close
Sayahna Sayahna
Search

Difference between revisions of "ലോപാമുദ്ര"


 
Line 108: Line 108:
 
:: എന്നുവിടര്‍കണ്ണിലഗ്നിയുമായ്
 
:: എന്നുവിടര്‍കണ്ണിലഗ്നിയുമായ്
 
:: വനം വിട്ടുപോയോന്‍ വരുമിന്ന്…
 
:: വനം വിട്ടുപോയോന്‍ വരുമിന്ന്…
:: …
+
:: … … … …
 
:: ലോപാമുദ്ര,
 
:: ലോപാമുദ്ര,
 
:: മുനിപത്നി ഞാനറിയുന്നു
 
:: മുനിപത്നി ഞാനറിയുന്നു
Line 134: Line 134:
 
</poem>
 
</poem>
 
{{right|(1995)}}
 
{{right|(1995)}}
 +
----
 +
<references/>
 +
 
{{VMG/PranayamOralbum}}
 
{{VMG/PranayamOralbum}}

Latest revision as of 16:21, 13 June 2014

ലോപാമുദ്ര
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

[1]

രാവ്…
നിലാവിൻ വെണ്‍പട്ടുടുക്കുന്നു
കാട്,
പച്ചച്ചിരുണ്ട മരവുരിയൂര്‍ന്നു പോവുന്നു
പഴകിയൊരോര്‍മ്മപോല്‍
സ്തബ്ധ നിശ്ശബ്ദമീയാശ്രമം,
കാററിലകിലിന്‍ മണം
നേര്‍ത്തു വീര്‍ത്തുറയൂരിയൊരോര്‍മ്മകള്‍
പത്തിവിടര്‍ത്തുന്നുവോ?
പാല പൂത്ത മണം,
ഉള്‍ക്കാടുകള്‍ പൂത്തും തളിര്‍ത്തും
മദിക്കും മണം മോന്തി രാവു ചായുന്നു.
അടങ്ങിയ കാററിന്റെ മാറില്‍
തലചായ്ച്ചു കാടുറങ്ങുന്നു.
നിലാവിന്റെ പട്ടുമഴിഞ്ഞു.
തൂമഞ്ഞില്‍ നനഞ്ഞ വനം
ചൂഴ്‌ന്നു ചൂഴ്‌ന്നെന്നെപ്പൊതിയുന്നു.
ഇന്നുഞാനോര്‍ക്കു-
മുറങ്ങാതെയെന്നെക്കുറിച്ച്.
എന്നുമറക്കുവാനീ ദിനം?
പുണ്യഗന്ധ ഭാഗീരഥി-
യമ്മയെപ്പോല്‍ക്കുളുര്‍-
ക്കയ്യാല്‍ത്തഴുകവേ
നിന്നു ഞാന്‍ നീററില്‍,
മാനത്തു രോഹിണി മിന്നിടുംപോലെ
സുവര്‍ണ്ണകമലമായ് മിന്നീ-
യുടല്‍ വ്രതമേററു ചടക്കിലും
നീലഞരമ്പുകളില്‍ കുതിച്ചോടുന്നു
കാടിന്‍ ഹരിതം, വിലാസം,
വിദര്‍ഭ കേളീഗൃഹങ്ങളില്‍-
പ്പോലുമുണരാത്ത കാമം
ഇന്നെന്നില്‍ത്തളിര്‍ക്കുന്നു,
ദിവ്യര്‍ത്തുഭംഗികളെല്ലാം
വ്രതകാര്‍ശ്യമോലും
ശരീരത്തില്‍ ഏകാന്തരാത്രിയില്‍-
പ്പൂവിടും കാട്ടശോകങ്ങള്‍തന്‍
ഗന്ധമുണരുന്നു.
ഹോമസൗരഭ്യവും കാടുമുടജവും
മായുന്നു.

