ഐതിഹ്യമാല-93
ഐതിഹ്യമാല | |
---|---|
ഗ്രന്ഥകർത്താവ് | കൊട്ടാരത്തിൽ ശങ്കുണ്ണി |
മൂലകൃതി | ഐതിഹ്യമാല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഐതിഹ്യകഥകൾ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ലക്ഷ്മിഭായി ഗ്രന്ഥാവലി |
വര്‍ഷം |
1909 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 920 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും
കപ്ലിങ്ങാട്ടു നമ്പൂരിയുടെ ഇല്ലം കൊച്ചീരാജ്യത്തു തലപ്പിള്ളിത്താലൂക്കിൽ ചെറുതുരുത്തി തീവണ്ടിസ്റ്റേഷനു സമീപത്താണു്. പണ്ടൊരിക്കൽ ആ ഇല്ലത്തെ ഒരന്തർജ്ജനം ഗർഭിണിയായിരുന്ന കാലത്തു് പ്രസിദ്ധനായ “കരിപ്പാലസ്വാമിയാർ” അവിടെയുള്ള ക്ഷേത്രങ്ങളിൽ ഏതാനും ദിവസം എഴുന്നള്ളിത്താമസിച്ചിരുന്നു. ആ വിവരമറിഞ്ഞു് ഈ അന്തർജ്ജനത്തിന്റെ ഭർത്താവായ നമ്പൂരി അമ്പലത്തിൽച്ചെന്നു സ്വാമിയാരെക്കണ്ടു ഗർഭിണിയായിരിക്കുന്ന തന്റെ അന്തർജ്ജനത്തിനു സൽസന്താനലബ്ധിക്കായിട്ടു നാല്പതു ദിവസം പതിവായി കുറേശ്ശെ വെണ്ണ ജപിച്ചു കൊടുത്താൽക്കൊള്ളാമെന്നു അപേക്ഷിക്കുകയും അടുത്ത ദിവസം മുതൽക്കുതന്നെ തുടങ്ങിയാൽക്കൊള്ളാമെന്നു് അഭ്യർത്ഥിക്കുകയും അപ്രകാരം ചെയ്യാമെന്നു സ്വാമിയാർ സമ്മതിക്കുകയും അടുത്തദിവസം മുതൽക്കുതന്നെ വെണ്ണ ജപിച്ചു കൊടുത്തു തുടങ്ങുകയും ചെയ്തു. അക്കാലത്തു് ആ ക്ഷേത്രത്തിൽ കഴകം “മണിക്കുറ്റിൽ” വാര്യത്തേക്കായിരുന്നു. അന്നു് ആ വാര്യത്തെ ഒരു വാരസ്യാരും ഗർഭം ധരിച്ചിരുന്നു. കപ്ലിങ്ങാട്ടില്ലത്തെ അന്തർജ്ജനം സ്വാമിയാരെക്കൊണ്ടു വെണ്ണ ജപിപ്പിച്ചു സേവിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ തനിക്കും അങ്ങനെ ചെയ്താൽക്കൊള്ളാമെന്നൊരു മോഹം വാരസ്യാർക്കുണ്ടാവുകയും അവർ അവരുടെ ഭർത്താവും ക്ഷേത്രത്തിൽ ശാന്തിക്കാരനുമായ നമ്പൂരി മുഖാന്തരം ആ വിവരം സ്വാമിയാരെ ധരിപ്പിക്കുകയും സ്വാമിയാർ സമ്മതിച്ചു് അവർക്കും പതിവായി വെണ്ണ ജപിച്ചു കൊടുത്തു തുടങ്ങുകയും ചെയ്തു.
സ്വാമിയാർ വെണ്ണ പ്രത്യേകം പ്രത്യേകം ജപിചു രണ്ടു പൊതിയായി കെട്ടി, “ഇതു് അന്തർജ്ജനത്തിനു്”, “ഇതു് വാരസ്യാർക്കു്” എന്നു പറഞ്ഞു ശാന്തിക്കാരനെ ഏല്പിക്കുകയും ശാന്തിക്കാരൻ രണ്ടു പൊതി കളുമെടുത്തു സൂക്ഷിച്ചുവെച്ചു്, അന്തർജ്ജനവും വാരസ്യാരും ക്ഷേത്രത്തിൽ തൊഴാൻ ചെല്ലുമ്പോൾ ഓരോ പൊതി വീതം കൊടുക്കുകയുമാണു് പതിവു്. സ്വാമിയാർ വെണ്ണ പ്രത്യേകം പ്രത്യേകം ജപിക്കുന്നതുകൊണ്ടു് അന്തർജ്ജനത്തിനുള്ളതിൽ വല്ല വിശേഷവുമുണ്ടായിരിക്കുമെന്നും ആ വിശേഷം തന്റെ ഭാര്യയ്ക്കു സിദ്ധിക്കണമെന്നും കരുതി ശാന്തിക്കാരൻ അന്തർജ്ജനത്തിനുള്ള പൊതി വാരസ്യാർക്കും വാരസ്യാർക്കുള്ള പൊതി അന്തർജ്ജനത്തിനുമാണു് കൊടുത്തുവന്നതു്.
