close
Sayahna Sayahna
Search

പ്രഭാകരൻ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ കർത്താവായ പ്രഭാകരകവിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ സംസ്കൃതഭാ‌ഷാപരിജ്ഞാനം അല്പമെങ്കിലും സിദ്ധിച്ചിട്ടുള്ളവരിൽ ആരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. പ്രഭാകര കവിക്കു് “സുകുമാരൻ” എന്നൊരു പേരുകൂടി നടപ്പുണ്ടു്. അദ്ദേഹത്തിനു് ഇങ്ങനെ രണ്ടു പേരുകളുണ്ടാവാനുള്ള കാരണമെന്താണെന്നു നിശ്ചയമില്ല. ഇദ്ദേഹം ജാതിയിൽ ബ്രാഹ്മണനായിരുന്നു എന്നാണു് കേട്ടിട്ടുള്ളതു്.

പ്രഭാകരൻ അത്യന്തം ബുദ്ധിമാനും വിദ്യാഭ്യാസത്തിൽ ശ്രദ്ധയുള്ള ആളുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഗുരുനാഥനു് അദ്ദേഹത്തെക്കുറിച്ചു മനസ്സിൽ സീമാതീതമായ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. എങ്കിലും ഗുരുനാഥൻ സദാനേരവും പ്രഭാകരനെ അതികഠിനമായി അടിക്കുകയും ശകാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രഭാകരന്റെ സഹപാഠികളായിട്ടു വേറെയും പല ബാലൻമാരുണ്ടായിരുന്നു. അവർക്കാർക്കും പ്രഭാകരനോളം ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയുമുണ്ടായിരുന്നില്ല. എന്നാലും അവരെ ആരെയും ഗുരുനാഥൻ ഇതുപോലെ അടിക്കുകയും ശകാരിക്കുകയും പതിവില്ല. അവർക്കൊക്കെ ഗുരുനാഥൻ ഒരു ശ്ളോകത്തിന്റെയോ ഒരു പദത്തിന്റെയോ അർത്ഥം നൂറു പ്രാവശ്യം വേണമെങ്കിലും പറഞ്ഞുകൊടുക്കും. പ്രഭാകരൻ പഠിക്കുന്നതിന്റെ അർത്ഥമെല്ലാം തന്നെത്താൻ വിചാരിച്ചു പറയണം. അഥവാ ഗുരുനാഥൻ പറഞ്ഞു കൊടുക്കുകയാണെങ്കിലും ഒരു പ്രാവശ്യമല്ലാതെ പതിവില്ല. അതികഠിനമായ ഒരു ശ്ലോകത്തിന്റെ ഭാവാർത്ഥം പോലും ഒരു പ്രാവശ്യം പറഞ്ഞു കൊടുത്താൽ പ്രഭാകരൻ മനസ്സിലാക്കിക്കൊള്ളും. പിന്നെ അതൊരിക്കലും മറക്കുകയുമില്ല. എങ്കിലും പ്രഭാകരൻ ശുദ്ധമേ വിഡ്​ഢിയാണെന്നും പഠിത്തത്തിൽ ജാഗ്രത വളരെക്കുറവാണെന്നുമല്ലാതെ ഗുരുനാഥൻ ഒരിക്കലും പറയുക പതിവില്ല. സദാനേരവും കോപഭാവമല്ലാതെ ആ ഗുരുനാഥൻ പ്രഭാകരന്റെ നേരേ സന്തോ‌ഷഭാവം ഒരിക്കലും പ്രകടിപ്പിക്കാറില്ല. ഗുരുനാഥന്റെ ഈ ക്രൂരതയെക്കുറിച്ചു് പ്രഭാകരനും വളരെ മനസ്താപമുണ്ടായി. എങ്കിലും അതൊന്നും പുറത്തു പ്രകടിപ്പിക്കാതെ വിനയാദരഭക്തിപുരസ്സരം പഠിച്ചുംകൊണ്ടിരുന്നു. കാലക്രമേണ അദ്ദേഹം കാവ്യനാടകാലങ്കാരങ്ങളിലും വേദശാസ്ത്രപുരാണേതിഹാസങ്ങളിലും അനിതരസാധാരണമായ പാണ്ഡിത്യത്തെ സമ്പാദിച്ചു. എങ്കിലും വിദ്യാഭ്യാസം മതിയാക്കുന്നതിനു് അദ്ദേഹത്തിനും ഗുരുനാഥനും മനസ്സായില്ല. അതിനാൽ അദ്ദേഹം വീണ്ടും ഓരോവക ശാസ്ത്രങ്ങൾ സശ്രദ്ധം പഠിച്ചുകൊണ്ടും ഗുരുനാഥൻ പഠിപ്പിച്ചുകൊണ്ടുമിരുന്നു. അങ്ങനെ പ്രഭാകരൻ ഒരു നല്ല വിദ്വാനും യൗവനയുക്തനുമായിത്തീർന്നു. പിന്നെയും പ്രഭാകരന്റെ പഠിത്തത്തിനും ഗുരുനാഥന്റെ ശകാരത്തിനും അടിക്കും യാതൊരു കുറവും വന്നില്ല. പ്രഭാകരന്റെ പഠിത്തവും പ്രായവും വർദ്ധിക്കുന്തോറും ഗുരുനാഥന്റെ അടിയും ശകാരവും വർദ്ധിച്ചുവന്നു.

Chap26pge175.png

ഒരു ദിവസം പഠിച്ചുകൊണ്ടിരിക്കുമ്പോൾ പ്രഭാകരൻ എന്തോ ഒരു സംശയം വരികയാൽ അതെങ്ങനെയാണെന്നു ഗുരുനാഥനോടു ചോദിച്ചു. ഗുരുനാഥൻ “എടാ ഏഭ്യാ! ഇനിയും നിനക്കു് അതറിയാറായില്ലേ?” എന്നു ചോദിച്ചുകൊണ്ടു പ്രഹരിക്കാൻ തുടങ്ങി. അടികൊണ്ടു തുടപൊട്ടി രക്തം പ്രവഹിച്ചുതുടങ്ങി. പിന്നെയും ഗുരുനാഥൻ അടി മതിയാക്കാനുള്ള ഭാവമില്ല. ഒടുക്കം സഹിക്കവയ്യാതായപ്പോൾ പ്രഭാകരൻ ഓടിയൊളിച്ചു. അന്നു പ്രഭാകരനു സാമാന്യത്തിലധികം വേദനയും മനസ്താപവുമൊക്കെയുണ്ടായി. അതിനാൽ ഏതുവിധവും ഗുരുനാഥന്റെ കഥ ഇന്നു കഴിക്കണം. ഇനി ഈ ദുഷ്ടൻ ജീവിച്ചിരുന്നിട്ടു് ഇങ്ങനെ ഒരുത്തനെ അടിക്കരുതു് എന്നു നിശ്ചയിച്ചു. ഗുരുനാഥൻ സന്ധ്യാവന്ദനത്തിനു പോയ തരത്തിനു പ്രഭാകരൻ ഒരു വലിയ കരിങ്കല്ലു വലിച്ചെടുത്തുംകൊണ്ടു് ഗുരുനാഥന്റെ തട്ടിൻപുറത്തു കേറിയിരുന്നു. ഗുരുനാഥൻ വന്നു കിടന്നു് ഉറക്കമാകുന്ന സമയം തട്ടിന്റെ പലകയിളക്കിമാറ്റി, കരിങ്കല്ലു് ഗുരുനാഥന്റെ മാറത്തിട്ടു് കൊല്ലണമെന്നായിരുന്നു പ്രഭാകരന്റെ വിചാരം.

