close
Sayahna Sayahna
Search

കൊല്ലം വിഷാരിക്കാവു്


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഭദ്രകാളിക്ഷേത്രം ഇപ്പോൾ സ്ഥിതിചെയ്യുന്നതു് ബ്രിട്ടീ‌ഷു മലബാറിൽ കുറുമ്പ്രനാടു താലൂക്കിൽ ചേർന്ന വിയ്യ്യൂരംശം മണ്ണമംഗലം ദേശത്തു പന്തലായിനി തീവണ്ടി സ്റ്റേ‌ഷനു് ഒന്നരനാഴിക വടക്കുപടിഞ്ഞാറാണു്. ഇതു പണ്ടു തിരുവിതാംകൂറിൽ കൊല്ലത്തായിരുന്നു. അവിടെയിരുന്ന ഈ ക്ഷേത്രം ഇവിടെയായിത്തീർന്നതെങ്ങനെയെന്നും മറ്റും താഴെ പറയുന്നു.

പണ്ടു വൈശ്യജാതിക്കാരായ ഏതാനും കുടുംബക്കാർ പരദേശത്തുനിന്നു കൊല്ലത്തുവന്നു താമസിച്ചിരുന്നു. അവരുടെ പ്രധാന തൊഴിലുകൾ പട്ടുനെയ്ത്തും സ്വർണ്ണവ്യാപാരവുമായിരുന്നു. അതുകൊണ്ടു് അവർ കാലക്രമേണ ധനവാന്മാരായിത്തീർന്നു.

അങ്ങനെയിരുന്ന കാലത്തു് അവരിൽ ഒരാൾ ശ്രീപോർക്കലിയിൽപ്പോയി ഭഗവതിയെസ്സേവിച്ചു താമസിച്ചു. അതിനി‌ഷ്ഠയോടുകൂടിയുള്ള സേവകൊണ്ടു ഭഗവതി അയാളെക്കുറിച്ചു് ഏറ്റവും സന്തുഷ്ടയായി ഭവിക്കുകയാൽ ഒരു ദിവസം രാത്രിയിൽ അയാൾ ഉറങ്ങിക്കിടന്നിരുന്ന സമയം ആരോ അയാളുടെ അടുക്കൽ ചെന്നു. “നിന്റെ ഭക്തിവിശ്വാസാദികൾകൊണ്ടു ഞാനേറ്റവും പ്രസാദിച്ചിരിക്കുന്നു. ഇനി ഇപ്രകാരം കഠിനമായ തപസ്സുചെയ്തു നീ കഷ്ടപ്പെടണമെന്നില്ല. നിന്റെ തലയ്ക്കലിരിക്കുന്ന നാന്ദകം വാളെടുത്തു നിനക്കു സ്വദേശത്തേക്കു പോകാം. എന്റെ ആയുധം വെച്ചു പതിവായി എന്നെ പൂജിച്ചുകൊണ്ടിരുന്നാൽ നീ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാൻ സാധിപ്പിച്ചുതന്നുകൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്തു ഞാനുണ്ടെന്നു ദൃഢമായി വിശ്വസിച്ചുകൊള്ളുക” എന്നു പറഞ്ഞതായി അയാൾക്കു തോന്നി. അയാൾ പെട്ടെന്നു കണ്ണു തുറന്നുനോക്കിയസമയം ദുർന്നിരീക്ഷ്യമായ ഒരു തേജസ്സുമാത്രം കാണുകയും ഉടനെതന്നെ അതു മറഞ്ഞുപോവുകയും ചെയ്തു. അതു ദേവി തന്റെ അടുക്കൽ എഴുന്നള്ളി അരുളിച്ചെയ്തതു തന്നെയാണെന്നു് അയാൾ ദൃഢമായി വിശ്വസിക്കുകയും തലയ്ക്കൽ നോക്കിയപ്പോൾ ഒരു നാന്ദകം വാൾ അവിടെ ഇരിക്കുന്നതായി കാണുകയും ചെയ്തു.

