പ്രകൃതി
← റിൽക്കെ
| റിൽക്കെ-23.10 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്ത്തകന് | വി. രവികുമാർ |
| കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള് | 212 |
നഗരത്തിന്റെ കലാപത്തിനു ശേഷം ഉന്നതവും ക്ഷമാശീലവുമായ ഈ കാടുകൾ പിന്നെയും കാണുമ്പോൾ! എത്ര അഭിജാതമാണു് ഈ നില്പു്, ഈ ശാന്തത. മനുഷ്യജീവികളുടെ ഭീഷണമായ ചേഷ്ടകൾ കണ്ടു മനസ്സു കലങ്ങിനില്ക്കുമ്പോൾ ചലനങ്ങളിൽ മഹത്തായതായി രണ്ടെണ്ണമേയുള്ളുവെന്നു നമുക്കു തോന്നിപ്പോകുന്നു — ഉയർന്നുപറക്കുന്ന ഒരു കിളിയുടെ ചിറകടിയും മരത്തലപ്പുകളുടെ ഉലച്ചിലും. എങ്ങനെ ചലിക്കണമെന്നു് നമ്മുടെ ആത്മാവുകളെ പഠിപ്പിക്കുകയാണു് ഈ രണ്ടു ചേഷ്ടകളും.
കുട്ടികൾ തീ കൊണ്ടു കളിക്കുന്നതു പോലെ ഇരുണ്ട ശക്തികൾ കൊണ്ടു നാം കളിക്കുന്നു; ഊർജ്ജമെല്ലാം വസ്തുക്കളിൽ നിദ്രാണമായിക്കിടക്കുകയായിരുന്നുവെന്നും ഇപ്പോഴാണു്, നമ്മുടെ നശ്വരജീവിതത്തിലും അതിന്റെ ആവശ്യങ്ങൾക്കും അതുപയോഗപ്പെടുത്താനായി നാം വന്നതിനു ശേഷം മാത്രമാണു് ആ ശക്തികൾ ഉണർന്നെഴുന്നേറ്റതെന്നും ഒരു നിമിഷത്തേക്കു നമുക്കു തോന്നിപ്പോകുന്നു. പക്ഷേ ഓരോ സഹസ്രാബ്ദത്തിലും അവ നാം കൊടുത്ത പേരുകൾ കുടഞ്ഞുകളയുകയും നമുക്കെതിരെ കലഹിക്കുകയും ചെയ്യുന്നു — തങ്ങളെക്കാൾ ചെറിയ യജമാനന്മാർക്കെതിരെ ഒരടിമവർഗ്ഗം കലാപത്തിനിറങ്ങുമ്പോലെ. അതു പക്ഷേ, നമുക്കെതിരെപ്പോലുമല്ല; അവ എഴുന്നേല്ക്കുന്നതേയുള്ളു; അതോടെ ഭൂമിയുടെ ചുമലുകളിൽ നിന്നു് സംസ്കാരങ്ങൾ പലതും ഊർന്നുവീഴുന്നു; അവൾ പിന്നെയും വിശാലവും ബൃഹത്തുമാവുന്നു, തന്റെ സമുദ്രങ്ങളും വൃക്ഷങ്ങളും നക്ഷത്രങ്ങളുമായി.
