close
Sayahna Sayahna
Search

വൈയ്ക്കത്തെപ്പാട്ടുകൾ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വൈയ്ക്കത്തു വടക്കേനടയിൽപ്പാട്ടെന്നും തെക്കേനടയിൽപ്പാട്ടെന്നുമുള്ള അടിയന്തിരങ്ങൾ പ്രസിദ്ധങ്ങളാണല്ലോ. ഇവയിൽ തെക്കേനടയിൽപ്പാട്ടുണ്ടായിട്ടു വളരെക്കാലമായതിനാൽ അതിനെക്കുറിച്ചു കേട്ടുകേൾവിയല്ലാതെ അതു കണ്ടിട്ടുള്ളവർ ഇപ്പോൾ ആരും ഉണ്ടെന്നുതോന്നുന്നില്ല. വടക്കെനടയിൽപ്പാട്ടു പത്തുപന്ത്രണ്ടു കൊല്ലംമുമ്പും ഉണ്ടായതായി ഓർക്കുന്നുണ്ടു്. അതിനാൽ അതു പലരും കണ്ടിട്ടുണ്ടായിരിക്കാം. എങ്കിലും ഈ പാട്ടുകൾ എന്നു തുടങ്ങിയെന്നും തുടങ്ങാനുള്ള കാരണമെന്തെന്നും അറിയാവുന്നവർ വളരെ ചുരുക്കമായിട്ടാണിരിക്കുന്നതു്. അതിനാൽ ഇവയെക്കുറിച്ചു കേട്ടിട്ടുള്ള സംഗതികൾ ജനങ്ങളുടെ അറിവിനായി താഴെപ്പറഞ്ഞു കൊള്ളുന്നു. ‌‌‌ പണ്ടു വടക്കുംകൂർ രാജാവിനു രാജവാഴ്ച ഉണ്ടായിരുന്ന കാലത്തു് ഒരിക്കൽ വൈയ്ക്കംദേശത്തു വസൂരി എന്ന സാംക്രമികരോഗം ബാധിച്ചു കലശൽകൂട്ടി. അതുതുടങ്ങി രണ്ടുമൂന്നു മാസമായിട്ടും ക്രമേണ വർദ്ധിച്ചുകൊണ്ടിരുന്നതല്ലാതെ ശമിക്കാനുള്ള ലക്ഷണമൊന്നും കണ്ടുതുടങ്ങിയില്ല. അക്കാലത്തിനിടയ്ക്കു് ഈ രോഗം നിമിത്തം അവിടെ അനേകമാളുകൾ മരിക്കുകയും ചെയ്തു. ഇങ്ങനെയായാൽ ക്രമേണ ജനങ്ങളെല്ലാം നശിച്ചുപോകുമല്ലോ എന്നുള്ള വിചാരവും ഭയവും ജനങ്ങളുടേയും രാജാവിന്റേയും മനസ്സിലങ്കരിച്ചു. രാജാവു് ഒരു പ്രശ്നക്കാരനെ വരുത്തി ഈ രോഗബാധയ്ക്കു കാരണമെന്താണെന്നും ഇതിന്റെ ശമനത്തിനു് എന്താണു് ചെയ്യേണ്ടതെന്നും പ്രശ്നംവയ്പ്പിച്ചു നോക്കിച്ചു. അപ്പോൾ വസൂരി മുതലായ രോഗങ്ങളുണ്ടാകുന്നതു കുജന്റെ വിരോധം കൊണ്ടാണെന്നും കുജന്റെ ദേവത ഭദ്രകാളിയാണെന്നും “ദേവതാകൃതവിരോധശാന്തയേ ദേവതാനമനമേവ യുജ്യതേ” എന്നുള്ളതുകൊണ്ടു് ഈ രോഗബാധാശമത്തിനു ഭദ്രകാളിയെ സേവിക്കുകതന്നെയാണു വേണ്ടതെന്നും കേരളത്തിലുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രാധാന്യം കൊടുങ്ങല്ലൂർക്കാണെന്നും അതിനാൽ അവിടെച്ചെന്നു ഭജിച്ചു് അവിടെനിന്നുണ്ടാകുന്ന കല്പനപോലെ ചെയ്താൽ ഈ ആപത്തൊഴിയുമെന്നു വിധിച്ചു. അതിനാൽ രാജാവു് അടുത്തദിവസംതന്നെ പുറപ്പെട്ടു കൊടുങ്ങല്ലൂരെത്തി, തന്റെ ദേശത്തിനു ബാധിച്ചിരിക്കുന്ന ആപത്തൊഴിച്ചുതരണമെന്നും പ്രാർത്ഥിച്ചുകൊണ്ടു് ഭഗവതിയെ ഭജിച്ചു തുടങ്ങി. ആ ഭജനം ഒരു മണ്ഡലം (നാല്പത്തൊന്നുദിവസം) ആയപ്പോൾ രാജാവു രാത്രിയിൽ കിടന്നുറങ്ങിയിരുന്ന സമയം അദ്ദേഹത്തിനൊരു ദർശനം ഉണ്ടായി. അദ്ദേഹത്തിന്റെ തലയ്ക്കൽ ഒരു സ്ത്രീ ചെന്നുനിന്നുകൊണ്ടു് “എന്നെ ഉദ്ദേശിച്ചു വൈയ്ക്കത്തുമതിൽക്കകത്തു വടക്കേനടയിൽ വെച്ചു് പന്ത്രണ്ടു ദിവസം കളമെഴുത്തും പാട്ടും, പാട്ടുകാലം കൂടുന്ന ദിവസം ഒരു കുരുതിയും നടത്തിയാൽ തൽക്കാലം ഉണ്ടായിരിക്കുന്ന ആപത്തൊഴിയുമെന്നും ഇങ്ങനെ പന്ത്രണ്ടു കൊല്ലം കൂടുമ്പോൾ പതിവായി നടത്തിക്കൊണ്ടാൽ മേലാലും ഈ വിധമുള്ള ആപത്തുണ്ടാവുകയില്ലെന്നും പാട്ടുനടത്തേണ്ടതു് ഇന്നിന്നപ്രകാരം വേണമെന്നും തലയ്ക്കൽ ഇരിക്കുന്ന ഈ വാൾകൂടി കൊണ്ടുപോയി ഇതൊരു പീഠത്തിന്മേൽവെച്ചു് എന്നെസ്സങ്കല്പിച്ചു പൂജിച്ചിട്ടുവേണം പാട്ടുനടത്താ”നെന്നും പറഞ്ഞതായിട്ടാണു് ദർശനം ഉണ്ടായതു്. രാജാവുടനെ ഉണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരേയും കണ്ടില്ല. എങ്കിലും തലയ്ക്കൽ ഒരു വാളിരിക്കുന്നുണ്ടായിരുന്നു. അതിനാൽ ഭഗവതി തന്നെയാണു് തവന്റെയടുക്കൽവന്നു് പാട്ടുനടത്തണമെന്നും മറ്റും അരുളിച്ചെയ്തതെന്നു് അദ്ദേഹം പൂർണ്ണമായും വിശ്വസിച്ചു.