Chap81pge683.png

അയാൾ കൊല്ലത്തു മടങ്ങിയെത്തിയതിന്റെ ശേ‌ഷം അവിടെ ഒരു ക്ഷേത്രം പണിയിച്ചു ഭഗവതിയെ പ്രതി‌ഷ്ഠിക്കുകയും പീഠത്തിന്മേൽ നാന്ദകം വാൾകൂടി വെച്ചു പതിവായി പൂജിച്ചു ഭഗവതിയെ ഭക്തിപൂർവ്വം സേവിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആ വൈശ്യൻ ഒരു വി‌ഷഹാരിയുമായിരുന്നു. അതിനാൽ അയാളുണ്ടാക്കിയ ക്ഷേത്രത്തിനും “വി‌ഷഹാരിക്കാവു്” എന്നു നാമം സിദ്ധിച്ചു. അതു ലോപിച്ചു കാലക്രമേണ “വി‌ഷാരിക്കാവു്” എന്നായിത്തീർന്നു. മുൻപേതന്നെ വലിയ ധനവാന്മാരായിരുന്ന വൈശ്യന്മാർക്കു ഭഗവതിയുടെ സാന്നിദ്ധ്യംകൂടിയുണ്ടായപ്പോൾ ധനം സംഖ്യയില്ലാതെ വർദ്ധിച്ചു. അവർ കപ്പലുകളും പത്തേമാരികളും പണിയിച്ചു് അവരുടെ കച്ചവടം യൂറോപ്പുരാജ്യങ്ങൾ വരെ പ്രചരിപ്പിച്ചുതുടങ്ങി. അപ്പോഴേക്കും വി‌ഷഹാരിയും ദേവിയെസ്സേവിച്ചുകൊണ്ടുവന്ന ആളുമായ വൈശ്യനും ധനമെന്നപോലെതന്നെ അഹങ്കാരവും സീമാതീതമായി വർദ്ധിച്ചു. അതിനാലവർ ക്രമേണ രാജാവിനെപ്പോലും കൂട്ടാക്കാതെയും രാജാവിനു ക്രമപ്രകാരം കൊടുക്കേണ്ടുന്ന നികുതിയും മറ്റും കൊടുക്കാതെയുമായി. മു‌ഷ്കന്മാരായ വൈശ്യന്മാരുടെ ധിക്കാരം ക്രമേണ രാജാവിനു ദുസ്സഹമായിത്തീർന്നു. അതിനാൽ കൊല്ലത്തു താമസിക്കുന്ന സകല വൈശ്യന്മാരും മൂന്നുദിവസത്തിനകം നാടുവിട്ടുപൊയ്ക്കൊള്ളണം” എന്നൊരു രാജകല്പന പുറപ്പെട്ടു. അപ്പോൾ വൈശ്യന്മാരാകപ്പാടെ പരിഭ്രാന്തഹൃദയരും വിഹ്വലരുമായിത്തീർന്നു. ഭഗവതിയെ പ്രതി‌ഷ്ഠിച്ചുസേവിച്ചുകൊണ്ടിരുന്നവരുൾപ്പെടെ എട്ടു കുടുംബക്കാർ കല്പന കേട്ട ക്ഷണത്തിൽ അവരുടെ സകല സ്ഥാവരജംഗമസ്വത്തുക്കളും പത്തേമാരികളിലാക്കിക്കൊണ്ടു സമുദ്രമാർഗ്ഗേണ വടക്കോട്ടു പുറപ്പെട്ടു. ഭഗവതിയെ സ്സേവിച്ചുകൊണ്ടിരുന്ന വൈശ്യൻ യാത്രയായ സമയം ആ ഭഗവതിയെ നാന്ദകം വാളിന്മേൽ ആവാഹിച്ചെടുത്തുകൊണ്ടാണു് പോയതു്. ശേ‌ഷമുണ്ടായിരുന്ന കുടുംബക്കാർ അവരുടെ പൂർവ്വസ്ഥലമായ പാണ്ഡ്യരാജ്യത്തേക്കും പോയി.

വടക്കോട്ടു പോയവർ കരയോടു ചേർന്നു പത്തേമാരി ഓടിച്ചുപോയ സമയം ഒരു സ്ഥലത്തു പശുക്കളും പുലികളും ജാതിവൈരം കൂടാതെ ഒന്നിച്ചു മേഞ്ഞുകൊണ്ടുനിൽക്കുന്നതായിക്കണ്ടു. ഈ സ്ഥലം സമാധാനത്തോടുകൂടിത്താമസിക്കാൻ കൊള്ളാവുന്നതാണെന്നു നിശ്ചയിച്ചു് അവർ പത്തേമാരികൾ അവിടെ അടുപ്പിച്ചു കരയ്ക്കിറങ്ങി. കടലോടടുത്തുള്ള ആ സ്ഥലം അക്കാലത്തു വലിയ വനപ്രദേശമായിരുന്നു.

അവർ കരയ്ക്കിറങ്ങിയതിന്റെശേ‌ഷം അവിടെയെല്ലാം ചുറ്റിനടന്നു ഭഗവതിക്കു ക്ഷേത്രവും അവർക്കു ഗൃഹങ്ങളും പണിയിക്കുന്നതിനു യോഗ്യങ്ങളായ സ്ഥലങ്ങൾ നോക്കിക്കണ്ടു നിശ്ചയിക്കുകയും ആ സ്ഥലങ്ങൾ കുറുമ്പ്രനാട്ടു രാജാവിന്റെ വകയായിരുന്നതിനാൽ രാജാവിനു പിടിപ്പതു വില കൊടുത്തു് അവ വാങ്ങുകയും ക്ഷേത്രവും ഗൃഹങ്ങളും പണിയിക്കുകയും ചെയ്തു. അമ്പലം, ശ്രീകോവിൽ, നാലമ്പലം, തിടപ്പള്ളി മുതലായവയോടുകൂടിയാണു് പണി കഴിപ്പിച്ചതു്. അവിടെ കൊടുങ്ങലൂർ, തിരുമാന്ധാംകുന്നു മുതലായ സ്ഥലങ്ങളിലെപ്പോലെ കിഴക്കോട്ടു ദർശനമായി ശിവനെയും വടക്കോട്ടു ദർശനമായി ഭഗവതിയെയും മതിൽക്കകത്തു് ഉപദേവനായ ശാസ്താവിനെയും പ്രതി‌ഷ്ഠിച്ചു. പ്രതി‌ഷ്ഠ നടത്തിയതു പ്രസിദ്ധ മാന്ത്രികനും തന്ത്രിയുമായ കാട്ടുമാടസ്സു നമ്പൂരിയാണു്. എങ്കിലും പിന്നെയും ശാന്തി നടത്തിയിരുന്നതു ഭഗവതിയെ സേവിച്ചുകൊണ്ടിരുന്ന ആ വൈശ്യനും അദ്ദേഹത്തിന്റെ കാലശേ‌ഷം തദുപദേശപ്രകാരം അദ്ദേഹത്തിന്റെ കുടുംബക്കാരുമായിരുന്നു. വൈശ്യന്മാർ എട്ടു കുടുംബക്കാരും ക്ഷേത്രത്തിനു സമീപം തന്നെ എട്ടു ഗൃഹങ്ങളിലായി താമസമുറപ്പിച്ചു. ഈ ക്ഷേത്രത്തിൽ അവർ ഊരാളന്മാരായിത്തീരുകയും ചെയ്തു.

