വൈക്കത്തു തിരുനീലകണ്ഠൻ
|
ഐതിഹ്യമാല | |
---|---|
ഗ്രന്ഥകർത്താവ് | കൊട്ടാരത്തിൽ ശങ്കുണ്ണി |
മൂലകൃതി | ഐതിഹ്യമാല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഐതിഹ്യകഥകൾ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ലക്ഷ്മിഭായി ഗ്രന്ഥാവലി |
വര്‍ഷം |
1909 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 920 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
വിശ്വവിശ്രുതനായിരുന്ന വൈക്കത്തു തിരുനീലകണ്ഠൻ എന്ന ഗജശ്രേഷ്ഠനെക്കുറിച്ചുള്ള ഓർമ്മ ഈ നാട്ടുകാരുടെ മനസ്സിൽനിന്നു മാഞ്ഞുപോയിരിക്കുമെന്നു തോന്നുന്നില്ല. അവന്റെ യോഗ്യതാംശങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവർക്കാർക്കും അവനെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതുമല്ല. (ആനയെ അതു് എന്നല്ലാതെ അവൻ എന്നു പറയുന്നതു ശരിയല്ലെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ തിരുനീലകണ്ഠൻ സ്വഭാവംകൊണ്ടു് ഒരു മൃഗമല്ലാതെയിരുന്നതിനാൽ ഞാനിപ്രകാരം പറയുന്നതാണെന്നു വായനക്കാർ മനസ്സിലാക്കിക്കൊള്ളേണ്ടതാണു്).
തിരുനീലകണ്ഠന്റെ ജനനം എന്നായിരുന്നുവെന്നു തീർച്ചപ്പെടുത്താൻ മാർഗമൊന്നും കാണുന്നില്ല. എന്നാൽ ഇവനെ കാട്ടിൽനിന്നു പിടിച്ചു കൂട്ടിലിട്ടു പഴക്കിപ്പുറത്തിറക്കിയതിന്റെ ശേഷം ആദ്യമായി ഏറ്റുമാനൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പാനായി നിയമിക്കുകയാണു് ചെയ്തതെന്നും അതു് 965-ആമാണ്ടിനിടയ്ക്കായിരുന്നുവെന്നും അപ്പോൾ അവനു് ഏകദേശം നാലഞ്ചുവയസ്സു പ്രായമായിരുന്നു എന്നുമുള്ളതിനു ചില ലക്ഷ്യങ്ങളുണ്ടു്. അതിനാൽ നമ്മുടെ കഥാനായകന്റെ ജനനം കൊല്ലം 950-961 ആയിടയ്ക്കായിരിക്കുമെന്നു് ഊഹിക്കാം. എന്നാലിവൻ വൈക്കത്തു ചെന്നു ചേർന്നതു് എന്നാണെന്നു നിശ്ചയിക്കുന്നതിനും തക്കതായ ലക്ഷ്യമൊന്നുമില്ലാതെയാണിരിക്കുന്നതു്. വൈക്കത്തു സന്ധ്യവേല തുടങ്ങിയാൽ ഉൽസവം കഴിയുന്നതുവരെയും രണ്ടു നേരവും എഴുന്നള്ളിപ്പു വേണ്ടതുകൊണ്ടും വിശേഷിച്ചും അഷ്ടമിനാൾ ഉദയനാപുരത്തപ്പന്റെ എഴുന്നളളത്തുകൂടി ഉള്ളതുകൊണ്ടും അവിടെ എന്നും രണ്ടു നല്ല ആനകൾ അവശ്യം വേണ്ടതായിട്ടാണിരിക്കുന്നതു്. ഒരു കാലത്തു് അവിടെ വേലായുധൻ എന്നും വിരൂപാക്ഷൻ എന്നും രണ്ടു വലിയ ആനകളുണ്ടായിരുന്നു. അക്കാലത്തു് ആ ആനകളെക്കൊണ്ടാണു് അവിടുത്തെ അടിയന്തിരങ്ങൾ നിർവഹിച്ചു വന്നിരുന്നതു്. വിരൂപാക്ഷൻ കഴിഞ്ഞതിന്റെ ശേഷം വേലായുധനെക്കൊണ്ടുമാത്രം അവിടെ മതിയാകാതെ വന്നതിനാലാണു് തിരുനീലകണ്ഠനെ അവിടെ നിയമിച്ചതു്. ഇതുകൊണ്ടു തിരുനീലകണ്ഠൻ വൈക്കത്തു ചെന്നു ചേർന്ന സമയം അവന്റെ ബാല്യദശ കഴിഞ്ഞിരുന്നുവെന്നും വൈക്കത്തെ എഴുന്നള്ളിപ്പു നിർവ്വഹിക്കാൻ തക്ക പ്രായവും പുഷ്ടിയും അവനു സിദ്ധിച്ചിരുന്നുവെന്നും തീർച്ചയാക്കാം. വേലായുധനു തിരുനീലകണ്ഠനേക്കാൾ വലിപ്പമുണ്ടായിരുന്നു. എങ്കിലും ഭംഗിയും തലയെടുപ്പും തിരുനീലകണ്ഠനോളം വേലായുധനുണ്ടായിരുന്നില്ല. എഴിന്നള്ളിക്കുന്ന സമയങ്ങളിൽ തിരുനീലകണ്ഠൻ തല ഒന്നു കൂടി ഉയർത്തിപ്പിടിക്കുമായിരുന്നു. അതിനാൽ ആ സമയം മുമ്പിൽനിന്നു നോക്കിയാൽ വേലായുധനേക്കാൾ പൊക്കം കൂടുതൽ തിരുനീലകണ്ഠനാണെന്നു തോന്നും. തലയെടുപ്പു്, തലക്കട്ടി, മസ്തകത്തിന്റെ വിരിവു്, ദേഹത്തിന്റെ പുഷ്ടി, കൊമ്പുകളുടെയും ചെവികളുടെയും വലിപ്പം, ഭംഗി ഇങ്ങനെയുള്ള ഓരോ ഭാഗങ്ങൾ നോക്കിയാലും തിരുനീലകണ്ഠനെപ്പോലെയുള്ള ഒരാന ‘ന ഭൂതോ ന ഭവിഷ്യതി’ എന്നു തന്നെ തീർച്ച പറയാം. എഴുന്നള്ളിക്കുന്ന സമയങ്ങളിൽ തല ഉയർത്തിപ്പിടിച്ചുകൊണ്ടും വാദ്യഘോഷങ്ങളുടെ താളമൊപ്പിച്ചു ചെവിയാട്ടിക്കൊണ്ടുമുള്ള അവന്റെ ആ നിലയുടെ ഭംഗി ഒന്നു വേറെ തന്നെയാണു്. എന്നാൽ വിസ്മയനീയവും ശ്ലാഘ്യവുമായിരിക്കുന്നതു് തിരുനീലകണ്ഠന്റെ സ്വഭാവഗുണവും ബുദ്ധി മാഹാത്മ്യവുമാണു്.
