വിവാഹം
← റിൽക്കെ
റിൽക്കെ-23.03 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
… ഒറ്റയ്ക്കു നടക്കുന്ന ഒരാൾ ‘സന്തോഷവാൻ’ ആണെന്നു് ആരും സ്വപ്നത്തിൽ പോലും കരുതുന്നില്ല; എന്നാൽ വിവാഹം കഴിഞ്ഞാൽ അയാൾ ‘സന്തോഷവാൻ’ ആവുന്നില്ലെങ്കിൽ എല്ലാവർക്കും വല്ലാത്ത അത്ഭുതവുമാകുന്നു! (അതിനാൽത്തന്നെ സന്തോഷവാനാവുന്നതിൽ വലിയ കാര്യവുമില്ല, അതിനി വിവാഹിതനായാലും അല്ലെങ്കിലും.) വിവാഹം, പല പ്രകാരത്തിലും, ഒരാളുടെ ജീവിതരീതിയെ കുറച്ചുകൂടി എളുപ്പമാക്കുന്നു; ചെറുപ്പക്കാരായ രണ്ടു പേരുടെ കരുത്തുകളുടെയും ഇച്ഛകളുടെയും സ്വാഭാവികമായ സംയോഗമാണല്ലോ അതു്; മുമ്പു് തങ്ങളെക്കൊണ്ടു കഴിഞ്ഞതിനപ്പുറം ഭാവിയിലേക്കെത്തിപ്പിടിക്കാൻ അവർക്കു കഴിയുന്നു എന്നൊരു തോന്നൽ അതു ജനിപ്പിക്കുകയും ചെയ്യുന്നു. (ഈ തോന്നലുകൾ കൊണ്ടൊന്നും ജീവിതം മുന്നോട്ടു പോവുകയില്ല എന്നതു് മറ്റൊരു കാര്യം.) അതിലുപരി വിവാഹം പുതിയൊരുദ്യമമാണു്, പുതിയൊരു ഗൗരവമാണു് — ഓരോ പങ്കാളിയുടെയും ബലത്തിനോടും സൗമനസ്യത്തിനോടുമുള്ള പുതിയൊരു വെല്ലുവിളിയാണു്, ഇരുവർക്കും നേരിടേണ്ടി വരുന്ന പുതിയൊരു വലിയ അപകടവുമാണു്.
എല്ലാ അതിരുകളും വലിച്ചിട്ടും തട്ടിനിരപ്പാക്കിയും എത്രയും പെട്ടെന്നു് ആത്മാക്കളുടെ ഒരു സൗഹൃദം സ്ഥാപിക്കുകയല്ല വിവാഹം കൊണ്ടുദ്ദേശിക്കുന്നതെന്നു് എനിക്കു തോന്നുന്നു; നേരേ മറിച്ചു്, ഓരോ വ്യക്തിയും മറ്റേയാളെ തന്റെ ഏകാന്തതയുടെ കാവലാളായി നിയോഗിക്കുകയാണു്, എത്ര വലിയ വിശ്വാസമാണു് തനിക്കയാളോടെന്നു് പരസ്പരം കാണിച്ചുകൊടുക്കുകയാണു്. രണ്ടു മനുഷ്യജീവികളുടെ കൂടിച്ചേരൽ ഒരസാദ്ധ്യതയാണു്; ഇനി എവിടെയെങ്കിലും അങ്ങനെയൊന്നു കാണുന്നുണ്ടെങ്കിൽ അതൊരു പരിമിതപ്പെടുത്തലായിരിക്കും, ഒരാളുടെ, അല്ലെങ്കിൽ ഇരുവരുടെയും, പൂർണ്ണമായ സ്വാതന്ത്ര്യത്തെയും വികാസത്തെയും കവർന്നെടുക്കുന്ന ഉഭയസമ്മതപ്രകാരമുള്ള ഒരുടമ്പടി. എന്നാൽ ഏറ്റവുമടുത്തവർക്കിടയിൽ പോലും അനന്തമായ അകലങ്ങൾ ശേഷിക്കുന്നു എന്നൊരു തിരിച്ചറിവംഗീകരിക്കാനായാൽ വിസ്മയകരമായ ഒരു സഹജീവിതം വളർന്നു വരികയും ചെയ്യാം; അതിനു പക്ഷേ അവർ തങ്ങൾക്കിടയിലെ വിശാലതയെ, ഒരു വിപുലാകാശത്തിനെതിരിൽ സ്വന്തം പൂർണ്ണരൂപം തെളിച്ചുകാട്ടുന്ന ആ സാദ്ധ്യതയെ സ്നേഹിക്കാൻ പഠിക്കുകയും വേണം!
ഇക്കാരണം കൊണ്ടു തന്നെ തിരസ്കരണത്തിനോ തിരഞ്ഞെടുപ്പിനോ ഉള്ള മാനദണ്ഡം ഇതായിരിക്കണം: മറ്റൊരു വ്യക്തിയുടെ ഏകാന്തതയ്ക്കു കാവൽ നില്ക്കാൻ നിങ്ങൾക്കു സമ്മതമാണോ; അതേ പോലെ സ്വന്തം ഏകാന്തതയുടെ കവാടം കാക്കാൻ അതേ വ്യക്തിയെ ഏല്പിക്കാൻ നിങ്ങളും തയാറാണോ? നിങ്ങൾക്കുള്ളിലെ ആഴത്തെക്കുറിച്ചു് അതിന്റെ മഹാന്ധകാരത്തിൽ നിന്നു് ഉത്സവവേഷത്തിൽ പുറത്തേക്കു കാലെടുത്തു വയ്ക്കുന്നതൊന്നിനെ കാണുമ്പോഴേ അയാളറിയുകയുമുള്ളു…
|