close
Sayahna Sayahna
Search

എളേടത്തു തൈക്കാട്ടു മൂസ്സന്മാർ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

അഷ്ടവൈദ്യന്മാരിൽ ഒട്ടും അപ്രധാനരല്ലാത്ത എളേടത്തു് തൈക്കാട്ടു് മൂസ്സന്മാരുടെ ഇല്ലം കൊച്ചി സംസ്ഥാനത്തു തൃശ്ശിവപേരൂർ താലൂക്കിൽ ഒല്ലൂർ തീവണ്ടി സ്റ്റേ‌ഷനിൽനിന്നു് ഒരു നാഴിക തെക്കു് “തൈക്കാട്ടുശ്ശേരി” എന്ന ദേശത്താണു്. ഈ ഇല്ലക്കാർ മലയാളബ്രാഹ്മണരെന്നൊരു വകക്കാരുണ്ടായ കാലത്തുതന്നെ പെരുമനം ഗ്രാമത്തിലെ വൈദ്യന്മാരായി ശ്രീ പരശുരാമനാൽ നിയമിക്കപ്പെട്ടിട്ടുള്ളവരാണെന്നുള്ള കേട്ടു കേൾവിയല്ലാതെ ഇവരുടെ പൂർവ്വചരിത്രമറിയുന്നതിനു് ശരിയായ ലഷ്യമൊന്നും ഇപ്പോൾ കാണുന്നില്ല. അതിനാൽ ഇപ്പോൾ ആ ഇല്ലത്തുള്ള വലിയ മൂസ്സന്മാരുടെ പ്രപിതാമഹൻ മുതൽക്കുണ്ടായിരുന്ന ചില മഹാന്മാരെക്കുറിച്ചുമാത്രം പറയാനേ ഇപ്പോൾ നിവൃത്തിയുള്ളു.

ഇപ്പോഴുള്ള വലിയ മൂസ്സന്മാരുടെ പ്രപിതാമഹനും അദ്ദേഹത്തിന്റെ അനുജനുമായി രണ്ടു മൂസ്സന്മാരുണ്ടായിരുന്നു. അവർ രണ്ടുപേരും ഒരുപോലെ വിദ്വാന്മാരും വൈദ്യശാസ്ത്രനിപുണരുമായിരുന്നു. എങ്കിലും അവരിൽ ജ്യേഷ്ഠനായ പരമേശ്വരൻമൂസ്സിനു ചില സമയങ്ങളിൽ സ്വൽപമൊരു ഉന്മാദത്തിന്റെ ഛായ ഉണ്ടാകാറുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ അടുക്കൽ രോഗികൾ ചെല്ലുകയോ രോഗികളെ കാണിക്കാനായി അദ്ദേഹത്തെ ആരെങ്കിലും കൊണ്ടുപോവുകയോ ചെയ്യാറില്ല. അതെല്ലാം അനുജൻമൂസ്സിനെക്കൊണ്ടാണു് എല്ലാവരും നിർവ്വഹിച്ചിരുന്നതു്.

ഇപ്പോൾ ബ്രിട്ടീ‌ഷ് മലബാറിലിരിക്കുന്ന പൂമുള്ളിമന മേൽപറഞ്ഞ മൂസ്സന്മാരുടെകാലത്തു് ഊരകത്തു് ക്ഷേത്രത്തിനു സമീപത്തൊരു സ്ഥലത്തായിരുന്നു. അവിടെ ഒരു നമ്പൂരിപ്പാട്ടിലേക്കു് എന്തോ സുഖക്കേടാവുകയാൽ അനുജൻമൂസ്സിനെ കൂട്ടിക്കൊണ്ടുചെല്ലാനായി എളേടത്തു തൈക്കാട്ടേക്കു് ആളെ അയച്ചിരുന്നു. ആ ആൾ അവിടെ ചെന്നപ്പോൾ അനുജൻമൂസ്സു് അവിടെയുണ്ടായിരുന്നില്ല. അതിനാൽ ആ ചെന്നയാളോടു് ജ്യേ‌ഷ്ഠൻ മൂസ്സു് “അനുജൻ ഇപ്പോൾ ഇവിടെയില്ല. വരുമ്പോൾ വിവരം പറയാം. ഇപ്പോൾതന്നെ വരണമെങ്കിൽ ഞാൻവരാം” എന്നു പറഞ്ഞു. അപ്പോൾ ചെന്നയാൾ. “അതുവേണ്ട. അനുജൻമൂസ്സിനെ കൊണ്ടുചെല്ലണമെന്നാണു് പറഞ്ഞിരിക്കുന്നതു്. അതിനാൽ അദ്ദേഹം വരുമ്പോൾ വിവരം പറഞ്ഞാൽ മതി” എന്നു പറയുകയും ഉടനെ അയാൾ പോവുകയും ചെയ്തു.

ഇതുകേട്ടപ്പോൾ പരമേശ്വരൻ മൂസ്സിനു ദുസ്സഹമായ മനസ്താപമുണ്ടായി. “കഷ്ടം, ഈശ്വരാ! എന്റെ സ്ഥിതി ഇങ്ങനെയായിപ്പോയല്ലോ. ശാസ്ത്രങ്ങൾ അനുജൻ പഠിച്ചിട്ടുള്ളതിൽ ഒട്ടും കുറയാതെ ഞാനും പഠിച്ചിട്ടുണ്ടു്. എങ്കിലും എന്റെ അടുക്കൽ ദീനക്കാരാരും വരുന്നില്ല. എന്നെ ആരും എങ്ങും കൊണ്ടുപോകുന്നുമില്ല. ഇപ്പോൾ വന്നയാൾതന്നെ ഞാൻ ചെല്ലേണ്ടെന്നും അനുജൻ ചെന്നാൽമതിയെന്നുമാണല്ലോ പറഞ്ഞതു്. ഈ കുടുംബത്തിൽ ജനിച്ചു് ഞാൻ ഈ സ്ഥിതിയിൽ എന്തിനാണു് ജീവിച്ചിരിക്കുന്നതു? ഇങ്ങനെ വന്നതു് ഈശ്വാരാനുകൂല്യം ഇല്ലാഞ്ഞിട്ടുതന്നെയായിരിക്കണമല്ലോ. അതിനാൽ യഥാശക്തി ഈശ്വരനെ സേവിക്കാം” എന്നിങ്ങനെ വിചാരിച്ചു് തീർച്ചയാക്കുകയും അടുത്തദിവസംതന്നെ അദ്ദേഹം പെരുമനത്തു ക്ഷേത്രത്തിൽ ഭജനം തുടങ്ങുകയും ചെയ്തു. ആ ഭജനം വലിയ നി‌ഷ്ഠയോടുകൂടിയായിരുന്നു എന്നുമാത്രമല്ല അതദ്ദേഹം ഒരു വ്യാഴവട്ടം (പന്ത്രണ്ടു സംവൽസരം) മുഴുവനും നിർവിഘ്നമായി നിർവഹിക്കുകയും ചെയ്തു. പന്ത്രണ്ടാമത്തെ കൊല്ലത്തിൽ ശാല്യന്നഭക്ഷണം കൂടാതെതന്നെയായിരിന്നു ഭജനം.

