close
Sayahna Sayahna
Search

ഐതിഹ്യമാല-98


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മണ്ണാറശ്ശാല മാഹാത്മ്യം

കേരളഭൂമിയുടെ ഉത്ഭവവും അതിനെ സംബന്ധിച്ചുള്ള ചരിത്രവും ഏതു വിധമെങ്കിലും ആയിരുന്നു കൊള്ളട്ടെ. അതിനെക്കുറിച്ചു ചിന്തിക്കുകയോ തീർച്ചപ്പെടുത്തുകയോ ചെയ്യണമെന്നു് ഇവിടെ വിചാരിക്കുന്നില്ല. മേൽപ്പറഞ്ഞിരിക്കുന്ന ക്ഷേത്രത്തെ സംബന്ധിച്ചു പഴമ പരിചയമുള്ള വയോവൃദ്ധന്മാരിൽനിന്നു കേട്ടിട്ടുള്ള ഐതിഹ്യങ്ങൾ മാത്രം ചുരുക്കത്തിൽ വിവരിക്കണമെന്നേ ഇപ്പോൾ ഉദ്ദേശിക്കുന്നുള്ളു.

ശ്രീപരശുരാമൻ പരദേശങ്ങളിൽനിന്നു ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തിൽ താമസിപ്പിച്ച കാലത്തു് ഇവിടെ സർവത്ര സർപ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു എന്നുമാത്രമല്ല, ഓരില്ലാത്ത നല്ല വെള്ളം കേരളഭൂമിയിൽ ഒരിടത്തും കിട്ടുകയുമില്ലായിരുന്നു. അതിനാൽ ഇവിടെ താമസിക്കുന്ന കാര്യം പ്രയാസമാണെന്നു തോന്നുകയാൽ ബ്രാഹ്മണരെല്ലാവരും വന്ന വഴിയേ പരദേശങ്ങളിലേയ്ക്കുതന്നെ മടങ്ങിപ്പോയി. അപ്പോൾ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. പിന്നെ അദ്ദേഹം കൈലാസത്തിൽച്ചെന്നു സർവ്വജ്ഞനും സർപ്പഭൂ‌ഷണനും തന്റെ ഗുരുനാഥനുമായ ശ്രീപരമേശ്വരനെ കണ്ടു വിവരമറിയിച്ചപ്പോൾ ശി‌ഷ്യവത്സലനായ ഭഗവാൻ ശ്രീപരമേശ്വരൻ “സർപ്പരാജാവായ വാസുകിയെ സേവിച്ചു പ്രസാദിപ്പിച്ചാൽ ഇതിനൊക്കെ സമാധാനമുണ്ടാക്കിത്തരും” എന്നരുളിച്ചെയ്തു. അതുകേട്ടു പരശുരാമൻ വീണ്ടും കേരളത്തിൽ വന്നു വാസുകിയെക്കുറിച്ചു് തപസ്സുചെയ്തുകൊണ്ടിരുന്നു. പരശുരാമന്റെ തപസ്സു് അതികഠിനമായിരുന്നതിനാൽ വാസുകി അചിരേണ സന്തുഷ്ടനായിത്തീരുകയും പ്രത്യക്ഷമായി പരശുരാമന്റെ അടുക്കൽചെന്നു്, “അല്ലയോ മഹാത്മൻ! ഭവാന്റെ അതിഘോരമായ ഈ തപസ്സുകൊണ്ടു് ഞാൻ അത്യന്തം പരിതുഷ്ടനായിരിക്കുന്നു. അവിടുത്തെ അഭീഷ്ടമെന്താണെന്നു പറഞ്ഞാൽ അപ്രകാരം ചെയ്‌‌വാൻ ഞാൻ സന്നദ്ധനായിരിക്കുന്നു” എന്നു പറഞ്ഞു. വാസുകിയുടെ ഈ വാക്കുകേട്ടു പരശുരാമൻ, “അലയോ സർപ്പകുലാധിപതേ! ഈ കേരളഭൂമിയിൽ ഭവാന്റെ വംശന്മാരും പരിജനങ്ങളും മറ്റുമായ സർപ്പങ്ങളുടെ സാർവ്വത്രികമായ സഞ്ചാരംകൊണ്ടും ഇവിടെയുള്ള വെള്ളമെല്ലാം ലവണരസപൂർണ്ണമായിരിക്കുന്നതിനാലും ഈ പ്രദേശത്തു മനു‌ഷ്യർക്കു നിവസിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു. അതിനാൽ ഈ രണ്ടു സംഗതികൾക്കും പരിഹാരമുണ്ടാക്കി ഭവാൻ ഈ ഭൂഭാഗം മനു‌ഷ്യവാസയോഗ്യമാക്കിത്തരണമെന്നാണു് എന്റെ അപേക്ഷ” എന്നു പറഞ്ഞു.

വാസുകി: ഭവാന്റെ ഇഷ്ടം പോലെ, ഈ കേരളഭൂമിയിലുള്ള വെള്ളത്തിൽ കലർന്നിരിക്കുന്ന ലവണരസമെല്ലാം ഞാൻ ആകർ‌ഷിച്ചു സമുദ്രത്തിലും അതോടുചേർന്നുള്ള ജലാശയങ്ങളിലുമാക്കാം. സർപ്പങ്ങൾ മിക്കവയും ഭവാൻ തപസ്സുചെയ്തു കൊണ്ടിരുന്ന ഈ വനപ്രദേശത്തു വന്നു മനു‌ഷ്യോപദ്രവം ചെയ്യാതെ താമസിച്ചുകൊള്ളുന്നതിനും അന്യത്ര താമസിക്കുന്നതായാലും ഭൂദ്വാരങ്ങളിൽ ഇരുന്നു കൊള്ളുന്നതിനും ചട്ടം കെട്ടാം. എന്നാൽ കേരളവാസികൾ അവരുടെ വാസഗൃഹങ്ങളുടെ സമീപത്തു് ഓരോ കാവിൻകൂട്ടങ്ങളുണ്ടാക്കി, അതാതു സ്ഥലങ്ങളിലുള്ള സർപ്പങ്ങളെ ആ കാവുകളിൽ കുടിയിരുത്തുകയും തങ്ങളുടെ കുലദൈവങ്ങളെന്നു വിചാരിച്ചു് അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനു കേരളത്തിൽ താമസിക്കുന്ന മനു‌ഷ്യരോടു ഭവാനും ആജ്ഞാപിക്കണം. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്യാതിരിക്കുകയോ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുകയോ ചെയ്താൽ അവർ ഉപദ്രവിക്കുമെന്നും സർപ്പങ്ങൾ സന്തോ‌ഷിച്ചാൽ സർവ്വൈശ്വര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതിനും കോപിച്ചാൽ സകലവിധത്തിലുള്ള അനർത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കിത്തീർക്കുന്നതിനും ശക്തിയുള്ള വകക്കാരാണെന്നും ഭവാൻ മനു‌ഷ്യരെ ഗ്രഹിപ്പിക്കയും വേണം. ഇപ്രകാരമെല്ലാം ചെയ്താൽ ഈ ഭൂഭാഗം മനു‌ഷ്യവാസയോഗ്യമായിത്തീരും.

