close
Sayahna Sayahna
Search

വന്ദേമാതരം


വന്ദേമാതരം
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രാത്രി നിശ്ശബ്ദമാവുന്നു.
വീടുറങ്ങുന്നു.
വാതിലും ജാലകക്കണ്ണുമടയുന്നു,
അടുപ്പുമലക്കുകല്ലും
തീറ്റ കുമിയുന്ന മേശയുമുറങ്ങുന്നു,
രാത്രി നിശ്ശബ്ദമാവുന്നു.
രാത്രിയുറങ്ങുന്നു…
വീടുറങ്ങുന്നു.
തളര്‍ന്ന ശരീരത്തിലാര്‍ത്ത-
ലച്ചപ്പോളൊരു കാറ്റുണരുന്നു,
നീളും വിരല്‍ത്തീയണയ്ക്കുവാനോ
മഞ്ഞുനദിയായുറയ്ക്കുന്നു ദേഹം?
മഞ്ഞില്‍ മരിക്കുമവളെപ്പിളര്‍ന്നു
കൊണ്ടെന്നുമൊരു കണിക്കൊന്ന പൂക്കുന്നു
രാക്കിനാവിന്‍ കണിക്കൊന്ന…
അവളുറങ്ങുന്നൂ സ്വപ്നത്തില്‍
നിലാവിന്റെ മടിയില്‍,
മഞ്ഞിന്റെ നനുത്ത കിടക്കയില്‍
ഒരു ശിശുവായ് ചുണ്ടു പാതി
വിടര്‍ന്നുകൊണ്ടൊരു മുല്ലമാലപോല്‍
സൗമ്യസുഗന്ധിയായ്,
മഴയാലരഞ്ഞാണം,
വെയിലില്‍ക്കഴുകിയ നറുപിച്ചകത്താ-
ലുടലില്‍ക്കുളിര്‍മഴ,
മാറിലിഴയുന്നൂ കരിനാഗമാലകള്‍,
നഗ്നമാം മേനിയില്‍ നിഴലും
നിലാവും വരയ്ക്കുന്നൂ നഖചിത്രം,
പൂപ്പൊഴിയുന്ന കാറ്റിനുകീഴെ
ഗാനം പോലെയവളുറങ്ങുന്നു.
… … … … …
രാത്രി കഴിയുന്നു,
കരിയുന്നൂ കൊന്നമരങ്ങള്‍,
നില്ക്കുന്നു കടലിന്‍ ഞരക്കം
തുറക്കുന്നൂ ജാലകമിഴികള്‍,
സൂര്യഹൃദയത്തെയവള്‍
വീഞ്ഞുപാത്രമായ് മോന്തുന്നു,
വെയിലൊക്കെയും കുടിച്ചു വറ്റിക്കുന്നു.
‘വന്ദേ മാതരം’
ഒരു ദിനംകൂടിത്തുടങ്ങുന്നു.