close
Sayahna Sayahna
Search

ഊരകത്തു് അമ്മതിരുവടി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രകത്തു് അമ്മതിരുവടി ക്ഷേത്രത്തിൽ പണ്ടൊരു കാലത്തു വാഴപ്പിള്ളി മേനോന്മാരിൽ ഒരാൾക്കു് ആദ്യം നടകാവലും പിന്നീടു കണക്കെഴുത്തുമുണ്ടായിരുന്നു. കാലക്രമേണ ഊരാളന്മാരായ നമ്പൂരിമാരും മേനവനും തമ്മിൽ വലിയ പിണക്കമായിത്തീർന്നു. അതിനാൽ മേനോൻ ദേവസ്വംവക കണക്കുകളും ഗ്രന്ഥവരികളും മറ്റും ചുട്ടുനശിപ്പിച്ചുകളഞ്ഞു. തന്നിമിത്തം ഇപ്പോൾ ക്ഷേത്രസംബന്ധമായ പഴയ ചരിത്രമറിയുന്നതിനു് രേഖാപ്രമാണമൊന്നും ഇല്ലാതെയാണിരിക്കുന്നതു്. ഇതിനാൽ ഇതെഴുതുന്നതു് പഴമപരിചയമുള്ള വയോവൃദ്ധന്മാരിൽനിന്നു ലഭിച്ചിട്ടുള്ള കേട്ടു കേൾവിയെമാത്രം അടിസ്ഥാനപ്പെടുത്തിയാണു്.

അമ്മതിരുവടിക്ഷേത്രത്തിൽ സ്ഥാന (കാരയ്മ) ക്കണക്കു് ഇപ്പോഴും വാഴപ്പിള്ള മേനോന്റെ തറവാട്ടിൽ അന്നന്നു മൂപ്പായിട്ടുള്ള ആൾ ഒരു ഓലക്കണക്കുകെട്ടു് എടുത്തുകൊണ്ടു് എഴുന്നള്ളത്തിനു മുൻപിൽ നടക്കുക ഇപ്പോഴും പതിവുണ്ടു്. അതിലേക്കു ദേവസ്വത്തിൽനിന്നു ചില അനുഭവങ്ങൾ അവർക്കു ഇപ്പോഴും കൊടുത്തുവരുന്നുണ്ടു്. ആ തറവാട്ടിൽ അന്നന്നു മൂപ്പായിട്ടുള്ള മേനവനെ മുൻകാലങ്ങളിൽ എല്ലാവരും “കാക്കുന്ന മേനോൻ” എന്നാണു് പറഞ്ഞുവന്നിരുന്നതു്. അതു ലോപിച്ചു് “കാക്കര മേനോൻ” എന്നായിരിക്കുന്നു.

അമ്മതിരുവടിയുടെ സാക്ഷാൽ തിരുനാമധേയം “തിരുവലയന്നൂർ ഭഗവതി” എന്നാണു്. പ്രസിദ്ധനായിരുന്ന “മഴമംഗലത്തു നമ്പൂരി”യുടെ ഭാ‌ഷാനൈ‌ഷധ ചമ്പുവിൽ,

“അൻപതൊന്നക്ഷരാളീ കലിതതനുലതേ,
വേദമാകുന്ന ശാഖി
ക്കൊമ്പത്തൻപോടു പൂക്കും കുസുമതതിയിലേ
ന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർ ബാണഡംഭപ്രശമനസുകൃതോ
പാത്തസൗഭാഗ്യലക്ഷ്മീ
സമ്പത്തേ കുമ്പിടുന്നേൻ കഴലിണ വലയാ
ധീശ്വരീ, വിശ്വനാഥേ!”

എന്ന ആദ്യശ്ലോകം ഈ ദേവിയെക്കുറിച്ചാണു്. മഴമംഗലത്തു നമ്പൂരിയുടെ ഇല്ലം ഊരകത്തായിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. ഈ ഭഗവതിക്കു ഈ തിരുനാമധേയം സിദ്ധിച്ചതിന്റെ കാരണം താഴെപ്പറയുന്ന സംഗതികൾക്കൊണ്ടു് സ്പഷ്ടമാകുന്നതാണു് .

കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പെരുമനം ഗ്രാമത്തിലുൾപ്പെട്ട തൃശ്ശിവപേരൂർനിന്നു് ഏകദേശം ഏഴു നാഴിക തെക്കാണു് പ്രസ്തുത ക്ഷേത്രം സ്ഥിതിചെയ്യുന്നതു്. ശ്രീപരശുരാമൻ പരദേശത്തുനിന്നു് ആദ്യം കേരളത്തിൽ കൊണ്ടുവന്ന ബ്രാഹ്മണർ തിരിച്ചു പൊയ്ക്കളഞ്ഞതിനാൽ രണ്ടാമതു കൊണ്ടുവന്നവരും അപ്രകാരം പോകാതെയിരിക്കുന്നതിനായി അവരുടെ ശിഖ പിൻഭാഗത്തുനിന്നു മുൻഭാഗത്തത്താക്കുകയും ആചാരങ്ങൾ മിക്കവാറും മാറ്റുകയും അവർക്കു നമ്പൂരിമാരെന്നു സംജ്ഞകൽപ്പിച്ചു കേരളത്തിൽ സ്ഥിരതാമസമാക്കിക്കുകയും ചെയ്തിട്ടു മദ്ധ്യകേരളമായ തൃശ്ശിവപേരൂർവച്ചു് അന്തർദ്ധാനം ചെയ്തതിന്റെ ശേ‌ഷം നമ്പൂരിമാർ എല്ലാവരും കൂടി കേരളത്തിന്റെ സർവ്വ സമ്പദ്സമൃദ്ധ്യർത്ഥം കാഞ്ചീപുരത്തുപോയി കാമാക്ഷിയമ്മനെ സേവിച്ചു പ്രത്യക്ഷീകരിച്ചു കൊണ്ടുവന്നു കേരളത്തിൽ പ്രതി‌ഷ്ഠിക്കണമെന്നു നിശ്ചയിക്കുകയും അതിനായി “തിരുവലയന്നൂർ” ഭട്ടതിരിയെയും അദ്ദേഹത്തിനു സഹായത്തിനായി “കീഴോട്ടുകര” നമ്പൂരിപ്പാടിനെയും “കോമരത്തു” മേനവനെയും തിരഞ്ഞെടുത്തു് അയയ്ക്കുകയും ചെയ്തു. അവർ മൂന്നുപേരും കാഞ്ചീപുരത്തു പോയി ഭക്തിപൂർവ്വം ഭജിക്കുകയാൽ അമ്മൻ പ്രത്യക്ഷമായി “നിങ്ങളുടെ അഭീഷ്ടമെന്താണു്” എന്നു ചോദിച്ചപ്പോൾ “അമ്മൻ ഞങ്ങളോടുകൂടി കേരളത്തിലേക്കു പോരണം” എന്നു് അവർ സവിനയം അപേക്ഷിക്കുകയും ദേവി അപ്രകാരം സമ്മതിക്കുകയും ചെയ്തു.

Chap62pge480.png

അവർ മൂന്നുപേരും സസന്തോ‌ഷം സ്വദേശത്തു മടങ്ങിയെത്തി. സ്വഗൃഹത്തിൽ ചെന്നു് അവരുടെ കൈയിലുണ്ടായിരുന്ന ഓലക്കുട ഓരോ സ്ഥലത്തുവച്ചിട്ടു് പോയി കുളി മുതലായവ കഴിച്ചു് തിരിച്ചുവന്നു കുടയെടുത്തപ്പോൾ അതു് എടുക്കാൻ വയ്യായിരുന്നു. അതിന്റെ കാരണമെന്തെന്നു പ്രശ്നംവെപ്പിച്ചു നോക്കിയപ്പോൾ ആ കുടകളിൽ ദേവി ഇളകൊണ്ടിരുന്നതിനാലാണു് അവ ഇളകാത്തതെന്നു കണ്ടു. അതിനാൽ ആ സ്ഥലങ്ങളിൽവച്ചുതന്നെ ദേവിയെ പൂജിച്ചുകൊണ്ടിരുന്നു.