ഗുരുനാഥൻ സന്ധ്യാവന്ദനാദി നിയമങ്ങളെല്ലാം കഴിഞ്ഞു ഗൃഹത്തിൽ വന്നപ്പോഴേക്കും അത്താഴത്തിനു് കാലമായിരുന്നു. എങ്കിലും അദ്ദേഹം “എനിക്കിന്നു നല്ല സുഖമില്ല. അതുകൊണ്ടു് അത്താഴം വേണമെന്നു തോന്നുന്നില്ല” എന്നു പറഞ്ഞിട്ടു ശയനഗൃഹത്തിലേക്കു പോയി. അവിടെച്ചെന്ന ഉടനെ കട്ടിലിൽക്കേറി അത്യന്തം വിചാരമഗ്നനെന്നതു പോലെ കിടപ്പുമായി. ഗുരുനാഥൻ അത്താഴമുണ്ണാഞ്ഞതുകൊണ്ടു ഗുരുപത്നിയും ഉണ്ടില്ല. ഗുരു ശയനഗൃഹത്തിൽ ഉറങ്ങാതെ കിടക്കുന്നതു കണ്ടിട്ടു് പത്നി “ഇന്നെന്താണു് അവിടേക്കു് ഒരു വലിയ മനോവിചാരമുള്ളതുപോലെയിരിക്കുന്നതു്? അത്താഴവുമണ്ടില്ലല്ലോ. സുഖമില്ലെന്നു പറഞ്ഞതെന്താണു്?” എന്നു ചോദിച്ചു.

ഗുരുനാഥൻ
എനിക്കു വിശേ‌ഷിച്ചു സുഖക്കേടൊന്നുമില്ല. ഞാനിന്നു നമ്മുടെ പ്രഭാകരനെ സാമാന്യത്തിലധികം അടിച്ചു. അപ്പോൾ ദേ‌ഷ്യം കൊണ്ടു് അടിച്ചുപോയി. പിന്നെ അതു വിചാരിച്ചിട്ടു് എനിക്കു വളരെ വ്യസനമുണ്ടായി. ആ വ്യസനം ഇപ്പോഴും എന്റെ മനസ്സിൽനിന്നു പോകുന്നില്ല. ഞാനെത്ര അടിച്ചാലും അവൻ അതെല്ലാം കൊണ്ടുംകൊണ്ടു് ഇരിക്കുകയാണു് പതിവു്. ഇന്നു് അവൻ എണീറ്റു് ഓടിപ്പൊയ്ക്കളഞ്ഞു. സഹിക്കവയ്യാതെ വേദനയുണ്ടായതുകൊണ്ടാണു് അവൻ പോയതു്. എന്റെ ക്രൂരതയെക്കുറിച്ചു വിചാരിച്ചിട്ടു് എന്റെ ഹൃദയം പൊടിയുന്നു. അതുകൊണ്ടാണു് ഞാൻ അത്താഴമുണ്ണാത്തതു്. ഇന്നു് എനിക്കു് മനസ്സിന്റെ അസ്വാസ്ഥ്യം തീരുകയില്ല.
ഗുരുപത്നി
ഇതു വലിയ കഷ്ടം തന്നെയാണു്. ഇതിനെക്കുറിച്ചു് പറയണമെന്നു ഞാൻ പലപ്പോഴും വിചാരിക്കാറുണ്ടു്. ഞാൻ പറഞ്ഞാൽ അവിടേക്കു രസമായില്ലെങ്കിലോ എന്നു വിചാരിച്ചാണു് ക്ഷമിക്കുന്നതു്. പ്രഭാകരനെപ്പോലെ ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയും ഗ്രഹണശക്തിയും ധാരണാശക്തിയും സൗശീല്യാദി ഗുണങ്ങളുമുണ്ടായിട്ടു് ഇവിടെ പഠിക്കുന്ന കുട്ടികളിലെന്നല്ല ലോകത്തിൽത്തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ ഇവിടെ അവനെ അടിക്കയും ശകാരിക്കയും ചെയ്യുന്നതുപോലെ മറ്റാരെയുമില്ലതാനും. അവന്റെ ശരീരം കണ്ടാൽ പ്രഭാകരൻ എന്നും സുകുമാരൻ എന്നുമുള്ള നാമങ്ങൾ യഥാർത്ഥങ്ങളാണെന്നു് ഏവരും സമ്മതിക്കും. ഇപ്രകാരം ആകൃതിക്കും പ്രകൃതിക്കും ഒന്നുപോലെ ഗുണം തികഞ്ഞിരിക്കുന്ന ഒരു ബാലനോടു് ഇപ്രകാരം കഠിനത പ്രവർത്തിക്കാമെന്നു് ഇവിടേക്കു തോന്നുന്നതെന്തു കൊണ്ടാ? കുട്ടികൾക്കു യവൗനാരംഭമായാൽ പിന്നെ അവരെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നതു യുക്തമല്ല. അന്യന്റെ കുട്ടിയായാൽ പിന്നെ പറയാനുമില്ലല്ലോ.