നാം ഭൂമിയുടെ ഏറ്റവും പുറമേയുള്ള പ്രതലത്തെ മാറ്റിത്തീർക്കുന്നുവെന്നും നാമതിലെ കാടുകളേയും പുല്മേടുകളേയും പരിപാലിക്കുന്നുവെന്നും മരങ്ങളിൽ നിന്നു നാം പഴങ്ങൾ ശേഖരിക്കുന്നുവെന്നും (അതു നമുക്കു പറഞ്ഞിട്ടുള്ളതാണെന്ന പോലെ) പറയുമ്പോൾ എന്താണു നാം അർത്ഥമാക്കുന്നതു? അതിന്റെ അർത്ഥശൂന്യത മനസ്സിലാവാൻ പ്രകൃതി നമ്മുടെ പ്രതീക്ഷകളേയും നമ്മുടെ ജീവിതങ്ങളേയും മാനിക്കാതെ പ്രവർത്തിച്ച ഒരു സന്ദർഭം ഓർമ്മിച്ചാൽ മതി; എത്ര ഉദാത്തമായ ഗാംഭീര്യവും ഉദാസീനതയും നിറഞ്ഞതായിരുന്നു അവളുടെ ചേഷ്ടകൾ! നമ്മൾ അവളുടെ അറിവിലേയില്ല. മനുഷ്യർ എന്തൊക്കെ കൈവരിച്ചോട്ടെ, പ്രകൃതി ഒരാളുടെ വേദനയിൽ പങ്കു ചേരുകയോ അയാളുടെ സന്തോഷത്തിൽ ഒപ്പം കൂടുകയോ ചെയ്യുന്നില്ല; അത്രയും മഹത്വത്തിലേക്കു് നാം ഉയർന്നിട്ടില്ല. മഹത്തായ ചില ചരിത്രമുഹൂർത്തങ്ങൾക്കു് പ്രകൃതി അതിന്റെ പ്രബലവും ഇരമ്പുന്നതുമ ഒരു തീരുമാനമെടുക്കുന്ന വേളയിൽ കാറ്റു വീശാതെയായെന്നും പ്രകൃതിയാകെ ശ്വാസമടക്കിപ്പിടിച്ചു നില്ക്കുകയായിരുന്നുവെന്നും നമുക്കു തോന്നിയേക്കാം; നിഷ്കളങ്കമായ ഒരു സാമൂഹികാനന്ദത്തിന്റെ സന്ദർഭത്തെ കാറ്റിലാടുന്ന പൂക്കളും പാറിപ്പറക്കുന്ന പൂമ്പാറ്റകളും തുള്ളിക്കളിക്കുന്ന തെന്നലുകളും കൊണ്ടതു് സമ്പുഷ്ടമാക്കിയെന്നും വരാം. പക്ഷേ തൊട്ടടുത്ത നിമിഷം അതു് തിരിഞ്ഞു നടക്കുകയാണു്, ആരോടൊപ്പം എല്ലാം പങ്കിട്ടുവെന്നു തോന്നിച്ചുവോ, അയാളെ ഉപേക്ഷിച്ചു പോവുകയാണു്.
വസന്തമായി നാം അനുഭവിക്കുന്നതു് ദൈവത്തിന്റെ കണ്ണിൽ ഭൂമിയ്ക്കു മേൽ കൂടി കടന്നുപോകുന്ന ഒരു നേർത്ത പുഞ്ചിരി മാത്രമാണു്. ഭൂമി എന്തോ ഓർത്തെടുക്കുന്ന പോലെയാണു്; വേനൽക്കാലത്തു് അവളതു് എല്ലാവരോടും പറഞ്ഞുനടക്കുന്നു; പിന്നീടു്, വിപുലമായ ശരൽക്കാലമൗനത്തിൽ അവൾ വിവേകിയാവുന്നു; ഏകാകികളോടേ പിന്നെയവൾ തന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നുള്ളു. നിങ്ങളും ഞാനും അറിഞ്ഞ വസന്തകാലങ്ങൾ ഒരുമിച്ചുകൂട്ടിയാലും അതു് ദൈവത്തിന്റെ ഒരു നിമിഷം നിറയ്ക്കാനുണ്ടാവില്ല. ദൈവത്തിന്റെ ശ്രദ്ധയിൽ വരുമെന്നു കരുതുന്ന വസന്തം മരങ്ങളിലും പുല്പുറങ്ങളിലും തങ്ങിനില്ക്കുന്നതല്ല; മനുഷ്യർക്കുള്ളിൽ കരുത്തെടുക്കേണ്ടതാണതു്. ആ വസന്തം നടക്കുന്നതു് കാലത്തിലല്ല, നിത്യതയിലും ദൈവത്തിന്റെ സാന്നിദ്ധ്യത്തിലുമാണു്.
