close
Sayahna Sayahna
Search

സ്വാതിതിരുനാൾ മഹാരാജാവു് തിരുമനസ്സുകൊണ്ടു്


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

കൊല്ലം 1004-ആമാണ്ടു മുതൽ 1022-ആമാണ്ടു വരെ അനിതരസാധാരണമായ സാമർത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂർ രാജ്യം യഥായോഗ്യം ഭരിച്ചിരുന്ന മഹാനും സംഗീതസാഹിത്യസാഗരപാരഗനും ശൂരനും ധീരനും കുശാഗ്രബുദ്ധിയും ഗർഭശ്രീമാനുമായിരുന്ന സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സിലെക്കുറിച്ചു് കേട്ടിട്ടില്ലാത്തവർ കേരള രാജ്യങ്ങളിലെന്നല്ല, പരദേശങ്ങളിൽപ്പോലും അധികമുണ്ടായിരിക്കയില്ല. ഈ തിരുമനസ്സുകൊണ്ടു് അവതാരം ചെയ്തരുളിയതു് 988-ആമാണ്ടു് മേടമാസത്തിലാണു്.

988-ആമാണ്ടു് ബാലരാമവർമ്മ മഹാരാജാവു് തിരുമനസ്സുകൊണ്ടു് നാടുനീങ്ങിയതിനോടുകൂടി തിരുവിതാംകൂർ മഹാരാജവംശത്തിൽ ആൺവഴിത്തമ്പുരാക്കൻമാരാരുമില്ലാതെയായിത്തീരുകയും തന്നിമിത്തം അന്നു് പെൺവഴിത്തമ്പുരാക്കൻമാരിൽ മൂപ്പായിരുന്ന ലക്ഷ്മി മഹാരാജ്ഞി അക്കാലം മുതൽ രാജ്യം ഭരിച്ചുതുടങ്ങുകയും ആ മഹാരാജ്ഞി 990-ആമാണ്ടു നാടുനീങ്ങിപ്പോവുകയാൽ അക്കാലംമുതൽ തത്സഹോദരിയായ പാർവ്വതീമഹാരാജ്ഞി നാടുവാഴുകയും ചെയ്തിട്ടുള്ളതു ചരിത്ര പ്രസിദ്ധമാണല്ലോ. അതിനാൽ സ്വാതിതിരുനാൾ മഹാരാജാവു് തിരുമനസ്സുകൊണ്ടു് തിരുവവതാരം ചെയ്തതുതന്നെ രാജ്യാധിപതിയായിട്ടാണു്. അതിനാലാണു് ആ തിരുമേനിയെ എല്ലാവരും “ഗർഭശ്രീമാൻ” എന്നു പറഞ്ഞുവന്നിരുന്നതു്. ഈ തിരുമനസ്സുകൊണ്ടു് തിരുവവതാരം ചെയ്തതിന്റെശേഷം മേല്പറഞ്ഞ മഹാരാജ്ഞികൾ രാജ്യം ഭരിച്ചിരുന്നതു് ഈ തിരുമനസ്സിലെ പ്രാതിനിധ്യത്തോടുകൂടിയായിരുന്നുവെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. 1004-ആമാണ്ടു് തിരുമനസ്സിലേക്കു പതിനാറു തിരുവയസ്സാവുകയും തിരുമാടമ്പു് കഴിയുകയും ചെയ്യുകയാൽ അക്കാലം മുതൽ തിരുമനസ്സു കൊണ്ടു രാജ്യഭരണം ആരംഭിച്ചു. പുരുഷ പ്രായം തികയുന്നതിനു് പതിനെട്ടു വയസ്സാകണമെന്നേ അക്കാലത്തു് നിർബന്ധമുണ്ടായിരുന്നുള്ളൂ. പതിനാറു വയസ്സായാൽ രാജ്യഭരണമാരംഭിക്കാമെന്നായിരുന്നു ഇവിടുത്തെ ചട്ടം. കീഴ്നടപ്പും അങ്ങനെയായിരുന്നു. ബാലരാമവർമ്മ മഹാരാജാവു് തിരുമനസ്സുകൊണ്ടു് 73-ആമാണ്ടു് രാജ്യഭരണമാരംഭിച്ചപ്പോൾ അവിടേക്കു പതിനാറു് വയസ്സുമാത്രമേ ആയിരുന്നുള്ളുവല്ലോ. അതിനാൽ ബുദ്ധി സാമർത്ഥ്യവും തന്റേടവും ഭരണശക്തിയുമുള്ള ഈ തിരുമനസ്സുകൊണ്ടു് പതിനാറാമത്തെ തിരുവയസ്സിൽ രാജ്യഭരണമാരംഭിച്ചതു് അഭൂതപൂർവ്വവും അത്ഭുതവുമായ ഒരു കാര്യമല്ല. ഈ തിരുമനസ്സുകൊണ്ടു ബുദ്ധിയും നീതിയും കാര്യഗ്രഹണശക്തിയും താൻ നിശ്ചയിക്കുന്ന കാര്യം അപ്രകാരം തന്നെ നടക്കണമെന്നു നിർന്ധവുമുള്ള ആളാണെന്നുള്ളതിലേക്കു് അവിടുത്തെ ബാല്യത്തിൽത്തന്നെ അനേകം ദൃഷ്ടാന്തങ്ങളുണ്ടായിട്ടുണ്ടു്. യാഗം കഴിഞ്ഞു് സോമയാജി (ചോമാതിരി) ആകുന്നവർക്കു് തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ തിരുബലി മുതലായ അടിയന്തിരങ്ങൾക്കു കൊല്ലംതോറും ഓരോ പണക്കിഴിവീതം കൊടുക്കുക പതിവുണ്ടു്. ഈ ദാനത്തിനു “കർമ്മിത്താനം” എന്നാണു് പേരു് പറഞ്ഞു് വരുന്നതു്. കിഴിയിൽ ഒരുനൂറ്റൊന്നു പണം വീതമാണു് പതിവു്. അങ്ങനെയുള്ള കിഴി നാലും അഞ്ചും അതിലധികവും പതിവുള്ള ചോമാതിരിമാരും ചിലപ്പോൾ ഉണ്ടായേക്കും. ഒരു ചോമാതിരി മരിച്ചാൽ ആ വിവരം മഹാരാജാവുതിരുമനസ്സിലെ അടുക്കൽ ആദ്യം ചെന്നറിയിക്കുന്ന ചോമാതിരിക്കു മരിച്ച ചോമാതിരിക്കു പതിവുള്ള കിഴികൂടി പേരിൽപ്പതിച്ചു കൊടുക്കും. എന്നാൽ വിവരം തിരുമനസ്സറിയിക്കുന്നതു് ചോമാതിരി തന്നെ വേണമെന്നു നിർബന്ധമില്ല. ചോമാതിരിയുടെ ഇല്ലത്തുള്ളവരിൽ ആരെങ്കിലുമായാൽ മതി. തിരുമുമ്പാകെച്ചെന്നു്, “ഇന്ന ഇല്ലത്തെ ഇന്ന ചോമാതിരി മരിച്ചുപോയി. അദ്ദേഹത്തിന്റെ പേരിലുള്ള താനം എന്റെ ഇല്ലത്തെ ഇന്ന ചോമാതിരിയുടെ പേരിൽ പതിച്ചുതരുന്നതിനു് കല്പനയുണ്ടാകണം” എന്നാണു് പറയേണ്ടതു് . ഇങ്ങനെ പറയുന്നതിനു് “വീഴിലം പറയുക” എന്നാണു് പറഞ്ഞുവരുന്നതു് . വീഴില്ലം പറയുന്നതിനു് തിരുമനസ്സിലെ സന്നിധിയിൽ ചെല്ലുന്നതിനു് സമയം നോക്കേണ്ടാ. ഏതു സമയത്തും ചെന്നു പറയാമെന്നാണു് വെയ്പു്. പള്ളിയറയിൽ പള്ളിക്കു് കുറുപ്പായിക്കിടക്കുന്ന സമയത്തു വാതിൽ മുട്ടിവിളിച്ചുണർത്തിപ്പറയുന്നതിനും വിരോധമില്ല.