അങ്ങനെ കുറച്ചുകാലം കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം തിരുവലയന്നൂർ ഭട്ടതിരിക്കു് ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പടിഞ്ഞാറ്റി ശ്രീകോവിലാക്കി ക്ഷേത്രം പണിയിച്ചു ദേവിയെ അവിടെ കുടിയിരുത്തണമെന്നും ഇല്ലത്തെ വക സകലസ്വത്തുക്കളും ദേവിക്കായി വെച്ചൊഴിയുകയും ദേവസ്വകാര്യങ്ങൾ അന്വേ‌ഷിക്കുന്നതിനുള്ള അധികാരം കൊച്ചിരാജാവിനെ ഏൽപ്പിക്കുകയും ചെയ്യണമെന്നും ഇത്രയും ചെയ്തതിന്റെ ശേ‌ഷം ഭട്ടതിരി വടക്കോട്ടു പോയ്ക്കൊള്ളണമെന്നും ഒരു ദിവസത്തെ വഴി വടക്കോട്ടു ചെല്ലുമ്പോൾ ഇവിടെ ഇപ്പോൾ ഉള്ളതിലിരട്ടി സ്വത്തുക്കളും മറ്റും അവിടെ കിട്ടുമെന്നും ഇളങ്കുന്നിന്റെ വടക്കെ താഴ്വരയിൽ പാതാളാഞ്ജനംകൊണ്ടുള്ള ഒരു ബിംബം കിടക്കുന്നുണ്ടെന്നും ആ ബിംബമെടുത്തു ദേവിയെ അതിന്മേലാവാഹിച്ചു പ്രതി‌ഷ്ഠ നടത്തിച്ചുകൊള്ളണമെന്നും ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. അദ്ദേഹം ഉണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു ദേവിതന്നെ തന്നോടരുളിച്ചെയ്തതാണെന്നു് അദ്ദേഹം വിശ്വസിച്ചു. അടുത്ത ദിവസം രാവിലെ പുറപ്പെട്ട ഭട്ടതിരി ഇളങ്കുന്നിന്റെ താഴ്വരയിൽ ചെന്നു നോക്കിയപ്പോൾ സ്വപ്നത്തിൽ കണ്ടതുപോലെ പാതാളാഞ്ജനം കൊണ്ടുള്ള ഒരു ദേവീവിഗ്രഹം കണ്ടെത്തി. അപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസം കുറച്ചുകൂടി ദൃഢീഭവിച്ചു. ഉടനെ അദ്ദേഹം ആ വിഗ്രഹം അവിടെനിന്നെടുപ്പിച്ചു് കൊണ്ടുവന്നു ജലാധിവാസം ചെയ്യിക്കുകയും സ്വപ്നത്തിൽ കണ്ടതുപോലെതന്നെ ക്ഷേത്രം പണിയിക്കുകയും ഒരു സുമുഹൂർത്തത്തിൽ പ്രതി‌ഷ്ഠയും കലശവും നടത്തിക്കുകയും സകല സ്വത്തുക്കളും ദേവിക്കായി വച്ചൊഴിയുകയും ദേവസ്വകാര്യാന്വേ‌ഷണം കൊച്ചിരാജാവിനെ ഏൽപ്പിക്കുകയും ചെയ്തതിന്റെ ശേ‌ഷം വടക്കോട്ടു പോയി. ഒരു ദിവസം വൈകുന്നേരം ഒരില്ലത്തെത്തി കുളിയും സന്ധ്യാ വന്ദനവും അത്താഴവും കഴിച്ചു് അവിടെത്താമസിച്ചു. അക്കാലത്തു് ആ ഇല്ലത്തെ ഗൃഹസ്ഥൻ അനപത്യതകൊണ്ടു വി‌ഷണ്ണനും വാർദ്ധക്യം കൊണ്ടു വിവശനുമായിത്തീരുകയാൽ കൊള്ളാവുന്ന ഒരില്ലത്തുനിന്നു ചിലരെ അവിടെ ദത്തെടുത്തു് അവകാശപ്പെടുത്തണമെന്നു വിചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭട്ടതിരിയുമായി കുറച്ചുനേരം സംഭാ‌ഷണം ചെയ്തുകഴിഞ്ഞപ്പോൾ അദ്ദേഹത്തെത്തന്നെ ദത്തെടുത്താൽക്കൊള്ളാമെന്നു ഗൃഹസ്ഥനു തോന്നുകയും ആ വിവരം ഭട്ടതിരിയോടു പറയുകയും ഭട്ടതിരി തനിക്കുണ്ടായ സ്വപ്നത്തെക്കുറിച്ചുകൂടി ഓർത്തിട്ടു ഗൃഹസ്ഥന്റെ അഭിപ്രായപ്രകാരം ചെയ്യുന്നതിനു പൂർണ്ണമായി സമ്മതിക്കുകയും അചിരേണ ഭട്ടതിരിയെ സകുടുംബം ആ ഇല്ലത്തേക്കു ദത്തെടുക്കുകയും ചെയ്തു. ആ ഇല്ലത്തേക്കു് ഭട്ടതിരിയുടെ ഇല്ലത്തേക്കുണ്ടായിരുന്നതിൽ ഇരട്ടിയിലധികം സ്വത്തുണ്ടായിരുന്നു. ഈ ഇല്ലമാണു് പ്രസിദ്ധമായ സാക്ഷാൽ “പൂമുള്ളിമന” എന്നുകൂടി പറഞ്ഞാൽ അവിടെ ധനപുഷ്ടിക്കു് ഇപ്പോഴും യാതൊരു കുറവും വന്നിട്ടിലെന്നു എല്ലാവർക്കും അറിയാമല്ലോ. ഇപ്പോൾ പൂമുള്ളിമനയ്ക്കലുള്ളവരെല്ലാം തിരുവലയന്നൂർ ഭട്ടതിരിയുടെ സന്താനപരമ്പരയിലുൾപ്പെട്ടവരാണെന്നു് ഇനി വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇപ്പോഴും അമ്മ തിരുവടി ക്ഷേത്രത്തിൽ പൂമുള്ളിനമ്പൂരിപ്പാട്ടിലേക്കും തന്ത്രിക്കും മേൽശാന്തിക്കുമല്ലാതെ അകത്തു കടന്നു പൂജ കഴിക്കാൻ പാടില്ലെന്നാണു് വച്ചിരിക്കുന്നതു് . ദേവിയെ സേവിച്ചുകൊണ്ടു് വരുകയും തന്റെ ഇല്ലംതന്നെ ക്ഷേത്രമാക്കി പ്രതി‌ഷ്ഠ നടത്തുകയും ചെയ്തതു് തിരുവലയന്നൂർ ഭട്ടതിരി ആയതുകൊണ്ടാണു് ഊരകത്തു് അമ്മ തിരുവടിക്കു “തിരുവലയന്നൂർ ഭഗവതി” എന്നുള്ള തിരുനാമം സിദ്ധിച്ചതെന്നു് ഇനി പ്രത്യേകം പറയണമെന്നു തോന്നുന്നില്ല. ദേവിക്കു പ്രതിദിനം അഭി‌ഷേകം കഴിഞ്ഞാലുടനെയുള്ള നിവേദ്യം ഇപ്പോഴും പൂമുള്ളിമനയ്ക്കലെ വകയായിട്ടാണു് നടത്തിപ്പോരുന്നതു് .

