close
Sayahna Sayahna
Search

ഐതിഹ്യമാല-71


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മണ്ണടിക്കാവും കാമ്പിത്താനും

തിരുവിതാംകൂർ കൊല്ലം ഡിവി‌ഷനിൽച്ചേർന്ന കുന്നത്തൂർ താലൂക്കിൽ കണ്ണാടി എന്ന ദേശത്തുള്ള സുപ്രസിദ്ധമായ ഭദ്രകാളീക്ഷേത്രത്തെയാണു് “മണ്ണടിക്കാവെ”ന്നു പറയുന്നതു് . ഭദ്രകാളീക്ഷേത്രത്തിൽ ഒരു വെളിച്ചപ്പാടുണ്ടായിരിക്കുക സാധാരണമാണല്ലോ. ചില ദിക്കുകളിൽ വെളിച്ചപ്പാടിനെ “കോമര”മെന്നും പറയുന്നതായി കേട്ടിട്ടുണ്ടു്. എന്നാൽ കണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ “കാമ്പിത്താ”നെന്നാണു് പറയുക പതിവു്. മണ്ണടിക്കാവിൽ ഭഗവതി സ്വയംഭൂവാണു്. ആ ക്ഷേത്രം പണ്ടു് ദേശാധിപതിയായിരുന്ന വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ വകയായിരുന്നു. അടുത്ത കാലത്തു് ഒരു വിധിപ്രകാരം അതു “മംഗലത്തു പണിക്കർ” എന്നൊരു നായരുടെ വകയാണെന്നു് തീർച്ചപ്പെട്ടിട്ടുണ്ടത്രേ.

Chap70pge545.png

പണ്ടു വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ മണ്ണടിദേശത്തിന്റെ അധിപനായിരുന്ന കാലത്തു് അവിടത്തെ വകയായി ഒരു ചെറിയ സൈന്യശേഖരമുണ്ടായിരുന്നു. ആ സൈനികന്മാരെ ആയോധനവിദ്യ അഭ്യസിപ്പിക്കുകയും സൈന്യത്തിന്റെ ആധിപത്യം വഹിക്കുകയും ചെയ്തിരുന്നതു് മംഗലത്തു് പണിക്കരുടെ തറവാട്ടിൽ അന്നന്നു് മൂപ്പായിരിക്കുന്നവരായിരുന്നു. അന്നു് സൈന്യങ്ങളെ അഭ്യസിപ്പിച്ചിരുന്ന കളരിയും ആ കളരിയിൽ ചില പരദേവതമാരുടെ വിഗ്രഹങ്ങളും മംഗലത്തു പണിക്കരുടെ ഗൃഹത്തിനടുത്തു് ഇപ്പോഴും കാൺമാനുണ്ടു്. ഇങ്ങനെ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ ദേശാധിപതിയും മംഗലത്തു പണിക്കർ സേനാനായകനുമായിരുന്ന കാലത്തു് ഒരു ദിവസം കൃ‌ഷിയിറക്കുന്നതിനു കാടു വെട്ടിത്തെളിക്കാനായി ചില പുലയർ മംഗലത്തു പണിക്കരുടെ ഭവനത്തിനു സമീപം ഒരു കാട്ടിൽ വന്നുചേർന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുലക്കള്ളി (പുലയസ്ത്രീ) അവിടെക്കണ്ട ഒരു കല്ലിന്മേൽ അരിവാൾ തേച്ചപ്പോൾ ആ ശിലയിൽനിന്നു രക്തം പ്രവഹിക്കുകയാൽ അതുകണ്ടു പുലയർ ഭയാത്ഭുതപരവശന്മാരായി ഉറക്കെ നിലവിളിച്ചു. നിലവിളികേട്ടു മംഗലത്തു പണിക്കർ മുതലായ സമീപസ്ഥർ ഉടനെ സ്ഥലത്തെത്തി സംഗതി മനസ്സിലാക്കുകയും വിവരം വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ അടുക്കൽ അറിയിക്കുകയും ചെയ്തു. അതുകേട്ടപ്പോൾ അന്നത്തെ മൂത്ത പണ്ടാരത്തിൽ “രക്തം കണ്ടുവെങ്കിൽ അതൊരു ദേവബിംബമായിരിക്കണം. ഇപ്രകാരം സ്വയംഭൂവായ ദേവബിംബം കണ്ടാൽ ഉടനെ അതിനൊരു നിവേദ്യം കഴിച്ചില്ലെങ്കിൽ അതു മറഞ്ഞു പോകുമെന്നു് കേട്ടിട്ടുണ്ടു്. അതിനാൽ പണിക്കർ ഈ മലരും പഴവും അവിടെക്കൊണ്ടുപോയി വയ്ക്കുകയും ആ പുലയരെ അവിടെനിന്നു് മാറ്റുകയും ചെയ്യണം. ഞാനൊന്നു് കുളിച്ചിട്ടു് ക്ഷണത്തിൽ അങ്ങോട്ടു് വന്നേക്കാം” എന്നു പറഞ്ഞു കുറെ മലരും പഴവും കൊടുത്തു് മംഗലത്തു പണിക്കരെ മുൻപെ അയച്ചിട്ടു് പണ്ടാരത്തിൽ കുളിക്കാൻപോയി. പണിക്കർ മലരും പഴവും എടുത്തു ബിംബത്തിന്റെ അടുക്കൽ കൊണ്ടുചെന്നുവച്ചു. അപ്പോഴേക്കും പുലയരെല്ലാം അവിടെനിന്നു ദൂരെ മാറുക കഴിഞ്ഞിരുന്നു. ഉടനെ പണ്ടാരത്തിൽ കുളിയും കഴിഞ്ഞു് പരിവാരസമേതം ഒരു വിളക്കുമായി അവിടെയെത്തി. ദേശക്കാരെല്ലാവരും അപ്പോൾ അവിടെ വന്നുകൂടി. ആ സമയം ഒരു ഊരാളി (മണ്ണാനെന്നും വണ്ണാനെന്നും പരവനെന്നും മറ്റുകൂടി പേരുള്ള ഒരു ജാതിക്കാരൻ) തുള്ളിക്കൊണ്ടു് അവിടെ വരുകയും “ഈ കാണപ്പെട്ടിരിക്കുന്ന ബിംബം ഭദ്രകാളിയുടേതാണു്. ഇവിടെ നിവേദ്യവും പൂജയുമൊന്നും വേണ്ട. അവിൽ, മലർ, പഴം മുതലായ സാധനങ്ങൾ സന്നിധിയിൽ കൊണ്ടുചെന്നുവെയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോൾ എടുത്തുകൊണ്ടുപോവുകയും ചെയ്താൽ മതി. അങ്ങനെ ചെയ്താൽ നിവേദ്യം കഴിച്ചാലെന്നപോലെ ദേവിക്കു തൃപ്തിയാകും. മലരും, പഴവും മറ്റും കൊണ്ടുചെന്നുവയ്ക്കുന്നതു് മംഗലത്തു പണിക്കർ തന്നെവേണം. ബ്രാഹ്മണരുടെ പൂജയും മറ്റും ഇവിടെ വേണ്ട” എന്നു പറഞ്ഞു. ഇതു കേട്ടിട്ടു് ആരും വിശ്വസിച്ചില്ല. ഇവനിങ്ങനെ പറയുന്നതു് പണിക്കരുടെ സേവയ്ക്കുവേണ്ടിയോ സ്വകാര്യമായി പണിക്കർ ചട്ടം കെട്ടീട്ടൊ ആയിരിക്കുമെന്നാണു് എല്ലാവരും വിചാരിച്ചതു്. അതിനാൽ ആ ഊരാളി, “എന്താ ഞാൻ പറഞ്ഞതു് നിങ്ങൾക്കാർക്കും വിശ്വാസമായില്ല, അല്ലേ? ആട്ടേ, ഞാൻ നിങ്ങളെ വിശ്വസിപ്പിക്കാം” എന്നു പറഞ്ഞിട്ടു് അവിടെനിന്നു് ഓടിപ്പോയി. ഉത്സാഹശാലികളായ ചില ജനങ്ങളും അവന്റെ പിന്നാലെ ഓടി. അവൻ ഓടിച്ചെന്നു് “കുടപ്പാറ”യുടെ മുകളിൽക്കയറി നിന്നു. കുടപ്പാറ സ്ഥിതിചെയ്യുന്നതു് മണ്ണടിയിൽനിന്നു് ആറേഴുനാഴിക കിഴക്കുവടക്കായി പത്തനാപുരം താലൂക്കിൽ കലഞ്ഞൂരു് എന്ന ദേശത്തു് ഒരു മലയുടെ മുകളിലാണു്. ആ പാറ കുടയുടെ ആകൃതിയിൽ മേൽഭാഗം വൃത്താകാരമായി പരന്നും അതിന്റെ മധ്യത്തിങ്കൽ ഒരു കാലുമായിട്ടാണിരിക്കുന്നതു്. അതിനാൽ അതിന്റെ മുകളിൽ കയറുകയെന്നുള്ളതു് മനു‌ഷ്യർക്കു് അസാദ്ധ്യമാണു്. ആ ഊരാളി ഏഴു പ്രാവശ്യം അതിന്റെ മുകളിൽ കയറുകയുമിറങ്ങുകയും ചെയ്തു. ആ പാറയുടെ ചുറ്റും വലിയ കാടായിരുന്നതിനാൽ ഊരാളിയുടെ പിന്നാലെ ഓടിച്ചെന്നവർക്കു് അടുത്തു ചെല്ലുവാൻ സാധിച്ചില്ല. പാറ ഒരുയർന്ന സ്ഥലത്തായിരുന്നതിനാൽ അവൻ അതിന്മേൽ കയറുകയും ഇറങ്ങുകയും ചെയ്തതു് അവർ ദൂരെ നിന്നുകൊണ്ടു് കാണുക മാത്രമെ ചെയ്തുള്ളൂ. പന്ത്രണ്ടുകോലിൽ കുറയാതെ പൊക്കമുള്ള ആ പാറ ഇപ്പോഴും അവിടെക്കാണ്മാനുണ്ടു്.