Chap98pge880.png

ഇപ്രകാരം വാസുകി പറഞ്ഞതിനെ കേട്ടു് അപ്രകാരമെല്ലാം ചെയ്തുകൊള്ളാമെന്നു പരശുരാമൻ സമ്മതിച്ചു. ഇങ്ങനെ അവർ തമ്മിൽ പറഞ്ഞു സമ്മതിച്ചതിന്റെ ശേ‌ഷം പരശുരാമൻ പിന്നെയും പരദേശങ്ങളിൽ പോയി ബ്രാഹ്മണരെയും മറ്റും കൂട്ടികൊണ്ടു കേരളത്തിൽ വന്നു. അപ്പോഴേക്കും ഇവിടെ വെള്ളത്തിനുണ്ടായിരുന്ന ലവണരസം മാറി സാർവ്വത്ര ശുദ്ധജലം കാണപ്പെട്ടു. സർപ്പങ്ങൾ മിക്കവയും പരശുരാമൻ തപസ്സുചെയ്തിരുന്ന വനത്തിൽച്ചെന്നു താമസമായി. ശേ‌ഷമുണ്ടായിരുന്നവ വിലേശയങ്ങളായും (വിലങ്ങളിൽ പൊത്തുകളിൽ കിടക്കുന്നവ) തീർന്നിരുന്നു. അതിനാൽ പരദേശങ്ങളിൽനിന്നു വന്നവരാരും മടങ്ങിപ്പോകാതെ കേരളത്തിൽത്തന്നെ ഗൃഹങ്ങളുണ്ടാക്കി താമസമുറപ്പിച്ചു. പരശുരാമന്റെ ആജ്ഞപ്രകാരം എല്ലാവരും ഒന്നും രണ്ടും അതിലധികവും കാവുകളുണ്ടാക്കി അവിടെയെല്ലാം സർപ്പങ്ങളെ കുടിയിരുത്തി (നാഗപ്രതിമകൾ പ്രതിഷ്ഠിച്ചു്) പൂജയും മറ്റും നടത്തിത്തുടങ്ങുകയും ചെയ്തു. അനന്തരം പരശുരാമൻ താൻ തപസ്സുചെയ്തുകൊണ്ടിരുന്ന സ്ഥലത്തുചെന്നു് അവിടെ നാഗരാജാവിനെ (വാസുകിയെ)യും നാഗയക്ഷിയെയും പ്രതിഷ്ഠിക്കുകയും പരിവാരങ്ങളായ മറ്റനേകം സർപ്പങ്ങളെ കുടിയിരുത്തുകയും ചെയ്തു. ആ സർപ്പങ്ങൾ വസിക്കുന്ന ഏതാനും സ്ഥലം (ഇപ്പോഴത്തെ അളവുപ്രകാരം 14 ഏക്കർ) സർപ്പക്കാവാക്കി നിശ്ചയിച്ചു് അതിരിട്ടു തിരിക്കുകയും, ശേ‌ഷം സ്ഥലത്തു കാടു വെട്ടിത്തെളിച്ചു് ഗൃഹങ്ങളുണ്ടാക്കി ജനങ്ങൾ നിവസിച്ചുകൊള്ളാനനുവദിക്കുകയും ചെയ്തു. ഈ സർപ്പങ്ങൾക്കു പതിവായി പൂജ നടത്തുന്നതിനും ഈ കാവു് ആരും വെട്ടിയഴിക്കാതെ സൂക്ഷിക്കുന്നതിനും മറ്റുമായി കാവിന്റെ അതിരിനകത്തുതന്നെ ഒരു ഗൃഹം പണിയിച്ചു ഒരു ബ്രാഹ്മണകുടുംബക്കാരെ അവിടെ താമസിപ്പിച്ചു. ഈ കാവുസംബന്ധിച്ചുള്ള സർവ്വാധികാരങ്ങളും അവകാശങ്ങളും ഈ കുടുംബക്കാർക്കായി കൊടുക്കുകയും ചെയ്തു. അവർ അക്കാലം മുതൽ സർപ്പങ്ങളെ തങ്ങളുടെ പരദേവതമാരാക്കി വെച്ചു പൂജിക്കുകയും സേവിക്കുകയും ചെയ്തുതുടങ്ങി. അതിനു് ഇപ്പോഴും യാതൊരു ഭേദഗതിയും അവർ വരുത്തീട്ടില്ല. ആ ഇല്ലക്കാരെയാണു് ഇപ്പോൾ “മണ്ണാർശാല നമ്പ്യാതിരിമാർ” എന്നു പറഞ്ഞുവരുന്നതു്.

മേൽപറഞ്ഞപ്രകാരം കേരളത്തിൽ സർപ്പങ്ങൾ നിമിത്തമുണ്ടായിരുന്ന ഉപദ്രവങ്ങൾ തീർക്കുകയും ജനങ്ങൾക്കു സുഖമായി താമസിക്കുന്നതിനു വേണ്ടുന്ന സകല സകൗര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം പരശുരാമൻ തപസ്സിനായി പോയി. അനന്തരം അനേകകാലങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം യുഗാന്തരത്തിലുണ്ടായ ചില സംഗതികളാണു് ഇനിയിവിടെ പറയാൻ ഭാവിക്കുന്നതു്.

ഇപ്പോൾ അമ്പപ്പുഴത്താലൂക്കിലുൽപ്പെട്ടിരിക്കുന്ന മിക്ക ഭാഗവും പണ്ടു വലിയ വനമായിരുന്നു. ആ വനത്തെയാണു് “ഖാണ്ഡവ” വനമെന്നുപറഞ്ഞിരുന്നതു്. ഖാണ്ഡവവനം മധ്യമപാണ്ഡവനായ അർജ്ജുനൻ ചുട്ടു ദഹിപ്പിച്ചതിനാൽ ആ പ്രദേശത്തിനു “ചുട്ടനാടു്” എന്നു പേരുണ്ടായി. അതു കാലക്രമേണ “കുട്ടനാടു്” എന്നായിത്തീർന്നു. ഖാണ്ഡവവനത്തിനു പിടിച്ച തീയ് അവിടെനിന്നു കിഴക്കോട്ടു് പടർന്നു പിടിച്ചു പരശുരാമൻ പ്രതിഷ്ഠിച്ച സർപ്പങ്ങളുടെ വാസസ്ഥലമായ കാവുവരെയെത്തി. ആ കാവിന്റെ രക്ഷയ്ക്കായി അവിടെ പരശുരാമൻ സ്ഥാപിച്ച ഇല്ലത്തുണ്ടായിരുന്ന അമ്മമാർ അതു കണ്ടു കാവിനു് അഗ്നി ബാധയുണ്ടാകാതെയിരിക്കാൻ അടുക്കലുള്ള കുളത്തിൽനിന്നു വെള്ളം കോരിയൊഴിച്ചുകൊണ്ടിരുന്നു. അതിനാൽ ആ കാവു നശിക്കാനിടയായില്ല. എങ്കിലും അഗ്നിജ്വാല തട്ടി മണ്ണിനു ചൂടുപിടിക്കുകയും ചൂടു ദുസ്സഹമായിത്തീരുകയാൽ സർപ്പങ്ങൾ വളരെ കഷ്ടപ്പെടുകയും ചെയ്തു. അഗ്നി ശമിച്ചിട്ടും മണ്ണിന്റെ ചൂടാറുന്നതുവരെ അമ്മമാർ വെള്ളം കോരിയൊഴിച്ചുകൊണ്ടിരുന്നു. മണ്ണിന്റെ ചൂടാറിയപ്പോൾ “ഇപ്പോൾ മണ്ണാറി. അതിനാൽ ഈ സ്ഥലത്തിന്റെ നാമം മേലാൽ ‘മണ്ണാറിശാല’ എന്നായിരിക്കട്ടെ” എന്നു് ആരോ വിളിച്ചു പറഞ്ഞതു് എല്ലാവരും കേട്ടു. അതു പറഞ്ഞതു് ആരാണെന്നു് ആർക്കും അറിഞ്ഞുകുടായിരുന്നു. എങ്കിലും ഇതു് സാക്ഷാൽ വാസുകിയുടെ അരുളപ്പാടാണെന്നാണു് എല്ലാവരുംകൂടി തീർച്ചയാക്കിയതു്. അതിനാൽ അക്കാലം മുതൽ ആ സ്ഥലത്തെ എല്ലാവരും ‘മണ്ണാറിശാല’ എന്നുതന്നെ പറഞ്ഞുവന്നിരുന്നു; കാലക്രമേണ അതു “മണ്ണാർശാല” എന്നായിത്തീർന്നു. ഈ സ്ഥലം തിരുവിതാംകൂർ സംസ്ഥാനത്തു കാർത്തികപ്പള്ളിത്താലൂക്കിൽ അരിപ്പാട്ടു സുബ്രഹ്മണ്യക്ഷേത്രത്തിൽനിന്നു സ്വല്പം പടിഞ്ഞാറു മാറിയാണു്.