ഈ വൈശ്യന്മാർ അവിടെ വന്നതു് ആ ദേശത്തിനും മംഗലമായി പരിണമിച്ചു. അതിനാൽ ആ ദേശത്തിനു “വന്നമംഗലം” എന്നു നാമം സിദ്ധിച്ചു. ക്രമേണ “മണ്ണമംഗലം” എന്നായിത്തീർന്നു. ക്ഷേത്രത്തിനു പൂർവ്വസ്മരണ വിടാതെ അവർ “കൊല്ലം വി‌ഷാരിക്കാവു്” എന്നുതന്നെ പേരിട്ടു. അതിനു് ഇപ്പോഴും ഭേദഗതി വന്നിട്ടുമില്ല. ഈ ക്ഷേത്രത്തിന്റെ കാരണഭൂതനായ വൈശ്യനു ശ്രീപോർക്കലിയിൽനിന്നു കിട്ടിയതും കൊല്ലത്തുനിന്നു ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോന്നതുമായ നാന്ദകം വാൾ ഇവിടെ ഭഗവതിയെ പ്രതി‌ഷ്ഠിച്ചപ്പോൾതന്നെ ആ ശ്രീകോവിലകത്തു വെച്ചു. അതു് ഇപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ടു്. അതിനു് ഇതുവരെ യാതൊരു കേടും സംഭവിച്ചിട്ടില്ല. ഊരാളന്മാരായ എട്ടു കുടുംബക്കാരുടെ ക്ഷേത്രത്തിൽ വീട്ടുപേരുകൾ താഴെപ്പറയുന്നു. 1. കീഴേൽ വീടു് 2. പാഴേൽ 3. എളേടത്തു് 4. ഈച്ചരാട്ടിൽ 5. പൊനത്തിൽ 6. നാണോത്തു് 7. എരോത്തു് 8. ഉമ്മച്ചിവീടു്. ക്ഷേത്രത്തിൽ കൈകാര്യകർത്തൃത്വം ഒന്നു മുതൽ നാലു വീട്ടുകാർക്കാണു്. അവർക്കു കാരണവസ്ഥാനവുമുണ്ടു്. ശേ‌ഷമുള്ള നാലു വീട്ടുകാരും ഇവരുടെ അനന്തരവരുടെ നിലയിലാണു് വർത്തിച്ചുപോരുന്നതു്.

ഈ വൈശ്യന്മാർ പത്തേമാരികളിൽനിന്നു കരയ്ക്കിറങ്ങിയതിന്റെ ശേ‌ഷം ക്ഷേത്രത്തിനും വീടുകൾക്കും യോഗ്യമായ സ്ഥലം നോക്കി നിശ്ചയിക്കാൻ പോയവർ വെയിലത്തു ക്ഷീണിച്ചപ്പോൾ ഒരു അയിനിമരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു. ആ വൃക്ഷം ശാഖോപശാഖകൾകൊണ്ടു പന്തൽപോലെ പരന്നതായിരുന്നതിനാൽ അവർ അതിനു് പന്തലായിനി എന്നു പേരിട്ടു. അതിനാൽ ആ ദേശത്തിനും ആ പേരു സിദ്ധിച്ചു.

ഈ വൈശ്യന്മാർ എട്ടു കുടുംബക്കാർ മാത്രമായിരുന്നതിനാൽ അവർക്കു യഥാപൂർവ്വം പെൺകിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനും മക്കത്തായം ആചരിക്കുന്നതിനും നിവൃത്തിയില്ലാതെയായിത്തീർന്നു. അതിനാൽ അവർ ചില നായർവീട്ടുകാരെ എണങ്ങാക്കിച്ചേർക്കുകയും മക്കത്തായമുപേക്ഷിച്ചു മരുമക്കത്തായം സ്വീകരിക്കുകയും ചെയ്തു.

വൈശ്യന്മാർ നായന്മാരായിത്തീർന്നപ്പോൾ ക്ഷേത്രത്തിൽ ശാന്തിക്കു് അവരായാൽപ്പോരെന്നു അവർക്കുതന്നെ തോന്നുകയാൽ ശാന്തിക്കു് അവർ ചാലോറ എന്നു് ഇല്ലപ്പേരായ ഒരു നമ്പൂരിയെ നിയമിച്ചു. നമ്പൂരി ശാന്തിയായപ്പോൾ അവിടെ സ്വല്പം ചില ഭേദഗതികൾ വരുത്തേണ്ടിവന്നു. ക്ഷേത്രത്തിൽ ഉഷപ ഉൾപ്പെടെ അഞ്ചു പൂജ പതിവുള്ളതിൽ ഭഗവതിക്കു മാത്രം ഉച്ചപ്പൂജയ്ക്കുള്ള നിവേദ്യം മദ്യവും മാംസവുമായിരുന്നു പതിവു്. നമ്പൂരി ശാന്തിയായപ്പോൾ അതു വേണ്ടെന്നു വെച്ചു. മദ്യമാംസങ്ങൾ നിവേദ്യമല്ലാതാവുകയും പൂജ നമ്പൂരിയാവുകയും ചെയ്തപ്പോൾ ഭഗവതിയുടെ ചൈതന്യവും വർദ്ധിച്ചു. മുൻപേതന്നെ ഉഗ്രമൂർത്തിയായ ഭഗവതി നമ്പൂരി യുടെ പൂജ നിമിത്തം അത്യുഗ്രയായിത്തീർന്നു. ദേവിക്കു “ഭയങ്കരി” എന്നുള്ള നാമം അപ്പോഴാണു യഥാർത്ഥമായിത്തീർന്നതു്. ദർശനത്തിനായിച്ചെല്ലുന്നവർക്കു പകൽസമയത്തുപോലും ദേവിയുടെ നടയിൽപ്പോകാനെന്നല്ല, ക്ഷേത്രത്തിനകത്തു കടക്കാൻതന്നേയും എന്തോ വല്ലാത്ത ഒരു ഭയം ഉണ്ടായിത്തീർന്നു. അപ്പോൾ ഈ ഉഗ്രത സ്വല്പം കുറയ്ക്കണമെന്നു നിശ്ചയിച്ചു ഊരാളന്മാർ നമ്പൂരിയുടെ ശാന്തി വേണ്ടെന്നുവെയ്ക്കുകയും ശാക്തേയന്മാരായ “വട്ടോളി” മൂസ്സതിന്മാരെക്കൊണ്ടു ശാന്തി തുടങ്ങിക്കുകയും ചെയ്തു. അപ്പോൾ ദേവിയുടെ ഉഗ്രതയ്ക്കു സ്വല്പം ശമനം സംഭവിക്കുകയും ചെയ്തു. ഇപ്പോഴും ഈ ക്ഷേത്രത്തിൽ ശാന്തി നടത്തിവരുന്നതു വട്ടോളി മൂസ്സതിന്മാർ തന്നെയാണു്. എങ്കിലും ആണ്ടുതോറും മീനത്തിൽ തന്ത്രിയെ അവിടെ വരുത്തി, ഒരു ശുദ്ധികലശവും ബ്രാഹ്മണരെക്കൊണ്ടു മൂന്നുദിവസത്തെ പൂജയും ഇപ്പോഴും നടത്തിവരുന്നുണ്ടു്.