Chap70pge547.png

ആ ഊരാളി കുടപ്പാറയുടെ മുകളിൽനിന്നിറങ്ങി, കാട്ടിൽനിന്നു വെളിയിൽ വന്നതു നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ടാണു്. അവൻ ആ കടുവാക്കുട്ടികളെയുംകൊണ്ടു് മണ്ണടിയിൽ ബിംബം കണ്ട സ്ഥലത്തെത്തി. അതുകണ്ടു് എലാവരും ഭയപ്പെടുകയും അവൻ പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം ദേവിയുടെ അധിവാസമുണ്ടായിട്ടാണെന്നു് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. അതിനാൽ അവൻ കടുവാക്കുട്ടികളെയെല്ലാം വിട്ടയയ്ക്കുകയും അതോടുകൂടി അവന്റെ കലി അടങ്ങുകയും ചെയ്തു. ഊരാളി പറഞ്ഞതെല്ലാം എല്ലാവരും വിശ്വസിച്ചുവെങ്കിലും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുംകൂടി സർവ്വസമ്മതനായ ഒരു പ്രശ്നക്കാരനെക്കൊണ്ടു പിന്നെ പ്രശ്നം വെപ്പിച്ചുനോക്കിക്കുകകൂടി ചെയ്തു. ഊരാളി പറഞ്ഞതെല്ലാം ശരിയാണെന്നു് പ്രശ്നക്കാരനും പറയുകയാൽ പണ്ടാരത്തിലെ ആജ്ഞപ്രകാരം അവിടെ ക്ഷേത്രം പണി നടത്തിക്കുകയും നിത്യനിദാനം മുതലായവയ്ക്കു പതിവുകൾ നിശ്ചയിക്കുകയും ചെയ്തു. ഇപ്രകാരമാണു് മണ്ണടിക്കാവുണ്ടായതു്. അവിടെ ഇപ്പോഴും അരിവച്ചു നിവേദ്യവും ബ്രാഹ്മണരുടെ പൂജയും പതിവില്ല. മലർ, പഴം മുതലായവ ബിംബസന്നിധിയിൽ കൊണ്ടുചെന്നു വയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോൾ എടുത്തുകൊണ്ടുപോവുകയും മാത്രമേ പ്രതിദിനം ഇപ്പോഴും ചെയ്തുവരുന്നുള്ളൂ. മലരും പഴവും മറ്റും കൊണ്ടുചെന്നു വയ്ക്കുന്നതു് ഇപ്പോഴും മംഗലത്തു പണിക്കർ തന്നെയാണു്. ഇനി കാമ്പിത്താനെക്കുറിച്ചു കൂടി പറയാം.

മണ്ണടിക്കാവു ക്ഷേത്രമുണ്ടായതിന്റെ ശേ‌ഷം ഏതാനും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ വാക്കുവഞ്ഞിപ്പണ്ടാരത്തിലേക്കു പുത്രസന്താനമില്ലാതെയായിത്തീർന്നു. പണ്ടാരത്തിൽ സന്താനാർത്ഥമായി അനേകം സത്ക്കർമ്മങ്ങൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടാകായ്കയാൽ ഒടുക്കം ഭഗവതി തന്നെ ഇതിനൊരു നിവൃത്തിയുണ്ടാക്കണമെന്നു പ്രാർത്ഥിച്ചുകൊണ്ടു് പണ്ടാരത്തിൽ അന്തർജ്ജനസമേതം മണ്ണടിക്കാവിൽ ഭജനമിരുന്നു. ഭജനം ദൃഢഭക്തിയോടും പൂർണ്ണവിശ്വാസത്തോടും കഠിനനി‌ഷ്ഠയോടും കൂടിയായിരുന്നു. അങ്ങനെ ഏകദേശം അരമണ്ഡലം (ഇരുപത്തിയൊന്നു ദിവസം) കഴിഞ്ഞപ്പോൾ പണ്ടത്തെ ഊരാളി (ബിംബം കാണപ്പെട്ട സമയം തുള്ളിക്കൊണ്ടു വന്ന ഊരാളി തന്നെ) തുള്ളിക്കൊണ്ടു നടയിൽ വരുകയും കല്പന കേൾക്കാനായി പണ്ടാരത്തിൽ അവിടെച്ചെന്നു നിൽക്കുകയും ചെയ്തു. അപ്പോൾ ഊരാളി “ഒട്ടും വ്യസനിക്കേണ്ടാ. ഇന്നേക്കു മൂന്നാം ദിവസം ഒരാൾ ഇവിടെ വരും. ഭഗവതിയുടെ അധിവാസമുണ്ടായിട്ടു് അയാൾ പറയുന്നതുപോലെ ചെയ്താൽ താമസിയാതെ സന്തതിയുണ്ടാകും” എന്നു പറഞ്ഞിട്ടു് കലിയടങ്ങി മടങ്ങിപ്പോയി.