Chap63pge492.png

ഒരിക്കൽ ഒരു ചോമാതിരി മരിച്ചിട്ടു വീഴില്ലം പറയാനായി വേറെ രണ്ടില്ലത്തുള്ള ചോമാതിരിയുടെ ഇല്ലങ്ങളിൽനിന്നു രണ്ടു നമ്പൂതിരിമാർ പുറപ്പെട്ടു. രണ്ടുപേരും ഒരേ സമയത്തുതന്നെ കരൂപ്പടന്നെ വന്നെത്തി. രണ്ടുപേരും ഉടനെ രണ്ടു വള്ളങ്ങളിലായിക്കയറി ഒരുമിച്ചു പുറപ്പെട്ടു. അക്കാലങ്ങളിൽ കരൂപ്പടന്നക്കടവിൽ സദാ വള്ളവുമായി വള്ളക്കാരുണ്ടായിരിക്കുക പതിവാണു് . ഈ നമ്പൂതിരിമാർ കയറിയ വള്ളങ്ങളിലെ ഊന്നുകാർ സമർത്ഥന്മാരും പരിചയമുള്ളവരുമായ നായന്മാരായിരുന്നു. രണ്ടു നമ്പൂതിരിമാരും അവരവരുടെ വള്ളക്കാരോടു മുൻകൂട്ടി തിരുവനന്തപുരത്തെത്തിച്ചാൽ പതിവുള്ള കൂലി കൂടാതെ വിശേഷാൽ ചില സമ്മാനങ്ങളും മറ്റും കൊടുത്തേക്കാമെന്നു് പറഞ്ഞു് അവരെ പ്രാത്സാഹിപ്പിച്ചു. അതിനാൽ വളരെ വാശിയോടുകൂടി രണ്ടു വള്ളക്കാരും ഊന്നിത്തുടങ്ങി. കടുകിടയ്ക്കു വ്യത്യാസംകൂടാതെ രണ്ടു വള്ളങ്ങളും ഒരു പോലെ നിന്നു. അങ്ങനെ പോയി രണ്ടു വള്ളങ്ങളും ഒരുമിച്ചു തിരുവനന്തപുരത്തു കൽപ്പാലക്കടവിൽച്ചെന്നടുത്തു. ഉടനെ ഒരു നമ്പൂതിരി കരയ്ക്കു ചാടി മറ്റേ വള്ളത്തിന്റെ തലയ്ക്കൽ പിടിച്ചു് ഒരു തള്ളുകൊടുത്തുംവച്ചു് ഓടി. അന്നു നാടുവാണിരുന്നതു് ഉത്രട്ടാതി തിരുനാൾ പാർവ്വതീഭായി മഹാറാണി തിരുമനസ്സുകൊണ്ടായിരുന്നു. ഓടിപ്പോയ നമ്പൂതിരി കൊട്ടാരത്തിനകത്തു് കടന്നു തിരുമുമ്പാകെച്ചെന്നു വിവരം തിരുമനസ്സറിയിച്ചിട്ടു് കുളിക്കാൻ പോയി. പിടിച്ചു തള്ളപ്പെട്ട വള്ളത്തിലിരുന്നിരുന്ന നമ്പൂതിരി വീണ്ടും വള്ളമടുപ്പിച്ചു കരയ്ക്കിറങ്ങി ഓടി കൊട്ടാരത്തിലെത്തിയപ്പോഴേക്കും മുമ്പേ ഓടിയ നമ്പൂതിരി വീഴില്ലം പറയുക കഴിഞ്ഞു എന്നറിയുകയാൽ അദ്ദേഹത്തിനു ഏറ്റവും വിഷാദവും ഇച്ഛാഭംഗവുമുണ്ടായി എന്നുള്ളതു് വിശേഷിച്ചു പറയണമെന്നില്ലല്ലോ. അദ്ദേഹം പ്രാതഃസ്നാനവും ജപവും നമസ്കാരവും തേവാരവും മറ്റും പതിവുള്ള ഒരു വിശിഷ്ടനായിരുന്നു. അവയെല്ലാം മുടക്കി വളരെ കഷ്ടപ്പെട്ടു് തിരുവനന്തപുരം വരെ ചെന്നിട്ടു കാര്യം ഫലിക്കാതെപോയതിൽ അദ്ദേഹത്തിനു് വളരെ വ്യസനമുണ്ടായതു് അത്ഭുതമല്ലല്ലോ. തിരുവനന്തപുരത്തു് എത്തിയപ്പോൾത്തന്നെ നേരം നാലഞ്ചുനാഴിക പുലർന്നിരുന്നു. കാര്യം തെറ്റിപ്പോയതിലുണ്ടായതിലധികം വിഷാദം അദ്ദേഹത്തിനു് യഥാകാലം കുളിയും തേവാരവും കഴിക്കാൻ സാധിക്കാഞ്ഞതുകൊണ്ടായിരുന്നു. “വിചാരിച്ചുവന്ന കാര്യം പൂജ്യമായി, കുളി മുതലായതിനു നേരവും തെറ്റി. ഇനിയെങ്കിലും വേഗത്തിൽ കുളിച്ചു നിത്യകർമ്മമെങ്കിലും കഴിക്കാം. തേവാരത്തിനും വൈശ്യത്തിനും മറ്റും വേണ്ടുന്ന പൂവുംപുല്ലും മറ്റും ഇവിടെക്കിട്ടാൻ മാർഗ്ഗമില്ലല്ലോ. അതുകൊണ്ടു് അതൊക്കെ ഊർദ്ധ്വം തന്നെ എന്നിങ്ങനെ വിചാരിച്ചു വിഷാദിച്ചുകൊണ്ടു് ആ നമ്പൂതിരിയും കുളിക്കാനായി പുറപ്പെട്ടു. ആ സമയം സമപ്രായക്കാരായ അഞ്ചെട്ടു ബാലന്മാരോടുകൂടി കളിച്ചുകൊണ്ടു് നമ്മുടെ സ്വാതിതിരുനാൾ തിരുമനസ്സുകൊണ്ടു് കൊട്ടാരത്തിന്റെ മുറ്റത്തു് എഴുന്നള്ളി നിന്നിരുന്നു. ഓടിയതിനാൽ ക്ഷീണിച്ചും തളർന്നും വിയർത്തൊലിച്ചും വിഷാദഭാവത്തോടുകൂടിയും പോകുന്ന ആ നമ്പൂതിരിയെക്കണ്ടിട്ടു് തിരുമനസ്സുകൊണ്ടു് നമ്പൂതിരിയെ വിളിച്ചു് അടുക്കൽ വരുത്തീട്ടു്, “അങ്ങു് എന്താണു് ഇത്ര ക്ഷീണിച്ചിരിക്കുന്നതു്? മുഖം കണ്ടിട്ടു് എന്തോ വലുതായ ഒരു വിഷാദം മനസ്സിലുള്ളതുപോലെ തോന്നുന്നുവല്ലോ. അതിന്റെ കാരണം പറയൂ. എന്തായാലും സമാധാനമുണ്ടാക്കാം, ഒട്ടും വിഷാദിക്കേണ്ടാ” എന്നു കല്പിച്ചു. തിരുമനസ്സിലേക്കു് അന്നു് ഏകദേശം എട്ടു തിരുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. തന്നോടു് ഇപ്രകാരം സമാധാനം പറയുന്ന ഈ ബാലൻ ആരാണെന്നു നമ്പൂതിരിക്കു നല്ലപോലെ മനസ്സിലായില്ലെങ്കിലും ഏറ്റവും തേജസ്വിയും ആജാനുബാഹുവുമായ ഈ കുമാരൻ കേവലം നിസ്സാരനല്ലെന്നും ഒരുസമയം രാജകുമാരൻ തന്നെ ആയിരിക്കാമെന്നും അദ്ദേഹം ഊഹിക്കാതെയിരുന്നില്ല. “കേവലം നിസ്സാരനായ ഒരു ചെറിയ കുട്ടിയിൽനിന്നു് ഇപ്രകാരമുള്ള സാന്ത്വനവാക്കുകളുണ്ടാവാനിടയില്ലല്ലോ” എന്നു വിചാരിച്ചു് അദ്ദേഹം പരമാർത്ഥമെല്ലാം തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ടു്, “ആട്ടെ, കുളിയും തേവാരവും മറ്റും കഴിയട്ടെ. കാര്യത്തിനു് എന്തെങ്കിലും സമാധാനമുണ്ടാകും” എന്നു കല്പിച്ചു നമ്പൂതിരിയെ അയച്ചു. അദ്ദേഹത്തിന്റെ കുളി കഴിഞ്ഞപ്പോഴേക്കും തേവാരത്തിനു വേണ്ടുന്നതെല്ലാം കല്പനപ്രകാരം ഒരു കുട്ടിപ്പട്ടർ കടവിൽ ഹാജരാക്കിക്കൊടുത്തു. തേവാരം കഴിഞ്ഞപ്പോൾ മറ്റൊരു പട്ടർ ചെന്നു് “ഊണിനെല്ലാം കാലമായിരിക്കുന്നു. കൊട്ടാരത്തിലേക്കു വരാം” എന്നു പറഞ്ഞു. ഉടനെ നമ്പൂതിരി കൊട്ടാരത്തിൽ ചെല്ലുകയും വെടിപ്പായി ഭക്ഷണം കഴിക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോൾ മുമ്പു തന്നെ സമാധാനപ്പെടുത്തി കുളിക്കാൻ പറഞ്ഞയച്ചതു് സ്വാതിതിരുനാൾ മഹാരാജകുമാരൻ തന്നെയാണെന്നു് അദ്ദേഹം തീർച്ചപ്പെടുത്തി. തിരുമേനിയെ നമ്പൂതിരി മുമ്പു് കണ്ടിട്ടില്ലായിരുന്നുവെങ്കിലും ധാരാളമായി കേട്ടിട്ടുണ്ടായിരുന്നു.