ഖാണ്ഡവദാഹാനന്തരം ഒരു കാലത്തു മണ്ണാർശാലയില്ലത്തു സഭർത്തൃകയായ ഒരമ്മയ്ക്കു പുരു‌ഷസന്താനമുണ്ടാകാതെയിരുന്നതിനാൽ ഒരു പുത്രനുണ്ടാകണമെന്നുള്ള ആഗ്രഹത്തോടുകൂടി കുടുംബപരദേവതകളായ സർപ്പങ്ങളെ ഭക്തിപൂർവ്വം ഭജിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ അമ്മ ഗർഭം ധരിക്കുകയും യഥാകാലം രണ്ടു് ആൺകുട്ടികളെ ഒരുമിച്ചു പ്രസവിക്കുകയും ചെയ്തു. പക്ഷേ, അതിൽ ഒന്നു മാത്രമെ മനു‌ഷ്യക്കുട്ടിയായിരുന്നുള്ളൂ. ആ സർപ്പശിശു മാത്രയ്ക്കിടയിൽ വളർന്നു സംസാരിച്ചു തുടങ്ങി. അതു് അതിന്റെ മാതാവിനോടു് താഴെക്കാണുന്നപ്രകാരം പറഞ്ഞു: “അല്ലയോ മാതാവേ! സർപ്പങ്ങൾക്കെല്ലാം ഈ കുടുംബക്കാരോടു് ആകപ്പാടെ വളരെ സന്തോ‌ഷവും സ്നേഹവും വാൽസല്യവുമുണ്ടു്. എന്നാൽ ഇവിടെയുള്ള സ്ത്രീജനങ്ങളോടാണു സർപ്പങ്ങൾക്കു അധികം സന്തോ‌ഷം. ഇവിടെയുള്ള സർപ്പങ്ങളെയെല്ലാം അഗ്നിബാധയിൽനിന്നു രക്ഷിച്ചതു് ഈ കുടുംബത്തിലുള്ള സ്ത്രീകളാണല്ലോ. പ്രാണരക്ഷ ചെയ്തവരോടുണ്ടാകുന്ന കൃതജ്ഞതയും സന്തോ‌ഷവും എത്രമാത്രമായിരിക്കുമെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. അതിനാൽ ഇവിടെ സർപ്പങ്ങളുടെ പൂജയും മറ്റും അമ്മമാരിൽ അന്നന്നു മൂത്തയാൾ നടത്തണം. അങ്ങനെയാകുന്നതാണു് സർപ്പങ്ങൾക്കും അധികം സന്തോ‌ഷകരമായിരിക്കുന്നതു്. എന്നാൽ മൂപ്പു സിദ്ധിചു പൂജ നടത്താൻ അർഹകളായിത്തീരുന്ന അമ്മമാർ സഭർത്തൃകകളായിരുന്നാലും അവർ മൂപ്പുസിദ്ധിക്കുന്ന ദിവസം മുതൽ ബ്രഹ്മചര്യവ്രതത്തോടുകൂടി ഇരിക്കുകയും വേണം. സർപ്പങ്ങളുടെ പൂജയും മറ്റും ഇപ്പോൾ നടത്തിവരുന്ന രീതിക്കു സ്വൽപം ചില ഭേദഗതികൾ വരുത്താനുണ്ടു്. അവയെല്ലാം എന്റെ അമ്മയ്ക്കു് ഞാൻ ഉപദേശിച്ചുതരാം. ഇവിടെയുള്ള അമ്മമാരിൽ ഇപ്പോൾ മൂപ്പു് എന്റെ അമ്മയ്ക്കാണലോ. അമ്മയ്ക്കു പ്രസവചിക്തിത്സകളെല്ലാം കഴികയും ശരീരം ശുദ്ധമാവുകയും ചെയ്താൽ പിന്നെ അമ്മതന്നെ സർപ്പങ്ങളുടെ പൂജയും മറ്റും നടത്തിത്തുടങ്ങണം. അമ്മയ്ക്കു പൂജയും മറ്റും നടത്താൻ വയ്യാതെയാകുന്ന കാലത്തു് അടുത്ത മൂപ്പുസ്ഥാനം ആർക്കാണെന്നു വെച്ചാൽ അവർക്കു ഞാൻ അമ്മയ്ക്കു ഉപദേശിച്ചു തരുന്നതെല്ലാം അമ്മ ഉപദേശിച്ചുകൊടുക്കണം. അങ്ങനെ തലമുറതോറും ചെയ്തുകൊണ്ടിരിക്കണം. ഈ കുടുംബത്തിൽ ജനിച്ച ഞാൻ ഈ സ്ഥലം വിട്ടു കാവിലും മറ്റും പോയിരിക്കുകയില്ല. ഈ കുടുംബത്തിന്റെ രക്ഷയ്ക്കായി ഞാൻ ഇവിടെത്തന്നെ ഇരിക്കും. എന്നെ ആരും ഉപദ്രവിക്കരുതു്. ഞാൻ ഇരിക്കുന്ന സ്ഥലത്തു് ആരും കയറിവരികയുമരുതു്” എന്നു് പറഞ്ഞു്, ആ സർപ്പബാലൻ പൂജാക്രമങ്ങളും മന്ത്രങ്ങളുമെല്ലാം തന്റെ അമ്മയ്ക്കു് ഉപദേശിച്ചുകൊടുത്തിട്ടു് ഇല്ലത്തിന്റെ നിലവറയിൽ കയറി ഇരിപ്പായി.

ആ സർപ്പബാലന്റെ ഉപദേശപ്രകാരമുള്ള മന്ത്രതന്ത്രങ്ങളോടുക്കൂടി അക്കാലം മുതൽ അവിടെ അന്നന്നു മൂപ്പായിട്ടുള്ള അമ്മമാർ സർപ്പങ്ങളുടെ പൂജാദികളെല്ലാം നടത്തുകയും അവർ ബ്രഹ്മചര്യവ്രതത്തോടുകൂടി ഇരിക്കുകയും ചെയ്തുതുടങ്ങി. അതിനു് ഇപ്പോഴും അവിടെ യാതൊരു വ്യത്യാസവും വരുത്തീട്ടില്ല.

