close
Sayahna Sayahna
Search

മഹാഭാഷ്യം


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നന്താംശജാതനായ സാക്ഷാൽ പതജ്ഞലി മഹർ‌ഷി വ്യാകരണമഹാഭാ‌ഷ്യമുണ്ടാക്കി തന്റെ ആയിരം ശി‌ഷ്യന്മാരെയും അടുക്കലിരുത്തി പറഞ്ഞു കൊടുത്തു പഠിപ്പിച്ചു്, ഉരുവിടുവിച്ചു കൊണ്ടിരിക്കുമ്പോൾ ആ ശി‌ഷ്യൻമാരിൽ ഒരാൾ അനുവാദം കൂടാതെ എണീറ്റു പാഠശാലയിൽ നിന്നും പുറത്തേക്കു പോയി. ശി‌ഷ്യന്റെ ഈ ദുസ്സ്വാതന്ത്ര്യപ്രവൃത്തി മഹർ‌ഷിക്കു് ഒട്ടും രസിച്ചില്ല. അതിനാൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പെട്ടെന്നു കോപാഗ്നി ജ്വലിച്ചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകൾ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശി‌ഷ്യൻ­മാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയിൽ ഭസ്മാവശേ‌ഷന്മാരായി ഭവിച്ചു. തന്റെ പ്രിയ ശി‌ഷ്യൻമാരെല്ലാം നശിച്ചു പോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയ­ത്തിൽ പെട്ടെന്നു് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാർത്ഥം താനുണ്ടാക്കിയ മഹാഭാ‌ഷ്യമെല്ലാം ഗ്രഹിച്ചവരായ ശിഷ്യന്മാരെല്ലാവരും നശിച്ചു പോയല്ലോ എന്നു വിചാരിച്ചു മഹർ‌ഷി വി‌ഷാദിച്ചു കൊണ്ടിരിക്കുമ്പോൾ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശി‌ഷ്യൻ വിവരമറിഞ്ഞു് അദ്ദേഹത്തിന്റെ അടുക്കൽ വന്നു്, “അല്ലയോ സ്വാമിൻ! അവിടുന്നു് ഒട്ടും വി‌ഷാദി­ക്കേണ്ട. അവിടേക്കു ശി‌ഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാ‌ഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ടു്. ഞാനതിനെ ജനോപകാരാർത്ഥം ശി‌ഷ്യപരമ്പരയാ പ്രചരിപ്പിച്ചുകൊള്ളാം” എന്നു പറഞ്ഞു. അപ്പോൾ മഹർ‌ഷിയുടെ മനസ്സിൽ വീണ്ടും കോപാഗ്നി ജ്വലിക്കയാൽ “എടാ ദ്രോഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശി‌ഷ്യന്മാരെല്ലാം നശിച്ചുപോയതു്? അതിനാൽ നീയും ഭസ്മമായിപ്പോകട്ടെ” എന്നു് ആ ശി‌ഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹർ‌ഷിക്കു വലിയ വി‌ഷാദമായി. ശുദ്ധാത്മാക്കൾക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.