നമ്പൂതിരിയെ കുളിക്കാൻ കല്പിച്ചയച്ച ഉടനെ തിരുമനസ്സുകൊണ്ടു് “ഇന്നു് ഇല്ലത്തെച്ചോമാതിരി മരിച്ചുപോവുകയും ഇന്ന ഇല്ലത്തെ നമ്പൂതിരി വന്നു നമ്മോടു വീഴില്ലം പറയുകയും ചെയ്തിരിക്കകൊണ്ടു മരിച്ചുപോയ ചോമാതിരിയുടെ പേരിലുള്ള താനം വീഴില്ലം പറഞ്ഞ നമ്പൂതിരിയുടെ ഇല്ലത്തുള്ള ചോമാതിരിയുടെ പേരിൽ പതിച്ചുകൊടുത്തുകൊള്ളണം” എന്നു കല്പിച്ചു പകടശാലയിലേക്കു് എഴുതിയയപ്പിച്ചു. അതു പകടശാലയിൽ എത്തിയപ്പോഴേക്കും മഹാരാജ്ഞി തിരുമനസ്സിലെ കല്പന പ്രകാരം താനം പേരുമാറിപ്പതിക്കുക കഴിഞ്ഞിരുന്നു. അതിനാൽ പകടശാലയിലുള്ള ഉദ്യോഗസ്ഥന്മാർ വല്ലാതെ കുഴങ്ങിവശായി. മഹാരാജാവു തരുമനസ്സിലെ കല്പനപ്രകാരം ചെയ്യാതെ ഇരിക്കാമോ? മഹാരാജ്ഞി തിരുമനസ്സിലെ കല്പനപ്രകാരം ചെയ്തതിനെ ഭേദപ്പെടുത്താമോ? രണ്ടും വയ്യാതെ അവർ വിഷമിച്ചു. ഒടുക്കം അവർ ഈ വിവരം മഹാരാജ്ഞി തിരുമനസ്സിലെ അടുക്കൽ അറിയിച്ചു. മഹാരാജ്ഞി തിരുമനസ്സുകൊണ്ടു് മഹാരാജാവു് തിരുമേനിയെ വിളിച്ചുവരുത്തി, “അപ്പൻ (തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ പ്രായം കൂടിയവർ കുറഞ്ഞവരെ “അപ്പൻ” എന്നു പറയുന്നതു സാധാരണമാണു് . ഇവിടെ അപ്പൻ എന്നുള്ളതു കുട്ടൻ എന്നും കുഞ്ഞെന്നും ഓമന എന്നും മറ്റും പറയുന്നതുപോലെ വാൽസല്യസൂചകമായ ഒരോമനപ്പേരായിട്ടാണു് വച്ചിരിക്കുന്നതു് ) ഇങ്ങനെയൊക്കെത്തുടങ്ങുന്നതെന്താണു്? ആദ്യം വീഴില്ലം പറഞ്ഞ നമ്പൂതിരിയുടെ ഇല്ലത്തുള്ള ചോമാതിരിയുടെ പേരിലാണു് താനം പതിച്ചു കൊടുക്കാൻ ഞാൻചട്ടം കെട്ടിയതു്. അതു് ഭേദപ്പെടുത്തുന്നതു് ന്യായമല്ല” എന്നു കല്പിച്ചു. അതിനു മറുപടിയായി മഹാരാജാവു് തിരുമനസ്സുകൊണ്ടു് “ഇപ്പോൾ നാടുവാഴുന്നതു് അമ്മയാകയാൽ അമ്മയുടെ കല്പനപ്രകാരം കാര്യങ്ങളൊക്കെ നടക്കേണ്ടതാണു് . അതിനു സംശയമില്ല. എന്നാൽ “കുലശേഖരപ്പെരുമാൾ” എന്നുള്ള സ്ഥാനം എനിക്കില്ലേ? എന്റെ അടുക്കൽ വന്നു വീഴില്ലം പറഞ്ഞ ആളെ ഇച്ഛാഭംഗത്തോടുകൂടി മടക്കിയയയ്ക്കുന്നതു് ഈ സ്ഥാനത്തേക്കു യുക്തവും ന്യായവുമാണോ? അങ്ങനെയാണെന്നു് അമ്മ കല്പിക്കുന്ന പക്ഷം എനിക്കു നിർബന്ധമില്ല. അമ്മ കല്പിച്ചു ചട്ടം കെട്ടിയതുപോലെ നടക്കട്ടെ. എന്റെ ആജ്ഞയെ ഞാൻ പിൻവലിച്ചേക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നതു ന്യായവും ഈ സ്ഥാനത്തേക്കു യോഗ്യവുമാണെന്നു് അമ്മ കല്പിക്കണം. അല്ലാതെ ഞാൻ സമ്മതിക്കയില്ല” എന്നു കല്പിച്ചു. ഇതു കേട്ടപ്പോൾ മഹാരാജ്ഞി ശരിയായ മറുപടി ഒന്നും തോന്നാതെ കുഴങ്ങി. ഒടുക്കം “ഇനി എങ്ങനെയാണു് വേണ്ടതെന്നു് അപ്പൻ തന്നെ നിശ്ചയിക്കണം. അപ്പൻ നിശ്ചയിക്കുന്നതെല്ലാം എനിക്കു് സമ്മതമാണു്” എന്നു കല്പിച്ചു. ഉടനെ മഹാരാജാവു തിരുമനസ്സുകൊണ്ടു്, “അമ്മയ്ക്കു സമ്മതമാണെങ്കിൽ ഇപ്പോൾ ഇവിടെ ന്യായവും രണ്ടുപേർക്കും മാനവുമായിട്ടുള്ളതു് ഞാൻ നിശ്ചയിക്കാം. ഇപ്പോൾ ഒരു ചോമാതിരിയുടെ പേരിലുള്ള താനമാണു് ഒഴിഞ്ഞുവന്നിരിക്കുന്നതു്. അതിനു രണ്ടുപേർ വന്നു വീഴില്ലം പറയുകയും ചെയ്തു. നമ്മൾ രണ്ടുപേരും പരസ്പരം അറിയാതെ രണ്ടുപേർക്കും പതിച്ചു കൊടുക്കാൻ ചട്ടംകെട്ടുകയും ചെയ്തു. അതിനാൽ ഈ താനം ഒന്നു പകുതിവീതം രണ്ടുചോമാതിരിമാരുടെ പേരിലും തൽക്കാലം പതിച്ചുകൊടുക്കുകയും ഈ ചോമാതിരിമാർ ഒരാൾ മരിക്കുമ്പോൾ ജീവിച്ചിരിക്കുന്ന ചോമാതിരിയുടെ പേരിൽ മുഴുവനാക്കിക്കൊടുക്കുകയും ചെയ്യുന്നതാണു് യുക്തമെന്നു് എനിക്കു തോന്നുന്നു. പിന്നെ അമ്മ കല്പിക്കുന്നതുപോലെ” എന്നു കല്പിച്ചു. അതു കേട്ടപ്പോൾ ഇതു നല്ല ന്യായമാണെന്നു മഹാരാജ്ഞിക്കും തോന്നുകയാൽ അങ്ങനെ ചട്ടം കെട്ടുകയും അക്കാര്യം അങ്ങനെ അവസാനിക്കുകയും ചെയ്തു.

