close
Sayahna Sayahna
Search

കൊടുങ്ങല്ലൂർ വസൂരിമാല


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മേലെഴുതിയിരിക്കുന്ന പേർ കൊടുങ്ങല്ലൂർ വെളിച്ചപ്പാടു് എന്നു പറഞ്ഞു ഭിക്ഷയ്ക്കു നടക്കുന്നവർ പറഞ്ഞെങ്കിലും കേട്ടിട്ടില്ലാത്തവർ കേരളത്തിൽ അധികമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ അതാരാണെന്നും ആ മൂർത്തിയുടെ ഉത്ഭവം ഏതു പ്രകാരമാണെന്നും മറ്റും അറിഞ്ഞിട്ടുള്ളവർ ചുരുക്കമാണെന്നാണു് തോന്നുന്നതു് . അതിനാൽ വസൂരിമാലയുടെ ഒരു വിവരണം അനാവശ്യമാവുകയില്ലെന്നു കേവലം വിശ്വസിക്കുന്നു.

ത്രൈലോക്യകണ്ടകനായി ദാരുകൻ എന്നൊരസുരനുണ്ടായിരുന്നു എന്നും അവനെ നിഗ്രഹിക്കുന്നതിനായി ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണിൽനിന്നു ഭദ്രകാളി അവതരിക്കുകയും ആ ദേവി യുദ്ധത്തിൽ അവനെ കൊല്ലുകയും ചെയ്തുവെന്നും മുറ്റുമുള്ള കഥ മാർക്കണ്ഡേയപുരാണത്തിൽ അന്തർഭൂതമായ ഭദ്രോൽപ്പത്തി പ്രകരണം വായിച്ചുംമറ്റും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ആ ദാരുകാസുരന്റെ ഭാര്യ മയാസുരന്റെ പുത്രിയായ മനോദരി എന്ന സുന്ദരിയായിരുന്നു. ദാരുകൻ ഭദ്രകാളിയുമായുള്ള യുദ്ധത്തിൽ മരിച്ചുപോകുമെന്നു് ഏകദേശം തീർച്ചയായപ്പോൾ മനോദരി കൈലാസസമീപത്തിങ്കൽ ചെന്നു ശ്രീപരമേശ്വരനെക്കുറിച്ചു് അതികഠിനമായ തപസ്സുതുടങ്ങി. അവൾ വളരെക്കാലം തപസ്സുചെയ്തിട്ടും ഭഗവാൻ പ്രസാദിക്കുകയോ അവൾക്കു വല്ല വരവും കൊടുക്കുകയോ ചെയ്തില്ല. അതിനാൽ ശ്രീപാർവ്വതി “അല്ലയോ ഭഗവാനേ! പ്രാണനാഥാ! ഈ സ്ത്രീ ഭഗവാനെക്കുറിച്ചു് അവളുടെ അഭീഷ്ടങ്ങളെക്കൊടുത്തയയ്ക്കാത്തതെന്താണു്?” എന്നു ചോദിച്ചു. ശ്രീപരമേശ്വരൻ: “അല്ലയോ ഭദ്ര! പ്രാണപ്രിയേ! ഇവൾ ഏറ്റവും ദുഷ്ടയാണു്. ഇവളുടെ ഭർത്താവായ ദാരുകാസുരനു ബ്രഹ്മാവു വേണ്ടുന്ന വരങ്ങളെല്ലാം കൊടുക്കുക നിമിത്തം അവൻ ത്രൈലോക്യവാസികളെ എത്രമാത്രം ഉപദ്രവിച്ചു എന്നതു് ഭവതിക്കുമറിയാമല്ലോ.ഇവളുടെ ഇഷ്ടപ്രകാരമുള്ള വരം ഞാൻ കൊടുക്കുകയാണെങ്കിൽ ഇവളും ലോകോപദ്രവകാരിണിയായിത്തീരും. അതിനാലാണു് ഞാൻ ഇവൾക്കു വരമൊന്നും കൊടുക്കാതെയിരിക്കുന്നതു്. ദാരുകനെ ഇപ്പോൾ നമ്മുടെ പുത്രിയായ ഭദ്രകാളി നിഗ്രഹിച്ചിരിക്കും. അവന്റെ ഉപദ്രവം തീർന്നപ്പോഴേക്കും മറ്റൊരു ഉപദ്രവം ഉണ്ടാക്കിവച്ചു് എന്നു വരുത്തുന്നതു് കഷ്ടമാണല്ലോ. ശ്രീപാർവതി, “അതൊക്കെ ശരിതന്നെ. എങ്കിലും ആശ്രയിക്കുന്നവരെ അനുഗ്രഹിക്കാതിരിക്കുന്നതും കഷ്ടമാണല്ലോ. ഇവളുടെ ഭർത്താവിനെ നമ്മുടെ പുത്രി നിഗ്രഹിച്ചുവെങ്കിൽ ഇവളിപ്പോൾ അനാഥയായ ഒരു വിധവയായിതീർന്നിരിക്കുന്നു. ഇവളെ അവിടുന്നു് അനുഗ്രഹിക്കാത്തപക്ഷം ഇവൾക്കു ഇനി ആരാണു് ഒരു ശരണം? അതിനാൽ എന്തെല്ലാമായാലും അവിടുന്നു ഇവളെ അനുഗ്രഹിച്ചയയ്ക്കണം” എന്നു പറഞ്ഞു. ഇപ്രകാരം ശ്രീ പാർവതിയുടെ നിർബന്ധം നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ദേഹത്തിലെ വിയർപ്പുവെള്ളം വടിച്ചെടുത്തു കൊടുത്തിട്ടു്,“നീ ഇതു കൊണ്ടുപോയി മനു‌ഷ്യരുടെ ദേഹതിൽ തളിക്കുക. നിനക്കു വേണ്ടുന്നതെല്ലാം മനു‌ഷ്യർ തരും” എന്നരുളിച്ചെയ്തു മനോദരിയെ അയച്ചു.

