close
Sayahna Sayahna
Search

കല


റിൽക്കെ

റിൽക്കെ-23.09
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

സൌന്ദര്യം ക്ഷുദ്രവും അഗണ്യവുമായിപ്പോവും, ഹൃദ്യമായതിൽ മാത്രമേ നിങ്ങളതിനെ തേടുന്നുള്ളുവെങ്കിൽ; അവിടങ്ങളിലും സാന്ദർഭികമായി അതിനെ കണ്ടേക്കാമെങ്കിലും യഥാർത്ഥത്തിൽ അതു കുടി കൊള്ളുന്നതും, ഉണർന്നിരിക്കുന്നതും അതിനു മറഞ്ഞിരിക്കാനാവുന്ന വസ്തുക്കളിലാണു്; എവിടെയും സന്നിഹിതമാണതെന്നു വിശ്വസിക്കുന്ന, എന്തനുനയങ്ങൾ പ്രയോഗിച്ചിട്ടായാലും അതിനെ തന്റെ മുന്നിൽ വരുത്തിയാലല്ലാതെ ഒരടി മുന്നോട്ടില്ലെന്നു ശഠിക്കുന്ന ഒരു വ്യക്തിയ്ക്കേ അതു തന്റെ സ്വരൂപം കാണിക്കുകയുമുള്ളു.

(1908 ഡിസംബർ 22)

കല എന്നാൽ ഇതാണെന്നറിയുക: സവിശേഷരായ, ഏകാകികളായ വ്യക്തികൾ ആത്മസാക്ഷാല്ക്കാരത്തിനുപയോഗപ്പെടുത്തിയ മാർഗ്ഗം. നെപ്പോളിയൻ പുറമേ എന്തായിരുന്നുവോ, അതാണു് ഉള്ളിൽ ഓരോ കലാകാരനും. ഓരോ വിജയത്തോടുമൊപ്പം അയാൾ കോണിപ്പടിയുടെ ഒരു പടവു കയറുകയാണു്. എന്നാൽ പൊതുജനത്തെ സന്തോഷിപ്പിക്കാനായി നെപ്പോളിയൻ ഏതെങ്കിലും യുദ്ധം ജയിച്ചിട്ടുണ്ടോ?

കല എന്നാൽ ഇതാണെന്നറിയുക: സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പാത. നാമെല്ലാം ജനിച്ചതു് ചങ്ങലകളുമായിട്ടാണു്. ചുരുക്കം ചിലർ അതു് ചങ്ങലകളാണെന്നുതന്നെ അറിയുന്നില്ല; അവരതിൽ സ്വർണ്ണമോ വെള്ളിയോ പൂശുന്നു. നമുക്കു വേണ്ടതു് ആ ചങ്ങലകൾ ഭേദിക്കുകയാണു്; വിരൂപവും മൃഗീയവുമായ ബലപ്രയോഗത്തിലൂടെയല്ല; അവയെ കവിഞ്ഞു വളരുക എന്നതാണു് നമ്മുടെ ആഗ്രഹം.

കലാകാരൻ സൃഷ്ടിക്കുന്നതു് തനിക്കു വേണ്ടി മാത്രമാണെന്നറിയുക — തനിക്കു വേണ്ടി മാത്രം. നിങ്ങളെ ചിരിപ്പിക്കുകയോ കരയിപ്പിക്കുകയോ ചെയ്യുന്ന ആ വസ്തു ഒരു മല്ലയുദ്ധക്കാരന്റെ കൈകൾ കൊണ്ടു് അയാൾ രൂപപ്പെടുത്തിയെടുക്കണം, തന്നിൽ നിന്നു തന്നെ ഉയർത്തിയെടുക്കണം. തന്റെയുള്ളിൽ ഭൂതകാലത്തിനിടമില്ല; അതിനാൽ അയാളതിനു് കലാസൃഷ്ടികളിൽ സ്വതന്ത്രമായ ഒരസ്തിത്വം നല്കുന്നു. പക്ഷേ അയാൾ അതു് നിങ്ങളുടെ കാലത്തിൽ പ്രതിഷ്ഠിക്കുന്നതു് നിങ്ങളുടെ ലോകത്തിന്റേതല്ലാത്ത ഒരു സാമഗ്രി അയാൾക്കറിവില്ലാത്തതു കൊണ്ടാണു്. അതു് നിങ്ങൾക്കുള്ളതല്ല. അതിൽ തൊടരുതു്, ഭയഭക്തികളോടെ വേണം അതിനെ നോക്കാനും.