സ്വാതിതിരുനാൾ തിരുമനസ്സിലെ ബാല്യകഥകൾ ഇങ്ങനെ വളരെയുണ്ടു്. ഈ ഒരു സംഗതികൊണ്ടുതന്നെ അവിടുന്നു ചെറുപ്പത്തിൽത്തന്നെ ന്യായസ്ഥനും നീതിമാനും താനൊന്നു നിശ്ചയിച്ചാൽ അതു് അപ്രകാരം നടക്കണമെന്നു നിർന്ധമുള്ള ആളുമായിരുന്നു എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാൽ ആ ഭാഗം അധികം വിസ്തരിക്കുന്നില്ല.

വീഴില്ലം പറയുന്നതിന്റെ ചട്ടമൊക്കെ ഇപ്പോൾ വളരെ ഭേദപ്പെട്ടിട്ടുണ്ടു്. ഇപ്പോൾ യഥേഷ്ടം ഏതു സമയത്തും തിരുമുമ്പാകെച്ചെന്നു വീഴില്ലം പറയാനും മറ്റും പാടില്ല. അതൊക്കെ ഭേദപ്പെടുത്തീട്ടു വളരെക്കാലമായി. ഇപ്പോൾ വീഴില്ലം പറയുന്നതു് കൊട്ടാരത്തിൽച്ചെന്നു തവണക്കാരുടെ അടുക്കൽ മതിയെന്നാണു് ചട്ടം. അവർ സമയം പോലെ തിരുമനസ്സറിയിച്ചു കൊള്ളും.

ഈ തിരുമനസ്സുകൊണ്ടു് നരസിംഹാംശസംഭൂതനാണെന്നാണു് അക്കാലത്തു് എല്ലാവരും പറയുകയും വിശ്വസിക്കുകയും ചെയ്തിരുന്നതു് . അവിടുന്നു നേരെ നോക്കിയാൽ ഭയപ്പെടാത്തവരായി അക്കാലത്തു് ആരുംതന്നെ ഉണ്ടായിരുന്നില്ല. തിരുമനസ്സുകൊണ്ടു് ആരുടെയും നേരെനോക്കി സംസാരിക്കാറില്ല. സംഭാഷണങ്ങളെല്ലാം നിലത്തുനോക്കിക്കൊണ്ടാണു് പതിവു്.