ഞാന്‍ രാജപുത്രി,
ലോപാമുദ്ര,
ചരാചരലാവണ്യമെല്ലാമെടുത്തു-
യിരാര്‍ന്നവള്‍.
എന്‍ പ്രിയനാകുമഗസ്ത്യനെ-
പ്പിന്‍തുടര്‍ന്നെന്‍ കുലവും
രാജധാനിയും വിട്ടവള്‍.
എന്നുമെന്നോടുമവനോടും
ചോദിപ്പതൊന്നേ…
തപസ്സ് എല്ലാം വെടിയലോ?
ലാവണ്യസാരമെടുത്തു-
യിരൂതിയുണര്‍ത്തി-
യതെന്തിനെന്നാലെന്നെ?
എന്നെയീക്കാടിന്‍ ഋതു
വിലാസങ്ങളില്‍നിന്ന്
മഞ്ഞായി മറയ്ക്കുന്നതെന്തിന്?
രാവൊരു കാമാഞ്ജനം പോലെ-
യാശ്രമം മൂടിയിഴുകുമ്പോള്‍
ഉയരുമുടല്‍ക്കടല്‍,
പൊള്ളുമുള്‍നീരുകള്‍
വററിക്കുമെന്‍ പ്രിയന്‍?
എങ്ങനെ? തീവ്രതപസ്സിതോ?
ഞെങ്ങിഞെരുങ്ങിക്കരള്‍-
കലമ്പുമ്പൊഴും
രണ്ടുപേരൊററയായ്
ഒററയായ്
തന്നിലെക്കാഴ്ന്ന്
സ്വയമുറയുന്നതോ?
ഇന്നലെയെന്നോടവന്‍ പറഞ്ഞു,
“നിന്നില്‍ ഞാന്‍ പ്രീതനായ്,
വംശകരന്‍ പുത്രനുണ്ടാകുവാന്‍
നിന്നെ,യിന്നു പരിഗ്രഹിപ്പൂ
തൃപ്തയാവുക”.
ചൊല്ലി ഞാന്‍
പുത്രന്‍ പിറക്കാന്‍?
അതിനുമാത്രം?
ഒരേ ഒരു രാവില്‍മാത്രം?
എങ്കിലാ രാത്രി ഞാന്‍ പൂര്‍ണ്ണമാക്കാം.
കാടിനെപ്പോലെ ഞാൻ പൂത്തുലയാം
കാട്ടാറിനെപ്പോലെ മദിച്ചുയരാം,
എല്ലാമണിയണം,
ഓര്‍മ്മയിലൂറുന്നതെല്ലാം-
തിളങ്ങുന്ന രത്നങ്ങളെല്ലാം
മണക്കും കുറിക്കൂട്ടു
നിന്‍ വിയര്‍പ്പാലെയലിയണം,
മുത്തരഞ്ഞാണങ്ങള്‍
നിന്‍മെയ്യിലൂരി വിതറണം,
നീലനാഗങ്ങളെപ്പോലെ-
പ്പതക്കങ്ങള്‍ നീയുമ്മവയ്ക്കേ
അഴിയണം,
നാടും നഗരവും
ലാവണ്യസാരമായൂറി
നിറയണമെന്നില്‍…

ദിവ്യാഭരണവും
ദിവ്യവസ്ത്രങ്ങളും
ദിവ്യസുഗന്ധങ്ങളും
പട്ടുമെത്തയും
കൊണ്ടുവരാമെന്നു പോയോ-
രഗസ്ത്യനെക്കണ്ണിലുമുള്ളിലും
കാത്താണിരിക്കുന്നു!
ഇന്നുവരും പ്രിയന്‍…
‘കാത്തിരിക്കൂ ഋതുസ്നാതയായ്
നിന്നെ രമിപ്പിച്ചിടാമിഷ്ടരീതിയില്‍’
എന്നുവിടര്‍കണ്ണിലഗ്നിയുമായ്
വനം വിട്ടുപോയോന്‍ വരുമിന്ന്…
… … … …
ലോപാമുദ്ര,
മുനിപത്നി ഞാനറിയുന്നു
പ്രപഞ്ചരഹസ്യം,
മാനായ് മയിലായ്
മരങ്ങളായാടുന്ന
കാടിന്റെ ലീലയില്‍-
പ്പൂവിടും ജന്മരഹസ്യം,
ഈ രാത്രിയില്‍
കാമനായ് രൂപമെടുത്ത്,
വൈദര്‍ഭിയെ-
ക്കാമിക്കുവാന്‍ വരും
താപസന്‍,
എന്റെ മനസ്സിൻ
കിളിവാതില്‍ വന്നു തുറക്കും
സുഗന്ധാനിലന്‍,
എന്നോ മറന്ന മൃദുസ്വരങ്ങള്‍,
എന്നോ മറന്ന സുഖസ്പര്‍ശനങ്ങള്‍,
പൂ, പട്ട്, അംഗരാഗം
എല്ലാമണിയുന്നത്
നിന്‍ വിരലാല്‍ അഴിച്ചീടുവാന്‍ മാത്രം…
പ്രണയം, പ്രപഞ്ചം, തുടിക്കുമുടല്‍,
പ്രകൃതിനടനം, ലയം,
അര്‍ദ്ധനാരീശ്വരം.

(1995)


  1. അഗസ്ത്യമുനി പിതൃക്കളുടെ നിര്‍ദ്ദേശപ്രകാരം വംശകരനായ പുത്രനുവേണ്ടി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തന്നെ വരിക്കാനിഷ്ടപ്പെടുന്ന ഒരു പെണ്ണിനെ സമസ്ത വസ്തുക്കളുടെയും സ്വത്വാംശങ്ങള്‍ ചേര്‍ത്ത് സൃഷ്ടിച്ച് മക്കളില്ലാത്ത വിദര്‍ഭ രാജാവിന് വളര്‍ത്താനായി കൊടുക്കുന്നു. അവളാണ് ലോപാമുദ്ര. പിന്നീട്, ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കാറായി എന്ന് തോന്നിയപ്പോള്‍, ലോപാമുദ്രയെ വിവാഹം കഴിക്കുന്നു. വിശിഷ്ട വസ്ത്രാഭരണങ്ങളോടെ വേണം എന്നെ പ്രാപിക്കാന്‍ എന്നാണ് കൊട്ടാരം വെടിഞ്ഞ് സന്യാസിനിയായി ഏറെക്കാലം അഗസ്ത്യനെ ശുശ്രൂഷിച്ച് കാട്ടില്‍ ജീവിച്ച ലോപാമുദ്ര പിന്നീട് പറയുന്നത്… എന്താണ് പൊരുള്‍?