ആനകളുടെ വർഗത്തിലും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ ഇങ്ങനെ നാലു വകയുണ്ടെന്നും അവയിൽ തിരുനീലകണ്ഠൻ ബ്രാഹ്മണവർഗ്ഗത്തിൽപ്പെട്ടവനാണെന്നുമാണു് ചിലരുടെ അഭിപ്രായം. തിരുനീലകണ്ഠൻ മനസ്സറിഞ്ഞു് ആരെയും കൊന്നിട്ടില്ല. അവൻ നിമിത്തം ഒരു മഹമ്മദീയസ്ത്രീ മാത്രം മരിച്ചിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം. ചിലപ്പോൾ എഴുന്നള്ളിപ്പാനായി തിരുനീലകണ്ഠനെ ചേർത്തല കൊണ്ടുപോകാറുണ്ടായിരുന്നു. അവനെ മുട്ടത്തങ്ങാടിയിൽകൂടി കൊണ്ടുപോകുമ്പോൾ മിക്ക കച്ചവടക്കാരും അവനു പഴക്കുല കൊടുക്കുക പതിവാണു്. ഒരാണ്ടിൽ ഒരു മഹമ്മദീയവ്യാപാരി അവനു പഴക്കുല കൊടുത്തില്ല. ആ മഹമ്മദീയനു പഴവും പലഹാരങ്ങളും കച്ചവടവുമുണ്ടായിരുന്നിട്ടും പഴക്കുല കൊടുക്കാതിരുന്നതു ന്യായമായില്ലെന്നാണു് തിരുനീലകണ്ഠനു തോന്നിയതു്. മറ്റുള്ള കച്ചവടക്കാർ വില കൊടുത്തു പഴക്കുല വാങ്ങിക്കൊടുത്ത സ്ഥിതിക്കു് അനേകം പഴക്കുലകൾ കൈവശം വെച്ചുകൊണ്ടിരിക്കുകയും പഴം വിറ്റുതന്നെ വളരെ ലാഭമെടുത്തു കൊണ്ടിരിക്കുകയും ചെയ്ത ആ മഹമ്മദീയൻ ഒന്നും കൊടുക്കാതെയിരുന്നതിനാൽ നമ്മുടെ കഥാനായകനു വൈരസ്യം തോന്നിയതു് ഒരന്യായമായി വിചാരിക്കാനുമില്ലല്ലോ. ഏതെങ്കിലും തിരുനീലകണ്ഠൻ വഴിയിൽ നിന്നുകൊണ്ടു തുമ്പിക്കൈ നീട്ടി മഹമ്മദീയന്റെ പീടികയിൽ നിന്നിരുന്ന ഒരു പഴക്കുലയുടെ ഒരറ്റത്തു പിടിച്ചു. അപ്പോൾ കച്ചവടം ചെയ്തുകൊണ്ടിരുന്ന ഒരു മഹമ്മദീയസ്ത്രീ പഴക്കുലയുടെ മറ്റേത്തലയ്ക്കു പിടിച്ചു് അകത്തേയ്ക്കു് വലിച്ചു. ‘തിരുനീലകണ്ഠൻ പഴക്കുല പിടിച്ചു പുറത്തേയ്ക്കു വലിച്ചതിനോടുകൂടി ആ സ്ത്രീ തന്റെ മുമ്പിൽ വന്നു വീണയുടനെ തിരുനീലകണ്ഠൻ അവിടെനിന്നും പോയി. ആളുകൾ വന്നു സ്ത്രീയെ എടുത്തു് അകത്തു കൊണ്ടുപോയിക്കിടത്തി അപ്പോഴേക്കും അവൾ മരിച്ചിരുന്നു അതു് അവളുടെ ആധികൊണ്ടെന്നല്ലാതെ തിരുനീലകണ്ഠൻ കൊന്നിട്ടെന്നു പറയാനില്ലല്ലോ.
തിരുനീലകണ്ഠൻ വൈക്കത്തു ചെന്നകാലം മുതൽ അവസാനംവരെ അവന്റെ പ്രധാന പാപ്പാൻ ‘മൂലയിൽ ഗോവിന്ദശ്ശാരു്’ എന്നൊരു നായരായിരുന്നു. അയാൾക്കു തിരുനീലകണ്ഠനെക്കുറിച്ചു പുത്രനിർവിശേഷമായ സ്നേഹവും വാൽസല്യവുമുണ്ടായിരുന്നു. തിരുനീലകണ്ഠനു നേരത്തേ എന്തെങ്കിലും ഭക്ഷണം കൊടുക്കാതെ അയാൾ ജലപാനം പോലും കഴിക്കുക പതിവില്ല. വൈകുന്നേരവും അവനു വയറു നിറയത്തക്കവണ്ണം തീറ്റയ്ക്കു വക കരുതാതെ അയാൾ അത്താഴമുണ്ണാറില്ല. ഗോവിന്ദശ്ശാർ പതിവായി അവനെ പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു ക്ഷേത്രത്തിൽകൊണ്ടുചെന്നു തൊഴീച്ചു തീർത്ഥവും പ്രസാദവും ത്രിമധുരവും മറ്റും മേടിച്ചുകൊടുക്കുന്നതു കണ്ടാൽ ഇവൻ അയാളുടെ മകൻ തന്നെയായിരിക്കുമോ എന്നു തോന്നിപ്പോകും. അയാൾ അവനെ സാധാരണ വിളിച്ചുവന്നതും ‘മക്കളേ!’ എന്നുതന്നെയാണു്. പിന്നെ അയാൾ തിരുനീലകണ്ഠനു് ‘ശങ്കു’ എന്ന ഓമനപ്പേരുകൂടി ഇട്ടിരുന്നു. ചിലപ്പോൾ അയാൾ അതും വിളിക്കാറുണ്ടായിരുന്നു. അല്ലാതെ തിരുനീലകണ്ഠനെന്നുള്ള ശബ്ദം അയാൾ ഒരിക്കലും അവനെ വിളിക്കാനും പറയാനും ഉപയോഗിച്ചിരുന്നില്ല. തിരുനീലകണ്ഠൻ ഗോവിന്ദശ്ശാരെ വിചാരിച്ചിരുന്നതും, തന്റെ പിതാവിനെപ്പോലെതന്നെയാണു്. അയാൾ ദൂരെനിന്നുകൊണ്ടു മക്കളേ, അല്ലെങ്കിൽ ശങ്കൂ, എന്നു വിളിച്ചാൽ ഏറ്റവും ആദരവോടും ഭയഭക്തി സ്നേഹബഹുമാനങ്ങളോടുംകൂടി ഉറക്കെ വിളികേട്ടുകൊണ്ടു് അവൻ ഓടിചെല്ലുന്നതു കണ്ടാൽ ഏവരും വിസ്മയിച്ചുപോകും. ഗോവിന്ദശ്ശാർ തിരുനീലകണ്ഠനെ ഇപ്രകാരം വശംവദനാക്കിതീർത്തതു് ചില മന്ത്രപ്രയോഗങ്ങൾ കൊണ്ടാണെന്നു ചിലർ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ അയാൾ സ്നേഹവാൽസല്യങ്ങളും പരിചരണാദികളും കൊണ്ടാണു് അവനെ സ്വാധീനപ്പെടുത്തിയതു്. അയാൾക്കു് അതു് അനായാസേന സാധിച്ചതു് അവന്റെ സ്വഭാവഗുണം കൊണ്ടുമാണു്. ഗോവിന്ദശ്ശാർ ഒരിക്കലും തിരുനീലകണ്ഠനെ അടിക്കയും മറ്റും ചെയ്തു വേദനപ്പെടുത്തിയിട്ടില്ല. സകലകാര്യവും നല്ലവാക്കു പറഞ്ഞുതന്നെയാണു് അയാൾ സാധിപ്പിച്ചിട്ടുള്ളതു്. അടിക്കുന്നതിനും മറ്റും തിരുനീലകണ്ഠൻ ഒരിക്കലും കാരണമുണ്ടാക്കീട്ടില്ല. അതിനൊന്നും കാരണമുണ്ടാവാനും മാർഗമില്ലായിരുന്നു. സാധാരണ ആനക്കാരൻമാരെപോലെ ഗോവിന്ദശ്ശാർ തിരുനീലകണ്ഠനെകൊണ്ടു കള്ളത്തടി പിടിപ്പിക്കുകയും മറ്റും പതിവില്ല. എഴുന്നള്ളിപ്പുകൾക്കു മാത്രമല്ലാതെ അയാൾ അവനെ ഉപയോഗപ്പെടുത്താറില്ല. അതിലേയ്ക്കു്, വിശേഷിച്ചും വൈക്കത്തു ക്ഷേത്രത്തിൽ വേണ്ടിവരുന്ന ബുദ്ധിമുട്ടും കഷ്ടപ്പാടുമെല്ലാം സഹിക്കാൻ, തിരുനീലകണ്ഠൻ സദാ സന്നദ്ധനുമായിരുന്നു. ഗോവിന്ദശ്ശാർ പറഞ്ഞാൽപിന്നെ പറയാനുമില്ല.
