close
Sayahna Sayahna
Search

പാഴൂർ പെരുംതൃക്കോവിൽ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

രിക്കൽ ഒരു നമ്പൂതിരി വിവാഹം കഴിക്കണമെന്നു നിശ്ചയിച്ചു ജാതകം നോക്കിക്കാനായി ചില സ്ത്രീജാതകങ്ങളും, തന്റെ ജാതകവും കൊണ്ടു് പാഴൂർ കണിയാരുടെ അടുക്കൽ ചെന്നു. കണിയാർ ജാതകങ്ങളെല്ലാം വാങ്ങി ആകപ്പാടെ ഒന്നുനോക്കീട്ടു് തമ്പുരാനിപ്പോൾ വിവാഹത്തിനായി ഉത്സാഹിക്കണമെന്നില്ല, അവിടേക്കു് ഇപ്പോൾ വലിയ ഗ്രഹപ്പിഴക്കാലമാണു്. ഒരു കൊല്ലത്തിനകം അവിടുന്നു തീപ്പെട്ടുപോകുമെന്നാണു് ജാതകം കൊണ്ടു കാണുന്നതു്. അതിനാൽ ജാതകം നോക്കണമെങ്കിൽ ഒരു കൊല്ലം കഴിഞ്ഞിട്ടുമതി. ഈ ഗ്രഹപ്പിഴ നീങ്ങികിട്ടണമെങ്കിൽ അതിനു തക്കവണ്ണമുള്ള പുണ്യകർമ്മമെന്തെങ്കിലും ചെയ്യണം. അതത്ര എളുപ്പമല്ലല്ലോ എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ നമ്പൂരിക്കു സാമാന്യത്തിലധികം വ്യസനമുണ്ടായിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. അദ്ദേഹം ഇതിനു മറുപടിയായി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. അപ്പോഴേക്കും നേരം സന്ധ്യയായി തുടങ്ങിയതിനാൽ പുഴയിൽ ഇറങ്ങി കുളിച്ചു് ഒരു നമ്പൂരി ഇല്ലത്തു പോയി അത്താഴവും കഴിച്ചു അവിടെ കിടന്നു. തന്റെ മരണത്തെക്കുറിച്ചുള്ള വിചാരംനിമിത്തം നമ്പൂരിക്കു രാത്രിയിൽ കിടന്നിട്ടു ഉറക്കം വന്നില്ല. അദ്ദേഹം അവിടെ കിടന്നുകൊണ്ടു് ഈ ഗ്രഹപ്പിഴനീങ്ങാൻ എന്താണു് ചെയ്യേണ്ടതെന്നു് വിചാരിച്ചു തുടങ്ങി. അദ്ദേഹം വിചാരിച്ചു് വിചാരിച്ചു് ഒടുക്കം ഒരു ക്ഷേത്രം പണിയിച്ചു ശിവപ്രതിഷ്ഠ കഴിപ്പിച്ചു് അവിടെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കു വേണ്ടുന്ന മുതൽ കൊടുത്തേക്കാമെന്നു നിശ്ചയിക്കുകയും അതിനുള്ള മുതൽ തന്റെ മനസ്സങ്കല്പം കൊണ്ടു് നീക്കിവയ്ക്കുകയും ചെയ്തു.