ഊരകത്തു് അമ്മതിരുവടിക്ഷേത്രത്തിന്റെ മതിൽക്കകത്തു കിഴക്കേ പടിഞ്ഞാറുവശത്തായി കരിങ്കൽത്തറയോടുകുടി പ്രദക്ഷിണവഴിക്കു ഇപ്പോൾ ഒരു പിലാവു നിൽക്കുന്ന സ്ഥലം പണ്ടു് തിരുവലയന്നൂർ ഭട്ടതിരിയുടെ ഇല്ലത്തിന്റെ മുറ്റമായിരുന്നു. ആ സ്ഥലത്തായിരുന്നു ഭട്ടതിരി കാഞ്ചീപുരത്തുനിന്നു മടങ്ങിവന്നപ്പോൾ ഓലക്കുട വച്ചതു്. ആ സ്ഥലത്തിനു ഇപ്പോൾ ശ്രീമൂലസ്ഥാനം എന്നാണു് പേർ പറഞ്ഞു വരുന്നതു്. ശ്രീമൂല സ്ഥാനത്തും പതിവായി പൂജയും ജനങ്ങൾ വന്ദിക്കുകയും ഇപ്പോഴും നടന്നുവരുന്നുണ്ടു്. അവിടെ എന്തെങ്കിലും കാരണവശാൽ അശുദ്ധി ബാധിച്ചാൽ ശ്രീകോവിലിനകത്തു ബിംബത്തിങ്കലും പുണ്യാഹം വേണം. ദേവി കാഞ്ചീപുരത്തുനിന്നു് കേരളത്തിലേക്കു് പോന്നതു് ഓലക്കുടയിന്മേൽ അധിവസിച്ചുകൊണ്ടായിരുന്നതിനാൽ അമ്മതിരുവടിക്കു് ഇപ്പോഴും ഓലക്കുട പ്രധാനമാണു്. മൂന്നുനേരവും ശീവേലിക്കു് അവിടെ ഇപ്പോഴും ഓലക്കൂടതന്നെയാണു് പിടിക്കുക പതിവു്. പൂരത്തിനും മറ്റും പുറത്തേക്കെഴുന്നള്ളിക്കുന്ന ദിവസങ്ങളിൽ ആനപ്പുറത്തു് പിടിക്കുന്നതിനുള്ള പട്ടുകുടയും അവിടെ ഉണ്ടാക്കുന്നതു് ഉള്ളിൽ ഓലക്കുടകൂടി ചേർത്താണു്.

അമ്മതിരുവടിക്ഷേത്രം ഒരു മഹാക്ഷേത്രമായിട്ടാണു് ഇപ്പോഴുമിരിക്കുന്നതു്. ഇവിടെ പതിവായി അഞ്ചു പൂജ, മൂന്നു ശീവേലി, നവകം, പഞ്ചഗവ്യം മുതലായവയെല്ലാം ഇപ്പോഴും നടന്നുവരുന്നുണ്ടു്.

ദേവി കാർത്യായനി (കന്യക) ആകയാൽ ഇവിടെ സുഗന്ധമുള്ള പു‌ഷ്പങ്ങൾ പൂജയ്ക്കും, മറ്റും ഉപയോഗിക്കാൻ പാടില്ലെന്നു മാത്രമല്ല, പൂരം മുതലായവയ്ക്കു വെടി, വെടിക്കെട്ടു് മുതലായ കരിമരുന്നുപ്രയോഗങ്ങളും പതിവില്ല.

Chap62pge484.png

അമ്മതിരുവടിയുടെ ക്ഷേത്രസങ്കേതത്തിനകത്തു നായന്മാരിൽ താഴ്ന്ന ജാതിക്കാർ കുടിപ്പാർക്കുകയോ മദ്യം, മാംസം മുതലായവ ക്രയവിക്രയങ്ങൾ ചെയ്യുകയോ പാടില്ല. നായന്മാർ മുതലായ ജാതിക്കാർക്കുതന്നെയും പുരയ്ക്കു് ഓടുമേയിക്കാനോ നാലുകോടി (മൂല)കളും ചേർത്തിണക്കി പടിപ്പുര പണിയിക്കാനോ അടിയന്തിരങ്ങൾക്കു് അപ്രകാരം പന്തൽ (കൊട്ടിൽ) കെട്ടിക്കുവാനോ അർഹതയില്ല. പുരയ്ക്കു് ഓടിടുവിക്കുന്നതിനു കല്യാണത്തിനു് ആനപ്പുറത്തു മുല്ല കൊണ്ടുവരുവാനും വലിയ പപ്പടം, പഞ്ചസാര മുതലായവയോടുകൂടി സദ്യ കഴിക്കുന്നതിനും ദേവസ്വത്തിലെ അനുവാദത്തോടുകൂടി വലിയ തമ്പുരാൻ തിരുമനസ്സിലെ തീട്ടുരം വേണം. പുരയ്ക്കു് ഓടിടുവിക്കുന്നതിനു ദേവസ്വത്തിലെ അനുവാദം കിട്ടണമെങ്കിൽ ദേവിയുടെ നടയിൽ ഒരു നൂറ്റൊന്നു പണം കെട്ടി വയ്ക്കണം (ഒരു പണത്തിനു് നാലണ ഏഴുപൈ).

കീഴോട്ടുകര നമ്പൂരിപ്പാടും കോമരത്തു മേനവനും കൊണ്ടുവന്ന ഭഗവതിമാരെ അവരും ഓരോ സ്ഥലത്തു് പ്രതി‌ഷ്ഠിപ്പിച്ചു. നമ്പൂരിപ്പാടു ഭഗവതിയെ പ്രതി‌ഷ്ഠിപ്പിച്ച സ്ഥലത്തിനു പി‌ഷാരിക്കലെന്നും മേനവൻ പ്രതി‌ഷ്ഠിപ്പിച്ച സ്ഥലത്തിനു് “പലിശ്ശേരി”യെന്നുമാണു് പേരു പറഞ്ഞു വരുന്നതു്. മൂന്നുപേരും (ഭട്ടതിരിയും നമ്പൂതിരിപ്പാടും മേനവനും) ഒരു ഭഗവതിയെത്തന്നെയാണു് സേവിച്ചുകൊണ്ടു് വന്നതു്. എങ്കിലും പ്രതി‌ഷ്ഠാസമയത്തെ ധ്യാനഭേദംകൊണ്ടോ എന്തോ, മേനവന്റെ ഭഗവതി ഭദ്രകാളിയായിത്തീർന്നു. അവിടെ ഇപ്പോഴും പൂജ നടത്തിവരുന്നതു് ഭദ്രകാളിയായിട്ടുതന്നെയാണു്. ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന സമയങ്ങളിൽ ഒരു വാളുമെടുത്തുകൊണ്ടു് കോമരത്തുമേനോൻ അകമ്പടി സേവിക്കുക ഇപ്പോഴും പതിവുണ്ടു്.

ആണ്ടുതോറും തുലമാസത്തിൽ അമാവാസിദിവസം അമ്മതിരുവടിയെ പുറത്തേക്കെഴുന്നള്ളിക്കുകയും കിഴക്കുവശത്തുള്ള മമ്പിള്ളിക്കുളത്തിൽ ആറാട്ടും പതിവുണ്ടു്. ആ ദിവസംമാത്രമെ പുറത്തേക്കു കിഴക്കെ ഗോപുരത്തിൽക്കൂടി എഴുന്നള്ളിക്കാറുള്ളു. പുറത്തേക്കെഴുന്നള്ളിക്കുക പതിവുള്ള മറ്റു ദിവസങ്ങളിൽ പടിഞ്ഞാറെ ഗോപുരത്തിൽക്കൂടിയാണു് പതിവു്. ഇതിനു പറഞ്ഞുവരുന്ന കാരണം താഴെക്കാണുന്ന പ്രകാരമാണു്.

