close
Sayahna Sayahna
Search

ഒരു സ്വാമിയാരുടെ ശാപം


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തിരുവിതാംകൂറിലുള്ള ഭഗവതിക്ഷേത്രത്തിൽ പ്രഥമഗണനീയമായിരിക്കുന്ന കുമാരനല്ലൂർ കാർത്ത്യായനീക്ഷേത്രം കുമാരനെ (സുബ്രഹ്മണ്യസ്വാമിയെ) പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു് ഒരു ചേരമാൻപെരുമാളാണു് ഇദംപ്രഥമായി പണിയിച്ചതെന്നും കുമാരനെ പ്രതിഷ്ഠിപ്പിക്കാനായി പണിയിച്ചതു് കൊണ്ടാണു് ആ ക്ഷേത്രത്തിനു “കുമാരനലൂർ” എന്നു നാമം സിദ്ധിച്ചതെന്നും മറ്റുമുള്ള ഐതിഹ്യങ്ങൾ പ്രസിദ്ധങ്ങളാണല്ലോ. ആ ക്ഷേത്രം പണികഴിപ്പിച്ച ചേരമാൻപെരുമാൾക്കു മൃഗയാവിനോദത്തിൽ വളരെ ഭ്രമമുണ്ടായിരുന്നു. അതിനാലദ്ദേഹം കുമാരനല്ലൂർ ദേശത്തു താമസിച്ചിരുന്ന കാലത്തു് ഒരു ദിവസം തെള്ളകം കുന്നിൻപുറത്തു നായാട്ടിനായിപോയി. ഏറ്റുമാനൂർക്കും കുമാരനല്ലൂർക്കും മദ്ധ്യേയുള്ള “തെള്ളകം” അക്കാലത്തു വലിയ വനപ്രദേശമായിരുന്നു. ആ വനത്തിൽ അന്നു് പുലി, കടുവ, പന്നി, മുതലായി ചില കാട്ടുമൃഗങ്ങൾ ഉണ്ടായിരുന്നതിനാലാണു് ചേരമാൻപെരുമാൾ വേട്ടയ്ക്കു് അങ്ങോട്ടുപോയതു്. അവിടെ ചെന്നു ചേരമാൻപെരുമാൾ അനുചരന്മാരെക്കൊണ്ടു കാടിളക്കുകയും പേടിച്ചു പായുന്ന ദുഷ്ടമൃഗങ്ങളെ ലാക്കാക്കി വെടിവെച്ചു തുടങ്ങുകയും ചെയ്തു.

പെരുമാളുടെ അനുചരന്മാർ കാടിളക്കുന്ന കോലാഹലവും വെടികളുടെ ശബ്ദവുംകേട്ടു സമീപപ്രദേശത്തു് ഒരിടത്തു മേഞ്ഞുകൊണ്ടു നിന്നിരുന്ന ഒരു പശു വിരണ്ടു കാട്ടിലേക്കു പാഞ്ഞുകയറി. മൃഗയോൽസാഹം കൊണ്ടു് മതിമറന്നു നിന്നിരുന്ന പെരുമാൾ ഓടുന്ന പശുവിനെ കാട്ടുമൃഗമാണെന്നു തെറ്റിദ്ധരിച്ചു വെടിവെയ്ക്കുകയും വെടിയേറ്റു പശു മരണ വേദനയോടുകൂടി കരഞ്ഞുകൊണ്ടു കുറചുദൂരം കൂടെ ഓടിയതിന്റെ ശേ‌ഷം നിലത്തു വീണു കാലും കൈയുമടിച്ചു ക്ഷണത്തിൽ ചാകുകയും ചെയ്തു. പശുവിന്റെ ശബ്ദം കേട്ടിട്ടു സംശയം തോന്നുകയാൽ പിന്നാലെ ചെന്നു നോക്കിയപ്പോൾ തന്റെ വെടിയേറ്റു ചത്തതു പശുവാണെന്നറിഞ്ഞു് ചേരമാൻപെരുമാൾ വളരെ വ്യസനിച്ചു. ഉടനെ അദ്ദേഹം നായാട്ടു മതിയാക്കി കുമാരനല്ലൂർക്കുതന്നെ മടങ്ങിപ്പോകുകയും ചെയ്തു.