ഭജനം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനുണ്ടായിരുന്ന ചിത്തഭ്രമം നിശ്ശേ‌ഷം ഭേദപ്പെടുകയും ബുദ്ധി ചാണയിൽ തേച്ചുമിനുക്കിയ രത്നം പോലെ പൂർവ്വാധികം തെളിയുകയും അദ്ദേഹത്തിന്റെ അടുക്കൽ പ്രതിദിനം രോഗികൾ സംഖ്യയില്ലാതെ വന്നു തുടങ്ങുകയും അദ്ദേഹത്തിന്റെ ചികിത്സകൾ ഒന്നും തെറ്റാതെ എല്ലാം ശരിയായി ഫലിച്ചു തുടങ്ങുകയും തന്നിമിത്തം അദ്ദേഹത്തിന്റെ ഖ്യാതി ലോകത്തിൽ വ്യാപിക്കുകയും ചെയ്തു.

Chap79pge665.png

അക്കാലത്തു് എളേടത്തു തൈക്കാട്ടില്ലത്തിനു സമീപംതന്നെയുള്ള ആലക്കാട്ടു ചെവ്വര മനയ്ക്കലെ ഒരു നമ്പൂരിക്കു തുടയിൽ ഒരുവക ചൊറി തുടങ്ങി. നമ്പൂരി അതു പരമേശ്വരൻമൂസ്സിനെ കാണിച്ചിട്ടു്, മൂസ്സു് “ഇതു കേവലം നിസ്സാരമായ ചൊറിയല്ല. ക്രമേണ ഇതു ദേഹം മുഴുവനും വ്യാപിക്കും. ഒടുക്കം അപായകരമായിത്തീരുകയും ചെയ്യും.” എന്നുമാത്രം പറഞ്ഞു. ചികിത്സ ഒന്നും പറഞ്ഞുമില്ല. അതിനാൽ നമ്പൂരിക്കു ദുസ്സഹമായ മനസ്താപമുണ്ടായി. നമ്പൂരി ഏറ്റവും സുന്ദരനും യൗവനയുക്തനുമായിരുന്നു. അദ്ദേഹം വ്യസനം സഹിക്കവയ്യാതെയായിട്ടു്, മൂസ്സു് ഇപ്രകാരം പറഞ്ഞുവെന്നും ചികിത്സയൊന്നും പറഞ്ഞില്ലെന്നുമുള്ള വിവരം പലരോടും പറഞ്ഞു. അതുകേട്ടവരെല്ലാം പറഞ്ഞതു്, “എന്നാലിനി അതിനെക്കുറിച്ചൊന്നും വിചാരിക്കാനില്ല. പരമേശ്വരൻമൂസ്സു പറഞ്ഞാൽ അതൊരിക്കലും തെറ്റുകയില്ല.” എന്നായിരുന്നു. എങ്കിലും ആ നമ്പൂരിയുടെ സ്നേഹിതനായ മറ്റൊരു നമ്പൂരി, “അങ്ങനെ തീർച്ചയാക്കേണ്ട. ഈശ്വരൻ വിചാരിച്ചാൽ അസാധ്യമായിട്ടു് ലോകത്തിൽ യാതൊന്നുമില്ല. അങ്ങു് ആദിത്യനമസ്കാരം തുടങ്ങണം; സുഖം കിട്ടും” എന്നു പറഞ്ഞു. ആ സ്നേഹിതൻ പറഞ്ഞതിനെ നമ്പൂരി പൂർണ്ണമായി വിശ്വസിക്കുകയും അടുത്ത ദിവസംതന്നെ ആദിത്യനമസ്കാരം തുടങ്ങുകയും ചെയ്തു. കഠിനനി‌ഷ്ഠയോടുകൂടിയാണു് നമ്പൂരി ആദിത്യനമസ്കാരം നടത്തിയതു്. ഉദയം മുതൽ കിഴക്കോട്ടു് ആയിരത്തെട്ടും ഉച്ചതിരിഞ്ഞാൽ പടിഞ്ഞാട്ടു് ആയിരത്തെട്ടും ഇങ്ങനെ പ്രതിദിനം രണ്ടായിരത്തിപ്പതിനാറു് നമസ്കാരം വീതമായിരുന്നു പതിവു്. ഉച്ചയാകുമ്പോൾ മൂഴക്കരി വച്ചു് ആദിത്യനു നിവേദിച്ചിട്ടു് ആ ചോറു് ഉപ്പുകൂടാതെ ഭക്ഷിക്കും. പിന്നെ വെള്ളം കുടിക്കുകപോലും ചെയ്കയുമില്ല. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പതിവു്. ഇങ്ങനെ നാൽപത്തൊന്നു ദിവസം കഴിഞ്ഞപ്പോഴേക്കും നമ്പൂരിയുടെ ദേഹം കരിക്കട്ടപോലെ കറുക്കുകയും കറുത്തതായ ആ ഒരടുക്കുതൊലി ദേഹത്തിൽനിന്നു പൊളിഞ്ഞുപോവുകയും അതോടുകൂടി അദ്ദേഹത്തിന്റെ ചൊറി നിശ്ശേ‌ഷം പോവുകയും അപ്പോൾ ദേഹത്തിന്റെ നിറം സ്വർണ്ണസദൃശമായിത്തീരുകയും അദ്ദേഹം പൂർവാധികം സുന്ദരനായി ഭവിക്കുകയും ചെയ്തു. നമ്പൂരി സ്വസ്ഥശരീരനായിത്തീർന്നതിന്റെ ശേ‌ഷം അദ്ദേഹം ആ വിവരം മൂസ്സിനോടു് പറഞ്ഞു. അപ്പോൾ മൂസ്സു് “ ഞാൻ ഈശ്വരനല്ല. മരുന്നുസേവിച്ചാൽ സാധ്യങ്ങളായിട്ടുള്ള രോഗങ്ങൾ മാത്രമേ ഭേദപ്പെടുകയുള്ളൂ. ഈശ്വരനെ സേവിച്ചാൽ അസാധ്യരോഗങ്ങളും ഭേദപ്പെടും. ഈശ്വരൻ സർവ്വശക്തനാണു്. അവിടേക്കു് അസാധ്യമായിട്ടുള്ളതു് ഒന്നുമില്ല. ഇതൊക്കെ വിചാരിച്ചാണു് ഞാനന്നു് ചികിത്സ വല്ലതും പറഞ്ഞിരുന്നുവെങ്കിൽ അങ്ങു് അതു് ചെയ്യുകയല്ലാതെ ആദിത്യനമസ്കാരം തുടങ്ങുകയില്ലായിരുന്നു എന്നുള്ളതു് തീർച്ചയാണല്ലോ. ചികിത്സ വല്ലതും ചെയ്തിരുന്നുവെങ്കിൽ ദീനം ഭേദമാകാതെ അങ്ങു് ഇതിനുമുമ്പു് മരിക്കുമായിരുന്നു. അതിനിടയാകാതെ ഇപ്പോൾ സുഖമായല്ലോ. സന്തോ‌ഷമായി” എന്നാണു് മറുപടി പറഞ്ഞതു്. ആ നമ്പൂരി പിന്നെയും വളരെക്കാലം സസുഖം ജീവിച്ചിരുന്നു.