സർപ്പബാലൻ കയറിയിരുന്ന നിലവറയ്ക്കകത്തു് അതിൽപിന്നെ മനു‌ഷ്യരാരും കടന്നിട്ടില്ല. നിലവറയുടെ വാതിൽ അത്യാവശ്യപ്പെട്ട ചില പൂജാകർമ്മാദികൾക്കാല്ലാതെ തുറക്കാറില്ല. എല്ലായ്പ്പോഴും അടച്ചിട്ടേക്കുകയാണു് പതിവു്. ഇപ്പോൾ വാതിൽ തുറന്നു നോക്കിയാൽ അവിടെ പുറ്റുകളല്ലാതെ മറ്റൊന്നും കാൺമാനില്ല. ഇല്ലത്തിനു പഴക്കംകൊണ്ടു കേടുകൾ സംഭവിക്കുന്ന കാലങ്ങളിൽ ജീർണ്ണോദ്ധാരണം ചെയ്യിക്കാറുണ്ടെങ്കിലും നിലവറ ഇളക്കാറില്ല. അടുത്ത കാലത്തുതന്നെ ഇല്ലം പുതുക്കിപ്പണിയിക്കുകയും അവിടെ ചില പരി‌ഷ്ക്കാരങ്ങളെല്ലാം വരുത്തുകയും ചെയ്തു. എങ്കിലും നിലവറ പൂർവ്വസ്ഥിതിയിൽ വെച്ചുകൊണ്ടാണു് അവ യെല്ലാം നടത്തിയതു്.

സർപ്പശിശുവിനോടുകൂടി ജനിച്ച ബാലൻ പുരു‌ഷപ്രായമായതിന്റെ ശേ‌ഷം നാഗരാജാവിനും നാഗയക്ഷിക്കും മറ്റും പ്രത്യേകം അമ്പലങ്ങൾ പണിയിച്ചു കലശം മുതലായവ നടത്തിച്ചു. ആ അമ്പലത്തിനാണു “മണ്ണാർശ്ശാലക്ഷേത്ര”മെന്നു പറഞ്ഞുവരുന്നതു്. ആ അമ്പലവും ചില കാലങ്ങളിൽ ജീർണ്ണോദ്ധാരണം ചെയ്യിക്കുക ഉണ്ടായിട്ടുണ്ടു്. എങ്കിലും ബിംബങ്ങൾ ഇളക്കി പ്രതിഷ്ഠിക്കുക ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണു് കേട്ടിട്ടുള്ളതു്. അതു വാസ്തവമാണെന്നു അവ കണ്ടാൽ തോന്നുകയും ചെയ്യും. എന്തെന്നാൽ പ്രധാന ബിംബങ്ങളുടെ പീഠങ്ങൾ ബിംബങ്ങൾക്കു ചേർന്നവയായിട്ടല്ല അവിടെ കാണുന്നതു്. ബിംബങ്ങൾ എപ്പോഴെങ്കിലും ഇളക്കി പ്രതിഷ്ഠിച്ചിരുന്നുവെങ്കിൽ ആ പീഠങ്ങൾ മാറാതെയിരിക്കാനിടയില്ലല്ലോ.

മണ്ണാർശ്ശാലയില്ലത്തുനിന്നു പണ്ടൊരിക്കൽ ഒരു കന്യകയെ കായംകുളത്തുത്തിനു സമീപം വെട്ടിക്കോട്ടു ദേശത്തുള്ള മേപ്പള്ളി നമ്പ്യാതിരിയുടെ ഇല്ലത്തേക്കു വിവാഹം കഴിച്ചുകൊടുത്തു. അതിനു മണ്ണാർശ്ശാലയില്ലത്തുനിന്നു സ്ത്രീധനമായി കൊടുത്തതു് ഒരു സർപ്പത്തെയായിരുന്നു. സർപ്പത്തെ ഒരു ഓലക്കുടയുടെ മുളങ്കാലിനകത്തു കയറ്റിയാണത്രേ കൊടുത്തതു്. വധുവിനായി കൊടുത്തതിനെ വരൻ സന്തോ‌ഷസമേതം സ്വീകരിച്ചു കൊണ്ടുപോയി. മേപ്പള്ളിയില്ലത്തു ചെന്നപ്പോൾ ആ സർപ്പം അവിടുത്തെ നിലവറയിൽ കയറിയിരിപ്പായി. എന്നു മാത്രമല്ല, ആ സ്ഥലത്തും മണ്ണാർശ്ശാലയിലെപ്പോലെ കാവും കുളവുമെല്ലാം ഉണ്ടാക്കി സർപ്പപ്രതിഷ്ഠകൾ നടത്തണമെന്നു നിർബന്ധപൂർവം ആ സർപ്പം ആവശ്യപ്പെടുകയും ചെയ്തു. അതിനാൽ ആ ഇല്ലക്കാർ അപ്രകാരമെല്ലാം ചെയ്തു. അതിനാൽ മേപ്പള്ളി മണ്ണാർശ്ശാലയുടെ ഒരു പ്രതിബിംബം പോലെയായിത്തീർന്നു. നൂറും പാലും കൊടുക്കുക, സർപ്പബലി, സർപ്പപ്പാട്ടു് മുതലായവ നടത്തുക എന്നിവയൊന്നും ഇപ്പോൾ ഒരു സ്ഥലത്തു് (മണ്ണാർശ്ശാലയിലോ, മേപ്പള്ളിയിലോ) മാത്രമായി നടത്താൻ പാടില്ല. മേൽപ്പറഞ്ഞവയിലെന്തെങ്കിലും ഒരു സ്ഥലത്തു നടത്തുകയാണെങ്കിൽ മറ്റേ സ്ഥലത്തും നടത്തണം. അതു് ഒരു ദിവസം തന്നെയായിരിക്കുകയും വേണം. ഒരു സ്ഥലത്തുമാത്രമായി വിശേ‌ഷിച്ചെന്തെങ്കിലും നടത്തിയാൽ സർപ്പകോപവും തന്നിമിത്തം വലിയ അനർത്ഥങ്ങളുമുണ്ടാവുക പതിവാണു്. അതിനാൽ ഇപ്പോൾ സർപ്പങ്ങളെ ഉദ്ദേശിച്ചു വിശേ‌ഷാൽ എന്തെങ്കിലും നടത്തുന്നുണ്ടെങ്കിൽ രണ്ടില്ലക്കാരും കൂടിയാലോചിച്ചു ദിവസം നിശ്ചയിച്ചു് രണ്ടു സ്ഥലത്തും ഒരേ ദിവസം തന്നെ നടത്തുകയാണു് പതിവു്.

ഇനി മണ്ണാർശ്ശാലയിലെ ചില മാഹാത്മ്യവിശേ‌ഷങ്ങൾകൂടി പറഞ്ഞിട്ടു് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

സർപ്പങ്ങൾക്കു നൂറും പാലും കൊടുക്കുന്നതിനു പാത്രങ്ങളിൽ നൂറും പാലും (അരിപ്പൊടിയും മഞ്ഞൾപ്പൊടിയും കൂടി പാലിൽ) കലക്കിവെച്ചു പൂജിച്ചിട്ടു തർപ്പിക്കുകയും തർപ്പിച്ചു കഴിഞ്ഞാൽ പാത്രങ്ങൾ കമഴ്ത്തുകയുമാണല്ലോ പതിവു്. എന്നാൽ മണ്ണാർശ്ശാലയിലെ നിലവറയിലുള്ള സർപ്പങ്ങൾക്കും നൂറും പാലും കൊടുക്കുമ്പോൾ തർപ്പിക്കുകയും പാത്രങ്ങൾ കമഴ്ത്തുകയും പതിവില്ല പൂജ കഴിഞ്ഞാൽ വാതിലടച്ചിട്ടു് എല്ലാവരും പോരും. പിറ്റേദിവസം വാതിൽ തുറന്നു നോക്കുമ്പോൾ പാത്രങ്ങളിൽ യാതൊന്നും കാണുകയില്ല. ഇതു് ഇപ്പോഴും കണ്ടുവരുന്ന ഒരത്ഭുതമാണു്. ആ നിലവറയിൽ ആദ്യം ഒരു സർപ്പം മാത്രമേ കയറിയിരുന്നുള്ളുവെങ്കിലും അവിടെയിപ്പോൾ അസംഖ്യം പുറ്റുകൾ കാണുന്നതു കൊണ്ടു് അവിടെ വേറെയും ചില സർപ്പങ്ങൾ പിന്നീടു വന്നുചേരുകയും അവയ്ക്കു ക്രമേണ സന്തതികൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

മണ്ണാർശ്ശാലയില്ലത്തുള്ളവരെ സർപ്പങ്ങൾ കാരണം കുടാതെ ദംശിക്കാറില്ല. അഥവാ ദംശിച്ചാലും അവരിൽ വി‌ഷം വ്യാപിക്കുകയോ അതിനു് എന്തെങ്കിലും പ്രതിവിധി ചെയ്യുകയോ പതിവില്ല. ചില കാരണങ്ങളാൽ അവിടെയുള്ളവരെ ചിലപ്പോൾ സർപ്പങ്ങൾ ദംശിക്കുകയുണ്ടായിട്ടുണ്ടു്. ഒരിക്കൽ ഒരു സർപ്പം കാവിലുള്ള കാട്ടിൽ സഞ്ചരിച്ചപ്പോൾ ഒരു വൈയ്യങ്കത മരത്തിന്മേൽ ചെന്നുകയറി. അപ്പോൾ ഒരു മുള്ള് അതിന്റെ വയറ്റത്തു കുത്തിക്കയറുകയാൽ അതിനു് അവിടെനിന്നു പോകാനെന്നല്ല, ഇളകാൻപോലും വയ്യാതായി. ആ വിധത്തിൽ ആ സർപ്പം അവിടെ എത്ര ദിവസം കിടന്നുവെന്നു നിശ്ചയമില്ല. ഒരു ദിവസം ആ ഇല്ലത്തുള്ള ഒരാൾ സർപ്പം ഇപ്രകാരം അകപ്പെട്ടു കിടക്കുന്നതു കണ്ടിട്ടു് ഒരു വിധത്തിൽ ആ മരത്തിന്മേൽ കയറിച്ചെന്നു മുള്ളിൽ നിന്നു സർപ്പത്തെ വലിച്ചെടുത്തു. അപ്പോൾ സർപ്പത്തിനു വേദനയുണ്ടായിട്ടോ എന്തൊ ഏതെങ്കിലും അതു നമ്പ്യാതിരിയെ ഒന്നു കടിച്ചിട്ടു താഴെ ചാടി ഓടിപ്പോയി. നമ്പ്യാതിരിയും താഴെയിറങ്ങി ഇല്ലത്തേക്കു പോയി. സർപ്പദംശനംകൊണ്ടു് അദ്ദേഹത്തിനു യാതൊരു സുഖക്കേടുമുണ്ടായില്ല. ഇങ്ങനെ ഓരോ കാരണവശാൽ ആ ഇല്ലത്തുള്ളവരെ പലപ്പോഴും സർപ്പം ദംശിച്ചിട്ടുണ്ടു്. അടുത്തകാലത്തു തന്നെ ചില കാരണവശാൽ ആ ഇല്ലത്തുള്ള ചിലർക്കു സർപ്പദംശനമുണ്ടായി. അതുകൊണ്ടു് അവിടെയാർക്കും ഇതുവരെ യാതൊരു സുഖക്കേടുമുണ്ടായിട്ടില്ല.

മണ്ണാർശ്ശാലയില്ലത്തു പാത്രങ്ങളും മറ്റും മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ ശരിയായി സൂക്ഷിക്കാറില്ല. ഓട്ടുപാത്രങ്ങളും ചെമ്പുപാത്രങ്ങളും മറ്റും രാത്രിയിലും മുറ്റത്തു പറമ്പിലുമൊക്കെ കിടക്കാറുണ്ടു്. എന്നാൽ അവിടെനിന്നു് ആരും ഒന്നും എടുത്തുകൊണ്ടു പോകാറില്ല. മോഷ്ടാക്കൾക്കു് ആ ഇല്ലത്തു കയറാൻതന്നെ ഭയമാണു്. ആരെങ്കിലും എന്തെങ്കിലും മോഷ്ടിച്ചെടുത്താൽ അപ്പോൾ അവിടെ സർപ്പങ്ങളെത്തും. ആ ഇല്ലത്തെ കാവൽക്കാർ സർപ്പങ്ങളാണെന്നു് എല്ലാവർക്കുമറിയാം. അതുകൊണ്ടാണു് അവിടെനിന്നു് ആരുമൊന്നും മോഷ്ടിക്കാത്തതു്.

മണ്ണാർശ്ശാലയില്ലത്തു കറിക്കോപ്പുകളൊന്നും വിലയ്ക്കു മേടിക്കാറില്ല. ചക്ക, മാങ്ങ, വെള്ളരിക്ക, വഴുതനങ്ങ, മത്തങ്ങ, കുമ്പളങ്ങ, വാഴക്കുലകൾ മുതലായവയെല്ലാം അവിടെ വഴിപാടായി ധാരാളം വന്നുചേരും. അവ ഇല്ലത്തെ ആവശ്യങ്ങൾക്കു മതിയായിട്ടു വളരെയധികമുണ്ടായിരിക്കും. എന്നാൽ അവ അവിടെ ആരുമെടുത്തു് സൂക്ഷിക്കുകയും അന്യന്മാർ മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്യാറില്ല. ഇങ്ങനെയുള്ള സാധനങ്ങൾ വഴിപാടുകാർ കൊണ്ടുവന്ന നടയിൽ വെച്ചാൽ നിവേദ്യം കഴിച്ചിട്ടു് ഇല്ലത്തേക്കാവശ്യമുള്ളവയെടുത്തുകൊണ്ടു പോകും. ശേ‌ഷമുള്ളവയെല്ലാം അവിടെ കിടക്കും അങ്ങനെയാണു് പതിവു്.

ഒരിക്കൽ അവിടെ വഴിപാടു വന്ന ഒരു മത്തങ്ങ ഒരാൾ മോഷ്ടിച്ചു കൊണ്ടു പോയി. അയാളുടെ വീട്ടിൽ കൊണ്ടുചെന്ന അതു മുറിച്ചപ്പോൾ അതിൽനിന്നു് ഒരു സർപ്പം പുറത്തേക്കു ചാടി. അതു കണ്ടു വീട്ടിലുണ്ടായിരുന്നവരെല്ലാം പേടിച്ചു നാലുപുറത്തേക്കുമോടി. മോഷ്ടിച്ചയാൾ ദൂരെ മാറി നിന്നു തൊഴുതുകൊണ്ടു്, “എന്റെ സർപ്പത്താനേ! എനിക്കു് ഇങ്ങനെ ഒരു ഭോ‌ഷത്വം പ്രവർത്തിക്കുവാൻ തോന്നുകയും ഞാനിങ്ങനെ പ്രവർത്തിച്ചു പോവുകയും ചെയ്തു. ഈ തെറ്റിനു് അവിടുന്നു് സദയം ക്ഷമിച്ചു് എന്നേയും എന്റെ കുടുംബത്തിലുള്ളവരേയും രക്ഷിക്കണം. ഞാൻ ഈ മത്തങ്ങയും ഇതെടുത്തതിനു പ്രായശ്ചിത്തമായി പത്തു ചക്രവുംകൂടി ഇപ്പോൾതന്നെ നടയിൽ കൊണ്ടുചെന്നു വെച്ചേക്കാം” എന്നു പറഞ്ഞു. ഉടനെ ആ സർപ്പം അന്തർദ്ധാനം ചെയ്തു. അതു് എങ്ങോട്ടാണു പോയതെന്നു് ആരും കണ്ടില്ല. മോഷ്ടാവു് ഉടനെ തന്നെ ആ മത്തങ്ങയും പത്തു ചക്രവുംകൂടി നടയിൽകൊണ്ടുചെന്നു വെച്ചു തൊഴുതു പോന്നു. ഇങ്ങനെ അവിടെ അനേകം അത്ഭുതങ്ങളുണ്ടായിട്ടുണ്ടു്. ഇപ്രകാരമുള്ള സ്ഥലത്തു് ആരും കയറി ഒന്നും മോഷ്ടിക്കാത്തതു് ഒരത്ഭുതമല്ലല്ലോ.