പണ്ടൊരിക്കൽ കൊടുങ്ങല്ലൂർ ഭഗവതി ലോകരക്ഷാർത്ഥം ദേശ സഞ്ചാരം ചെയ്ത കൂട്ടത്തിൽ ഒരു ദിവസം ഇവിടെ വന്നുചേരുകയും അമ്മതിരുവടിയെക്കാണുകയും രണ്ടു പേരും തമ്മിൽ സഖ്യം സിദ്ധിക്കുകയും അമ്മതിരുവടി കൊടുങ്ങല്ലൂർ ഭഗവതി തന്റെ അടുക്കൽത്തന്നെ ഇരിക്കണമെന്നു് ആവശ്യപ്പെടുകയും കിഴക്കെ ഗോപുരത്തിന്റെ മുകളിൽ ഇരുന്നുകൊള്ളുന്നതിനു് അനുവദിക്കുകയും അതനുസരിച്ചു കൊടുങ്ങല്ലൂർ ഭഗവതി അന്നുമുതൽ കിഴക്കെ ഗോപുരത്തിന്റെ മുകളിൽ വാസമാവുകയും ചെയ്തു. അതിനാൽ അമ്മതിരുവടിയെ അതിലേ എഴുന്നള്ളിച്ചാൽ കൊടുങ്ങല്ലൂർ ഭഗവതിയുടെ കാൽക്കൂട്ടിൽക്കൂടിയാകുമല്ലോ. അതുകൊണ്ടാണു് അതിലെ എഴുന്നള്ളിപ്പു് വേണ്ടെന്നു വച്ചതു്. തുലാമാസത്തിൽ അമാവാസി ദിവസം സമുദ്രസ്നാനം ചെയ്യുന്നതിനായി കൊടുങ്ങല്ലൂർ ഭഗവതി തലേദിവസം രാത്രിയിൽത്തന്നെ ഇവിടെനിന്നു പോകും. പിന്നെ അമാവാസിനാൾ സമുദ്രസ്നാനവും മറ്റും കഴിഞ്ഞേ മടങ്ങിവരുകയുള്ളു. കൊടുങ്ങല്ലൂർ ഭഗവതി അവിടെയില്ലാത്ത സമയത്തു് അതിലെ എഴുന്നള്ളിക്കുന്നതിനു വിരോധമില്ലല്ലോ. അതുകൊണ്ടാണു് അന്നുമാത്രം അതിലെ എഴുന്നള്ളിക്കാമെന്നു വച്ചിരിക്കുന്നതു്. ഇപ്പോഴും ഇവിടെ ക്ഷേത്രത്തിൽ ദർശനത്തിനായി വരുന്ന ജനങ്ങൾ കൊടുങ്ങല്ലൂർ ഭഗവതിയെ ധ്യാനിച്ചു കിഴക്കെ ഗോപുരത്തിന്റെ മുകളിലേക്കും തൊഴുക പതിവുണ്ടു്.

ഇനി ഭഗവതി ആറാടുന്നതായ മമ്പിള്ളിക്കുളത്തിന്റെ ഉത്ഭവത്തെക്കുറിച്ചുകൂടി സ്വൽപം പറയേണ്ടിയിരിക്കുന്നു. മമ്പിള്ളി എന്നതു് ഒരു നമ്പൂരിയുടെ ഇല്ലപ്പേരാണു്. വലിയ ചിറപോലെ വലിപ്പമുള്ളതായ ഈ കുളം ഒരു ദിവസംകൊണു് കുത്തിച്ചതാണെന്നാണു് പറയുന്നതു്.

പണ്ടൊരുകാലത്തു കൊച്ചി രാജകുടുംബത്തിൽ പുരു‌ഷസന്താനം ചുരുക്കമായിത്തീർന്നു. അതിനാൽ അക്കാലത്തു ഗർഭിണിയായിത്തീർന്ന ഒരു തമ്പുരാട്ടി താൻ പ്രസവിച്ചുണ്ടാകുന്നതു് ഒരു പുരു‌ഷസന്താനമായിരിക്കണമെന്നുള്ള പ്രാർത്ഥനയോടുകൂടി ഊരകത്തു് അമ്മതിരുവടി ക്ഷേത്രത്തിൽ ഭജനമിരുന്നിരുന്നു. ആ ഭജനക്കാലത്തു് ഒരു ദിവസം തമ്പുരാട്ടി കാലും മുഖവും കഴുകുന്നതിനായി ക്ഷേത്രക്കുളത്തിൽ ചെന്നിറങ്ങിയ സമയം മമ്പിള്ളിയില്ലത്തെ ബ്രഹ്മചാരിയായ ഒരുണ്ണി ആ കുളക്കടവിൽ നിൽക്കുന്നുണ്ടായിരുന്നു. കുസൃതിക്കാരനായ ആ ഉണ്ണി തമ്പുരാട്ടിയുടെ മേൽമുണ്ടിന്മേൽ ചെളിവെള്ളം തട്ടിത്തെറിപ്പിച്ചു. തമ്പുരാട്ടിക്കു് ആ ഉണ്ണിയുടെ നേരെ സാമാന്യത്തിലധികം ദേ‌ഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ കയറിപ്പോവുകയും ആ മുണ്ടിലെ ചെളി കളയാതെ അതു് അപ്രകാരം തന്നെ സൂക്ഷിച്ചുവയ്ക്കുകയും ഭജനം കാലംകൂടിയതിന്റെ ശേ‌ഷം തമ്പുരാട്ടി കോവിലകത്തേക്കു തിരിച്ചെഴുന്നള്ളുകയും യഥാകാലം ഒരു പുരു‌ഷപ്രജയെ പ്രസവിക്കുകയും ചെയ്തു. ഭാഗ്യവാനായിരുന്ന ആ രാജകുമാരനു പതിനെട്ടാമത്തെ തിരുവയസ്സിൽത്തന്നെ രാജാധികാരം സിദ്ധിച്ചു്. രാജ്യഭാരമേറ്റിട്ടു് ആദ്യം വന്ന ആട്ടത്തിരുന്നാൾ ദിവസം അമ്മതമ്പുരാട്ടി സൂക്ഷിച്ചു വച്ചിരുന്ന ആ ചെളിപുരണ്ട മേൽമുണ്ടു് അപ്രകാരംതന്നെ ഉടുത്തുകൊണ്ടു് തമ്പുരാനു ചോറു വിളമ്പിക്കൊടുത്തു! ആ മുണ്ടു കണ്ടിട്ടു തമ്പുരാൻ അതങ്ങനെയാവാനുള്ള കാരണം കൽപ്പിച്ചു ചോദിക്കുകയും തമ്പുരാട്ടി വിവരമെല്ലാം ധരിപ്പിക്കുകയും ചെയ്തു. അമൃതേത്തു കഴിഞ്ഞു പുറത്തെഴുന്നള്ളിയ ഉടനെ തമ്പുരാൻ ദിവാൻജിയെ തിരുമുമ്പാകെ വരുത്തി “നാളെ രാവിലെ എനിക്കു കുളി മമ്പിള്ളി നമ്പൂരിയുടെ ഇല്ലമിരിക്കുന്ന സ്ഥലത്താണു്. അതിനു വേണ്ടതുപോലെ ചട്ടംകെട്ടിക്കൊള്ളണം” എന്നു കൽപിച്ചു. കൽപന പ്രകാരം ദിവാൻജി അന്നുതന്നെ വേണ്ടുന്ന ആളുകളെ ശേഖരിച്ചു നമ്പൂരിയുടെ ഇല്ലം പൊളിച്ചു മാറ്റിക്കുകയും അതിരുന്ന സ്ഥലത്തു വലിയ ചിറപോലെ ഒരു കുളംകുഴിപ്പിച്ചു പിറ്റേദിവസം നേരം വെളുക്കുന്നതിനു മുമ്പു് പുണ്യാഹം കഴിപ്പിച്ചു ശുദ്ധമാക്കിക്കുകയും രാവിലെ തമ്പുരാനെഴുന്നെള്ളി അവിടെ നീരാട്ടുകുളി കഴിക്കുകയും ചെയ്തു. ഇപ്രകാരമാണു് മാമ്പിള്ളിക്കുളത്തിന്റെ ഉത്ഭവം.

അമ്മതിരുവടി ക്ഷേത്രത്തിൽ ആണ്ടുതോറും വൃശ്ചികമാസം ഒന്നാംതീയ്യതി മുതൽ നാൽപ്പത്തൊന്നുദിവസത്തെ വാരവും കാർത്തികനാൾ വിളക്കും പതിവുണ്ടു്. കാർത്തികനാളത്തെ സദ്യയുടെയും മറ്റും ചിലവും കൊച്ചി സർക്കാരിൽനിന്നാണു് ചെയ്തുവന്നതു് .