പരമേശ്വരൻമൂസ്സു പെരുമനത്തു് ക്ഷേത്രത്തിലെ ഭജനം കാലംകൂടിയ കാലത്തുതന്നെ ഗുരുവായൂർക്ഷേത്രത്തിൽ തിങ്ങൾഭജനം തുടങ്ങി. ഒരിക്കൽ അദ്ദേഹം ഗുരുവായൂർക്കു് പോയപ്പോൾ മധ്യേമാർഗം മൂന്നാളുകളെ മാലകളണിയിച്ചു വാദ്യഘോ‌ഷത്തോടുകൂടി കൊണ്ടുപോകുന്നതു് കണ്ടു്. അവരിൽ ഒരുവൻ ഈഴവനും രണ്ടുപേർ മുഹമ്മദീയരുമായിരുന്നു. അവരെ പുനത്തൂർരാജവിന്റെ വിധിപ്രകാരം തൂക്കിക്കൊല്ലാൻ കൊണ്ടുപോവുകയാണെന്നു് അവരുടെ കൂടെയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥന്മാർ പറഞ്ഞറിയുകയാൽ മൂസ്സു്, “ഈ ഈഴവനെ കൊണ്ടുപോകണമെന്നില്ല”എന്നു പറഞ്ഞു. രാജകൽപന നടത്താതെയിരിക്കാൻ നിവൃത്തിയില്ലായ്കയാൽ ആ ഉദ്യോഗസ്ഥന്മാർ മൂസ്സിന്റെ വാക്കിനെ വകവയ്ക്കാതെ അവരെ മൂന്നുപേരെയും കൊല സ്ഥലത്തേക്കുതന്നെ കൊണ്ടുപോയി. കഴുമരങ്ങൾ നാട്ടിയിരുന്നതു് ഒരു പുഴയുടെ വക്കത്തായിരുന്നു. കഴുവേറ്റാനുള്ള കുറ്റക്കാരെ കഴുവിലിടുന്നതിനു് മുൻപായി അവർക്കെന്തെങ്കിലും ആഗ്രഹമുണ്ടോ എന്നു ചോദിക്കുകയും നിവൃത്തിയുള്ളതെല്ലാം സാധിപ്പിക്കുകയും പതിവായിരുന്നതിനാൽ അപ്രകാരം ആ ഉദ്യോഗസ്ഥന്മാർ ഈ കുറ്റക്കാരോടും ചോദിച്ചു. അവരിൽ രണ്ടുപേർ ആഗ്രഹമൊന്നുമില്ലെന്നു പറഞ്ഞു. ആ ഈഴവൻ, “ഈ പുഴവക്കത്തുനിൽക്കുന്ന തെങ്ങിന്മേൽക്കയറി ഒരു കരിക്കു് പറിച്ചു് അവിടെയിരുന്നുതന്നെ അതു കുടിച്ചാൽ കൊള്ളാമെന്നു മാത്രം ഒരാഗ്രഹമുണ്ടു്” എന്നു പറയുകയും ഉദ്യോഗസ്ഥന്മാർ അതു് സമ്മതിക്കുകയും ചെയ്തു. അവൻ തെങ്ങിന്മേൽ കയറിയാൽ താഴെയിറങ്ങാതെ ഓടിക്കളയാനും മറ്റും സാധിക്കുകയില്ലല്ലോ എന്നു വിചാരിച്ചാണു് ആ ഉദ്യോഗസ്ഥന്മാർ അനുവദിച്ചതു്. അനുവാദം കിട്ടിയ ക്ഷണത്തിൽ ഈഴവൻ ഒരായുധവും കൊണ്ടു് തെങ്ങിന്മേൽ കയറി ഒരു കരിക്കു് പറിച്ചെടുത്തു് അവിടെ ഇരുന്നുകൊണ്ടുതന്നെ അതു് ചെത്തിത്തുളച്ചു കുടിച്ചു. പിന്നെ മന്ദംമന്ദം കീഴ്പോട്ടു് ഇറങ്ങിത്തുടങ്ങി. തെങ്ങിന്റെ മദ്ധ്യത്തിങ്കലായപ്പോൾ അവൻ പുഴയിലേക്കു് ചാടുകയും നീന്തി മറുകരയിൽ കയറി രക്ഷപ്രാപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്മാർ ശേ‌ഷമുണ്ടായിരുന്ന രണ്ടുപേരെയും തൂക്കിക്കൊന്ന വിവരം രാജാവിന്റെ അടുക്കൽ അറിയിച്ച കൂട്ടത്തിൽ ഈഴവൻ ഓടിപ്പോയ്ക്കളഞ്ഞുവെന്നും അവനെ കൊണ്ടുപോകണമെന്നില്ലെന്നു വഴിക്കുവച്ചുതന്നെ പരമേശ്വരൻ മൂസ്സു് പറഞ്ഞുവെന്നുംകൂടി അറിയിച്ചു. ഉടനെ കൽപനപ്രകാരം അന്വേ‌ഷണം നടത്തുകയും മൂസ്സു ഗുരുവായൂരുണ്ടെന്നു് അറിയുകയും അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നു രാജസന്നിധിയിൽ ഹാജരാക്കുകയും ചെയ്തു. അപ്പോൾ രാജാവു്, “ആ ഈഴവനെ കൊല്ലാൻ കൊണ്ടുപോയപ്പോൾ ‘കൊണ്ടുപോകണമെന്നില്ല’ എന്നു പറഞ്ഞതെന്തുകൊണ്ടാണു്?”