ഈ അടുത്ത കാലത്തു് രണ്ടുമൂന്നു കൊല്ലം മുമ്പു് പന്തളത്തുകാരായ ഒരു നായർ കുടുംബക്കാർ മണ്ണാർശ്ശാലക്ഷേത്രത്തിൽ ഭജനത്തിനായി വന്നിരുന്നു. അവർ അവിടെ വന്നിട്ടു സ്വയം പാകംചെയ്തു് ഊണു കഴിച്ചാണു് താമസിച്ചിരുന്നതു്. അരിയും കറിക്കോപ്പുകളും മറ്റും അവർ കൊണ്ടുവന്നിരുന്നു. രണ്ടു നേരവും വെയ്ക്കാനുള്ള അരി അളന്നെടുക്കാൻ ഒരു ചങ്ങഴി (അളവുപാത്രം) ഇല്ലത്തുനിന്നു മേടിച്ചാണു് അവർ ഉപയോഗിച്ചിരുന്നതു്. അവർ ഭജനം കഴിഞ്ഞു മടങ്ങിപ്പോയ സമയം ചങ്ങഴി തിരിയെ ഇല്ലത്തു കൊടുത്തേൽപ്പിക്കാൻ മറന്നുപോവുകയാൽ ചെലവു കഴിച്ചു ബാക്കിയുണ്ടായിരുന്ന അരിയോടുകൂടി ചാക്കിനകത്തു കിടന്നിരുന്ന ചങ്ങഴിയും അവർ കൊണ്ടുപോയി. വീട്ടിലെത്തി അവർ അരിച്ചാക്കഴിച്ചപ്പോൾ അതിനകത്തു് ചങ്ങഴിയും ചങ്ങഴിക്കകത്തു് ഒരു സർപ്പവുമിരിക്കുന്നതു കണ്ടു. അപ്പോൾ ആ വീട്ടുകാർക്കുണ്ടായ ഭയം സീമാതീതമായിരുന്നു. ഉടനെ ആ വീട്ടുകാർ സർപ്പത്തെ തൊഴുതുകൊണ്ടു് “ഈ ചങ്ങഴി ഞങ്ങൾ ഓർമ്മക്കേടുകൊണ്ടു കൊണ്ടുപോന്നതാണു്. ഇതിനെക്കുറിച്ചു് കോപിക്കരുതു്, ചങ്ങഴി ഇപ്പോൾതന്നെ കൊടുത്തയച്ചു് ഇല്ലത്തെത്തിക്കാം. ഈ അന്ധാളിത്തത്തിനു പ്രായശ്ചിത്തമായി നൂറ്റൊന്നു ചക്രം നടയ്ക്കു വയ്ക്കുകയും ചെയ്യാം”എന്നു പറഞ്ഞു. ഉടനെ സർപ്പം ചങ്ങഴിയിൽ നിന്നിറങ്ങി മുറ്റംവരെ പോക്കുന്നതു് എല്ലാവരും കണ്ടു. പിന്നെ അതു് എങ്ങോട്ടാണു് പോയതെന്നു് ആരും കണ്ടില്ല. വീട്ടുകാർ ചങ്ങഴി കൊടുത്തയച്ചു് ഇല്ലത്തെത്തിക്കുകയും നടയ്ക്കു നൂറ്റൊന്നു ചക്രം വെയ്ക്കുകയും ചെയ്തു.

മണ്ണാർശ്ശാലക്ഷേത്രത്തിൽ വഴിപാടായി ചക്ക, മാങ്ങ മുതലായ സാധനങ്ങളും ധാരാളം വരുമെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതും ചില പ്രാർത്ഥനകൾമൂലം വരുന്നതാണു്. ഒരിക്കൽ അമ്പലപ്പുഴയ്ക്കു സമീപം തകഴി എന്ന ദേശത്തു് ഒരു വീട്ടിൽ ഒരു പിലാവുണ്ടായി വളർന്നു കായ്ക്കാനുള്ള പ്രായമായിട്ടും കായ്ക്കാതെ നിന്നിരുന്നു. അതു് കണ്ടിട്ടു് ഒരയൽക്കാരൻ ആ വീട്ടിലെ കാരണവരോടു് “ഈ പിലാവിന്മേൽ ആദ്യമുണ്ടാകുന്ന ചക്ക മണ്ണാർശ്ശാലയിലേക്കു കൊടുത്തയയ്ക്കാമെന്നു പ്രാർത്ഥിച്ചാൽ ഈ പിലാവു കായ്ക്കും” എന്നു പറയുകയും ആ കാരണവർ അപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു. ഇങ്ങനെ പറയുകയും പ്രാർത്ഥിക്കുകയും ചെയ്തതു് ഇടവമാസത്തിലായിരുന്നു. ചിങ്ങമാസത്തിൽ ആ അയൽക്കാരൻ ആ കാരണവരോടു് “നിങ്ങളുടെ പിലാവിൽ ചക്കയുണ്ടായോ? എന്നു ചോദിച്ചു. അതിനുത്തരമായിട്ടു് ആ കാരണവർ ”ഇതുവരെ ഒന്നും ഉണ്ടായിക്കണ്ടില്ല. ഇനി ഞാൻമണ്ണാർശ്ശാലയിലേയ്ക്കു കൊടുക്കുന്നതു് ഇരട്ടച്ചക്കയാണു് ” എന്നു പറഞ്ഞു. ചക്കയുണ്ടാവുന്നതു സാധാരണയായി മഞ്ഞുകാലത്താണെന്നും വർ‌ഷകാലത്തു ചുരുക്കമാണെന്നും ഓർക്കാതെയാണു് ആ കാരണവർ ഇപ്രകാരം പറഞ്ഞതെന്നുള്ളതു തീർച്ചയാണല്ലോ. എങ്കിലും വൃശ്ചികമാസമായപ്പോൾ ആ പിലാവിന്മേൽ നിറച്ചു ചക്കയുണ്ടായി. അതെല്ലാം ഇരട്ടച്ചക്കതന്നെയായിരിക്കുകയും ചെയ്തു. അതു കണ്ടപ്പോൾ ജനങ്ങൾ “ഇതു മണ്ണാർശ്ശാലയിലെ നാഗരാജാവിന്റെ വിദ്യ തന്നെയാണു്. ഈശ്വരന്മാരെ ആരും പരീക്ഷിക്കുകയും പരിഹസിക്കുകയും ചെയ്യരുതു്. ഇരട്ടച്ചക്കയാണു് കൊടുക്കുന്നതെന്നു പറഞ്ഞപ്പോ! ഉണ്ടായതെല്ലം ഇരട്ടുച്ചക്കതന്നെ. ഈ ചക്ക മുഴുവനും മണ്ണാർശ്ശാലയിൽത്തന്നെ കൊണ്ടുപോയിക്കോടുക്കണം. ഇരട്ടചക്കയ്ക്കു മറ്റാർക്കും അവകാശമില്ല” എന്നും മറ്റും പറഞ്ഞു തുടങ്ങി. ചക്കയുടെ ഉടമസ്ഥനും അതു ശരിയാണെന്നു തോന്നുകയാൽ അക്കൊല്ലമുണ്ടായ ചക്ക മുഴുവനും പറിച്ചു വള്ളങ്ങളിലാക്കി മണ്ണാർശ്ശാലയിൽ കൊണ്ടുപോയി നടയ്ക്കു വെച്ചു് തൊഴുതുപോന്നു. പിന്നത്തെക്കൊല്ലം മുതൽ ആ പിലാവിന്മേൽ ഇരട്ടയും മറ്റുമല്ലാതെ സാമാന്യം പോലെയുള്ള ചക്ക ധാരാളമായിട്ടുണ്ടായിത്തുടങ്ങി. ആ വീട്ടുകാർ ആ പിലാവിന്മേൽ ആദ്യമുണ്ടാകുന്ന ചക്ക ആണ്ടുതോറും മണ്ണാർശ്ശാലയിൽ കൊണ്ടുപോയി കൊടുത്തുതുടങ്ങുകയും ചെയ്തു. അങ്ങനെ ഇപ്പോഴും നടന്നുവരുന്നു. ഇങ്ങനെ ഓരോ കാരണവശാലാണു് അവിടെ ജനങ്ങൾ കറിക്കോപ്പുകൾ കൊണ്ടുചെന്നു കൊടുക്കുന്നതു്.