അനന്തരം ചേരമാൻപെരുമാൾ ഉഭയകുലപരിശുദ്ധന്മാരും രാഗദ്വേ‌ഷാദിരഹിരന്മാരും വേദശാസ്ത്രാദിനിപുണന്മാരുമായ അനേകം മഹാബ്രാഹ്മണരെ കുമാരനല്ലൂർ ക്ഷേത്രസന്നിധിയിൽ വരുത്തി ഒരു സഭ കൂട്ടിക്കൊണ്ടു് തനിക്കു് പറ്റിയ അബദ്ധത്തെ പശ്ചാത്താപപൂർവം ആ ബ്രഹ്മസദസ്സിൽ അറിയിക്കുകയും തദ്ദോ‌ഷപരിഹാരാർത്ഥം എന്തെങ്കിലും പ്രതിവിധി കൽപിക്കണമെന്നു് അപേക്ഷിക്കുകയും ചെയ്തു. ആ മഹാബ്രാഹ്മണരെല്ലാവരും കൂടിയാലോചിച്ചു് ആ പശു കിടന്നു മരിച്ച സ്ഥലത്തു ഒരു ക്ഷേത്രം പണിയിച്ചു വിഷ്ണുപ്രതിഷ്ഠ നടത്തിക്കുകയും ആ ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേ‌ഷം, ഉൽസവം, ആട്ടവിശേ‌ഷം മുതലായവകയ്ക്കു വേണ്ടുന്നിടത്തോളം വസ്തുവകകൾ പതിച്ചു കൊടുത്തിട്ടു് ആ ദേവസ്വം സകല വസ്തുക്കളോടു കൂടി മഹാബ്രാഹ്മണർക്കു ദാനം ചെയ്യുകയും യഥാവിധി ഗംഗാസ്നാനവും സേതുസ്നാനവും നടത്തുകയും ചെയ്താൽ ഈ ഗോഹത്യ ദോ‌ഷം തീരുമെന്നും വിധിച്ചു. പെരുമാൾ അതനുസരിച്ചു ക്ഷേത്രം പണിയും വിഷ്ണുപ്രതിഷ്ഠയും നടത്തിക്കുകയും ദേവസ്വത്തിലേക്കു നിത്യനിദാനാദികൾക്കു വേണ്ടുന്ന വസ്തുക്കൾ പതിച്ചുകൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം അവയെല്ലാം കൂടി ദാനം ചെയ്‌‌വാനായി ശ്രമിച്ചതിൽ ഓണന്തുരുത്തു്, കുമാരനല്ലൂർ, കിടങ്ങൂർ, കാടമുറി എന്നീ ഗ്രാമക്കാരാരും ആ ദാനം വാങ്ങുവാൻ വഴിപ്പെട്ടില്ല. പിന്നെ പെരുമാൾ മീനച്ചിൽത്താലൂക്കിൽ പുലിയന്നൂർ എന്ന ദേശത്തും കോട്ടയം താലൂക്കിൽ പാറമ്പുഴ ദേശത്തുമായി താമസിച്ചിരുന്ന നാൽപത്തിരണ്ടില്ലക്കാർക്കയി ആ ദേവസ്വം സർവ്വവസ്തുക്കാളോടുകൂടി ദാനം ചെയ്തിട്ടു് തീർത്ഥസ്നാനത്തിനായി പോയി. ഈ ദാനം വാങ്ങിയവർ മേൽപ്പറഞ്ഞ നാലു ഗ്രാമങ്ങളിലുമുൾപ്പെട്ടവരല്ലായിരിന്നുവെങ്കിലും അവർ നാൽപത്തിരണ്ടില്ലക്കാരും പരസ്പരം ഇണങ്ങരും വേദാർഹന്മാരുമായിരുന്നു. അവരിൽ പ്രാധാന്യം ചെമ്മുണ്ട, പിച്ചകശ്ശേരി എന്നീ രണ്ടില്ലക്കാർക്കായിരുന്നു. അതിനാൽ അവർക്കു ചേരമാൻപെരുമാൾ “പണിക്കർ” എന്ന സ്ഥാനംകൂടി കൽപിച്ചുകൊടുത്തിട്ടാണു് തീർത്ഥാടനത്തിനു പോയതു്. തന്നിമിത്തം അക്കാലം മുതൽ അവരെ എല്ലാവരും ചെമ്മുണ്ടപ്പണിക്കരെന്നും പിചകശ്ശേരിപ്പണിക്കരെന്നും പറഞ്ഞു തുടങ്ങുകയും തെള്ളകം ദേവസ്വം ലഭിച്ചതിനോടുകൂടി ആ നാൽപത്തിരണ്ടില്ലക്കാരും ആ ദേവസ്വത്തിലെ ഊരാളന്മാരായിത്തീരുകയാൽ അവരിൽ ചിലർ അവരുടെ ഇല്ലങ്ങൾ തെള്ളകം ദേശത്തേക്കു മാറ്റി സ്ഥാപിക്കുകയും സ്ഥിരവാസം അവിടെയാക്കുകയും ചെയ്തു. പണ്ടേതന്നെ ഡംഭും അഹങ്കാരവും ധാരാളമായിട്ടുണ്ടായിരുന്നു. അവർക്കു ഊരാൺമ സ്ഥാനംകൂടി കിട്ടിയപ്പോഴേക്കും അവരുടെ ഗർവ്വം ശതഗുണീഭവിച്ചു. കുമാരനല്ലൂർ ദേവസ്വം ഊരാൺമയോഗക്കാരും തങ്ങളും തുല്യന്മാരാണെന്നു അവർ ഭാവിക്കുകയും പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാൽ അവരങ്ങനെ ഭാവിക്കുകയും പറയുകയും മാത്രമല്ല, ദേവസ്വം കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടത്തികൊണ്ടിരിക്കുകയും ചെയ്തിരുന്നു.