മൂസ്സു്
അവനെ മരണലക്ഷണം ബാധിച്ചിരുന്നില്ല. അതിനാൽ കൊണ്ടുപോയാലും കൊല്ലാൻ സാധിക്കയില്ലല്ലോ എന്നു വിചാരിച്ചാണു് .
രാജാവു്
ആട്ടെ, എന്നാൽ ഞാനെന്നു മരിക്കുമെന്നു പറയാമോ?
മൂസ്സു്
പറയാം. എങ്കിലും അതറിയുന്നതെന്തിനാണു്?
രാജാവു്
വിശേ‌ഷിച്ചു കാര്യമൊന്നുമുണ്ടായിട്ടല്ല. മുൻകൂട്ടി അറിഞ്ഞിരുന്നാൽ യഥാവസരം വല്ല സൽക്കർമ്മങ്ങളും ചെയ്യാമല്ലോ എന്നുമാത്രം വിചാരിച്ചാണു്.
മൂസ്സു്
മരണം എന്നെങ്കിലും ഉണ്ടാകുമെന്നു തീർച്ചയാണല്ലോ. അതുകൊണ്ടു് സൽക്കർമ്മങ്ങൾ എപ്പോഴും ചെയ്യാം. അതു മരണദിവസമറിഞ്ഞിട്ടേ ആകാവൂ എന്നില്ലല്ലോ. അവിടുന്നു മരിക്കുന്നതിന്റെ തലേദിവസം ഞാനിവിടെ വരും. ഞാൻ വന്നാൽ പിറ്റേദിവസം അവിടുന്നു മരിക്കുകയും ചെയ്യും.

ഇത്രയും പറഞ്ഞിട്ടു് ഉടനെതന്നെ മൂസ്സു പോയി. പിന്നെ അഞ്ചെട്ടു കൊല്ലം കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം വൈകുന്നേരം മൂസ്സു് പുന്നത്തൂർ കോട്ടയിലെത്തി. പിറ്റേദിവസം രാജാവിന്റെ തിരുനാളായിരുന്നു. അതിന്റെ ബഹളംകൊണ്ടും മറ്റും മൂസ്സു് അന്നു രാജാവിനെ കണ്ടില്ല. അത്താഴം കഴിച്ചു് മൂസ്സു് അവിടെ ഒരു സ്ഥലത്തു് കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ കുളിയും നിത്യകർമ്മാനു‌ഷ്ഠാനാദികളും കഴിച്ചു് നമ്പൂരിമാരുടെ കൂട്ടത്തിൽ പോയിരുന്നു് ഊണുകഴിച്ചു. മൂസ്സു് എല്ലാവരെയുംകാൾ മുൻപു് ഊണുകഴിച്ചു ക്ഷണത്തിൽ കൈകഴുകി രാജസന്നിധിയിലേക്കു പോയി. അവിടെച്ചെന്നപ്പോൾ രാജാവു് ഉണ്ണാനിരിക്കുകയായിരുന്നു. രാജാവിനു ഉറത്തൈരു വിളമ്പിയ സമയത്താണു് മൂസ്സു് അവിടെയെത്തിയതു്. ഉറത്തൈരുകൂട്ടി ഒരുരുള ഉണ്ടപ്പോൾ രാജാവു്, “എന്തോ, തല തിരിയുന്നുവെന്നു തോന്നുന്നുവല്ലോ” എന്നു പറയുകയും രണ്ടു കവിൾ ഛർദ്ദിക്കുയും ചെയ്തു. ഉടനെ മൂസ്സു് അടുക്കലുണ്ടായിരുന്ന ഇളയരാജാക്കന്മാരോടു “ക്ഷണത്തിൽ പിടിച്ചെടുത്തു മാറ്റിക്കിടത്തണം. പുല്ലും മണലും വിരിച്ച നിലത്തുകിടത്തിയാൽ മതി” എന്നു പറഞ്ഞു. അവർ അപ്രകാരം ചെയ്യുകയും അപ്പോഴേക്കും മൂസ്സു് പുറത്തിറങ്ങിപ്പോകുകയും ഉടനെ രാജാവു മരിക്കുകയും ചെയ്തു.