സ്ഥലങ്ങൾ, ഭൂദൃശ്യങ്ങൾ, ജന്തുക്കൾ, വസ്തുക്കൾ — ഇവയ്ക്കൊന്നിനും യഥാർത്ഥത്തിൽ നമ്മെക്കുറിച്ചൊന്നുമറിയില്ല. ഒരു പ്രതിബിംബം കണ്ണാടിയിലൂടെ കടന്നുപോകുന്നതുപോലെ നാം അവയിലൂടെ കടന്നുപോകുന്നു. നാം കടന്നുപോകുന്നു — നമ്മുക്കവയുമായുള്ള ബന്ധം അങ്ങനെ സംക്ഷേപിക്കാം. ലോകം ഒരു പ്രതിബിംബം പോലെ നമ്മിൽ നിന്നു കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു; നമുക്കതിലേക്കു കടക്കാൻ ഒരു വഴിയുമില്ല. അതേ സമയം, ഇതേ കാരണം കൊണ്ടു തന്നെയാണു് ഇതൊക്കെ നമുക്കു വലിയൊരു സഹായമാവുന്നതും: ഈ ഭൂദൃശ്യം, കാറ്റിന്റെ വിരലുകൾ താളു മറിക്കുന്ന ഈ മരം, സായാഹ്നം വാരിച്ചുറ്റി തന്നെത്തന്നെ ധ്യാനിച്ചിരിക്കുന്ന ഈ വസ്തു. ഇതൊന്നിനേയും നമ്മുടെ അനിശ്ചിതത്വത്തിലേക്കു്, നമ്മുടെ അപകടങ്ങളിലേക്കു്, നിഴലടഞ്ഞതും വെളിവിലേക്കുണരാത്തതുമായ നമ്മുടെ ഹൃദയങ്ങളിലേക്കു് വലിച്ചിടാൻ നമുക്കു കഴിയില്ലെന്നതിനാൽത്തന്നെ നമുക്കവ വലിയ സഹായവുമാവുന്നു.
താൻ ചെയ്യുന്ന ക്രൂരതകളെ സാധൂകരിക്കാനായി പ്രകൃതിയിൽ നടക്കുന്ന ക്രൂരതകളെ വിളിച്ചുകാണിയ്ക്കുന്ന ഏർപ്പാടു് മനുഷ്യനൊന്നു നിർത്തിയിരുന്നെങ്കിൽ! പ്രകൃതിയിൽ നടക്കുന്ന എത്ര ഘോരമായ സംഭവത്തിൽപ്പോലും എന്തുമാത്രം നിഷ്കളങ്കതയാണുള്ളതെന്ന കാര്യം അവൻ മറന്നുപോകുന്നു. അങ്ങനെയൊന്നിനെ പ്രകൃതി മാറിനിന്നു നോക്കുകയോ, അതിനെക്കുറിച്ചു ചിന്തിക്കുകയോ ചെയ്യുന്നില്ല; അതിൽ നിന്നു ദൂരത്തിലല്ല അതെന്നതു തന്നെ കാരണം — ഏതു ഭീഷണമായ സംഭവത്തിനുള്ളിലും പൂർണ്ണമായിത്തന്നെ അതുണ്ടു്; അതിലാണു് അതിന്റെ ഉർവരതയും സമൃദ്ധിയും കിടക്കുന്നതു്; ഏതു ഭീതിദമായ സംഭവവും, ആത്യന്തികമായി, പ്രകൃതിയുടെ സമൃദ്ധിയുടെ പ്രകാശനമെന്നതല്ലതെ മറ്റൊന്നുമല്ല. അതിന്റെ ബോധം എന്നാൽ അതിന്റെ പൂർണ്ണത തന്നെ; കാരണം എല്ലാമുൾക്കൊള്ളുന്നതാണതു്; ക്രൂരതയും കൂടി അടങ്ങിയതാണു് പ്രകൃതി. മനുഷ്യനു പക്ഷേ സർവതും തന്നിലുൾക്കൊള്ളിക്കാൻ ഒരിക്കലും പറ്റില്ല; അതു കാരണം ഭീഷണമായതൊന്നു്, ഉദാഹരണത്തിനു് ഒരു കൊലപാതകം, അവൻ തിരഞ്ഞെടുക്കുമ്പോൾ, ആ കൊടുംഗർത്തത്തിന്റെ വിപരീതം തന്നിലുണ്ടോയെന്നു തീർച്ചയാക്കാൻ അവനു കഴിയുന്നുമില്ല. അങ്ങനെ ആ തിരഞ്ഞെടുപ്പു നടത്തുന്ന ക്ഷണത്തിൽ ഒരപവാദമാവാൻ വിധിക്കപ്പെടുകയാണവൻ; സാകല്യത്തോടു ബന്ധം മുറിഞ്ഞ, ത്രിമാനത്വം നഷ്ടപ്പെട്ട, ഒറ്റപ്പെട്ട ഒരു ജീവി.