ഇങ്ങനെ അന്തർജ്ജനവും വാരസ്യാരും വെണ്ണ സേവിക്കുകയും യഥാകാലം രണ്ടു പേരും പ്രസവിക്കുകയും ചെയ്തു. രണ്ടു പേർക്കുണ്ടായതും പുരുഷപ്രജകളായിരുന്നു. എന്നാൽ ആ ശിശുക്കൾക്കു മാതാ പിതാക്കളുടെ ആനുരൂപ്യം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. കപ്ലിങ്ങാട്ടു നമ്പൂരി നല്ല സുന്ദരനും അന്തർജ്ജനം ഏറ്റവും രൂപവതിയുമായിരുന്നു. അവർക്കുണ്ടായ പുത്രൻ അത്രതന്നെ തേജസ്വിയായിരുന്നില്ല. നേരെമറിച്ചു ശാന്തിക്കാരൻ നമ്പൂരി ഒരു വിരൂപനും അദ്ദേഹത്തിന്റെ ഭാര്യയായ വാരസ്യാർ ഒരുവിധം വിരൂപിണിയുമായിരുന്നു. എങ്കിലും അവർക്കുണ്ടായ പുത്രൻ ഏറ്റവും തേജസ്വിയുമായിരുന്നു. ആ കുട്ടികൾ വളർന്നുവന്നപ്പോൾ അവരുടെ സ്വഭാവവും പ്രവൃത്തികളുമെല്ലാം ഇപ്രകാരംതന്നെ ഭേദപ്പെട്ടിരുന്നു. ആരും പറയുകയും നിർബന്ധിക്കുകയും ചെയ്യാതെതന്നെ വാര്യരുകുട്ടി ഏഴര നാഴിക വെളുപ്പാനുള്ളപ്പോൾ ഉണർന്നെഴുന്നേറ്റൂ ദേഹശുദ്ധി വരുത്തി ഭസ്മക്കുറിയിട്ടു് ഈശ്വരസ്തോത്രങ്ങളും നാമ സങ്കീർത്തനങ്ങളും ജപിക്കുകയും നേരം വെളുക്കുമ്പോൾ കുളിച്ചു് അമ്പലത്തിൽപ്പോയി ദേവദർശനം കഴിക്കുകയും മറ്റും ചെയ്തു വന്നിരുന്നു. നേരെ മറിച്ചു് ബ്രാഹ്മണകുമാരൻ ആരെല്ലാം വിളിച്ചാലും നിർബന്ധിച്ചാലും അഞ്ചു നാഴിക പുലർന്നല്ലാതെ ഉണർന്നെണിക്കുകപോലും ചെയ്തിരുന്നില്ല. കാലത്തെ കുളിച്ചു് അമ്പലത്തിൽപ്പോയി തൊഴണമെന്നും സന്ധ്യയ്ക്കു കാലും മുഖവും കഴുകി ഭസ്മക്കുറിയിട്ടു് നാമം ജപിക്കണമെന്നും പറഞ്ഞു മാതാപിതാക്കന്മാർ വളരെ നിർബന്ധിച്ചിരുന്നു. എങ്കിലും ആ ബ്രഹ്മണകുമാരൻ അങ്ങനെയൊന്നും ചെയ്തിരുന്നില്ല. ഈ കുമാരന്മാർ ഇപ്രകാരം ഭിന്നബുദ്ധികളായിത്തീർന്നതു കരിപ്പാലസ്വാമിയാരുടെ മന്ത്രശക്തികൊണ്ടാണെന്നുള്ളതു പറയണമെന്നില്ലല്ലോ. വാര്യരുകുട്ടിക്കു് ശുദ്ധവും വൃത്തിയും ശുചിത്യവുമെല്ലാം നല്ലപോലെയുണ്ടായിരുന്നു. ബ്രാഹ്മണകുമാരനു് അവയെല്ലാം വളരെ കുറവുമായിരുന്നു. യഥാകാലം ആ ബ്രാഹ്മണകുമാരന്റെ ഉപനയനം, സമാവർത്തനം മുതലായവയെല്ലം അദ്ദേഹത്തിന്റെ അച്ഛൻ നടത്തി. എങ്കിലും ആ ബ്രഹ്മണകുമാരൻ കാലത്തെ കുളിക്കുകയോ നിത്യകർമ്മാദികൾ യഥാകാലം വേണ്ടതുപോലെ നടത്തുകയോ ചെയ്തിരുന്നില്ല.
ഈ രണ്ടു കുമാരന്മാരേയും യഥാകാലം വിദ്യാഭ്യാസത്തിനു് ഒരു ഗുരുവിന്റെ അടുക്കൽത്തന്നെയാക്കി. കുശാഗ്രബുദ്ധിയായിരുന്ന വാര്യർ ക്ഷണകാലംകൊണ്ടു് കാവ്യനാടകാലങ്കാരാദികളിൽ അസാമാന്യമായ നൈപുണ്യം സമ്പാദിച്ചു. ആ ഗുരുനാഥനും തർക്കം, വ്യാകരണം മുതലായവ പഠിപ്പിക്കാൻ തക്കവണ്ണമുള്ള ശാസ്ത്രവ്യുൽപത്തിയില്ലായിരുന്നതിനാൽ ഇത്രയും കഴിഞ്ഞതിന്റെ ശേഷം വാര്യർ വിദ്യാഭാസം മതിയാക്കി. ബ്രഹ്മണകുമാരനും നല്ല ബുദ്ധിമാനായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ വാസന ഈ വിഷയത്തിലല്ലായിരുന്നതിനാൽ അദ്ദേഹത്തിനു സംസ്കൃതഭാഷയിൽ വാര്യരോളം തന്നെ വ്യുൽപത്തി സമ്പാദിക്കാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്റെ വാസന കൊട്ടു്, പാട്ടു്, മരപ്പണി മുതലായവയിലായിരുന്നു.
