close
Sayahna Sayahna
Search

ഇല


ഇല
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
സ്വപ്നത്തില്‍
ഞാനൊരില നിനക്കു തരും…
ഞരമ്പുകളില്‍
മണ്ണിന്റെ സംഗീതം,
കോശങ്ങളില്‍
സൂര്യന്റെ മഞ്ഞത്തടാകങ്ങള്‍,
ഞെട്ടില്‍ ഉപ്പുറഞ്ഞ
കണ്ണീര്,
ജീവന്റെ പച്ചപ്പും
കൊടുങ്കാറ്റിന്റെ ഇരമ്പവും,
മുലപ്പാലിന്റെ മണവും…
കടിച്ചുനോക്കിയും
മണത്തുനോക്കിയും
അറിയില്ലെന്നു
അതു നീ തിരിച്ചുതരും
പ്രണയം തുളുമ്പുന്ന
എന്റെ കണ്ണാണല്ലോ അത്,
ഉമ്മവയ്ക്കാന്‍ വിടരുന്ന
എന്റെ ചുണ്ടാണല്ലോ അത്,
നിന്റെ കുഞ്ഞിനെ മുളപ്പിക്കാന്‍ പിടയുന്ന
അടിവയറ്റിന്റെ മിനുപ്പാണല്ലോ അത്,
നിന്റെ സ്പര്‍ശത്തില്‍ മാത്രം വിരിയുന്ന
എന്റെ മനസ്സാണല്ലോ അത്…
നീയതു തിരിച്ചുതരും
പേരറിയാത്ത
ഇലയെന്ന അവജ്ഞയോടെ.