ഊരാളി പറഞ്ഞതുപോലെ മൂന്നാം ദിവസം ഒരാൾ അവിടെച്ചെന്നു. അയാൾ ഒരു വിദേശീയനും ഭിക്ഷ യാചിച്ചുകൊണ്ടു നടന്ന പാവപ്പെട്ട ഒരു ശൂദ്രനുമായിരുന്നു. അയാൾ അവിടെയെത്തിയ ഉടനെ കൈയിലുണ്ടായിരുന്ന കുടയും വടിയും മാറാപ്പും ദൂരെ വലിച്ചെറിഞ്ഞിട്ടു ക്ഷേത്രത്തിൽ തെക്കുവശത്തുള്ള ആറ്റിൽച്ചാടിക്കുളിച്ചു കയറി തുള്ളിക്കൊണ്ടു നാലു നടയിലും ചെന്നു നിന്നു് അത്യുച്ചത്തിൽ മൂന്നു പ്രാവശ്യം വീതം അട്ടഹസിച്ചു. മുൻകൂട്ടി ഊരാളി പറഞ്ഞിരുനതിനാലും അട്ടഹാസം കേൾക്കുകകൊണ്ടും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുമെല്ലാം ക്ഷണത്തിൽ അവിടെയെത്തി. അപ്പോൾ തുള്ളിക്കൊണ്ടു നിന്ന ആ മനു‌ഷ്യൻ പണ്ടാരത്തിലെ നേരെ നോക്കി, “ഒട്ടും വ്യസനിക്കേണ്ടാ. എനിക്കു് ഒരു “ഉച്ചബലി” നടത്തിയാൽ ഉടനെ സന്താനമുണ്ടാകും” എന്നും ഉച്ചബലി നടത്തേണ്ടുന്ന ക്രമങ്ങളും പറഞ്ഞു. ഉടനെ കലിയടങ്ങുകയും ചെയ്തു. ആ മനു‌ഷ്യൻ പറഞ്ഞതെല്ലാം ഭഗവതി അരുളിച്ചെയ്തതായിത്തന്നെ എല്ലാവരും വിശ്വസിക്കുകയും പണ്ടാരത്തിൽ ഉച്ചബലി എന്ന അടിയന്തിരം വഴിപാടായി നടത്തുകയും താമസിയാതെ അവിടേക്കു പുത്രസന്താന മുണ്ടാവുകയും ചെയ്തു. ഉച്ചബലി കഴിച്ചാൽ ഉണ്ണിയുണ്ടാകുമെന്നു തുള്ളിപ്പറഞ്ഞ ആ മനു‌ഷ്യനെ പണ്ടാരത്തിൽ ചെലവിനു് വേണ്ടതെല്ലാം കൊടുത്തു് അവിടെത്തന്നെ താമസിപ്പിക്കുകയും ആ മനു‌ഷ്യൻ ഭഗവതിയെ ഭജിച്ചുകൊണ്ടു് സന്യാസവൃത്തിയോടുകൂടി അവിടെത്തന്നെ താമസിക്കുകയും ചെയ്തു. പണ്ടാരത്തിലേക്കു് ഉണ്ണിയുണ്ടായപ്പോഴേക്കും ജനങ്ങൾക്കു് ആ മനു‌ഷ്യനെക്കുറിച്ചുള്ള വിശ്വാസവും ഭക്തിയും വളരെ വർദ്ധിക്കുകയും കല്പനകൾ കേൾക്കാനായി പലവിധത്തിലുള്ള സങ്കടക്കാർ മണ്ണടിക്കാവിൽ മുട്ടുപാടിരിക്കുകയും ആ മനു‌ഷ്യൻ പറയുന്നതെല്ലാം ശരിയായിത്തീരുകയും ചെയ്യുകയാൽ പണ്ടാരത്തിലും പണിക്കരും ദേശക്കാരുംകൂടി അയാളെ ആ കാവിലെ കാമ്പിത്താനായി സ്ഥിരപ്പെടുത്തുകയും അയാൾക്കു് ചില സ്ഥാനമാനങ്ങളെല്ലാം നിശ്ചയിക്കുകയും തുള്ളുമ്പോൾ ഉപയോഗിക്കാനായി വാൾ, ശൂലം, അരമണി, ചിലമ്പു് മുതലായവ കൊടുക്കുകയും ചെയ്തു. മണ്ണടിക്കാവിലെ ആദ്യത്തെ കാമ്പിത്താൻ അയാളാണു്. അയാളുടെ വാക്കുകളും പ്രവൃത്തികളും അത്ഭുതപ്പെടത്തക്കവയായിരുന്നു. അയാൾ തുള്ളിപ്പറഞ്ഞിട്ടുള്ളവയിൽ ഒന്നുപോലും ഒക്കാതെയിരുന്നിട്ടില്ല.

ഈ കാമ്പിത്താന്റെ കാലത്തു് കായംകുളത്തു രാജാവിനു് സന്തതിയില്ലാതാവുകയാൽ കല്പന കേൾക്കാനായി കായംകുളത്തുരാജാവു് അവിടെച്ചെല്ലുകയും കാമ്പിത്താൻ തുള്ളി, “എനിക്കു തരാമെന്നു നിശ്ചയിച്ചിട്ടുള്ളതു് നിശ്ചിതകാലത്തു തരണം, വിശേ‌ഷാൽ ഒരു ഉച്ചബലി കൂടി നടത്തണം. ഉച്ചബലി കഴിച്ചാൽ ഒരു വത്സരം തികയുന്നതിനു മുമ്പു് ഒരു സന്തതിയുണ്ടാകും” എന്നു കല്പിച്ചു. സന്തതിയുണ്ടായാൽ ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞാലുടനെ മണ്ണടിക്കാവിൽ കൊണ്ടുചെന്നു തൊഴീക്കയും രത്നഖചിതമായ ഒരു പൊൻമുടി നടയ്ക്കു വയ്ക്കുകയും ചെയ്യാമെന്നായിരുന്നു രാജാവു് നിശ്ചയിച്ചിരുന്നതു് . ഈ സംഗതി മനസ്സിൽ വിചാരിച്ചതല്ലാതെ അവിടുന്നു് ആരോടും പറഞ്ഞിരുന്നില്ല. ഇതു കാമ്പിത്താൻ കല്പിച്ചുകേട്ടപ്പോൾ കായംകുളത്തു രാജാവു് ഏറ്റവും വിസ്മയിക്കുകയും കല്പനപോലെയെല്ലാം ചെയ്യാമെന്നു സമ്മതിക്കുകയും അധികം താമസിയാതെ ഉച്ചബലി നടത്തിക്കുകയും ഒരു കൊല്ലം കഴിയുന്നതിനുമുമ്പു് അവിടെ സന്തതിയുണ്ടാവുകയും ചെയ്തു. ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞയുടനെ ആ കുട്ടിയെ മണ്ണടിക്കാവിൽ കൊണ്ടുപോയി തൊഴീക്കയും അമൂല്യങ്ങളായ അനേകം രത്നങ്ങൾ പതിച്ച ഒരു പൊൻമുടി രാജാവു നടയ്ക്കു വയ്ക്കുകയും ചെയ്തു. മംഗലത്തു പണിക്കരുടെ കളരിയിൽ വച്ചു സൂക്ഷിച്ചിരുന്നതും ഈ അടുത്ത കാലത്തു തസ്കരന്മാർ തട്ടിക്കൊണ്ടുപോയതുമായ പൊൻമുടി ഇതുതന്നെയാണത്രേ.

കായംകുളത്തു രാജാവു മനസ്സിൽ വിചാരിച്ച വഴിപാടു കാമ്പിത്താൻ തുള്ളി ചോദിച്ചു മേടിച്ചുവെന്നും മറ്റുമുള്ള വർത്തമാനം അന്നു മധുരയിൽ വാണിരുന്ന പാണ്ഡ്യരാജാവു കേട്ടിട്ടു സ്വർണ്ണത്തിലും വെള്ളിയിലുമായി രണ്ടുകൂട്ടം വാളും ചിലമ്പുമുണ്ടാക്കിച്ചുവയ്ക്കുകയും ഇതറിഞ്ഞു് കാമ്പിത്താൻ തുള്ളിക്കല്പിച്ചു് ആളയയ്ക്കുകയാണെങ്കിൽ വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുത്തയയ്ക്കുകയും കാമ്പിത്താൻ തന്നെ വരുകയാണെങ്കിൽ സ്വർണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ കൊടുത്തയയ്ക്കാമെന്നു മനസ്സിൽ വിചാരിച്ചു.

