്കുന്ന ആശയങ്ങളുടെ പേരിൽ നിങ്ങളെ അവർ നശിപ്പിക്കാൻ നോക്കുകയാണെങ്കിൽ: ആ പ്രകടമായ അപകടം (നിങ്ങൾക്കതു് ഉൾക്കരുത്തു പകരുകയാണു്) എത്ര നിസ്സാരമാണു്, സർവ്വത്ര ചിതറിച്ചുകൊണ്ടു് പില്ക്കാലം നിങ്ങളെ നിരുപദ്രവിയാക്കുന്ന ആസന്നപ്രശസ്തിയുടെ കുടിലമായ ശത്രുതയ്ക്കു മുന്നിൽ?
അവജ്ഞയോടെ പോലും, നിങ്ങളെക്കുറിച്ചു സംസാരിക്കാൻ ആരോടും പറയരുതു്. കാലം കടന്നുപോവുകയും ആളുകളുടെ ചുണ്ടുകളിൽ നിങ്ങളുടെ പേരുള്ളതായി നിങ്ങളുടെ ശ്രദ്ധയിൽ വരികയും ചെയ്താൽ, അവരുടെ ചുണ്ടുകളിൽ നിന്നു വരുന്ന മറ്റേതു വാക്കിനും കൊടുക്കുന്ന ഗൗരവമേ നിങ്ങൾ അതിനും കൊടുക്കാവൂ. നിങ്ങളുടെ പേരു കെട്ടുപോയെന്ന വിചാരത്തോടെ അതു വലിച്ചെറിയുക, മറ്റൊരു പേരു സ്വീകരിക്കുക, അതേതായാലും മതി, രാത്രിയിൽ ദൈവത്തിനു നിങ്ങളെ വിളിക്കാൻ. എല്ലാവരിൽ നിന്നും അതു മറച്ചുവയ്ക്കുകയും വേണം.
എത്രയും ഏകാകിയായ, എല്ലാവരിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന മനുഷ്യാ, പ്രശസ്തനായെന്നതിന്റെ പേരിൽ എത്ര പെട്ടെന്നാണവർ നിങ്ങളെ കൈപ്പിടിയിലൊതുക്കിയതു്! അല്പനേരം മുമ്പു വരെ അവർക്കു നിങ്ങളെ അടിമുടി വിരോധമായിരുന്നു; ഇപ്പോഴാകട്ടെ, അവർ നിങ്ങളെ തങ്ങളിലൊരാളായി പരിഗണിക്കുന്നു. അവർ നിങ്ങളുടെ വാക്കുകളെ കാപട്യത്തിന്റെ കൂടുകളിൽ അടച്ചിട്ടുകൊണ്ടു നടക്കുന്നു, കവലകളിൽ പ്രദർശനത്തിനു വയ്ക്കുന്നു, സുരക്ഷിതമായ ഒരകലത്തു മാറിനിന്നുകൊണ്ടു് അവയെ കുത്തിയിളക്കി വെറി പിടിപ്പിക്കാനും നോക്കുന്നു. പേടിപ്പെടുത്തുന്ന വന്യമൃഗങ്ങളായ നിങ്ങളുടെ വാക്കുകളെ.
|