close
Sayahna Sayahna
Search

കിടങ്ങൂർ കണ്ടങ്കോരൻ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിരുവിതാംകൂർ സംസ്ഥാനത്തുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിൽവെച്ചു് ഒട്ടും അപ്രധാനമല്ലാത്തതായി, ഏറ്റുമാനൂർ താലൂക്കിൽ, കിടങ്ങൂർ ദേശത്തു് ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടു്. ഇതു കിടങ്ങൂർ ഗ്രാമത്തിലുൾപ്പെട്ട ചില നമ്പൂരിമാരുടെ ഊരാൺമക്ഷേത്രമാണു്. ഇവിടെ ‘കണ്ടങ്കോരൻ’ എന്നു പ്രസിദ്ധനായിട്ടു് ഒരു കൊമ്പനാനയുണ്ടായിരുന്നു. ആകൃതികൊണ്ടും പ്രകൃതികൊണ്ടും തത്തുല്യനായ ഒരാന വേറെ ഒരു ദിക്കിലും ഉണ്ടായിരുന്നതായും ഉള്ളതായും കേട്ടുകേൾവി പോലുമില്ല. ഈ ആനയ്ക്കു് വലിപ്പവും ഭംഗിയും പ്രസിദ്ധനായിരുന്ന വൈക്കത്തു തിരുനീലകണ്ഠനെക്കാൾ വളരെ അധികമുണ്ടായിരുന്നു. തിരുനീലകണ്ഠനെക്കാൾ ഇവനു പൊക്കവും ഉടൽനീളവും ഒരു മുഴത്തിൽ കുറയാതെ ഉണ്ടായിരുന്നു എന്നാണു് കേട്ടിരിക്കുന്നതു്. തലയെടുപ്പും ഒട്ടും കുറവല്ലായിരുന്നു. മുമ്പോട്ടു വളഞ്ഞുള്ള ആ വലിയ കൊമ്പുകളുടെ ഭംഗിയും തിരുനീലകണ്ഠനേക്കാൾ വളരെ അധികമുണ്ടായിരുന്നു. എഴുന്നള്ളിച്ചാലുള്ള ഭംഗിയും അങ്ങനെതന്നെ.

ഈ ആനയുടെ ബുദ്ധിവിശേ‌ഷമാണു് ഇതിലൊക്കെയും വിസ്മയനീയമായിട്ടുള്ളതു്. സാധുത്വവും ശൂരത്വവും ഒന്നുപോലെ ഉള്ളതായി ഇങ്ങനെ വേറെയൊരാനയെ കാണുന്നതിനു പ്രയാസമുണ്ടു്. അവൻ മദം പൊട്ടുന്ന സമയങ്ങളിൽപോലും യാതൊരുത്തരെയും കൊന്നിട്ടില്ല. കൂട്ടാനകളെ കുത്തുകയെന്നുള്ള സമ്പ്രദായവും കണ്ടങ്കോരനുണ്ടായിരുന്നില്ല. ഒന്നും അറിഞ്ഞുകൂടാത്ത കുട്ടികൾപോലും അടുത്തു ചെന്നാൽ യാതൊരു ഉപദ്രവവും അവൻ ചെയ്തിരുന്നില്ല. അത്ര സാധുവാണെങ്കിലും ഏതൊരാനക്കാരെന്റെയും ആജ്ഞയെ അവൻ അനുസരിക്ക പതിവില്ല. ആനക്കാരന്മാരെല്ലാം