മഹർ‌ഷി പിന്നെയും അങ്ങനെ വി‌ഷാദിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഗന്ധർവൻ അദ്ദേഹത്തിന്റെ അടുക്കൽ വന്നു് “അല്ലയോ ഭഗവാനേ! അവിടുന്നു് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു പ്രിയശി‌ഷ്യനായിട്ടു് ഈ ഞാനുണ്ടു്. ഞാനൊരു ഗന്ധർവനാണു്. ഞാൻ വളരെക്കാലമായി ഈ ആശ്രമ സമീപത്തിങ്കൽ നിൽക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു. അവിടുന്നു മഹാഭാ‌ഷ്യം ശി‌ഷ്യൻമാർക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ടു് അതെല്ലാം ഞാൻ ഗ്രഹിച്ചിരിക്കുന്നു. അതിനാൽ എന്നെ അവിടുന്നു് ഒരു ശി‌ഷ്യനായി സ്വീകരിച്ചുകൊണ്ടാലും” എന്നു പറഞ്ഞു. അപ്പോൾ പിന്നെയും മഹർ‌ഷിക്കു കോപമാണുണ്ടായതു്. “നീ എന്റെ മനസ്സു കൂടാതെയും ഞാൻ ഉപദേശിക്കാതെയും എന്റെ ഭാ‌ഷ്യം ഒളിച്ചിരുന്നു് ഗ്രഹിച്ചതിനാൽ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ” എന്നു മഹർ‌ഷി ആ ഗന്ധർവ്വനെ ശപിച്ചു. ഇതു കേട്ടപ്പോൾ ഗന്ധർവൻ ഏറ്റവും പരവശനായിത്തീരുകയാൽ വിനയസമേതം മഹർ‌ഷിയുടെ കാൽക്കൽ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹർ‌ഷി ഉടനെ പ്രസാദിച്ചു്, “നീ എന്റെ ഭാ‌ഷ്യം അതു ഗ്രഹിക്കാൻ യോഗ്യതയുള്ള ഒരാൾക്കു് ഉപദേശിച്ചുകൊടുക്കണം. ഭാ‌ഷ്യം മുഴുവനും ഉപദേശിച്ചു കഴിയുമ്പോൾ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും” എന്നു പറഞ്ഞു ഗന്ധർവനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധർവൻ വീണ്ടും മഹർ‌ഷിയെ വന്ദിച്ചിട്ടു് അവിടെ നിന്നു പോയി യഥാപൂർവം ആലിന്റെ മുകളിൽച്ചെന്നു് ഇരിപ്പായി. ഭാ‌ഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവർക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാൻ എന്നു വിചാരിച്ചു് ആ ബ്രഹ്മരാക്ഷസൻ അതിലെ കടന്നു പോകുന്ന ബ്രാഹ്മണൻമാരെ ഒക്കെ വിളിച്ചു് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.

Chap3pge12.png

ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാൽ, തന്റെ അടുക്കൽ വരുന്നവരോടു “പചേർന്­നി‌ഷ്ഠായാം കിം രൂപം” എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവൻ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണു് ഏർപ്പാടു്. ഈ ചോദ്യത്തിനു “പക്തം” എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാൽ ആ ബ്രഹ്മരാക്ഷസൻ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.

അങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം സർവശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അതിലേ വന്നു. അദ്ദേഹം സന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേ­ഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസൻ തന്റെ അടുക്കൽ വിളിച്ചു മേൽപ്പറഞ്ഞ ചോദ്യം ചോദിച്ചു. അദ്ദേഹം “പക്വം” എന്നു് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോൾ ബ്രാഹ്മണനു മഹാഭാ‌ഷ്യം ഗ്രഹിക്കാൻ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ചു് ബ്രഹ്മരാക്ഷസൻ അദ്ദേഹത്തിനു് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മരാക്ഷസൻ ആലിൻമേലും ബ്രാഹ്മണൻ ആൽത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസൻ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യൗഷധം കൊടുത്തു സേവിപ്പിച്ചിട്ടാണു് ഭാ‌ഷ്യം ഉപദേശിക്കാൻ തുടങ്ങിയതു്. ബ്രഹ്മരാക്ഷസൻ ആ ആലിന്റെ ഇലപറിച്ചു ഭാ‌ഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണൻ അതു നോക്കി ധരിക്കുകയുമായിട്ടാണു് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തതു്. ബ്രഹ്മരാക്ഷസൻ എഴുതിയിടുന്നതു് ബ്രാഹ്മണൻ നോക്കി ധരിച്ചുകഴിഞ്ഞാൽ പിന്നെയും ബ്രഹ്മരാക്ഷസൻ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോൾ മഹാഭാ‌ഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണൻ ധരിക്കുകയും കഴിഞ്ഞു. അപ്പോൾ ബ്രഹ്മരാക്ഷസൻ ശാപമുക്തനായി പൂർവസ്ഥിതിയിൽ ഗന്ധർവത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണൻ തന്റെ ഗുരുവായ ഗന്ധർവനെ വന്ദിച്ചു യാത്രയും പറഞ്ഞു് അവിടെനിന്നു് യാത്രയായി. അപ്പോൾ ആ ഗന്ധർവൻ തന്റെ പ്രിയശി‌ഷ്യനായ ബ്രാഹ്മണനെ വേണ്ടും വണ്ണം അനുഗ്രഹിച്ചിട്ടു് “അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുൽപിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരിക്കാനായി ഞാൻ തന്ന ആ ദിവ്യൗഷധത്തിന്റെ ശക്തി അങ്ങേയ്ക്കു ജലസ്പർശമുണ്ടായാൽ നശിച്ചുപോകും. ഉടൻ ഭവാൻ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങു് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാൽ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം” എന്നു പറഞ്ഞിട്ടു് അന്തർദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണൻ താൻ പഠിച്ച മഹാഭാ‌ഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കിൽ പറഞ്ഞുതരാൻ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധർവൻ എഴുതിത്തന്നവയായ ഈ ആലിലകൾകൂടി കൊണ്ടുപോയി ഇതൊന്നു പകർത്തിയെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ചു് ആലിലകളും കെട്ടിയെടുത്തു് അവിടെനിന്നു പോവുകയും ചെയ്തു.