Chap26pge177.png
ഗുരുനാഥൻ
ഭവതി പറഞ്ഞതൊക്കെ വാസ്തവമാണു്. എന്നാൽ എന്റെ പ്രഭാകരനെ ഒരന്യബാലനായി ഞാൻ വിചാരിച്ചിട്ടില്ല. അവനു് എത്ര പ്രായമായാലും എനിക്കവൻ എന്നും കുട്ടിതന്നെ. അവന്റെ ഗുണഗണങ്ങളൊന്നും എനിക്കു് അറിഞ്ഞുകൂടായ്കയുമില്ല. എനിക്കു് അവനെക്കുറിച്ചു് സ്നേഹവും വാത്സല്യവും ഇല്ലായ്കയുമില്ല. എനിക്കു് അവനെക്കുറിച്ചു നമ്മുടെ സീമന്തപുത്രനിലുള്ളധിലധികം സ്നേഹവും വാത്സല്യവുമുണ്ടു്. എന്നാൽ അതൊന്നും ഞാൻ പുറത്തു കാണിക്കാത്തതു് അവൻ ബുദ്ധിമാനും സമർത്ഥനുമാണെന്നു ഞാൻ വിചാരിക്കുന്നു എന്നു് അവനറിഞ്ഞാൽ അവൻ അഹങ്കാരിയായിപ്പോവും. തന്നിമിത്തം പഠിത്തത്തിൽ ജാഗ്രത കുറഞ്ഞുപോയിയെങ്കിലോ എന്നു വിചാരിച്ചുമാത്രമാണു് ഞാൻ അവനോടു സ്നേഹഭാവം കാണിക്കാതെ ഇരിക്കുന്നതു്. അല്ലാതെ മറ്റൊന്നു കൊണ്ടുമല്ല. ഞാൻ ശാസിക്കുന്നതിന്റെ ഗുണം ഒടുക്കം അവനിൽ കാണാറാകും. എന്റെ പ്രഭാകരൻ ലോകൈകവിദ്വാനായിത്തീരുമെന്നുള്ളതിനു സംശയമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നു ഞാൻ പ്രവർത്തിച്ചതു വലിയ സാഹസമായിപ്പോയിതാനും. ഇനി ഞാൻ ഒരിക്കലും അവനെ ഇങ്ങനെ വേദനപ്പെടുത്തുകയില്ല. നിശ്ചയംതന്നെ. കഷ്ടം! എന്റെ പ്രഭാകരൻ ഇന്നനുഭവിച്ച വേദനയെക്കുറിച്ചു വിചാരിച്ചിട്ടു എന്റെ ഹൃദയം പൊടിയുന്നു.

