വിശ്വാസം, മതം, ദൈവം
← റിൽക്കെ
റിൽക്കെ-23.13 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
വിശ്വാസം — അങ്ങനെയൊന്നില്ല. ഒന്നേയുള്ളു — സ്നേഹം. ഇതിനെയോ അതിനെയോ സത്യമായി കരുതാൻ ഹൃദയത്തെ തള്ളിവിടുക, അതിനെയാണു് നാം സാമാന്യാർത്ഥത്തിൽ വിശ്വാസം എന്നു പറയുന്നതു്; അതിൽ ഒരർത്ഥവുമില്ല. ആദ്യം തന്നെ നാം എവിടെയെങ്കിലും ദൈവത്തെ കണ്ടെത്തണം; അത്രയും അനന്തമായ, അത്രയും തീക്ഷ്ണമായ, അത്രയും വിപുലമായ ഒരു സാന്നിദ്ധ്യമായി അവനെ അനുഭവിക്കണം — അതില്പിന്നെ നമുക്കവനോടു തോന്നുന്ന വികാരമെന്തായാലും — അതു് ഭീതിയാകട്ടെ, ആശ്ചര്യമാകട്ടെ, വീർപ്പുമുട്ടലാവട്ടെ, സ്നേഹം തന്നെയാവട്ടെ — അതു് പ്രാധാന്യമുള്ളതേയല്ല. പക്ഷേ ദൈവത്തെ കണ്ടുപിടിക്കുന്നതു് തുടക്കമായിട്ടെടുക്കുന്ന ഒരാൾക്കു് വിശ്വാസം കൊണ്ടു്, ദൈവത്തിലേക്കുള്ള ആ നിർബ്ബന്ധിതയാത്ര കൊണ്ടു്, ഒരു കാര്യവുമില്ല. നിങ്ങൾ ഒരു ജൂതയാണല്ലോ, ദൈവം നിങ്ങൾക്കെത്രയോ നിസ്സർഗ്ഗജമായ ഒരനുഭവമാണല്ലോ, ദൈവത്തോടുള്ള പ്രാക്തനഭയം നിങ്ങളുടെ ചോരയിൽത്തന്നെയുള്ളതുമാണല്ലോ — അങ്ങനെയൊരാൾ ‘വിശ്വാസ’ത്തെക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ല. നിങ്ങൾ അവന്റെ സാന്നിദ്ധ്യം നിങ്ങളിൽ അറിഞ്ഞാൽ മാത്രം മതി. പിന്നെ, തന്നെ ഭയക്കണമെന്നു് അവൻ, യഹോവ, ആഗ്രഹിച്ചുവെങ്കിൽ — മനുഷ്യനും ദൈവവും തമ്മിൽ സമ്പർക്കം സ്ഥാപിക്കാൻ പല സന്ദർഭങ്ങളിലും മറ്റൊരു മാർഗ്ഗമുണ്ടായിരുന്നില്ല എന്നതാണു് അതിനു കാരണം. ദൈവത്തിനു മുന്നിലെ ഭയം, അതൊരവസ്ഥയുടെ പുറന്തോടു മാത്രമാണു്; ഉള്ളിൽ അതിനു് ഭയത്തിന്റെ ചുവയല്ല; അതിൽ സ്വയം അടിയറവു പറയുന്നവൻ എത്രയും അവാച്യമായ മാധുര്യമാവും രുചിക്കുക.
മുട്ടു കുത്തലിന്റെ നിഗൂഢത ഇതാണ്: മുട്ടു കുത്തുന്നവൻ, തന്റെ ആത്മീയപ്രകൃതത്താൽ, നില്ക്കുന്നവനേക്കാൾ വലിയവനാകുന്നു. മുട്ടു കുത്തുന്നവന്, അതിൽ തന്നെത്തനെ സമർപ്പിക്കുന്നവനു് തന്റെ ചുറ്റുപാടിന്റെ അളവുകളെക്കുറിച്ചുള്ള ബോധമൊക്കെ നഷ്ടമാകുന്നു; കണ്ണുയർത്തി നോക്കുമ്പോഴും ഏതാണു ചെറുതു്, ഏതാണു വലുതെന്നു പറയാൻ അയാൾക്കു കഴിയാതെ പോവുകയാണു്. ആ കുനിഞ്ഞ ഇരിപ്പിൽ ഒരു കുഞ്ഞിന്റെ ഉയരം പോലും അയാൾക്കില്ലെങ്കിലും മുട്ടു കുത്തുന്ന ആ മനുഷ്യനെ ചെറിയവനെന്നു വിളിക്കാൻ പാടില്ല. അയാളുടെ കാര്യത്തിൽ അളവുകളുടെ സ്വഭാവം മാറിക്കഴിഞ്ഞു; ഭാരവും ശക്തിയും തന്റെ കാല്മുട്ടുകളിൽ കേന്ദ്രീകരിക്കുകയും അതിനു ചേർന്ന ഒരു പടുതി സ്വീകരിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഉയരം ആഴമാകുന്ന ഒരു ലോകത്തു ചേർന്നവനായിക്കഴിഞ്ഞു അയാൾ; ഉയരം തന്നെ നമ്മുടെ കണ്ണുകൾക്കും ഉപകരണങ്ങൾക്കും അളക്കാൻ പറ്റാത്തതാണെങ്കിൽ ആഴമളക്കാൻ ആർക്കു കഴിയും?