ആ ബ്രാഹ്മണൻ പിന്നെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ചു് ഒരു ദിവസം ദിക്കിൽ ചെന്നപ്പോൾ മാർഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയിൽ ഇറങ്ങാതെ അക്കരെ കടക്കുന്നതിനു് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയിൽ വെള്ളമധികമില്ലാത്തതുകൊണ്ടു് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നതു് നദിയിലിറങ്ങിയാണു്. നദി വീതി വളരെ കുറഞ്ഞതുമായിരുന്നു. അതിനാൽ ആ ബ്രാഹ്മണൻ ക്ഷണത്തിൽ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണൻ ഗാഢനിദ്രയെ പ്രാപിച്ചു് അവിടെ വീണു. അപ്പോൾ ആ കടവിൽ കുളിച്ചുകൊണ്ടുനിന്ന നവയൗവനയുക്തയായ ഒരു ശൂദ്രകന്യക അതുകണ്ടു് അടുത്തു ചെന്നു നോക്കിയപ്പോൾ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണൻ ഇപ്രകാരം മാർഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ടു് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ചു് അവിടെ നിന്നുകൊണ്ടു ദാസിമാരിൽ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ചു് നാലു ഭൃത്യൻമാരെ വരുത്തി, അവരെക്കൊണ്ടു് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലേക്കു കൊണ്ടുപോയി. അവിടെ അവൾ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിർബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലിൽ മെത്ത വിരിച്ചു് അതിൽ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സൗന്ദര്യം, സൗശീല്യം, സൗജന്യം, വൈദു‌ഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീടു് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.