ഈ ക്ഷേത്രത്തിൽ ആണ്ടുതോറും മീനമാസത്തിൽ എട്ടഹസ്സായിട്ടു് ഒരുത്സവം നടന്നുവരുന്നുണ്ടു്. അതിനു “കളിയാട്ടം” എന്നാണു പേരു പറഞ്ഞുവരുന്നതു്. ഈ ഉത്സവം മറ്റു ക്ഷേത്രങ്ങളിലെപ്പോലെയൊന്നുമല്ല. ഇവിടെ ധ്വജമായി ഉപയോഗിക്കുന്നതു നാല്പത്തഞ്ചുകോൽ നീളമുള്ള ഒരു മുളയാണു്. മുള നാട്ടി അതിന്മേലാണു് കൊടിയേറ്റു കഴിക്കുന്നതു്. കൊടിയേറിയാൽ എഴുന്നള്ളിക്കുന്നതു് ആറു ദിവസം ലോഹനിർമ്മിതമായ ശീവേലിത്തിടമ്പും എഴാം ദിവസവും എട്ടാം ദിവസവും നാന്ദകം വാളുമാണു്. നാന്ദകം വാളെഴുന്നള്ളിക്കുന്നതിനുള്ള ആന പിടി തന്നെയായിരിക്കണമെന്നു നിർബന്ധമുണ്ടു്. ഉത്സവകാലത്തു പ്രതിദിനം മൂന്നു ശീവേലിയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽവെച്ചു ബ്രാഹ്മണർക്കും സാധുക്കൾക്കും സദ്യയും പതിവുണ്ടു്. ഏഴാം ദിവസം വലിയവിളക്കിനും എട്ടാംദിവസം കാളിയാട്ടത്തിനും മാത്രമേ നാന്ദകം വാൾ ആനപ്പുറത്തു് എഴുന്നള്ളിക്കാറുള്ളൂ. നാന്ദകം വാളെടുത്തു് എഴുന്നള്ളിക്കുന്ന ആളിൽ ഭഗവതിയുടെ ആവാസമുണ്ടാകുമെന്നാണു് വിശ്വാസം. ആ ആൾ വാൾ പിടിച്ചുകൊണ്ടു് ആനപ്പുറത്തിരുന്നു കലശലായി വിറയ്ക്കുകയും എഴുന്നള്ളിച്ചുകഴിഞ്ഞു താഴെയിറങ്ങി വാൾ ശ്രീകോവിലകത്തു കൊണ്ടുചെന്നു വെച്ചാലുടനെ ബോധംകെട്ടു വീഴുകയും ചെയ്യാറുണ്ടു്. പിന്നെ വളരെനേരം കഴിഞ്ഞേ ആ ആൾക്കു ബോധം വീഴുകയുള്ളൂ.

ഇവിടെ ഉത്സവം മീനമാസത്തിലായിരിക്കണമെന്നല്ലാതെ കൊടിയേറ്റു് ഇന്നനാൾ, അല്ലെങ്കിൽ ഇന്ന തീയതി വേണമെന്നു നിർബന്ധമില്ല. അതു് ആണ്ടുതോറും നിശ്ചയിച്ചു നടത്തുകയാണു പതിവു്. അതു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും “പൊറ്റമൻ നമ്പീശൻ” എന്ന ആൾക്കാണു്. അവരുടെ കുടുംബത്തിൽ അതാതുകാലത്തു മൂപ്പായിട്ടുള്ള ആളാണു് അതു നിശ്ചയിക്കുന്നതു്. എന്നാൽ അതു നാന്ദകം വാൾ കറകൂട്ടുവാനുള്ള മുഹൂർത്തമനുസരിച്ചായിരിക്കണം. വാൾ കറകൂട്ടുവാനുള്ള മുഹൂർത്തം ജ്യോത്സ്യനെ വരുത്തി നോക്കിച്ചാണു് നിശ്ചയിക്കുന്നതു്. ഞായർ, ചൊവ്വ, വെള്ളി ഈ ആഴ്ചകളിൽ ഏതെങ്കിലും ഒരു ദിവസമേ വാൾ കറകൂട്ടുവാൻ പാടുള്ളൂ. വാൾ കറകൂട്ടുക എന്നുപറഞ്ഞാൽ തേച്ചുമിനുക്കി തുരുമ്പു കളഞ്ഞു് എണ്ണ പുരട്ടിവെയ്ക്കുക എന്നാണർത്ഥം.