Chap63pge496.png

തിരുമനസ്സുകൊണ്ടു സിംഹാസനാരോഹണം ചെയ്തതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോൾ ബ്രിട്ടീഷുഗവർമെണ്ടിന്റെ പ്രതിനിധിയും ഈസ്റ്റിന്ധ്യാകമ്പനിക്കാരിൽ പ്രധാനനുമായ ഒരു യൂറോപ്യൻ തിരുമേനിയെക്കാണുന്നതിനായി തിരുവനന്തപുരത്തു വന്നിരുന്നു. ബ്രിട്ടീഷു ഗവർമ്മേണ്ടും തിരുവതാംകൂർ മഹാരാജാവുമായിട്ടുള്ള ഉടമ്പടിയിൽ ചില ഭേദഗതികൾ വരുത്തുന്നതിനെക്കുറിച്ചു് ആലോചിക്കാനായിട്ടാണു് സായ്പു വന്നിരുന്നതു്. മഹാരാജാവിനുള്ള രാജാധികാരങ്ങളിൽ ചിലതു കുറയ്ക്കുകയും കപ്പത്തിൽ സ്വൽപ്പം കൂട്ടുകയും ചെയണമെന്നായിരുന്നു സായിപ്പിന്റെ ഉദ്ദേശ്യം. മഹാരാജാവിന്നു പ്രായം ചെറുപ്പമാകയാൽ ആ ഉദ്ദേശ്യം നിഷ്പ്രയാസം സാധിക്കാമെന്നും അയാൾ വിചാരിച്ചിരുന്നു. സായ്പു തിരുവനന്തപുരത്തു ചെന്നിട്ടു് അയാൾക്കു സുഖമായി താമസിക്കുന്നതിനു വേണ്ടുന്നതെല്ലാം കൽപനപ്രകാരം ചട്ടംകെട്ടിക്കൊടുത്തു. എങ്കിലും തമ്മിൽക്കാണുന്നതിനു വളരെ ദിവസം കഴിഞ്ഞിട്ടേ ദിവസവും സമയവും കൽപിച്ചനുവദിച്ചുള്ളു. കൽപിച്ചനുവദിച്ച ദിവസം നിശ്ചിതസമയത്തു സായ്പു കൂടികാഴ്ചയ്ക്കു നിശ്ചയിച്ചിരുന്ന സ്ഥലത്തെത്തി. തിരുമനസ്സുകൊണ്ടു് അതിനു മുമ്പുതന്നെ അവിടെ എഴുന്നള്ളീട്ടുണ്ടായിരുന്നു. സായ്പു ചെന്ന ഉടനെ തിരുമനസ്സുകൊണ്ടു സബഹുമാനം ആസനസത്കാരം ചെയ്തു് ഇരുത്തിയതിന്റെ ശേഷം അവിടുന്നും ഇരുന്നു് കുശലപ്രശ്നം ചെയ്തു. സായ്പു മറുപടി പറയാനായി ഭാവിച്ച സമയം തിരുമനസ്സുകൊണ്ടു തൃക്കണ്ണു തുറന്നു സായ്പിന്റെ നേരെ ഒന്നു നോക്കി. തത്ക്ഷണം സായ്പു ബോധരഹിതനായി നിലത്തു് വീണു. “ഇയ്യാളെ എടുത്തു പുറത്തുകൊണ്ടു പോകട്ടെ” എന്നു കല്പിചിട്ടു തിരുമനസ്സുകൊണ്ടു കൊട്ടാരത്തിലേക്കെഴുന്നള്ളി. ഉടനെ നാലു ഭടന്മാർ വന്നു് സായ്പിനെയെടുത്തു് അയാൾക്കു താമസത്തിനു നിശ്ചയിച്ചിരുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ചെന്നിട്ടും വളരെനേരം കഴിഞ്ഞതിന്റെ ശേഷമാണു് സായ്പിനു് ബോധം വീണതു്. “ഈ മഹാരാജാവിന്റെ കാലത്തു താൻ വിചാരിച്ചുവന്ന കാര്യമൊന്നും സാധിക്കയില്ല” എന്നു നിശ്ചയിച്ചു് സായ്പു് അന്നുതന്നെ തിരുവനന്തപുരത്തുനിന്നു മടങ്ങിപ്പോവുകയും ചെയ്തു.

ഒരാണ്ടിൽ മീനമാസത്തിൽ പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവത്തിനു് ആറാട്ടു കഴിഞ്ഞു കടൽക്കരയിൽനിന്നു തിരിയെ എഴുന്നളളിച്ച സമയം അമ്പാരികെട്ടി അകമ്പടിയാക്കി കൊണ്ടുപോയിരുന്ന മദോൻമത്തനായ ഒരു കൊമ്പനാന പിണങ്ങി ആൾക്കൂട്ടത്തിലേക്കു് ഓടി. വാദ്യക്കാരും അകമ്പടിക്കാരും ദീപയഷ്ടി(തീവെട്ടി)ക്കാരുംമറ്റും പ്രാണഭീതിയോടുകൂടി നാലുവഴിക്കും ഓടിപ്പോയി. പത്മനാഭസ്വാമിയെ എഴുന്നള്ളിച്ചിരുന്നതിന്റെ മുമ്പിൽ പള്ളിവാളും പരിചയും ധരിച്ചു് അകമ്പടിയായി നിന്നിരുന്ന തിരുമനസ്സുകൊണ്ടുമാത്രം ഇളകാതെ ആ നിലയിൽത്തന്നെ സധൈര്യം നിന്നു. ജനങ്ങളെല്ലാം ഒഴിഞ്ഞോടിക്കഴിഞ്ഞപ്പോൾ ആന തിരുമനസ്സിലെ നേരെ പാഞ്ഞടുത്തു് . ആനക്കാരൻ മുമ്പേതന്നെ ഓടിയൊളിച്ചിരുന്നതിനാൽ ആനയ്ക്കു സ്വാതന്ത്ര്യവും സിദ്ധിച്ചിരുന്നു. ആന നേരെ പാഞ്ഞുവരുന്നതു് കണ്ടിട്ടും അവിടേക്കു യാതൊരു കൂസലുമുണ്ടായിരുന്നില്ല. തുമ്പിക്കൈകൊണ്ടു് എത്തിപ്പിടിക്കുവാൻ തക്കവണ്ണം അടുത്തപ്പോൾ തിരുമനസ്സുകൊണ്ടു് തൃക്കണ്ണുകൾ തുറന്നു് ആനയുടെ നേരെ ഒന്നു നോക്കി. ആന ഉടനെ അത്യുച്ചത്തിലുള്ള ദീനസ്വരത്തോടുകൂടി തിരുമുമ്പിൽ കൊമ്പുകുത്തി. ആനയുടെ കൊമ്പുകൾ മുഴുവനും നിലത്തു താഴ്ന്നു. ഉടനെ ആനക്കാരൻ അവിടെയെത്തി, ആനയെ എഴുന്നേൽപ്പിച്ചു കൂച്ചുവിലങ്ങിട്ടു കൊണ്ടുപോയി. ആന പേടിച്ചുവിറച്ചുകൊണ്ടാണു് ആനക്കാരൻമാരുടെ കൂടെപ്പോയതു്. പിന്നെ ആന തിരുമനസ്സിലെ ശബ്ദം കേട്ടാൽപ്പോലും നടുങ്ങുമായിരുന്നു. ഇപ്രകാരമുള്ള തിരുമനസ്സുകൊണ്ടു് നരസിംഹാംശസംഭൂതനാണെന്നു് ജനങ്ങൾ വിശ്വസിച്ചിരുന്നതിൽ അത്ഭുതമില്ലല്ലോ.

