close
Sayahna Sayahna
Search

പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രരുചി എന്നു പ്രസിദ്ധനായ ബ്രാഹ്മണശ്രേഷ്ഠനു് ഒരു പറയിയിൽ നിന്നും പന്ത്രണ്ടു മക്കൾ ജനിച്ചു എന്നും ആ മക്കൾ

‘മേളത്തോളഗ്നിഹോത്രീ രജകനുളിയനൂർ-
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും
നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂർ
ചാത്തനും പാക്കനാരും’

ആണെന്നും മറ്റും പ്രസിദ്ധമാണല്ലോ. ഈ പന്ത്രണ്ടു പേരിൽ വായില്ലാക്കുന്നിലപ്പനെ ഒഴിച്ചു് പതിനൊന്നു പേരും അവരുടെ അച്ഛന്റെ ശ്രാദ്ധം അഗ്നിഹോത്രികളുടെ ഇല്ലത്തു് കൂടി ഒരുമിച്ചാണു് നടത്തുക പതിവെന്നുള്ളതും പ്രസിദ്ധമാണു്. അങ്ങിനെ ഒരിക്കൽ എല്ലാവരും അവിടെ കൂടി ശ്രാദ്ധം കഴിഞ്ഞതിന്റെ ശേ‌ഷം പതിനൊന്നു പേരും ഒരു സ്ഥലത്തു ഭക്ഷണത്തിനായിട്ടിരുന്നു. അപ്പോൾ അഗ്നിഹോത്രികളുടെ അന്തർജനം ഇവർക്കു വിളമ്പികൊടുക്കാൻ വരാൻ സ്വല്പം മടിച്ചു. പിന്നെ അഗ്നിഹോത്രികൾ വിളിക്കുകയും വളരെ നിർബന്ധിക്കുകയും ചെയ്തപ്പോൾ അന്തർജനം ഒരു കുടയുമെടുത്തുകൊണ്ടു് ആ സ്ഥലത്തേയ്ക്കുവന്നു. അതു കണ്ടു് പാക്കനാർ ‘ഇതെന്തിനാണന്നു’ ചോദിച്ചു. അപ്പോൾ അഗ്നിഹോത്രികൾ ‘ഇതു പതിവ്രതമാരുടെ ധർമ്മമാണ’ന്നു ‘പതിവ്രത മാർക്കു പരപുരു‌ഷന്മാരെ കാണ്മാൻ പാടില്ലന്നും മറ്റും പറഞ്ഞു. ഉടനെ പാക്കനാർ “ഇതൊന്നും പതിവ്രതാധർമ്മമല്ല. ബ്രാഹ്മണസ്ത്രീകൾക്കു പതിവ്രതാധർമം എന്നാൽ എന്താണന്നുതന്നെ അറിഞ്ഞു കൂടാ. പതിവ്രതാധർമ്മവും പാതിവ്രത്യവും ഇരിക്കുന്നതു് കുടയിലും പുതപ്പിലുമൊന്നുമല്ല. ഇപ്പോൾ പതിവ്രതാധർമ്മത്തെ ശരിയായി അനുഷ്ഠിക്കുന്ന ഒരു സ്ത്രീ എന്റെ കെട്ടിയവളെപ്പോലെ ലോകത്തിലില്ല” എന്നു പറഞ്ഞു. അതു കേട്ടു് അഗ്നിഹോത്രികൾ “ചണ്ഡാലികൾക്കു