close
Sayahna Sayahna
Search

കുമാരനല്ലൂർ ഭഗവതി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിരുവിതാംകൂർ സംസ്ഥാനത്തുള്ള ഊരാൺമക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയവും ഏറ്റുമാനൂർ താലൂക്കിലുള്ളതും സുപ്രസിദ്ധവുമായ കുമാരനല്ലൂർ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിലധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അവിടത്തെ ദേവിയെക്കുറിച്ചുള്ള,

‘ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽ
ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ
കാർത്യായനീ! ശരണമെന്നിത കൈതൊഴുന്നേൻ’

എന്ന സങ്കീർത്തനശ്ലോകം അത്ര ഭംഗിയുള്ളതല്ലെങ്കിലും പ്രസിദ്ധമാകയാൽ അതും പലരും കേട്ടിരിക്കാനിടയുണ്ടു്. എങ്കിലും ആ ഭഗവതി “ഓടീട്ടുവന്നു കുടികൊണ്ട”തേതു പ്രകാരമാണെന്നു് അറിഞ്ഞിട്ടുള്ളവർ ഇപ്പോൾ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. അതിനാൽ ആ സംഗതിയെപ്പറ്റി ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.

‘മധുരമീനാക്ഷി’ എന്നു കേൾവിപ്പെട്ടു് ദേവിയുടെ ക്ഷേത്രം പണ്ടു് പാണ്ഡ്യരാജാക്കന്മാരുടെ വകയായിരുന്നു. പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി മധുരയിലായിരുന്നതിനാൽ അവർ ആ ദേവിയെ അവരുടെ പരദേവതായയിട്ടാണു് വിചാരിക്കുകയും ആചരിക്കുകയും ചെയ്തുവന്നിരുന്നതു്.