Chap109pge979.png

‌‌‌പിറ്റേദിവസം കാലത്തു രാജാവു കുളിച്ചു ക്ഷേത്രസന്നിധിയിൽ ചെന്നപ്പോൾ വെളിച്ചപ്പാടു തുള്ളി രാജാവിനോടു്, “ഇന്നലെ അടുക്കൽ വന്നിരുന്നതു ഞാൻ തന്നെയാണു്; ഒട്ടും സംശയിക്കേണ്ട. ഞാൻ പറഞ്ഞതുപോലെയൊക്കെ ചെയ്താൽ ആപത്തും അനർത്ഥവുമെല്ലാം നീങ്ങി സുഖമുണ്ടാകും” എന്നു കല്പിക്കുകയും ഭസ്മം കൊടുക്കുകയും ചെയ്തു. രാജാവു ഭക്തിവിശ്വാസങ്ങളോടുകൂടി ആ പ്രസാദം വാങ്ങികൊണ്ടു് അകത്തുചെന്നു് ശിവനെയും ദേവിമാരെയും വന്ദനിക്കുകയും ചില വഴിപാടുകൾ നടത്തുകയും ചെയ്തിട്ടു വാളുകൊണ്ടുമടങ്ങി വൈയ്ക്കത്തെത്തുകയും ദേവി കല്പിച്ചിരുന്നതുപോലെ സാഘോഷം പാട്ടു നടത്തുകയും പാട്ടു കാലംകൂടിയപ്പോഴേക്കും വസൂരി ബാധ ആ ദേശത്തുനിന്നു് ഒഴിഞ്ഞുപോകുകയും ചെയ്തു. അന്നു വടക്കുംകൂർ രാജാവിനു് ദേവി കൊടുത്ത വാൾ ഇപ്പോഴും വൈയ്ക്കത്തു ക്ഷേത്രത്തിലെ ഭണ്ഡാരത്തിലിരിക്കുന്നുണ്ടു്. പാട്ടുണ്ടാകുന്ന കാലങ്ങളിൽ വാദ്യഘോഷങ്ങളോടുകൂടി ആ വാൾ എഴുന്നള്ളിച്ചുവച്ചു് പൂജിച്ചിട്ടാണു് പാട്ടുനടത്തുക പതിവു്. ‌‌‌ വടക്കുപുറത്തു പാട്ടു് പന്ത്രണ്ടുദിവസം നടത്തുന്നതും നടത്തേണ്ടതും വലിയ ഉത്സവംപോലെതന്നെയാണു്. എല്ലാ ദിവസവും കെങ്കേമമായ എഴുന്നള്ളത്തും വെടിക്കെട്ടും മറ്റും പതിവുണ്ടു്. ഓരോദിവസവും ഓരോ ദേശക്കാരുടെ പേർക്കാകയാൽ അവരുടെ മത്സരംകൊണ്ടു് എല്ലാദിവസവും കേമമാകുകയാണു് പതിവു്. ഇതിനും ഒരു കൊടിയേറ്റു പതിവുണ്ടു്. അതിനു കരക്കാർകൂടി ഒരു വലിയ അടയ്ക്കാമരം മുറിച്ചെടുത്തുകൊണ്ടുവന്നു മതിൽക്കകത്തു നാട്ടി അതിന്മേലൊരു കൊടിക്കൂറ കെട്ടിത്തൂക്കുകുയാണു് പതിവു്. ഈ കൊടിയേറ്റത്തിന്റെ തന്ത്രിയും പരികർമ്മികളുമൊക്കെ കരക്കാർതന്നെ. ധ്വജപ്രതിഷ്ഠകഴിക്കുന്നതുതന്നെ അവരാണല്ലോ.

‌‌‌മതിൽക്കകത്തു വടക്കേനടയിൽ വലിയ നെടുമ്പുരകെട്ടി കുത്തിമറച്ചു കെട്ടിവിതാനിച്ചു് അലങ്കരിച്ചു് അതിൽവച്ചാണു് കളമെഴുത്തും പാട്ടും നടത്തുന്നതു്. മുൻകാലങ്ങളിൽ അറുപത്തിനാലു് കൈയായിട്ടായിരുന്നു കളമെഴുതിയിരുന്നതെന്നു കേൾവിയുണ്ടു്. അതു കണ്ടിട്ടുള്ളവർ ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല. അടുത്തു കഴിഞ്ഞകാലങ്ങളിൽ മുപ്പത്തിരണ്ടു് കൈയായിട്ടേ കളമെഴുതാറുള്ളു. കളത്തിന്റെ കൈയെത്രയായിരുന്നാലും ഈ അടിയന്തിരം നടത്തിയാൽ പിന്നെ പന്ത്രണ്ടു കൊല്ലത്തേക്കു് വൈയ്ക്കം ദേശത്തു വസൂരി, വിഷൂചിക മുതലായ സാംക്രമികരോഗങ്ങൾ ഇക്കാലത്തുമുണ്ടാകാറില്ല. പന്തു്രണ്ടു കൊല്ലം കഴിഞ്ഞിട്ടും ഇതു നടക്കാതെയിരുന്നാൽ പകരുന്ന വ്യാധി എന്തെങ്കിലും ആ ദിക്കിൽ ഉണ്ടായിത്തീരുമെന്നുള്ളതും തീർച്ചതന്നെയാണു്. ഈ കളമെഴുത്തും പാട്ടും നടത്താനുള്ള അവകാശം (കർമ്മിസ്ഥാനം) വൈയ്ക്കത്തു പുതുശ്ശേരി കുറുപ്പിനാണു്. ആ തറ വാട്ടിലേക്കു് ഈ സ്ഥാനം കൊടുത്തിട്ടുള്ളതു് വടക്കുംകൂർ രാജാവാണത്രെ.