പാതിവ്രത്യമോ പതിവ്രതാധർമജ്ഞാനമോ വല്ലതുമുണ്ടോ? പാക്കനാർ പറഞ്ഞതു ശുദ്ധ അസംബന്ധമാണു് ” എന്നു പറഞ്ഞു. പിന്നെ അവർ രണ്ടുപേരും പതിവ്രതാധർമ്മത്തെപ്പറ്റി വളരെ വാദപ്രദിവാദങ്ങൾ നടത്തിയതിന്റെ ശേ‌ഷം അഗ്നിഹോത്രികളുടെ അന്തർജനത്തിനോ പാക്കനാരുടെ കെട്ടിയവൾക്കോ പതിവ്രതാജ്ഞാനമുള്ളതെന്നു ബോദ്ധ്യപ്പെടുത്തികൊടുക്കാമെന്നു പറഞ്ഞു പാക്കനാർ അഗ്നിഹോത്രികളെ വിളിച്ചുകൊണ്ടു് സ്വഗൃഹത്തിലേക്കു പോയി. അവിടെ എത്തിയ ഉടനെ പാക്കനാർ ഭാര്യയെ വിളിച്ചു “ഇവിടെ എത്ര നെല്ലിരിക്കുന്നുണ്ടു്?” എന്നു ചോദിച്ചു. ഭാര്യ‚ “അഞ്ചിടങ്ങഴിയുണ്ടു്” എന്നു പറഞ്ഞു. ഉടനെ പാക്കനാർ അതിൽ പകുതി നെല്ലെടുത്തു് കുത്തി അരിയാക്കി വെച്ചുകൊണ്ടുവരുവാൻ പറഞ്ഞു. തൽക്ഷണം ഭാര്യ പോയി നെല്ലു കുത്തി അരിയാക്കി വച്ചു ചോറുംകൊണ്ടു വന്നു. അപ്പോൾ പാക്കനാർ‚ “ആ ചോറു ഈ കുപ്പയിലിട്ടേക്കു്” എന്നു പറഞ്ഞു. അവൾ ഒട്ടും മടിയ്ക്കാതെ അങ്ങിനെ തന്നെ ചെയ്തു. ഉടനെ പാക്കനാർ ശേ‌ഷമിരിക്കുന്ന നെല്ലും കുത്തി അരിയാക്കി ചോറു വച്ചുകൊണ്ടുവരുവാൻ പറഞ്ഞു. പാക്കനാർ പിന്നെയും മേൽപ്രകാരം ആ ചോറും കുപ്പയിൽ ഇട്ടേക്കാൻ പറഞ്ഞു. അപ്പോഴും ഒട്ടും വൈമനസ്യം ഇല്ലാതെ അവൾ ആ ചോറും കുപ്പയിൽ ഇട്ടു. പാക്കനാർക്കു വളരെ ദാരിദ്രം ആയിരുന്നു. അയാളുടെ ഭാര്യ അന്നു ഭക്ഷണം കഴിച്ചിരുന്നില്ല. ആ അഞ്ചിടങ്ങഴി നെല്ലല്ലാതെ അവിടെ നെല്ലും അരിയും ഇരിക്കുന്നുണ്ടായിരുന്നില്ല. ആ നെല്ലിൽ നിന്നും കുറെ എടുത്തു കഞ്ഞിവച്ചുണ്ണാമെന്നു വിചാരിച്ചു അവൾ അതിനായി ആരംഭിച്ച സമയത്താണു അഗ്നിഹോത്രിയും പാക്കനാരും കൂടി അവിടെ എത്തിയതു്. ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും പാക്കനാരുടെ ഭാര്യ തന്റെ ഭർത്താവു് പറഞ്ഞതു പോലെ ലേശം മടിക്കാതെ ചെയ്തു.