സാധാരണയാനകളെപ്പോലെ തിരുനീലകണ്ഠനെ തളയ്ക്കുക പതിവില്ല. പകൽ സമയമെല്ലാം അവൻ വൈക്കത്തു മതിൽക്കകത്തു തന്നെയാണു് നിൽക്കുക പതിവു്. രാത്രികാലങ്ങളിൽ ഗോവിന്ദശ്ശാരുടെ ഭാര്യാ വീടിനു സമീപം എവിടെയെങ്കിലും അയാൾ തീറ്റി തയ്യാറാക്കി വെച്ചു കൊടുക്കുന്ന സ്ഥലത്തു നിൽക്കുകയും തീറ്റി തിന്നു തീർന്നാൽ കിടന്നുറങ്ങുകയും ചെയ്തുകൊള്ളും. വളരെ വാഴയും തെങ്ങിൻതൈയുമുള്ള പുരയിടങ്ങളിലായാലും തിരുനീലകണ്ഠൻ അവയിലൊന്നും നഷ്ടപ്പെടുത്തുക പതിവില്ല. ഉത്സവകാലത്തു്, വിശേഷിച്ചും അഷ്ടമിദിവസം, സ്ത്രീകളും പുരുഷൻമാരും കുട്ടികളും വ്യദ്ധൻമാരും മറ്റുമായി വൈക്കത്തു മതിൽക്കകത്തു ജനങ്ങൾ സദാ തിങ്ങി വിങ്ങി നിറഞ്ഞിരിക്കുമല്ലൊ. ആ കൂട്ടത്തിൽ തിരുനീലകണ്ഠനുമുണ്ടായിരിക്കും. അവനെ തളച്ചിരിക്കുകയില്ലെന്നല്ല, ആനക്കാരനും അവിടെയെങ്ങുമുണ്ടായിരിക്കാറില്ല. എന്നാൽ അവൻ ഗോവിന്ദശ്ശാർ ശേഖരിച്ചുകൊടുക്കുന്ന സാമാനങ്ങൾ തിന്നുകൊണ്ടു് ഒരരികിലെങ്ങാനും നിൽക്കുകയല്ലാതെ യാതൊരുത്തരെയും യാതൊരു പ്രകാരത്തിലും ഉപദ്രവിക്കുക പതിവില്ല. അവന്റെ ഈ സാധുസ്വഭാവം കണ്ടിട്ടു് ചില രസികൻമാർ ഫലിതമായി തിരുനീലകണ്ഠനാനകേസരിയാണെങ്കിലും വൈക്കത്തു മതിൽക്കകത്തു ചെന്നാൽ പട്ടിയാകും.’ എന്നു പറയാറുണ്ടു്.
വൈക്കത്തു ക്ഷേത്രത്തിൽ മിക്ക ദിവസവും സദ്യയുണ്ടായിരിക്കുന്നതു് സാധാരണമാണല്ലൊ. സദ്യയുള്ള ദിവസങ്ങളിലെല്ലാം ഒരു ചെമ്പു (മൂന്നു പറ അരിയുടെ) ചോറു് തിരുനീലകണ്ഠനും കൊടുക്കണമെന്നു് ഏർപ്പാടുണ്ടായിരുന്നു. അതു് അമ്പലവാസിസ്സദ്യ കഴിയുമ്പോഴാണു് പതിവു്. അമ്പലവാസികൾ ഊണുകഴിഞ്ഞു് ഊട്ടുപുരയിൽനിന്നു് ഇറങ്ങിത്തുടങ്ങുമ്പോൾ ആരും പറയതെതന്നെ തിരുനീലകണ്ഠൻ അടുക്കളവാതിൽക്കൽ ഹാജരാകും. അപ്പോൾ ദേഹണ്ഡക്കാർ പതിവുള്ള ചോറും പായസവും പാത്രങ്ങളിലാക്കി പുറത്തെടുത്തിടും. ഗോവിന്ദശ്ശാർ വന്നു് ഉരുട്ടിയിരുട്ടി വായിൽ വച്ചുകൊടുക്കുകയും തിരുനിലകണഠൻ മുറയ്ക്കുവാങ്ങി ഭക്ഷിക്കുകയും ചെയ്യും. ചിലപ്പോൾ ഗോവിന്ദശ്ശാർ വരാതെയിരുന്നാൽ ദേഹണ്ഡക്കാരിൽ പ്രധാനനായ “വെങ്കിട്ടനെമ്പ്രാൻ” എന്നയാളായിരുന്നു ചോറുരുട്ടികൊടുക്കുക പതിവു്. ആ എമ്പ്രാന്തിരിയും തിരുനീലകണ്ഠനും തമ്മിലും വലിയ സ്നേഹമായിരുന്നു. ചുരുക്കത്തിലുള്ള ചില സദ്യകളുണ്ടായാൽ ചിലപ്പോൾ അമ്പലവാസിസ്സദ്യ ഉണ്ടായില്ലെന്നുംവരും. എങ്കിലും തിരുനീലകണ്ഠനു പതിവുള്ളതു കൊടുക്കാതെയിരിക്കാറില്ല. അമ്പലവാസിസ്സദ്യ ഇല്ലാത്ത ദിവസങ്ങളിൽ അടുക്കളവാതിൽക്കൽ ഹാജരാകേണ്ടുന്ന സമയം നിശ്ചയമില്ലാതെ തിരുനീലകണ്ഠൻ ചിലപ്പോൾ സ്വൽപം താമസിച്ചുപോയിയെന്നുവരും. എന്നാൽ വെങ്കിട്ടനെമ്പ്രാൻ ചോറെടുത്തു പുറത്തിട്ടുകൊണ്ടു ശങ്കൂ! എന്നു് ഉറക്കെ വിളിക്കും. വിളികേട്ടാലുടനെ അവനവിടെ എത്തുകയും ചോറു വാങ്ങി ഭക്ഷിക്കുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞാലുടനെ യഥാപൂർവ്വം അവൻ അവന്റെ സ്ഥാനത്തു പോയി നിൽക്കുകയും ചെയ്യും. ആനക്കൊട്ടിലിന്റെ വടക്കുവശത്തു കിഴക്കോട്ടു മാറി ആ അരികിലാണു് അവൻ പകൽസമയം നിൽക്കുക പതിവു്. ചില ദിവസം വല്ല കാരണത്താലും അവനു പതിവുള്ള ചോറുമുഴുവനും കിട്ടാതെവന്നാൽ അടുക്കളവാതിൽക്കൽനിന്നു് അവൻ പോവുകയില്ല. കുറച്ചുനേരംകൂടി അവിടെ നിന്നിട്ടും ചോറു മുഴുവനും കൊടുത്തില്ലെങ്കിൽ തഹശീൽദാർ ഇരിക്കുന്ന സ്ഥലത്തു ചെന്നു് ഉറക്കെ ഒന്നു ഗർജിക്കും. തിരുനീലകണ്ഠൻ ആവലാതിക്കു ചെല്ലുമ്പോൾത്തന്നെ തഹശീൽദാരൻമാർക്കു കാര്യം മനസ്സിലാകും. അന്വേഷിക്കുമ്പോൾ ചോറു മുഴുവനും കൊടുത്തില്ലായിരിക്കും. തഹശീൽദാരുടെ മുമ്പിൽനിന്നു് അവൻ പോകണമെങ്കിൽ അവനു കൊടുപ്പാനുള്ള ചോറു്, അല്ലെങ്കിൽ അതിനു ശരിയാകത്തക്കവണ്ണമുള്ള പഴം, ശർക്കര, നാളികേരം മുതലായ സാമാനങ്ങൾ ഏതെങ്കിലും കൊടുത്തുകഴിഞ്ഞാൽ വാങ്ങി ഭക്ഷിക്കുകയും സ്വസ്ഥാനത്തു പോയി നിൽക്കുകയും ചെയ്തുകൊള്ളും. ഇതിനൊന്നിനും തിരുനീലകണ്ഠനു് ആനക്കാരൻമാരുടെ സഹായം ആവശ്യമില്ലായിരുന്നു.
എഴുന്നള്ളിക്കാറാകുമ്പോൾ ആനക്കാരൻമാരാരുമവിടെയില്ലെങ്കിലും തിരുനീലകണ്ഠൻ സ്വയമേവ കൊടിമരച്ചുവട്ടിൽ ഹാജരാകും. തലയിൽക്കെട്ടു കെട്ടിക്കുന്നതിനു് ആർക്കെങ്കിലും പുറത്തുകയറാം. അവൻ യാതൊരുപദ്രവവും ചെയ്യുകയില്ല. എന്നാൽ മുൻവശത്തുകൂടി കേറുകയും ഇറങ്ങുകയും ഗോവിന്ദശ്ശാരും എഴുന്നള്ളിക്കുന്ന ആളും മാത്രമേ പാടുള്ളൂ എന്നു് അവനു് നിർബന്ധമുണ്ടു്. മറ്റാരായാലും അവൻ പിൻകാൽ പൊക്കിക്കൊടുക്കും. അതിലേ കേറുകയും ഇറങ്ങുകയും ചെയ്തു കൊള്ളണം എന്നാണു് അവന്റെ ചട്ടം. എഴുന്നള്ളിപ്പിനു് ആനക്കാരില്ലെങ്കിലും കഴിച്ചുകൂട്ടുന്നതിനു് ഒരു പ്രയാസവുമില്ല. ഇന്നിന്ന സ്ഥലങ്ങളിൽ നടക്കണം, ഇന്ന സ്ഥലത്തു വേഗത്തിൽ നടക്കണം, ഇന്ന സ്ഥലത്തു സാവധാനത്തിൽ നടക്കണം, നിൽക്കുന്നതു് ഇത്രനേരം വേണം, ഇത്രാമതിത്രാമതുത്സവങ്ങളിൽ ശീവേലിക്കും വിളക്കിനും ഇത്രയിത്രനേരം താമസിക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ തിരുനീലകണ്ഠനു നല്ല നിശ്ചയമുണ്ടായിരുന്നു. ആനക്കാരുണ്ടായിരുന്നാൽ അവർ പറ്റുകേളി, വളരെ വിസ്തരിച്ചുള്ള നാഗസ്വരപ്രദക്ഷിണം, ചെണ്ടപ്രദക്ഷിണം എന്നിവയാകുമ്പോൾ തിരുനീലകണ്ഠന്റെ കാലുകളിൻമേൽ ചാരിയിരുന്നുറങ്ങുക പതിവാണു്. എന്നാൽ നിൽക്കുന്ന നിലയിൽ നിന്നു നടന്നു തുടങ്ങാറാകുമ്പോൾ അവൻ പതുക്കെ തുമ്പിക്കൈകൊണ്ടും മറ്റും അവരെ ഉണർത്തുകയല്ലാതെ ഉപദ്രവിക്കുക പതിവില്ല. സന്ധ്യവേലക്കാലത്തും ഉത്സവകാലത്തും വിളക്കിന്റെ ഉരുട്ടുചെണ്ട പ്രദക്ഷിണം വടക്കെ നടയിലാകുമ്പോൾ തിരുനീലകണ്ഠൻ അതിഗംഭീര ശബ്ദത്തോടുകൂടി ഗർജ്ജിക്കുക പതിവാണു്. അപ്പോൾ വലിയ കലവറയിൽ നിന്നു മൂന്നാലു പഴക്കുല കൊണ്ടുചെന്നു് അവനു് കൊടുത്തേയ്ക്കണം. പിന്നെ എത്രനേരം വേണമെങ്കിലും നിൽക്കുന്നതിനു് അവനു യാതൊരു വിരോധവുമില്ല. അതു കൊടുത്തില്ലെങ്കിൽ അവൻ ക്ഷണത്തിൽ നടന്നു പ്രദക്ഷിണം തികച്ചിട്ടു കൊടിമരച്ചുവട്ടിൽ ചെന്നു മടക്കും. ഉടനെ ഇറക്കിയെഴുന്നള്ളിച്ചുകൊള്ളണം. അങ്ങനെയാണു് അവന്റെ ഏർപ്പാടു്. അവന്റെ ഹിതത്തിനു വിപരീതമായി ഗോവിന്ദശ്ശാരൊന്നും പറയാറില്ല. പറഞ്ഞാൽ കേൾക്കുമോ എന്നു് അയാൾ പരീക്ഷിച്ചിട്ടില്ല. ഗോവിന്ദശ്ശാരു പറഞ്ഞാൽ തിരുനീലകണ്ഠൻ എന്തും ചെയ്യുമെന്നാണു് പരസമ്മതം. ആ മാനം പൊയ്പ്പോയെങ്കിലോ എന്നു വിചാരിച്ചുകൂടിയായിരിക്കാം അതു പരീക്ഷിച്ചുനോക്കാതെയിരുന്നിട്ടുള്ളതു്. തിരുനീലകണ്ഠന്റെ ഈ സ്വഭാവം എല്ലാവർക്കും അറിയാവുന്നതുകൊണ്ടു് അവന്റെ ഗർജനം കേട്ടാലുടനെ പഴക്കുലകൊണ്ടുചെന്നു കൊടുക്കാതെയിരിക്കാറില്ല. ചില തഹശീൽദാന്മാരുടെ സ്വഭാവവ്യത്യാസം നിമിത്തം ഒന്നോ രണ്ടോ പ്രാവശ്യമേ തിരുനീലകണ്ഠന്റെ ഗർജനം കേട്ടിട്ടും പഴക്കുലകൊടുക്കാതെയിരുന്നിട്ടുള്ളൂ. അന്നൊക്കെ അവൻ മേൽപ്രകാരം വിളക്കു് ക്ഷണത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു.