Chap58pge451.png

മനോദരി ഇപ്രകാരം ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടു കൈലാസത്തിങ്കൽ നിന്നു പുറപ്പെട്ടു്. മദ്ധ്യേമാർഗ്ഗം അവൾ ഭദ്രകാളിയെക്കണ്ടു. ഭദ്രകാളി ദാരുകനെ കൊന്നു് അവന്റെ ശിരസ്സു മുറിച്ചെടുത്തു് ഇടതുകൈയിൽ വഹിച്ചു കൊണ്ടും വേതാളിയുടെ കഴുത്തിൽ കയറി ഭൂതപ്രേതപിശാചാദികളൊടുംകൂടി ജയഭേരി മുഴക്കിച്ചുകൊണ്ടും ആർത്തിവിളിച്ചുകൊണ്ടും കൈലാസത്തിങ്കലേക്കുള്ള വരവായിരുന്നു. ഈ ഘോ‌ഷയാത്ര കണ്ടിട്ടു് മനോദരിക്കു് ഒട്ടു രസിച്ചില്ലെന്നല്ല വളരെ വ്യസനമുണ്ടാകുകയും ചെയ്തു. ഈ ദുഷ്ട എന്റെ ഭർത്താവിനെ കൊന്നുവല്ലോ. അതിനാൽ ഇതു് ആദ്യം ഇവളിൽത്തന്നെ പ്രയോഗിക്കാം എന്നു വിചാരിച്ചു മനോദരി ശ്രീപരമേശ്വരൻ കൊടുത്ത വിയർപ്പുവെള്ളത്തിൽ നിന്നു് സ്വല്പമെടുത്തു ഭദ്രകാളിയുടെ ദേഹത്തിൽ തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തിലെല്ലാം കുരുക്കൾ പുറപ്പെട്ടു. തലവേദന പനി മുതലായ സുഖക്കേടുകൾ കൊണ്ടു ദേവി ഏറ്റവും പരവശയായിത്തീർന്നു. അതിനാൽ ഭഗവതി ഒരുവിധം വാഹനത്തിൽ നിന്നിറങ്ങി വഴിയിൽത്തന്നെ കിടപ്പായി. ഉടനെ ഭൂതഗണങ്ങളിൽ ചിലർ ഓടിച്ചെന്നു വിവരം ശ്രീപരമേശ്വരന്റെ അടുക്കൽ ഉണർത്തിച്ചു. അതുകേട്ടു ഭഗവാൻ ഏറ്റവും കോപത്തോടു വ്യസനത്തോടും കൂടി ആസനത്തിങ്കൽ നിന്നു് എണീറ്റു. അപ്പോൾ ഭഗവാന്റെ ചെവിയിൽനിന്നു് ഒരു ഭയങ്കരമൂർത്തി ഉത്ഭവിച്ചു. ഉടനെ ഭഗവാൻ ആ തനുജനെ അടുക്കൽ വിളിച്ചു. “അല്ലയോ വത്സാ, ഞാൻ നിനക്കു ഘണ്ടാകർണ്ണൻ എന്നു പേരിട്ടിരിക്കുന്നു. നീ ക്ഷണത്തിൽ പോയി നിന്റെ സഹോദരിയുടെ അവശത തീർത്തു വരണം. അവൾ ഏറ്റവും പരവശയായി വഴിയിൽ കിടക്കുന്നു എന്നരുളിച്ചെയ്തു.