തിരുമനസ്സിലെ നാമം കേട്ടാൽത്തന്നെ പേടിക്കാത്തവരായി അക്കാലത്തു് ആരുമുണ്ടായിരുന്നില്ല. എന്നാൽ അക്രമമായി അവിടുന്നു് ആരെയും ശിക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നില്ല. വാസ്തവത്തിൽ അവിടുന്നു് ഏറ്റവും ദയാലുവായിരുന്നു. അവിടുന്നു് ക്രൂരപ്രവൃത്തി ഒന്നുംതന്നെ ചെയ്തിരുന്നില്ല. എന്നാൽ എത്ര വലിയ ആളായാലും കുറ്റം ചെയ്താൽ അവിടുന്നു് മുറയ്ക്കു ശിക്ഷിക്കാതെയിരിക്കാറില്ല. കുറ്റക്കാരുടെ പേരിൽ അവിടേക്കു് ലേശവും ദാക്ഷിണ്യമുണ്ടായിരുന്നില്ല. രാജ്യത്തു നീതി നടക്കണമെന്നും താൻ ഒന്നു നിശ്ചയിച്ചാൽ അതു് അപ്രകാരംതന്നെ നടക്കണമെന്നും അവിടേക്കു വളരെ നിർന്ധമുണ്ടായിരുന്നു. ഒരു ദിവസം കോവിലെഴുന്നള്ളത്തു സമയത്തു കൂടെയുണ്ടായിരുന്ന സർവ്വാധികാര്യക്കാരോടു് “നാളെ ഒരു കുലവാഴച്ചിറപ്പു നടത്തണം” എന്നു കൽപിച്ചു. കുലവാഴച്ചിറപ്പിനു് ആയിരത്തിൽക്കുറയാതെ കുലവാഴ വേണ്ടതാകയാൽ സർവാധികാര്യക്കാരൻ “നാളെ നടത്തുന്ന കാര്യം അസാധ്യമാണു്. നാലു ദിവസത്തെ ഇട കൽപിച്ചനുവദിക്കണം” എന്നു തിരുമനസ്സറിയിച്ചു. ഉടനെ അവിടുന്നു് “ചിറപ്പു നാളെത്തന്നെ വേണം. എല്ലാം പഴക്കുല ആയിരിക്കുകയും വേണം” എന്നു കല്പിച്ചു. പിന്നെയും കൽപനയ്ക്കു വിരോധമായി തിരുമനസ്സറിയിച്ചാൽ ശിക്ഷയുണ്ടാകുമെന്നു് അറിയാമായിരുന്നതുകൊണ്ടു് സർവ്വാധികാര്യക്കാർ “കൽപനപോലെ നടത്തിക്കൊള്ളാം” എന്നു തീരുമനസ്സറിയിച്ചു. പിറ്റേ ദിവസം വൈകുന്നേരം തിരുമനസ്സുകൊണ്ടു് പത്മനാഭസ്വാമി ദർശനത്തിനായി മതിലകത്തു് എഴുന്നളളിയ സമയം അവിടെയെല്ലാം പഴക്കുല വാഴകൊണ്ടു് അലങ്കരിച്ചിരുന്നു. ചിറപ്പു കേമമായും ഭംഗിയായും നടക്കുകയും അവിടുന്നു സന്തോഷിച്ചു സർവ്വാധികാര്യക്കാർക്കു ചില സമ്മാനങ്ങൾ കൽപിച്ചു കൊടുക്കുകയും ചെയ്തു. സർവ്വാധികാര്യക്കാർ പല ദിക്കുകളിലേക്കു് ആളുകളെ ഓടിച്ചു് അസംഖ്യം പഴുക്കടയ്ക്കയും കുലച്ച വാഴകളും വരുത്തി, കായയെല്ലാമറുത്തുകളഞ്ഞു് അവയുടെ സ്ഥാനത്തു പഴുക്കടയ്ക്ക കുത്തിക്കോർത്താണു് പഴക്കുലവാഴകളുണ്ടാക്കിച്ചതു്. അവിടത്തെ അഭിപ്രായവും അതുതന്നെയായിരുന്നു. ബുദ്ധിമാനായ സർവ്വാധികാര്യക്കാർ അതറിഞ്ഞു പ്രവർത്തിച്ചതിനാലാണു് തിരുമനസ്സിൽ സന്തോഷമുണ്ടാകുകയും കൽപ്പിച്ചു സമ്മാനം കൊടുക്കുകയും ചെയ്തതു്. തിരുമനസ്സിലേക്കു് സന്തോഷം തോന്നിയാൽ ഉടനെ എന്തെങ്കിലും കൽപ്പിച്ചു സമ്മാനം കൊടുക്കുക പതിവാണു്. ഒരിക്കൽ തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവകാലത്തു് ഒരു ദിവസം ശീവേലിക്കെഴുന്നള്ളിച്ചിരുന്ന സമയം മഹാരാജാവു തിരുമനസ്സുകൊണ്ടു ശ്രീപത്മനാഭസ്വാമിയെ ഉദ്ദേശിച്ചു് തന്റെ അടുക്കൽ നിന്നിരുന്ന സേവകനും വിദ്വാനും മഹാകവിയുമായിരുന്ന കിളിമാനൂർ ചെറുണ്ണിക്കോയിത്തമ്പുരാനവർകളോടു്:

“ശിബികായാം വിഭാത്യേഷഃ
ശ്രീമാനംബുരുഹേക്ഷണഃ”

എന്നൊരു ശോകത്തിന്റെ പൂർവാർദ്ധം തത്ക്ഷണമുണ്ടാക്കി കൽപ്പിക്കുകയും ഉടനെ കോയിത്തമ്പുരാനവർകൾ ഉത്തരാർദ്ധമായി,

“കനകാദ്രിസമാരൂടന്മ
ഘനകാന്തിം വിഡംബയൻ”

എന്നുണ്ടാക്കിച്ചൊല്ലുകയും ശീവേലി കഴിഞ്ഞു കൊട്ടാരത്തിലെഴുന്നള്ളിയ ഉടനെ തിരുമനസ്സുകൊണ്ടു കോയിത്തമ്പുരാനു് ആയിരംരൂപാ വിലയുള്ള വൈരക്കല്ലുകൾ വച്ച ഒരു ജോടി കടുക്കനും ഇപ്രകാരംതന്നെ ഒരാറാട്ടുദിവസം പത്മനാഭസ്വാമിയെ ശംഖുമുഖത്തേക്കു് (പടിഞ്ഞാറെ സമുദ്രതീരത്തേക്കു്) എഴുന്നള്ളിച്ച സമയം അകമ്പടിയായി എഴുന്നെള്ളിയിരുന്ന തിരുമനസ്സുകൊണ്ടു വഴിയുടെ രണ്ടു ഭാഗത്തുമുള്ള മേടകളിൽ സുന്ദരിമാരായ സ്ത്രീകളുടെ മുഖങ്ങൾ കണ്ടിട്ടു്