ഇപ്രകാരം ഗുരുവും പത്നിയും കൂടിയുള്ള സംഭാ‌ഷണം കേട്ടപ്പോൾ പ്രഭാകരനു ഗുരുനാഥനെക്കുറിച്ചുണ്ടായ വൈരം മുഴുവനും പോയി എന്നു മാത്രമല്ല അത്യന്തം ഭക്തിയും ബഹുമാനവും വർദ്ധിക്കുകയും താൻ പ്രവർത്തിക്കാൻ വിചാരിച്ച കഠിനപ്രവൃത്തിയെക്കുറിച്ചു വളരെ പശ്ചാത്താപം ജനിക്കുകയും ചെയ്തു. “കഷ്ടം! എന്റെ പേരിൽ ഇത്രയും സ്നേഹവും വാത്സല്യവുമുള്ള ഗുരുനാഥനെ കൊല്ലണമെന്നു ഞാൻ വിചാരിച്ചുപോയല്ലോ. ഈശ്വരാ! ഈ മഹാപാപം ഇനി എന്തു ചെയ്താൽ തീരും” എന്നിങ്ങനെ വിചാരിച്ചു വ്യസനിച്ചു കരഞ്ഞും കൊണ്ടു പ്രഭാകരൻ താഴെ ഇറങ്ങിവന്നു ഗുരുനാഥന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഗുരുനാഥൻ “അയ്യോ ഇതെന്റെ പ്രഭാകരനല്ലേ” എന്നു പറഞ്ഞുകൊണ്ടു പെട്ടെന്നു കട്ടിലിൽ നിന്നെഴുന്നേറ്റു പ്രഭാകരന്റെ തലയിൽ തൊട്ടു് അനുഗ്രഹിച്ചു, പിടിച്ചെഴുന്നേൽപ്പിച്ചു ഗാഢമായി ആലിംഗനം ചെയ്തു. സന്താപംകൊണ്ടോ സന്തോ‌ഷംകൊണ്ടോ എന്തോ രണ്ടുപേരും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിശ്ചേഷ്ടൻമാരായി നിന്നതല്ലാതെ കുറച്ചു നേരത്തേക്കു് ഒരക്ഷരം പോലും മിണ്ടുന്നതിനു് അവർക്കു ശക്തിയുണ്ടായില്ല. പിന്നെ കുറഞ്ഞോരുനേരം കഴിഞ്ഞതിന്റെ ശേ‌ഷം ഗുരുനാഥൻ “പ്രഭാകരൻ എന്റെ അടിയുടെ ദുസ്സഹത്വം കൊണ്ടു് ഇവിടെ കേറി ഒളിച്ചിരിക്കുകയായിരുന്നു, അല്ലേ? നീ നന്നായിവരണമെന്നുള്ള ആഗ്രഹംകൊണ്ടും പ്രായാധിക്യം നിമിത്തം കോപത്തെ അടക്കുന്നതിനു് എനിക്കു ശക്തി മതിയാകാതെ വന്നതുകൊണ്ടും ഞാൻ നിന്നെ ക്രമത്തിലധികം തല്ലിപ്പോയതാണു്. നിനക്കു് എന്നോടിതുകൊണ്ടു പരിഭവമൊന്നും തോന്നരുതു്. ഇനി ഞാനൊരിക്കലും നിന്നെ ഇങ്ങനെ ഉപദ്രവിക്കുകയില്ല.” പ്രഭാകരൻ: അവിടുന്നു് ഇങ്ങനെ പറയുകയും ഇതിനെക്കുറിച്ചു് ലേശംപോലും വ്യസനിക്കുകയും വേണ്ട. അവിടുന്നു് ഇനിയും എത്രയടിച്ചാലും ശകാരിച്ചാലും അതൊക്കെ അനുഭവിക്കുന്നതു് എനിക്കു് സന്തോ‌ഷമാണു്. അടി കൊണ്ടു വേദന സഹിക്കവയ്യാതെ ആയപ്പോൾ എന്റെ മനസ്സിൽ കുറച്ചു വല്ലായ്കയുണ്ടായി. അതിനെക്കുറിച്ചു തന്നെ എനിക്കിപ്പോൾ വളരെ പശ്ചാത്താപമുണ്ടു്. എന്റെ അറിവില്ലായ്മ കൊണ്ടും വേദനയുടെ ദുസ്സഹത്വംകൊണ്ടും ഗുരുനാഥനെ കൊല്ലണമെന്നു് എന്റെ ഹൃദയത്തിൽ തോന്നിപ്പോയി. അതിനായിട്ടാണു് ഞാൻ ഇവിടെക്കേറി ഒളിച്ചിരുന്നതു്. ഈ ബാലചാപല്യത്തെ അവിടുന്നു കൃപാപൂർവം ക്ഷമിച്ചു് എനിക്കു മാപ്പുതരുകയും ഈ ദുർവിചാരം നിമിത്തമുണ്ടായിട്ടുള്ള മഹാപാപം തീരുന്നതിനു ഞാനെന്തു ചെയ്താൽ മതിയാകുമെന്നു് അവിടുന്നെനിക്കു പറഞ്ഞുതരികയും വേണം.