പിറ്റേദിവസം രാവിലെ അദ്ദേഹം വീണ്ടും കണിയാരുടെ അടുക്കൽ ചെന്നു തന്റെ ആയുസ്സിനെക്കുറിച്ചു ഒന്നു കൂടി ചിന്തിച്ചു പറയണമെന്നു പറഞ്ഞു. കണിയാർ വീണ്ടും നോക്കിയപ്പോൾ അദ്ദേഹത്തിനു ദീർഘായുര്യോഗം കാണുകയാൽ, തമ്പുരാനെന്തോ വലുതായ പുണ്യകർമം ചെയ്തിരിക്കുന്നതായി കാണുന്നുണ്ടു്, ഇനി ഭയപ്പെടാനൊന്നുമില്ല. അവിടേക്കു് ദീർഘായുര്യോഗം സിദ്ധിച്ചിരിക്കുന്നു. ഇനി ഉടനെ വിവാഹം നടത്താം എന്നു പറയുകയും, ജാതകം നോക്കി കൊടുക്കുകയും ചെയ്തു. എങ്കിലും താൻ നിശ്ചയിച്ച പുണ്യകർമം സാധിച്ചതിനു ശേ‌ഷമല്ലാതെ വിവാഹം കഴിയ്ക്കുന്നില്ലന്നു നമ്പൂരി തീർച്ചയാക്കി. അക്കാലത്തു പാഴൂർ തന്നെ തച്ചുശാസ്ത്രനിപുണനും യോഗ്യനുമായ ഒരു തച്ചൻ (ആശാരി) ഉണ്ടായിരുന്നു. നമ്പൂരി അവന്റെ അടുക്കൽ ചെന്നു വൈക്കത്തു പെരുംതൃക്കോവിൽപോലെ ഒരു ക്ഷേത്രം പണി കഴിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും, അതിലേക്കു ഒരു കണക്കു ഉണ്ടാക്കുകയും സ്ഥാനം നിശ്ചയിക്കുകയും പണി നടത്തിച്ചു തരികയും ചെയ്യണമെന്നു പറഞ്ഞു. തച്ചൻ അപ്രകാരം ചെയ്യാമെന്നു് സമ്മതിക്കുകയും,വൈക്കത്തു പെരുംതൃക്കോവിൽക്ഷേത്രത്തിന്റെ ആകൃതിയൊപ്പിച്ചു കണക്കുണ്ടാക്കുകയും, ക്ഷേത്രം പണിയുന്നതിനു് പൂർവ്വവാഹിനിയായ (കിഴക്കോട്ടു ഒഴുകുന്ന) പാഴൂർ പുഴയുടെ വക്കത്തു ഒരു സ്ഥാനം കാണുകയും, അവിടെ ആ കണക്കു് ഒപ്പിച്ചു ഒരമ്പലം പണി തീർക്കുകയുംചെയ്തു. നമ്പൂരി അവിടെ ശിവപ്രതിഷ്ഠ, കലശം, മുതലായവ നടത്തുകയും, ഒരു മഹാക്ഷേത്രത്തിൽ വേണ്ടുന്ന അഞ്ചു പൂജ, മൂന്നുശീവേലി, നവകം, പഞ്ചഗവ്യം മുതലായവ, പ്രതിദിനം നടത്തുന്നതിനും,മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കു വേണ്ടുന്ന വസ്തുവകകൾ ആ ദേവന്റെ വകയ്ക്കായി കൊടുക്കുകയും ചെയ്തു. ഇപ്രകാരമാണു് പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രമുണ്ടായതു്. ആ ക്ഷേത്രം വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ ആകൃതിയിൽ തന്നെയാണു് ഇപ്പോഴും കാണപ്പെടുന്നതു്. ഇനി ഈ ക്ഷേത്രം സംബന്ധിച്ചുള്ള ചില വിശേ‌ഷങ്ങൾ പറയാനുണ്ടു്. അവ താഴെ കുറിയ്ക്കുന്നു.

പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം പണി നടത്തിയ തച്ചപ്പണിക്കൻ നല്ല കണക്കനായിരുന്നുവെന്നു മുൻപു് പറഞ്ഞിട്ടുണ്ടല്ലോ. അതിനാലവനെ ക്ഷേത്രങ്ങൾക്കു കണക്കു നിശ്ചയിക്കുന്നതിനും സ്ഥാനം കാണുന്നതിനും മറ്റുമായി പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കൊണ്ടുപോവുക പതിവായിരുന്നു. ക്ഷേത്രം പണി തുടങ്ങിയാൽ അതു മുഴുവനായി കലശം കഴിയുന്നതുവരെ പ്രധാന തച്ചൻ പൂണൂൽ ധരിക്കണമെന്നും ക്ഷൗരം ചെയ്യിക്കാൻ പാടില്ലെന്നും ഒരേർപ്പാടുണ്ടല്ലോ.അതിനാൽ ഈ തച്ചപ്പണിക്കൻ എന്നും പൂണൂൽ ധരിച്ചുകൊണ്ടും, ക്ഷൗരം ചെയ്യിക്കാതെയുമാണു് ഇരുന്നിരുന്നതു്. ക്ഷേത്രം പണിക്കു പ്രാധാന്യം വഹിച്ചു കൊണ്ടിരിക്കാനല്ലാതെ അവനു സമയം കിട്ടിയിരുന്നില്ല. അവന്റെ ചുമതലയിൽ ഒരു സ്ഥലത്തു ഒരമ്പലം പണി തുടങ്ങിയാൽ അതു മുഴുവൻ ആകുന്നതിനു മുൻപു വേറെ നാലു ദിക്കിൽ തുടങ്ങും. അതിനാലവൻ എന്നും താടിയും തലയും വളർത്തി കൊണ്ടും പൂണൂൽ ധരിച്ചു കൊണ്ടുമിരുന്നു. അവന്റെ ദേഹം വെളുത്തു ചുവന്നും തടിച്ചുരുണ്ടും സ്വല്പം കുടവയറോടു കൂടിയതുമായിരുന്നു. കാഴ്ചയിൽ അവൻ നല്ല ശ്രീമാനും, തേജസ്വിയും ആകപ്പാടെ യോഗ്യനുമായിരുനു. ഇതെല്ലാം കൊണ്ടും ഇവനെകണ്ടിട്ടു് പരിചയമില്ലാത്തവർ ഒരാഢ്യൻ നമ്പൂരിയാണെന്നു തെറ്റിദ്ധരിക്കുക സാധാരണവുമായിരുന്നു.