വാര്യരുടെ ബുദ്ധി സാമർത്ഥ്യത്തേയും ലോകവ്യുൽപത്തിയിലുള്ള ദൃഢതയേയും കുറിച്ചു് കേട്ടറിഞ്ഞു് അക്കാലത്തു് ദേശമംഗലത്തു മനയ്ക്കൽ മൂപ്പനായിരുന്ന അച്ഛൻ നമ്പൂരിപ്പാടു് വാര്യരെ മനയ്ക്കലേക്കു ക്ഷണിച്ചു അവിടെയുണ്ടായിരുന്ന ബ്രാഹ്മണകുമാരന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു നിയമിച്ചു. വാര്യർക്കു വ്യാകരണ വ്യുൽപത്തിയില്ലായിരുന്നതിനാൽ കാവ്യനാടകാലങ്കാരങ്ങൾ പഠിപ്പിക്കന്നതിനു മാത്രമാണു് നിയമിച്ചതു്. വ്യാകരണം പഠിപ്പിക്കുന്നതിനു വ്യാകരണവ്യുൽപന്നന്മാരായ ചില നമ്പൂരിമാരെയും അവിടെ നിയമിച്ചിരുന്നു. അവർ ചില ചെറിയ നമ്പൂരിപ്പാടന്മാരെ വ്യാകരണം പഠിപ്പിക്കുന്നതു കേട്ടു ധരിച്ചു വാര്യരും അചിരേണ ഒരു വൈയാകരണനായിത്തീർന്നു. പക്ഷേ അതു് അവിടെയുണ്ടായിരുന വിദ്വാന്മാരാരും മനസ്സിലാക്കിയില്ല. കുട്ടികളെ കാവ്യം മുതലായവ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്കു വ്യാകരണം കേട്ടുധരിച്ചു മനസ്സിലുറപ്പിക്കുമെന്നു വിചാരിപ്പാൻ ന്യായമില്ലല്ലോ. താൻ വ്യാകരണം കേട്ടു മനസ്സിലാക്കി എന്നു് അവിടെ ആരും ധരിച്ചിട്ടില്ലാത്തതിനാൽ അതു അവിടെയുണ്ടായിരുന്ന വൈയാകരണന്മാരെ ഒന്നു മനസ്സിലാക്കണമെന്നു നിശ്ചയിച്ചു വാര്യർ അതിനു തരം നോക്കിക്കൊണ്ടിരുന്നു. അങ്ങനെയിരുന്നപ്പോൾ ഒരു ദിവസം ഉച്ചയ്ക്കു് വാര്യർക്കു ഉണ്ണാൻ ചോറു വിളമ്പിയപ്പോൾ അതിൽ ഒരു കറുത്തവറ്റു കണ്ടിട്ടു് വാര്യർ അതെടുത്തു മാറ്റിവെച്ചു. അതു കണ്ടിട്ടു് വൈയാകരണനായ ഒരു നമ്പൂരി “എന്താ അതു്” എന്നു ചോദിച്ചു. അതിനുത്തരമായി വാര്യർ “കറുത്തരി ശപ്പു്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ബുദ്ധിമാനായ ആ നമ്പൂരി വാര്യർ വ്യാകരണമെല്ലാം മനസ്സിലാക്കിയിരിക്കുന്നുവെന്നും “കർത്തരിശപ്പു്” എന്നുള്ള വ്യാകരണസൂത്രത്തെ ഇവിടെയും അർത്ഥം യോജിക്കത്തക്കവണ്ണം സ്വല്പം ഭേദപ്പെടുത്തി ഉച്ചരിച്ചു വെന്നേ ഉള്ളൂ എന്നും തീർച്ചപ്പെടുത്തിയിട്ടു് അദ്ദേഹം അർത്ഥദ്വയത്തോടു കൂടി ഫലിതമായി “അതൊരു സൂത്രമല്ലേ പറഞ്ഞതു്?” എന്നു ചോദിച്ചു. അതിനു വാര്യരുടെ മറുപടി “സൂത്രമറിയാവുന്നവർക്കു അങ്ങനേയും വിചാരിക്കാം” എന്നായിരുന്നു. ഈ സംഭാഷണം നിമിത്തം വാര്യരും ഒരു വൈയാകരണനായിത്തീർന്നിരിക്കുന്നുവെന്നു് അവിടെയുണ്ടായിരുന്നവരെല്ലാം മനസ്സിലാക്കുകയും അതു പ്രസിദ്ധമായിത്തീരുകയും ചെയ്തു.
അനന്തരം ദേശമംഗലത്തു നമ്പൂരിപ്പാടു് വാര്യർക്കു അവിടെയൊരു ഭവനം പണിയിച്ചുകൊടുക്കുകയും വാര്യരുടെ കുടുംബസഹിതമുള്ള സ്ഥിരവാസം അവിടെയാക്കുകയും ചെയ്തു. ഇപ്പോഴും ഏറ്റവും പ്രസിദ്ധിയോടുകൂടി പ്രശോഭിക്കുന്ന ദേശമംഗലത്തുവാര്യം ഉണ്ടായിത്തീർന്നതു് ഇപ്രകാരമാണു്. ഇത്രയുമായപ്പോഴേയ്ക്കും ദേശമംഗലത്തു വാര്യരെന്നുള്ള പ്രസിദ്ധി സർവ്വത്ര പരന്നു. അതിനാൽ അന്നത്തെ സാമൂതിരിപ്പാടു തമ്പുരാൻ വാര്യരെ കോഴിക്കോട്ടേക്കു ക്ഷണിക്കുകയും അവിടെ കോവിലകത്തു കൊച്ചുതമ്പുരാക്കന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു് നിയമിക്കുകയം അധികം താമസിയാതെ നെടുവിരിപ്പു സ്വരൂപത്തിലെ ഗുരുസ്ഥാനം ആ വാര്യരുടെ തറവാട്ടേക്കു കല്പിച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴും ആ സ്ഥാനം ദേശമംഗലത്തു വാര്യത്തേക്കു തന്നെയാണിരിക്കുന്നതു്. പ്രസിദ്ധനായ ആ വാര്യരുടെ കാലം മുതൽ അവരുടെ കുടുംബത്തിൽ യോഗ്യന്മാരും വിദ്വാന്മാരും പ്രസിദ്ധന്മാരുമായിട്ടുള്ളവരല്ലാതെ ഉണ്ടായിട്ടില്ല. ഇപ്പോഴും ആ കുടുംബത്തിൽ സംസ്കൃതം, ഇംഗ്ലീഷ് മുതലായ ഭാഷകളിലും രസതന്ത്രം മുതലായ ശാസ്ത്രങ്ങളിലും അതിനിപുണന്മാരും വലിയ വലിയ ഗവർമ്മെന്റുദ്യോഗങ്ങൾ വഹിക്കുന്ന വരുമായി പലരുമുണ്ടു്.