തിരുനീലകണ്ഠന്റെ ഓർമശക്തിയും വിസ്മയിക്കത്തക്കതുതന്നെയായിരുന്നു. ഒരിക്കൽ അവനെ ഏറ്റുമാനൂരാറാട്ടിനു് എഴുന്നള്ളിക്കാൻ കൊണ്ടുപോയിരുന്നു. എഴുന്നള്ളിച്ചു വടക്കെ നടയിലായപ്പോൾ ചുറ്റമ്പലത്തിൽനിന്നും പുറത്തേക്കു് അടിയിൽകൂടിയുള്ള ഓകിന്റെ മീതെയിരുന്ന തളക്കല്ലിൻമേൽ അവൻ ചവിട്ടുകയും കല്ലു് കീഴ്പോട്ടു താണുപോകുകയും ചെയ്തു. തിരുനീലകണ്ഠൻ അവന്റെ സാമർത്ഥ്യംകൊണ്ടു കാൽ ആ കുഴിയിലകപ്പെടാതെ ക്ഷണത്തിൽ അവിടം കടന്നുകളഞ്ഞു. പിന്നെയും ആ ആണ്ടുതോറും അവനെ ഏറ്റുമാനൂരാറാട്ടിനെഴുന്നള്ളിക്കാൻ കൊണ്ടു പോകാറുണ്ടായിരുന്നു. എന്നാൽ അവൻ വടക്കെ നടയിൽ ആ ഓകിന്റെ ചൊവ്വിനാകുമ്പോൾ ആ തളക്കല്ലിൻമേൽ ചവിട്ടാതെ കാൽ അകത്തിവയ്ക്കുക പതിവായിരുന്നു. വളരെക്കാലം കഴിഞ്ഞിട്ടും ഒരിക്കലവനു് അബദ്ധം പറ്റാൻ ഭവിച്ച ആ സംഗതി അവൻ മറന്നില്ല.
തിരുനീലകണ്ഠനു നമ്മുടെ ഇപ്പോഴത്തെ ഗംഗാധരനെയും മറ്റും പോലെ കൂട്ടാനയെക്കുത്തുകയെന്നുള്ള ദുഃസ്വഭാവമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അവനു സ്വജാതിസ്നേഹവും ധാരാളമുണ്ടായിരുന്നു. ചില കട്ടിയാനകൾ തിന്നാനൊന്നുമില്ലാതെ വിശന്നു നിൽക്കുന്നതു കണ്ടാൽ അവൻ അവന്റെ തീറ്റമനസ്സാമാനങ്ങളിൽ നിന്നു കുറേശ്ശെയെടുത്തു് അവയുടെ മുമ്പിലേക്കു് മാറ്റിയിട്ടുകൊടുക്കുക പതിവാണു്. എന്നാൽ കൂട്ടാനയെ കുത്തുന്ന ആനകളോടു് അവനു് വളരെ വിരോധവുമാണു്. വേലായുധൻ കഴിഞ്ഞതിന്റെ ശേഷം ഒരഷ്ടമിയെഴുന്നള്ളത്തിനു ചങ്ങനാശ്ശേരി ലഷ്മീപുരത്തുകൊട്ടാരംവക ഒരാനയെ വൈക്കത്തു വരുത്തിയിരുന്നു. ആ ആനയും വളരെ നല്ലതായിരുന്നു. പക്ഷേ, കൂട്ടാനയെ കുത്തുകയെന്നുള്ള ദുഃസ്വഭാവംകൊണ്ടു് അവനെ എഴുന്നള്ളത്തിനു കൊണ്ടുപോകാൻ എല്ലാവർക്കും വളരെ ഭയമായിരുന്നു. വൈക്കത്തു് അക്കൊല്ലം വേറെ നല്ലയാനയെ കിട്ടായ്കകൊണ്ടുമാത്രം അവനെ വരുത്തിയതാണു്. അഷ്ടമിദിവസം വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും എഴുന്നള്ളിക്കുന്നതിനു് രണ്ടു നല്ലയാനകളില്ലാതെ നിവൃത്തിയില്ലല്ലോ. ലഷ്മീപുരത്തുകൊട്ടാരത്തിലെ ആനയെ വരുത്തിയ കാലം അഷ്ടമിക്കു കൊട്ടാരം വക ആനപ്പുറത്തു് വൈക്കത്തപ്പനെയും തിരുനീലകണ്ഠന്റെ പുറത്തു് ഉദയനാപുരത്തപ്പനെയുമാണു് എഴുന്നള്ളിച്ചിരുന്നതു്. ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തു വടക്കെ ഗോപുരത്തിനകത്തു കടന്നു കിഴക്കോട്ടു തിരിഞ്ഞപ്പോൾ വൈക്കത്തപ്പനെ വഹിച്ചുകൊണ്ടു് കൊട്ടാരം വക ആന കിഴക്കെ ആനക്കൊട്ടിലിൽ പടിഞ്ഞാട്ടു തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. തിരുനീലകണ്ഠൻ തലയുയർത്തിപ്പിടിച്ചു ചെവിയുമാട്ടി മന്ദംമന്ദം ആടിക്കുഴഞ്ഞു് അങ്ങനെ വരുന്നതു കണ്ടിട്ടു കൊട്ടാരംവക ആനയ്ക്കു് ഒട്ടും രസിച്ചില്ല. നമ്മുടെ കഥാനായകനെ നേരിട്ടു കണ്ടപ്പോഴേക്കും മറ്റേയാന ചെവി വട്ടം പിടിക്കുകയും വാലുയർത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടു മുൻപോട്ടു നടന്നുതുടങ്ങി. ആനക്കാരനമാർ തോട്ടിയിട്ടു് പിടിക്കുകയും കുന്തംകൊണ്ടു കുത്തുകയും മറ്റും ചെയ്തിട്ടും അവൻ നിന്നില്ല. ആ ആന, ആനക്കൊട്ടിലിനു പുറത്തായപ്പോഴേക്കും വൈക്കത്തു മതിൽക്കകത്തുണ്ടായ ഭൂകമ്പം ഇന്നപ്രകാരമെന്നു പറയാൻ പ്രയാസം. വാദ്യക്കാർ, തീവെട്ടിക്കാർ, മുതലായവർപോലും പ്രാണഭീതിയോടുകൂടി നാലു പുറത്തേക്കും ഓടി. ഇതൊക്കെയായിട്ടും നമ്മുടെ തിരുനീലകണ്ഠനും