* * *

ഇക്കാലത്തു് കലാകാരനും ആൾക്കൂട്ടവും തമ്മിലുള്ള ബന്ധത്തിൽ പറഞ്ഞാൽ തീരാത്ത ഒരു ക്രൂരതയുണ്ടു്.

സാധാരണവസ്തുക്കളുടെ രൂപത്തിൽ നിസ്സഹായമായി അഭയം തേടുന്ന അയാളുടെ കുമ്പസാരങ്ങളെ പലരും ആ വസ്തുക്കളിൽ നിന്നന്യമായിട്ടല്ല കാണുന്നതു്. എല്ലാവരും അതിൽ കൈ വയ്ക്കുന്നു; തങ്ങൾക്കെന്തിഷ്ടപ്പെട്ടു, എന്തു തങ്ങളുടെ ഹിതത്തിനൊത്തതായില്ല എന്നൊക്കെ ആർക്കും വിളിച്ചുപറയാം. എല്ലാവരും വിശുദ്ധപാത്രം കൈയിലെടുക്കുന്നു, നിത്യോപയോഗത്തിനുള്ള ഒന്നാണതെന്നപോലെ, ആരും ശിക്ഷിക്കുമെന്ന പേടിയില്ലാതെ താഴെയിട്ടു പൊട്ടിക്കാവുന്നതാണതെന്നപോലെ: ദേവാലയം അശുദ്ധമാക്കുന്നവർ!

അതിനാൽ കലാകാരന്റെ വഴി ഇതായിരിക്കണം: തടസ്സങ്ങൾ ഒന്നൊന്നായി കടന്നു്, പടികൾ ഒന്നൊന്നായി ഉയർത്തി ഒടുവിൽ തനിക്കുള്ളിലേക്കു നോട്ടം കിട്ടുമെന്നാവുക. കഴുത്തു നീട്ടിപ്പിടിച്ചിട്ടല്ല, പെരുവിരലിൽ ഉയർന്നുനിന്നിട്ടല്ല, ഒരു ഭൂദൃശ്യത്തിലേക്കെന്നപോലെ തെളിഞ്ഞും ശാന്തമായും. തന്നിലേക്കു തന്നെയുള്ള ആ മടക്കത്തിനു ശേഷം ഓരോ കൃത്യവും അലസമായ ഒരാനന്ദമായിരിക്കും; അയാളുടെ ജീവിതം ഒരു സൃഷ്ടിയായിരിക്കും; തനിക്കു പുറത്തുള്ള വസ്തുക്കൾ അയാൾക്കു പിന്നെ ആവശ്യം വരികയുമില്ല. അയാൾ വിപുലമായിരിക്കും, വളർച്ചയുടെ വിസ്തൃതി അയാൾക്കുള്ളിലായിരിക്കും.

കലാകാരന്റെ ജോലി ഒരു ചിട്ട വരുത്തലാണ്: നിസ്സാരവും ക്ഷണികവുമായതെല്ലാം അയാൾ തനിക്കു പുറത്തെടുത്തുവയ്ക്കുന്നു: തന്റെ ഏകാന്തയാതനകൾ, തന്റെ അവ്യക്തകാമനകൾ, തന്റെ ഭീതിദസ്വപ്നങ്ങൾ, മാഞ്ഞുപോകുന്ന ആ സന്തോഷങ്ങളും. അപ്പോൾ അയാൾക്കുള്ളിലുള്ള ഇടം വിശാലവും പ്രസന്നവുമാകുന്നു, തനിക്കർഹമായ ഒരു പാർപ്പിടം അയാൾ സൃഷ്ടിക്കുകയും ചെയ്തുകഴിഞ്ഞു.