ഒരിക്കൽ ആ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്നതും വളരെ വിലയുള്ളതും രത്നഖചിതവുമായ മൂക്കുത്തി എങ്ങനെയോ പോയി. ശാന്തിക്കാരൻ നിർമാല്യം (തലേദിവസത്തെ പൂവും മാലയും) വാരി പുറത്തിട്ടതിന്റെ കൂടെയോ അഭി‌ഷേകവും മറ്റു കഴിച്ച സമയം ഓർക്കാതെ ശാന്തിക്കാരന്റെ കൈ മുട്ടിത്തെറിച്ചോ എങ്ങനെയാണു് അതു പോയതെന്നു് ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു. മൂക്കുത്തി പോയി എന്നു കേട്ടു പാണ്ഡ്യരാജാവു പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. ബിംബത്തിന്മേൽ ചാർത്തിയിരുന്ന സാധനം ശാന്തിക്കാരനറിയാതെ പോവുകയില്ലെന്നുതന്നെ ഒടുക്കം രാജാവു തീർച്ചപ്പെടുത്തി. ശ്രീകോവിലിനകത്തു ശാന്തിക്കാരനല്ലാതെ മറ്റാരും കയറുക പതിവില്ലാത്ത സ്ഥിതിക്കു രാജാവിന്റെ വിചാരം അന്യായമായിപ്പോയി എന്നു പറയാനുമില്ല. എങ്കിലും ശുദ്ധാത്മാവും ദേവിയെക്കുറിച്ചു വളരെ ഭക്തിയുള്ള ആളുമായിരുന്ന ആ പഴയ ശാന്തിക്കാരനു് ഈ മൂക്കുത്തി പോയതു് ഏതു പ്രകാരമാണെന്നു വാസ്തവത്തിൽ യാതൊരറിവുമുണ്ടായിരുന്നില്ല. ദേവിക്കു പതിവായി ചാർത്തിവന്ന ഈ ആഭരണം പോയതു നിമിത്തം അദ്ദേഹത്തിനും അപാരമായ മനസ്താപമുണ്ടായിരുന്നു. എങ്കിലും അതൊക്കെ ആരറിയുന്നു. ഉഗ്രശാസനനായ പാണ്ഡ്യരാജാവു് ശാന്തിക്കാരനെ പിടിപ്പിച്ചു വരുത്തി ചോദ്യം തുടങ്ങി. പലവിധത്തിൽ ചോദിച്ചിട്ടും മൂക്കുത്തി പോയതേതു പ്രകാരമാണെന്നു് അറിഞ്ഞുകൂടെന്നുതന്നെ അദ്ദേഹം പറഞ്ഞു. ഒടുക്കം രാജാവു്, നാല്പതു ദിവത്തിനകം ആ മൂക്കുത്തി ശാന്തിക്കരൻ എങ്കിനെയെങ്ങിലും തേടിപ്പിടിച്ചു ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരന്റെ ശിരച്ഛദേം ചെയ്യിക്കുന്നതാണെന്നും കല്പിച്ചു. ഇതുകേട്ടു ശാന്തിക്കാരൻ ഒന്നും മറുപടി പറയാതെ വ്യസനത്തോടുകൂടി രാജസന്നിദ്ധിയിൽനിന്നു പോയി. ആ ബ്രാഹ്മണോത്തമൻ പലവിധത്തിൽ അന്വേ‌ഷിച്ചുനോക്കീട്ടു മൂക്കുത്തി കണ്ടുകിട്ടിയില്ല. അങ്ങനെ മുപ്പത്തൊമ്പതു ദിവസമായി. മുപ്പത്തൊമ്പതാം ദിവസം രാത്രിയിൽ പിറ്റേദിവസം തന്റെ തല പോകുമല്ലോ എന്നു വിചാരിച്ചു വി‌ഷാദിച്ചുകൊണ്ടു് അദ്ദേഹം കിടന്നു. കണ്ണടച്ച സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു്, ‘അങ്ങിനി ഇവിടെ താമസിച്ചാലാപത്തുണ്ടാവും. ഇതാ കാവൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു. ഈ തരത്തിനു പുറത്തിറങ്ങി ഓടിക്കൊള്ളു. എന്നാൽ വല്ല ദിക്കിലും