ഐതിഹ്യമാല-24
ഐതിഹ്യമാല | |
---|---|
ഗ്രന്ഥകർത്താവ് | കൊട്ടാരത്തിൽ ശങ്കുണ്ണി |
മൂലകൃതി | ഐതിഹ്യമാല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഐതിഹ്യകഥകൾ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ലക്ഷ്മിഭായി ഗ്രന്ഥാവലി |
വര്ഷം |
1909 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള് | 920 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ രേഖപ്പെടുത്തുക |
ഭവഭൂതി
ഉത്തരരാമചരിതം, മാലതീമാധവം മുതലായ നാടകങ്ങളുടെയും മറ്റും കർത്താവും ഒരു മഹാകവിയുമായിരുന്ന ഭൂവഭൂതിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി ഒരുവിധം അക്ഷരജ്ഞാനമുള്ളവരിലാരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ സാക്ഷാൽ പേരു് “ശ്രീകണ്ഠൻ” എന്നായിരുന്നു. അദ്ദേഹം ഒരിക്കൽ
“തപസ്വീ കാം ഗതോവസ്ഥാമിതി സ്മേരാനനാവിവ
ഗിരിജായാ സ്തനൗ വൗന്ദേ ഭവഭൂതിസിതാനനൗ”
എന്നൊരു ശ്ലോകമുണ്ടാക്കി ഒരു വിദ്വൽസമാജത്തിൽവെച്ചു ചൊല്ലുകയും അതിലെ “ഭവഭൂതി” ശബ്ദത്തിന്റെ ചമൽക്കാരം നിമിത്തം സന്തുഷ്ടഹൃദയന്മാരായിത്തീർന്ന ആ സഭാവാസികൾ അദ്ദേഹത്തിനു “ഭവഭൂതി” എന്നുതന്നെ ഒരു പേരു കൊടുക്കുകയും ആ പേരു പ്രസിദ്ധമായിത്തീരുകയുമാണു് ചെയ്തതു്. ഒരിക്കൽ ശ്രീപാർവതി ശ്രീപരമേശ്വരനോടു്, ‘കവിത്വത്തിൽ കാളിദാസനോ ഭവഭൂതിക്കോ അധികം യോഗ്യത?’ എന്നുചോദിച്ചു. അതിനു ഭഗവാൻ, “വലിയ വ്യത്യാസമൊന്നുമില്ല. ഇന്നിന്നപ്രകാരമേ വരികയുള്ളൂ എന്നു കാളിദാസനു നല്ല നിശ്ചയം ഉണ്ടു്. ഭവഭൂതിക്കു് അത്രതന്നെ ഇല്ല എന്നുള്ള ഭേദമേ ഉള്ളൂ. അതു വേണമെങ്കിൽ ഒന്നു പരീക്ഷിച്ചുനോക്കിയാലറിയാം” എന്നു മറുപടി കൽപ്പിക്കുകയും പരീക്ഷിക്കാനുള്ള കൗശലം പറഞ്ഞുകൊടുക്കുകയും ചെയ്തു. ഭഗവാന്റെ ഉപദേശപ്രകാരം സുബ്രഹ്മണ്യസ്വാമി ഒരു മരിച്ച ശിശുവായിത്തീരുകയും ശ്രീപാർവ്വതി വിധവയും വൃദ്ധയുമായ ഒരു ബ്രാഹ്മണസ്ത്രീയുടെ വേഷം ധരിച്ചു് ഈ ശിശുവിനെയെടുത്തു ഭോജരാജാവിന്റെ ഗോപുരദ്വാരത്തിങ്കൽ കൊണ്ടുചെന്നു കിടത്തിക്കൊണ്ടു് അവിടെ നിൽക്കുകയും ചെയ്തു. അപ്പോൾ അവിടെ സഭ പിരിഞ്ഞു് ഓരോ കവിശ്രേഷ്ഠൻമാർ അതിലേ വന്നുതുടങ്ങി. അവരിൽ ഓരോരുത്തരോടും ശ്രീപാർവ്വതി, “ഇതാ ഇങ്ങോട്ടൊന്നു നോക്കണേ! എന്റെ കുട്ടി ഒരു ശാപത്തിൽ മരിച്ചുപോയിരിക്കുന്നു. ‘പുരോ നിസ്സരണേ രണഃ’ എന്നൊരു സമസ്യയുണ്ടു്. അതു വേണ്ടതുപോലെ പൂരിപ്പിച്ചാൽ ഈ കുട്ടി ജീവിക്കും. അങ്ങനെയാണു് ശാപമോക്ഷം. അതിനാൽ ഇതൊന്നു വേണ്ടതുപോലെ പൂരിപ്പിക്കണേ” എന്നു പറഞ്ഞു. അതുകേട്ടു് ആ കവികളെല്ലാം ആ സമസ്യ ഓരോ വിധം പൂരിപ്പിച്ചു. അപ്പോൾ ശ്രീപാർവതി “എന്റെ കുട്ടി ജീവിച്ചില്ലല്ലോ” എന്നു പറഞ്ഞു. “അതെന്തോ ഞങ്ങൾക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു് അവരെല്ലാം പോയി. ഉടനെ ഭവഭൂതി അതിലേ വന്നു. അദ്ദേഹത്തോടും ദേവി മേൽപറഞ്ഞ പ്രകാരം പറഞ്ഞു. ഭവഭൂതി ആ സമസ്യയെ,
‘യാമീതി പ്രിയപൃഷ്ടായാഃ പ്രിയായാഃ കണ്ഠസക്തയോഃ
അശ്രുജീവിതയോരാസീതു് പുരോനിസ്സരണേ രണ”
എന്നു പൂരിപ്പിച്ചു. അപ്പോഴും ശ്രിപാർവ്വതി “എന്റെ കുട്ടി ജീവിച്ചില്ലല്ലോ” എന്നു പറഞ്ഞു. “അതെന്തോ, എനിക്കറിഞ്ഞുകൂടാ. ഞാൻ വിചാരിച്ചാൽ ഈ സമസ്യ ഇതിലധികം ഭംഗിയായിട്ടു പൂരിപ്പിക്കാൻ കഴിയുകയില്ല. ഇനിയൊരാൾ വരുന്നുണ്ടു്. അദ്ദേഹത്തോടു പറഞ്ഞാൽ ശരിയായി പൂരിപ്പിക്കുമായിരിക്കും” എന്നു പറഞ്ഞു ഭവഭൂതിയും പോയി. ഒടുവിൽ കാളിദാസരുടെ വരവായി. അപ്പോഴും ദേവി മേൽപറഞ്ഞപ്രകാരം പറയുകയും കാളിദാസരും സമസ്യ പൂരിപ്പിക്കുകയും ചെയ്തു. കാളിദാസപൂരണവും ഭവഭൂതിയുടെ പൂരണവും ഒരുപോലെതന്നെയായിരുന്നു. ഒരക്ഷരത്തിൽപോലും വ്യത്യാസമുണ്ടായിരുന്നില്ല. കാളിദാസനോടും ദേവി “എന്റെ കുട്ടി ജീവിച്ചില്ലല്ലോ” എന്നു പറഞ്ഞു. അതു കേട്ടു കാളിദാസൻ “എന്നാൽ നിങ്ങളുടെ കുട്ടി ജീവിക്കുന്നതല്ല, അല്ലെങ്കിൽ മരിച്ചിട്ടില്ല. മരിക്കാതെ ജീവിക്കുന്നതെങ്ങനെ? ഈ സമസ്യ ഇതിലധികം ഭംഗിയായി പൂരിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കുന്നതല്ല” എന്നു പറഞ്ഞു പോവുകയും ചെയ്തു.
ഭവഭൂതിയുടെയും കാളിദാസരുടെയും പൂരണങ്ങൾ ഒരുപോലെ തന്നെ ഇരിക്കുകയും കാളിദാസൻ മേൽപറഞ്ഞപ്രകാരം തീർച്ചയായി പറയുകയും ചെയ്തതുകൊണ്ടു് ഭഗവാൻ അരുളിചെയ്തതു വാസ്തവം തന്നെ എന്നു് ശ്രീപാർവ്വതിക്കു ബോധ്യപ്പെടുകയും സുബ്രഹ്മണ്യനോടുകൂടി കൈലാസത്തിങ്കൽച്ചെന്നു ദേവി ഈ ഉണ്ടായ വിവരമെല്ലാം ഭഗവാനെ ഗ്രഹിപ്പിക്കുകയും ചെയ്തു.
|