‌‌‌ഇനി തെക്കുപുറത്തു പാട്ടിനെക്കുറിച്ചുകൂടി സ്വൽപം പറയാം. വൈയ്ക്കത്തുപെരുംതൃക്കോവിൽക്ഷേത്രം ഊരാൺമക്കാരായ ചില നമ്പൂരിമാരുടെ വകയായിരുന്നു. വടക്കുംകൂർ രാജാവിനു രാജാധിപത്യമുണ്ടായിരുന്നതുകൊണ്ടു ക്ഷേത്രകാര്യങ്ങളിലും ചില അധികാരങ്ങൾ നടത്തിയിരുന്നു. അതിൽ ഊരാൺമക്കാരും രാജാവും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളും സ്വരച്ചേർച്ചയില്ലായ്കയും ഉണ്ടായിത്തീർന്നു. അപ്പോൾ ഊരാൺമക്കാരും രണ്ടായി ഭിന്നിച്ചു് ഒരു ഭാഗക്കാർ രാജാവിനോടു ചേർന്നും മറ്റേ ഭാഗക്കാർ തനിച്ചും നിലയായി. അക്കാലത്തെ ആ രണ്ടുഭാഗക്കാരും തമ്മിൽ കൂടെക്കൂടെ വലിയ വഴക്കുകളും തർക്കങ്ങളും ശണ്ഠകളും തന്നിമിത്തം അനേകം നാശങ്ങളുമുണ്ടായിക്കൊണ്ടിരുന്നു.

‌‌‌ഇപ്പോൾ വൃശ്ചികമാസത്തിലും കുംഭമാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ചു പെരുംതൃക്കോവിലിലേക്കു കൊണ്ടുവരാറുണ്ടല്ലോ. അതുപോലെ മുൻകാലങ്ങളിൽ ഉദയനാപുരത്തെ ഉത്സകാലങ്ങളിൽ വൈക്കത്തപ്പനെ എഴുന്നള്ളിച്ചു് അങ്ങോട്ടും കൊണ്ടുപോയിരുന്നു. ഒരു കൊല്ലം വൈക്കത്തപ്പനെ ഉദയനാപുരത്തേക്കു് എഴുന്നള്ളിക്കാൻ ഭാവിച്ചപ്പോൾ ഊരാൺമക്കാരിൽ ചിലർ എഴുന്നള്ളിക്കരുതെന്നു പറഞ്ഞു വിരോധിച്ചു. അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു. എഴുന്നള്ളത്തു വടക്കേഗോപുരത്തിനു പുറത്തായപ്പോൾ വിരോധിച്ച ഭാഗക്കാർ ചെന്നു് എഴുന്നള്ളിച്ചിരുന്ന ആനയുടെ തുമ്പിക്കൈ വെട്ടിമുറിച്ചിട്ടു. ആന പ്രാണവേദനയോടുകൂടി ഓടിത്തുടങ്ങി. ആനപ്പുറത്തിരുന്നവരെല്ലാം താഴെവീണു. അപ്പോഴേക്കും രണ്ടുഭാഗക്കാരും തമ്മിൽ അടിയും പിടിയും വെട്ടും കുത്തും തുടങ്ങി. വലിയ ലഹളയായി. അതിനാൽ വൈക്കത്തപ്പന്റെ എഴുന്നള്ളത്തുണ്ടായില്ല. അങ്ങനെയതു് അക്കാലംമുതൽക്കു നിർത്തലാവുകയും ചെയ്തു.