* * *

കലാകാരന്മാർ അന്യോന്യസമ്പർക്കം ഒഴിവാക്കണം. ഒരിക്കൽ ചില വിമുക്തികൾ കൈവരിച്ചാൽ ആൾക്കൂട്ടം പിന്നെ അവരെ തൊടില്ല. പക്ഷേ ഏകാകികളായ രണ്ടുപേർ അന്യോന്യം ആപല്ക്കാരികളായിരിക്കും.

ഒരാൾ മറ്റേയാളുടെ കലയിൽ കൈ വയ്ക്കുകയുമരുതു്. തന്നിലും വലിയവനിൽ നിന്നാണയാൾ എടുക്കുന്നതെങ്കിൽ അയാൾക്കു തന്നെ നഷ്ടമാകും; തന്നേക്കാൾ ചെറിയവനിലേക്കാണയാൾ ചായുന്നതെങ്കിൽ അയാൾ സ്വയം അശുദ്ധമാക്കുകയും തന്റെ ഹൃദയത്തിനു് അതിന്റെ വിശുദ്ധി നിഷേധിക്കുകയുമായിരിക്കും. എന്നാൽ മറ്റേയാളുടെ സംസ്കാരത്തിൽ ഒരാൾക്കു് ആഹ്ളാദത്തോടെയും കൃതജ്ഞതയോടെയും പങ്കു പറ്റുകയുമാവാം. അപ്പോൾ ഒരാൾ മറ്റേയാളെ കൂടുതലുയർന്ന മാനവികതയിലേക്കും അതു വഴി കൂടുതൽ ശുദ്ധമായ കലയിലേക്കും കൊണ്ടുപോവുകയാണു്.

* * *

കലയ്ക്കു നിങ്ങൾ രക്ഷാകവചം കൊടുക്കൂ; അന്നന്നത്തെ കലഹങ്ങൾ അതറിയാനിട വരാതിരിക്കട്ടെ. എന്തെന്നാൽ കാലത്തിനുമപ്പുറത്താണതിന്റെ സ്വദേശം. വിത്തുകൾ പാറ്റിയെത്തുന്ന കൊടുങ്കാറ്റുകൾ പോലെയാണതിന്റെ സമരങ്ങൾ, അതിന്റെ വിജയങ്ങൾ വസന്തകാലം പോലെയും. അതിന്റെ സൃഷ്ടികൾ: പുതിയൊരുടമ്പടിക്കായുള്ള ചോര ചൊരിയാത്ത കുരുതികൾ.

ജർമ്മൻ ജനതയുടെ മഹത്തായ വിപ്ളവത്തെക്കുറിച്ചു പറയാൻ തന്റെ രചനകളിൽ ഒരു വരി പോലും നീക്കിവച്ചിട്ടില്ലാത്ത ഗെയ്ഥെയെക്കുറിച്ചു് എത്ര തവണ ഞാൻ ചിന്തിച്ചിട്ടില്ല. ഭിന്നതയെ പ്രകീർത്തിക്കുന്നതൊന്നിനെ നിർമ്മാണശിലയാക്കുന്നതെങ്ങനെയാണു്, അതിനകം അത്രയും സമൃദ്ധവും പക്വവും സ്വച്ഛവുമായിക്കഴിഞ്ഞ ഒരു മനസ്സു്?