ചെന്നു രക്ഷപ്പെടാം’ എന്നു പറഞ്ഞു. ഉടനെ അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. “ഇതാരാണു് ഇങ്ങനെ പറഞ്ഞതു്? എന്തോ എനിക്കു മനോരാജ്യംകൊണ്ടു വെറുതെ തോന്നിയതായിരിക്കും” എന്നു വിചാരിച്ചു് അദ്ദേഹം പിന്നെയും കണ്ണടച്ചു. അപ്പോൾ പിന്നെയും കണ്ണു തുറന്നു. ആരേയും കണ്ടില്ല. അദ്ദേഹം കണ്ണടച്ചപ്പോൾ മൂന്നാമതും മേൽപ്രകാരം പറഞ്ഞു. “ഏതായാലും ഈ ഗുണദോ‌ഷവാക്കിനെ നിരസിക്കുന്നതു യുക്തമല്ല. ഇതു ദേവി അരുളിച്ചെയ്തതുതന്നെ ആയിരിക്കും. അതിനാൽ വേഗത്തിൽ പോവുകതന്നെ” എന്നു വിചാരിച്ചു നിശ്ചയിച്ചിട്ടു് അദ്ദേഹം അവിടെനിന്നെണീറ്റു ക്ഷണത്തിൽ പുറത്തിറങ്ങി ഓടിത്തുടങ്ങി. അപ്പോൾ സർവാംഗസുന്ദരിയായ ഒരു ദിവ്യസ്ത്രീ “വളരെക്കാലം എന്നെ സേവിച്ചു കൊണ്ടിരുന്ന അങ്ങു പോവുകയാണെങ്കിൽ ഞാനും പോരികയാണു്” എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹത്തിന്റെ പിന്നാലേ ഓടിയെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുൻപിൽക്കടന്നു് ഓടിത്തുടങ്ങി. അതു വലിയ കൂരിരുട്ടുള്ള കാലമായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ശരീരശോഭയും ആഭരണങ്ങളുടെ പ്രകാശവും നിമിത്തം ആ ബ്രാഹ്മണനു വഴിയിൽ നല്ലപോലെ കണ്ണു കാണാമായിരുന്നു. അങ്ങനെ രണ്ടുപേരും കൂടി നാലഞ്ചുനാഴിക ദുരംവരെ ഓടിയപ്പോൾ ആ സ്ത്രീ പെട്ടെന്നു മറഞ്ഞു കളഞ്ഞു. അപ്പോൾ വഴിയും ദിക്കുമെല്ലാം അന്ധകാരമയമായി. കണ്ണു തീരെ കാണാൻ പാടില്ലതെയായതിനാൽ ബ്രാഹ്മണൻ ഓടാനെന്നല്ല, നടക്കാൻപോലും നിവൃത്തിയില്ലാതെയായി. അപ്പോൾ അദ്ദേഹത്തിനു വളരെ ഭയവും വ്യസനവുമുണ്ടായി. എങ്കിലും തപ്പിത്തപ്പി പിന്നെയും കുറേശ്ശ നടന്നുതുടങ്ങി. ക്ഷീണംകൊണ്ടു നടക്കാനും അദ്ദേഹത്തിനു പ്രയാസമായിത്തീർന്നു. രാജാവിന്റെ ആളുകൾ പിന്നാലേ ഓടിയെത്തി പിടിച്ചെങ്കിലോ എന്നുള്ള ഭയവും അദ്ദേഹത്തിനില്ലായ്കയില്ല. എങ്കിലും ക്ഷീണം നിമിത്തം വല്ല ദിക്കിലൂം കുറച്ചിരിക്കുകയോ കിടക്കുകയോ ചെയ്യാതെ നിവൃത്തിയില്ലെന്നു് അദ്ദേഹത്തിനു തോന്നി. അപ്പോൾ ഇടിമിന്നലിന്റെ പ്രകാശംകൊണ്ടു് അദ്ദേഹം ആ വഴിക്കു സമീപത്തായി ഉണ്ടായിരുന്ന വഴിയമ്പലം കണ്ടു. തപ്പിത്തടഞ്ഞു് അദ്ദേഹം അവിടെ ചെന്നുകേറി. രണ്ടാംമുണ്ടു വിരിച്ചു കിടന്നു. മനസ്സിൽ വളരെ ഭയവും വിചാരങ്ങളുമുണ്ടായിരുന്നുവെങ്കിലും ക്ഷീണം കൊണ്ടോ എന്തോ കിടന്നയുടനെ അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു.