ഈ തച്ചപ്പണിക്കനെ ഒരിക്കൽ ഒരു അമ്പലത്തിനു സ്ഥാനം നോക്കി നിശ്ചയിക്കാനായി കായംകുളത്തു രാജാവിന്റെ കല്പന പ്രകാരം ആളുകൾ വന്നു ഒരു തോണിയിൽ കയറ്റി കൊണ്ടുപോയി. ആ തോണി വേമ്പനാട്ടു കായലിലായപ്പോൾ തെക്കു നിന്നു വടക്കോട്ടു് ഒരുബോട്ടു വരുന്നതു കണ്ടു. ആ ബോട്ടിൽ പൂരാടംപിറന്ന ശക്തനായ ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവായിരുന്നു. ബോട്ടും തോണിയും തമ്മിൽ ഒട്ടടുത്തപ്പോൾ തന്നെ രാജാവു് തച്ചപ്പണിക്കനെ കാണുകയും വിശിഷ്ടനായ ഒരു ബ്രാഹ്മണശ്രേഷ്ടനാണന്നു തീർച്ചപ്പെടുത്തി ബോട്ടിനകത്തു എണീറ്റു നില്ക്കുകയും ചെയ്തു. രാജാവിനെ കണ്ടു തച്ചനും തോണീയിൽ എണീറ്റു നിന്നു. ബോട്ടും തോണിയുമായി നല്ലപോലെ അടുത്തപ്പോൾ രാജാവു് തച്ചനോടു് ‘ആരാണു്’ എന്നു ചോദിച്ചു. വിക്കി വിക്കി ‘ആ ആ ആരാണ്’ എന്നാണു ചോദിച്ചതു്. തച്ചപ്പണിക്കനും വിക്കിയിരുന്നതിനാൽ ‘അ അ അടിയൻ ത ത ത തച്ചനാണു’ എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇവൻ തന്നെക്കാൾ ആഭിജാത്യമുള്ള ആഡ്യന്മാരിലാരെങ്കിലുമായിരിക്കുമെന്നു വിചാരിച്ചു ബ്രാഹ്മണനായ താൻ സബഹുമാനം എണീറ്റു നിന്നുപോയതിലുള്ള കുണ്ഠിതവും, തച്ചനും വിക്കി വിക്കി പറഞ്ഞതു തന്നെ പരിഹസിച്ചാണെന്നു വിചാരിച്ചുണ്ടായ കോപവും രാജാവിനു സഹിക്കവയ്യാതെയായി. ഉടനെ അദ്ദേഹമൊരു വാളുമായി ആ തോണിയിൽ ചാടി കയറുകയും തച്ചന്റെ കഴുത്തു വെട്ടിമുറിച്ചു കായലിൽ ഇടുകയും ചെയ്തിട്ടു് പോകേണ്ടിയിരുന്ന ദിക്കിലേക്കു പോവുകയും ചെയ്തു.

ആ ദിവസം പാഴൂർ പെരുംതൃക്കോവിലിൽ ഉച്ചശീവേലിക്കെഴുന്നള്ളിച്ചു് ആദ്യത്തെ പ്രദിക്ഷിണം കിഴക്കെ നടയിൽ ആയപ്പോൾ‚ ‘മതി, അകത്തെഴുന്നള്ളിച്ചു നട പൂട്ടട്ടെ. എന്റെ തച്ചൻ മരിച്ചിരിക്കുന്നു; എനിക്കു അതുകൊണ്ടുള്ള വ്യസനം സഹിക്കവയ്യാതെയുമായിരിക്കുന്നു’ എന്നൊരശരീരിവാക്കു കേൾക്കപ്പെട്ടു. ഇതു പാഴൂർ തൃക്കോവിൽ ഭഗവാന്റെ അരുളപ്പാടാണന്നു വിശ്വസിച്ചു് ഉടനെ അകത്തെഴുന്നള്ളിക്കുകയും നട പൂട്ടുകയും ചെയ്തു. ഇപ്പോഴും അവിടെ ഉച്ച ശീവേലിക്കു ഒരു പ്രദിക്ഷിണമേ പതിവുള്ളു.

പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ പതിവായി നിവേദ്യം വകയ്ക്കും മറ്റുമുള്ള അരിയളന്നു കൊടുക്കുക മുതലായ പ്രവൃത്തികൾ നടത്തുന്നതിനു ഒരു മൂത്തതുണ്ടായിരുന്നു. അദ്ദേഹത്തിനു ക്ഷേത്രത്തിൽ നിന്നും പല അനുഭവങ്ങളും ആദായങ്ങളും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം വലിയ ചതുരംഗപ്പോരുകാരനായിരുന്നു. ചതുരംഗം വച്ചു് അദ്ദേഹം പലരെയും തോൽപ്പിക്കുകയും ആരോടും തോൽക്കാതിരിക്കുകയും ചെയ്തതിനാൽ ചതുരംഗത്തിൽ തന്നെ തോൽപ്പിക്കുന്നതിനു ഭൂലോകത്തിലാരുമില്ലെന്ന ഒരഹന്ത അദ്ദേഹത്തിനു് കലശലായിതീർന്നു.

അങ്ങിനെയിരിക്കുന്ന കാലത്തു് ആ ദേശക്കാരനും ‘കുറൂർ’ എന്ന ഇല്ലപ്പേരുമായ ഒരു നമ്പൂരിയും ഈ മൂത്തതും കൂടി ഒരു ദിവസം ചതുരംഗം വയ്ക്കുകയും, നമ്പൂരി മൂത്തതിനെ തോൽപ്പിക്കുകയും ചെയ്തു. അപ്പോൾ മൂത്തതു് ‘ഒരു വരകൂടി വയ്ക്കുകയാണങ്കിൽ ഞാൻ അങ്ങയെ തോൽപ്പിക്കും എന്നു പറഞ്ഞു. ‘തോൽപ്പിച്ചില്ല, മൂത്തതിനെ ഞാൻ തോൽപ്പിക്കുകയാണു് ചെയ്തതെങ്കിലോ’ എന്നു നമ്പൂരി ചോദിച്ചു. ‘അങ്ങിനെ വരികയാണങ്കിൽ എനിക്കു ഈ ക്ഷേത്രത്തിലുള്ള അവകാശങ്ങൾ മുഴുവനായും ഞാനങ്ങയ്ക്കു് ഒഴിഞ്ഞുതന്നേക്കാം’ എന്നു് മൂത്തതു പറഞ്ഞു. അപ്രകാരം മൂത്തതിനെക്കൊണ്ടു് സത്യം ചെയ്യിപ്പിച്ചതിന്റെ ശേ‌ഷം നമ്പൂതിരി മൂത്തതിനോടുകൂടി വീണ്ടും ചതുരംഗം വയ്ക്കുകയും, മൂത്തതിനെ തോൽപ്പിക്കുകയും ചെയ്തു. മൂത്തതു സത്യപ്രകാരം ക്ഷേത്രത്തിലെ സകല അവകാശങ്ങളും നമ്പൂതിരിക്കു ഒഴിഞ്ഞു കൊടുത്തിട്ടു് കുടുംബസഹിതം ആ ദേശത്തു നിന്നും പൊയ്ക്കളഞ്ഞു. അതിനാൽ ഇപ്പോഴും പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ മൂത്തതില്ല. മൂത്തതു നടത്തിവന്നിരുന്ന പ്രവൃത്തികളെല്ലാം ഇപ്പോൾ കുറൂരു നമ്പൂതിരിയുടെ ആൾക്കാരായ ചിലരാണു് നടത്തി വരുന്നതു് . മൂത്തതിനുണ്ടായ അനുഭവങ്ങളെല്ലാം ദേവസ്വത്തിൽ നിന്നു കുറൂരു നമ്പൂതിരിക്കു് കൊടുത്തുവരുന്നുണ്ടു്.

പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രതിരുമുറ്റത്തു വളരെ പഴക്കമുള്ളതായ ഒരു വരിക്കപ്ലാവു് ഇപ്പോഴും നിൽക്കുന്നുണ്ടു്. അതുണ്ടായതെന്നാണെന്നു ഓർമ്മയുള്ളവരായി ആരും ആ ദിക്കിലില്ല. വലിയ വയോവൃദ്ധന്മാരോടു ചോദിച്ചാലും അവർക്കു ഓർമ്മയുള്ള കാലം മുതൽ അതങ്ങനെ അവിടെ നിൽക്കുന്നുണ്ടന്നുപറയും. അതിനെ ‘കീഴു് ലോകത്തു് വരിക്ക’ എന്നാണു എല്ലാവരും പറഞ്ഞു വരുന്നതു്. ആ പ്ലാവിന്റെ ആഗമനത്തെകുറിച്ചുള്ള ഐതിഹ്യം ഏറ്റവും രസകരമാണു്.