“രാകാശശാങ്കകലിതായതാമാലികേവ
മുഗ്ദ്ധാംഗനാവദനപംക്തിരിഹാവഭാതി”

എന്നൊരു ശ്ലോകത്തിന്റെ പൂർവ്വാർദ്ധം തത്ക്ഷണമുണ്ടാക്കിക്കൽപ്പിക്കുകയും അതിന്റെ ഉത്തരാർദ്ധമായി കോയിത്തമ്പുരാനവർകൾ ഉടനെ

“കിന്തു്വത്ര പങ്കജധിയാ മധുപാവലീവദുരാത്സമാപതതി കാമിജനാക്ഷിപംക്തിഃ”

എന്നുണ്ടാക്കിച്ചൊല്ലുകയും തിരുമനസ്സുകൊണ്ടു് സന്തോഷിച്ചു് അതിലേക്കു് കോയിത്തമ്പുരാനവർകൾക്കു് ഒരട്ടത്തോടൻ വീരശൃംഖലയും കൽപ്പിച്ചു സമ്മാനിച്ചു് എന്നുള്ളതു് പ്രസിദ്ധമാണല്ലോ.

ഇങ്ങനെ അവിടുന്നു് ഓരോ സന്ദർഭങ്ങളിൽ ഓരോ കാരണങ്ങളാൽ പലർക്കും അനേകം സമ്മാനങ്ങൾ കൽപിച്ചുകൊടുത്തിട്ടുണ്ടു്. തിരുമനസ്സുകൊണ്ടു് വലിയ വിദ്വാനും മഹാകവിയുമായിരുന്നതിനാൽ സംസ്കൃതവിദ്വാൻമാരും സംഗീതവിദ്വാൻമാരും മറ്റുമായ യോഗ്യൻമാർ പ്രതിദിനമെന്നപോലെ അവിടുത്തെ മുഖം കാണിക്കുന്നതിനായി ദൂരദേശങ്ങളിൽനിന്നു തിരുവനന്തപുരത്തു വന്നുകൊണ്ടിരുന്നു. അവരെയെല്ലാം തിരുമനസ്സുകൊണ്ടു് യഥായോഗ്യം സൽക്കരിക്കുകയും ചെയ്തിരുന്നു. തിരുമനസ്സുകൊണ്ടു് സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള ആളായിരുന്നതിനാൽ വരുന്നവരെല്ലാം ഒരുവിധം ലജ്ജാവനതമുഖൻമാരായിട്ടാണു് മടങ്ങിപ്പോവുക പതിവു്. താർക്കികൻമാരും വൈയാകരണൻമാരും ആലങ്കാരികൻമാരും മറ്റുമായി പരദേശങ്ങളിൽനിന്നു വരുന്ന വിദ്വാൻമാരോടു തിരുമനസ്സു കൊണ്ടു് കൽപ്പിച്ചു രണ്ടോ മൂന്നോ ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്കും അവർ തോൽക്കുക പതിവാണു്. അപ്രകാരം തന്നെ സംഗീതവിദ്വാൻമാർ വന്നാലും അവരിൽ പാട്ടുകാരെകൊണ്ടു പാടിക്കുകയും വീണവായനക്കാരെക്കൊണ്ടു വീണ വായിപ്പിക്കുകയും കൽപ്പിച്ചു കേട്ടിട്ടു സസന്തോഷം അവരെ വളരെ ശാഘിച്ചു ചിലതൊക്കെ കൽപ്പിക്കുകയും ഒടുക്കം തിരുമനസ്സുകൊണ്ടു സ്വൽപം പാടുകയോ വീണവായിക്കുകയോ ചെയ്യുകയും പതിവാണു്. തിരുമനസ്സിലെ പാട്ടോ വീണവായനയോ കേൾക്കുന്ന വിദ്വാൻമാരെല്ലാം അത്ഭുതപരവശൻമാരും ലജ്ജാവിഹ്വലൻമാരുമായിത്തീരും. ഈ ഗന്ധർവ്വന്റെ മുമ്പിൽ വന്നു തങ്ങളുടെ അല്പജ്ഞതയെ പ്രകടിപ്പിച്ചതു് ഭോഷത്വമായിയെന്നും “ഇവിടെനിന്നു സമ്മാനമൊന്നും കിട്ടണമെന്നില്ല, വല്ലവിധവും പോയിപ്പിഴച്ചാൽ മതി” എന്നും അവർ വിചാരിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും തിരുമനസ്സുകൊണ്ടു് എല്ലാവർക്കും യഥായോഗ്യം സമ്മാനങ്ങൾ കൽപ്പിച്ചുകൊടുക്കാറുണ്ടു്.

തിരുമനസ്സിലേക്കു് മലയാളത്തിലെന്നപോലെ സംസ്കൃതം, തമിഴു്, ഹിന്ദുസ്ഥാനി, തെലുങ്കു് മുതലായി അനേകം ഭാഷകളിൽ അപാരമായ പാണ്ഡ്യത്യമുണ്ടായിരുന്നു. അവയിലെല്ലാം കല്പിച്ചു പാട്ടുകളും മറ്റുമായി കവിതകളുണ്ടാക്കീട്ടുണ്ടു്. അവയിൽ പ്രധാനങ്ങൾ ഉത്സവവർണ്ണനം, മണി പ്രവാളബന്ധവും മണിപ്രവാളപദങ്ങളും, സംസ്കൃതത്തിൽ അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം എന്നിവയുമാണു്. ഇവകൂടാതെ അനേകം പദങ്ങളും വർണ്ണങ്ങളും കീർത്തനങ്ങളും മറ്റും കൽപ്പിച്ചുണ്ടാക്കീട്ടുണ്ടു്. കൽപ്പിച്ചുണ്ടാക്കീട്ടുള്ള കീർത്തനങ്ങളും പദങ്ങളും വർണ്ണങ്ങളും മറ്റും കേരളത്തിലും പരദേശങ്ങളിലുമുള്ള സംഗീതവിദ്വാൻമാർ ഇപ്പോഴും പഠിക്കുകയും പാടുകയും ചെയ്തുവരുന്നുണ്ടു്.