Chap22pge156.png

അക്കാലത്തു കേരളരാജ്യം അടച്ചുവാണിരുന്ന ചേരമാൻ പെരുമാൾ ഒരു ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു വൈക്കത്തു് ഉദയനാപുരത്തും, ഒരു സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു് ഇപ്പോൾ കുമാരനല്ലൂരെന്നു പറഞ്ഞുവരുന്ന സ്ഥലത്തും ഓരോ അമ്പലം പണികഴിച്ചു പ്രതിഷ്ഠയ്ക്കു മുഹൂർത്തവും നിശ്ചയിച്ചു് അതിലേക്കു വേണ്ടുന്നവയെല്ലാം വട്ടംകൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വഴിയമ്പലത്തിൽ കിടന്നുറങ്ങിയ ബ്രാഹ്മണൻ പിറ്റേ ദിവസം കാലത്തുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ കുമാരസ്വാമിയെ (സുബ്രഹ്മണ്യനെ) പ്രതിഷ്ഠിപ്പിക്കാനായി ചേരമാൻ പെരുമാൾ പണിയിച്ച അമ്പലത്തിലായിരുന്നു. “തെന്തൊരത്ഭുതം” എന്നു വിചാരിച്ചു് അദ്ദേഹം ചുറ്റും നോക്കിയപ്പോൾ അവിടെ ശ്രീകോവിലിനകത്തു പീഠത്തിന്മേൽ സർവാംഗ സുന്ദരിയായ ഒരു ദിവ്യസ്ത്രീ ആ ബ്രാഹ്മണന്റെ മുൻപിൽ കടന്നോടിയ ആ ദേവി ഇരിക്കുന്നതു് അദ്ദേഹം കണ്ടു. അതു സാക്ഷാൽ “മധുര മീനാക്ഷി” ആയിരുന്നുവെന്നുള്ളതു് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ആ ബ്രാഹ്മണൻ അമ്പലത്തിൽനിന്നു പുറത്തിറങ്ങി അവിടെ കണ്ടവരോടെല്ലാം “ഈ ക്ഷേത്രത്തിൽ മധുരമീനാക്ഷി കുടികൊണ്ടിരിക്കുന്നു” എന്നു പറഞ്ഞു. അതു കേട്ടവരെല്ലാം അമ്പലത്തിൽ ചെന്നു നോക്കി. ഒന്നും കണ്ടില്ല. “എവിടെയിരിക്കുന്നു?” എന്നു് അവർ ചോദിച്ചു. ബ്രാഹ്മണൻ “ഇതാ ആ ശ്രീകോവിലിനകത്തു്” എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു. ദേവിയെ ആ ബ്രാഹ്മണനു പ്രത്യക്ഷമായി കാണാമായിരുന്നുവെങ്കിലും മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു. അതിനാൽ ആ ജനങ്ങൾ “ഇദ്ദേഹം ഒരു ഭ്രാന്തനാണു്; അസംബന്ധം പറയുകയാണു്” എന്നുംമറ്റും പറഞ്ഞു പരിഹസിച്ചു. ഈ വർത്തമാനം കർണാകർണികയാ ചേരമാൻ പെരുമാളും കേട്ടു് അവിടെച്ചെന്നുനോക്കി. ഒന്നും കാണായ്കയാൽ “ഇവിടെ ആരെയും കാണുന്നില്ലല്ലോ” എന്നു ബ്രാഹ്മണനോടു പറഞ്ഞു. ബ്രാഹ്മണൻ “എന്നാൽ എന്നെ തൊട്ടുംകൊണ്ടു നോക്കൂ” എന്നു പറഞ്ഞു. ചേരമാൻ പെരുമാൾ ആ ബ്രാഹ്മണനെ തൊട്ടുംകൊണ്ടു നോക്കിയപ്പോൾ ദേവി ശ്രീകോവിലിനകത്തു പീഠത്തിന്മേലിരിക്കുന്നതു പ്രത്യക്ഷമായിക്കണ്ടു. പിന്നെ പെരുമാൾ ഇങ്ങനെ വരുവാനുള്ള കാരണമെന്താണെന്നു് ആ ബ്രാഹ്മണനോടു ചോദിക്കുകയും ഉണ്ടായ സംഗതികളെല്ലാം ആ ബ്രാഹ്മണൻ വിസ്തരിച്ചു പറഞ്ഞു് ചേരമാൻ പെരുമാളെ ഗ്രഹിപ്പിക്കുകയും ചെയ്തു. സംഗതികളെല്ലാം കേട്ടപ്പോൾ ചേരമാൻപെരുമാൾക്കു വിശ്വാസവും വിസ്മയവുമുണ്ടായെങ്കിലും സ്വല്പം കോപവും ഇച്ഛാഭംഗവും കൂടി ഉണ്ടാകാതെയിരുന്നില്ല. “ഞാൻ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കാനായി ഉണ്ടാക്കിച്ച സ്ഥലത്തു് അതിനിടയാകാതെയിരിക്കത്തക്കവണ്ണം മുൻകൂട്ടി കടന്നിരുന്നുകളയാമെന്നു വിചാരിച്ച ഈ തന്റേടക്കാരത്തിക്കു് ഇവിടെ ഞാൻ യാതൊന്നും കൊടുക്കുകയില്ല. അത്ര ഊറ്റമുണ്ടെങ്കിൽ വേണ്ടതൊക്കെ സ്വയമേവ ഉണ്ടാക്കിക്കൊള്ളട്ടെ. ഞാൻവിചാരിച്ച മുഹൂർത്തത്തിൽത്തന്നെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കും. അതു ദേവിയെ പ്രതിഷ്ഠിപ്പിക്കേണമെന്നു വിചാരിച്ച സ്ഥലത്തായിക്കളയാം. ഇതാ ഞാൻ ഇപ്പോൾത്തന്നെ വൈക്കത്തിനു യാത്രയാണു്. ഇവളിവിടെയിരിക്കട്ടെ” എന്നു പറഞ്ഞിട്ടു് അദ്ദേഹം അപ്പോൾത്തന്നെ അവിടെനിന്നു് പോവുകയും ചെയ്തു.