ഉടനെ ഘണ്ടാകർണ്ണൻ ശ്രീ പരമേശ്വരന്റെ പാദങ്ങളിൽ വീണു നമസ്കരിച്ചു് അനുഗ്രഹവും വാങ്ങിക്കൊണ്ടു് പുറപ്പെട്ടു. കുറെ ദൂരം ചെന്നപ്പോൾ പരവശയായി വഴിയിൽ കിടന്നിരുന്ന ഭദ്രകാളിയെ കണ്ടിട്ടു് ആ ശിവപുത്രൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. ഒടുക്കും മുഖത്തു നക്കാനായി ഭാവിച്ചപ്പോൾ ഭദ്രകാളിമുഖം തിരിച്ചുകൊണ്ടു് “നീ എന്റെ സഹോദരനാണല്ലോ. മുഖത്തോടുമുഖം ചേർക്കുക ശരിയായിട്ടുള്ളതല്ല. അതിനാൽ മുഖത്തുള്ള കുരുക്കൾ എന്നും എനിക്കു് ഭൂ‌ഷണമായിരിക്കട്ടെ. ശേ‌ഷമുണ്ടായിരുന്നതെല്ലാം പോയപ്പോൾത്തന്നെ എനിക്കു സുഖമായിക്കഴിഞ്ഞു.” എന്നരുളിച്ചെയ്തു. ഉടനെ ഭഗവതി ചുഴലവും നോക്കിയപ്പോൾ പേടിച്ചുവിറച്ചു ദൂരെ മാറി നോക്കിക്കൊണ്ടു നിന്നിരുന്ന മനോദരിയെ കണ്ടിട്ടു് അവളെ പിടിച്ചുകൊണ്ടുവരുന്നതിനു ഘണ്ടാകർണ്ണനോടു് കല്പിച്ചു. ഘണ്ടാകർണ്ണൻ മനോദരിയെ പിടിച്ചു ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. ദേവി തന്റെ വാൾ കൊണ്ടു് അവളുടെ കണ്ണും ചെവിയും കാലും ചേദിച്ചിട്ടു്, “നീ ഇനി കണ്ടും, കേട്ടും ഓടിയും ചെന്നു മനു‌ഷ്യരെ ഉപദ്രവിക്കരുതു്. നിന്റെ മനോദരിയെന്നുള്ള പേരിനെ മാറ്റി നിനക്കു ഞാൻ “വസൂരി” എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക” എന്നരുളിച്ചെയുകയും അവളെക്കൂടി തന്റെ ഭൂതഗണങ്ങളുടെ കൂട്ടതിൽ കൈലാസത്തിങ്കലേക്കു് കൊണ്ടുപോവുകയും ചെയ്തു.