‌‌‌ആ ലഹളയിൽ തോറ്റ ഭാഗക്കാർ വിരോധികൾ നശിക്കുന്നതിനായി കൊടുങ്ങല്ലൂർച്ചെന്നു ഭഗവതിയെസ്സേവിച്ചു. ശത്രുക്കൾ നശിക്കുന്നതിനു വടക്കേനടയിൽവെച്ചു നടത്തുന്നതുപോലെ തെക്കേനടയിൽവെച്ചു പാട്ടു നടത്തിയാൽ മതിയെന്നു് അവിടെ നിന്നു ഭഗവതിയുടെ കൽപന കിട്ടി. അതിനാൽ ഭഗവതിയെ സേവിച്ചിരുന്നവർ മടങ്ങി. വൈക്കത്തുവന്നു തെക്കേനടയിൽവെച്ചു പാട്ടുനടത്തി. അതിന്റെ നെടുംപുര പനച്ചിൽ ഭഗവതിയുടെ നടയ്ക്കു നേരെ തന്നെയായിരുന്നു. പാട്ടിന്റെ ചടങ്ങുകളെല്ലാം വടക്കേനടയിലേപ്പോലെ തന്നെ. ‌‌‌ തെക്കേനടയിൽ പാട്ടു തുടങ്ങീട്ടും ഭിന്നിച്ച ഭാഗക്കാർ തമ്മിൽ കൂടെക്കൂടെ ലഹളയുണ്ടാവുകയും ലഹളയിൽ തോൽക്കുന്നവർ മറുഭാഗക്കാർ നശിക്കുന്നതിനായി തെക്കേനടയിൽ പാട്ടുനടത്തുകയും ഏതാനുംകാലമുണ്ടായി. അപ്പോഴേക്കും വടക്കുംകൂർ രാജ്യം തിരുവിതാംകൂർ മഹാരാജാവു പിടിച്ചടക്കുകയും അതോടുകൂടി പെരുംതൃക്കോവിൽ ക്ഷേത്രവും തിരുവിതാംകൂർ സർക്കാർവകയായിത്തീരുകയും ആ ദേവസ്വത്തിൽ ഊരാൺമക്കാരായ നമ്പൂരിമാരുടെയും വടക്കുംകൂർ രാജാവിന്റെയും അധികാരം നാമാവശേഷമായി ഭവിക്കുകയും ചെയ്തു. പിന്നെ അവർക്കു പരസ്പരം വൈരത്തിനു കാരണമില്ലാതെയായിവരികയാൽ എല്ലാവർക്കും ശത്രുക്കളില്ലാതെയായി. കാരണമില്ലാതെ കാര്യമുണ്ടാവുകയില്ലല്ലോ. അവരുടെ ശത്രുത്വത്തിനും വഴക്കിനും ലഹളയ്ക്കുമൊക്കെ പ്രധാനകാരണമായിരുന്നതു് ദേവസ്വാധികാരമായിരുന്നുവല്ലോ. അതു് അവർക്കാർക്കുമില്ലാതെയായപ്പോൾ പണ്ടൊരു സ്ത്രീ “കഴുത്തിലെ മിന്നുംപോയി, മനസ്സിനു സൗഖ്യവും ആയി” എന്നു പറഞ്ഞതുപോലെ എല്ലാവർക്കും സുഖമായി. അപ്പോൾ തെക്കുപുറത്തു പാട്ടുമില്ലാതെയായി.