ദേശമംഗലത്തുവാര്യർ രാജഗുരുവായിത്തീർന്നപ്പോഴേക്കും അദ്ദേഹത്തിന്റെ സതീർത്ഥ്യനായ കപ്ളിങ്ങാട്ടുനമ്പൂരി ചെണ്ടകൊട്ടു്, പാട്ടു് മുതലായ വിഷയങ്ങളിൽ അതിനിപുണനും പ്രസിദ്ധനുമായിത്തീർന്നു. അദ്ദേഹത്തിനു് അസാമാന്യമായ ഭ്രമം കഥകളിയിലായിരുന്നു. കൊട്ടാരക്കരത്തമ്പുരാൻ മുതലായ ചില മഹാന്മാർ ചില ആട്ടക്കഥകളുണ്ടാക്കുകയും കഥകളി നടപ്പാക്കുകയും ചെയ്തുവെങ്കിലും അതു കേവലം അപരിഷ്കൃതരീതിയിലായിരുന്നു. ആദ്യകാലത്തു വേഷങ്ങൾ തന്നെ എല്ലാം ഒരു പോലെയായിരുന്നു. ഒരു വേഷത്തിനും മുഖത്തൊന്നും തേച്ചിരുന്നില്ല. അക്കാലത്തു് ഒരോകഥാപത്രങ്ങൾക്കും ആടാനുള്ള പദങ്ങളെല്ലാം (നാടകങ്ങളിലെ ശ്ലോകങ്ങളും വാക്യങ്ങളും ചൊല്ലുന്നതുപോലെ) അവരവർ തന്നെയാണു് പാടിയിരുന്നതു്. കപ്ളിങ്ങാട്ടു നമ്പൂരി അതെല്ലാം ഭേദപ്പെടുത്തി. പാട്ടിനു വേറെ ആളുകൾതന്നെ വേണമെന്നു നിശ്ചയിച്ചു. വേഷങ്ങൾക്കു പച്ച, കത്തി, കരി, വെള്ളത്താടി, ചുവന്ന താടി, മിനുക്കു് (ബ്രാഹ്മണൻ, മഹർഷി മുതലായവ) ഇങ്ങനെ ഇപ്പോൾ കണ്ടുവരുന്ന വിധത്തിലുള്ള വ്യത്യാസങ്ങളും കൽപിച്ചു. ആട്ടത്തിന്റെ സമ്പ്രദായവും ആകപ്പാടെ മാറ്റി ഇപ്പോൾ കണ്ടുവരുന്ന വിധത്തിലുള്ള ചവിട്ടും ചാട്ടവും കലാശങ്ങളുമെല്ലാ മേർപ്പെടുത്തി. കിം ബഹുനാ, കഥകളിയുടെ രീതി ആകപ്പാടെ പരിഷ്ക്കരിച്ചു് ഇപ്പോൾ കാണുന്ന രീതിയിലാക്കിത്തീർത്തു. ഇതു നടപ്പാകേണ്ടതിലേക്കായി അദ്ദേഹം ഈ രീതി ചിലരെ അഭ്യസിപ്പിച്ചു് ഒരു കഥകളിയോഗം കൂട്ടി അദ്ദേഹം തന്നെ കുറച്ചുകാലം കൊണ്ടു നടന്നിരുന്നു. വേഷങ്ങൾക്കു വേണ്ടുന്ന കിരീടം മുതലായ മരക്കോപ്പുകളെല്ലാം പണിതുണ്ടാക്കിയതും അവയ്ക്കു ചില്ലും “ചകലാസും പതിച്ചു തകിടിട്ടു നന്നാക്കിയതുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. കഥകളിയോഗത്തിൽ മേളത്തിനും പാട്ടിനും യോഗ്യന്മാരായ ആളുകളെ നിയമിച്ചിട്ടുണ്ടായിരുന്നുവെങ്കിലും പാട്ടിന്റെ പ്രധാന ഭാഗം അദ്ദേഹം തന്നെയാണു് നിർവ്വഹിച്ചിരുന്നതു്. അങ്ങനെയെല്ലാഞ്ഞാൽ കളിക്കാർക്കും കളിപ്പിക്കുന്നവർക്കും മാത്രമല്ല, അദ്ദേഹത്തിനും തന്നെയും തൃപ്തിയാവുകയില്ലായിരുന്നു. ചൊല്ലിയാടിക്കുന്നതിനു കപ്ളിങ്ങാട്ടുനമ്പൂരിക്കുണ്ടായിരുന്ന സാമർത്ഥ്യം അനന്യസാധാരണം തന്നെയായിരുന്നു.
കപ്ളിങ്ങാട്ടുനമ്പൂരി കഥകളിയുടെ രീതി ആകപ്പാടെ പരിഷ്ക്കരിച്ചുവെന്നും അദ്ദേഹം തന്നെ ഒരു കഥകളിയോഗം ഏർപ്പെടുത്തി കൊണ്ടു നടന്നു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പാട്ടു് ഏറ്റവും മനോഹരമാണെന്നും മറ്റും പലരും പറഞ്ഞറിയുകയാൽ പൂമുള്ളിമനയ്ക്കൽ അച്ഛൻനമ്പൂരിപ്പാടു് ആ പരിഷ്ക്കരിച്ച രീതിയിലുള്ള കഥകളി കാണുകയും കപ്ളിങ്ങാട്ടുനമ്പൂരിയുടെ പാട്ടു കേൾക്കുകയും ചെയ്യണമെന്നു നിശ്ചയിച്ചു് കഥകളിക്കു ദിവസം തീർച്ചപ്പെടുത്തിക്കൊണ്ടു തലേ ദിവസം തന്നെ ഒരു കാര്യസ്ഥൻ മുഖാന്തരം വിവരം കപ്ളിങ്ങാട്ടു നമ്പൂരിയെ അറിയിച്ചു. അന്നും അടുക്കൽ ഒരു സ്ഥലത്തു കളിയുണ്ടായിരുന്നു. അവിടെച്ചെന്നാണു കാര്യസ്ഥൻ വിവരം നമ്പൂരിയോടു പറഞ്ഞതു്. അടുത്ത ദിവസം രാവിലെ യോഗത്തോടുകൂടി എത്തിക്കൊള്ളാമെന്നു നമ്പൂരി മറുപടി പറഞ്ഞയയ്ക്കുകയും ചെയ്തു. അന്നു കളിക്കുകൊട്ടിയപ്പോൾ ചെണ്ട പൊട്ടിപ്പോവുകയാൽ തൽക്കാലം അവിടെ അടുക്കലുണ്ടായിരുന്നു ഒരു മാരാരുടെ ഗൃഹത്തിൽ നിന്നു ഒരു ചെണ്ട വരുത്തി കളി ഒരു വിധം കഴിച്ചുകൂട്ടി. പിറ്റേ ദിവസം കാലത്തു കപ്ളിങ്ങാട്ടുനമ്പൂരി “നിങ്ങൾ ഇപ്പോൾതന്നെ പൊയ്ക്കൊൾവിൻ. ചെണ്ടവട്ടമുണ്ടാക്കിക്കൊണ്ടു ഞാൻ പകലേ അവിടെ എത്തിക്കൊള്ളാം” എന്നു പറഞ്ഞു. കഥകളി യോഗക്കാരെ പൂമുള്ളി മനയ്ക്കലേക്കയയ്ക്കുകയും അപ്രകാരം നമ്പൂരി ചെട്ടവട്ടവും കൊണ്ടു പകലേ അവിടെയെത്തുകയും ചെയ്തു.