Chap81pge685.png

കാളിയാട്ടത്തിന്റെ പ്രധാന ക്രിയ നാന്ദകം വാൾ ആനപ്പുറത്തു് എഴുന്നള്ളിക്കുകയാണു്. ആ എഴുന്നള്ളത്തു പകൽ ഏകദേശം നാലുമണിക്കു് ആരംഭിക്കും. അതിനു കുട, ആലവട്ടം, വെൺചാമരം, തലയിൽക്കെട്ടു മുതലായ അലങ്കാരങ്ങളോടുകൂടിയ പതിനഞ്ചാനകളും പലവിധ വാദ്യമേളങ്ങളോടുകൂടിയ താളമേളങ്ങളുമുണ്ടായിരിക്കും. ആ എഴുന്നള്ളത്തു നടയിൽ സ്വല്പമകലെയായി നിൽക്കുന്ന പാലയുടെ ചുവട്ടിലെത്തുമ്പോൾ മേളം കലാശിക്കും. പിന്നെ അവിടെ കുറുപ്പിന്റെ നൃത്തമുണ്ടു്. അതു കഴിഞ്ഞാൽ അവിടെനിന്നു് ഊരുചുറ്റലായി എഴുന്നള്ളിച്ചുപോകും. ഊരുചുറ്റൽ കഴിഞ്ഞു മടങ്ങിയെത്തിയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്കലും തെയ്യമ്പാടിക്കുറുപ്പിന്റെ നൃത്തമുണ്ടു്. ഭഗവതി ഊരുചുറ്റാൻ എഴുന്നള്ളുന്ന സമയം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു മുന്നൂറ്റൻ (മുന്നൂറന്മാർ) എന്ന ജാതിക്കാരും കിഴക്കുഭാഗത്തു വ(മ)ണ്ണാന്മാരും അണിനിരന്നു കാവൽ നിൽക്കുക പതിവാണു്. നാന്ദകം വാൾ ഇറക്കിയെഴുന്നള്ളിക്കുന്നതുവരെ അവർ കാവൽ നിൽക്കും. ഇറക്കിയെഴുന്നള്ളിക്കുന്ന സമയത്തു വെളിച്ചപ്പാടു തുള്ളും. അതും കഴിഞ്ഞാൽ അരിയും പയറും മാംസവുംകൂടി പാകംചെയ്തു കൊണ്ടുപോയി വടക്കുവശത്തുള്ള കോട്ടയിൽവെച്ചു ഭൂതങ്ങൾക്കു ബലികൊടുക്കും. ഇതിനു് “അരിങ്ങാട്ടു്” എന്നാണു് പേരു പറഞ്ഞുവരുന്നതു്. അതു് അന്യന്മാർക്കു കാണാൻ പാടില്ല. കോട്ടയെന്നു പറയപ്പെടുന്നതു് ഏതാനും ഉന്നതവൃക്ഷങ്ങൾ നിൽക്കുന്ന ഒരു പറമ്പാണു്.

വി‌ഷാരിക്കാവിൽ ഭഗവതിയുടെ അത്ഭുതമാഹാത്മ്യങ്ങളെല്ലാം പറഞ്ഞവസാനിപ്പിക്കുന്ന കാര്യം അസാദ്ധ്യമാണു്. അതിനാൽ അവയിൽ ചിലതുമാത്രം താഴെ പറഞ്ഞുകൊള്ളുന്നു.

പണ്ടു “മൈസൂർ കടുവ” എന്നു പ്രസിദ്ധനായിരുന്ന ടിപ്പു സുൽത്താൻ മലബാറിനെ ആക്രമിച്ച കാലത്തു് അനേകം ഹിന്ദുക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കി നശിപ്പിച്ചുവെങ്കിലും വി‌ഷാരിക്കാവിൽ ഭഗവതിയെക്കുറിച്ചു് അയാൾക്കു് അവളരെ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അതിനാൽ അയാൾ ചില കാലങ്ങളിൽ ദർശനാർത്ഥം അവിടെ ചെല്ലുകയും ചെയ്തിരുന്നു. ഒരിക്കൽ സുൽത്താൻ ദർശനത്തിനായിച്ചെന്നസമയം ശാന്തിക്കാരൻ പ്രസാദം കൊടുക്കാനായി കൊണ്ടു ചെല്ലുകയും അപ്പോൾ സുൽത്താൻ “എനിക്കു ശാന്തിക്കാരന്റെ പ്രസാദം വേണ്ട; ദേവിതന്നെ എനിക്കു പ്രസാദം തരണം” എന്നു പറഞ്ഞു ശാന്തിക്കാരനോടു പ്രസാദം വാങ്ങാതെ തർക്കിച്ചു നിൽക്കുകയും ചെയ്തു. ആ സമയം ഭഗവതിതന്നെ പ്രസാദമെടുത്തുകൊണ്ടു പ്രത്യക്ഷമായി അവിടെ എഴുന്നള്ളി. പ്രസാദം സുൽത്താന്റെ കൈയിലിട്ടുകൊടുത്തു. പ്രസാദം വാങ്ങിയതോടുകൂടി സുൽത്താൻ ബോധം കെട്ടു വീഴുകയും ദേവി അന്തർദ്ധാനം ചെയ്യുകയും ചെയ്തു. പിന്നെ മൂന്നേമുക്കാൽ നാഴികകഴിഞ്ഞപ്പോൾ സുൽത്താനു ബോധം വീണു. അപ്പോൾ അയാൾക്കു താൻ വിചാരിക്കുകയും പറയുകയും ചെയ്തതു് അവിവേകമായിപ്പോയി എന്നു തോന്നുകയും ദേവിയെക്കുറിച്ചുള്ള ഭക്തിവിശ്വാസങ്ങൾ പൂർവ്വാധികം വർദ്ധിക്കുകയും ചെയ്തു. അതിനാൽ സുൽത്താൻ പ്രതിവത്സരം 342 രൂപവീതം സർവ്വമാന്യമായി ദേവസ്വത്തിലേക്കു കൊടുത്തുവന്നിരുന്നു. പിന്നീടു ടിപ്പുവിന്റെ രാജ്യം ബ്രിട്ടീ‌ഷു ഗവൺമെന്റിന്റെ അധീനതയിലായപ്പോൾ ആ സംഖ്യ ആ ഗവൺമെന്റു സർവ്വമാന്യമായി ഭൂനികുതിവകയിൽ വിട്ടുകൊടുത്തു. ആ സ്ഥിതിയിൽ ഇന്നും നടന്നു വരുന്നു.