സന്താനാർത്ഥമായും രോഗശമനത്തിനായും ബാധോപദ്രവങ്ങൾ നീങ്ങാനായും മറ്റും മണ്ണാർശാലയിൽ പത്തും പതിനഞ്ചും അതിലധികവും ഭജനക്കാർ എന്നുമുണ്ടായിരിക്കും. അവിടെ ഭജനക്കാരും വഴിപാടുകാരുമില്ലാതെ ഒരു ദിവസം പോലും ഉണ്ടായിരിക്കുന്നില്ല. ഭജിക്കുന്നവർക്കാർക്കും ഫലസിദ്ധി ഉണ്ടാകാതെയുമിരിക്കുന്നില്ല. നാൽപ്പതും നാൽപ്പത്തഞ്ചും വയസ്സുവരെ പ്രസവിക്കാതെയിരുന്നിട്ടു മണ്ണാർശ്ശാലയിൽ ഭജിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷം ഗർഭം ധരിച്ചു പ്രസവിച്ചിട്ടുള്ള സ്ത്രീകൾ ഇപ്പൊഴും ധാരാളമുണ്ടു്. ബാധോപദ്രവങ്ങളുള്ള സ്ത്രീകളും മറ്റും അവിടെ പന്ത്രണ്ടോ നാൽപതോ ദിവസം ഭജനമിരിക്കുമ്പോൾ തുള്ളി സത്യം ചെയ്തു ബാധകളെല്ലാം ഒഴിഞ്ഞുപോവുക സാധാരണമാണു്. അപ്രകാരംതന്നെ അവിടെ ഭജിച്ചിട്ടു രോഗങ്ങൾ ശമിച്ചിട്ടുള്ള ജനങ്ങളും വളരെയുണ്ടു്. മണ്ണാർശ്ശാലയിൽ ഭജിച്ചാൽ ഏതു ത്വക്കുരോഗവും ശമിക്കുമെന്നുള്ളതു പ്രസിദ്ധവും ഇപ്പോഴും കണ്ടുവരുന്നതുമാണു്. ഈ അടുത്തകാലത്തുതന്നെ അതികഠിനമായ കുഷ്ഠരോഗം ബാധിച്ച പലർ മണ്ണാർശ്ശാലയിൽ ചെന്നു ഭജിച്ചു രോഗം നിശ്ശേ‌ഷം മാറി പൂർണ്ണസുഖത്തെ പ്രാപിച്ചുപോയിട്ടുണ്ടു്. എന്തിനു വളരെ പറയുന്നു.? ഭക്തിയോടും വിശ്വാസത്തോടും കൂടി മണ്ണാർശ്ശാലയിൽ ഭജിച്ചാൽ സകലാഭീഷ്ടസിദ്ധിയുമുണ്ടാകുമെന്നുള്ളതു തീർച്ചയാണു്. അതിനാൽ ഈ സ്ഥലത്തു ഹിന്ദുക്കൾ മാത്രമല്ല, ഇതരമതക്കാരും ധാരാളമായി വരികയും വഴിപാടുകൾ നടത്തുകയും ചെയ്തു വരുന്നുണ്ടു്.

മണ്ണാർശ്ശാലയിൽ ആട്ടവിശേ‌ഷ (ആണ്ടുവിശേ‌ഷ) മായി പണ്ടേ തന്നെ നിശ്ചയിച്ചിട്ടുള്ളതു കന്നിമാസത്തിൽ ആയില്യമാണു്. ആയില്യം സർപ്പങ്ങളുടെ നാളാണല്ലോ. അന്നു് അവിടെ വിശേ‌ഷാൽ ചില പൂജകളും എഴുന്നള്ളിപ്പും സദ്യയും മറ്റും പതിവുണ്ടു്. ആ ദിവസം ദർശനത്തിനായും എഴുന്നള്ളിപ്പും മറ്റും കാണുന്നതിനായും കച്ചവടത്തിനായും മറ്റും അസംഖ്യമാളുകൾ കൂടുക പതിവാണു്.

973-ആമാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു് ചെറുപ്പത്തിൽ ഏതാനും കാലം കാർത്തികപ്പള്ളിക്കൊട്ടാരത്തിൽ എഴുന്നള്ളി താമസിച്ചിരുന്നുവല്ലോ. അക്കാലത്തു് ആ തിരുമനസ്സുകൊണ്ടു് ആണ്ടുതോറും കന്നിമാസത്തിലായില്യത്തിനു മണ്ണാർശ്ശാലയിലെഴുന്നള്ളി ദർശനം നടത്തുക പതിവായിരുന്നു. അങ്ങനെയിരുന്നപ്പോൾ ഒരാണ്ടിൽ കന്നിമാസത്തിൽ എന്തോ ഒരു അത്യാവശ്യകാര്യത്തിനായി നാഗരുകോവിലിലേക്കു എഴുന്നേള്ളണ്ടതായി വന്നു. ആയില്യമാകുമ്പോഴേക്കും തിരിച്ചെഴുന്നള്ളാമെന്നു വിചാരിച്ചാണു് എഴുന്നള്ളിയതു്. എങ്കിലും കാര്യാന്തരഗൗരവം നിമിത്തം അതു സാധിച്ചില്ല. ആയില്യം കഴിഞ്ഞതിന്റെ ശേ‌ഷമാണു് കാർത്തികപ്പള്ളിയിൽ തിരിച്ചെഴുന്നള്ളിയതു്. ആയില്യത്തിനു മണ്ണാർശ്ശാലയിൽ എഴുന്നള്ളിദർശനം കഴിക്കാൻ സാധിക്കാഞ്ഞതു നിമിത്തം തിരുമനസ്സിൽ അസാമാന്യ കുണ്ഠിതമുണ്ടായി. അതിനാൽ ഒരു ദിവസം കൽപിച്ചു് ഒരാളയച്ചു നമ്പ്യാതിരിയെ തിരുമുമ്പിൽ വരുത്തി “ഈ കന്നിമാസത്തിൽ ആയില്യത്തിനു നമുക്കു് അവിടെ വന്നു ദർശനം നടത്താൻ സാധിച്ചില്ല. അടുത്ത (തുലാമാസത്തിൽ) ആയില്യത്തിന്നു വന്നു ദർശനം നടത്തണമെന്നാണു് വിചാരിക്കുന്നതു്. അന്നു കന്നിമാസത്തിൽ ആയില്യത്തിനു പതിവുള്ള വിശേ‌ഷങ്ങളെല്ലാം അവിടെ ഉണ്ടായിരിക്കണം. അതിലേക്കു വിശേ‌ഷാൽ വേണ്ടിവരുന്ന ചെലവിനു കണക്കയച്ചാൽ പണമവിടെനിന്നു തന്നേക്കാം” എന്നു കൽപിച്ചു. നമ്പ്യാതിരി കൽപനപോലെ നടത്തി കൊള്ളാമെന്നു സമ്മതിക്കുകയും അപ്രകാരം നടത്തുകയും തിരുമനസ്സുകൊണ്ടു എഴുന്നള്ളി എല്ലാം തൃക്കൺപാർത്തു സന്തോ‌ഷിക്കുകയും നമ്പ്യാതിരിയുടെ കണക്കിൻ പ്രകാരമുള്ള പണം കല്പ്പിച്ചയയ്ക്കുകയും ചെയ്തു. അടുത്തകൊല്ലവും കന്നിമാസത്തിലെപ്പോലെതന്നെ തുലമാസത്തിലെ ആയില്യവും ആഘോ‌ഷിക്കണമെന്നും കൽപ്പിക്കുകയും നമ്പ്യാതിരി അപ്രകാരം നടത്തുകയും കണക്കനുസരിച്ചുള്ള പണം കൽപ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ ഏതാനും കൊല്ലം നടക്കുകയും കാലക്രമേണ അതു പതിവായിത്തീരുകയും ചെയ്തു. ഇപ്പോഴും അവിടെ കന്നി, തുലാം രണ്ടു മാസങ്ങളിലെ ആയില്യവും ഘോ‌ഷിച്ചു വരുന്നുണ്ടു്. എന്നാൽ ഇപ്പോൾ കന്നിമാസത്തിലെ ആയില്യത്തേക്കാൾ കേമമാകുന്നതു് തുലാമാസത്തിലെ ആയില്യമാണു്. കാഴ്ചക്കാരും കച്ചവടക്കാരും മറ്റും അധികം വന്നുകൂടുന്നതും നടവരവധികമുണ്ടാകുന്നതുമന്നാണു്. അതു മഹാഭാഗ്യനിധിയായിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ടു് കൽപിച്ചു നിശ്ചയിച്ചതായതു കൊണ്ടായിരിക്കാം.