ഏറ്റവും ദിവ്യമായ സാന്ത്വനം മനുഷ്യനുള്ളിൽ തന്നെയുണ്ടെന്നതിൽ സംശയമില്ല. ഒരു ദൈവം നല്കുന്ന സാന്ത്വനങ്ങൾ വച്ചു് എന്തു ചെയ്യണമെന്നു് നമുക്കറിവുണ്ടാകണമെന്നില്ലല്ലോ. കണ്ണുകൾ ഒന്നുകൂടി തുറന്നുനോക്കുകയേ വേണ്ടൂ, കാതുകൾ ഒന്നുകൂടി കൂർപ്പിക്കുകയേ വേണ്ടൂ, ഒരു പഴത്തിന്റെ രുചിയും മണവും മുഴുവനായി നമ്മിലേക്കു കടക്കാൻ, കൂടുതൽ വാസന സഹിക്കാൻ നമുക്കു പ്രാപ്തരാവാൻ, അന്യോന്യം സ്പർശിച്ചു് വിസ്മൃതിയുടെ ആഴം കുറയ്ക്കാൻ — നമുക്കേറ്റവും സമീപസ്ഥമായ അനുഭവങ്ങളിൽ നിന്നു് സാന്ത്വനങ്ങൾ സ്വീകരിക്കാൻ; അവ നമ്മുടെ അടിയിളക്കുന്ന ഏതു യാതനയെക്കാളും ഹൃദയസ്പർശിയും പ്രധാനവും യഥാർത്ഥവുമായിരിക്കുകയും ചെയ്യും.
പൊതുസമ്മതത്തിൽ അധിഷ്ഠിതമാണു് ഭാഷാപ്രയോഗങ്ങൾ; “ദൈവം” എന്ന വാക്കിന്റെ കാര്യത്തിലും അതു് അങ്ങനെയാണു്. പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നതായി കാണുകയും എന്നാൽ അതിനപ്പുറം ഒരു പേരു കൊടുക്കാനോ മനസ്സിലാക്കാനോ പറ്റാത്ത സർവ്വതിനേയും ഉൾക്കൊള്ളിക്കുക എന്നതാണു് ആ പേരു കൊണ്ടുദ്ദേശിക്കുന്നതു്. അതിനാൽ: മനുഷ്യൻ വളരെ സാധുവും അവന്റെ അറിവു് വളരെ പരിമിതവുമായിരുന്നപ്പോൾ ദൈവം വളരെ വലിയവനായിരുന്നു. എന്നാൽ ഓരോ അനുഭവത്തോടുമൊപ്പം അവന്റെ അധികാരവൃത്തത്തിൽ നിന്നു് ഒരു ചെറിയ കഷണം അടർന്നുപൊയ്ക്കൊണ്ടിരുന്നു; ഒടുവിൽ അവന്റേതായി ഒന്നും തന്നെ ശേഷിക്കാതായപ്പോൾ സഭയും രാഷ്ട്രവും കൂടി എല്ലാ ഉദാരഗുണങ്ങളും അവനായി ശേഖരിച്ചു കൊടുത്തു; ഇന്നാർക്കും അവയിൽ തൊടാൻ പാടില്ല.
കഴിവു കെട്ട മനുഷ്യർ എപ്പോഴും ഇങ്ങനെയായിരിക്കും; കഴിയുന്നത്ര കാലം മാതാപിതാക്കൾ തങ്ങളെ പരിപാലിക്കണമെന്നും തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണു് അവരുടെ ആഗ്രഹം. ഈ ദൈവം ജീവിച്ചിരിക്കുന്നിടത്തോളം കാലം നാമെല്ലാം കുട്ടികളും ആശ്രിതരുമായിരിക്കും. എന്നെങ്കിലുമൊരിക്കൽ അവനെ മരിക്കാൻ വിടണം. നമുക്കും പിതാക്കന്മാരാകേണ്ടേ?
