close
Sayahna Sayahna
Search

ഉടലും ഉയിരും


ഉടലും ഉയിരും
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
നിന്റെ ഉടലും ഉയിരും
നിന്റെ
എന്നു നീ കരുതുന്നു…
അല്ല… അല്ല…
ഞാനാണു നിന്റെ
കണ്ണുകളില്‍ സൂര്യനെ കൊളുത്തിയത്,
ചര്‍മ്മത്തെ തിളങ്ങുന്ന
പുഴയാക്കിയത്,
ചുണ്ടില്‍ വാക്കും,
നാവില്‍ ബാല്യത്തിന്റെ
തേനും വയമ്പും
കിനിയിച്ചത്…
വിരലില്‍ സ്പര്‍ശത്തിന്റെ
പന്തങ്ങളും,
നെഞ്ചില്‍ വിങ്ങുന്ന സ്നേഹവും
കൊളുത്തിയത്…
നിന്റെ തലമുടിയില്‍
സുഗന്ധനാരുകളും
വിയര്‍പ്പിന്റെ പ്രലോഭനവും നിറച്ചത്…
നിന്റെ തുടയില്‍
ഹെര്‍ക്കുലീസിന്റെ ശക്തിയും,
ലിംഗത്തില്‍
ആനന്ദത്തിന്റെ
ആവേശത്തിന്റെ
കരുത്തിന്റെ
അഗ്നിയുമുയര്‍ത്തിയത്
താങ്ങാന്‍
എന്റെ മനസ്സു തന്നത്
നിന്റെ ഉടലുമുയിരും
നിന്റേതെന്നു
നീ അഭിമാനിക്കുന്നു.
ഇതാ എന്റെ ശാപം…
ഞാന്‍ മരിച്ചു നിന്റെ
മനസ്സില്‍
മാഞ്ഞില്ലാതെയാകുമ്പോള്‍
നിന്റെ ഉടലും ഉയിരും
എരിഞ്ഞടങ്ങിയ
മാംസഗോപുരം,
ഏകാന്തതയുടെ ഇരുള്‍ഗുഹ.