ബ്രാഹ്മണൻ കുറച്ചുനേരം കഴിയുമ്പോൾ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാൽ ഇതെന്തു കഥയാണെന്നു വിചാരിച്ചു്, അവൾക്കു് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവൾ അവളുടെ അച്ഛന്റെ അടുക്കൽച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ചപ്പോൾ “ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നതു് നിദ്രയാണു്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാൽ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കിൽ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരുന്നാൽ ഇദ്ദേഹം എത്രനാൾ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോൾ ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാതിരുന്നതു കൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല” എന്നു പറഞ്ഞു വൈദ്യൻ പോയി. പിന്നെ ആ വൈദ്യൻ പറഞ്ഞതു പോലെയൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാൽ ശരിയാവുകയില്ലെന്നു വിചാരിച്ചു് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താൻതന്നെ അല്ലാഞ്ഞാൽ ശരിയാവുകയില്ലെന്നു വിചാരിച്ചു് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോ‌ഷമായി. അതിനാൽ അവൾതന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്തു് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോൾ ആ ബ്രാഹ്മണൻ ഉണർന്നു. അപ്പോൾ അദ്ദേഹത്തിനു് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെക്കുറിച്ചായിരുന്നു. അതിനാൽ അദ്ദേഹം പെട്ടെന്നെണീറ്റു് ആ നദീതീരത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോൾ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നിൽക്കുന്നതായിട്ടാണു് അദ്ദേഹം കണ്ടതു്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോൾ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാൽ ബ്രാഹ്മണനു വളരെ വി‌ഷാദമായി. പൊയ്പോയതിനെക്കുറിച്ചു് ഇനി വിചാരിച്ചതുകൊണ്ടു് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ചു് അദ്ദേഹം ശേ‌ഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്തു് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോൾ ഈ ബ്രാഹ്മണൻ എങ്ങോട്ടാണു് പോകുന്നതെന്നു് അറിയുന്നതിനായി ആ ശൂദ്രകന്യകയാൽ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യൻമാർ അവിടെ വന്നു. അവരോടു് ഈ പശു ആരുടെ വകയാണു് എന്നു് ബ്രാഹ്മണൻ ചോദിക്കുകയും ഇതു് ഞങ്ങളുടെ യജമാനന്റെ വകയാണു് എന്നു് അവർ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണൻ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തിൽത്തന്നെ വന്നു. അപ്പോൾ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവർ തമ്മിലുണ്ടായ സംഭാ‌ഷണംകൊണ്ടു് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവളരെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചതു് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ അവർക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താൽപര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണൻ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണനു് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാൽ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.

പിറ്റേ ദിവസം രാവിലെ ബ്രാഹ്മണൻ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോൾ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകിത്തുടച്ചു കൊണ്ടുവന്നു. ശേ‌ഷമുള്ള ആലിലകളോടു കൂട്ടിച്ചേർത്തു നോക്കിയപ്പോൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നറിയുകയാൽ അദ്ദേഹത്തിനു വളരെ സന്തോ‌ഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നതു് അതുകളിൽ ഭാ‌ഷ്യമെഴുതിയ ഗന്ധർവന്റെ ദിവ്യത്വംകൊണ്ടോ മഹാഭാ‌ഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.

പിന്നെ ആ ബ്രാഹ്മണൻ ആ ആലിലകളെല്ലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കൽ വിളിച്ചു. “ഇപ്പോൾ അഞ്ചാറു മാസമായല്ലോ ഞാനിവിടെ വന്നിട്ടു്. ഇനി ഇപ്പോൾ ഞാൻ പോകുവാൻ ഭാവിക്കുകയാണു്. ഇത്രയും കാലം നീ എന്നെ വേണ്ടുന്ന ശുശ്രൂ‌ഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കു ചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാൻ കാണുന്നില്ല. എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാൽ ഞാൻ കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണു്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാൽ അതു സാധിക്കുന്നതിനായി നിന്നെ ഞാൻ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാൻ കാണുന്നില്ല. അതിനാൽ നിന്റെ ആഗ്രഹമെന്താണെന്നു പറയണം” എന്നു പറഞ്ഞു. അപ്പോൾ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ടു് “അല്ലയോ സ്വാമിൻ! ഞാൻ ജനിച്ചതിൽപ്പിന്നെ ഒരു പുരു‌ഷന്റെ പാദശുശ്രൂഷ ചെയ്യുന്നതിനാണു് എനിക്കു് ഭാഗ്യം സിദ്ധിച്ചതു്. അതിനാൽ ഈ ജന്മത്തിൽ മറ്റൊരു പുരു‌ഷന്റെ ശുശ്രൂഷ ചെയ്‌‌വാൻ സംഗതിയാകാതെയിരുന്നാൽ കൊള്ളാമെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാൽ അവിടുന്നു കൃപയുണ്ടായി ഞാൻ അവിടുത്തെ ഭാര്യയായിത്തീരാനായിട്ടു് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതിൽ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാൻ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കിൽ എന്റെ ജന്മം സഫലമായി” എന്നു പറഞ്ഞു.