ദേശീയകല! സത്യസന്ധമായ ഏതു കലയും ദേശീയമാണു്. അതിന്റെ വേരുകൾ ചൂടു വലിച്ചെടുക്കുന്നതു് അതു മുളച്ചുവളർന്ന നിലത്തു നിന്നാണു്, അതു കരുത്താർജ്ജിക്കുന്നതും അവിടെ നിന്നു തന്നെ. എന്നാൽ പിന്നെയതിന്റെ തായ്ത്തടി ഉയരുന്നതു് ഏകാന്തതയിലാണു്, അതിന്റെ മകുടം പടരുന്ന മേഖല ആരുടെയും സ്വരാജ്യവുമല്ല. ചില്ലകൾ പൂക്കുന്നതെപ്പോഴെന്നു് മൂഢമായ വേരറിയുന്നതു പോലുമുണ്ടാവില്ല.

* * *

ഓരോ വ്യക്തിയും വളരുന്നതു് പലരിൽ നിന്നു തന്നിലേക്കാണു്. എന്നെങ്കിലുമൊരാൾ തന്നെത്തന്നെ കണ്ടെത്തിയാൽ പിന്നെ അയാൾക്കു വേണമെങ്കിൽ ആ പലരിലേക്കു മടങ്ങുകയും അവരുടെ രക്ഷകനാവുകയും ചെയ്യാം; അവർ അയാളെ കുരിശിലേറ്റുകയോ തീയിട്ടു ചുടുകയോ ചെയ്തേക്കാം. അയാളിൽ നിന്നു പിന്നെ ശേഷിക്കുന്നതിൽ നിന്നു്, അതെ, അവർ ഒരു മതം സൃഷ്ടിക്കുകയും ചെയ്യും.

എന്നാൽ അങ്ങനെയൊരാൾ കലാകാരനായിരിക്കില്ല. എന്തെന്നാൽ, സർഗ്ഗാത്മകതയുള്ള ഒരാൾ സ്വയം കണ്ടെത്തിക്കഴിഞ്ഞാൽ അയാൾ തന്റെ ഏകാന്തതയിൽ കുടിയിരിക്കുകയേയുള്ളു; തന്റെ ഏകാന്തതയുടെ സ്വസ്ഥതയിൽ കിടന്നു മരിക്കാനാണു് അയാൾക്കാഗ്രഹം.

* * *

ഏതു വഴിയിലൂടെ പോയിട്ടും എനിക്കിനിയും സംഗീതത്തിനടുത്തു ചെല്ലാൻ കഴിഞ്ഞിട്ടില്ല. എന്നാല്ക്കൂടി, മറ്റു കലകളിൽ നിന്നു് മൗലികമായിത്തന്നെ വ്യത്യസ്തമാണു് അതിന്റെ മേഖലയെന്നു് ഞാൻ വിശ്വസിക്കുന്നു. ശബ്ദത്തിന്റെ കവിയ്ക്കു് തന്റെ കുമ്പസാരങ്ങളെ സാമാന്യലോകത്തിന്റെ നടുക്കു തന്നെ പ്രതിഷ്ഠിക്കേണ്ടി വരുന്നില്ല. തന്റെ വിമുക്തികളിൽ അയാൾ അവതരിപ്പിക്കുന്നതു് നിദ്രാണമായ സാദ്ധ്യതകളെയാണു്; മാന്ത്രികപദം അറിയുന്ന ഒരാൾക്കേ ഉല്ലാസത്തിലേക്കും ആനന്ദത്തിലേക്കും അവയെ ഉണർത്താനാവൂ.

വ്യത്യസ്തമായ കലകളെ ഒരുമിച്ചണിനിരത്താൻ നോക്കുന്നതും ഒറ്റ ലക്ഷ്യത്തിലേക്കു് അവയെ തളയ്ക്കുന്നതും കലാപരമായ പക്വതയില്ലായ്മയാണു്. എല്ലാ കലകളുടേയും ലക്ഷ്യം ഒന്നുതന്നെയാണെന്നതു ശരിയാണെങ്കിലും ഒരേ സമയം ഒരേ വഴിയിലൂടെ അതിലേക്കെത്താൻ അവയ്ക്കു കഴിയില്ല. ആ തരം കൃത്രിമസംയോജനങ്ങളിൽ ഒന്നു് മറ്റൊന്നിനെ ഞെരുക്കുകയും അതിനു മേൽ കോയ്മ നേടാൻ നോക്കുകയും ചെയ്യും.