ഒരു ദിവസം എന്തോ ചില സംഗതികൾക്കു കല്പന കേൾക്കാനായി പണ്ടാരത്തിലും പണിക്കരും ദേശക്കാരും മണ്ണടിക്കാവിൽ കൂടുകയാൽ സന്ധ്യാസമയമായപ്പോൾ കാമ്പിത്താൻ തുള്ളുകയും തുള്ളി നടയിൽ വന്നയുടനെ “എനിക്കു് ഒരാൾ ചില സമ്മാനങ്ങൾ തരാൻ നിശ്ചയിച്ചിരിക്കുന്നു. ഞാൻപോയി അതുവാങ്ങിക്കൊണ്ടു് ക്ഷണത്തിൽ വരാം” എന്നു പറഞ്ഞിട്ടു് അവിടെനിന്നു് ഓടിപ്പോവുകയും ചെയ്തു. എങ്ങോട്ടാണു് പോകുന്നതെന്നറിയാനായി ചിലർ കാമ്പിത്താന്റെ പിന്നാലെ ഓടി. കുറച്ചുദൂരം ചെന്നപ്പോൾ കാമ്പിത്താൻ അദൃശ്യനായിത്തീരുകയാൽ പിന്നാലെ ഓടിയവർ മടങ്ങിപ്പോന്നു. രാത്രി മൂന്നേമുക്കാൽ നാഴികയായപ്പോൾ കാമ്പിത്താൻ മധുരയിൽ പാണ്ഡ്യരാജാവിന്റെ അടുക്കലെത്തി. “എനിക്കു തരാനായി വച്ചിരിക്കുന്നതു് വേഗത്തിൽ തരണം. താമസിക്കാനിടയില്ല” എന്നു പറഞ്ഞു. ആയുധങ്ങളും വേ‌ഷവും വാക്കും എല്ലാം കണ്ടും കേട്ടും ഈ വന്നിരിക്കുന്നതു് കാമ്പിത്താൻ തന്നെയാണെന്നു് നിശ്ചയിച്ചു പാണ്ഡ്യരാജാവു വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുക്കാനായി എടുത്തുകൊണ്ടുവന്നു. അപ്പോൾ കാമ്പിത്താൻ, “ഇതല്ലല്ലോ എനിക്കു തരാമെന്നു് വിചാരിച്ചിരുന്നതു്. ഞാൻ ആളയയ്ക്കുകയായിരുന്നുവെങ്കിൽ ഇതു മതിയായിരുന്നു. ഇപ്പോൾ ഞാൻ തന്നെയാണല്ലോ വന്നിരിക്കുന്നതു്. അതിനാൽ ആദ്യം വിചാരിച്ചതു് തന്നെ തരണം. അല്ലെങ്കിൽ ഒന്നും വേണ്ടാ. താമസിയാതെ ഞാൻ ഒന്നിനു രണ്ടുവീതം എന്റെ സ്ഥലത്തു വരുത്തി വാങ്ങിക്കൊള്ളാം” എന്നു പറഞ്ഞു. ഇതുകേട്ടു് പാണ്ഡ്യരാജാവു് ഭയാത്ഭുതപരവശനായി അകത്തുപോയി സ്വർണ്ണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ എടുത്തുകൊണ്ടുചെന്നു് കൊടുക്കുകയും താൻ പ്രവർത്തിക്കാൻ ഭാവിച്ച തെറ്റിനു ക്ഷമായാചനം ചെയ്യുകയും ചെയ്തു. കാമ്പിത്താൻ ആ വാളും ചിലമ്പും വാങ്ങിക്കൊണ്ടു് അപ്പോൾത്തന്നെ തിരികെപ്പോരുകയും ഏഴരനാഴികരാച്ചെന്നപ്പോഴേക്കും മണ്ണടിക്കാവിലെത്തുകയും അവിടെക്കൂടിയിരുന്നവർ ആവശ്യപ്പെട്ട കല്പനകൾ യഥോചിതം കൊടുക്കുകയും ചെയ്തു. അക്കാലം മുതൽ ആ കാമ്പിത്താനും പിന്നീടുണ്ടായ കാമ്പിത്താന്മാരും തുള്ളുന്ന സമയങ്ങളിൽ ഉപയോഗിച്ചിരുന്നതു് പാണ്ഡ്യരാജാവു് കൊടുത്ത ആ വാളും ചിലമ്പുമാണു്. ആ ഒന്നാമത്തെ കാമ്പിത്താൻ മരിച്ചതിന്റെ ശേ‌ഷം ആ വാളും ചിലമ്പും അവിടെ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള നദിയിൽ വലിയ കയമായിട്ടുള്ള ഒരു സ്ഥലത്തു കൊണ്ടുചെന്നു നിക്ഷേപിക്കുകയും അവിടെ മുങ്ങി ആ വാളും ചിലമ്പും എടുത്തുകൊണ്ടുവരുന്ന ആളെയല്ലാതെ മേലാൽ കാമ്പിത്താനായി സ്വീകരിക്കയില്ലെന്നും നിശ്ചയിക്കു കയും ചെയ്തു. ഇപ്രകാരം ചെയ്തതു പണ്ടാരത്തിലും പണിക്കരും ദേശക്കാരും കൂടിയാലോചിച്ചിട്ടാണു്. വാളും ചിലമ്പുമിട്ട ആ സ്ഥലത്തിന്റെ പേരു് “പാറക്കടവു്” എന്നാണു് പറഞ്ഞുവരുനന്തു്. അതിനിമ്നമായ ആ സ്ഥലത്തു മുങ്ങി അടിയിൽച്ചെലുക എന്നുള്ളതു മനു‌ഷ്യരാൽ സാദ്ധ്യമായിട്ടുള്ളതല്ല. വർ‌ഷകാലങ്ങളിൽ അവിടെ അതികഠിനമായ ഒഴുക്കുണ്ടായിരിക്കും. ഒഴുക്കില്ലാത്ത സമയങ്ങളിൽ അവിടെ വലിയ മുതലകളുണ്ടായിരിക്കുകയും പതിവാണു്. എങ്കിലും ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷവും പാറക്കടവിൽ മുങ്ങി വാളും ചിലമ്പുമെടുത്തുകൊണ്ടുവരികയും കുടപ്പാറയുടെ മുകളിൽ കയറി നൃത്തം ചെയുകയും കലഞ്ഞൂർ കാട്ടിൽനിന്നു് കടുവാക്കുട്ടികളെ പിടിച്ചുകൊണ്ടുവരുകയും ചെയ്തവരായ രണ്ടോ മൂന്നോ കാമ്പിത്താന്മാർ അവിടെ ഉണ്ടായിത്തീർന്നിരുന്നു. അവരുടെ ഓരോരുത്തരുടേയും കാലശേ‌ഷം ആ വാളും ചിലമ്പും ആ കയത്തിലിടുകതന്നെയാണു് ചെയ്തിരുന്നതു്. ഇപ്പോൾ വളരെക്കാലമായി അവിടെ കാമ്പിത്താനുണ്ടാകാതെയിരിക്കുന്നതുകൊണ്ടു് ആ വാളും ചിലമ്പും ആ കയത്തിൽത്തന്നെ കിടക്കുകയാണു്.

ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷമുണ്ടായ കാമ്പിത്താന്മാരുടെ ദിവ്യത്വം സംബന്ധിച്ചും അനേകം ഐതിഹ്യങ്ങളുണ്ടു്. അവയിൽ ചിലതു മാത്രം താഴെപ്പറഞ്ഞുകൊള്ളുന്നു.

ഒരിക്കൽ ഒരു നമ്പൂരി ഭദ്രോല്പത്തി പതിവായി വായിക്കണമെന്നു് നിശ്ചയിച്ചു് എവിടെനിന്നോ ഒരു ഗ്രന്ഥം സമ്പാദിച്ചു. ഭദ്രാല്പത്തി ഗ്രന്ഥം എഴുതി സമ്പാദിച്ചിട്ടുള്ളവർ ചുരുക്കവും അച്ചടിച്ചിട്ടില്ലാത്തതുമാകയാൽ ദേവീമാഹാത്മ്യവും മറ്റുംപോലെ അതത്ര സുലഭവുമല്ല. അതിനാൽ ആ നമ്പൂരി ആ ഒരു ഗ്രന്ഥം സമ്പാദിച്ചതു് വളരെ പ്രയാസപ്പെട്ടാണു്. അദ്ദേഹം ആ ഗ്രന്ഥം അഴിച്ചുനോക്കിയപ്പോൾ അതിൽ ഒരു ഭാഗത്തു മൂന്നക്ഷരങ്ങൾ പൊടിഞ്ഞുപോയിരിക്കുന്നതായിക്കണ്ടു. ആ അക്ഷരങ്ങൾകൂടിയില്ലാതെ പാരായണം ശരിയായി നടത്താൻ നിവൃത്തിയില്ലല്ലോ. അതിനാൽ അദ്ദേഹം ഇതിനെക്കുറിച്ചു് പല വിദ്വാന്മാരോടും ചോദിച്ചു. അവർ ഓരോരുത്തരും ഓരോവിധം മാറിമാറിപ്പറഞ്ഞു. വിദ്വാന്മാരുടെ അഭിപ്രായം ഭിന്നിച്ചുവരുകയാൽ നമ്പൂരി വേറെ പല ഗ്രന്ഥങ്ങളിൽ നോക്കി. ഓരോ ഗ്രന്ഥത്തിലും ഈ അക്ഷരങ്ങൾ മാറിമാറിത്തന്നെ കണ്ടു. ഒന്നിൽ കണ്ടതുപോലെ മറ്റൊന്നിൽക്കൂടെ കാണ്മാൻ സാധിച്ചില്ല. ആകെപ്പാടെ നമ്പൂരി വി‌ഷമിച്ചു. പിന്നെ അദ്ദേഹം ഭദ്രകാളീ ക്ഷേത്രങ്ങളിലുള്ള വെളിച്ചപ്പാടന്മാർക്കു ഭഗവതിയുടെ അധിവാസമുണ്ടാകുന്ന സമയം അവരോടു ചോദിച്ചാൽ ഇതിന്റെ വാസ്തവമറിയാമെന്നു് വിചാരിച്ചു് അതിനായി ശ്രമിച്ചുതുടങ്ങി. അദ്ദേഹം ഇതിനായി മലയാളത്തിലുള്ള പല ഭദ്രകാളീ ക്ഷേത്രങ്ങളിൽപ്പോയി. ഓരോ സ്ഥലത്തും ചെല്ലുമ്പോൾ എന്തിനായിട്ടാണു് ചെന്നതെന്നു് ആരെങ്കിലും ചോദിച്ചാൽ “ഒരു കല്പന കേൾക്കാനാണു് ” എന്നു മാത്രമല്ലാതെ അദ്ദേഹം വാസ്തവം ആരോടും പറഞ്ഞില്ല. കാര്യമെന്താണെന്നു് ആരെങ്കിലും ചോദിച്ചാൽ “അതു ഭഗവതിക്കറിയാം” എന്നു മാത്രമാണു് അദ്ദേഹം മറുപടി പറഞ്ഞതു്.

