ഒരു യൂറോപ്യന്റെ സ്വാമിഭക്തി
ഐതിഹ്യമാല | |
---|---|
ഗ്രന്ഥകർത്താവ് | കൊട്ടാരത്തിൽ ശങ്കുണ്ണി |
മൂലകൃതി | ഐതിഹ്യമാല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഐതിഹ്യകഥകൾ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ലക്ഷ്മിഭായി ഗ്രന്ഥാവലി |
വര്ഷം |
1909 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള് | 920 |
വായനക്കാരുടെ പ്രതികരണങ്ങള് | ഇവിടെ രേഖപ്പെടുത്തുക |
കൊല്ലം 986–ആമാണ്ടു് ബാലരാമവർമ്മ മഹാരാജാവു് നാടുനീങ്ങിയപ്പോൾ തിരുവിതാംകൂർ മഹാരാജവംശത്തിൽ ആൺവഴിത്തമ്പുരാക്കന്മാരാരുമില്ലാതെയിരുന്നതിനാൽ ബ്രിട്ടീഷു ഗവർമ്മേണ്ടിന്റെ അനുവാദപ്രകാരം അന്നു പെൺവഴിത്തമ്പുരാക്കന്മാരിൽ മൂപ്പായിരുന്ന ലക്ഷ്മീമഹാരാജ്ഞിയായിരുന്നുവല്ലോ അക്കാലം മുതൽ രാജ്യഭരണം ചെയ്തിരുന്നതു്.
അങ്ങനെയിരുന്ന കാലത്തു ബ്രിട്ടീഷു ഗവർമ്മേണ്ടു് ഒരു നിശ്ചയം ചെയ്തു. രാജകുടുംബങ്ങളിൽ പുരുഷസന്താനമില്ലാത്ത ഏതദ്ദേശ്യരാജ്യങ്ങളിലെല്ലാം ബ്രിട്ടീഷ് ഗവർമ്മേണ്ടിന്റെ ഓരോ പ്രതിനിധികളെ നിയമിച്ചു രാജ്യഭരണം നടത്തിക്കുകയും പുരുഷന്മാരുണ്ടായി പ്രായപൂർത്തിയാകുമ്പോൾ ഭരണാധികാരം അവർക്കു വിട്ടുകൊടുക്കുകയും ചെയ്യണമെന്നായിരുന്നു ആ നിശ്ചയം. ഈ വിവരം ബ്രിട്ടീഷു ഗവർമ്മേണ്ടു് ഏതദ്ദേശ്യരാജ്യങ്ങളിലെല്ലാം ദിവാൻജിമാരുടെ പേർക്കു് എഴുതിയയച്ചു് അറിയിക്കുകയും രാജകുടുംബത്തിൽ പുരുഷസന്താനമുണ്ടോ ഇല്ലയോ എന്നുള്ള വിവരം അറിയിക്കണമെന്നു് ആവശ്യപ്പെടുകയും ചെയ്തു. അക്കാലത്തു തിരുവിതാംകൂറിൽ ദിവാൻജിയായിരുന്നതു് ബ്രിട്ടീഷ് റസിഡണ്ടും കൂടിയായിരുന്ന മിസ്റ്റർ മൺറോസായ്പു് ആയിരുന്നു. അദ്ദേഹം ബ്രിട്ടിഷ്ഗവൺമ്മേണ്ടു് എഴുതിച്ചോദിച്ചതിനു് തൽക്കാലം മറുപടിയൊന്നുമയച്ചില്ല. അന്നു ലക്ഷ്മീമഹാരാജ്ഞി തിരുവയർ വാണിരിക്കുക (ഗർഭം ധരിച്ചിരിക്കുക) യായിരുന്നു. തിരുവയറൊഴിഞ്ഞു് (പ്രസവിച്ചു്) ഉണ്ടാകുന്നതു പുരുഷസന്താനമോ സ്ത്രീസന്താനമോ എന്നറിഞ്ഞിട്ടു മറുപടി അയയ്ക്കാമെന്നു വിചാരിച്ചാണു് അദ്ദേഹം സ്വൽപമൊന്നമാന്തിച്ചതു്. ആ അമാന്തം ബ്രിട്ടിഷ് ഗവർമ്മേണ്ടിനു് ഒട്ടും രസിച്ചില്ല. അതിനാൽ ആ ഗവർമ്മേന്റിൽ നിന്നു തിരുവിതാംകൂർ ദിവാന്റെ പേർക്കു വീണ്ടും എഴുതിയയച്ചു. ആ എഴുത്തിൽ ഏറ്റവും ഊർജ്ജിതത്തോടും കണിശമായും എഴുത്തു കിട്ടുന്ന ദിവസം തന്നെ മറുപടി അയയ്ക്കണമെന്നും പറഞ്ഞിരുന്നു. ആ എഴുത്തു കിട്ടിയപ്പോൾ സായ്പിനു പരിഭ്രമമായി. അദ്ദേഹം ഒരു ബ്രിട്ടിഷ് പ്രജയും ബ്രിട്ടിഷ് ഗവർമ്മെണ്ടിന്റെ ശമ്പളക്കാരനുമായിരുന്നുവല്ലോ. മഹാരാജ്ഞിക്കു് അപ്പോൾ ഗർഭം പത്തുമാസമായിരുന്നു. രണ്ടോ നാലോ ദിവസം കൂടി താമസിച്ചാൽ അവതരിക്കുന്ന പ്രജ പുരുഷനോ സ്ത്രീയോ എന്നറിഞ്ഞിട്ടു മറുപടി