അവന്റെ അഭിപ്രായം അറിഞ്ഞു നടന്നുകൊള്ളണം എന്നതായിരുന്നു അവന്റെ ചട്ടം. സാധാരണ ആനകളെപ്പോലെ കണ്ടങ്കോരനെ തളയ്ക്കുക പതിവില്ല. അതിനവൻ സമ്മതിക്കയുമില്ല. യഥേഷ്ടം നടക്കുന്നതിനു് അവനെ വിട്ടേക്കുകയാണു് പതിവു്. എന്നാൽ രാത്രിസമയങ്ങളിൽ വല്ല എടവും പോയി കിടന്നു കൊള്ളും. അല്ലാതെ യാതൊരുപ്രദ്രവും ചെയ്യാറില്ല. ക്ഷേത്രത്തിനു വടക്കുവശത്തുള്ള പുഴയിൽ ഒരു വലിയ കയമുണ്ടു്. പകൽസമയം മിക്കവാറും ആ കയത്തിലാണു് അവന്റെ കിടപ്പു്. പോത്തുകളോടും എരുമകളോടു കണ്ടങ്കോരനു വളരെ സ്നേഹമായിരുന്നു. അവൻ കിടക്കുന്ന കയത്തിൽ വളരെ പോത്തുകളും എരുമകളും വന്നു കൂടുക പതിവായിരുന്നു. എന്നാൽ അവയ്ക്കു തിന്നാനൊന്നും കിട്ടാതെ വിശന്നിരിക്കുന്ന സമയങ്ങളിൽ കണ്ടങ്കോരൻ അവയെയെല്ലാം കരയ്ക്കു കേറ്റിക്കൊണ്ടു പോകും. കിടങ്ങൂർ കരിമ്പുകൃ‌ഷി ധാരാളമുള്ള പ്രദേശമാകയാൽ, പുഴവക്കത്തു തന്നെ കരിമ്പു കൃ‌ഷിചെയ്യുന്ന സ്ഥലം ധാരാളമുണ്ടു്. ഏതെങ്കിലും ഒരു വേലി കുറെ പൊളിച്ചു്, പോത്തുകളെയും എരുമകളെയും വേലിക്കകത്തു കടത്തി, ആ വേലിമുറിക്കൽ കണ്ടങ്കോരനും നിൽക്കും. എരുമകളെയും മറ്റും അടിച്ചിറക്കാനായി വല്ലവനും വന്നാൽ അവരുടെ നേരെ കണ്ടങ്കോരൻ പാഞ്ഞെത്തും എങ്കിലും ആരെയും ഉപദ്രവിക്കയില്ലതാനും. കണ്ടങ്കോരൻ പാഞ്ഞടുക്കുമ്പോഴേക്കും എല്ലാവരും പേടിച്ചോടിക്കോളും. പോത്തുകളും എരുമകളും തിന്നു നിറഞ്ഞു കഴിഞ്ഞാൽ അവയെയെല്ലാം കൂട്ടിക്കൊണ്ടു് ആ കയത്തിലേക്കുതന്നെ പോരികയും ചെയ്യും. എന്നാൽ കണ്ടങ്കോരൻ ഒരു കരിമ്പുപോലും തിന്നുകയില്ല. അവനു പതിവുള്ള തീറ്റി ആനക്കരന്മാർ ഹാജരാക്കിക്കൊടുത്തുകൊള്ളണം. ദിവസംതോറും ക്ഷേത്രത്തിൽനിന്നും പതിവുള്ള ചോറും പായസവും കൊടുത്തേക്കുകയും വേണം. അല്ലാതെ പരോപദ്രവം ചെയ്തു് അവനൊന്നും തിന്നുക പതിവില്ല.