പ്രസിദ്ധമായ ആറാട്ടുപുഴപ്പൂരം മീനമാസത്തിലാണു്. അതു സംബന്ധിച്ചു രോഹിണിനാൾ ശുദ്ധികലശം മുതലായവ കഴിച്ചു മകയിരത്തുന്നാൾ കൊടിയേറും. എട്ടാം ദിവസം ഉത്രത്തുന്നാളാണു് പ്രധാനമായ ആറാട്ടു്. അതു് ഒരോ ദിവസം ഓരോ ദിക്കിലാണു്. അവയിൽ മകയിരം തിരുവാതിര ഈ ദിവസങ്ങളിലെ ആറാട്ടു മമ്പിള്ളിക്കുളത്തിലാണു് പതിവു്.

ആറാട്ടുപുഴപ്പൂരത്തിനു നാല്പത്തൊന്നു ക്ഷേത്രങ്ങളിൽനിന്നു് എഴുന്നള്ളിച്ചു വരും. ആ ക്ഷേത്രങ്ങളിലെല്ലാം മകയിരുത്തുന്നാൾ കൊടിയേറ്റും ഉത്രത്തുന്നാൾ ആറാട്ടുമാണു് പതിവു്. പൂരത്തുന്നാൾ ആറാട്ടുപുഴെ എഴുന്നള്ളിച്ചു വന്നാൽ ഉത്രത്തുന്നാൾ കാലത്തു് ആറാട്ടു കഴിഞ്ഞിട്ടാണു് എല്ലാ ദേവന്മാരെയും തിരിച്ചെഴുന്നള്ളിക്കുന്നതു് . എല്ലാ ദേവന്മാരുടെയും ആറാട്ടു് ആറാട്ടുപുഴ പുഴക്കടവിൽതന്നെയാണു്. ഈ സ്ഥലത്തിനു് “ആറാട്ടുപുഴ” എന്നു നാമം സിദ്ധിച്ചതിന്റെ കാരണം ഇതു് തന്നെയായിരിക്കണം. ഇവിടെ നാൽപ്പത്തൊന്നു ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിച്ചു് വരുന്നുണ്ടെങ്കിലും അവയിൽ പ്രാധാന്യം അമ്മതിരുവടിക്കുതന്നെയാണു്. ഇവിടെ എഴുന്നള്ളിച്ചുവരുന്ന സകല ദേവന്മാർക്കും ഉത്രത്തുന്നാൾ കാലത്തു പുഴക്കടവിൽ ആറാട്ടു കഴിഞ്ഞാലുള്ള നിവേദ്യത്തിനും മറ്റും വേണ്ടുന്നതെല്ലാം അമ്മതിരുവടി (ദേവസ്വത്തിൽ നിന്നു്) ആണു് കൊടുക്കുന്നതു്. എന്നാൽ പ്രഭുത്വം കൊണ്ടു തൃപ്രയാറ്റു ദേവനും (ശ്രീരാമസ്വാമിയും) മത്സരം നിമിത്തം ചേർപ്പിൽ ഭഗവതിയും മാത്രം അതൊന്നും സ്വീകരിക്കാറില്ല. അമ്മതിരുവടിയും ചേർപ്പിൽ ഭഗവതിയും തമ്മിലുള്ള മത്സരത്തിന്റെ കാരണം പിന്നാലെ പ്രസ്താവിക്കാം.

പെരുമനം ഗ്രാമത്തിലുള്ള നമ്പൂതിരിമാർ തമ്മിൽ കിടമത്സരം നിമിത്തം മുൻകാലങ്ങളിൽ മിക്കപ്പോഴും കലഹിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു. പെരുമനം ക്ഷേത്രത്തിൽ ഉത്സവമില്ലാതെയായിപ്പോയതു തന്നെ ഇവരുടെ മത്സരം നിമിത്തമാണു്. അവിടെ പണ്ടു് ഉത്സവമുണ്ടായിരുന്നു. അവിടെയും മകയിരുത്തുന്നാൾ കൊടിയേറ്റും ഉത്രത്തുന്നാൾ ആറാട്ടുമായിട്ടാണു് ഉൽസവം നടന്നിരുന്നതു്. നമ്പൂതിരിമാർ തമ്മിലുള്ള മത്സരവും വഴക്കും ലഹളയും നിമിത്തം അതു നിന്നു പോയി. പിന്നെ കുറച്ചു കാലത്തേക്കു് അവിടെ ഉത്സവമെന്നല്ല യാതൊരാഘോ‌ഷവുമില്ലായിരുന്നു. പതിവായിട്ടുള്ള പൂജ മുതലായവപോലും ശരിയായി നടക്കാതെയായിത്തീർന്നു. അങ്ങനെ കഴിഞ്ഞതിന്റെ ശേ‌ഷം യോഗക്കാരിൽ പകുതിയിലധികമാളുകൾ യോജിച്ചു് ഉത്സവവും മറ്റുമില്ലെങ്കിലും ആണ്ടിലൊരിക്കൽ ഒരാഘോ‌ഷം നടത്തണമെന്നും പൂരം ആറാട്ടുപുഴെ പ്രധാനമാകയാൽ അതു പൂയത്തുന്നാൾ മതിയെന്നും അതിനും പെരുമനത്തപ്പനെ പുറത്തേക്കെഴുന്നള്ളിക്കേണ്ടെന്നും ആ ദിവസം ഗ്രാമത്തിലുള്ള മറ്റു ദേവന്മാരെയെല്ലാമെഴുന്നെള്ളിച്ചു് ഇവിടെ കൊണ്ടുവരുകയും ആ എഴുന്നള്ളിപ്പു കഴിവുള്ളിടത്തോളം കേമമാക്കുകയും ചെയ്താൽ മതിയെന്നും നിശ്ചയിക്കുകയും അങ്ങനെ നടപ്പാക്കുകയും ചെയ്തു. അതാണു് ഇപ്പോഴത്തെ പെരുമനത്തുപൂരം.

യോഗക്കാരുടെ മത്സരം നിമിത്തം പെരുമനത്തുക്ഷേത്രത്തിൽ പ്രതിദിനമുള്ള ഉച്ചപൂജയും ആണ്ടുതോറുമുള്ള കൂടിയാട്ടവും മറ്റും ചിലപ്പോൾ മുട്ടാനിടവരുകയാൽ അവ മുട്ടാതെ നടത്തുന്നതിലേക്കു യോജിച്ച യോഗക്കാർകൂടി പറവൂർ രാജാവിനെ ചുമതലപ്പെടുത്തുകയും ആ വകയ്ക്കു് ഒട്ടുവളരെ നിലംപുരയിടങ്ങൾ ദേവസ്വത്തിൽനിന്നു് ആ രാജാവിനു വിട്ടുകൊടുക്കുകയും ചെയ്തു. പറവൂർദേശം തിരുവിതാംകൂറിലേക്കു് ഒതുങ്ങിയപ്പോൾ ആ വക വസ്തുക്കളും തിരുവിതാംകൂർ ഗവർമ്മെണ്ടിന്റെ അധീനതയിലായി. അതുകൊണ്ടാണു് കൊച്ചീരാജ്യത്തിരിക്കുന്ന പെരുമനത്തു ക്ഷേത്രത്തിൽ ഉച്ചപ്പൂജ, കൂടിയാട്ടം മുതലായവ ഇപ്പോഴും തിരുവിതാംകൂർ ഗവർമ്മെണ്ടിൽ നിന്നു് നടത്തിപ്പോരുന്നതു്.