ഗുരു
പശ്ചാത്താപത്തിനെക്കാൾ വലിയതായ പ്രായശ്ചിത്തം ഒരു പാപകർമ്മത്തിനുമില്ല. നിനക്കിപ്പോൾ അതിയായ പശ്ചാത്താപമുണ്ടായിരിക്കുന്നതുകൊണ്ടു നിന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു. ഞാൻ നിന്റെ തെറ്റുകളെ ക്ഷമിച്ചു മാപ്പും തന്നിരിക്കുന്നു. ഇനി ഇതിലേക്കായി നീ ഒരു പ്രായശ്ചിത്തവും ചെയ്യണമെന്നില്ല.
പ്രഭാകരൻ
അതുകൊണ്ടു മതിയായില്ല. എന്റെ ഈ ദുർവിചാരത്തിനു് അതികഠിനമായ മഹാപാപമുണ്ടു്. അതു തീരണമെങ്കിൽ അതിനു തക്കതായ എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യണം. അല്ലാതെ എന്റെ മനസ്സിനു സമാധാനം വരുന്നതല്ല.
ഗുരു
എന്നാൽ നാളെ ബ്രാഹ്മണസഭയിൽ ചെന്നു ചോദിച്ചിട്ടു് ഉഭയകുല പരിശുദ്ധൻമാരായി, ദേവജ്ഞൻമാരായി, ശാസ്ത്രജ്ഞൻമാരായിരിക്കുന്ന ആ മഹാബ്രാഹ്മണർ വിധിക്കുന്നതുപോലെ ചെയ്യണം. അല്ലാതെ എനിക്കൊന്നും തോന്നുന്നില്ല.
Chap26pge179.png

ഇങ്ങനെ പറഞ്ഞു വ്യസനിച്ചുംകൊണ്ടുതന്നെ അവർ അന്നത്തെ രാത്രി ഒരുവിധം കഴിച്ചുകൂട്ടി. അരുണോദയമായപ്പോൾ പ്രഭാകരൻ കുളിച്ചു നിത്യകർമാനുഷ്ഠാനാദികൾ കഴിച്ചുകൊണ്ടു് ബ്രാഹ്മണസഭയിലെത്തി വിവരമെല്ലാം പറഞ്ഞു. ആ മഹാബ്രാഹ്മണരെല്ലാം കൂടി ആലോചിച്ചു് “ഗുരുനാഥനെ കൊല്ലണമെന്നു വിചാരിച്ചവന്റെ പാപം തീരണമെങ്കിൽ അവൻ ഉമിത്തീയിൽ നിന്നു നീറി ദഹിച്ചു മരിക്കണം. അല്ലാതെ തീരുന്നതല്ല” എന്നു വിധിച്ചു. ഉടനെ പ്രഭാകരൻ വന്നു് ഒരു സ്ഥലത്തു നിന്നുകൊണ്ടു് ഉമി വരുത്തി തന്റെ കഴുത്തുവരെ കൂട്ടിച്ചു് അതിന്റെ നാലുഭാഗത്തും തീയുംവെപ്പിച്ചു. “ഏതെങ്കിലും എന്റെ ഈ ജന്മം ഇങ്ങനെയായി. എന്റെ പേരു ഭൂലോകത്തിൽ എന്നും നിലനിൽക്കുന്നതിനും ഭഗവൽസ്മൃതിയോടുകൂടി മരിക്കുന്നതിനുമായിട്ടു് ഇപ്പോൾ ഒരുകാവ്യമുണ്ടാക്കണം” എന്നു നിശ്ചയിച്ചു് പ്രഭാകരൻ അവിടെനിന്നുകൊണ്ടു് ഒരു കാവ്യമുണ്ടാക്കി ചൊല്ലിത്തുടങ്ങി. അങ്ങനെ മഹാനായ ആ പ്രഭാകരകവി ഉമിത്തീയിൽ നിന്നു ദഹിച്ചുകൊണ്ടുണ്ടാക്കിയതാണു് സാക്ഷാൽ “ശ്രീകൃ‌ഷ്ണവിലാസം” കാവ്യം. പ്രഭാകരന്റെ ഈ ചരിത്രം ഗുരുശി‌ഷ്യ ഭാവത്തോടുകൂടി വർത്തിക്കുന്നവരായ സകലജനങ്ങളും സദാ ഓർത്തു പ്രവർത്തിക്കുന്നതായിരുന്നാൽ വളരെ ഗുണം സിദ്ധിക്കാനുണ്ടെന്നുള്ളതു പറയേണ്ടതില്ലല്ലോ.