അവിടെയെത്തിയ ഉടനെ അദ്ദേഹം ചെണ്ടവട്ടം ചെണ്ടക്കാരനെ ഏൽപ്പിച്ചു ക്ഷണത്തിൽ അതു കോർത്തു ശരിയാക്കാൻ പറഞ്ഞിട്ടു കുളിക്കാനായി പുറപ്പെട്ടു. അപ്പോഴേക്കും നേരം വൈകിയിരുന്നതിനാൽ കുളിക്കാനും സന്ധ്യാവന്ദനത്തിനുമായി അച്ഛൻ നമ്പൂരിപ്പാടു പുറത്തുവന്നു. അപ്പോൾ അച്ഛൻ നമ്പൂരിപ്പാടു കപ്ളിങ്ങാട്ടു നമ്പൂരിയെ കണ്ടിട്ടു്, “ഹേ! കപ്ളിങ്ങാടു വന്നുവോ? സന്തോഷമായി നമുക്കു കുളിക്കാൻ പോകാം” എന്നു പറഞ്ഞു രണ്ടുപേരും കൂടി കുളിക്കാൻപോയി. കുളി കഴിഞ്ഞു കപ്ളിങ്ങാട്ടു നമ്പൂരി സന്ധ്യാവന്ദനത്തിനായി കിഴക്കോട്ടു തിരിഞ്ഞു നിന്നു വെള്ളം കോരിപ്പിടിച്ചു. അതു് കണ്ടിട്ടു് അച്ഛൻനമ്പൂരിപ്പാടു് “കപ്ളിങ്ങാടു് അതല്ല പടിഞ്ഞാറു്. അതു കിഴക്കാണു്. തിരിഞ്ഞുനിന്നു് അർഘ്യം കൊടുക്കു” എന്നു പറഞ്ഞു.
കപ്ളിങ്ങാട്ടി നമ്പൂരി: ഇതു പടിഞ്ഞാറാണെന്നു ഞാൻ വിചാരിച്ചില്ല. കിഴക്കാണെന്നുതന്നെയാണു് എന്റെ വിചാരം. കാലത്തേതു കഴിഞ്ഞിട്ടു വേണമല്ലോ വൈകുന്നേരത്തതു്, എന്നു വിചാരിച്ചാണു്. അച്ഛൻനമ്പൂതിരിപ്പാടു്: അപ്പോൾ ഇന്നു നേരത്തു സന്ധ്യവന്ദനമുണ്ടായില്ലെന്നോ?
- കപ്ളിങ്ങാടു്
- ഉണ്ടായില്ല ചില ബദ്ധപ്പാടുകൾകൊണ്ടു് ഇന്നു് ഇതുവരെ കുളിക്കാനും സന്ധ്യാവന്ദനം കഴിക്കാനും ഉണ്ണാനും ഒന്നും തരമായില്ല.
- അച്ഛൻ
- കഷ്ടം! സന്ധ്യാവന്ദനത്തിനു നേരം നീക്കം വരുത്തുന്നതു കഷ്ടമല്ലേ?
- കപ്ളിങ്ങാടു്
- അതേ. നിവൃത്തിയില്ലാതെ വന്നാൽ എന്തുചെയ്യും? ഇന്നത്തെ കഥ തന്നെ ഞാൻപറയാം. കളിയോഗം വകയായി ഒരു ചെണ്ടയുള്ളതിന്റെ ഇടന്തലവട്ടം ഇന്നലെത്തന്നെ പൊട്ടിപ്പൊളിഞ്ഞു. ഇന്നു് ഇവിടെയെത്തി കളി നടത്തിക്കൊള്ളമെന്നു ഇന്നലെത്തന്നെ സമ്മതിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തിട്ടുണ്ടല്ലോ. ചെണ്ടയില്ലാതെ കളി നടക്കുമോ? ചെണ്ടവട്ടവും കൊണ്ടു ഞാൻ പകലേ ഇവിടെ എത്തിക്കൊള്ളാമെന്നു് പറഞ്ഞാണു് യോഗക്കാരെ രാവിലെ ഇങ്ങോട്ടയച്ചതു്. യോഗക്കാരെ ഇങ്ങോട്ടു പറഞ്ഞയച്ചതിന്റെശേഷം ചെണ്ടവട്ടമുണ്ടാക്കാനുള്ള ശ്രമമായി. അവിടെ നിന്നു നാലുനാഴിക ദൂരെ ഒരു പറയൻ താമസിക്കുന്നുണ്ടു്. അവന്റെ കൈവശം എല്ലായ്പ്പോഴും തുകലുണ്ടായിരിക്കുക പതിവാണു്. അവന്റെ അടുക്കൽ ചെന്നു് ഒരു തുകൽ വിലയ്ക്കു വാങ്ങമെന്നു വിചാരിച്ചു് അങ്ങോട്ടുപോയി. അവിടെ ചെന്നപ്പോൾ അവനെ അവിടെ കണ്ടില്ലെന്നു മാത്രമല്ല, അവന്റെ മാടത്തിൽ ആരുമുണ്ടായിരുന്നുമില്ല. പിന്നെ മാടത്തിനകത്തു കടന്നു അവിടെയൊക്കെ നോക്കി. അവിടെയെങ്ങും ഒരു തുകലും കണ്ടില്ല. “കാര്യം വളരെ ദുർഘടമായല്ലോ! ഇനി എന്താ നിവൃത്തി! എന്നു വിചാരിച്ചു ഞാൻ ഏറ്റവും വിഷാദത്തോടുകൂടി അവിടെ നിന്നു മടങ്ങി വഴിയിൽ വന്നപ്പോൾ അവിടെ ഒരു പശു നിൽക്കുന്നതു കണ്ടു. അതു പ്രായാധിക്യം നിമിത്തം വളരെ ക്ഷീണിച്ചതും പ്രസവം മാറിയതുമായിരുന്നു. ഉപയോഗമില്ലാതെയായതുകൊണ്ടു് അതിന്റെ ഉടമസ്ഥൻ ഉപേക്ഷിച്ചതായിരിക്കുമെന്നു വിചാരിച്ചു ഞാൻ ആ പശുവിനെ പിടിച്ചുകെട്ടി അതിന്റെ തുകൽ ഉരിച്ചെടുത്തു.