ഗോവിന്ദശ്ശാർക്കും ഒരിളക്കവുമുണ്ടായില്ല. കൊട്ടാരം വക ആന അടുത്തു തുടങ്ങിയപ്പോൾ തിരുനീലകണ്ഠൻ ഗോവിന്ദശ്ശാരുടെ കയ്യിലിരുന്ന വളർവടി തുമ്പിക്കൈയ്യിൽ മേടിച്ചു പിടിച്ചു. കൊട്ടാരം വക ആന തിരുനീലകണ്ഠനെ കുത്താനായി പാഞ്ഞുചെന്ന സമയം തിരുനീലകണ്ഠൻ സ്ഥാനം നോക്കി ആ വടികൊണ്ടു് ഒരടി കൊടുത്തു. അടി കൊണ്ട ഉടനെ കൊട്ടാരംവക ആന ഉറക്കെ നിലവിളിച്ചുകൊണ്ടു് ഓടിച്ചെന്നു ബലിക്കൽപ്പുരയിൽക്കയറി പേടിച്ചു വിറച്ചുകൊണ്ടു നിന്നു. ആനക്കാരന്മാർ പഠിച്ച വിദ്യകളെല്ലാം നോക്കീട്ടും ആ ആനയെ അപ്പോൾ അവിടെനിന്നു് ഇറക്കിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല. വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും കൂടി ഒരുമിച്ചു് ആനക്കൊട്ടിലിൽ എഴുന്നള്ളിച്ചുനിറുത്തീട്ടു വേണമല്ലോ കാണിക്കയിടുക മുതലായവ നടത്താൻ. അതിനാൽ വെറൊരാനയെക്കൊണ്ടു വന്നു കൊട്ടാരംവക ആനയുടെ പുറത്തു നിന്നു വൈക്കത്തപ്പനെ ആ ആനയുടെ പുറത്തേക്കു മാറ്റി എഴുന്നള്ളിച്ചു, കിഴക്കെ ആനക്കൊട്ടിലിൽ ഉദയനാപുരത്തപ്പനോടുകൂടി നിറുത്തി, കാണിക്കയിടുക കഴിക്കുകയും അവിടെ നിന്നെഴുന്നള്ളിച്ചു പടിഞ്ഞാറെ നടയിലാവുകയും ചെയ്തതിന്റെശേഷം കൊട്ടാരംവക ആനയെ ബലിക്കൽപ്പുരയിൽനിന്നിറക്കി, തലയിൽക്കെട്ടു് അഴിച്ചെടുത്തുകൊണ്ടുപോയിത്തളച്ചു. അതിൽപ്പിന്നെ കൊട്ടാരംവക ആന കൂട്ടാനയെക്കുത്തുക ഒരിക്കലുമുണ്ടായിട്ടില്ല. തിരുനീലകണ്ഠനെ തിരുവിതാംകൂറിനു പുറത്തു് ഒരു സ്ഥലത്തും അയയ്ക്കുക പതിവില്ല. തൃപ്പൂണിത്തുറയുൽസവം, തൃശ്ശിവപേരൂർപൂരം, ആറാട്ടുപുഴപൂരം മുതലായ അടിയന്തിരങ്ങൾക്കു് എഴിന്നളളള്ളിപ്പിനായി തിരുനീലകണ്ഠനെ കൊണ്ടുപോകുന്നതിനു പലരും വരികയും വളരെ നിർബന്ധിക്കുകയും കൂലി എന്തുവെണമെങ്കിലും കൊടുക്കാമെന്നു പറയുകയും മറ്റും പല പ്രാവശ്യമുണ്ടായിട്ടുണ്ടു്. എങ്കിലും അവനെ എങ്ങും അയയ്ക്കാറില്ല. തിരുനീലകണ്ഠന്റെ അന്യാദ്യശങ്ങളായ യോഗ്യതാംശങ്ങൾ കേട്ടുകേട്ടു് അവനെ ഒന്നു കാണണമെന്നുള്ള ആഗ്രഹം കൊച്ചിത്തമ്പുരാക്കൻമാർക്കു കലശലായിത്തീരുകയാൽ നമ്മുടെ ആയില്യം തിരുനാൾ തിരുമനസ്സിലേക്കാലത്തു് അവിടുത്തെപ്പേർക്കു് അന്നത്തെ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ഒരു കളഭവും വിളക്കും നിശ്ചയിച്ചിരിക്കുന്നുവെന്നും അതിന്റെ എഴുന്നള്ളിപ്പിനു് തിരുനീലകണ്ഠനെ അയയ്ക്കുന്നതിനു് അനുവാദമുണ്ടായിരിക്കണമെന്നും നേരിട്ടു ഒരു സ്വകാര്യക്കത്തയയ്ക്കുകയും അതിൻപ്രകാരം കല്പിച്ചനു വദിച്ചു കല്പനപ്രകാരം എഴുതിവരികയും ചെയ്യുകയാൽ ഒരിക്കൽ അവനെ തൃപ്പൂണിത്തുറ അയയ്ക്കുകയുണ്ടായിട്ടുണ്ടു്. ആ എഴുന്നള്ളിപ്പുകഴിഞ്ഞു തിരിയെ വൈക്കത്തു കൊണ്ടുവന്നപ്പോഴേക്കും തിരുനീലകണ്ഠൻ വളരെ ക്ഷീണിക്കുകയും പഴം കൊടുത്താൽപോലും തിന്നാതെയും വെള്ളം കുടിക്കാതെയുമാവുകയും എണീറ്റു നടക്കാൻപോലും ശക്തനല്ലാതെ കിടപ്പാവുകയും അവന്റെ ദേഹത്തിലെല്ലാം കഴഞ്ചിക്കുരു മുഴുപ്പിൽ ഒരുമാതിരി പോളയുണ്ടാവകയും ചെയ്തു. പിന്നെ വേലൻപ്രവൃത്തി, വറതിരുമ്മുക, മുതലായ മന്ത്രവാദങ്ങളും അനേകം ചികിൽസകളും മറ്റും ചെയ്തതിന്റെ ശേഷമാണു് അവനു സുഖമായതു്. ഈ ആപത്തുണ്ടായതു കരിങ്കണ്ണൻമാരായ ആരുടെയോ നാവിൻദോഷം നിമിത്തമാണെന്നുളളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. ഇതു കഴിഞ്ഞതിൽപ്പിന്നെ അവനെ ഈ രാജ്യത്തിനു പുറത്തു് ഒരു സ്ഥലത്തുമയച്ചിട്ടില്ല.