ഇപ്രകാരമാണു് വസൂരിമാല എന്ന ദേവത ഉണ്ടായിത്തീർന്നതു്. ആ ദേവത ബാധിച്ചിട്ടാണു് വസൂരി അല്ലെങ്കിൽ മസൂരി എന്ന വ്യാധിയുണ്ടാകുന്നതെന്നും ഭദ്രകാളിക്കു വിരോധമുണ്ടാകുന്ന കാലങ്ങളിൽ ആ ദേവി പറഞ്ഞയച്ചിട്ടാണു് ഈ ദേവത മനു‌ഷ്യരെ ബാധിക്കുന്നതെന്നുമാണു് ചിലരുടെ വിശ്വാസം. വസൂരിമാലയ്ക്കു് കണ്ണും ചെവിയും കാലുമില്ലല്ലോ. അതിനാൽ ആ ദേവത മണം പിടിച്ചും നിരങ്ങിയും ചെന്നാണു് മനു‌ഷ്യരെ ബാധിക്കുന്നതെന്നും അതുകൊണ്ടാണു് അടുത്ത സ്ഥലങ്ങളിൽ വസൂരിയുള്ളപ്പോൾ കടുകു വറുക്കുകയും പപ്പടം കാച്ചുകയും മറ്റും ചെയ്യരുതെന്നു പറയുന്നതെന്നും ചിലർ പറയുന്നു.

പ്രശ്നക്കാർ പറയുന്നതു് വസൂരി, ചൊവ്വാസംബന്ധമായ ഒരു രോഗമാണെന്നും ചൊവ്വയുടെ വിരോധംകൊണ്ടാണു് അതുണ്ടാകുന്നതെന്നുമാണല്ലോ. ചൊവ്വാ എന്ന ഗ്രഹത്തെക്കൊണ്ടു് നിർദ്ദേശിക്കുന്നതും ഭദ്രകാളിയെ ആണല്ലോ. എന്നാൽ വൈദ്യന്മാർ പറയുന്നതു് വസൂരിയും ത്രിദോ‌ഷങ്ങൾ കോപിച്ചിട്ടുണ്ടാകുന്ന മറ്റു രോഗങ്ങളെപ്പോലെ തന്നെ ഒന്നാണെന്നാണു്. രോഗങ്ങൾ എല്ലാം തന്നെ പകരുന്നതാണെന്നും നേത്രത്വഗ്‌‌രോഗങ്ങൾക്കു വിശേ‌ഷിച്ചും പകരാനുള്ള ശക്തിയുണ്ടെന്നുമാണല്ലോ വൈദ്യശാസ്ത്രം ഘോ‌ഷിക്കുന്നതു്. വസൂരിയും ത്വഗ്‌‌രോഗങ്ങളുടെ കൂട്ടത്തിലുള്ളതാകയാൽ പകരുന്നതിനെളുപ്പമുണ്ടെന്നേ അതിനൊരു വിശേ‌ഷമുള്ളു എന്നാണു് വൈദ്യന്മാർ പറയുന്നതു്. എന്നാൽ വസൂരി ദീനത്തിനു സാധാരണ വൈദ്യന്മാർ ചികിത്സിക്കാറില്ല. വസൂരിക്കു ചികിത്സിക്കുന്ന വൈദ്യന്മാർ പ്രത്യേകമൊരു കൂട്ടക്കാരാണു്. അഷ്ടാംഗഹൃദയവും മറ്റും അവർ പഠിക്കാറുമില്ല. അവരുടെ ശാസ്ത്രവും വേറെയാണു്. “വസൂരിപടലം” എന്നും മറ്റും അവർക്കു പ്രത്യേകം ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളുണ്ടു്. അവയിൽ പറയുന്ന പ്രകാരമാണു് അവർ ചികിത്സിക്കുന്നതു് . എന്നാൽ വസൂരി ഉണ്ടാകാതെയിരിക്കാനും ഉണ്ടായാൽ അതിന്റെ ശമനത്തിനായിട്ടും ഭദ്രകാളിയെ സേവിക്കുകയാണു് വേണ്ടതെന്നു മിക്കവരും സമ്മതിക്കുന്നുമുണ്ടു്. അതു യുക്തവും തന്നെ. “ആപദി കിം കരണീയം” എന്ന ചോദ്യത്തിനു “സ്മരണീയം ചരണയുഗളമംബായാഃ” എന്നാണല്ലോ കാക്കശ്ശേരി ഭട്ടതിരി ഉത്തരം പറഞ്ഞിരിക്കുന്നതു്.