- അച്ഛൻ
- (ചെവി പൊത്തിക്കൊണ്ടു്) മതി! മതി! എന്റെ കപ്ളിങ്ങാടു് എനിക്കു് ഇനി ഒന്നും കേൾക്കണ്ട. ഗോഹത്യ. ശിവ! ശിവ!
കപ്ളിങ്ങാടു്: മുഴുവനും കേൾക്കാതെ ഒരു കാര്യം മനസ്സിലാവുകയില്ലല്ലോ. പിന്നെ ആ തുകൽ കുറ്റിക്കിട്ടു് ഉണക്കി ചേറി നന്നാക്കി ഒരു ചെണ്ടവട്ടം മാടിയുണ്ടാക്കി. അപ്പോഴേക്കും നേരം വൈകിത്തുടങ്ങി. ഉടനെ ഇങ്ങോട്ടു പോരികയും ചെയ്തു. ഈ ജോലി കൊണ്ടാണു് ഇന്നു കുളിക്കാനും നിത്യകർമ്മം കഴിക്കാനും ഉണ്ണാനും ഒന്നും തരമാകാഞ്ഞതു്. കുളിയും നിത്യകർമ്മാനുഷ്ഠാനവും കഴിഞ്ഞതിന്റെ ശേഷം കപ്ളിങ്ങാട്ടു നമ്പൂരി അച്ഛൻ നമ്പൂരിപ്പാടിനോടു് “നേരനീക്കം വന്നാലും ഞാൻ തേവാരമൊന്നും മുടക്കാറില്ല. എനിക്കു സാളഗ്രാമപൂജ പതിവുണ്ടു്. അതിനു് ഒരു വിളക്കും കുറച്ചു ചന്ദനവും പൂവും മറ്റും വേണം” എന്നു പറഞ്ഞു. ഉടനെ അച്ഛൻ നമ്പൂരിപ്പാടു് ഒരു നമ്പൂരിയെ വിളിച്ചു് ഒരു “സാളഗ്രാമവും പൂജയ്ക്കു വേണ്ടുന്ന സാധനങ്ങളും കൊണ്ടുവന്നു കൊടുക്കാൻ” പറഞ്ഞു. അപ്പോൾ കപ്ളിങ്ങാട്ടുനമ്പൂരി “സാളഗ്രാമം വേണ്ടാ. അതു് എന്റെ കൈവശമുണ്ടു്”എന്നു പറഞ്ഞു. അതു കേട്ടു് അച്ഛൻ നമ്പൂരിപ്പാടു്, “സാളഗ്രാമം എവിടെ വെച്ചിരിക്കുന്നു?” എന്നു ചോദിച്ചു. അതിനുത്തരമായി കപ്ളിങ്ങാട്ടിനമ്പൂരി “സാളഗ്രാമം മുഴവനോടെ കൊണ്ടു നടക്കുന്നതു ബുദ്ധിമുട്ടാണെന്നു വിചാരിച്ചു അതുടച്ചു ചെറുതാക്കി മോതിരത്തിന്മേൽ വെച്ചുകെട്ടി കൈവിരന്മേലിട്ടുകൊണ്ടാണു് ഞാൻ നടക്കുന്നതു്” എന്നു പറഞ്ഞു. അതു കേട്ടപ്പോൾ അച്ഛൻ നമ്പൂരിപ്പാടു്, “സാളഗ്രാമം ഉടയ്ക്കുകയോ? ശിവ! ശിവ! അതും മഹാ കഷ്ടം” എന്നു പറഞ്ഞു് അകത്തേക്കു പോയി.
കപ്ളിങ്ങാട്ടുനമ്പൂരി സാളഗ്രാമപൂജയും അത്താഴവും കഴിച്ചു് അണിയറയിൽചെന്നു കളിയോഗക്കാരോടു് “വിളക്കുവെച്ചാൽ കളി മുറയ്ക്കു നടത്തിക്കൊള്ളണം. ഇന്നലെ രാത്രി ഞാനൊട്ടും ഉറങ്ങിയിട്ടില്ല. അതിനാൽ ഞാനൊന്നു കിടക്കാൻ പോവുകയാണു്. എന്നെ ഉറക്കത്തിൽ വിളിച്ചു് ആരും ഉപദ്രവിക്കരുതു്. ഉറക്കം മതിയാകുമ്പോൾ ഞാനുണർന്നു് എണീറ്റു വന്നുകൊള്ളാം” എന്നു പറഞ്ഞിട്ടു് അദ്ദേഹം ഒരു മുറിക്കകത്തു കടന്നു വാതിൽ ചാരിയിട്ടു കിടന്നുറങ്ങിത്തുടങ്ങി. കളി തുടങ്ങി കുറച്ചുനേരം കഴിഞ്ഞിട്ടും പാടാൻ കപ്ളിങ്ങാട്ടു നമ്പൂരിയെ കാണാഞ്ഞിട്ടു് അച്ഛൻ നമ്പൂരിപ്പാടു് അതെന്താണെന്നന്വേഷിച്ചു. അപ്പോൾ ചിലർ അദ്ദേഹം കിടന്നുറങ്ങുകയാണെന്നു പറയുകാൽ അച്ഛൻ നമ്പൂരിപ്പാടു് കളിയോഗത്തിലുള്ളവരിൽ ചിലരെ വിളിച്ചു കപ്ളിങ്ങാട്ടു നമ്പൂരിയെ വിളിക്കാൻ പറഞ്ഞു.