പ്രഭാകരൻ അങ്ങനെ ശ്രീകൃ‌ഷ്ണവിലാസമുണ്ടാക്കി പന്ത്രണ്ടാം സർഗം മുഴുവനാക്കുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ ദേഹം മുഴുവനും ദഹിച്ചുപോയതിനാൽ അതു മുഴുവനാക്കാൻ കഴിഞ്ഞില്ല. പന്ത്രണ്ടാം സർഗത്തിലെ ഒരു ശ്ലോകത്തിൽ “പശ്യ പ്രിയേ! കൊങ്കണ” ഇത്രയും പറഞ്ഞപ്പോഴേക്കും അഗ്നി അദ്ദേഹത്തിന്റെ തൊണ്ടയിൽ പിടികൂടിപ്പോയതിനാൽ ആ ശ്ലോകംതന്നെ മുഴുവനാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അങ്ങനെ അതിയോഗ്യനായിരുന്ന പ്രഭാകരൻ ഭസ്മാവശേ‌ഷനായിത്തീരുകയും ചെയ്തു.

അനന്തരം കവികുലശിരോമണിയായ സാക്ഷാൽ കാളിദാസൻ പ്രഭാകരന്റെ ശ്രീകൃ‌ഷ്ണവിലാസകാവ്യം വായിച്ചുകേട്ടു് അതു മുഴുവനാക്കണമെന്നു നിശ്ചയിച്ചു. “പശ്യപ്രിയേ! കൊങ്കണ” എന്നുള്ളതിന്റെ ശേ‌ഷമായി “ഭൂമിഭാഗാൻ” എന്നു് എഴുതിയപ്പോഴേക്കും “പട്ടുനൂലിനോടുകൂടി വാഴനാരു് ഏച്ചുകെട്ടാൻ പുറപ്പെടേണ്ട” എന്നൊരു അശരീരിവാക്കുണ്ടായി. അതിനാൽ കാളിദാസനും പിന്നെ അതിന്റെ ശേ‌ഷം മുഴുവനാക്കാൻ ശ്രമിച്ചിട്ടില്ല. ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ ഗുണം എത്രമാത്രമുണ്ടെന്നു് ഇതിൽനിന്നു് ഊഹിക്കാവുന്നതാണല്ലോ.

ഈ അശരീരി കേട്ടപ്പോൾ കാളിദാസരുടെ മനസ്സിൽ കുറച്ചു് അസൂയയും കോപവും വാശിയും തോന്നി. എന്നാൽ “ഇതിനോടുകൂടി ഞാനൊന്നും ഏച്ചുകെട്ടാൻ പോകുന്നില്ല. ഇതുപോലെ ഒന്നുണ്ടാക്കാമോ എന്നു ഞാനും നോക്കാം” എന്നു പറഞ്ഞാണു് കാളിദാസൻ “കുമാര സംഭവം” കാവ്യം ഉണ്ടാക്കിയതു്. “അസ്തിശ്രിയസ്സത്മ സുമേരു നാമാ” എന്നാണല്ലോ പ്രഭാകരൻ ശ്രീകൃ‌ഷ്ണവിലാസത്തിന്റെ ആദ്യം തുടങ്ങിയിരിക്കുന്നതു്. അതിനു പകരമായിട്ടാണു് കാളിദാസൻ തന്റെ കുമാരസംഭവത്തിന്റെ ആദ്യത്തിൽ “അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ” എന്നു തുടങ്ങിയിരിക്കുന്നതു്. എന്നാൽ ഈ സംഗതിയിൽ ചില പക്ഷാന്തരങ്ങളും ഇല്ലെന്നില്ല.