തിരുമനസ്സുകൊണ്ടു് ‘സ്വായത്തസിദ്ധി’ യായ ഒരു മഹാരാജാവു തന്നെയായിരുന്നു. സകലകാര്യങ്ങളും സ്വയമേവ ആലോചിച്ചു തീർച്ചചെയ്യുന്ന തല്ലാതെ അന്യോപദേശപ്രകാരം അവിടുന്നു യാതൊന്നും കല്പിച്ചു ചെയ്തിരുന്നില്ല. രാജ്യകാര്യങ്ങളെല്ലാം അവിടുന്നുതന്നെയാണു് അന്വേഷിക്കുകയും നടത്തുകയും ചെയ്തിരുന്നതു് . കൽപ്പനപ്രകാരമല്ലാതെ ഒരു കാര്യവും അക്കാലത്തു രാജ്യത്തു നടന്നിരുന്നില്ല. ദിവാൻജി മുതലായ ഉദ്യോഗസ്ഥൻമാർ തിരുമനസ്സിലെ കൽപ്പന പ്രകാരം കാര്യങ്ങൾ ചട്ടംകെട്ടി നടത്തുക മാത്രമേ അക്കാലത്തു ചെയ്തിരുന്നുള്ളു. അന്നത്തെ ദിവാൻജി ഒരിക്കൽ ഒരുമാസത്തെ അവധി കിട്ടിയാൽക്കൊള്ളാമെന്നു തിരുമനസ്സിലെ അടുക്കൽ അപേക്ഷിക്കുകയും അപേക്ഷപ്രകാരം കൽപ്പിച്ചനുവദിക്കുകയും ചെയ്തു. ദിവാൻജി ജോലി വിട്ടു പോകുന്നതിനു നിശ്ചയിച്ച ദിവസം തിരുമുമ്പാകെച്ചെന്നു മുഖം കാണിക്കുകയും “പകരം കൽപ്പിച്ചു് നിയമിക്കുന്നതു് പഴക്കവും പരിചയമുള്ളവരിൽ ആരെയെങ്കിലും വേണം. അല്ലെങ്കിൽ കാര്യങ്ങൾക്കു കുഴപ്പം നേരിട്ടേയ്ക്കും” എന്നു തിരുമനസ്സറിയിക്കുകയും അപ്രകാരം ഒരു ഭൃത്യനെ വിളിച്ചു് “ഹജൂർ കച്ചേരി അടിച്ചുവാരി പഴകിത്തേഞ്ഞിട്ടുള്ള ഒരു ചൂലെടുത്തു ദിവാൻജി കച്ചേരിയിൽ പതിവായിട്ടിരിക്കുന്ന കസേരയിൽ വച്ചേക്കണം. ദിവാൻജി തിരിച്ചുവന്നിട്ടല്ലാതെ അതു് അവിടെ നിന്നു് എടുത്തുമാറ്റുകയുമരുതു് ” എന്നു കൽപ്പിച്ചു. ആ ഭൃത്യൻ അപ്രകാരം ചെയ്തു. ദിവാൻജിക്കു പകരം ജോലി നോക്കുന്നതിനു് ആരെയും കല്പിച്ചു നിയമിച്ചുമില്ല. ഒരു മാസം കഴിഞ്ഞു ദിവാൻജി തിരിച്ചുവന്നു ജോലിയിൽ പ്രവേശിക്കുന്നതിനായി കച്ചേരിയിൽ ചെന്നപ്പോൾ താൻ പതിവായിട്ടിരിക്കുന്ന കസേരയിൽ ഒരു ചൂലിരിക്കുന്നതു് കണ്ടു് അതവിടെ കൊണ്ടു ചെന്നു വെച്ചതാരാണെന്നു് ചോദിച്ചു ദേഷ്യപ്പെട്ടു. അപ്പോൾ ഒരു ശിപായി കൽപ്പനപ്രകാരമാണു് അങ്ങനെ ചെയ്തതെന്നു് ബോധിപ്പിക്കുകയും ചൂലു് അവിടെനിന്നു് എടുത്തു മാറ്റുകയും ചെയ്തു. ദിവാൻജി സ്ഥലത്തില്ലാതെയിരുന്ന ഒരു മാസത്തിനിടയ്ക്കു രാജകാര്യങ്ങളിൽ യാതൊരു കുഴപ്പവും കൂടാതെ എല്ലാം ശരിയായി നടന്നിരുന്നു എന്നറിഞ്ഞപ്പോൾ ദിവാൻജി എന്നൊരാളെ പേരിനു മാത്രമായിട്ടാണു് കൽപ്പിച്ചു നിയമിച്ചിട്ടുളളതെന്നും രാജ്യകാര്യങ്ങളെല്ലാം തിരുമനസ്സിലെ ശക്തികൊണ്ടാണു് നടന്നുപോകുന്നതെന്നും തന്നെ അറിയിക്കാനായിട്ടാണു് കല്പിച്ചു് ഇപ്രകാരം ചെയ്യിച്ചതെന്നു ബുദ്ധിമാനായ ദിവാൻജി മനസ്സിലാക്കുകയാൽ പിന്നെ അതിനെക്കുറിച്ചു് ഒന്നും പറഞ്ഞതുമില്ല.

Chap63pge499.png

ഈ തിരുമനസ്സുകൊണ്ടു പ്രധാനമായി കൽപ്പിച്ചു ചെയ്തിട്ടുള്ള സംഗതികൾ, തിരുവനന്തുപുരത്തു് ഇദംപ്രഥമമായി ഒരിംഗ്ലീഷു് പള്ളിക്കൂടവും നക്ഷത്രബംഗ്ലാവും സ്ഥാപിക്കുകയും ഇപ്പോഴും “പുത്തൻമാളിക” എന്നുതന്നെ പറഞ്ഞുവരുന്ന കെട്ടിടം പണിയിക്കുകയും രഥമുണ്ടാക്കിച്ചു രഥത്തിലെഴുന്നള്ളത്തു തുടങ്ങുകയും ഹജൂർകച്ചേരിയും മറ്റും കൊല്ലത്തുനിന്നു മാറ്റി തിരുവനന്തപുരത്താക്കുകയും ജനങ്ങൾക്കു ദുസ്സഹങ്ങളും ദുർവ്വഹങ്ങളുമായിരുന്ന ചില നികുതികൾ നിർത്തുകയും സർവ്വേ തുടങ്ങിക്കുകയും മറ്റുമാണു്. ഈ തിരുമനസ്സുകൊണ്ടു് ധാർമ്മികനും ദാനശീലനും അനേകം ദാനധർമ്മങ്ങൾ ചെയ്തിട്ടുള്ള ആളുമായിരുന്നു. അവിടുന്നു സിംഹാസനാരോഹണം ചെയ്തതായ 1004-ആമാണ്ടു തന്നെ തുലാപുരുഷദാനവും 1009-ആമാണ്ടു പത്മഗർഭദാനവും കല്പിച്ചു നടത്തി. ഇപ്രകാരമെല്ലാം ഗുണവാനും അമാനുഷപ്രഭാവനുമായിരുന്ന ആ മഹാരാജാവു തിരുമനസ്സുകൊണ്ടു് 34-ആമത്തെ തിരുവയസ്സിൽ 1022-ആമാണ്ടു ധനുമാസത്തിൽ നിത്യാനന്ദപ്രദമായ പത്മനാഭ സായൂജ്യത്തെ പ്രാപിക്കുകയും ചെയ്തു.