അയയ്ക്കാമായിരുന്നു എന്നു സായ്പിനു തോന്നി. എങ്കിലും അതിനു നിവൃത്തിയില്ലാതെ വരികയാൽ അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു പുറത്തു ചെന്നു പടിഞ്ഞാട്ടു തിരിഞ്ഞു നിന്നു തൊഴുതുകൊണ്ടു്, “അല്ലയോ പത്മനാഭാ! നീയിവിടെ കിടക്കുന്നുണ്ടെന്നാണല്ലോ എല്ലാവരും പറയുന്നതു്. മഹാരാജവംശത്തെ രക്ഷിക്കാനുള്ള ചുമതല നിനക്കാണല്ലോ. ഈ രാജ്യം നിന്റെ വകയുമാണല്ലോ. ഇതിന്റെ ഭരണം അന്യന്മാരുടെ കൈവശമായാൽ പിന്നെയതു വീണ്ടെടുക്കാൻ അത്രയെളുപ്പം സാധിക്കില്ല. അതിനാൽ ഇതാ ഞാൻ ഈ മഹാരാജവംശത്തിൽ പുരുഷസന്താനമുണ്ടെന്നു തന്നെ മറുപടി അയയ്ക്കാൻ പോകുന്നു. എന്റെ മറുപടി വ്യാജമാണെന്നു വന്നാൽ ബ്രിട്ടിഷ് ഗവർമ്മെണ്ടു് എന്നെ വെറുതെ വിട്ടേക്കുകയില്ല. അവർ എന്നെ കഠിനമായി ശിക്ഷിക്കും. ആ അപമാനം സഹിച്ചുകൊണ്ടു പിന്നെ ജീവിച്ചിരിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല. അതിനാൽ ഞാനെഴുതിയയയ്ക്കുന്നതു തെറ്റിപ്പോകുന്ന പക്ഷം നിന്റെ ബിംബവും ക്ഷേത്രവും എല്ലാം നശിപ്പിച്ചു നീ കിടക്കുന്ന സ്ഥലത്തു് ഒരു കുളം കുത്തി കുളിച്ചിട്ടല്ലാതെ ഞാനിവിടെ നിന്നു പോവുകയില്ല. അതുകൊണ്ടു് അങ്ങനെയൊന്നും വരാതെയിരിക്കാൻ തക്കവണ്ണം കരുതിക്കൊള്ളണം. പത്മനാഭാ! മൺറോ ഒന്നു പറഞ്ഞാൽ അതു് അപ്രകാരം തന്നെ ചെയ്യുമെന്നു് നല്ലപോലെ അറിയാമല്ലോ” എന്നു പറഞ്ഞിട്ടു് അവിടെ നിന്നു പോവുകയും തിരുവിതാംകൂർ രാജവംശത്തിൽ പുരുഷസന്താനമുണ്ടെന്നുതന്നെ ഉടനെ എഴുതിയയയ്ക്കുകയും ചെയ്തു.
പിറ്റേദിവസം മഹാരാജ്ഞിയിൽ നിന്നു് ഒരു രാജകുമാരൻ തിരുവവതാരം ചെയ്തരുളി. ആ രാജകുമാരനാണു് ഗർഭശ്രീമാനെന്നും സംഗീതസാഹിത്യസാഗര പാരംഗതനെന്നും പരാക്രമനിധിയെന്നും രാജ്യതന്ത്രകുശലനെന്നും ധീരോദാത്തനെന്നും മറ്റും വിശ്വവിശ്രുതനായിത്തീർന്ന സാക്ഷാൽ സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടെന്നുള്ളതു പ്രത്യേകം പറയണമെന്നില്ലല്ലോ.
ഈ സംഗതി കഴിഞ്ഞപ്പോൾ “ശ്രീപത്മനാഭസ്വാമിയെക്കുറിച്ചുള്ള വിശ്വാസവും ഭക്തിയും മൺറോ സായ്പവർകൾക്കുള്ളതുപോലെ മുൻപുണ്ടായിരുന്ന ഹിന്ദുദിവാൻജിമാർക്കു പോലുമുണ്ടായിരുന്നില്ലെ”ന്നു ജനങ്ങൾ പരക്കെ പറഞ്ഞു തുടങ്ങുകയും അതു മഹാരാജ്ഞി വിശ്വസിക്കുകയും ചെയ്തു. അതിനാലാണു് ദേവസ്വങ്ങളിലെല്ലാം പതിവു കണക്കുകളുണ്ടാക്കുന്നതിനു മൺറോസായ്പവർകളെ പ്രത്യേകം കൽപിച്ചു ചുമതലപ്പെടുത്തിയതു്. അഞ്ചെട്ടുകൊല്ലം മുമ്പു ദേവസ്വം പതിവുകൾ പരിഷ്കരിച്ചതുവരെ തിരുവിതാംകൂറിലെ സർക്കാർ ദേവസ്വങ്ങളിലെല്ലാം സകല കാര്യങ്ങളും മൺറോസായ്പവർകൾ നിശ്ചയിച്ച പതിവനുസരിച്ചാണു് നടന്നുവന്നിരുന്നതു്. പരിഷ്കരിക്കപ്പെടാത്ത ചില ദേവസ്വങ്ങളിൽ ഇപ്പോഴും അങ്ങനെ തന്നെ നടന്നു വരുന്നുണ്ടു്.
|