മുൻകാലങ്ങളിൽ പെരുമനത്തടുത്തുള്ള പനണ്യത്തു ക്ഷേത്രത്തിൽ ആണ്ടുതോറും ഓത്തൂട്ടു (മുറജപംപോലെ ഒരടിയന്തരം) പതിവുണ്ടായിരുന്നു. അതു് ഓരോ ദിവസവും ഓരോരുത്തരുടെ വകയായിട്ടു നടത്തുകയാണു് പതിവു്. ഓരോരുത്തരും “എന്റെ പേർക്കുള്ളതു് അധികം കേമമാക്കണം, എന്റെ പേർക്കുള്ളതു് അധികം കേമമാക്കണം” എന്നുള്ള വിചാരത്തോടുകൂടി മത്സരിച്ചാണു് അതു നടത്തിയിരുന്നതു്. ഓത്തൂട്ടിനു പകൽ നല്ല ഭംഗിയായിട്ടുള്ള ഒരു ഊണിന്റെ വട്ടം മാത്രമേ പതിവുള്ളു. സദ്യയുടെ കേമത്തമെല്ലാം രാത്രിയിലാണു്. പഞ്ചസാരപ്പായസം എടുത്തു *വിലക്കിയാൽപ്പോരാ രണ്ടും മൂന്നും വാർപ്പു് നിറച്ചു് ശേ‌ഷിച്ചുകിടക്കണം എന്നാണു് ഓരോരുത്തരുടെയും വിചാരം. പഞ്ചസാരപ്പായസം ആർക്കും വേണ്ടാതെയായിട്ടു് അധികം കിടക്കുന്നതിന്റെ കണക്കു് നോക്കിയിട്ടാണു് ആരുടെ പേർക്കുള്ള ഓത്തൂട്ടാണു് അധികം കേമമായതെന്നു തീർച്ചയാക്കുക. ഇപ്രകാരമുള്ള ഓത്തൂട്ടു് ഒരു കൊല്ലം നടന്നുകൊണ്ടിരിന്നപ്പോൾ ഒരു ദിവസം ഉച്ചയ്ക്കു് ഊണുകഴിഞ്ഞു് ‘പഴേടം’ എന്നു് ഇല്ലപ്പേരായ ഒരു നമ്പൂരി കുളപ്പുരയിൽപോയി കിടന്നു് ഉറങ്ങി. ആ സമയത്തു് പരമേശ്വരൻ മൂസ്സും അവിടെ അകസ്മാൽ ചെന്നുചേർന്നു. മൂസ്സും കാലും മുഖവും കഴുകുന്നതിനോ മറ്റോ ആയിട്ടു കുളത്തിൽ ചെന്നിറങ്ങി നോക്കിയപ്പോൾ ഒരു കൂർക്കംവലികേട്ടു് “ആ കൂർക്കം വലിക്കുന്നതാരാണു്?” എന്നു കരയ്ക്കു നിന്നിരുന്ന ചില നമ്പൂരിമാരോടു ചോദിച്ചു. അപ്പോൾ അവർ “പഴേടമാണു്” എന്നു മറുപടി പറഞ്ഞു. ഉടനെ മൂസ്സു് “അദ്ദേഹത്തെ ക്ഷണത്തിൽ വിളിച്ചുണർത്തി അദ്ദേഹത്തിന്റെ ഇല്ലത്തേക്കു പറഞ്ഞയയ്ക്കണം” എന്നു പറയുകയും ആ നമ്പൂരിമാർ അപ്രകാരം ചെയ്യുകയും അദ്ദേഹം ഇല്ലത്തെത്തീട്ടു രണ്ടു നാഴിക കഴിയുന്നതിനു മുമ്പു മരിക്കുകയും ചെയ്തു. പനണ്യത്തു ക്ഷേത്രത്തിൽനിന്നു പഴേടത്തില്ലത്തേക്കു് ഏകദേശം നാലു നാഴികയേ ദൂരമുള്ളു.

ഇങ്ങനെ പരമേശ്വരൻമൂസ്സിന്റെ ദിവ്യത്വങ്ങൾ ഇനിയും വളരെ പറയാനുണ്ടു്. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ അദ്ദേഹം ഒരസാമാന്യനായിരുന്നുവെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാൽ ഇനി അധികം വിസ്തരിക്കണമെന്നു വിചാരിക്കുന്നില്ല.

ഈ പരമേശ്വരമൂസ്സിനു നാരായണൻ എന്നു പേരായി ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ നാരയാണൻമൂസ്സും ഒരു നല്ല വൈദ്യനായിരുന്നു. എങ്കിലും അദ്ദേഹത്തെക്കുറിച്ചു് അധികമൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ള ഒന്നുരണ്ടു സംഗതികൾ മാത്രം താഴെപ്പറഞ്ഞുകൊള്ളുന്നു.

Chap79pge671.png

കൊച്ചി ദിവാനായിരുന്ന ശങ്കരവാര്യരുടെ പുത്രനും പ്രസിദ്ധനുമായിരുന്ന തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനവനു ബാല്യത്തിൽ സഹിക്കവയ്യാത്ത വിധത്തിൽ വയറ്റിൽ ഒരു വേദനയുണ്ടായി. അനേകം വൈദ്യന്മാർ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ആ വേദന ഭേദമാക്കാൻ കഴിഞ്ഞില്ല. ഒടുക്കം ശങ്കരവാര്യർ ദിവാൻജി ആളയച്ചു നാരായണൻ മൂസ്സിനെ വരുത്തി വിവരമെല്ലാം പറഞ്ഞു. ഉടനെ മൂസ്സു് ഒരു പൊടിക്കു കുറിച്ചുകൊടുത്തു. ആ പൊടിയുണ്ടാക്കി മൂന്നുനേരം സേവിച്ചപ്പോൾ കുട്ടിക്കു നല്ല സുഖമായി. വയറ്റിൽ ആ വേദന ശങ്കുണ്ണിമേനവനു പിന്നെ ഒരിക്കലുമുണ്ടായിട്ടില്ല. ഈ ചികിത്സ കഴിഞ്ഞതിനോടുകൂടി ദിവാൻജിക്കു നാരായണൻമൂസ്സിനെക്കുറിച്ചു വളരെ ബഹുമാനവും സ്നേഹവുമുണ്ടായിത്തീർന്നു.

ഇങ്ങനെയിരുന്ന കാലത്തു് 1022-ആമാണ്ടു് നാടുനീങ്ങിയ തിരുവിതാംകൂർ മഹാരാജാവു് തിരുമനസ്സിലേക്കു് ഒരു ശീലായ്മ (അസുഖം) ഉണ്ടാവുകയും ചില വൈദ്യന്മാർ ചികിത്സിച്ചിട്ടു് അതു ഭേദമാകാതെയിരിക്കുകയും ചെയ്ത വിവരമറിഞ്ഞു ശങ്കരവാര്യർ ദിവാൻജി എഴുതിയയച്ചു് അനുവാദം വരുത്തി നാരായണൻമൂസ്സിനെ തിരുവനന്തപുരത്തേക്കയച്ചു. വൈദ്യന്മാർ ചെന്നാൽ രോഗവിവരം ചോദിക്കുകയോ തൊട്ടുനോക്കി അറിയുകയോ ചെയ്തുകൂടായെന്നും നോക്കിക്കണ്ടു് രോഗമറിഞ്ഞു ചികിത്സിക്കണമെന്നുമായിരുന്നു തിരുമനസ്സുകൊണ്ടു് നിശ്ചയിച്ചിരുന്നതു്. ആ വിവരം ശങ്കരവാര്യർ ദിവാൻജി പറഞ്ഞിരുന്നതുകൊണ്ടു് മൂസ്സു് തിരുമുൻപിൽ ചെന്നിട്ടു് ഏകദേശം ഒരുമണിക്കൂർ നേരം ഒന്നും സംസാരിക്കാതെ നോക്കിക്കൊണ്ടുനിന്നു. അനന്തരം ചികിത്സ നിശ്ചയിക്കുകയും ചെയ്തു. ആ ചികിത്സകൊണ്ടു ശീലായ്മ മിക്കവാറും ഭേദമാവുകയും ചെയ്തു. അപ്പോഴേക്കും മൂസ്സിന്റെ സീമന്തപുത്രനു വിവാഹം നിശ്ചയിച്ചിരിക്കുന്നതായി ഇല്ലത്തുനിന്നു് എഴുത്തു് ചെല്ലുകയാൽ അദ്ദേഹത്തിനു് ഉടനെ മടങ്ങിപ്പോകേണ്ടതായി വന്നു. ആ വിവരം തിരുമനസ്സറിയിച്ചപ്പോൾ തിരുമനസ്സുകൊണ്ടു് മൂസ്സിനു് അനേകം സമ്മാനങ്ങൾ കല്പിച്ചു കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. ഗംഭീരാശയനായിരുന്ന ആ തിരുമനസ്സിലെ തൃക്കൈയിൽനിന്നു സമ്മാനങ്ങൾ ലഭിക്കുകയെന്നുള്ളതു് സാമാന്യക്കാർക്കു് സാദ്ധ്യമല്ലായിരുന്നു.