Chap37pge258.png

ഒരിക്കൽ പാഴൂർ പെരുംതൃക്കോവിലെ കലശക്കുടങ്ങൾ മുക്കാനായി ക്ഷേത്രത്തിൽ പ്രവർത്തിക്കാരിലൊരാൾ പുഴയിൽ കൊണ്ടുപോയി. ആ കൂട്ടത്തിൽ ഒരു സ്വർണ്ണക്കുടം ഉണ്ടായിരുന്നു. അതു ക്ഷേത്രത്തിൽ പതിവായിട്ടുള്ള നവകത്തിനു ബ്രഹ്മക്കുടമായി ഉപയോഗിക്കുന്നതായിരുന്നു. ആ കുടം മുക്കിയപ്പോൾ കയ്യിൽ നിന്നു തെറ്റി വെള്ളത്തിൽ പോവുകയും പുഴയിൽ താണുപോവുകയും ചെയ്തു. ഉടനെ ആ കഴകക്കാരൻ ‘അയ്യോ! പൊങ്കുടം പോയല്ലോ’ എന്നു പറഞ്ഞു് ആറ്റിൽ ചാടിമുങ്ങി. കുടം താണുപോകുന്നതു് അയാൾക്കു കാണാമായിരുന്നു. എങ്കിലും പിടിക്കാൻ പറ്റിയില്ല. അതിനാൽ അയാളും കുടത്തിന്റെ പിന്നാലെ പോയി. അങ്ങിനെ വളരെ താഴെ ചെന്നപ്പോൾ വെള്ളമവസാനിക്കുകയും അവിടമൊരു കരപ്രദേശമായി കാണപ്പെടുകയും ചെയ്തു. അവിടെ കുറെ ആളുകൾ കൂടി ചക്കപ്പഴം തിന്നു കൊണ്ടിരിക്കുകയായിരുന്നു. അവർ ഈ മനു‌ഷ്യനെ കണ്ടപ്പോൾ ഒരു തുണ്ടം ചക്കപ്പഴം അയാൾക്കു തിന്നാനായി കൊടുക്കുകയും അതിലുള്ള കുരുവെല്ലാം തിരികെ ഏൽപ്പിക്കണമെന്നു പറയുകയും ചെയ്തു. അയാൾ ആ ചക്കപ്പഴം തിന്നു നോക്കി. അതിന്റെ മാധുര്യം അസാധാരണമായി അയാൾക്കു തോന്നി. അത്ര വിശേ‌ഷപ്പെട്ട ചക്കപ്പഴം അയാൾ അതിനു മുൻപു് ഒരിക്കലും തിന്നിട്ടില്ലായിരുന്നു. എന്തായാലും ഇതിന്റെ ഒരു കുരു തട്ടിയെടുത്തു് നമ്മുടെ ദിക്കിൽ കൊണ്ടുപോകണം’ എന്നു അയാൾ നിശ്ചയിക്കയും, അവിടെയുള്ളവരറിയാതെ ഒരു കുരു മുണ്ടിനടിയിൽ ഒളിച്ചുവയ്ക്കുകയും ചെയ്തു. പിന്നെ ആ മനു‌ഷ്യൻ പൊങ്കുടവുമെടുത്തു് അവിടെ ഉണ്ടായിരുന്നവരോടു് യാത്രയും പറഞ്ഞു തിരിച്ചു പോരുകയും പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ കടവിൽ തന്നെ വന്നു കയറുകയും ചെയ്തു. അയാൾ മോഷ്ടിച്ചു കൊണ്ടു പോന്ന ചക്കക്കുരു കുഴിച്ചിട്ടു മുളപ്പിച്ചുണ്ടാക്കിയ പ്ലാവിനെയാണു ഇപ്പോൾ ‘കീഴു് ലോകത്തു വരിക്ക’ എന്നു പറഞ്ഞുപോരുന്നതു്. ഇങ്ങനെ അനേകം വിശേ‌ഷങ്ങളോടു കൂടിയതാണു പാഴൂർ പെരുംതൃക്കോവിൽ എന്നു പറഞ്ഞു കൊണ്ടു് ഈ ഉപന്യാസത്തെ അവസാനിപ്പിച്ചുകൊള്ളുന്നു.