അപ്പോൾ അവർ, “വിളിക്കരുതെന്നാണു് കല്പിച്ചിരിക്കുന്നതു്” എന്നറിയിച്ചു. ഉടനെ അച്ഛൻ നമ്പൂരിപ്പാടു്, “കപ്ളിങ്ങാടിനെ വിളിക്കാൻ നിങ്ങൾക്കൊക്കെ ഭയമാണെങ്കിൽ ഞാൻതന്നെ വിളിക്കാം” എന്നു പറഞ്ഞു നമ്പൂരി കിടന്നിരുന്ന മുറിയുടെ വാതിൽക്കൽ ചെന്നു വാതിൽ തള്ളിത്തുറന്നു. അപ്പോൾ ദുർന്നിരീക്ഷ്യമായ ഒരു തേജസ്സാണു് അവിടെ കാണപ്പെട്ടതു്. ദേഹം സ്തംഭിക്കുകയും കണ്ണു മഞ്ഞളിക്കുകയുംചെയ്യുകയാൽ ഇളകാൻപോലും ശക്തനല്ലാതെ അച്ഛൻ നമ്പൂരിപ്പാടു നിന്നനിലയിൽ കുറച്ചുനേരം അവിടെ നിന്നു. അപ്പോൾ അദ്ദേഹത്തിന്റെ കണ്ണു കാണാറായി. ആ സമയം കപ്ളിങ്ങാട്ടു നമ്പൂരിയെ അദ്ദേഹം കണ്ടതു് ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണു്. ഉടനെ അച്ഛൻ നമ്പൂരിപ്പാടു ഭയാത്ഭുത ഭക്തി വിഹ്വലനായി സാഷ്ടാംഗം വീണു നമസ്കരിച്ചിട്ടു് ഒന്നും മിണ്ടാതെ യഥാ പൂർവ്വം വാതിൽ ചാരിക്കൊണ്ടു മടങ്ങിപ്പോന്നു. താൻ കണ്ട അത്ഭുതത്തെക്കുറിച്ചു് അച്ഛൻ നമ്പൂരിപ്പാടു് അന്നു് ആരോടും ഒന്നും പറഞ്ഞില്ല
കഥകളി ഏകദേശം പകുതിയായപ്പോഴേക്കും കപ്ളിങ്ങാട്ടു നമ്പൂരി ഉണർന്നെണിറ്റു് അരങ്ങത്തെത്തി പാടിത്തുടങ്ങി. അന്നു് അദ്ദേഹത്തിന്റെ പാട്ടു് പതിവിലധികം നന്നായതിനാൽ എല്ലാവരും വളരെ സന്തോഷിച്ചു. അച്ഛൻ നമ്പൂരിപ്പാട്ടിലെക്കുണ്ടായ സന്തോഷം സീമാതീതമായിരുന്നു.
കഥകളി കഴിഞ്ഞു വേഷക്കാരെല്ലാവരും വേഷമൊക്കെയഴിച്ചു മുഖത്തേതു തുടച്ചുവന്നപ്പോഴേക്കും അച്ഛൻ നമ്പൂരിപ്പാടും കുളിയും നിത്യകർമ്മാനുഷ്ടാനവും കഴിഞ്ഞുവന്നു. പ്രധാനവേഷക്കാർ മുതൽ പെട്ടിക്കാർ വരെ എല്ലാവർക്കും യഥായോഗ്യം സമ്മാനങ്ങളും പതിവുള്ള പണവും കൊടുത്തതിന്റെ ശേഷം അച്ഛൻ നമ്പൂരിപ്പാടു് കപ്ളിങ്ങാട്ടു നമ്പൂരിയെ അടുക്കൽ വിളിച്ചു്, “കപ്ളിങ്ങാട്ടിന്റെ പാട്ടിനെക്കുറിച്ചു് പലരും പ്രശംസിച്ചുകേൾക്കാറുണ്ടു്. പാട്ടു് കേൾക്കാൻ എനിക്കു് ഇന്നലെ മാത്രമേ സംഗതിയായുള്ളൂ. പാട്ടു വളരെ കേമം തന്നെ. ഇത്രയും നന്നായിട്ടുള്ള കഥകളിപ്പാട്ടു ഞാൻ ഇതിനുമുമ്പു കേട്ടിട്ടില്ല. വളരെ സന്തോഷമായി. കപ്ളിങ്ങാടു സന്ധ്യാവന്ദനത്തിനു നേരനീക്കം വരുത്തുന്നതിനെക്കുറിച്ചും മറ്റും ഇന്നലെ ഞാൻ ഏതാണ്ടൊക്കെ പറഞ്ഞുപോയി. അങ്ങയുടെ യോഗ്യതയറിയാതെ അങ്ങനെയൊക്കെ ഞാൻ പറഞ്ഞതാണു്. അതു കൊണ്ടു മുഷിച്ചിൽ തോന്നരുതു്. കപ്ളിങ്ങാടിന്റെ യോഗ്യത വിചാരിച്ചാൽ ഇങ്ങനെയൊന്നുമല്ല ബഹുമാനിക്കേണ്ടതു്. എങ്കിലും ഒരു കഥകളിയുടമസ്ഥന്റെ നിലയിലാണല്ലോ ഇപ്പോൾ വന്നിരിക്കുന്നതു്. അതുകൊണ്ടു് ഇപ്പോൾ ഇതിരിക്കട്ടെ” എന്നു് പറഞ്ഞു് ഒരു കുത്തു പാവുമുണ്ടു സമ്മാനിച്ചു സന്തോഷിപ്പിച്ചയച്ചു.