ഈ നാരായണൻമൂസ്സിനു നാലു് പുത്രന്മാരുണ്ടായിരുന്നു. അവരിൽ ഒന്നാമനും രണ്ടാമനും വിവാഹം കഴിച്ചിട്ടു് സന്തതി ഉണ്ടാകുന്നതിനു് മുൻപുതന്നെ മരിച്ചുപോയി. പിന്നെ മൂന്നാമനായ നീലകണ്ഠൻമൂസ്സു വേളികഴിച്ചതിലുണ്ടായ സന്താനങ്ങളാണു് ഇപ്പോൾ പ്രസിദ്ധന്മാരായിരിക്കുന്ന നാരായണൻമൂസ്സും ദിവാകരൻമൂസ്സും. നീലകണ്ഠൻമൂസ്സും വൈദ്യശാസ്ത്രം വേണ്ടതുപോലെ പഠിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ പരിശ്രമം മുഴുവനും കുടുംബകാര്യങ്ങൾ സംബന്ധിച്ചായിരുന്നു. രോഗികൾ വന്നാൽ ചികിത്സ നിശ്ചയിച്ചു് പറഞ്ഞയ്ക്കുകയും ആരെങ്കിലും ആവശ്യപ്പെട്ടാൽ രോഗികളെ ചെന്നു കാണുകയും മറ്റും ചെയ്തിരുന്നതു് അദ്ദേഹത്തിന്റെ അനുജനായ ഇട്ടീരിമൂസായിരുന്നു.

ഇട്ടീരിമൂസ്സു കുട്ടഞ്ചേരി അപ്പൻ (വാസുദേവൻ) മൂസ്സിന്റെ അടുക്കലാണു് വൈദ്യശാസ്ത്രം അഭ്യസിച്ചതു്. ശാസ്ത്രാഭ്യാസാനന്തരം അദ്ദേഹം കുറച്ചുകാലം സ്വഗൃഹത്തിൽതന്നെ താമസിച്ചു ചികിത്സകൾ നടത്തിക്കൊണ്ടിരുന്നു. അതിനിടയ്ക്കു് അദ്ദേഹം മൂകാംബികാക്ഷേത്രത്തിൽപ്പോയി പന്ത്രണ്ടു ദിവസത്തെ ഭജനം അതിനി‌ഷ്ഠയോടുകൂടി നിർവിഘ്നം നിർവഹിച്ചുവരികയും അക്കാലം മുതൽക്കു് ഇട്ടീരിമൂസ്സിന്റെ ചികിത്സയ്ക്കു് ഫലസിദ്ധിയും പ്രചാരവും പൂർവാധികം വർദ്ധിക്കുകയും ചെയ്തു.

അങ്ങനെയിരുന്ന കാലത്തു കുറുവട്ടവണാമനയ്ക്കൽ മകൻരണ്ടാമൻ നമ്പൂരിപ്പാട്ടിലേക്കു വാതസംബന്ധമായ ഒരു ദീനമാരംഭിച്ചു. പല വൈദ്യന്മാർ പഠിച്ച പണിയെല്ലാം പ്രയോഗിച്ചു നോക്കീട്ടും ആ ദീനം ഭേദമാക്കാൻ കഴിഞ്ഞില്ല. ഒടുക്കം ഇട്ടീരിമൂസ്സിനെ കൊണ്ടുപോയി രോഗിയെ കാണിക്കുകയും,അദ്ദേഹം ഏതാനും ദിവസത്തെ ചികിത്സകൊണ്ടു് ആ ദീനം നി‌ഷ്പ്രയാസം ഭേദപ്പെടുത്തുകയും ചെയ്തു. വാതസംബന്ധങ്ങളായ രോഗങ്ങൾ സാധാരണ വൈദ്യന്മാർ ഭേദപ്പെടുത്തുന്നതു തൈലപ്രയോഗങ്ങൾ കൊണ്ടാണല്ലോ. എന്നാൽ ഇട്ടീരിമൂസ്സു് ഈ ദീനം ഭേദപ്പെടുത്തിയതു് യാതൊരു വിധത്തിലും എണ്ണ ഉപയോഗിക്കാതെയാണു്. ഇതൊരത്ഭുതമാണല്ലോ.

ഒരിക്കൽ ഇട്ടീരിമൂസ്സു് കരുവന്നൂർ റോഡിൽക്കൂടി പോയപ്പോൾ നാസാർശസ്സു (മൂക്കിൽ ദശ വന്നു പുറത്തേക്കു തള്ളീട്ടു)ള്ള ഒരു രോഗിയെ യാദൃശ്ചികമായി കാണാനിടയായി. ആരും ആവശ്യപ്പെടാതെതന്നെ മൂസ്സു് സ്വയമേവ അവനെ വിളിച്ചു രോഗസ്ഥിതിയെല്ലാം ചോദിക്കുകയും അവന്റെ വാക്കിൽനിന്നു് ഒരഗതിയാണെന്നും പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ആ രോഗം ഭേദമാക്കാൻ കഴിഞ്ഞില്ലെന്നും മനസ്സിലാക്കുകയും ചെയ്തു. ഉടനെ മൂസ്സു് അവനെ വിളിച്ചു് അവിടെയുള്ള പാലത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി അവന്റെ നാസാർശസ്സു പറിച്ചുകളഞ്ഞു്, പുഴയിൽ കുളിപ്പിച്ചു സുഖപ്പെടുത്തിപ്പറഞ്ഞയച്ചു.