ഒരു കലാസൃഷ്ടിയിൽ ഒരു കലയുടെ പ്രമാണങ്ങളേ സാക്ഷാല്ക്കരിക്കപ്പെടാവൂ. ചിത്രത്തിനു് എഴുത്തിന്റെ ആവശ്യം വരരുതു്, ശില്പത്തിനു് വർണ്ണത്തിന്റെ (ചിത്രത്തിന്റെ കാര്യത്തിലെന്നപോലെ) ആവശ്യം വരരുതു്, കവിതയ്ക്കു് സംഗീതത്തിന്റെയും. ഓരോന്നിലും എല്ലാം അടങ്ങിയിരിക്കണം.

അരങ്ങു പോലെ അത്ര അസംസ്കൃതവും സന്തോഷിപ്പിക്കാൻ വ്യഗ്രവുമായ ഒരു ചട്ടക്കൂടിനു മാത്രമേ കഴിയുമായിരുന്നുള്ളു, ഓപ്പെറായിലും മറ്റും കാണുന്നപോലെ സാഹിത്യവും സംഗീതവും തമ്മിലുള്ള ഒരു കൂട്ടിച്ചേർക്കൽ മുന്നോട്ടു വയ്ക്കാൻ. അങ്ങനെയൊരു പരിണയത്തിലെ അനീതിയ്ക്കു തെളിവാണു്, രണ്ടിലും വച്ചു മിടുക്കു കുറഞ്ഞ സംഗീതമാണു ജയിച്ചുനില്ക്കുന്നതെന്നതു്.

അങ്ങനെയൊരു കൊളുത്തിയിടൽ പൊതുജനത്തിനായുള്ള ഒരു സൗജന്യമായിട്ടു തന്നെയാണു് ഉണ്ടായതും; ഒരു കല മറ്റൊന്നിനു വ്യാഖ്യാനം ചമയ്ക്കുന്നതു കാണാൻ അതിനുത്സാഹമാണല്ലോ. സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അതിദ്രുതചിത്രരചന (മദ്യഷാപ്പുകളിൽ നടക്കുന്ന മട്ടിലുള്ളതു്) ഓപ്പെറയിലെ കലകളുടെ പരിണയത്തിനു ചേർന്നതു തന്നെയാണു്.

എല്ലാ കലകളേയും ഒരുമിച്ചു കലർത്താനാണു് ആൾക്കൂട്ടത്തിനിഷ്ടം; ആ പ്രക്രിയക്കിടയിൽ കല നഷ്ടമാവുകയും ചെയ്യും. മനോഹരമായ ഒരു മുറിയിലിരുന്നു സംഗീതം കേൾക്കുന്നതു് ഇതില്പെടുമെന്നു ഞാൻ പറയുന്നില്ല; കലകളെ വെറുതേ ഒരുമിച്ചു കൊട്ടിയിടുന്നതിൽ നിന്നു വ്യത്യസ്തമായി അലങ്കരണപരമായി അവയെ ഉപയോഗപ്പെടുത്തുകയാണല്ലോ ഇവിടെ. ശ്രദ്ധയോടെ ചെയ്താൽ ഒരിടം നിറയ്ക്കാനുള്ള ഭാവനാപൂർണ്ണമായ വിന്യാസമാവുകയും ചെയ്യുമതു്.