മിക്കവാറും എല്ലാ വലിയ തത്ത്വചിന്തകന്മാരും മനഃശാസ്ത്രജ്ഞന്മാരും ഈ ഭൂമിയിലാണു്, ഭൂമിയിൽ മാത്രമാണു് ശ്രദ്ധ ചെലുത്തിയതെന്നു വരുന്നതു് വിചിത്രമല്ലേ? ഈ മൺകട്ടയിൽ നിന്നു കണ്ണുകളുയർത്തുകയും പ്രപഞ്ചത്തിലെ ഒരു മൺതരിയെക്കുറിച്ചാലോചിക്കുന്നതിനു പകരം പ്രപഞ്ചത്തെക്കുറിച്ചുതന്നെ ആലോചിക്കുകയും ചെയ്തിരുന്നെങ്കിൽ അതല്ലേ കൂടുതൽ ഉദാത്തമാവുക? അനന്തമായൊരു പ്രപഞ്ചത്തിൽ ദിശാബോധമില്ലാതെ അലഞ്ഞുതിരിയുന്ന വെറുമൊരു കണികയായി നമ്മുടെ ഭൂമി ചുരുങ്ങുന്ന നിമിഷം ഇവിടെ നാമനുഭവിക്കുന്ന ദുരിതങ്ങൾ എത്ര ചെറുതും അഗണ്യവുമായി നമുക്കനുഭവപ്പെട്ടേനെ!
മേല്ക്കൂരയുടെ കഴുക്കോലുകൾക്കടിയിൽ കൂടു കൂട്ടുന്ന കിളി ഇനി മുതൽ തന്റെ കുഞ്ഞുജീവിതത്തിന്റെ ഒരു ഭാഗം ജീവിച്ചുതീർക്കാൻ താൻ തിരഞ്ഞെടുത്ത സ്ഥലം ആദ്യം തന്നെ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടാവും. എന്നാൽ മനുഷ്യനാവട്ടെ, ഭൂമിയെക്കുറിച്ചെന്തെങ്കിലുമൊന്നറിഞ്ഞാൽ തൃപ്തനായി; തലയ്ക്കു മേൽ വിദൂരഗോളങ്ങൾ ഭ്രമണം ചെയ്യുന്നതു് അവനു പ്രശ്നമേയല്ല. നമ്മുടെ നോട്ടം നിലത്തു നിന്നുള്ള പിടി വിടുന്നില്ലെങ്കിൽ നാമിപ്പോഴും ഇങ്ങു താഴെക്കിടക്കുകയാണെന്നല്ലേ വരിക? യഥാർത്ഥമായ തത്ത്വചിന്ത അതിന്റെ കരുത്തുറ്റ വേരുകളിറക്കേണ്ടതു് ഭൂമിയിലെ ചെളിക്കു പകരം അനന്തതയിലല്ലേ?
| ||||||