ഒരിക്കൽ ചില ക്ഷേത്രകാര്യങ്ങൾ പെട്ടെന്നു നടത്തേണ്ടതായും തൽക്കാലം ദേവസ്വത്തിൽ പണം ചുരുക്കമായും വരികയാൽ ഊരാളന്മാർ ചിങ്ങപുരത്തു കൃ‌ഷ്ണപട്ടർ എന്നൊരാളോടു് ഏതാനും രൂപ കടംവാങ്ങി. ആ സംഖ്യ അവധിക്കു കൊടുത്തുതീർക്കാത്തതിനാൽ പട്ടർ അന്യായം കൊടുത്തു് ഊരാളന്മാരുടെ മേലും ദേവസ്വംവക സ്വത്തുക്കളിന്മേലും സ്ഥാപിച്ചു വിധി സമ്പാദിച്ചു. ഊരാളന്മാരെ വാറണ്ടിൽ പിടിക്കാൻ പലപ്രാവശ്യം ശ്രമിച്ചിട്ടും സാധിച്ചില്ല. ഒടുക്കം പട്ടർ കാളിയാട്ട ദിവസം നാന്ദകം വാളെഴുന്നള്ളിക്കുന്ന ആനയ്ക്കു കെട്ടിക്കുന്നതും ദേവസ്വംവകയുമായ സ്വർണ്ണത്തലയിൽക്കെട്ടു ജപ്തി ചെയ്യിക്കാമെന്നു നിശ്ചയിച്ചു് ആമ്യനോടുകൂടി എട്ടാമുത്സവദിവസം ക്ഷേത്രസന്നിധിയിലെത്തി. എഴുന്നള്ളിപ്പു പുറത്തുവന്നപ്പോഴേക്കും പട്ടർക്കു് അവിടെ നിൽക്കാൻ വയ്യാതെയായി. അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ അവിടെനിന്നു് ഓടി. അപ്പോൾ ആരോ പിന്നാലെ ഓടിച്ചെന്നു് ഊക്കോടുകൂടി പുറത്തു് ഒന്നടിച്ചതായി അദ്ദേഹത്തിനു തോന്നി. അദ്ദേഹം പിന്നെയും ഓടുകയും പടിഞ്ഞാറേവശത്തുള്ള ചിറയുടെ വക്കത്തു ചെന്നപ്പോൾ ബോധംകെട്ടു് അവിടെ വീഴുകയും ഉടനെ ചോര ശർദ്ദിച്ചു തുടങ്ങുകയും മാത്രയ്ക്കിടയിൽ പരലോകപ്രാപ്തനാവുകയും ചെയ്തു.

വി‌ഷാരിക്കാവു ക്ഷേത്രത്തിൽ രണ്ടുതവണ കള്ളന്മാർ കയറുകയുണ്ടായി. ഒരിക്കലും അവർക്കൊന്നും കൊണ്ടുപോകുവാൻ സാധിച്ചില്ല. ഒരിക്കൽ കള്ളന്മാർ അമ്പലത്തിനകത്തു കടന്നപ്പോൾ അവിടെ അകത്തും പുറത്തും വലിയ പുഴയിലെന്നപോലെ വെള്ളം പെരുകിയിരിക്കുന്നതായി അവർക്കു തോന്നി. അതിനാൽ നേരം വെളുക്കുന്നതുവരെ അവിടെക്കിടന്നു കഷ്ടപ്പെട്ടു. നേരം വെളുത്തു നട തുറന്നപ്പോൾ അവിടെയെങ്ങും വെള്ളം കയറിയിട്ടില്ലെന്നുള്ള വാസ്തവം അവർക്കു മനസ്സിലാവുകയും അവരിറങ്ങിപ്പോവുകയും ചെയ്തു.

പിന്നെയൊരിക്കൽ കള്ളന്മാരമ്പലത്തിൽക്കയറി ചില ഓട്ടുപാത്രങ്ങളും മറ്റും എടുത്തുകൊണ്ടു പുറത്തിറങ്ങി. സാമാനങ്ങളെല്ലാം തലയിലേറ്റിക്കൊണ്ടു യാത്രയായപ്പോൾ അവർക്കു് ഏതിലേയാണു് പോകേണ്ടതെന്നു നിശ്ചയമില്ലാതെയായി. അവർ ആ പാത്രങ്ങളും തലയിൽ വെച്ചുകൊണ്ടു നേരം വെളുക്കുന്നതുവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു. നേരം വെളുത്തപ്പോൾ ഊരാളന്മാരിൽ ചിലർ അവിടെ എത്തി കള്ളന്മാരെ പിടികൂടുകയും പോലീസിൽ ഏല്പിക്കാനായി പുറപ്പെടുകയും ആ സമയം വെളിച്ചപ്പാടു തുള്ളിവരികയും “നമ്മുടെ മുതൽ മോഷ്ടിച്ചുകൊണ്ടുപോയാൽ അതുകൊണ്ടുണ്ടാവുന്ന നഷ്ടം നമുക്കാണു്. അതിനാൽ അതിനേക്കുറിച്ചു നാംതന്നെ ചോദിച്ചുകൊള്ളാം. അതിനു കുമ്പഞ്ഞിയെ - കമ്പനിയെ (അക്കാലത്തു ഇന്ത്യ ഭരിച്ചിരുന്നതു് ഈസ്റ്റിന്ത്യാക്കമ്പനിക്കാരായിരുന്നു) ഏല്പിക്കണമെന്നില്ല” എന്നു പറയുകയും കള്ളന്മാരെക്കൊണ്ടു മോഷ്ടിച്ച മുതലെല്ലാം അവിടെ വെയ്പ്പിക്കുകയും പ്രായശ്ചിത്തവും മേലാൽ അവിടെക്കയറി മോഷ്ടിക്കുകയില്ലെന്നു സത്യവും ചെയ്യിച്ചു് അവരെ വിട്ടയയ്ക്കുകയും ചെയ്തു. അതിൽപ്പിന്നെ ഒരിക്കലും ആ ക്ഷേത്രത്തിൽ കള്ളന്മാർ കയറിയിട്ടില്ല.