കലകളുടെ കാര്യം വരുമ്പോൾ പ്രമാണങ്ങൾ രൂപീകരിക്കുന്നതിൽ ഒരു പ്രത്യേകത പറയാനുണ്ടു്. ആദ്യം തന്നെ മഹത്തായ സൃഷ്ടികൾ ഉണ്ടായി വരണം; ഒരിക്കൽ അവ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ പിന്നെ താർക്കികമനസ്സുകൾക്കു് അവയിൽ നിന്നു നിയമങ്ങൾ കണ്ടെടുക്കാം. പക്ഷേ, കലയ്ക്കു മുൻകൂട്ടി നിയമങ്ങൾ സൃഷ്ടിച്ചുവച്ചിരിക്കുന്ന ഒരു കാലഘട്ടം അധഃപതനത്തിന്റേതാണു്, അല്ല, അനുകരണത്തിന്റേതാണു്.

കലാസൃഷ്ടികളിൽ നിഹിതമായിരിക്കുന്ന നിയമങ്ങളെ നായാടിപ്പിടിക്കണമെന്നു് സാമാന്യജനത്തിനു വാശിയൊന്നുമില്ല; നിരൂപകർക്കു പക്ഷേ, തങ്ങൾ ഗൗരവത്തോടെ അനുഷ്ഠിക്കേണ്ട കടമയാണതു്. എന്നാലല്ലേ തീർത്തും വ്യത്യസ്തരായ കലാകാരന്മാരിൽ സമാനതകൾ കണ്ടെത്താനും അതുവഴി വ്യക്തികളിൽ നിന്നു് സംഘങ്ങളും ശൈലികളും ചിട്ടകളും രൂപപ്പെടുത്താനും അവർക്കു കഴിയൂ; അവർക്കു സ്വസ്ഥത കൊടുക്കുന്നതും ക്രമത്തിനായുള്ള അവരുടെ ദാഹത്തെ തൃപ്തിപ്പെടുത്തുന്നതുമായ ഒരു പ്രവൃത്തിയാണതു്.

ഉത്തരം നമ്മുടെ ചെവിയിൽ മന്ത്രിച്ചു തരുന്ന സ്കൂൾകുട്ടികളെപ്പോലെയാണു് നിരൂപകർ; സാമാന്യജനം മൂഢമായ വിശ്വാസത്തോടെ ആ വിവരക്കേടുകൾ ഏറ്റുചൊല്ലുമ്പോൾ അവർ തമ്മിൽത്തമ്മിൽ നോക്കിച്ചിരിക്കുകയാണു്.

* * *

ഒരു കലാസൃഷ്ടിയെ മറ്റുള്ളവയോടു ബന്ധപ്പെടുത്തി വിലയിരുത്താൻ ശ്രമിക്കുന്ന നിമിഷം നാമതിനോടു് അനീതി ചെയ്തു തുടങ്ങുകയായി. ഒടുവിൽ ഇങ്ങനെയുള്ള ചോദ്യങ്ങളിലേക്കാണു് അതു ചെന്നെത്തുക: റാഫേലോ മൈക്കലാഞ്ജലോയോ, ഗെയ്ഥെയോ ഷില്ലറോ, സഡർമന്നോ-; ഈ തരം നേരമ്പോക്കുകൾ നമ്മുടെ ജർമ്മൻകാർക്കു് എന്നും ഇഷ്ടമായിരുന്നു.