ഒരാണ്ടിൽ കുംഭമാസത്തിലഷ്ടമിക്കു കിഴക്കോട്ടെഴുന്നള്ളിച്ചുപോയ സമയം മദ്ധ്യേ മാർഗം ഒരു സ്ഥലത്തുവെച്ചു തലയിൽക്കെട്ടിലെ ഒരു സ്വർണകുമിള ചില കുത്തുകൾ വിട്ടുപോവുകയാൽ തൂങ്ങിക്കിടക്കുന്നതായിക്കണ്ടു ഗോവിന്ദശ്ശാർ അതു പറിച്ചെടുക്കാനായി ഭാവിച്ചു. സർക്കാർവക ഉരുപ്പടി വല്ലെടത്തും പൊഴിഞ്ഞുപോയാൽ വഴക്കായി തീരുമല്ലോ എന്നും അതിനിടയാകാതെ അതു പറിച്ചെടുത്തു ദേവസ്വക്കാരെ ഏൽപിച്ചേക്കാമെന്നും മാത്രമേ ഗോവിന്ദശ്ശാരു വിചാരിച്ചുള്ളൂ. താൻ തലയിൽക്കെട്ടിൽ തൊടുമ്പോൾ എഴുന്നള്ളിക്കപ്പെട്ടിരുന്ന ബിംബവും എഴുന്നള്ളിച്ചിരിക്കുന്ന ആളുകളും ശുദ്ധംമാറുമെന്നുള്ള വിചാരം അയാൾക്കുണ്ടായില്ല. എന്നാൽ തിരുനീലകണ്ഠനു താൻ വഹിക്കുന്ന ബിംബവും മറ്റും ശുദ്ധം മാറ്റരുതെന്നുള്ള വിചാരം നല്ലപോലെയുള്ളതിനാൽ അവനതു സമ്മതിച്ചില്ല. കുമിളപറിച്ചെടുക്കാനായി ഗോവിന്ദശ്ശാർ കൈ പൊക്കിയപ്പോൾ തിരുനീലകണ്ഠൻ അവന്റെ കടക്കൊമ്പുകൊണ്ടു പതുക്കെ ഒരു തട്ടുകൊടുത്തു. തിരുനീലകണ്ഠന്റെ തട്ടു വളരെ പതുക്കെയും ദയയോടുകൂടിയതുമായിരുന്നുവെങ്കിലും ഗോവിന്ദശ്ശാർക്കു് അതു കണക്കിനു പറ്റി. “അയ്യോ! മക്കളേ! ചതിച്ചോടാ!” എന്നുള്ള നിലവിളിയോടുകൂടി അയാൾ തൽക്ഷണം നിലത്തു പതിച്ചു. അപ്പോഴേക്കും തിരുനീലകണ്ഠൻ വളരെ വല്ലാതെയി. അവൻ പശ്ചാത്താപത്തോടുകൂടി കണ്ണുനീരൊഴുക്കുകയും ചില ദീനസ്വരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടു് അവിടെതന്നെ നിന്നു. അവനെ അവിടെനിന്നു മാറ്റി കിഴക്കോട്ടെഴിന്നള്ളിച്ചു കൊണ്ടുപോകുന്നതിനു് മറ്റുള്ള ആനക്കാരെല്ലാം പഠിച്ച വിദ്യകളെല്ലാമെടുത്തിട്ടും സാധിച്ചില്ല. രണ്ടുമൂന്നു നാഴിക കഴിഞ്ഞപ്പോൾ ഗോവിന്ദശ്ശാർക്കു ബോധം വീഴുകയാൽ അയാൾ പതുക്കെ എണീറ്റിരുന്നു. അപ്പോൾ തന്റെ പ്രിയപ്പെട്ട വളർത്തുപുത്രനായ ശങ്കു വിഷണ്ണനായി നിൽക്കുന്നതു കണ്ടു് അയാൾ “ഇല്ല മക്കളേ സാരമില്ല; എനിക്കൊന്നും പറ്റിയില്ല. എന്റെ മക്കൾ പൊയ്ക്കോ വൈക്കത്തപ്പന്റെ എഴുന്നള്ളത്തിനു താമസം വരുത്തരുതു്” എന്നു പറഞ്ഞു. ഇത്രയും കേട്ടതിന്റെ ശേഷം തിരുനീലകണ്ഠൻ കിഴക്കോട്ടു നടന്നു തുടങ്ങി. കണ്ണുനീരുമൊലിപ്പിച്ചുകൊണ്ടു് അവൻ പോയ പോക്കുകണ്ടാൽ മനസ്സോടു കൂടി പോകുന്നതല്ലെന്നും ഗൊവിന്ദശ്ശാരെ വിട്ടുപോകുന്നതിനു് അവനൊട്ടും മനസ്സില്ലെന്നും വൈക്കത്തപ്പന്റെ അടിയന്തിരത്തിനു വീഴ്ച വരരുതല്ലോ എന്നുമാത്രം വിചാരിച്ചു പോകുന്നതാണെന്നും ആർക്കും മനസ്സിലാകുമായിരുന്നു. കിഴക്കോട്ടെഴുന്നള്ളിച്ചു പോയതിന്റെശേഷം ഗോവിന്ദശ്ശാരെ ചിലരെല്ലാംകൂടി എടുത്തു് അയാളുടെ ഭാര്യാഗ്രഹത്തിൽ കൊണ്ടുപോയി കിടത്തി (ഗോവിന്ദശ്ശാർ പതിവായി താമസിച്ചിരുന്നതു് അവിടെയാണു്). എഴുന്നള്ളിപ്പു കഴിഞ്ഞു തലയിൽക്കെട്ടു് അഴിച്ചെടുത്ത മാത്രയിൽ തിരുനീലകണ്ഠനും ആ വീടിന്റെ മുറ്റത്തെത്തി. പിന്നെ ഗോവിന്ദശ്ശാർക്കു സുഖമാകുന്നതുവരെ അവൻ മിക്കസമയവും അവിടെതന്നെയാണു് താമസിച്ചിരുന്നതു്. മതിൽക്കകത്തു പോയിട്ടു് വേണ്ടുന്ന കാര്യങ്ങൾക്കു മാത്രമേ അവൻ അവിടം വിട്ടുപോകാറിണ്ടായിരുന്നുള്ളു. ഗോവിന്ദശ്ശാർക്കു സുഖമാകുന്നതിനു രണ്ടുമൂന്നു മാസം വേണ്ടിവന്നു. അത്രയും കാലം തിരുനീലകണ്ഠൻ സാമാന്യം പോലെ തീറ്റി തിന്നുകപോലും ചെയ്തിരുന്നില്ല. ഇപ്രകാരമൊരബദ്ധം തിരുനീലകണ്ഠനു മുമ്പും അതിൽപിന്നെയും പറ്റീട്ടുമില്ല.