ഇതിൽനിന്നു മൂസ്സിനുണ്ടായിരുന്ന ദീനദായാലുത്വം, പരോപകാരതൽപരത, പ്രതിഫലേച്ഛയില്ലായ്ക, ചികിത്സാ നൈപുണ്യം മുതലായ ഗുണങ്ങൾ സ്പഷ്ടമാണല്ലോ. ഈ അത്ഭുതകർമ്മത്തോടു കൂടി ഇട്ടീരിമൂസ്സിന്റെ പ്രസിദ്ധി ശതഗുണീഭവിച്ചു. അക്കാലത്തു കൊല്ലം 1063-ൽ തീപ്പെട്ട കൊച്ചി വലിയ തമ്പൂരാൻ തിരുമനസ്സിലെ ഭാഗിനേയിയായ ഒരു കൊച്ചുതമ്പുരാട്ടിക്കു് ഒരു ശീലായ്മ തുടങ്ങുകയും പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ഭേദമാകാതിരിക്കുകയും ചെയ്യുകയാൽ തിരുമനസ്സിലെ സേവകനും ഇട്ടീരിമൂസ്സിന്റെ സ്നേഹിതനുമായിരുന്ന ചെറുവത്തൂരുനമ്പൂരി “ഇട്ടീരിമൂസ്സിനെ വരുത്തി ചികിത്സിപ്പിച്ചാൽ ഈ ദീനം ഭേദമാകും” എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സു കൊണ്ടു് അതു പൂർണ്ണമായി വിശ്വസിച്ചു. ഉടനെ ആളയച്ചു മൂസ്സിനെ വരുത്തി രോഗിണിയെ കാണിക്കുകയും അദ്ദേഹം ചികിത്സിച്ചു കൊച്ചു തമ്പുരാട്ടിയുടെ ശീലായ്മ അചിരേണ ഭേദപ്പെടുത്തുകയും ചെയ്തു. തിരുമനസ്സുകൊണ്ടു് സന്തോ‌ഷിച്ചു് മൂസ്സിനു് പ്രതിമാസം പത്തു രൂപ ശമ്പളം പതിച്ചുകൊടുത്തു്. എന്നു മാത്രമല്ല മൂസ്സു് തൃപ്പൂണിത്തുറെത്തന്നെ സ്ഥിരമായി താമസിക്കണമെന്നു് കല്പിക്കുകയും അതിലേക്കു കോട്ടയ്ക്കകത്തു തന്നെ പ്രത്യേകമൊരു മഠം പണിയിച്ചുകൊടുക്കുകയും മൂസ്സിനു ശമ്പളത്തിനു പുറമേ ഭക്ഷണാദികളായ സകല ചെലവുകളും കോവിലകം വകയിൽനിന്നു നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. അക്കാലം മുതൽ ഇട്ടിരിമൂസ്സു കോവിലകം വൈദ്യനായി വളരെക്കാലം തൃപ്പൂണിത്തുറെത്തന്നെ താമസിച്ചു.

ഒരു ദിവസം കോവിലകത്തു മുറ്റമടിച്ചുവാരിക്കൊണ്ടുനിന്ന ഒരു സ്ത്രീയെ കണ്ടിട്ടു് മൂസ്സു് അവരെ വിളിച്ചു്, അവർ ക്ഷണത്തിൽ അവരുടെ വീട്ടിലേക്കു പോകണമെന്നു പറഞ്ഞു. ആ സ്ത്രീ അതനുസരിക്കായ്കയാൽ മൂസ്സു് വിവരം ഉടനെ തിരുമനസ്സറിയിക്കുകയും കൽപനപ്രകാരം ചില ശേവുകക്കാർ ചെന്നു് അവരെ അവരുടെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയും വീട്ടിലെത്തീട്ടു രണ്ടു നാഴിക കഴിയുന്നതിനു മുൻപു് ആ സ്ത്രീ മരിക്കുകയും ചെയ്തു.

ഒരിക്കൽ പാലിയത്തു് ഒരമ്മയ്ക്കു് ഒരു ദീനമുണ്ടായി. ആദ്യം തൊണ്ടയിൽ സ്വൽപമായ ഒരു വേദനയുണ്ടാവുകയാണു് ചെയ്തതു്. അതു ക്രമേണ വർദ്ധിച്ചു് വെള്ളംപോലുമിറക്കാൻ പാടില്ലാത്ത വിധത്തിൽ ദുസ്സഹമായിത്തീർന്നു. ഭക്ഷണമില്ലാതെയായപ്പോൾ ആ അമ്മ ഏറ്റവും ക്ഷീണിക്കുകയും പട്ടിണി കിടന്നുതന്നെ മരിക്കുമെന്നുള്ള സ്ഥിതിയിലാവുകയും ചെയ്തു. പല നാട്ടുവൈദ്യന്മാരും ചില ഇംഗ്ലീഷു വൈദ്യന്മാരും പലതും ചെയ്തുനോക്കീട്ടും യാതൊരു ഫലവുമുണ്ടായില്ല. ഇംഗ്ലീഷു വൈദ്യന്മാർ പീച്ചാങ്കുഴൽവച്ചു മലദ്വാരത്തിൽക്കൂടി പാൽ അകത്തു കടത്തി ഏകദേശം ഒരു മാസംവരെ പ്രാണരക്ഷ ചെയ്തുകൊണ്ടിരുന്നു. ഒടുക്കം അതും അസാദ്ധ്യമെന്നു തോന്നുകയാൽ അവരും ഉപേക്ഷിച്ചു പിന്മാറി. ഇത്രയുമായതിന്റെ ശേ‌ഷം പാലിയത്തച്ചൻ ഇട്ടീരിമൂസ്സിനെ കൊണ്ടുവരാനായി തൃപ്പൂണിത്തുറയ്ക്കു് ആളയച്ചു. അച്ചന്റെ ആൾ ചെല്ലുകയാൽ മൂസ്സു് വിവരം തിരുമനസ്സറിയിച്ചു് അനുവാദം വാങ്ങിക്കൊണ്ടു് പോയി പാലിയത്തെത്തി. ഉടനെ അച്ഛൻ രോഗിണിയെ കാണിച്ചു വിവരമെല്ലാം പറഞ്ഞു. മൂസ്സു് രണ്ടു ദിവസത്തെ ചികിത്സകൊണ്ടു് ആ ദീനം ഭേദമാക്കുകയും ആ അമ്മ യഥാപൂർവ്വം ഭക്ഷണം കഴിച്ചു തുടങ്ങുകയും ചെയ്തു. ആ ദീനം ആ അമ്മയ്ക്കു പിന്നെ ഒരിക്കലും ഉണ്ടായിട്ടുമില്ല.