Chap38pge260.png

ഇത്രയും കഴിഞ്ഞതിന്റെ ശേ‌ഷം അഗ്നിഹോത്രിയും പാക്കനാരും കൂടി അവിടെ നിന്നും പുറപ്പെട്ടു. തിരിയെ അഗ്നിഹോത്രിയുടെ ഇല്ലത്തെത്തി. ഉടനെ പാക്കനാർ “ഞാൻ ചെയ്യിച്ച പോലെ ഇവിടുത്തെ അന്തർജനത്തിനെക്കൊണ്ടും ചെയ്യിക്കുക. ഞാൻ കാണട്ടെ” എന്നു പറഞ്ഞു. ഉടനെ അഗ്നിഹോത്രികൾ അന്തർജനത്തെ വിളിച്ചു രണ്ടിടങ്ങഴി നെല്ലെടുത്തു് കുത്തി അരിയാക്കി വെച്ചുകൊണ്ടുവരുവാൻ പറഞ്ഞു. അതുകേട്ടു് അന്തർജനം “ഇവിടെ അരി ഇരിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണു് ഇപ്പോൾ നെല്ലു കുത്തുന്നതു?” എന്നു ചോദിച്ചു. അഗ്നിഹോത്രികൾ വളരെ നിർബന്ധിച്ചിട്ടു് അന്തർജനം മനസ്സുകേടൊടുകൂടി മുഖം വീർപ്പിച്ചു പിറുപിറുത്തുകൊണ്ടു് പോയി നെല്ലെടുത്തു കുത്തി അരിയാക്കി വച്ചുകൊണ്ടുവന്നു. അപ്പോൾ അഗ്നിഹോത്രികൾ ആ ചോറു കുപ്പയിലേക്കു് ഇട്ടേക്കാൻ പറഞ്ഞു. അതുകേട്ടു് അന്തർജനം‚ എന്താ ഹേ! അവിടെയ്ക്കു ഭ്രാന്തുണ്ടോ? ചോറു വെറുതെ കളയുന്നതു തന്നെ കഷ്ടം. വിശേ‌ഷിച്ചും ഞാൻവളരെ പ്രയാസപ്പെട്ടു് നെല്ലു കുത്തി അരിയാക്കി വെച്ചുണ്ടാക്കി കൊണ്ടുവന്ന ചോറു് കുപ്പയിൽ കളയുകയോ? ഇതു വലിയ സങ്കടം തന്നെയാണു്.” എന്നും മറ്റും ഓരൊ തർക്കങ്ങൾ പറഞ്ഞുകൊണ്ടു് നിന്നു. ഒടുക്കം അഗ്നിഹോത്രികളുടെ നിർബന്ധപ്രകാരം അന്തർജനം ആ ചോറു കുപ്പയിലേക്കു ഇട്ടു. ഉടനെ അഗ്നിഹോത്രികൾ‚ “ഇനിയും രണ്ടര ഇടങ്ങഴി നെല്ലെടുത്തു കുത്തി അരിയാക്കി വച്ചു കൊണ്ടു വാ” എന്നു പിന്നെയും പറഞ്ഞു. അപ്പോൾ അന്തർജനം‚ “അവിടേക്കു ഭ്രാന്തു തന്നെയാണു്. ഈ കൊട്ടുന്ന താളത്തിനൊക്കെ തുള്ളാൻ ഞാൻ ആളല്ലാ. അസംബന്ധം പറയുകയെന്നു വച്ചാൽ അതിനൊരവസാനമില്ലാതെയായാൽ വി‌ഷമമാണു്.” എന്നു പറഞ്ഞു അകത്തേക്കു പോയി. അഗ്നിഹോത്രികൾ നിർബന്ധപൂർവ്വം വളരെ വിളിച്ചിട്ടും അന്തർജനം പുറത്തേക്കു വന്നില്ല. അപ്പോൾ പാക്കനാർ‚ “ഇതാണോ പതിവ്രതാധർമ്മം? ഭർത്താക്കന്മാർ എന്തു പറഞ്ഞാലും സന്തോ‌ഷത്തോടുകൂടി അതു ഉടനെ ചെയ്യുന്നവളാണു പതിവ്രത. അങ്ങിനെ ചെയ്യുന്നതാണു് പതിവ്രതാധർമ്മം. അതിൽ ഗുണദോ‌ഷചിന്തനം ചെയ്യാനും, തർക്കം പറയാനും ഭാര്യമാർക്കു അവകാശവും അധികാരവും ഇല്ല” എന്നു പറഞ്ഞു അഗ്നിഹോത്രികളെ സമ്മതിപ്പിച്ചിട്ടു് പാക്കനാർ പോയി.