Chap21pge150.png

ഒരു ദിവസം രാത്രിയിൽ കണ്ടങ്കോരൻ ആ കയത്തിൽ കിടക്കുമ്പോൾ, ഇഞ്ചി, മഞ്ഞൾ, നാളികേരം, അടയ്ക്ക മുതലായ സാധനങ്ങൾ കയറ്റിയ ഒരു വഞ്ചി കിഴക്കുനിന്നു് ഒഴുക്കു താഴ്ത്തി വന്നു. അവൻ അവിടെ കിടക്കുന്നതു വഞ്ചിക്കാർ അറിഞ്ഞില്ല. വഞ്ചി കൊണ്ടുവന്നു കണ്ടങ്കോരന്റെ മീതെ കയറ്റി. അവൻ വഞ്ചി പിടിച്ചവിടെ മുക്കി, എല്ലാമടിച്ചു പൊളിച്ചുകളഞ്ഞു. വഞ്ചിക്കാരെല്ലാം പേടിച്ചു വെള്ളത്തിൽ ചാടി നീന്തിക്കേറി ഓടിക്കളഞ്ഞു. അവൻ അവരെ ഒന്നും ചെയ്തില്ല. അന്നുമുതൽ കണ്ടങ്കോരനു വഞ്ചികളൊടും വഞ്ചിക്കാരോടും ബദ്ധവൈരമായിത്തീർന്നു. പിന്നെ അവൻ കയത്തിൽ കിടക്കുമ്പോൾ ആ പുഴയിൽക്കുടി ഒരു വഞ്ചിയും കടത്തിവിടാതെയായി. വഞ്ചി കണ്ടാൽ അടിച്ചുപൊളിക്കും. അതിനാൽ പിന്നെ വഞ്ചിക്കാർ കണ്ടങ്കോരന്റെ കാലം കഴിയുന്നതുവരെ അവൻ കയത്തിൽ ഇല്ലാത്ത സമയം നോക്കിയല്ലാതെ വഞ്ചി കടത്തിക്കൊണ്ടു പോയിട്ടില്ല. കിഴക്കുനിന്നു പടിഞ്ഞാട്ടും പടിഞ്ഞാറുനിന്നു കിഴക്കോട്ടും പോകുന്ന വഞ്ചികൾ ആ കയത്തിന്റെ വളരെ ദൂരെ മുകളിലും താഴെയും വന്നടുത്തു കെട്ടി, വഞ്ചിക്കാർ കരയ്ക്കിറങ്ങി വന്നുനോക്കി, വിവരമറിഞ്ഞല്ലാതെ കടന്നുപോവുക പതിവില്ല. കണ്ടങ്കോരനെ കയത്തിൽ കാണാതെയിരിക്കാനായിട്ടു കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്കു സകല വഞ്ചിക്കാരും അന്നു വഴിപാടുകൾ കൊടുക്കാറുണ്ടു്. അങ്ങനെയുണ്ടായ മുതൽകൊണ്ടു കിഴക്കേനടയിൽ ഒരു ദീപസ്തംഭമുണ്ടാക്കീട്ടുള്ളതു് ഇന്നും നിലനിൽക്കുന്നുണ്ടു്.

ക്ഷേത്രത്തിൽ എഴുന്നള്ളിക്കാറാകുമ്പോൾ കണ്ടങ്കോരനെ ആനക്കാരന്മാർ വിളിച്ചോ പിടിച്ചോ കൊണ്ടുവരിക പതിവില്ല. എഴുന്നള്ളിക്കുന്നതിനു പാണികൊട്ടുന്നതു കേട്ടാൽ, അവൻ സ്വയമേവ, കയത്തിൽനിന്നു കയറി കൊടിമരത്തിന്റെ ചുവട്ടിൽ ഹാജരാകും. തലയിൽക്കെട്ടു കെട്ടിക്കുന്നതിനായി ആനക്കാരന്മാർ ചെന്നാൽ പിൻഭാഗത്തുകൂടി കയറിക്കൊള്ളുന്നതിനു കാൽ പൊക്കിക്കൊടുക്കും. അതിലേ കേറി, തലയിൽക്കെട്ടു കെട്ടിച്ചു് അതിലെതന്നെ ഇറങ്ങിക്കൊള്ളണം. അങ്ങനെയാണു് അവന്റെ ഏർപ്പാടു്. എഴുന്നള്ളിക്കുന്ന ഒരാളല്ലാതെ വേറെയാരും മുൻവശത്തുകൂടി കേറുന്നതിനു് അവൻ സമ്മതിക്കയില്ല. എഴുന്നള്ളിക്കുന്നതിനു് ആരും പറയാതെ തന്നെ കാൽ മടക്കിക്കൊടുക്കുകയും ചെയ്യും. കുടയാലവട്ടം, വെൺചാമരം എന്നിതുകൾക്കായി കേറുന്നവരും പിറകിൽക്കൂടി വേണം കയറുവാൻ. ശീവേലി, വിളക്കു മുതലായതിനു് എഴുന്നള്ളിച്ചാൽ കുറച്ചു വേഗം നടക്കുന്നതിനോ പതുക്കെ നടക്കുന്നതിനോ ആനക്കാരന്മാർ ഉത്സാഹിച്ചാൽ ഒന്നും അവൻ അനുസരിക്കയില്ല. അവനൊരു നിശ്ചയമൊക്കെയുണ്ടു്. അതുപോലെ ഒക്കെ നടക്കും. അവന്റെ നിശ്ചയം ഒട്ടും തരക്കേടുള്ളതല്ലായിരുന്നുതാനും. ചെണ്ടമേളത്തിനും മറ്റും ഓരോരോ നിലകൾക്കു ഇന്നിന്ന സ്വലങ്ങളിൽ ഇത്രയിത്ര താമസിക്കേണമെന്നവനറിയാം. അതുപോലെയൊക്കെ താമസിക്കും. അതുപോലെ നാഗസ്വരപ്രദക്ഷിണത്തിനും അവനൊരു പതിവുണ്ടു്. അപ്രകാരംതന്നെ ഉത്സവത്തിന്റെ രണ്ടാം ദിവസത്തേക്കാൾ മൂന്നാം ദിവസം കുറച്ചധികം താമസിക്കും. അതിനേക്കാളധികം പിറ്റേ ദിവസം താമസിക്കും. അങ്ങനെ ഉത്സവത്തിന്റെ കേമത്തം കൂടിവരുന്ന ക്രമത്തിനു തക്കവണ്ണമൊക്കെ അവൻ നിൽക്കും. പള്ളിവേട്ട, ആറാട്ടു് ഇങ്ങനെയുള്ള ദിവസങ്ങളിൽ യഥാക്രമം വെളുപ്പാൻകാലമാകുന്നതുവരെ നിൽക്കുന്നതിനു അവനൊരു വിരോധവുമില്ല. അതിനൊന്നും ആരും പറയേണ്ടാ. ഒക്കെ അവനറിയാം. എന്നാൽ ഒരു ദിവസം വിളക്കോ ശീവേലിയോ കുറച്ചു വേഗം കഴിച്ചുകളയാമെന്നു വിചാരിച്ചാൽ, അവൻ സമ്മതിക്കയില്ല. അവൻ നടക്കാതെ എന്തുചെയ്യും? അപ്രകാരംതന്നെ ഒരു ദിവസം പതിവിൽ കുറച്ചധികം വിസ്തരിച്ചു വേണമെന്നുവെച്ചു പതിവിൽ അധികം താമസിക്കാൻ കണ്ടങ്കോരൻ സമ്മതിക്കയില്ല. പതിവുള്ള സമയമായാൽ അവനങ്ങോട്ടു നടന്നു തുടങ്ങും. പിന്നെ വാദ്യക്കാർ മുതലായവർ നടക്കുകയല്ലാതെ എന്തുചെയ്യും? ഉത്സവത്തിൽ ഓരോ ദിവസത്തെ വിളക്കിനു പതിവിൻപടിയുള്ള വെളിച്ചെണ്ണ അളന്നെടുത്താൽ, പതിവുപോലെയുള്ള തീവെട്ടിയുണ്ടായാൽ വിളക്കു കഴിയുമ്പോൾ ശരിയായിട്ടിരിക്കും. വെളിച്ചെണ്ണ പതിവിൽ കുറച്ചധികമെടുത്താൽ വിളക്കു കഴിയുമ്പോൾ അധികമെടുത്തതു് അധികമുണ്ടായിരിക്കും. കുറച്ചെടുത്താൽ കുറവുള്ളതുകൂടെ എടുക്കാതെ തികയുകയുമില്ല. അത്ര കണിശമാണു് കണ്ടങ്കോരന്റെ കാര്യം. കണ്ടങ്കോരനുണ്ടായിരുന്ന കാലത്തു വിളക്കു വകയ്ക്കുള്ള വെളിച്ചെണ്ണയ്ക്കു കള്ളക്കണക്കെഴുതാൻ ദേവസ്വശമ്പളക്കാർക്കു