നമ്പൂരി കല്പന കേൾക്കാനായിച്ചെന്ന ക്ഷേത്രങ്ങളിലെല്ലാം വെളിച്ചപ്പാടന്മാർ തുള്ളിചെലുമ്പോൾ “എന്താണു് എന്റെ ഉണ്ണിക്കു സങ്കടം? എന്താണറിയേണ്ടതു?” എന്നു ചോദിക്കുകയും “എനിക്കു് അറിയിക്കാനും അറിയാനുമുള്ള കാര്യം ഗോപ്യമായിട്ടുള്ളതാണു്. അതു് മറ്റാരും കേൾക്കാനും അറിയാനും പാടില്ല” എന്നു നമ്പൂരി പറയുകയും അപ്പോൾ അടുത്തുചെന്നു ചെവിയിൽ സ്വകാര്യമായി പറഞ്ഞുകൊള്ളുന്നതിനു് വെളിച്ചപ്പാടനുവദിക്കുകയും നമ്പൂരി അടുത്തുചെന്നു് വെളിച്ചപ്പാടിന്റെ ചെവിയിൽ സ്വകാര്യമായി “ഇപ്പോൾ വരട്ടുവാഴയ്ക്കായ്ക്കു് എന്തു വിലയുണ്ടു്” എന്നു ചോദിക്കുകയും ഇതുകേട്ടു ചില വെളിച്ചപ്പാടന്മാർ ലജ്ജിച്ചു് ഒന്നും മിണ്ടാതെ പിന്മാറുകയും ചിലർ കോപിച്ചു്, “അഹോ! എന്നെ പരീക്ഷിക്കാനായി വന്നിരിക്കയാണു് അല്ലേ? ആട്ടെ ഇതിന്റെ ഫലം ഞാൻ കാണിച്ചുതരാം” എന്നും മറ്റും പറയുകയും ചെയ്തുകൊണ്ടിരുന്നു. വെളിച്ചപ്പാടന്മാരുടെ ദേ‌ഷ്യപ്പെടലും മറ്റും നമ്പൂരി അല്പം പോലും വകവയ്ക്കാറില്ല. “വാസ്തവമായി ഭഗവതിയുടെ അധിവാസമുണ്ടായിട്ടു തുള്ളുന്നതണെങ്കിൽ വെളിച്ചപ്പാടന്മാർ കാര്യമെന്താണെന്നു ചോദിക്കയില്ലല്ലോ; ആരും പറയാതെ തന്നെ ഭഗവതിക്കു് എല്ലാമറിയാമല്ലോ” എന്നായിരുന്നു നമ്പൂരിയുടെ വിചാരം. കള്ളത്തുള്ളലു തുള്ളുന്ന വെളിച്ചപ്പാടന്മാരെക്കുറിച്ചുള്ള പുച്ഛംകൊണ്ടാണു് അദ്ദേഹം വരട്ടുവാഴയ്ക്കായുടെ വില ചോദിച്ചിരുന്നതെന്നുള്ളതു് വിശേ‌ഷിച്ചു് പറയണമെന്നില്ലല്ലോ.

ഇങ്ങനെ ആ നമ്പൂതിരി ഭദ്രകാളീക്ഷേത്രങ്ങളിൽ പോയി കല്പന കേൾക്കുകയും കാര്യം സാധിക്കായ്കയാൽ ഇച്ഛാഭംഗത്തോടുകൂടി പിരിയുകയും ചെയ്തതിന്റെശേ‌ഷം ഒടുവിൽ മണ്ണടിക്കാവിൽ ചെന്നു ചേർന്നു. അവിടെ കാമ്പിത്താൻ അധിവാസമുണ്ടായി തുള്ളിക്കൊണ്ടിരിക്കുന്ന സമയത്താണു് നമ്പൂരി ചെന്നു ചേർന്നതു്. അദ്ദേഹം അവിടെ ചെന്നയുടനെ കാമ്പിത്താൻ അദ്ദേഹത്തെ അടുക്കൽ വിളിച്ചു് “എന്താ, വരട്ടുവാഴയ്ക്കായുടെ വിലയറിയണം, അല്ലേ? പല സ്ഥലങ്ങളിൽപോയിട്ടും അതറിയാൻ കഴിഞ്ഞില്ലല്ലോ. ആട്ടെ അതു ഞാൻപറഞ്ഞുതരാം” എന്നു പറഞ്ഞിട്ടു് കൈയിലുണ്ടായിരുന്ന വാളിന്റെ അഗ്രം കൊണ്ടു് മൂന്നക്ഷരങ്ങൾ നിലത്തു് എഴുതിക്കാണിച്ചു കൊടുക്കുകയും, “എന്താ മനസ്സിലായോ? ഇപ്പോൾ ശരിയായില്ലേ?” എന്നു ചോദിക്കുകയും ചെയ്തു. നമ്പൂരി ആ അക്ഷരങ്ങൾ നോക്കി ധരിച്ചതിന്റെ ശേ‌ഷം ഭക്ത്യാദരസമേതം കാമ്പിത്താന്റെ കാല്ക്കൽ വീണു നമസ്കരിക്കുകയും “ഭഗവതിയുടെ കൃപകൊണ്ടു് ഇപ്പോൾ എന്റെ ആഗ്രഹം സാധിച്ചു. ഈ ഭക്തനിൽ എന്നും കരുണയുണ്ടായിരിക്കണം” എന്നു പറയുകയും കുളിച്ചു തൊഴുതു് ക്ഷേത്രത്തിൽ അനേകം വഴിപാടുകൾ നടത്തുകയും ചെയ്തു. കാമ്പിത്താൻ എഴുതിക്കാണിച്ച അക്ഷരങ്ങൾ ശ്ലോകത്തിന്റെ വൃത്തത്തിനും അർഥത്തിനും യോജിച്ചവയായിരുന്നതിനാൽ നമ്പൂരി അവകൂടി തന്റെ ഗ്രന്ഥത്തിൽ ചേർത്തെഴുതിക്കൊണ്ടു സ്വദേശത്തെത്തി പതിവായി ഭദ്രാല്പത്തി പാരായണം ചെയ്തു കൊണ്ടിരുന്നു.