ചേരമാൻപെരുമാൾ അവിടെനിന്നു പോയി ഒരഞ്ചെട്ടു നാഴിക വടക്കായപ്പോൾ ആ പ്രദേശത്തെല്ലാം അകസ്മാൽ അതികഠിനമായ മഞ്ഞു വന്നുനിറഞ്ഞു. അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവർക്കും കണ്ണു തീരെ കാണാൻ പാടില്ലാതെയായി. വഴി തിരിച്ചറിയാൻ പാടില്ലാതെ എല്ലാവരും കുഴങ്ങിവശായി. അപ്പോൾ ചേരമാൻപെരുമാളുടെ ഒരു സേവകൻ “നമുക്കിപ്പോൾ ഈ ആപത്തു നേരിട്ടതു് ആ ദേവിയുടെ മായാവൈഭവം കൊണ്ടുതന്നെയായിരിക്കണം. അല്ലാതെ ഇപ്പോൾ ഇങ്ങനെ വരാനിടയില്ല. ആ ദേവിയുടെ മാഹാത്മ്യം ഒട്ടും ചില്ലറയല്ല. ആ ദേവിയും ബ്രാഹ്മണനും ഇവിടെ വന്നെത്തിയ കഥകൊണ്ടുതന്നെ ഇതറിയാവുന്നതാണു്. അതിനാൽ നമുക്കു് മടങ്ങിപ്പോയി അവിടേക്കു വേണ്ടതെല്ലാം ചെയ്യുകയാണു് വേണ്ടതെന്നു തോന്നുന്നു” എന്നു പറഞ്ഞു. അതു കേട്ടു ചേരമാൻപെരുമാൾ “ഇതു് ആ ദേവിയുടെ മായാവൈഭവം കൊണ്ടാണെങ്കിൽ നമുക്കിപ്പോൾ കണ്ണുകാണാറാകട്ടെ. അങ്ങനെയാവുകയാണെങ്കിൽ ഇവിടെനിന്നു നോക്കിയാൽ കാണാവുന്ന ദേശമെല്ലാം ആ ദേവിക്കു് കൊടുത്തേക്കാം. അവിടെ വേണ്ടുന്നതെല്ലാം നടത്തുകയും ചെയ്യാം” എന്നു പറഞ്ഞു. ഉടനെ മഞ്ഞു മാറുകയും എല്ലാവർക്കും കണ്ണു കാണാറാവുകയും ചെയ്തു. ഉടനെ ചേരമാൻപെരുമാൾ ആ ദേശമെല്ലാം ആ ദേവിക്കു് വിട്ടുകൊടുത്തിരിക്കുന്നതായി പറയുകയും തിരിച്ചു പോരികയും ചെയ്തു. മഞ്ഞു നിറഞ്ഞ ആ പ്രദേശത്തിനു് “മഞ്ഞൂരു്” എന്നു നാമം സിദ്ധിച്ചു. അതു ക്രമേണ “മാഞ്ഞൂരു്” ആയിത്തീർന്നു. മാഞ്ഞൂരെന്നു പറയുന്ന ദേശമെല്ലാം ഇപ്പോഴും കുമാരനല്ലുർ ഭഗവതിയുടെ വകയായിട്ടുതന്നെയാണിരിക്കുന്നതു്.