മുമ്പൊരുകാലത്തു ദേവസ്വം വകയായി ഇവിടെ ഒരു പിടിയാനയുണ്ടായിരുന്നു. ആ ആനയെ ഏറനാടു താലൂക്കിൽ മമ്പാട്ടു ദേശക്കാരനായ ഒരു മഹമ്മദീയനു പാട്ടത്തിനു കൊടുത്തിരുന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ മുൻകൂട്ടി മടക്കിയയച്ചുകൊള്ളാമെന്നുള്ള കരാറോടുകൂടിയാണു് മുഹമ്മദീയൻ ആനയെ കൊണ്ടുപോയതു്. എങ്കിലും ഉത്സവമടുത്തപ്പോൾ ഊരാളന്മാർ മുഹമ്മദീയന്റെ പേർക്കു് ഒരെഴുത്തുകൊടുത്തു് ആളെ അയച്ചു. ആ എഴുത്തിനു മുഹമ്മദീയന്റെ മറുപടി, “ഇപ്പോൾ പണിത്തിരക്കു വളരെ അധികമാകയാൽ ഉത്സവത്തിനു തക്ക വണ്ണം ആനയെ മടക്കിയയ്ക്കാൻ നിവൃത്തിയില്ല” എന്നായിരുന്നു. വേറെ ആനയെ അന്വേ‌ഷിച്ചിട്ടു കിട്ടിയുമില്ല. ഊരാളന്മാർ ആകപ്പാടെ വി‌ഷണ്ണരായിത്തീർന്നു. എങ്കിലും ഉത്സവാരംഭദിവസം രാത്രിയിൽ എഴുന്നള്ളിക്കാനുള്ള സമയമായപ്പോൾ പടിഞ്ഞാറേച്ചിറയിൽ ഒരാനയുടെ ശബ്ദം കേട്ടു് ഊരാളന്മാരും മറ്റും ഓടിച്ചെന്നു നോക്കിയപ്പോൾ അതു ദേവസ്വം വക പിടിയാന തന്നെയായിരുന്നു. അന്നു പകൽ മുഴുവനും ആ ആന മുഹമ്മദീയന്റെ പണിസ്ഥലത്തുണ്ടായിരുന്നു. മമ്പാട്ടുനിന്നു് ഈ ക്ഷേത്രത്തിലേക്കു് എൺപതു നാഴിക ദൂരമുണ്ടു്. ഇത്രയും ദൂരം പത്തുനാഴിക കൊണ്ടു് ഈ ആന എത്തിയതെങ്ങനെയെന്നു ഭഗവതിക്കു മാത്രമറിയാം. ആനയുടെമേൽ ചങ്ങലയും ഒരുമിച്ചു് ആനക്കാരനുമുണ്ടായിരുന്നില്ല. ആന ആരുംപറയാതെ സ്വയമേവ ചിറയിലിറങ്ങിക്കുളിച്ചു ക്ഷേത്രനടയിൽച്ചെന്നുനിന്നു. തലയിൽക്കെട്ടു് എടുത്തുകൊണ്ടു ചെന്നപ്പോഴും ആരും പറയാതെ തന്നെ ആന മടക്കി. ഒരാൾ തലയിൽക്കെട്ടു കെട്ടിച്ചു. ശാന്തിക്കാരൻ പതിവുപോലെ എഴുന്നള്ളിക്കുകയും ചെയ്തു. അങ്ങനെ രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും ആനയെ അന്വേ‌ഷിച്ചു മുഹമ്മദീയനും ആനക്കാരനും ഇവിടെ വന്നുചേർന്നു. ഉത്സവത്തിനെഴുന്നള്ളിക്കാൻ ആനയെ അയയ്ക്കാതെയിരുന്നതിനു മുഹമ്മദീയൻ പ്രായച്ഛിത്തം ചെയ്യുകയും ദേവിയുടെ കോപം ഉണ്ടാകാതെയിരിക്കേണ്ടതിലേക്കായി അനേകം വഴിപാടുകൾ നടത്തുകയും ചെയ്തു.

ഈ ക്ഷേത്രത്തിലെ കോമരം (വെളിച്ചപ്പാടു്) പട്ടുമുണ്ടയ്ക്കൽ തെയ്യമ്പാടിക്കുറുപ്പിന്റെ കുടുംബത്തിൽ അന്നന്നു മൂത്ത ആളായിരിക്കുകയാണു് പതിവു്. ഒരു കാലത്തു് അവിടെ പ്രായം തികഞ്ഞ പുരു‌ഷന്മാരാരും ഇല്ലാതെയായിത്തീരുകയാൽ കരോറപ്പണിക്കന്മാരുടെ കുടുംബത്തിൽനിന്നു് ഒരാളെ കോമരമാക്കിയെടുക്കുന്നതിനു് ഊരാളന്മാരും മറ്റും കൂടിത്തീർച്ചയാക്കി.