ഇത്രയുമൊക്കെയായിട്ടും യോഗക്കാരുടെ മത്സരവും പിണക്കവും പൂർണ്ണമായിട്ടു ശമിച്ചില്ല. പെരുമനം ഗ്രാമത്തിൽ പ്രധാനന്മാരും പ്രബലന്മാരുമായ അവണാ മനയ്ക്കൽ നമ്പൂരിപ്പാടും ചിറ്റൂർ മനയ്ക്കൽ നമ്പൂരിപ്പാടും തമ്മിലാണു് ഒടുക്കം വലിയ പിണക്കമുണ്ടായതു്. പെരുമന ക്ഷേത്രത്തിലെ സംഗതികളെല്ലാം മേൽപറഞ്ഞ പ്രകാരം ഒരുവിധമവസാനിപ്പിച്ചതിന്റെ ശേ‌ഷം ചിറ്റൂർ നമ്പൂരിപ്പാടു് അമ്മതിരുവടിയുടെ നേരെ തിരിഞ്ഞു. ഏതുവിധവും ആ ക്ഷേത്രം നാമാവശേ‌ഷമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനായി അദ്ദേഹം പല വിദ്യകൾ പ്രയോഗിച്ചു നോക്കി. അവണാമനയ്ക്കൽ നമ്പൂരിപ്പാടു് അവയെല്ലാം സൂക്ഷ്മാവലോകനത്തോടുകൂടി തടഞ്ഞുകൊണ്ടിരുന്നതിനാൽ അമ്മതിരുവടി ദേവസ്വത്തിലേക്കു് വലിയ തരക്കേടൊന്നും പറ്റിയില്ല. അവണാമനയ്ക്കൽ നമ്പൂരിപ്പാടിലേക്കു് അമ്മ തിരുവടിയുടെ ആനുകുല്യവും സജ്ജനങ്ങളുടെ സഹായവും ധാരാളമായിട്ടുണ്ടായിരുന്നു. ചിറ്റൂർ നമ്പൂരിപ്പാട്ടിലേക്കു് അവ രണ്ടും വളരെ കുറവായിരുന്നു. അതിനാലാണു് അദ്ദേഹത്തിന്റെ ഉദ്ദേശം ശരിയായി ഫലിക്കാതിരുന്നതു്.

അമ്മതിരുവടിയെ പെരുമനത്തു പൂരത്തിനു് എഴുന്നള്ളിച്ചുകൊണ്ടു് പോകുന്ന സമയം ചില അപകടങ്ങൾ പറ്റിക്കുന്നതിനായി ചിറ്റൂർ നമ്പൂരിപ്പാടു ഗൂഢമായി ചില ആലോചനകളും ചട്ടംകെട്ടുകളും ചെയ്തിരുന്നു. അവണാമന നമ്പൂരിപ്പാടു് ആ വിവരം തന്റെ ചാരന്മാർ മുഖാന്തിരമറിഞ്ഞു് അമ്മതിരുവടിയെ പെരുമനത്തേക്കു എഴുന്നള്ളിക്കുമ്പോൾ സ്വന്തം ചാത്തംകുടത്തു് ശാസ്താവിനെക്കൂടെ എഴുന്നള്ളിച്ചുകൊണ്ടു പോകുന്നതിനും ആ എഴുന്നള്ളത്തോടുകൂടി അനേകം അകമ്പടിക്കാരും പോകുന്നതിനും ശട്ടംകെട്ടുകയും ക്ഷേത്രപ്രദക്ഷിണത്തിനായി അമ്മ തിരുവടിയെ പെരുമനത്തു മതിൽക്കകത്തേക്കു് എഴുന്നെള്ളിക്കുമ്പോൾ ശാസ്താവു മുമ്പിലായിരിക്കണമെന്നും ഉപദേശിക്കുകയും ചെയ്തയച്ചു. അതിനാൽ ചിറ്റൂർ നമ്പൂരിപ്പാട്ടിലെ ആ ഉദ്ദേശ്യവും ഫലിച്ചില്ല. ഇപ്പോൾ ദേവസ്വം ബോർഡിൽനിന്നു് അകമ്പടിക്കാരില്ലെങ്കിലും പെരുമനത്തുപൂരത്തിനു് അമ്മതിരുവടിയെ എഴുന്നള്ളിക്കുമ്പോൾ അവണാമന നമ്പൂരിപ്പാടു് ഇപ്പോഴും തന്റെ ചാത്തംകുടത്തു ശാസ്താവിനെക്കൂടി എഴുന്നള്ളിച്ചയയ്ക്കാറുണ്ടു്. മതിൽക്കകത്തേക്കെഴുന്നള്ളിക്കുമ്പോൾ ശാസ്താവു മുൻപിലും തിരിച്ചെഴുന്നള്ളിക്കുമ്പോൾ ഭഗവതി മുമ്പിലുമായിട്ടാണു് ഇപ്പോഴും പതിവു്. അമ്മതിരുവടിക്കു് അപകടമൊന്നും പറ്റാതെയിരിക്കുന്നതിനു് അവണാമന നമ്പൂരിപ്പാടു് സദാ വേണ്ടുന്ന മുൻകരുതലുകളെല്ലാം ചെയ്തു കൊണ്ടിരുന്നുവെങ്കിലും സ്വൽപമായ ഒരു നഷ്ടം പറ്റാതെയിരുന്നില്ല. ഒരു തവണ പെരുമനത്തുപൂരത്തിനു് തെക്കെ ഗോപുരത്തിൽക്കൂടി അമ്മതിരുവടിയെ മതിൽക്കകത്തേക്കെഴുന്നള്ളിച്ചപ്പോൾ ചിലർ ഗോപുരത്തിന്റെ മുകളിലിരുന്നു തോട്ടിയിട്ടു കുടയുടെ പൊൻമകുടം വലിച്ചെടുത്തുകൊണ്ടു് പോയ്ക്കളഞ്ഞു. ഇതു് ചെയ്തതു് ചിറ്റൂർ നമ്പൂരിപ്പാട്ടിലെ ആജ്ഞാകാരന്മാരായിക്കുമല്ലോ. ഏതെങ്കിലും അക്കാലം മുതൽ അമ്മതിരുവടിയെ പെരുമനത്തു് മതിൽക്കകത്തേക്കു ആ ഗോപുരത്തിൽക്കൂടി എഴുന്നള്ളിക്കാറില്ല.