ഇനി ഇയ്യിടെയുണ്ടായ ചില വിശേ‌ഷങ്ങൾകൂടി പറയാം. ഇതെഴുതുന്ന ഞാൻ ഇക്കഴിഞ്ഞ വൃശ്ചികമാസത്തിൽ ഒരു ദിവസം കോട്ടയത്തുള്ള മാന്യനായ ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ ഒരു കാര്യവശാൽ പോയിരുന്നു. അപ്പോൾ ആ മനു‌ഷ്യൻ എന്നോടു്, “സാറേ ഇവിടെ ഒരത്ഭുതമുണ്ടായിരിക്കുന്നു. “മണ്ണാർശ്ശാല മാഹത്മ്യം” എന്ന തലക്കെട്ടോടുകൂടി സാർ എഴുതിയതും, ‘ഭാ‌ഷാപോ‌ഷിണി’ മാസികയിൽ ചേർത്തു പ്രസിദ്ധപ്പെടുത്തിയിരുന്നതുമായ ലേഖനം വായിച്ചപ്പോൾ ഇതാ ഈ മുറ്റത്തു നിൽക്കുന്ന പിലാവിന്മേൽ ചക്കയുണ്ടായാൽ ആദ്യമുണ്ടാകുന്ന ചക്ക മണ്ണാർശ്ശാലയിലേക്കു കൊടുത്തയച്ചേയ്ക്കാമെന്നു ഞാൻ മനസ്സിൽ വിചാരിച്ചു. ഇതാ ഇപ്പോൾ ഇതിന്മേൽ നാലു ചക്ക ഉണ്ടായിരുന്നു. ഈ പിലാവു കായ്ക്കാനുള്ള കാലം കഴിഞ്ഞിട്ടു വളരെക്കാലമായി എന്നു് ഇതു കണ്ടാൽത്തന്നെ അറിയാമല്ലോ. ഇതിനേക്കാൾ പ്രായം കുറഞ്ഞ പിലാവുകൾ ഇവിടെ വേറെ അഞ്ചാറുണ്ടു്. അവ കായ്ചുതുടങ്ങീട്ടു് എട്ടും പത്തും കൊല്ലം വീതമായിരിക്കുന്നു. ഈ പിലാവിന്മേൽ ഇതിനു മുമ്പു് ഒരു ചക്കപോലും ഒരിക്കലുമുണ്ടായിട്ടില്ല. ഇങ്ങനെ ഞാനൊരു വഴിപാടു നിശ്ചയിച്ചു എന്നും, മണ്ണാർശ്ശാലയിലേക്കു ചക്ക കൊടുത്തയച്ചു എന്നും, ഞങ്ങളുടെ കൂട്ടുകാരറിഞ്ഞാൽ എന്നെ പരിഹസിക്കും. ഇങ്ങനെ ഉണ്ടായിരിക്കുന്ന സ്ഥിതിക്കു് ചക്ക കൊടുത്തയയ്ക്കാതെയിരിക്കുന്നതു് ശരിയുമല്ല. അതുകൊണ്ടു് എന്തുവേണ്ടു എന്നു സംശയിക്കുന്നു” എന്നു പറയുകയും, ആദ്യമായി ഉണ്ടായ ചക്ക എന്നെ കാണിക്കുകയും ചെയ്തു. അപ്പോൾ ഞാൻ, “ഈ ചക്കയ്ക്കു നാലുപേർ കണ്ടു നിശ്ചയിക്കുന്ന വിലയും, വിവരത്തിനു് ഒരെഴുത്തുംകൂടി ഗൂഢമായി ഒരാളുടെ പക്കൽ കൊടുത്തു മണ്ണാർശ്ശാല നമ്പ്യാതിരിയുടെ അടുക്കൽ എത്തിച്ചുകൊടുത്താൽ മതി. അവിടെ ക്രിസ്ത്യാനികളും മുഹമ്മദീയരും മറ്റും ഇങ്ങനെ രഹസ്യമായി ഇപ്പോഴും വഴിപാടുകൾ കൊടുത്തയയ്ക്കാറുണ്ടു്” എന്നു മറുപടിയും പറഞ്ഞു.

ഇതു കൂടാതെ ഇയ്യിടെതന്നെ ഒരു സംഗതികൂടിയുണ്ടായി. എന്തെന്നാൽ, ദേവസ്വം കമ്മീ‌ഷണറാപ്പീസിൽ ഒരു ഉദ്യോഗമായി തിരുവനന്തപുരത്തു താമസിക്കുന്ന എം.എ. ബിരുദം ലഭിച്ചിട്ടുള്ള ഒരു മഹാനും, “ഭാ‌ഷാപോ‌ഷിണി” മാസികയിൽച്ചേർത്തിരുന്ന മേൽപ്പറഞ്ഞ ലേഖനം വായിക്കുകയും, ഒരു കാര്യം സാധിക്കുന്നതിനായി മണ്ണാർശ്ശാലയിലേയ്ക്കു് ഒരു വഴിപാടു നിശ്ചയിക്കുകയും, കാര്യം ഉടൻ സാധിക്കുകയും, പണം അയച്ചുകൊടുത്തു വഴിപാടു നടത്തിക്കുകയുമുണ്ടായി. വഴിപാടു നടത്തുന്നതിനുള്ള പണം അയച്ചുകൊടുക്കുന്നതിനു് നമ്പ്യാതിരിയുടെ മേൽവിലാസം അറിയിച്ചു കൊടുക്കണമെന്നു് ആ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയാൽ അതറിയിച്ചുകൊടുത്തതും ഇതെഴുതുന്നയാൾ തന്നെയാണു്.