Chap3pge13.png

ആ ശൂദ്രകന്യകയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ബ്രാഹ്മണനു വളരെ വിചാരമായി. “കഷ്ടം! ഇഹലോഹസുഖങ്ങളെ അശേ‌ഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേ‌ഷിച്ചു നടക്കുന്ന ഞാൻ ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണു്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണു്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാൻ രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാൽത്തന്നെയും ബ്രഹ്മകുലജാതനായ ഞാൻ ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നതു് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളിൽനിന്നു് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്‌‌വാൻ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാൽ ഇവളെ വിവാഹം ചെയ്യണമെങ്കിൽ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്കു് ഇങ്ങനെ വേണ്ടിവന്നതു് അത്യാശ്ചര്യമായിരിക്കുന്നു. ഇതു് ഈശ്വരൻ എന്നെ പരീക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാൽ ഇതും നല്ലതു തന്നെയാണു്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാൽ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ടു് ആ ബ്രാഹ്മണൻ ശൂദ്രകന്യകയോടു് “അല്ലയോ ഭദ്രേ! നിന്റെ ഹിതത്തെ അനുവർത്തിക്കുന്നതിനു ഞാൻ സദാസന്നദ്ധനാണു്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാൻ ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തിൽ നിന്നും ക്ഷത്രിയ കുലത്തിൽ നിന്നും വൈശ്യകുലത്തിൽ നിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണു് ശാസ്ത്രവിധി. അതിനാൽ ഞാൻ പോയി മൂന്നു വിവാഹം ചെയ്തതിനുശേ‌ഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം” എന്നു പറഞ്ഞു. ഇതു കേട്ടു സന്തോ‌ഷസമേതം ശൂദ്രകന്യക “ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്നു് എനിക്കു് നിർബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കിൽ അതിനായിട്ടു് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിനു് എനിക്കു് യാതൊരു വിരോധവുമില്ല” എന്നു പറഞ്ഞു. “എന്നാൽ അങ്ങനെയാവട്ടെ” എന്നു പറഞ്ഞു ബ്രാഹ്മണൻ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്തു് സ്വദേശത്തേക്കു തിരിച്ചു പോവുകയും ചെയ്തു.

അനന്തരം ആ ബ്രാഹ്മണൻ സ്വഗൃഹത്തിൽ ചെന്നു താമസിച്ചുകൊണ്ടു് ബ്രാഹ്മണകുലത്തിൽ നിന്നും ക്ഷത്രിയകുലത്തിൽ നിന്നും വൈശ്യകുലത്തിൽ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുൻകാലങ്ങളിൽ ബ്രാഹ്മണർ നാലു ജാതിയിൽനിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).

അങ്ങനെ ആ ബ്രാഹ്മണൻ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തിൽ താമസിച്ച കാലത്തു് ആ നാലു ഭാര്യമാരിൽ നിന്നും അദ്ദേഹത്തിനു് ഓരോ പുത്രൻമാരുണ്ടായി. പുത്രൻമാരുടെ ജാതകർമം മുതൽ വർത്തമാനം വരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രൻമാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രൻമാർ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേ‌ഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാ‌ഷ്യം പഠിപ്പിച്ചു. എന്നാൽ നാലാമത്തെ പുത്രൻ ശൂദ്രകുലജാതനും മഹാഭാ‌ഷ്യം വേദാംഗവുമാകയാൽ ആ പുത്രനെ അഭിമുഖമായിരുന്നു ഭാ‌ഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ചു് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ചു് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണു് മഹാഭാ‌ഷ്യം ഉപദേശിച്ചുകൊടുത്തതു്. എന്നു മാത്രവുമല്ല, മഹാഭാ‌ഷ്യം ശൂദ്രവംശജർക്കു് ഉപദേശിച്ചു് പരമ്പരയാ വേദാർഹൻമാരല്ലാത്ത അവരുടെ ഇടയിൽ അതിനു പ്രചാരം വരുത്തുകയില്ലെന്നു് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകകൂടി ചെയ്തിട്ടാണു് അദ്ദേഹം മഹാഭാ‌ഷ്യം ആ പുത്രനു് ഉപദേശിച്ചുകൊടുത്തതു് എന്നു് ചിലർ പറയുന്നു.

