ജീവിതവും കലയും
← റിൽക്കെ
റിൽക്കെ-14 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
ജീ വിതത്തെയും കലയേയും രണ്ടായി വലിച്ചുകീറാൻ എനിക്കും ആഗ്രഹമില്ല; എവിടെയോ എപ്പോഴോ രണ്ടിനും അർത്ഥമൊന്നാണെന്നു് എനിക്കറിയാം. പക്ഷേ ജീവിക്കുന്ന കാര്യത്തിൽ ഒരു പിടിപ്പുകേടുണ്ടെന്നതിനാൽ ജീവിതം എന്നെ വന്നു വലയം ചെയ്യുമ്പോൾ പലപ്പോഴും അതെനിക്കു് ഒരിടത്താവളം മാത്രമാവുകയാണു്, വളരെയധികം നഷ്ടം എനിക്കുണ്ടാക്കുന്ന ഒരു മാർഗ്ഗതടസ്സം. നാം ചിലപ്പോൾ സ്വപ്നം കാണാറുണ്ടല്ലോ, രണ്ടു ഷൂ ബട്ടണുകളുടെ കടുംപിടുത്തം കാരണം അതിപ്രധാനമായ ചിലതു നമുക്കു നഷ്ടപ്പെടുന്നതായി; പിന്നൊരിക്കലും തിരിച്ചുവരാത്തതുമാണതു്. അതെ, സത്യമാണതു്, ജീവിതം കടന്നുപോവുകയാണു്, നമുക്കവസരം കിട്ടാതെ പോയ അനുഭവങ്ങൾക്കും പല നഷ്ടങ്ങൾക്കും ജീവിതം മറ്റൊരു സമയം നമുക്കു നല്കുന്നില്ല; ഒരു കലാകാരനാകാൻ ആഗ്രഹിക്കുന്ന ഒരാളുടെ കാര്യത്തിൽ വിശേഷിച്ചും. എന്തെന്നാൽ ഒരു ജീവിതം മതിയാകാത്തത്ര വിപുലമാണു്, ദുഷ്കരമാണു്, ദീർഘവുമാണു് കല; നല്ല പ്രായമെത്തിയവർ അതിൽ തുടക്കക്കാർ മാത്രവുമാണു്. “ആറാമത്തെ വയസ്സു മുതലേ വസ്തുക്കളെ വരയ്ക്കാനുള്ള ഒരു ഭ്രാന്തു് എനിക്കുണ്ടായിരുന്നു. അമ്പതായപ്പോഴേക്കും എണ്ണമറ്റ ചിത്രങ്ങൾ ഞാൻ വരച്ചുകൂട്ടി; എന്നാൽ എഴുപതു വയസ്സിനു മുമ്പു ഞാൻ വരച്ചതൊന്നും പരിഗണനാർഹമേയല്ല. എഴുപത്തിമൂന്നാമത്തെ വയസ്സിലാണു് പ്രകൃതിയുടെ, മൃഗങ്ങളുടെ, പുല്ക്കൊടികളുടെ, പക്ഷികളുടെ, മത്സ്യങ്ങളുടെ, കീടങ്ങളുടെ ഘടനയെക്കുറിച്ചു് എന്തെങ്കിലുമൊരു രൂപം എനിക്കു കിട്ടുന്നതു്… “ഹൊക്കുസായി എഴുതി; റോദാങ്ങിനും ഇതേ മനസ്സായിരുന്നു; നല്ല പ്രായമെത്തും വരെ ജീവിച്ചിരുന്ന ലിയനാർഡോയേയും ഇക്കൂട്ടത്തിൽ പെടുത്താം. അവർ കലയിൽ തന്നെ ജീവിതം കഴിച്ചവരാണു്, ഒന്നിൽ മാത്രം ഊന്നിയവരാണു്, ശേഷമൊക്കെ കാടു കയറാൻ വിട്ടുകൊടുത്തവരാണു്. അപ്പോൾപ്പക്ഷേ എങ്ങനെയാണു്, നിർബ്ബന്ധബുദ്ധിയായ ബാഹ്യജീവിതത്തിലെ ഓരോ കെണിയിലും ചെന്നു വീഴുകയും സകല പ്രതിബന്ധങ്ങളിലും തല കൊണ്ടുചെന്നിടിച്ചു് ബോധം മന്ദിക്കുകയും ചെയ്യുകയാണെന്നതിനാൽ തന്റെ അഭയത്തിലേക്കു് വല്ലപ്പോഴും മാത്രം ചെന്നുകയറാൻ പറ്റുന്ന ഒരാൾ ഉത്കണ്ഠാകുലനാകാതിരിക്കുക? അതുകൊണ്ടാണു് ഒരു പ്രവൃത്തി കണ്ടെത്തുക എന്നു് അത്ര തീവ്രമായും അക്ഷമമായും ഞാൻ ആഗ്രഹിക്കുന്നതു്; എന്തെന്നാൽ ജീവിതം ആദ്യം പ്രവൃത്തിയായിട്ടേ പിന്നെയതു് കലയാകുന്നുള്ളു. ജീവിതത്തെ അതിൽ കെട്ടുപിണഞ്ഞുകിടക്കുന്ന നിയോഗങ്ങളിൽ നിന്നു വെട്ടിമാറ്റാൻ കഴിയില്ല എന്നെനിക്കറിയാം; എന്നാൽ അതിനെ അതിലുള്ളതെല്ലാമായി ഒരു പ്രശാന്തതയിലേക്കു്, ഒരു ഏകാന്തതയിലേക്കു്, ഒരു പ്രവൃത്തിദിനത്തിന്റെ ഗഹനമായ നിഷ്പന്ദതയിലേക്കു് എടുത്തുയർത്താനുള്ള ശക്തി ഞാൻ കണ്ടെത്തണം. അവിടെ മാത്രമേ നീ എനിക്കു പ്രവചിച്ച ഭാവി എന്നെ കണ്ടെത്തുകയുള്ളു; നീയും, ലൂ, എന്നെ കാത്തുനില്ക്കേണ്ടതു് അവിടെയാണു്…
|