1061-ആമാണ്ടു് കർക്കടകസംക്രാന്തിക്കു പതിവുള്ള ശീവേലി കഴിഞ്ഞതിന്റെശേഷം തിരുനീലകണ്ഠനെ വൈക്കത്തിന്റെ തെക്കേക്കരയായ തോട്ടകത്തോളം കൊണ്ടുപോകേണ്ടതായിവന്നു. എന്തോ അസകൗര്യം നിമിത്തം ഗോവിശ്ശാർക്കു കൂടെപ്പോകുന്നതിനു തരപ്പെട്ടില്ല. അയാളുടെ അസിസ്റ്റന്റായ ഒരു ശങ്കുശ്ശാരാണു് തിരുനീലകണ്ഠനെ കൊണ്ടുപോയതു്. വലിയാനപ്പുഴയാറ്റിൽ അന്നു കഠിനമായ ഒഴുക്കുണ്ടായിരുന്നു. ഗോവിന്ദശ്ശാരായിരുന്നുവെങ്കിൽ തിരുനീലകണ്ഠനെ ആ സമയം ആറ്റിൽ ഇറക്കുകയില്ലായിരുന്നു. ശങ്കുശ്ശാർ അവനെ ആറ്റിൽ നീന്തിച്ചു് അക്കര കയറ്റി. അന്നുതന്നെ അയാൾ അവനെ വടക്കേക്കരയ്ക്കും നീന്തിച്ചുകയറ്റി. ഇങ്ങോട്ടായപ്പോഴേക്കും തിരുനീലകണ്ഠൻ വളരെ വിഷമിച്ചു. ഒന്നുരണ്ടു പ്രാവശ്യം ഒഴുകിപ്പോകാൻ തുടങ്ങി. എങ്കിലും അവൻ ഒരുവിധം കരയ്ക്കുകയറിയെന്നേ പറയാനുള്ളൂ. അപ്പോഴേക്കും നമ്മുടെ കഥാനായകൻ വളരെ അവശനായി.
തിരുനീലകണ്ഠൻ വടക്കേക്കര കയറിയപ്പോഴേക്കും ഗോവിന്ദശ്ശാരും അവിടെയെത്തി. അയാളെകണ്ടപ്പോൾ തിരുനീലകണ്ഠൻ തനിക്കു വളരെ അവശതപറ്റിയിരിക്കുന്നു എന്നു ചില ദീനസ്വരങ്ങൾകൊണ്ടു ഭാവഭേദം കൊണ്ടും ഗോവിന്ദശ്ശാർ മനസ്സിലാക്കി. കുറച്ചു നടന്നപ്പോഴേക്കും നടക്കാൻ പാടില്ലാതെ തിരുനീലകണ്ഠൻ നിന്നു തുടങ്ങി. അതു കണ്ടു ഗോവിന്ദശ്ശാർ, “എന്റെ മക്കൾക്കു നടക്കാൻ വയ്യാതായോ? എന്റെ മകനെന്തുപിണഞ്ഞു?” എന്നു ചോദിച്ചുകൊണ്ടു് കരഞ്ഞു തുടങ്ങി. അതുകണ്ടു തിരുനീലകണ്ഠനും കണ്ണുനീരു പൊഴിച്ചുതുടങ്ങി. “നടക്കാൻ വയ്യെങ്കിൽ എന്റെ മക്കൾ ഇന്നിനി നടക്കേണ്ട” എന്നു പറഞ്ഞു് ഗോവിന്ദശ്ശാർ അവനെ അവിടെ അടുത്തുള്ള ഒരു പുരയിടത്തിലേയ്ക്കു കയറ്റി. ആ പുരയിടം വഴിയേക്കാൾ സ്വല്പമുയർന്നതിനാൽ അങ്ങോട്ടു കയറുന്നതിനുതന്നെ തിരുനീലകണ്ഠൻ വളരെ പ്രയാസപ്പെട്ടു. അവിടെ നിന്നിരുന്ന ഒരു തെങ്ങിന്മേൽപ്പിടിച്ചാണു് അവൻ കയറിയതു്. ഗോവിന്ദശ്ശാർ അവനു കുറേ തെങ്ങോലയും കൈതയും കൊണ്ടു കൊടുത്തു. അവൻ ഒന്നും തിന്നില്ല. പിന്നെ അയാൾ ഒരു കുല പഴം മേടിച്ചു കൊടുത്തു. അതും തിന്നുന്നതിനു നമ്മുടെ കഥാനായകൻ ശക്തനായില്ല. ഓരോ പഴമായിട്ടു വായിൽ വച്ചുകൊടുത്തിട്ടും ഇറക്കുന്നതിനു വയ്യായിരുന്നു. തിരുനീലകണ്ഠൻ പഴം പോലും തിന്നാതെയിരിക്കുകയും വായിൽ വെച്ചുകൊടുത്തപഴമെല്ലാം താഴെ വീഴുകയും ചെയ്യുന്നതുകണ്ടു് ഗോവിന്ദശ്ശാർ മാറത്തടിച്ചു് ഉറക്കെക്കരഞ്ഞു തുടങ്ങി. അതു കണ്ടു് തിരുനീലകണ്ഠനും കണ്ണുനീരൊലിപ്പിക്കുകയും ദീനസ്വരത്തിൽ കരയുകയും തുമ്പിക്കൈ നീട്ടി ഗോവിന്ദശ്ശാരെ കൂടെകൂടെ തൊടുകയും മണപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാത്രിയായപ്പോൾ അവൻ കിടന്നു. ഗോവിന്ദശ്ശാർ ജലപാനംപോലും കഴിക്കാതെ രാത്രി മുഴുവൻ ഉറക്കമിളച്ചു് അവനെ തൊട്ടുതലോടിക്കൊണ്ടു് അടുക്കൽതന്നെയിരുന്നു. നേരം വെളുത്തപ്പോഴേക്കും നമ്മുടെ കഥാനായകൻ കഥാവശേഷനായിത്തീരുകയും ചെയ്തു.
തിരുനീലകണ്ഠന്റെ കാലാനന്തരം തൽസ്ഥാനത്തു നിയമിക്കപ്പെട്ട മഞ്ഞപ്രത്തിരുനീലകണ്ഠന്റെ ആനക്കാരനായിട്ടും കുറച്ചുകാലം ജീവിതത്തെ നയിച്ചതിന്റെ ശേഷം ഗോവിന്ദശ്ശാരും പരലോകത്തെ പ്രാപിച്ചു. ആകപ്പാടെ വിചാരിച്ചാൽ വൈക്കത്തു തിരുനീലകണ്ഠനെപ്പോലെ ഒരാനയും മൂലയിൽ ഗോവിന്ദശ്ശാരെപ്പോലെ ഒരാനക്കാരനും അതിനു മുമ്പും അതിൽപ്പിന്നെയും ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാവുകയുമില്ലെന്നു തീർച്ചയായി പറയാം.
|