ചേരമാൻപെരുമാൾ ദേവീസാന്നിദ്ധ്യമുണ്ടായ ഈ സ്ഥലത്തു മടങ്ങിയെത്തി. ഇവിടെ ദേവീപ്രതിഷ്ഠതന്നെ കഴിപ്പിക്കാമെന്നു നിശ്ചയിച്ചു് അതിനു വേണ്ടുന്ന ഒരുക്കങ്ങളൊക്കെ ചെയ്തുകൊണ്ടു താമസിച്ചു് ഇവിടെ പ്രതിഷ്ഠിപ്പിക്കുവാനായി ഉണ്ടാക്കിവച്ച സുബ്രഹ്മണ്യ വിഗ്രഹം ചേരമാൻ പെരുമാൾ ഉദയനാപുരത്തേക്കു കൊടുത്തയയ്ക്കുകയും അതു നിശ്ചിത മുഹൂർത്തത്തിൽത്തന്നെ ഉദയനാപുരത്തു പ്രതിഷ്ഠിപ്പിക്കുന്നതിനും അവിടെ പ്രതിഷ്ഠിപ്പിക്കുന്നതിനായി ഉണ്ടാക്കിവെച്ചിരിക്കുന്ന ദേവീ വിഗ്രഹം ഇങ്ങോട്ടു കൊടുത്തയയ്ക്കുന്നതിനും പ്രതിപുരു‌ഷന്മാരെ ചട്ടംകെട്ടി അയയ്ക്കുകയും ചെയ്തു.

ഉദയനാപുരത്തുണ്ടാക്കിവെച്ചിരുന്ന ദേവീവിഗ്രഹം സമയത്തിനു വന്നുചേരുകയില്ലെന്നു മുഹൂർത്തദിവസമടുത്തപ്പോൾ അറിവു കിട്ടുകയാൽ ചേരമാൻപെരുമാൾക്കു വളരെ വ്യസനമായി. വേറെ ഒരു വിഗ്രഹം പണിയിക്കുന്നതിനു മാത്രം ദിവസമില്ല. ഈ മുഹൂർത്തത്തിനു പ്രതിഷ്ഠ കഴിപ്പിക്കാഞ്ഞാൽ വളരെ മുതൽ നഷ്ടവും കുറച്ചിലുമുണ്ടാകുമെന്നു തന്നെയല്ല, ഇത്ര നല്ലതായ ഒരു ശുഭമുഹൂർത്തം പിന്നെയുണ്ടാകാനും അത്ര എളുപ്പമല്ല. ആകപ്പാടെ വിചാരിച്ചിട്ടു ചേരമാൻപെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു.

