ജീവിതം
← റിൽക്കെ
റിൽക്കെ-23.01 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ഇതിങ്ങനെയല്ലേ: ഉള്ളിന്റെയുള്ളിൽ ഓരോ ആളും ഒരു പള്ളി പോലെയാണു്; അതിന്റെ ഭിത്തികൾ ഉജ്ജ്വലമായ ചുമർചിത്രങ്ങൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. ബാല്യത്തിന്റെ ആദ്യനാളുകളിൽ ചിത്രങ്ങൾ കാണാൻ പറ്റാത്ത രീതിയിൽ ഉള്ളിൽ ഇരുട്ടാണു്. പിന്നീടു്, അകം പ്രകാശമാനമായി വരുന്നതോടൊപ്പം കൗമാരമൂഢതകളും അയഥാർത്ഥതൃഷ്ണകളും ലജ്ജയും അവിടം കൈയേറുകയും ഒന്നൊന്നായി ആ ചിത്രങ്ങൾ കുമ്മായം പൂശി മറയ്ക്കുകയും ചെയ്യുന്നു. ആ വിരസമായ ദാരിദ്ര്യത്തിനടിയിൽ ഒരു പഴയ ഔജ്ജ്വല്യം മറഞ്ഞുകിടപ്പുണ്ടെന്നു ശങ്കിക്കുക പോലും ചെയ്യാതെ പലരും ജീവിതത്തിന്റെ അങ്ങേയറ്റം വരെയും ജീവിതത്തിലൂടെയും കടന്നുപോകും. അങ്ങനെയൊന്നുണ്ടെന്നൂഹിക്കുകയും കണ്ടെത്തുകയും രഹസ്യമായി അതിന്റെ മറ നീക്കിക്കാണുകയും ചെയ്യുന്നവൻ എത്ര ഭാഗ്യവാൻ! അയാൾ തനിക്കു തന്നെ ഉപഹാരങ്ങൾ അർപ്പിക്കുന്നു. തന്റെ സ്വദേശമായ തന്നിലേക്കു തന്നെ അയാൾ മടങ്ങുകയും ചെയ്യുന്നു.
ദൈവം നമ്മുടെ കൈകൾ നമ്മുടെ കണ്ണുകൾ പോലെ സൃഷ്ടിച്ചിരുന്നുവെങ്കിൽ — അത്രവേഗം കടന്നുപിടിക്കാൻ ഒരുങ്ങുന്നപോലെതന്നെ അത്രവേഗം പിടിവിടാനും തയാറായവ: എങ്കിൽ നാം യഥാർത്ഥമായും സമ്പാദ്യങ്ങൾക്കുടമകളാവുമായിരുന്നു. ഒരു സമ്പാദ്യം നമ്മുടേതാവുന്നതു് അതു നമ്മുടെ കൈകളിൽത്തന്നെ കെട്ടിക്കിടന്നു വാടുമ്പോഴല്ല, പുനരാഗമനത്തിന്റെ അലങ്കാരഗോപുരങ്ങൾക്കടിയിലൂടെന്നപോലെ സർവ്വതും കൈകളുടെ പിടുത്തത്തിൽ നിന്നിറങ്ങിപ്പോകാൻ വിട്ടുകൊടുക്കുമ്പോഴാണു്. കൈകൾ നമുക്കൊരു ശവപ്പെട്ടിയായിക്കൂടാ; അതൊരു കിടക്കയാവണം; അതിൽ ശയിക്കുന്നവയുടെ സന്ധ്യമയക്കത്തിനും സ്വപ്നങ്ങൾക്കും അതഭയമാവണം; അതിന്റെ പതുപതുത്ത അകങ്ങളിൽ നിന്നവയുടെ ഹൃദയരഹസ്യങ്ങൾ മന്ത്രണങ്ങളായി പുറത്തുവരണം. നമ്മുടെ കൈകളിൽ നിന്നു പുറത്തുവന്നാല്പിന്നെ കരുത്തുകളിരട്ടിച്ചവ മുന്നോട്ടു നീങ്ങണം; അവയിൽ നിന്നൊന്നും നമ്മിൽ ശേഷിക്കരുതു്, അവയുടെ മറയുന്ന കാല്പാടുകൾ പിന്നിൽ വിട്ടുപോകുന്ന സുധീരമായ പ്രഭാതരാഗമല്ലാതെ.
സമ്പാദ്യം ദാരിദ്ര്യവും ഭീതിയുമത്രെ. നമ്മുടെ കൈവശമായിരുന്നതിനെ വിട്ടുകൊടുക്കുന്നതിനാണു് ഉത്കണ്ഠകളൊഴിഞ്ഞ ഉടമസ്ഥത എന്നു പറയുന്നതു്.
|