മുമ്പുണ്ടായിരുന്ന കാമ്പിത്താൻ കഴിഞ്ഞുപോയതിന്റെ ശേ‌ഷം കാമ്പിത്താനുണ്ടാകാതെയും ഒരു കാമ്പിത്തനുണ്ടായാൽക്കൊള്ളാമെന്നു് ജനങ്ങൾ ആഗ്രഹിച്ചുകൊണ്ടുമിരുന്ന കാലത്തു് ഒരിക്കൽ ഒരു നായർ എവിടെനിന്നോ ഒരു ചുമടു് ഉപ്പുമായി മണ്ണടിക്കാവിന്റെ കിഴക്കേ നടയിൽ വന്നുചേർന്നു. അയാൾ അവിടെ ഒരു മരത്തണലിൽ ചുമടിറക്കിവച്ചു ക്ഷീണം തീർക്കാനായി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാളുടെ വിധമൊക്കെ മാറി. അയാൾ തുള്ളിച്ചാടിയെണീറ്റു് അത്യുച്ചത്തിൽ ഒന്നട്ടഹസിചു. ആ അട്ടഹാസം കേട്ടു് സമീപസ്ഥന്മാരായ ജനങ്ങളെല്ലാവരും അവിടെക്കൂടി. അപ്പോൾ ആ മനു‌ഷ്യൻ, “കാമ്പിത്താനാണു്, അടുത്ത വെള്ളിയാഴ്ച ജനങ്ങളെല്ലാവരും കുടപ്പാറയുടെ സമീപത്തു വരണം. അപ്പോൾ എന്നെ അവിടെക്കാണാം” എന്നു പറഞ്ഞിട്ടു് പാറക്കടവിൽച്ചെന്നു ചാടി വെള്ളത്തിൽത്താഴുകയും ചെയ്തു.

അടുത്ത വെള്ളിയാഴ്ച ജനങ്ങൾ കുടപ്പാറയുടെ സമീപത്തു ചെന്നപ്പോൾ ആ മനു‌ഷ്യൻ കുടപ്പാറയുടെ മുകളിൽ നില്ക്കുന്നതായി എല്ലാവരും കണ്ടു. പാണ്ഡ്യരാജാവു സ്വർണ്ണംകൊണ്ടു പണിയിച്ചു് ഇതിനു മുമ്പിലത്തെ കാമ്പിത്താനു് കൊടുത്തതും ആ കാമ്പിത്താന്റെ കാലശേ‌ഷം പാറക്കടവിൽ നിക്ഷേപിച്ചിരുന്നതുമായ വാളും ചിലമ്പും ഇളക്കിപ്പിടിച്ചു കൊണ്ടാണു് ആ മനു‌ഷ്യൻ അവിടെ നിന്നിരുന്നതു്. ജനങ്ങളെക്കണ്ടയുടനെ അയാൾ താഴെയിറങ്ങി നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ടു് ജനങ്ങളുടെ അടുക്കലെത്തി. അവിടെ നിന്നു് എല്ലാവരുംകൂടി മണ്ണടിക്കാവിലെത്തി. അപ്പോൾ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലും മംഗലത്തുപണിക്കരും ദേശക്കാരും അവിടെക്കൂടുകയും ആ കാമ്പിത്താനെ വിശ്വാസപൂർവ്വം ബഹുമാനിച്ചു സ്വീകരിക്കുകയും ചെയ്തു. ആ കാമ്പിത്താനും അനേകം അത്ഭുതകർമ്മങ്ങൾ ചെയ്തിട്ടുണ്ടു്.

ഒരിക്കൽ ഈ കാമ്പിത്താൻ തുള്ളി. പാറക്കടവിൽ വെള്ളത്തിനടിയിൽ ഒരു ഭഗവതി ഇരിക്കുന്നുണ്ടെന്നും അവിടെ ഒരു പൂജ കഴിക്കേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു. കുറെ ഉണക്കലരിയും പൂവും പൂജാപാത്രങ്ങളും തീയും വിറകും ചന്ദനവും ഉപസ്തരണവും മറ്റുമെടുത്തുകൊണ്ടു് പാറക്കടവിൽച്ചെന്നു വെള്ളത്തിൽച്ചാടി മുങ്ങുകയും നാലഞ്ചു നാഴിക കഴിഞ്ഞപ്പോൾ ചൂടാറാത്ത ചോറും പൂജാപാത്രങ്ങളും എടുത്തുകൊണ്ടു് വെള്ളത്തിൽനിന്നു കയറിവരുകയും ഇതുകണ്ടു് ജനങ്ങൾ ഏറ്റവും വിസ്മയിക്കുകയും ചെയ്തു.

Chap70pge553.png

ഒരിക്കൽ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്നു് ഏറ്റവും വിലയേറിയ ചില തിരുവാഭരണങ്ങൾ തസ്കരന്മാർ തട്ടിക്കൊണ്ടു് പോവുകയും പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും യാതൊരു തുമ്പുമുണ്ടാകാതെ വരികയും ചെയ്യുകയാൽ അന്നു നാടു വാണിരുന്ന മഹാരാജാവു് തിരുമനസ്സുകൊണ്ടു് ഭഗവതിയുടെ കല്പന കേൾക്കുന്നതിനായി മണ്ണടിക്കാവിലേക്കു് കല്പിച്ചാളയച്ചു. തിരുമനസ്സിലെ ആളുകൾ മണ്ണടിക്കാവിൽ വന്ന സമയം ഈ കാമ്പിത്താൻ തുള്ളി കളവുപോയ സാധനങ്ങൾ ഇന്നിടത്തു് ഇന്നാരുടെ അറയിൽ ഒരു പെട്ടിക്കകത്തിരിപ്പുണ്ടെന്നും മോഷ്ടിച്ചതു് ഇന്നാരാണെന്നും സ്പഷ്ടമായി പറഞ്ഞു. അതനുസരിച്ചു് അന്വേ‌ഷണം നടത്തിയപ്പോൾ സാധനങ്ങളെല്ലാം കണ്ടുകിട്ടുകയും മോഷ്ടാവു കുറ്റം സമ്മതിക്കുകയും അവനെ യഥാന്യായം ശിക്ഷിക്കുകയും ചെയ്തു. ഈ മോ‌ഷണം തെളിയിച്ചുകൊടുത്തതിലേക്കു് തിരുമനസ്സു് കൊണ്ടു് “പട്ടാഴി” എന്ന ദേശം കരമൊഴിവായി ആ കാമ്പിത്താന്റെ പേരിൽ കല്പിച്ചു പതിപ്പിച്ചു കൊടുത്തു. അതിനാൽ അക്കാലം മുതൽ ആ ദേശത്തുള്ള നിലം പുരയിടങ്ങൾക്കെല്ലാം കാമ്പിത്താൻ കുടിയാന്മാർക്കു് ആധാരങ്ങൾ എഴുതിക്കൊടുക്കുകയും പാട്ടം പിരിക്കുകയും ചെയ്തു തുടങ്ങി. അവിടെയുണ്ടായിരുന്ന ഭദ്രകാളീക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്യിച്ചു് കലശം കഴിപ്പിക്കലും കാമ്പിത്താൻതന്നെ നടത്തി. ദേവസ്വകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തിവരുന്നതും കാമ്പിത്താൻതന്നെ.

കാമ്പിത്താനെക്കുറിച്ചു് ജനങ്ങൾക്കു വിശ്വാസവും ഭക്തിയും ബഹുമാനവും ക്രമേണ വർദ്ധിച്ചുവരികയാൽ അവിടെ കാമ്പിത്താനു് സാമാന്യത്തിലധികം പ്രാബല്യവും സിദ്ധിച്ചു. അതിനാൽ മണ്ണടിക്കാവിൽ വഴിപാടായും നടവരവായുമുണ്ടാകുന്ന മുതലുകളെല്ലാം കാമ്പിത്താൻ തന്നെ എടുത്തുതുടങ്ങി. അപ്പോൾ മംഗലത്തു പണിക്കർക്കു് ആദായം കുറഞ്ഞുതുടങ്ങുകയും തന്നിമിത്തം പണിക്കരും കാമ്പിത്താനുമായി വഴക്കും ശണ്ഠയും കലശലായിത്തീരുകയും ചെയ്തു. അപ്പോൾ ദേശക്കാരും മറ്റും കൂടിപ്പറഞ്ഞു് ആ ശണ്ഠ ശമിപ്പിച്ചു് അവരെ രാജിപ്പെടുത്തുകയും “കയ്യിൽ കിട്ടുന്നതു കാമ്പിത്താനും നടയ്ക്കു വരുന്നതു പണിക്കരും എടുത്തുകൊള്ളുക” എന്നൊരു വ്യവസ്ഥ നിശ്ചയിക്കുകയും ചെയ്തു. അപ്പോൾ ആരുമൊന്നും നടയ്ക്കു വയ്ക്കാതെ എല്ലാം കാമ്പിത്താന്റെ കൈയിൽക്കൊടുത്തു തുടങ്ങി. ദേവസ്വം സംബന്ധിച്ചു് ഒന്നും കിട്ടാതായപ്പോൾ പിന്നേയും പണിക്കർക്കു കാമ്പിത്താനോടു് വൈരം വർദ്ധിച്ചു. എങ്കിലും കാമ്പിത്താനു് സകലജനങ്ങളുടെയും സഹായവും മഹാരാജാവു് തിരുമനസ്സിലെ കാരുണ്യവും വേണ്ടുംവണ്ണമുണ്ടായിരുന്നതിനാൽ ജയം കിട്ടുന്ന കാര്യം അസാദ്ധ്യമാണെന്നു വിചാരിച്ചു് പണിക്കർ വ്യവഹാരത്തിനും മറ്റും പോയില്ല. ചില ദുർമ്മന്ത്രവാദികളെക്കൊണ്ടു് പണിക്കർ ആഭിചാരം ചെയ്യിച്ചു (വി‌ഷം കൊടുത്താണെന്നും ചിലർ പറയുന്നുണ്ടു്) കാമ്പിത്താനെക്കൊല്ലിച്ചു. അതിനാൽ മണ്ണടിക്കാവു ദേവസ്വം പിന്നെയും യഥാപൂർവ്വം മംഗലത്തു പണിക്കരുടെ കൈവശംതന്നെയായിത്തീർന്നു. അതിൽപ്പിന്നെ ഇതുവരെ അവിടെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാൽ ഇപ്പോഴും ദേവസ്വം നിർബാധം പണിക്കരുടെ കൈവശം തന്നെയായിരിക്കുന്നു.

ഒരു കാമ്പിത്താൻ മരിച്ചാൽ അയാളുടെ ശവസംസ്കാരവും ഉദകക്രിയ മുതലായവയും ചെയ്യേണ്ടതു പിന്നെയുണ്ടാകുന്ന കാമ്പിത്താനാണു്. പ്രസ്തുത കാമ്പിത്താന്റെ കാലശേ‌ഷം ഇതുവരെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാൽ ഈ ഒടുവിൽ കഴിഞ്ഞ കാമ്പിത്താന്റെ ശവസംസ്കാരവും ശേ‌ഷക്രിയകളും ഇതുവരെ നടന്നിട്ടില്ല. അയാളുടെ മൃതദേഹം ഒരു പെട്ടിയിലാക്കി ഉപ്പും കർപ്പൂരവുമിട്ടു സ്ഥാപിച്ചിരിക്കുകയാണു്. വാളും ചിലമ്പും പാറക്കടവിലും നിക്ഷേപിച്ചിരിക്കുന്നു.

കാമ്പിത്താൻ മരിച്ചതിന്റെ ശേ‌ഷം പട്ടാഴിദേശവും ദേവസ്വവും തിരുവിതാംകൂർ ഗവർമ്മേന്റിൽ ചേർക്കുകയും ചെയ്തു. എന്നാൽ ഇനിയൊരു കാമ്പിത്താനുണ്ടായാൽ അപ്പോൾ വിട്ടുകൊടുക്കുവാൻ തക്കവണ്ണമല്ലാതെ പൂർണ്ണമായി സർക്കാരിൽ ചേർത്തിട്ടില്ല.

ഇനി ഉച്ച ബലിയെസ്സംബന്ധിച്ചാണു് സ്വല്പം പറയാനുള്ളതു്. അതു താഴെ പ്രസ്താവിച്ചുകൊള്ളുന്നു.

പട്ടാഴിയിലുള്ള ഭദ്രകാളീക്ഷേത്രത്തിൽ പണ്ടേതന്നെ ഒരു മുടി ഇരിക്കുന്നുണ്ടായിരുന്നു. അതു ഭദ്രകാളിയുടെ മുടിയാണെങ്കിലും അവിടെ ബിംബത്തിൽ ചാർത്തുക പതിവില്ല. സ്വർണ്ണമയമായ ആ മുടി ക്ഷേത്രത്തിനകത്തുതന്നെ പ്രത്യേകമൊരു സ്ഥലത്തുവച്ചു പതിവായി പൂജിച്ചിരുന്നു. മുടിവച്ചു പൂജിച്ചിരുന്ന സ്ഥലത്തിനു് “മുടിപ്പുര” എന്നാണു് പേരു പറഞ്ഞുവരുന്നതു്. ആ മുടി എങ്ങനെയോ മണ്ണടിക്കാവിൽച്ചെന്നുചേരുകയും മംഗലത്തു പണിക്കർ കൈവശപ്പെടുത്തുകയും പണിക്കർ അയാളുടെ വീട്ടുമുറ്റത്തു തന്നെ ഒരു മുടിപ്പുര പണിയിച്ചു് മുടി അവിടെവച്ചു് അയാൾ തന്നെ പൂജ തുടങ്ങുകയും ചെയ്തു.

പണിക്കരും കാമ്പിത്താനും രസമില്ലാതെയാവുകയും മണ്ണടിക്കാവു് കാമ്പിത്താന്റെ കൈവശത്തിലാവുകയും ചെയ്തപ്പോൾ പണിക്കർ അയാളുടെ ഗൃഹത്തിനു സമീപം ഒരു ക്ഷേത്രം പണിയിച്ചു് അവിടെ ഒരു ഭഗവതിയെ പ്രതി‌ഷ്ഠിക്കുകയും ആ ഭഗവതിക്കു പണിക്കർതന്നെ പൂജ നടത്തിത്തുടങ്ങുകയും ചെയ്തു. ആ ക്ഷേത്രത്തിനു “പുതിയകാവു്” എന്നും “പടിഞ്ഞാറെ നട” എന്നും പേരു സിദ്ധിച്ചു. പുതിയതായി ഉണ്ടായതു് കൊണ്ടും മണ്ണടിക്കാവിന്റെ പടിഞ്ഞാറുവശത്തായതുകൊണ്ടും ഈ പേരുകളുണ്ടായതാണു് . പുതിയ കാവിലും മുടിപ്പുരയിലും നിവേദ്യം മലർ മാത്രമാണു് പതിവു്.

ഇദംപ്രഥമമായി ഉച്ചബലിയടിയന്തിരം നിശ്ചയിച്ച കാലത്തു് പണിക്കർ ഒരു ദാരുക(ചിലർ ദാരികനെന്നും പറയും)ന്റെ മുടികൂടിപ്പണിയിച്ചു മുടിപ്പുരയിൽ വച്ചു.

കുംഭമാസം ഒന്നാം തീയതി മംഗലത്തു് പണിക്കരും ദേശക്കാരും കിഴക്കേനടയിൽ കൂടിയാണു് ഉച്ചബലിയുടെ ദിവസം നിശ്ചയിച്ചിരുന്നതു്. കുംഭമാസം 15-ആം തീയതി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ വേണമെന്നല്ലാതെ ഉച്ചബലി ഇന്ന ദിവസം വേണമെന്നില്ല. ഉച്ചബലിയുടെ പത്തു ദിവസം മുമ്പേ കൊടിയേറ്റും പിന്നെ പത്തു ദിവസത്തെ ഉത്സവവുമുണ്ടു്. കൊടിയേറിയാൽ പത്തു ദിവസത്തേക്കു മംഗലത്തു പണിക്കർ ശരീരശുദ്ധിയോടുകൂടി വ്രതമായിട്ടിരിക്കണം.

ഉച്ചബലിനാൾ എഴരനാഴികപ്പകലാവുന്ന സമയം മൂത്തപണിക്കർ വാദ്യഘോ‌ഷങ്ങളോടും ദേശക്കാരുടെ അകമ്പടിയോടുംകൂടി ഭദ്രകാളിയുടെ മുടിയെടുത്തു് എഴുന്നള്ളിച്ചുകൊണ്ടു് വാക്കുവഞ്ഞിപ്പുഴമഠത്തിൽച്ചെല്ലണം. അവിടെനിന്നു് മേൽപ്രകാരം ആഘോ‌ഷങ്ങളോടുകൂടിത്തന്നെ മുടിയെഴുന്നള്ളിച്ചുകൊണ്ടു് ഊരുവലത്തായി (ദേശപ്രദക്ഷിണമായി) കിഴക്കേ നടയിൽ വന്നു ചേരണം. ഏഴര നാഴിക രാത്രിയാകുമ്പോൾ ഇളയ പണിക്കർ ദാരുകന്റെ മുടിയുമെടുത്തുകൊണ്ടു് അവിടെ എത്തണം. അവിടെ വച്ചു മൂത്തപണിക്കരും ഇളയപണിക്കരുംകൂടി ഭദ്രകാളിയും ദാരുകനും കൂടി പണ്ടുണ്ടായ വിധം ഒരു യുദ്ധം അഭിനയിക്കണം. അതു കഴിഞ്ഞാൽ മുടികൾ രണ്ടും പണിക്കരുടെ വീട്ടിലേക്കു് എഴുന്നള്ളിക്കുകയും മുടിപ്പുരയിൽ കൊണ്ടുചെന്നു് യഥാപൂർവം വയ്ക്കുകയും ചെയണം. ഇത്രയുമാണു് ഉച്ചബലിയുടെ ചടങ്ങുകൾ. ഇതിനു “മുടിയെടുപ്പു്” എന്നും പറയാറുണ്ടു്.