Chap22pge159.png

അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം ചേരമാൻപെരുമാൾ, “ഒട്ടും വ്യസനിക്കേണ്ട, ഇവിടെനിന്നു രണ്ടു നാഴിക വടക്കുകിഴക്കായിട്ടുള്ള മലയിൽ ഒരു കിണറ്റിൽ എന്റെ ഒരു ബിംബം കിടക്കുന്നുണ്ടു്. അതെടുത്തുകൊണ്ടുവന്നു പ്രതിഷ്ഠ കഴിപ്പിച്ചാൽ മതി” എന്നു് ആരോ തന്റെ അടുക്കൽ വന്നു പറഞ്ഞതായി ഒരു സ്വപ്നം കണ്ടു. പിറ്റേ ദിവസം രാവിലെ ഇതു വാസ്തവമാണോ എന്നറിയണമെന്നു നിശ്ചയിച്ചു ചേരമാൻ പെരുമാൾ വളരെ ആളുകളോടുകൂടി ആ മലയിലേക്കു പോയി. അവിടമെല്ലാം വലിയ കാടായിരുന്നു. ആ കാടെല്ലാം വെട്ടിത്തെളിച്ചു നോക്കിച്ചെന്നപ്പോൾ ഒരു കിണറു കണ്ടു. ആ കിണറ്റിൽ ആളെയിറക്കി നോക്കിയപ്പോൾ യാതൊരു കേടുമില്ലാത്തതും ഏറ്റവും വിശേ‌ഷപ്പെട്ടതും ലക്ഷണമൊത്തതുമായ ഒരു ബിംബം കണ്ടുകിട്ടുകയും ചേരമാൻപെരുമാൾ അതെടുപ്പിച്ചുകൊണ്ടുവന്നു നിശ്ചിതമുഹൂർത്തത്തിൽത്തന്നെ യഥാവിധി പ്രതിഷ്ഠ കഴിപ്പിക്കുകയും കുമാര (സുബ്രഹ്മണ്യ) സ്വാമിയെ പ്രതിഷ്ഠിപ്പിക്കുന്നതിനായി പണികഴിപ്പിച്ചിരുന്ന ആ ക്ഷേത്രത്തിനു മുൻനിശ്ചയപ്രകാരം “കുമാരനല്ലൂർ” എന്നുള്ള പേരുതന്നെ സ്ഥിരപ്പെടുത്തുകയും ചെയ്തു. പിന്നീടു് ചേരമാൻപെരുമാൾ മാഞ്ഞൂർ ദേശം വിട്ടുകൊടുത്തതിനുപുറമേ അവിടെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ വെച്ചുകൊടുക്കുകയും പതിവുകൾ നിശ്ചയിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ ദേവസ്വം ആ ദേശക്കാരായ ചില നമ്പൂരിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്തു. അങ്ങനെ അതൊരു ഊരാൺമക്ഷേത്രമായിത്തീർന്നു.

ചേരമാൻപെരുമാൾ കുമാരനല്ലൂർ ക്ഷേത്രത്തിൽ തുലാമാസത്തിൽ രോഹിണി മുതൽ വൃശ്ചികമാസത്തിൽ രോഹിണിവരെ ഇരുപത്തെട്ടു ദിവസത്തെ ഉത്സവമാണു് നിശ്ചയിച്ചിരുന്നതു്. ആ ക്ഷേത്രം ഊരാൺമക്കാരുടെ വകയായിത്തീർന്നിട്ടും വളരെക്കാലം അങ്ങനെതന്നെ നടന്നിരുന്നു. പിന്നീടു് അതു് കുറച്ചു് വൃശ്ചികമാസത്തിൽ കാർത്തിക ഒൻപതാമുത്സവമാകത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവം മതിയെന്നു നിശ്ചയിച്ചു. ഇപ്പോഴും അപ്രകാരം നടന്നുവരുന്നു. ദേവിയുടെ മാഹാത്മ്യവും ശക്തിയുംകൊണ്ടു കാലക്രമേണ അവിടെ വസ്തുവഹകൾ വളരെ വർദ്ധിച്ചു. ഇപ്പോഴും ആ ദേവസ്വത്തിൽ അഭിവൃദ്ധിയല്ലാതെ ഒട്ടും ക്ഷയമുണ്ടാകുന്നില്ല. സ്ത്രീനായകത്വം സർവത്ര ദോ‌ഷകരമാണെന്നാണല്ലോ പറഞ്ഞുവരുന്നതു്. എന്നാൽ കുമാരനല്ലൂരു് അതു് വളരെ ഗുണപ്രദമായിട്ടാണു് കണ്ടുവരുന്നതു്.

ആ ഭഗവതിയുടെ മാഹാത്മ്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ വളരെയുണ്ടു്. ഇപ്പോഴും ദേവീസാന്നിദ്ധ്യം അവിടെ വിളങ്ങിക്കൊണ്ടുതന്നെയിരിക്കുന്നു.

ദേവിയോടുകൂടി മധുരയിൽനിന്നു പോന്ന ബ്രാഹ്മണന്റെ വംശജന്മാർ ഇപ്പോഴും കുമാരനല്ലൂരുണ്ടു്. അവരുടെ ഇല്ലപ്പേരു് “മധുര” എന്നും അവിടെയുള്ളവരെ “മധുരനമ്പൂരിമാർ” എന്നുമാണു് പറഞ്ഞുവരുന്നതു്.