Chap62pge487.png

ഇതൊന്നുകൊണ്ടും ചിറ്റൂർ നമ്പൂരിപ്പാട്ടിലേക്കു തൃപ്തിയായില്ല. ഒടുക്കം അദ്ദേഹം അമ്മതിരുവടിക്ഷേത്രത്തിലെ തന്ത്രിയായിരുന്ന പടിഞ്ഞാറേടത്തു ഭട്ടതിരിയെ സ്വാധീനപ്പെടുത്തി, ദേവിയെ പൂവും നീരും കൂട്ടി ആവാഹിച്ചു ശംഖിലാക്കി ചിറ്റൂർ മനയ്ക്കൽ കൊണ്ടുചെന്നു കൊടുക്കുന്നതിനു പറഞ്ഞു ചട്ടംകെട്ടി. തന്ത്രി അപ്രകാരം ദേവിയെ ആവാഹിച്ചുകൊണ്ടു് മതിൽക്കു പുറത്തു വടക്കുകിഴക്കെ മൂലവരെ ചെന്നപ്പോൾ ശംഖു് അദ്ദേഹത്തിന്റെ കൈയിൽ നിന്നു് നിലത്തു് വീഴുകയും അതിൽനിന്നു് ദുർന്നിരീക്ഷ്യമായ ഒരു തേജസ്സു് പുറപ്പെട്ടു് അമ്പലത്തിനകത്തേക്കു പോകുന്നതായി കാണപ്പെടുകയും ചെയ്തു. അന്നു മുതൽ ദർശനത്തിനായി അവിടെ വരുന്നവരെല്ലാം ശംഖ് നിലത്തു വീണതായ ആ സ്ഥാനത്തു മതിലിന്മേൽ തൊട്ടു തലയിൽ വയ്ക്കുക പതിവായി. അതു് ഇപ്പോഴും നടന്നുവരുന്നുണ്ടു്. ചിറ്റൂർ നമ്പൂരിപ്പാട്ടിലെ വാക്കു കേട്ടു കപടതന്ത്രം പ്രയോഗിച്ച തന്ത്രിയെ യോഗക്കാരും മറ്റും കൂടിയാലോചിച്ചു് അന്നുതന്നെ മാറ്റുകയും തന്ത്രത്തിനു് അവിടെ വേറെ ആളെ നിയമിക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും ചിറ്റൂർ നമ്പൂരിപ്പാട്ടിലേക്കു് ഒട്ടു തൃപ്തിയാവുകയും തന്റെ ഉദ്ദേശ്യം ഫലിക്കയില്ലെന്നു് പൂർണ്ണബോധം വരുകയും അതിനാലദ്ദേഹം സ്വന്തമായി ഒരു ക്ഷേത്രം പണിയിച്ചു് അവിടെയും ഭഗവതിയെ പ്രതി‌ഷ്ഠിപ്പിക്കുകയും പൂരം മുതലായ ആഘോ‌ഷങ്ങൾ നടത്തിത്തുടങ്ങുകയും ചെയ്തു. ഇപ്രകാരമുണ്ടായതാണു് ചേർപ്പിൽ ഭഗവതി. ഈ സ്ഥിതിക്കു് ആ ഭഗവതിക്കു് അമ്മതിരുവടിയോടു് മത്സരമുണ്ടായതു് ഒരത്ഭുതമല്ലല്ലോ. എന്നാൽ മനു‌ഷ്യർ തമ്മിലല്ലാതെ ദേവിമാർ തമ്മിൽ മത്സരമുണ്ടാവനിടയില്ലാത്തതിനാൽ ഇതു മനു‌ഷ്യസങ്കൽപം മാത്രമാണെന്നു വരാനേ തരമുള്ളു. ആറാട്ടുപുഴപ്പൂരത്തിനു ചേർപ്പിൽ ഭഗവതിയുടെ എഴുന്നള്ളത്തു് അമ്മതിരുവടിയുടെ എഴുന്നള്ളത്തിനേക്കാൾ മോടിപിടിപ്പിച്ചു കേമമാക്കണമെന്നു വിചാരിച്ചു് ഇപ്പോഴും മത്സരബുദ്ധിയോടുകൂടി ഉത്സാഹിക്കുന്നതു് തത്പക്ഷപാതികളായ മനു‌ഷ്യരാണല്ലോ. ആറാട്ടുപുഴപ്പൂരത്തിനു നാൽപത്തൊന്നു ക്ഷേത്രങ്ങളിൽനിന്നു് എഴുന്നള്ളിച്ചുവരുമെന്നു പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ തൃപ്രയാറ്റു ശ്രീരാമ സ്വാമിയുടെയും ഊരകത്തു് അമ്മതിരുവടിയുടെയും ചേർപ്പിൽ ഭഗവതിയുടെയും എഴുന്നള്ളത്തുകളാണു് അധികം കേമമായും മോടിയോടു കൂടിയും ഇപ്പോഴും നടന്നുവരുന്നതു്. അമ്മതിരുവടിയുടെ എഴുന്നള്ളത്തിനു് ഇരുപത്തൊമ്പതു് ആനകളാണു് പതിവു്. ചേർപ്പിൽ ഭഗവതിയുടെ എഴുന്നള്ളത്തിനു് ഒരിക്കലും അതിൽ കുറയാറില്ല. ചില കൊല്ലങ്ങളിൽ ഉണ്ടായിരിക്കാറുണ്ടു്. എഴുപതിൽപ്പരം ഒന്നാന്തരം അതിലധികവും കൊമ്പനാനകളോടും മുൻവശത്തു നാലു വരിയായി അസംഖ്യം ദീപയുഷ്ടി (തീവട്ടി) കളോടുംകൂടി നടുവിൽ തൃപ്രയാറ്റുദേവനും ഇടത്തുവശത്തു് ഊരകത്തു് അമ്മതിരുവടിയും വലത്തുവശത്തു് ചേർപ്പിൽഭഗവതിയുമായി ആറാട്ടുപുഴപ്പാടത്തുള്ള ആ എഴുന്നള്ളത്തു് കാഴ്ചക്കാർക്കു നേത്രാത്സവം തന്നെയാണു് . ആ എഴുന്നള്ളത്തിന്റെ ഭംഗി മുഴുവനും അനുഭവഗോചരമാകണമെങ്കിൽ സ്വൽപം ദുരത്തുനിന്നു നോക്കണം. ആനകളുടെ ആധിക്യവും മേളത്തിന്റെ തകർപ്പുംകൊണ്ടു് ഗംഭീരവും വെടിക്കെട്ടു മുതലായവയുടെ രാഹിത്യം കൊണ്ടു പ്രശാന്തരമണീയവുമായ ആ എഴുന്നള്ളത്തു് കാണുന്നതിനു ദേവന്മാരും വരുന്നുണ്ടെന്നുള്ള കേൾവി കേവലം അതിശയോക്തിയല്ലെന്നു് ഇതു കാണുന്നവർക്കു തോന്നിപ്പോകുമെന്നുള്ളതിനു് സംശയമില്ല. അതിനുള്ള മുഖ്യകാരണവും അമ്മതിരുവടിയുടെ മാഹാത്മ്യം തന്നെയാണു്.

പണ്ടു കീഴോട്ടുകരമനയ്ക്കലെ ഒരു കന്യക പതിവായി അമ്മതിരുവടിയുടെ ക്ഷേത്രത്തിൽ ചെന്നു ദർശനംകഴിച്ചിരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ കന്യകയ്ക്കു് യൗവനാരംഭമായി. അപ്പോൾ അച്ഛൻനമ്പൂരിപ്പാടു് ദുരസ്ഥനായ ഒരു നമ്പൂരിക്കു പുത്രിയെ വേളി കഴിപ്പിച്ചുകൊടുക്കുന്നതിനു് തീർച്ചയാക്കി മുഹൂർത്തം നിശ്ചയിക്കുകയും വേണ്ടതെല്ലാം വട്ടംകൂട്ടുകയും വേണ്ടുന്നവരെയൊക്കെ ക്ഷണിക്കുകയും ചെയ്തു. മുഹൂർത്തദിവസത്തിന്റെ തലേദിവസം തന്നെ വരനായി നിശ്ചയിക്കപ്പെട്ട നമ്പൂരിയും ക്രിയാദികൾക്കു വേണ്ടുന്നവരും ഓതിക്കോൻ മുതലായവരും മറ്റും വന്നുചേർന്നു. മുഹൂർത്തം ഒരു ദിവസം രാത്രിയിലായിരുന്നു. അന്നുകാലത്തു് കന്യക പതിവുപോലെ കുളിച്ചു് അമ്മതിരുവടി ക്ഷേത്രത്തിലെത്തി ദർശനത്തിനായി നടയിൽ ചെന്ന സമയം “എന്റെ ദേവീ, ഞാനിനി ഇവിടെ വന്നു ദർശനം കഴിക്കുന്നതു് ഏതു് കാലത്തായിരിക്കും? എനിക്കിനി സംഗതിവരുമോ എന്നുതന്നെ സംശയമാണു്. ഒരു ദിവസമെങ്കിലും ഇവിടെ വന്നു ദർശനം കഴിക്കാതെ ജിവിച്ചിരിക്കുന്നതിനെക്കാൾ നല്ലതു മരിക്കുകതന്നെയാണെന്നാണു് എനിക്കു തോന്നുന്നതു്. അതിനാൽ ഞാൻ ഇന്നുതന്നെ മരിക്കുന്നതിനു് സകരുണം ദേവി എന്നെ അനുഗ്രഹിക്കണം” എന്നു പ്രാർത്ഥിച്ചു കരഞ്ഞുകൊണ്ടു തൊഴുതു. അപ്പോൾ ദേവി, “ഒട്ടും വ്യസനിക്കേണ്ട. ഇങ്ങോട്ടു പോരൂ” എന്നു അരുളിചെയ്തു തൃക്കൈകൾ തന്റെ നേരെ നീട്ടിയതായി കന്യകയ്ക്കു് തോന്നി. ഉടനെ കന്യക ശ്രീകോവിലകത്തേക്കു് ഓടിച്ചെന്നു. ദേവിയുടെ ബിംബത്തിന്മേൽ മുറുകെ കെട്ടിപ്പിടിക്കുകയും അവിടെ ഐക്യം പ്രാപിക്കുകയും ചെയ്തു. അക്കാലംമുതൽ കീഴോട്ടുകര മനയ്ക്കൽനിന്നു് അന്തർജ്ജനങ്ങളും കന്യകമാരും അമ്മതിരുവടിക്ഷേത്രതിൽ വന്നു ദർശനം കഴിക്കാതെയായി. അങ്ങനെ കുറച്ചുകാലം കഴിഞ്ഞതിന്റെ ശേ‌ഷം അന്തർജ്ജനങ്ങൾക്കു ദർശനത്തിനായി അമ്മതിരുവടിയെ ആണ്ടിലൊരിക്കൽ മനയ്ക്കലെഴുന്നള്ളിക്കണമെന്നു നമ്പൂരിപ്പാടു ദേവസ്വത്തിലപേക്ഷിക്കുകയും പൂരം സംബന്ധിച്ചു കൊടിയേറിയാൽ ആറാട്ടിനു മുൻപായി ഒരു ദിവസം മനയ്ക്കലേക്കു് എഴുന്നള്ളിക്കാമെന്നു ദേവസ്വക്കാർ സമ്മതിക്കുകയും അപ്രകാരം എഴുന്നള്ളിച്ചു തുടങ്ങുകയും ചെയ്തു. ആണ്ടുതോറും കൊടിയേറിയാൽ ആറാട്ടിനു മുൻപായി ഒരു ദിവസം അമ്മതിരുവടിയെ കീഴോട്ടുകര മനയ്ക്കലെഴുന്നള്ളിച്ചു് ഇറക്കിപ്പൂജയും മറ്റും ഇപ്പോഴും പതിവുണ്ടു്. ഇറക്കിയെഴുന്നള്ളിച്ചു തന്ത്രിയുടെ പൂജ കഴിഞ്ഞാൽ തിടമ്പു കിഴക്കിനിയിൽ എഴുന്നെള്ളിച്ചുവച്ചിട്ടു തന്ത്രി മാറിനിൽക്കും. പിന്നെ അവിടെ അന്തർജ്ജനങ്ങൾ വന്നു പൂജാനിവേദ്യാദികളും ദർശനവും മറ്റും കഴിച്ചതിന്റെ ശേ‌ഷമാണു് തിരിച്ചെഴുന്നള്ളിക്കുന്നതു്. തന്ത്രിയുടെ പൂജാനിവേദ്യാദികളെക്കാൾ ദേവിക്കു് സന്തോ‌ഷാവഹങ്ങളായിട്ടുള്ളതു് അന്തർജ്ജനങ്ങളുടെ നിവേദ്യാദികളാണെന്നാണു് അവരുടെ വിശ്വാസം.