ഇങ്ങനെ പുത്രൻമാർ അതിയോഗ്യൻമാരും യവൗനയുക്തൻമാരുമായിത്തീർന്നതിന്റെ ശേ‌ഷം ആ ബ്രാഹ്മണൻ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ചു് ഒടുക്കം ശ്രീഗഡൗപാദാചാര്യനിൽനിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ടു് ബദര്യാശ്രമത്തിങ്കൽ താമസിച്ചു. കേരളാചാര്യഗുരുവായ സാ­ക്ഷാൽ കർത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ചു് കേട്ടിട്ടില്ലാത്തവർ അധികമുണ്ടായിരിക്കാനിടയില്ലാത്തതിനാൽ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികൾ എന്നു പറയപ്പെടുന്ന മഹാൻ ഈ ബ്രാഹ്മണോത്തമൻ തന്നെയാണെന്നുകൂടി പറഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ചു് അധികം വിസ്തരിച്ചിട്ടു് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരിൽനിന്നു ജനിച്ചവരായ നാലു പുത്രന്മാരിൽ ബ്രാഹ്മണസ്ത്രീയിൽനിന്നും ജനിച്ച പുത്രൻ സാക്ഷാൽ വരരുചിയും, ക്ഷത്രിയസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ മഹാവിദ്വാനായ ഭർത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാൽ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ചു് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുലത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകൾക്കു വി‌ഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവർ കേവലം പാമരന്മാരുടെ ഇടയിൽപ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭർത്തൃഹരിയുടെ ശതകത്രയം മലയാളത്തിലും തർജമ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ടു്. അതിവിദ്വാന്മാരും സംസ്കൃതത്തിൽ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിർമ്മാതാക്കളുമായ ഇവർ സംസ്കൃതപണ്ഡിതന്മാരുടെ ഇടയിൽ ഇന്നും നിത്യപരിചിതന്മാരായിട്ടാണു് ഇരിക്കുന്നതു്. വാർത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങൾ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റു് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭർത്തൃഹരിയും ഉണ്ടാക്കീട്ടുണ്ടു്. പ്രസിദ്ധമായ അമരുശതകവും ഭർത്തൃഹരിയുടെ കൃതിയാണെന്നു് വിദ്വാന്മാരുടെ ഇടയിൽ ഒരഭിപ്രായമുണ്ടു്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീർച്ചയാണല്ലോ. മഹാഭാ‌ഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാർ ഇവർ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.

മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കൽനിന്നു മഹാഭാ‌ഷ്യം പഠിച്ചു കഴിഞ്ഞതിന്റെ ശേ‌ഷം അവർക്കു ഭാ‌ഷ്യകർത്താവായ പതഞ്ജലി മഹർ‌ഷിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്നു് അതികലശലായിട്ടു് ഒരാഗ്രഹമുണ്ടായി. അതിനാൽ അവർ അന്വേ‌ഷിച്ചപ്പോൾ പതഞ്ജലിമഹർ‌ഷി അതിനു വളരെ മുമ്പുതന്നെ സ്വർഗ്ഗാ­രോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോൾ ഭർത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു.

“അഹോ ഭാ‌ഷ്യമഹോ ഭാ‌ഷ്യമഹോ വയമഹോ വയം
അദൃഷ്ട്വാഽസ്മാൻ ഗതസ്വർഗ്ഗമകൃതാർത്ഥോ പതഞ്ജലിഃ”