പണ്ടൊരിക്കൽ ഒരുച്ചബലിക്കു മൂത്തപണിക്കരും ഇളയപണിക്കരും കൂടി യുദ്ധമഭിനയിച്ച സമയം മൂത്തപണിക്കർക്കു കലികൊള്ളുകയും യുദ്ധം അഭിനയം വിട്ടു വാസ്തവമായിത്തീരുകയും ദാരുകനായ ഇളയപണിക്കർക്കു നേരിട്ടുനിൽക്കാൻ നിവൃത്തിയില്ലാതെയാവുകയാൽ അയാൾ ഓടുകയും ഭദ്രകാളിയായ മൂത്തപണിക്കർ പിന്നാലെ എത്തുകയും ഗത്യന്തരമില്ലെന്നായപ്പോൾ ഇളയ പണിക്കർ ഒരു കിണറ്റിൽ ചാടുകയും മൂത്ത പണിക്കർ കൂടെ ചാടുകയും കുറച്ചുകഴിഞ്ഞപ്പോൾ മൂത്തപണിക്കർ ഇളയ പണിക്കരുടെ തലയും ദാരുകന്റെ മുടിയുംകൊണ്ടു കരയ്ക്കു കയറി വരികയും ആ ഉച്ചബലി അങ്ങനെ അവസാനിക്കുകയും ചെയ്തു.

ഇളയപണിക്കർ കഴിഞ്ഞിട്ടു പിന്നെ അവരുടെ കുടുംബത്തിൽ പുരു‌ഷനായിട്ടു മൂത്തപണിക്കർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പണിക്കരുടെ തറവാട്ടിൽ പ്രായം തികഞ്ഞ രണ്ടു പുരു‌ഷന്മാരുണ്ടാകുന്ന കാലത്തു് അവർ മുടിയെഴുന്നള്ളിച്ചാൽ മതിയെന്നും അതുവരെ കണിയാന്മാരെക്കൊണ്ടു് ഉച്ചബലി നടത്തിയാൽ മതിയെന്നും തീർച്ചപ്പെടുത്തി. അതിൽപ്പിന്നെ ഇതുവരെ മംഗലത്തു പണിക്കരുടെ തറവാട്ടിൽ പ്രായം തികഞ്ഞ രണ്ടുപുരു‌ഷന്മാർ ഒരു കാലത്തുമുണ്ടായിട്ടില്ല. ഇളമുറക്കാരനു് പുരു‌ഷപ്രായമാകുന്നതിനുമുമ്പു് മൂത്തപണിക്കർ മരിക്കും. അങ്ങനെയാണു് ഇപ്പോഴും അവിടെക്കണ്ടുവരുന്നതു്.

ഇളയപണിക്കരുടെ കാലശേ‌ഷം ഉച്ചബലിയടിയന്തിരം ദേശാവകാശികളായ കണിയാന്മാരെക്കൊണ്ടു് നടത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു ഉച്ചബലിദിവസം കാളിയും ദാരുകനുംകൂടി യുദ്ധമഭിനയിച്ചുകൊണ്ടുനിന്ന സമയം ആ സ്ഥലത്തു ജനങ്ങളുടെ തിക്കും തിരക്കുംകൊണ്ടു കണിയാന്മാർക്കു നില്ക്കാൻ നിവൃത്തിയില്ലാതെയായി. മറിഞ്ഞുവീണുകയും കാലുമൊടിയുകയോ ഏറ്റവും വിലയേറിയ മുടികൾക്കു വല്ലതും കേടുപറ്റുകയോ ചെയ്തുവെങ്കിലോ എന്നു ഭയപ്പെട്ടു കണിയാന്മാർ മുടികൾ അടുത്തു നിന്നിരുന്ന ഈഴവരുടെ കൈയിലേക്കു കൊടുത്തു. ഈഴവർ ആ മുടികൾ മടക്കിക്കൊടുക്കാതെ കൊണ്ടുപോവുകയും ഒരു മുടിപ്പുര പണിയിച്ചു് അവിടെവച്ചു് അവർതന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലം മുതൽ രണ്ടുകൊല്ലം മുമ്പു് (1097-ആമാണ്ടു്) വരെ ഉച്ചബലിയടിയന്തിരം നടത്തിവന്നതു് ഈഴവരാണു്. 1097-ആമാണ്ടു് ഈഴവർ അവർക്കുകൂടി ക്ഷേത്രപ്രവേശനമനുവദിക്കണമെന്നു് ആവശ്യപ്പെടുകയും മംഗലത്തുപണിക്കരും ദേശക്കാരും അതനുവദിക്കായ്കയാൽ ഈഴവർ പിണങ്ങി അവർക്കു് ഉച്ചബലി നടത്താൻ കഴികയില്ലെന്നു പറഞ്ഞു് മുടികൾ മംഗലത്തു് പണിക്കരെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു. അക്കാലംമുതൽ വീണ്ടും കണിയാന്മാരെക്കൊണ്ടു് ഉച്ചബലി നടത്തിച്ചു തുടങ്ങി. ഇപ്പോൾ അതു നടത്തുന്നതു് കണിയാന്മാർ തന്നെയാണു്. മുടികൾവച്ചു സൂക്ഷിക്കുന്നതു് മംഗലത്തു പണിക്കർ തന്നെ.

ഉച്ചബലി സംബന്ധിച്ചു യുദ്ധമഭിനയിക്കുന്ന സ്ഥലത്തിനു് “ഊട്ടുകളം” എന്നാണു് പേർ പറഞ്ഞുവരുന്നതു്. ദാരുകനായ ഇളയപണിക്കർ ചാടിയ കിണറ്റിലെ വെള്ളം ഇപ്പോഴും രക്തവർണ്ണമായിത്തന്നെ കിടക്കുന്നു. അതു ക്ഷേത്രത്തിന്റെ വടക്കു വശത്താണു്. ആ സ്ഥലത്തിനു “ഭഗവതിമഠം” എന്നു പേർ പറഞ്ഞുവരുന്നു.

മണ്ണടിക്കാവിൽ ഇപ്പോൾ കാമ്പിത്താനില്ലെങ്കിലും ഭഗവതിയുടെ ശക്തിയ്ക്കു് അവിടെ ഇപ്പോഴും യാതൊരു കുറവും വന്നിട്ടില്ല. പതിവായി ഉത്സവവും ഉച്ചബലിയും നടന്നുവരുന്നു. കാലഭേദംകൊണ്ടു ജനങ്ങൾക്കു ഭക്തി കുറഞ്ഞുപോവുകയാൽ പണ്ടത്തെപ്പോലെ ആരും ഭഗവതിയെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നില്ലെന്നു് മാത്രമേ അവിടെയൊരു ദോ‌ഷം വന്നിട്ടുള്ളൂ.

സ്വയംഭൂവായ ബിംബത്തിന്മേൽ അരിവാൾ തേച്ച പുലക്കള്ളി രക്തം കണ്ട സമയം മണ്ണുവാരി അടിച്ചതിനാലാണു് ആ സ്ഥലത്തിനു് “മണ്ണടി” എന്നു പേരു സിദ്ധിച്ചതെന്നു ജനങ്ങൾ പറയുന്നു. അതെങ്ങനെയായാലും ആ സ്ഥലം ഏറ്റവും മാഹാത്മ്യമുള്ളതും ആ ഭഗവതി അത്യുഗ്രമൂർത്തിയാണെന്നുമുള്ളതിനു് സംശയമില്ല.