എത്ര വലിയ പക്വതയില്ലായ്മയുടെ ലക്ഷണമാണു് ആ തരം ചോദ്യങ്ങളെന്നു് ആളുകൾക്കെന്നെങ്കിലും മനസ്സിലായെന്നു വരാം. വിധിയെഴുതുക എന്നതു് അത്ര ആവശ്യമാണോ? ഒരു സംഗീതരചനയെടുക്കുക; മുഗ്ദ്ധമായ ഒരാസ്വാദനത്തോടെ അതിനോടു ബന്ധപ്പെടാൻ ആർക്കും കഴിയും: നമ്മുടെ ഞരമ്പുകളിലൂടെ സംഗീതം ഹൃദ്യമായി ഒഴുകിപ്പോകുന്നു, നമ്മുടെ കാലടികൾ താളമിടാൻ തുടങ്ങുന്നു, തീർത്തും അതിസാധാരണമായ ഒരു സുഖാനുഭൂതി നമുക്കുണ്ടാവുകയും ചെയ്യുന്നു. ഒരു ചിത്രത്തിനു മുന്നിൽ നില്ക്കുമ്പോൾ പക്ഷേ, നമുക്കു വെപ്രാളമാവുകയായി: എനിക്കപ്പോൾ ഗുളികരൂപത്തിലുള്ള ചില ആശയങ്ങളും ചില സാങ്കേതികപദങ്ങളും ആവശ്യമായി വരുന്നു; പിന്നെ രണ്ടാമത്തെ പേടി: അതിനെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം മറ്റുള്ളവരുടെ കണ്ണിൽ നമ്മെ ചെറുതാക്കുമോയെന്നു്.

ഏതു കലാസൃഷ്ടിയുടേയും യഥാർത്ഥമൂല്യത്തിലേക്കുള്ള വഴി ഏകാന്തതയിലൂടെയാണു്. ഒരു പുസ്തകമോ ഒരു ചിത്രമോ ഒരു ഗാനമോ കൊണ്ടു് രണ്ടോ മൂന്നോ ദിവസം സ്വയം വലയം ചെയ്യുക, അതിന്റെ ശീലങ്ങൾ പരിചയിക്കുക, അതിന്റെ വൈചിത്ര്യങ്ങൾ കണ്ടെടുക്കുക, അതിനു മുന്നിൽ ആത്മവിശ്വാസമുണ്ടാവുക, അതിന്റെ വിശ്വാസമാർജ്ജിക്കുക, അതിന്റെയൊപ്പം ഒരനുഭവം പങ്കുവയ്ക്കുക, അതിനി എന്തുമാകട്ടെ, ഒരു ശോകമോ ഒരു സ്വപ്നമോ ഒരഭിലാഷമോ എന്തും.

ഒരു കലാസൃഷ്ടിയെ ഇങ്ങനെ വിവരിക്കാൻ നിങ്ങൾക്കു കൊതി തോന്നിപ്പോകുന്നു: ഒരോർമ്മയുടെയോ ഒരനുഭവത്തിന്റെയോ ഒരു സംഭവത്തിന്റെയോ പശ്ചാത്തലത്തിൽ നടത്തപ്പെടുന്ന ഗഹനമായ ഒരു കുമ്പസാരം; സൃഷ്ടാവിൽ നിന്നു മുക്തമായിക്കഴിഞ്ഞാൽ സ്വന്തനിലയ്ക്കു് നിലനില്ക്കാൻ കഴിവുള്ളതും. കലാസൃഷ്ടിയുടെ ഈ സ്വാതന്ത്ര്യത്തെയാണു് സൗന്ദര്യം എന്നു പറയുന്നതു്. ഓരോ കലാസൃഷ്ടിയോടുമൊപ്പം പുതിയതായ ഒരു വസ്തു ലോകത്തു കൂട്ടിച്ചേർക്കപ്പെടുകയാണു്. ഈ നിർവ്വചനം എല്ലാം ഉൾക്കൊള്ളുന്നുവെന്നു് നിങ്ങൾക്കു കാണാം: യെഹാൻ ദെ ബൂസിന്റെ (ഫ്രഞ്ചു് കല്പണിക്കാരൻ, 15/16 നൂറ്റാണ്ടു്) ഗോത്തികു് കതീഡ്രലുകൾ മുതൽ യുവാവായ വാൻ ഡെ വെൽഡെയുടെ (ബല്ജിയൻ മരപ്പണിക്കാരൻ, 19/20 നൂറ്റാണ്ടു്) ഒരു ഫർണീച്ചർ വരെ.

(1898