എന്നാൽ ദൈവം മരിച്ചുകഴിഞ്ഞു; കാര മുസ്തഫയെക്കുറിച്ചുള്ള ആ പഴയ കഥ. സുൽത്താൻ മരിച്ചുവെന്നു് മന്ത്രിമാർ പുറത്തു പറയാൻ പാടില്ല; പറഞ്ഞാൽ സൈന്യം യുദ്ധം നിർത്തി കൊട്ടാരക്കലാപത്തിനൊരുങ്ങും.
ഏറ്റവും പുരാതനമായ കലാസൃഷ്ടിയാണു് ദൈവം. പക്ഷേ അതിന്റെ പരിപാലനം വളരെ മോശമാണു്; പല ഭാഗങ്ങളും ഊഹിച്ചു കൂട്ടിച്ചേർത്തതുമാണു്. എന്നാൽ അവനെക്കുറിച്ചു സംസാരിക്കാൻ കഴിയുന്നുവെന്നതും അവന്റെ അവശിഷ്ടങ്ങൾ കാണാൻ പോയെന്നു പറയുന്നതും വിദ്യാസമ്പന്നതയുടെ ലക്ഷണം തന്നെ.
തന്റെ ബാല്യകാലദൈവത്തിന്റെ മരണക്കിടക്കയിൽ നിന്നു് വിലാപവേഷം ധരിച്ചും കൊണ്ടാണു് എല്ലാവരും പുറത്തേക്കു വരിക. എന്നാൽ വർദ്ധിച്ചു വരുന്ന ആത്മവിശ്വാസത്തോടെയും ആഹ്ളാദത്തോടെയും അയാൾ നടക്കുമ്പോൾ അയാൾക്കുള്ളിൽ ദൈവത്തിന്റെ ഉയിർത്തെഴുന്നേല്പു നടക്കുകയും ചെയ്യുന്നു.
ദേവന്മാരുണ്ടെങ്കിൽ അവരുടെ അസ്തിത്വം നമുക്കനുഭവമാകാനും പോകുന്നില്ല; കാരണം, അവരുണ്ടെന്നറിയുമ്പോൾ അവരില്ലാതാവുകയുമാണു്.
മൂന്നു തലമുറകൾ ചാക്രികമായി നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും. ഒരു തലമുറ ദൈവത്തെ കണ്ടെത്തുന്നു, രണ്ടാമത്തേതു് അവനു മേൽ ഒരിടുങ്ങിയ ദേവാലയം പണിയുകയും അവനെ അതിനുള്ളിൽ തളച്ചിടുകയും ചെയ്യുന്നു; മൂന്നാമത്തെ തലമുറ ദരിദ്രമാവുകയും തങ്ങൾക്കു കൂരകൾ പണിയുന്നതിനായി ദേവാലയത്തിന്റെ കല്ലുകൾ ഒന്നൊന്നായി ഇളക്കിക്കൊണ്ടുപോവുകയും ചെയ്യും. തുടർന്നു് വീണ്ടും ദൈവത്തെ കണ്ടെത്തുന്ന തലമുറയുടെ ഊഴമായി. അങ്ങനെയൊരു തലമുറയിൽ പെട്ടവരാണു്, ദാന്തേയും ബോത്തിച്ചെല്ലിയും ഫ്രാ ബാർത്തൊലോമ്യോയും.
സർഗ്ഗാത്മകതയില്ലാത്തവരുടെ കലയാണു് മതം; പ്രാർത്ഥിക്കുമ്പോൾ അവർ സർഗ്ഗാത്മകതയുള്ളവരാകുന്നു. തങ്ങളുടെ സ്നേഹത്തിനും കൃതജ്ഞതയ്ക്കും അഭിലാഷങ്ങൾക്കും പ്രാർത്ഥനകളിലൂടെ അവർ രൂപം നല്കുന്നു, അങ്ങനെ അവർ മോചിതരുമാകുന്നു. ഹ്രസ്വായുസ്സെങ്കിലും ഒരുതരം സംസ്കാരവും അപ്പോളവർ ആർജ്ജിക്കുന്നു; പല ലക്ഷ്യങ്ങൾ ഒരേയൊരു ലക്ഷ്യത്തിനായി അവർ ത്യജിക്കുകയാണല്ലോ.
പൊടുന്നനേ തീ പിടിച്ച നമ്മുടെ ആത്മാവിൽ നിന്നു പ്രസരിക്കുന്ന ഒരു രശ്മിയാണു് പ്രാർത്ഥന; ലക്ഷ്യമില്ലാത്തതും അവസാനിക്കാത്തതുമായ ഒരു ഗതിയാണതു്. എവിടെയുമെത്താതെ പ്രപഞ്ചമലയുന്ന നമ്മുടെ അഭിലാഷങ്ങളുടെ തീക്ഷ്ണമായ ഒരു രൂപകമാണതു്.
|