ഈ ഐതിഹ്യത്തെപ്പറ്റി ഇപ്പോഴുള്ള പരി‌ഷ്കാരികളുടെയിടയിൽ വളരെ അഭിപ്രായ വ്യത്യാസമുണ്ടായേക്കും. എങ്കിലും ഭർത്താക്കന്മാർ വല്ലതും പറഞ്ഞാൽ പല ഒഴിവുകഴിവുകളും ദുസ്തർക്കങ്ങളും പറഞ്ഞു് അതു് ഉടനെ ചെയ്യാതിരിക്കുന്ന സ്ത്രീകൾ കേരളത്തിൽ ധാരാളമുണ്ടെന്നും അതു പതിവ്രതകളായ സ്ത്രീകൾക്കു ചേർന്നതല്ലെന്നുമുള്ളതിൽ പക്ഷാന്തര മുണ്ടാകുമെന്നു തോന്നുന്നില്ല. ഏതെങ്കിലും ഒരു വി‌ഷയത്തിൽ അതിയായ ഭ്രമം കൊണ്ടോ ദുർവാശികൊണ്ടോ, ദുസ്സഹമായ മനഃസ്താപം കൊണ്ടോ മറ്റോ ഭർത്താക്കന്മാർ മതിമറന്നു ക്രമവിരോധമായി വല്ലതും പ്രവർത്തിക്കാനാരംഭിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്ന അവസരങ്ങളിൽ‍ ഗുണദോ‌ഷങ്ങൾ പറഞ്ഞു് അവരുടെ മനസ്സിനെ പിന്തിരിച്ചു യഥാസ്ഥിതമാക്കുന്നതിനുള്ള ചുമതല ഭാര്യമാർക്കുണ്ടു്. അങ്ങിനെയല്ലാതെ ഭർത്താക്കന്മാർ സ്വബുദ്ധിയോടുകൂടി എന്തെങ്കിലും പറഞ്ഞാൽ ഉടനെ അതു ചെയ്യാതെ വല്ലതും ദുസ്തർക്കം പറയുന്നതു് ഭാര്യമാർക്കു ഒരിക്കലും യുക്തമായിട്ടുള്ളതല്ല. അങ്ങിനെയുള്ളവരെ ‘ഗൃഹിണികൾ’ എന്നു പറയാനും പാടില്ല. അവരെയാണു് ‘ഗേഹബാധ’കളെന്നു പറയേണ്ടതു് .

പാക്കനാർ തന്റെ ഭാര്യയുടെ പാതിവ്രത്യനിഷ്ഠ എത്രമാത്രമുണ്ടന്നു അഗ്നിഹോത്രികളെ ദൃഷ്ടാന്തസഹിതം അറിയിച്ചതായി ഒരൈതിഹ്യം കൂടി കേട്ടിട്ടുണ്ടു്. ഒരിക്കൽ അഗ്നഹോത്രികൾ പാക്കനാരുടെ മാടത്തിങ്കൽ ചെന്നപ്പോൾ പാക്കനാർ അഗ്നിഹോത്രികൾക്കു ഇരിക്കുന്നതിനു ഒരു പലകയോ മറ്റോ എടുത്തു കൊടുക്കുന്നതിനു ഭാര്യയെ വിളിച്ചു. അപ്പോൾ അവൾ കിണറ്റിൽ നിന്നും വെള്ളം കോരിക്കോണ്ടു നിൽക്കുകയായിരുന്നു. വെള്ളവും പാളയും കൂടി കിണറ്റിന്റെ മദ്ധ്യത്തിങ്കലായപ്പോളാണു് പാക്കനാർ വിളിച്ചതു്. ഭർത്താവു് വിളിച്ചതു കേട്ട ഉടനെ അവൾ കയറിന്മേൽ നിന്നു കൈവിട്ടു ഓടി വന്നു. പാളയും കയറും ആ സ്ഥിതിയിൽ തന്നെ നിന്നതല്ലാതെ കീഴ്പോട്ടു പോയില്ല. അതുകണ്ടു അഗ്നിഹോത്രികൾ വളരെ ആശ്ചര്യപ്പെട്ടു. “പാതിവ്രത്യമുണ്ടായാലിങ്ങിനെയാണു്. ഭർത്താവു് വിളിക്കുന്നതു് കേട്ടാൽ എന്തുതന്നെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണങ്കിലും അതുപേക്ഷിച്ചിട്ടു് ഭർത്താവിന്റെ അടുക്കൽ എത്തുകയെന്നുള്ളതു് പതിവ്രതമാരുടെ ധർമ്മമാണു്” എന്നു പാക്കനാർ പറഞ്ഞു.

നമ്മുടെ കേരളീയ സഹോദരിമാരും ഈ ഐതിഹ്യങ്ങളുടെ സാരാംശത്തെ ഗ്രഹിച്ചു പ്രവർത്തിക്കുന്നതായാൽ അവർക്കു ശ്രേയസ്കരമായിരിക്കുന്നതാണു്.