ആ സമയം തെയ്യമ്പാടിക്കുറുപ്പിന്റെ ഗൃഹത്തിൽനിന്നു പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള ഒരാൺകുട്ടി വെളിച്ചപ്പെട്ടുകൊണ്ടു ക്ഷേത്രത്തിലെത്തി. കുറുപ്പിന്റെ ഗൃഹത്തിൽ നിന്നു ക്ഷേത്രത്തിലേക്കു നൂറ്റിപ്പതിനഞ്ചു നാഴിക ദൂരമുണ്ടു്. ചെറുപ്രായക്കാരനായ ഈ ബാലൻ ഇത്രയും ദൂരം പരസഹായം കൂടാതെ വഴിയറിഞ്ഞു് ഇവിടെ വന്നെത്തിയതിനെക്കുറിച്ചുതന്നെ എല്ലാവരും അത്ഭുതപ്പെട്ടു. പിന്നീടുണ്ടായ അന്വേ‌ഷണത്തിൽ അയാൾ ഗൃഹത്തിൽനിന്നു് ഏകദേശം പതിനഞ്ചു നാഴികകൊണ്ടാണു് ഇവിടെ വന്നെത്തിയതെന്നു് അറിയുകയും ചെയ്തു. അയാളുടെ പ്രവൃത്തികളും വാക്കുകളും അത്ഭുതപ്പെടുവാൻ തക്കവയായിരുന്നതിനാൽ വിശ്വാസപൂർവ്വം അയാളെത്തന്നെ അവിടെ കോമരമായി സ്വീകരിച്ചു. ഏകദേശം എഴുപത്തഞ്ചു വയസ്സോളം പ്രായമായ ആ മനു‌ഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടു്.

ഏകദേശം പന്ത്രണ്ടു കൊലം മുമ്പു് ഊരാളന്മാരുടെ ബന്ധുവർഗ്ഗത്തിൽപ്പെട്ട ഒരാൾ ഈ ഭഗവതിയുടെ നടയിൽനിന്നു കള്ളസത്യം ചെയ്തു. അയാൾ ക്ഷേത്രത്തിൽ നിന്നു പുറത്തിറങ്ങിയ ക്ഷണത്തിൽ ബോധം കെട്ടുമറിഞ്ഞുവീണു മരിച്ചു. അതിൽപ്പിന്നെ സത്യം ചെയ്യാനായി അവിടെയാരും ചെല്ലാറില്ല.

കൊല്ലം 1098-ൽ കടത്തനാട്ടു തെക്കിക്കണ്ണമ്പത്തു നമ്പ്യാരുടെ ഗൃഹത്തിൽ ഒരു വലിയ കവർച്ചയുണ്ടായി. പല ജാതിക്കാരായ ഇരുപത്തൊന്നു മഹതസ്കരന്മാർ കൂടിയാണു് കളവു നടത്തിയതു്. പണ്ടമായിട്ടും പണമായിട്ടും അനേകായിരം രൂപയുടെ വക അവർ തട്ടിക്കൊണ്ടുപോയി. പോലീസുകാർ പഠിച്ച വിദ്യകളെലാം പ്രയോഗിച്ചു് അന്വേ‌ഷണം നടത്തീട്ടും യാതൊരു തുമ്പുമുണ്ടായില്ല. അതിനാൽ നമ്പ്യാർ ഈ ഭഗവതിക്കു ചില വഴിപാടുകൾ നേർന്നു. അതിന്റെ ശേ‌ഷം അധികം താമസിയാതെതന്നെ ആ കള്ളന്മാർ മോഷ്ടിച്ചെടുത്ത മുതലുകളെല്ലാം തലയിൽവെച്ചു തുള്ളിക്കൊണ്ടു ഭഗവതിയുടെ നടയ്ക്കൽ കൊണ്ടുചെന്നു വെച്ചു ക്ഷമായാചനം ചെയ്തു മടങ്ങിപ്പോയി. ഊരാളന്മാർ നമ്പ്യാരെ വരുത്തി ആ മുതലുകളെല്ലാം ഏല്പിച്ചുകൊടുത്തു. നമ്പ്യാർ മുൻപു നിശ്ചയിച്ചതിലധികം വഴിപാടുകളെല്ലാം കഴിച്ചു ഭഗവതിയെ വന്ദിച്ചുകൊണ്ടു് പോവുകയും ചെയ്തു.

പണ്ടൊരിക്കൽ ഗർഭിണിയായ ഒരു സ്ത്രീ ഉച്ചപ്പൂജ സമയത്തുക്ഷേത്രത്തിൽ ചെന്നു ദർശനം കഴിച്ചുപോയി. അന്നു് അസ്തമിക്കുന്നതിനു മുൻപു് ആ സ്ത്രീ മരിച്ചു. ഇതിന്റെ കാരണമെന്തെന്നറിയുന്നതിനായി ആ സ്ത്രീയുടെ വീട്ടുകാർ ഒരു പ്രശ്നക്കാരനെക്കൊണ്ടു പ്രശ്നം വെപ്പിച്ചു നോക്കി. സ്ത്രീയുടെ മരണത്തിനുള്ള കാരണം ഭഗവതിയുടെ കോപമാണെന്നു പ്രശ്നക്കാരൻ വിധിച്ചു. ഭഗവതിക്കു് ഉചപ്പൂജയ്ക്കു നിവേദ്യം മദ്യവും മാംസവുമാണല്ലോ പതിവു്. മദ്യം സേവിച്ചു് മദിച്ചിരിക്കുന്ന സമയത്തു് ആരായാലും അന്യന്മാർ ചെന്നു കാണുന്നതു സന്തോ‌ഷാവഹമായിരിക്കുകയില്ലല്ലോ. വിശേ‌ഷിച്ചു് ഒരു സ്ത്രീയായ ഭഗവതി മദ്യപാനം ചെയ്തു് അഹ്ലാദിച്ചിരിക്കുന്ന സമയത്തു് മറ്റൊരു സ്ത്രീ ചെന്നു കണ്ടാൽ കോപമുണ്ടാകാതെയിരിക്കുമോ? ഇതാണു് പ്രശ്നക്കാരന്റെ യുക്തി. അതൊക്കെ എങ്ങനെയായാലും അക്കാലം മുതൽ ഈ ക്ഷേത്രത്തിൽ ഉചപ്പൂജയ്ക്കുശേ‌ഷം സ്ത്രീകൾ അകത്തുകടന്നു ദർശനം കഴിക്കാതെയായി. അതു് ഇപ്പോഴും അങ്ങനെതന്നെയിരിക്കുന്നു.