കഴിഞ്ഞിട്ടില്ല. എന്തെങ്കിലും വ്യത്യാസം ചെയ്താൽ ഉടനെ വെളിപ്പെട്ടുപോകും. കണ്ടങ്കോരൻ നേരനീക്കം വരുത്തുകയില്ലെന്നു സർവ്വസമ്മതമാണു്. കണ്ടങ്കോരന്റെ സ്വഭാവഗുണത്തിനു ദൃഷ്ടാന്തമായി അനേക സംഗതികളുണ്ടായിട്ടുള്ളതിൽ ഒന്നു പറയാം. ഒരു ദിവസം ശീവേലി കഴിഞ്ഞു കണ്ടങ്കോരൻ ഒരിടവഴിയിൽക്കൂടിപ്പോകുമ്പോൾ ഒരു കോണു തിരിയുന്ന ദിക്കിൽവെച്ചു് ഒരു വയോധികയായ അന്തർജനവുമായി തൊട്ടുതൊട്ടില്ല എന്ന വിധത്തിൽ അടുക്കുന്നതിനിടയായി. ആനയെ അടുത്തു കണ്ടപ്പോഴേക്കും ആ വൃദ്ധയായ അന്തർജനം പേടിച്ചു വിറച്ചു് അവിടെ വീണു. പിന്നാലേ തുണയായി വന്നിരുന്ന അച്ചിപ്പെണ്ണു് പേടിച്ചു പിന്നോക്കം ഓടിപ്പോയി. ആനയ്ക്കൊഴിഞ്ഞു പോകുന്നതിനും തിരിഞ്ഞു പോകുന്നതിനും ആ ഇടവഴിക്കു വിസ്താരമില്ലായിരുന്നു. കണ്ടങ്കോരൻ കുറച്ചുസമയം അവിടെ നിന്നു. എന്നിട്ടും അന്തർജനം എണീറ്റു മാറായ്കയാൽ അവൻ അവരെ പതുക്കെ എടുത്തു് ഒരുവശത്തുള്ള കയ്യാലയുടെ മുകളിലേക്കുവെക്കുകയും അന്തർജനത്തിന്റെ കുടയെടുത്തങ്ങോട്ടുവെച്ചു് നേരേ പോവുകയും ചെയ്തു. ആനക്കാരന്മാർ ആരും കൂടെയില്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ അന്തർജനത്തിനു ലവലേശം വേദനയുണ്ടായില്ല. ഇത്രയും ബുദ്ധി ഗുണം ഏതാനയ്ക്കുണ്ടു്? ആന കടന്നുപോയി, കുറച്ചു കഴിഞ്ഞപ്പോൾ അന്തർജനം പതുക്കെ എണീറ്റു കുടയുമെടുത്തു് പോവുകയും ചെയ്തു. ഇങ്ങനെ അവന്റെ അത്ഭുതകർമ്മങ്ങൾ വളരെയുണ്ടു്.

കണ്ടങ്കോരനെ തടി പിടിക്കുവാൻ പലരും കൊണ്ടുപോവുക പതിവുണ്ടു്. എത്രവണ്ണവും എത്ര നീളവും ഉണ്ടായാലും അവനു പിടിക്കാൻ വയ്യാത്ത തടിയില്ല. വക്ക കെട്ടിക്കൊടുത്താൽ എത്ര തടിയും അവൻ കൊണ്ടുപോകും. എന്നാൽ അതും അവന്റെ മനസ്സുകൂടാതെ ആരു വിചാരിച്ചാലും പറ്റുകയുമില്ല. ആനക്കാരന്മാർക്കും ദേവസ്വത്തിലേക്കും വല്ലതും മുറപ്രകാരം കൊടുക്കുന്നതു കൂടാതെ, കണ്ടങ്കോരനുകൂടി വല്ലതും കൊടുക്കാതെ അവനെക്കൊണ്ടു തടിപിടിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കയില്ല. എന്നാൽ ആനക്കാരന്റെ മനസ്സുകൂടാതെ കഴിയുമോ. അതുമില്ല. അഞ്ചാറാനക്കാരന്മാരുണ്ടായിരുന്നു എങ്കിലും അവരിൽ പ്രധാനമായി ഒരുത്തനുണ്ടു്. അവൻ കൂടെയിലാതെ കണ്ടങ്കോരൻ ആ കിടങ്ങൂർക്ഷേത്രത്തിൽ നിന്നു കാൽ നാഴിക തികച്ചു ദൂരേ പോവുകയില്ല; യാതൊരു തടിയും പിടിക്കയുമില്ല. അതിനാൽ ദേവസ്വക്കാരുടെ സമ്മതം വാങ്ങിയതിനുശേ‌ഷം ആനക്കാരനു വല്ലതും കൊടുത്തു് അവനെയും സമ്മതിപ്പിക്കണം. പിന്നെ കണ്ടങ്കോരനു് ഇന്നതു കൊടുക്കാമെന്നു് ഒരു ഉടമ്പടിയും പറയണം. കണ്ടങ്കോരനുള്ളതു തടി പിടിച്ചു കഴിഞ്ഞാൽ ഉടനെ കൊടുത്തില്ലെങ്കിൽ തടി തിരിയെ പിടിച്ചു മുമ്പു കിടന്നിരുന്ന ദിക്കിൽ കൊണ്ടു ചെന്നിടും. അങ്ങനെയാണു് കണ്ടങ്കോരന്റെ പതിവു്. പിടിക്കാനുള്ള തടിയും നീളവും വണ്ണവും പിടിചാൽ കൊടുക്കുന്ന പ്രതിഫലവും ആദ്യമേ പറയണം. അപ്പോൾ കണ്ടങ്കോരൻ സമ്മതിച്ചാലും ഇല്ലെങ്കിലും ശിരഃകമ്പനം, ഗർജിതം മുതലായവകൊണ്ടു് അവൻ അറിയിക്കും. സമ്മതിച്ചില്ലെങ്കിൽ, കുറച്ചുകൂടി വല്ലതും കൊടുക്കാമെന്നു പറഞ്ഞാൽ അപ്പോൾ സമ്മതിച്ചു് അവൻ നല്ലപോലെ തല കുലുക്കും.

കണ്ടങ്കോരന്റെ പ്രതിഫലം സാധാരണ പഴക്കുല, നാളികേരം, ശർക്കര, പായസം മുതലായവയാണു്. ഒരിക്കൽ ഒരാൾ ഒരു വലിയ തടി പിടിക്കുന്നതിപ്പെട്ടു ചെന്നു പറഞ്ഞു. ദേവസ്വക്കാരും ആനക്കാരും സമ്മതിച്ചു. “കണ്ടങ്കോരനെന്തു കൊടുക്കു”മെന്നാനക്കരൻ ചോദിച്ചു. “പത്തുകുല പൂവൻ പഴവും, പത്തു നാളികേരവും ഒരു തുലാം ശർക്കരയും കൊടുക്കാ” മെന്നു് ആവശ്യക്കാരൻ പറഞ്ഞു. ഉടനെ ആനക്കാരൻ പതിവുപ്രകാരം തടി കണ്ടങ്കോരനെക്കൊണ്ടു് പിടിപ്പിച്ചു കൊടുത്തു. എന്നാൽ തടി പിടിച്ചപ്പോൾ തടിയുടെ ഉടമസ്ഥൻ അതു കൊടുത്തില്ല. എന്നു മാത്രമല്ല കുറച്ചു ദിവസം കഴിഞ്ഞു തരാമെന്നു പറഞ്ഞു. ഇതു കണ്ടങ്കോരൻ കേട്ടപ്പോൾ അവനു കോപം സഹിക്കവഹിയാഞ്ഞു തടി എടുത്ത സ്ഥലത്തുതന്നെ കൊണ്ടു ചെന്നിടുകയും ചെയ്തു. ആ സമയത്തു തടിയുടെ ഉടമസ്ഥൻ അവിടെ ഉണ്ടായിരുന്നില്ല. തടിയുടെ ഉടമസ്ഥൻ നോക്കിയപ്പോൾ തടി പൂർവസ്ഥത്തു തന്നെ കിടക്കുന്നതു കണ്ടു വളരെ വ്യസനപ്പെട്ടു. വേറെ പല ആനകളെയും അതിനായി വിളിച്ചു. എന്നാൽ മറ്റാനകൾക്കൊന്നിനും അതിനെ എള്ളിടപോലും നീക്കാൻ സാധിച്ചില്ല. അവസാനം വീണ്ടും ആ ഉടമസ്ഥൻ ചെന്നു പറഞ്ഞപ്പോൾ ദേവസ്വക്കാരും ആനക്കാരും സമ്മതിച്ചുവെങ്കിലും കണ്ടങ്കോരനെ വിളിച്ചപ്പോൾ അവൻ ചെയ്തില്ല.