കഥകളിയോഗക്കാർ അവിടെനിന്നു പോയതിന്റെ ശേഷം അച്ഛൻ നമ്പൂരിപ്പാടു് അവിടെയുണ്ടായിരുന്ന ചില നമ്പൂരിമാരോടു് താൻ തലേദിവസം കണ്ട അത്ഭുതത്തെക്കുറിച്ചു പറഞ്ഞു. കപ്ളിങ്ങാട്ടു നമ്പൂരി ബുദ്ധിമാനും സമർത്ഥനുമാണെങ്കിലും ബ്രഹ്മതേജസ്സും ബ്രാഹ്മണവൃത്തിയുമില്ലാത്തയാളാണെന്നു പറഞ്ഞു പുച്ഛിച്ചുകൊണ്ടിരുന്ന നമ്പൂരിമാരും മറ്റും അക്കാലം മുതൽ അദ്ദേഹത്തെക്കണ്ടാൽ സബഹുമാനം വന്ദിച്ചു തുടങ്ങി.
കപ്ളിങ്ങാട്ടു നമ്പൂരി വേഷം പരിഷ്ക്കരിച്ചു് ഇന്നിന്നവർക്കു പച്ച, ഇന്നിന്നവർക്കു കത്തിയെന്നും മറ്റും നിശ്ചയിച്ചപ്പോൾ വിദ്യുജ്ജിഹ്വനും ഒരു രാക്ഷസ രാജാവായതു കൊണ്ടു് കത്തി എന്നാണു നിശ്ചയിച്ചിരുന്നതു്. ഒരു സ്ഥലത്തു് ഒരു കഥകളിക്കു വിദ്യുജ്ജിഹ്വന്റെ വേഷം കെട്ടുന്നയാൾ കത്തിക്കു തേച്ചു ചുട്ടിക്കു കിടന്നു. ചുട്ടി തീർന്നപ്പോൾ ആ വേഷക്കാരൻ നല്ല ഉറക്കമായിരുന്നു. അയാളെ ചുട്ടിക്കാരൻ വിളിച്ചുണർത്തി. വേഷക്കാരൻ ഉറക്കിപ്പിച്ചയോടു കൂടി എണീറ്റിരുന്നു് ഓർമ്മ കൂടാതെ കൈകൊണ്ടു മുഖത്തു തേച്ചിരുന്നതും ചുട്ടിയുമെല്ലാം തൂത്തു വല്ലാതെയാക്കിത്തീർത്തു. വീണ്ടും കത്തി തേച്ചു ചുട്ടികുത്തി വേഷം തീർക്കാൻ സമയമില്ലാതിരുന്നതുകൊണ്ടു് കപ്ളിങ്ങാട്ടു നമ്പൂരി “ഇനി ആ വേഷം അങ്ങനെ മതി” എന്നു പറഞ്ഞു കണ്ണിൽക്കണ്ടതെല്ലാം അയാളുടെ തലയിലും ദേഹത്തിലുമെല്ലാം വെച്ചു കെട്ടി വേഷം തീർത്തു് അയാളെ അരങ്ങത്തേക്കു തള്ളിയയച്ചു. അന്നു മുതൽ വിദ്യുജ്ജിഹ്വന്റെ വേഷം ഇപ്പോൾ കണ്ടു വരുന്ന വിധത്തിൽ വികൃതമായിട്ടു തന്നെ നടപ്പായി.
കപ്ളിങ്ങാട്ടു നമ്പൂരി കഥകളി പരിഷ്ക്കരിച്ചതിന്റെ ശേഷം വേറെ രണ്ടു നമ്പൂരിമാരും അൽപാല്പം ഭേദഗതികളോടു കൂടി കഥകളി പരിഷ്ക്കരിച്ചു. അതിനാൽ കഥകളിക്കു കപ്ളിങ്ങാട്ടൻ, കലടിക്കോടൻ, വെട്ടത്തുനാടൻ ഇങ്ങനെ മൂന്നു രീതി നടപ്പായിത്തീർന്നു. ഇവയിൽ വെട്ടത്തുനാടൻ രീതിക്കു് അധികം പ്രചാരം സിദ്ധിച്ചില്ല. അതു് ഇപ്പോഴും വിരളപ്രചാരമായിത്തന്നെ ഇരിക്കുന്നേയുള്ളു. കപ്ളിങ്ങാടൻ, കല്ലടിക്കോടൻ എന്നീ രണ്ടു രീതികൾക്കു ആദ്യം തന്നെ ധാരാളം പ്രചാരം സിദ്ധിച്ചു. അവ ഇപ്പോഴും പ്രചുരപ്രചാരത്തോടുകൂടി തന്നെയാണിരിക്കുന്നതു്. ഈ മൂന്നു രീതികളും തമ്മിൽ ആട്ടത്തിനും ചാട്ടത്തിനും ചവിട്ടുകൾക്കും കലാശങ്ങൾക്കുമല്ലാതെ വേഷങ്ങൾക്കു വലിയ വ്യത്യാസമൊന്നുമില്ല. തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങൾ ഇപ്പോഴും കപ്ളിങ്ങാടൻ രീതിതന്നെയാണു് അധികം പ്രചാരത്തിൽ ഇരിക്കുന്നതു്. കല്ലടിക്കോടൻ രീതിക്കു് അധികം പ്രചാരം ബ്രിട്ടീഷു മലബാറിലാണു്.
നമ്മുടെ കഥാനായകനായ കപ്ളിങ്ങാട്ടു നമ്പൂരിയുടെ കാലാനന്തരവും ആ ഇല്ലത്തുണ്ടായവരെല്ലാം ബുദ്ധിമാന്മാരും സമർത്ഥരുമായിരുന്നുവെന്നും ഇപ്പോഴും അവിടെ അങ്ങനെതന്നെയാണു് ഇരിക്കുന്നതെന്നുമാണു് പലതും പറഞ്ഞു കേട്ടിട്ടുള്ളതു്.
|