ശാപം, ശൂന്യത, കാമം
ശാപം, ശൂന്യത, കാമം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
പറയുന്നൂ ശര്‍മ്മിഷ്ഠ
രാവ്…
സുഗന്ധപുഷ്പാവലി…
നിലാവൊഴുക്ക്…
ഏകാന്തത…
നീ കൈക്കൊള്ളുകെന്നെ.
ഈ പൂ മണക്കുക,
ഈ തളിര് നുള്ളുക,
ഈ മുത്ത് പിളര്‍ക്കുക.
ശൂന്യാമാമുള്ളില്
ഇരുള് മാത്രം മുനിയും മനസ്സില്‍
ഏഴാഴി കടന്നു,
ലോഹപ്പൂട്ടുകള്‍ പിളര്‍ന്നേതു
കാമം സൂര്യനെപ്പോലെ.
ഇരുളില്‍ ഞാനെന്റെ വിരലുകളാല്‍
എന്നെത്തന്നെയുഴിയുന്നു,
ഞാനെന്നെയറുക്കുന്നു,
ഞാനെന്നെ മണക്കുന്നു,
മുലകള്‍ പിടഞ്ഞുയരുന്നു,
വൃദ്ധകാമത്തിന്നലകള്‍
ചൂടായി മുറി പഴുക്കുമ്പോള്‍
പറയുന്നൂ രാത്രി,
“കഴുതക്കാമം കരഞ്ഞുതീര്‍ക്കുക…==
നാണംകെട്ട വിരലില്‍
ദേഹവടിവില്‍
നഗ്നവിരൂപതകളില്
കണ്ണീര് മഴയായ് പെയ്തിട്ടും
അണയുന്നില്ലെന്റെ
സിരകളിലഗ്നി…
ശപിക്കപ്പെട്ടോള് ഞാന്‍.
(1995)
|