ശീവേലിക്കെഴുന്നള്ളിക്കുന്നതു് ശാന്തിക്കാരൻ ബലിക്കല്ലുകളിന്മേൽ തൂവിക്കോണ്ടു പോകുന്നതിനു പിന്നിലായിട്ടാണല്ലോ പതിവു്. എന്നാൽ അമ്മതിരുവടിക്ഷേത്രത്തിൽ അത്താഴശ്ശീവേലിക്കുളള പതിവു് ദേവിയെ മുൻപേ എഴുന്നള്ളിക്കുകയും ശാന്തിക്കാരൻ അതിന്റെ പിന്നാലെ നടന്നു തൂവുകയുമാണു്. ഇവിടെ ഇങ്ങനെയായതു് ഇടക്കാലത്താണു്. അതിനു് കേട്ടിട്ടുള്ള കാരണം താഴെച്ചേർക്കുന്നു:

പണ്ടൊരു ഗന്ധർവൻ തിരുവഞ്ചിക്കുളത്തു് ദീപാരാധനയ്ക്കും ഊരകത്തു് ക്ഷേത്രത്തിൽ അത്താഴശ്ശീവേലിക്കും തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തൃപ്പുകയ്ക്കും പതിവായി ദർശനം നടത്തിവന്നിരുന്നു. ഒരു ദിവസം ആ ഗന്ധർവ്വൻ തിരുവഞ്ചിക്കുളത്തുള്ള ദീപാരാധനയ്ക്കു തൊഴുതിട്ടു് ഊരകത്തെത്തിയെപ്പോഴേക്കും അവിടെ അത്താഴശ്ശീവേലിക്കു് എഴുന്നള്ളിച്ചിരിക്കുന്നതായി കണ്ടു. തനിക്കു പതിവുള്ള പ്രദക്ഷിണവും നമസ്കാരവുമെല്ലാം മുഴുവാനാകുന്നതിനു മുമ്പു് ശീവേലി കഴിഞ്ഞു നടയടച്ചുപോയെങ്കിലോ എന്നു വിചാരിച്ചു് ആ ഗന്ധർവ്വൻ എഴുന്നള്ളത്തിനു് മുൻപു തൂവിക്കൊണ്ടുപോയ മേശ്ശാന്തിക്കാരനെ തടുത്തുനിർത്തി ഭയപ്പെടുത്തി. അതിനാൽ ആ ശാന്തിക്കാരൻ ബോധരഹിതനായി കുറച്ചു നേരം സ്തംഭിച്ചുനിന്നുപോയി. ദേവിയെ എഴുന്നള്ളിച്ചു് അടുക്കൽ കൊണ്ടുചെന്നതിന്റെ ശേ‌ഷമേ അദ്ദേഹത്തിനു ബോധം വീണുള്ളു. ദേവി അടുത്തുണ്ടായാൽ ആരെയും ഭയപ്പെടുത്താൻ ഗന്ധർവ്വനും മറ്റും വിചാരിച്ചാൽ സാധിക്കയില്ലല്ലോ. അതിനാൽ അക്കാലംമുതൽ അവിടെ അത്താഴശ്ശീവേലിക്കു് അമ്മതിരുവടിയെ എഴുന്നള്ളിച്ചു് കൊടിമരത്തറയുടെ വടക്കുവശത്തു നിർത്തിയതിനുശേ‌ഷം മേശ്ശാന്തിക്കാരൻ വന്നു തൂവിത്തുടങ്ങിയാൽ മതിയെന്നു നിശ്ചയിച്ചു. അതിനാൽ ഇപ്പോഴും അപ്രകാരം തന്നെ നടന്നുവരുന്നു.

ഈ ഐതിഹ്യംകൊണ്ടു ദേവയോനികൾപോലും പതിവായി വന്നു് അമ്മ തിരുവടിയെ വന്ദിക്കുന്നുണ്ടെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അതു നമുക്കിപ്പോൾ പ്രത്യക്ഷമായിരിക്കുന്നുണ്ടെങ്കിലും ഇവിടെ സന്തതിക്കായിട്ടും സമ്പത്തിനായിട്ടും വിദ്യയ്ക്കായിട്ടും മറ്റും അനേകമാളുകൾ വന്നു് ഇപ്പോഴും ദേവിയെ ഭജിക്കുകയും എല്ലാവർക്കും അഭീഷ്ടസിദ്ധിയുണ്ടാവുകയും ചെയ്യുന്നുണ്ടെന്നുള്ളതു് എല്ലാവർക്കും അനുഭവസിദ്ധമായിട്ടുള്ളതാണു്.

“സേവിക്കുന്ന ജനാവലിക്കു സതതം ഭാവിപ്പതെല്ലാം കൊടു-
ത്തീ വിശ്വത്തിനു കല്പവല്ലീസമയായ് ഭൂവിൽ പ്രസിദ്ധ്യാ പരം
ശ്രീ വിങ്ങും വലയാലയത്തിലമരും ദേവിക്കെഴും പാദമുൾ
പ്പൂവിൽച്ചേർത്തു നമിക്കിലാർക്കുമുടനിങ്ങാവിർഭവിക്കും ശുഭം.”