ഒരിക്കൽ ഒരു തലവേദനക്കാരൻ മൂസ്സിന്റെ അടുക്കൽ ചെന്നു് തനിക്കു സഹിക്കവയ്യാതെയുള്ള ഒരു തലവേദന തുടങ്ങീട്ടു വളരെക്കാലമായെന്നും പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ഒരു ഭേദവുമുണ്ടായിട്ടില്ലെന്നും എണ്ണ കാച്ചിത്തേച്ചിട്ടു് ഒരെണ്ണയും പിടിക്കുന്നില്ലെന്നും പറഞ്ഞു. മൂസ്സു് അല്പം ആലോചിച്ചിട്ടു് ആഴ്ച മുറയ്ക്കു് പതിവായി ആവണക്കെണ്ണ തേച്ചുകുളിക്കാൻ പറയുകയും അങ്ങനെ ചെയ്തിട്ടു് ആ മനു‌ഷ്യന്റെ തലവേദന മാറിപ്പോവുകയും ചെയ്തു.

ഇങ്ങനെ ഇട്ടീരിമൂസ്സിന്റെ ചികിത്സാസാമർത്ഥ്യത്തെയും അത്ഭുതകർമ്മങ്ങളെയും പറ്റി പറയുകയാണെങ്കിൽ ഇനിയും വളരെയുണ്ടു്. വിസ്തരഭയത്താൽ അതിനായിത്തുനിയുന്നില്ല. മൂസ്സിന്റെ ചികിത്സാനൈപുണ്യത്തെക്കുറിച്ചു് സന്തോ‌ഷിച്ചു വലിയ തമ്പുരാൻ തിരുമനസ്സു കൊണ്ടു് അദ്ദേഹത്തിന്റെ ശമ്പളം രണ്ടു പ്രാവശ്യം അഞ്ചുവീതംകൂട്ടി ഇരുപതു രൂപയാക്കി.

ആ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് 1063-ആമാണ്ടു് തീപ്പെട്ടു പോയെങ്കിലും പിന്നീടു നാടുവാണിരുന്ന (1071-ൽ തീപ്പെട്ട) വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു മൂസ്സിനെ വിട്ടയയ്ക്കാതെ യഥാപൂർവം തൃപ്പൂണിത്തുറെത്തന്നെ താമസിപ്പിച്ചിരുന്നു. അങ്ങനെ ഇട്ടീരിമൂസ്സു് ഏകദേശം മുപ്പത്തിരണ്ടു് കൊല്ലത്തോളം അവിടെ താമസിച്ചു.അപ്പോഴേക്കും നീലകണ്ഠൻമൂസ്സു കാലധർമ്മത്തെ പ്രാപിക്കുകയും ഇട്ടീരിമൂസ്സിനു തറവാട്ടിൽ മൂപ്പു സിദ്ധിക്കുകയും വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു് തീപ്പെട്ടു പോവുകയും ചെയ്യുകയാൽ അദ്ദേഹം അവിടെ അധിക കാലം താമസിച്ചില്ല.

അദ്ദേഹം വളരെക്കാലമായി ആഗ്രഹിച്ചിരുന്ന സേതുസ്നാനം ഉടനെ നടത്തണമെന്നു് നിശ്ചയിച്ചു് 1073-ആമാണ്ടു് ധനുമാസമാദ്യം സ്വദേശത്തുനിന്നു പുറപ്പെട്ടു. അദ്ദേഹം സ്വശി‌ഷ്യനായ ഒരു നമ്പൂരിയേയും രണ്ടു പരദേശബ്രാഹ്മണരേയും കൂടെക്കൊണ്ടുപോയിരുന്നു. അന്യദേശങ്ങളിലെ ഭക്ഷണം പിടിക്കായ്കയാലോ എന്തോ തൃശ്ശിനാപ്പള്ളിയിലെത്തിയപ്പോഴേക്കും മൂസ്സിനു സ്വല്പമായി ഒരതിസാരം ആരംഭിക്കുകയും മധുരയിലെത്തിയപ്പോഴേക്കും അതു വർദ്ധിച്ചു് യാത്രതുടരാൻ നിവൃത്തിയില്ലാതെയായിത്തീരുകയും ചെയ്തു. പിന്നെ കുറച്ചുദിവസം അവിടെ താമസിച്ചു. കൈവശമുണ്ടായിരുന്ന ചില ഗുളികകളും മറ്റും സേവിച്ചുവെങ്കിലും ക്രമേണ ദീനം വർദ്ധിക്കുകയാണു് ചെയ്തതു് . “ജീവനാശമടുത്തൊരു രോഗിക്കു ദിവ്യമെന്നാലുമൗഷധം പറ്റുമോ?” ആ ധനുമാസം 13-ആം തീയ്യതി കാലത്തു് ഒമ്പതുമണിക്കു് ആ മഹാവൈദ്യൻ പരലോകത്തെ പ്രാപിച്ചു. മരിക്കുന്നതിനു് സ്വല്പം മുൻപു് മൂസ്സു് അടുക്കൽ ശുശ്രൂ‌ഷിച്ചുകൊണ്ടിരുന്ന സ്വശി‌ഷ്യനായ നമ്പൂരിയോടു്, “പുണ്യാഹത്തിനു് ഈ ദിക്കിൽ നമ്പൂരിമാരെ കിട്ടുന്ന കാര്യം അസാദ്ധ്യമാണു് . അതിനാൽ ശവശ്ശുദ്ധമാകാതെയിരിക്കാൻ കരുതിക്കൊള്ളണം”എന്നു പറയുകയും മരിക്കാറായപ്പോൾ സ്വയമേവ മെത്തയിൽനിന്നു് മാറി തെക്കോട്ടു തലയായിട്ടു നിലത്തു കിടക്കുകയും ചെയ്തുവത്രേ.

എളേടത്തു തൈക്കാട്ടില്ലത്തു് ഇപ്പോൾ ഉള്ള മൂസ്സന്മാരും നല്ല വൈദ്യന്മാരാണെന്നുള്ള പേരു സമ്പാദിച്ചിട്ടുള്ളവരാണു് . ആ കുടുംബക്കാരുടെ പ്രസിദ്ധി മേലും വർദ്ധിച്ചുകൊണ്ടിരിക്കുവാൻ സർവ്വേശ്വരൻ സദയം സഹായിക്കട്ടെ.