ഇനി ഇവിടെ മറ്റൊരു ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുകൂടി സ്വൽപം പറയേണ്ടിയിരിക്കുന്നു. ഒരിക്കൽ ഒരു വില്വമംഗലത്തു സ്വാമിയാർ (വില്വമംഗലത്തു സ്വാമിയാന്മാർ പല കാലങ്ങളിലായി പലരുണ്ടായിരുന്നുവത്രേ) വടക്കുനിന്നു തെക്കോട്ടു ജലമാർഗ്ഗമായി പൊയ്ക്കൊണ്ടിരുന്നപ്പോൾ വേമ്പനാട്ടു കായലിൽ കഴുക്കോൽ കുത്തിയ ഒരു സ്ഥലത്തു രക്തം പൊങ്ങിവരുന്നതായി കണ്ടു. തോണിക്കാരൻ ആ വിവരം സ്വാമിയാരെ ഗ്രഹിപ്പിച്ചു. ഉടനെ സ്വാമിയാർ “അവിടെ എന്തെങ്കിലും വിശേ‌ഷം കാണും, തോണി അവിടെ നിർത്തുക” എന്നു പറഞ്ഞു തോണി നിർത്തിക്കുകയും വെള്ളത്തിൽ ചാടി മുങ്ങി തപ്പിനോക്കുകയും ചെയ്തു. അപ്പോൾ സ്വാമിയാരുടെ കൈയിൽ ഒരു കൃഷ്ണവിഗ്രഹം കിട്ടി. സ്വാമിയാർ അതുകൊണ്ടു പിന്നെയും തോണിയിൽ കയറി കുറച്ചുകൂടി തെക്കോട്ടു പോയി. അപ്പോൾ സ്വാമിയാർക്കു മൂത്രവിസർജനം ചെയ്യണമെന്നു തോന്നുകയാൽ തോണി കരയ്ക്കടുപ്പിക്കുവാൻ കൽപിച്ചു. തോണിക്കാരൻ അതനുസരിച്ചു് തോണി കിഴക്കേ കരയ്ക്കടുപ്പിച്ചു. ഉടനെ സ്വാമിയാർ ശ്രീകൃഷ്ണവിഗ്രഹവും കയ്യിലെടുത്തുകൊണ്ടു് കരയ്ക്കിറങ്ങി. ബിംബം കയ്യിൽവെച്ചുകൊണ്ടു മൂത്രവിസർജനം ചെയ്യുന്നതും, ദേവവിഗ്രഹം വെറും നിലത്തുവെയ്ക്കുന്നതും യുക്തമല്ല. അതിനാൽ എന്താണു് വേണ്ടതെന്നു വിചാരിച്ചു സ്വാമിയാർ കരയ്ക്കെല്ലാം നോക്കിയപ്പോൾ തോണിക്കടവിൽനിന്നു സ്വൽപ്പം അകലത്തു് ഒരു വാർപ്പു് ഇരിക്കുന്നതായിക്കണ്ടു് അതിന്റെ അടുക്കൽ ചെന്നു് ബിംബം ആ വാർപ്പിനകത്തു വെച്ചിട്ടു മൂത്രവിസർജനവും ശൗചവും മറ്റും കഴിച്ചു വീണ്ടും ബിംബമെടുക്കാനായി ചെന്നു നോക്കിയപ്പോൾ വാർപ്പിനും ബിംബത്തിനും കേടുവരുത്താതെ ഇളക്കിയെടുക്കുവാൻ നിവൃത്തിയില്ലാത്ത വിധത്തിൽ ബിംബം വാർപ്പിനകത്തു വിളക്കിപ്പിടിപ്പിച്ചതുപോലെ കൂട്ടിച്ചേർത്തിരിക്കുന്നതായി കാണുകയാൽ സ്വാമിയാർക്കു വലിയ വിചാരമായി. യാതൊരു കേടുമില്ലാത്തതും ലക്ഷണമൊത്തതും ഒരു സുമൂഹൂർത്തത്തിൽ ഒരു ഉത്തമസ്ഥലത്തു പ്രതിഷ്ഠിക്കാൻ യോഗ്യവുമായ ബിംബത്തിനു കേടുവരുത്തുന്നതു കഷ്ടവും അന്യന്റെ വാർപ്പു തല്ലിപ്പൊട്ടിക്കുന്നതു് അന്യായവുമാകയാൽ ഇവിടെ എന്താണു് ചെയ്യേണ്ടതെന്നു വിചാരിച്ചു സ്വാമിയാർ ഇതി കർത്തവ്യതാമൂടന്മനായി അങ്ങനെ നിന്ന സമയം ഒരു മനു‌ഷ്യൻ അവിടെ ചെന്നു സ്വാമിയാരെ കണ്ടു വന്ദിച്ചതിന്റെശേ‌ഷം സ്വാമിയാർ വി‌ഷണ്ണനായി അവിടെ നിൽക്കുന്നതിന്റെ കാരണമെന്തെന്നു ചോദിക്കുകയും സ്വാമിയാർ വിവരമെല്ലാം ആ മനു‌ഷ്യനെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഉടനെ ആ മനു‌ഷ്യൻ “തിരുമനസ്സു കൊണ്ടു് ഇതിനെക്കുറിച്ചു് ഒട്ടും വിചാരപ്പെടേണ്ട. ഈ വാർപ്പും ഇതിരിക്കുന്ന സ്ഥലവും അടിയന്റെ വകയാണു്. ഇവിടുത്തെ ഇഷ്ടംപോലെ എന്തു ചെയ്യുന്നതിനും അടിയനു വിരോധമില്ല. ഇനി എന്താണു് ഇവിടെ ചെയ്യേണ്ടതെന്നു് ആലോചിച്ചു തീർച്ചപ്പെടുത്താം. വാർപ്പും ബിംബവും ഇപ്പോൾ ഇവിടെത്തന്നെ ഇരിക്കട്ടെ. അടിയൻ ഇവിടെ കാവലിനു് ആളുകളെയാക്കി സൂക്ഷിച്ചുകൊള്ളാം. തിരുമനസ്സുകൊണ്ടു് തൽക്കാലം ഇവിടെ അടുത്തുള്ള സ്വാമിയാർ മഠത്തിലെഴുന്നള്ളി താമസിക്കുകയും ഇവിടെയുള്ള സ്വാമിയാന്മാരോടുകൂടി ഇതിനെക്കുറിച്ചു് ആലോചിക്കുകയും ചെയ്താൽ കൊള്ളാമെന്നാണു് അടിയനു തോന്നുന്നതു്. ഇവിടെയുള്ള സ്വാമിയാർമഠം തൃശ്ശിവപേരൂർമഠത്തിലെ കീഴൂടായിട്ടുള്ളതാണു്” എന്നു പറഞ്ഞു. അതുകേട്ടു് സ്വാമിയാർ “ബിംബം ഇവിടെ വെച്ചേക്കുന്നതു് യുക്തമെന്നു തോന്നുന്നില്ല. ഇവിടെ അടുത്തുതന്നെ ഒരു സ്വാമിയാർ മഠമുള്ള സ്ഥിതിക്കു ബിംബം തൽക്കാലം വാർപ്പോടുകൂടി പിടിച്ചു് അവിടെ കൊണ്ടുപോയി സൂക്ഷിച്ചു വെയ്ക്കുകയും പിന്നീടു വേണ്ടതു് ഇവിടെയുള്ള സ്വാമിയാന്മാരോടുകൂടി ആലോചിച്ചു തീർച്ചയാക്കുകയും ചെയ്താൽ കൊള്ളാമെന്നാണു് എന്റെ ആഗ്രഹം. പക്ഷേ ഈ വാർപ്പു പിടിച്ചെടുത്തു കൊണ്ടുപോകാൻ ബ്രാഹ്മണർതന്നെ വേണം. ബിംബത്തിനു തൽക്കാലം ഒരു പുണ്യാഹം കഴിച്ചു് ഇന്നുതന്നെ പൂജ തുടങ്ങിയാൽ കൊള്ളാമെന്നുണ്ടു്. ഈ വാർപ്പു് പിടിച്ചെടുത്തു കൊണ്ടുപോകുവാൻ നാലാളിൽ കുറഞ്ഞാൽ മതിയാവുമെന്നു തോന്നുന്നില്ല. അത്രയും മലയാളബ്രാഹ്മണരെ ഈ ദിക്കിൽ കിട്ടുമോ, എന്തോ? ഒന്നന്വേ‌ഷിച്ചാൽ കൊള്ളാം” എന്നരുളിച്ചെയ്തു. ഉടനെ വാർപ്പിന്റെ ഉടമസ്ഥനായ മനു‌ഷ്യൻ, “മലയാളബ്രാഹ്മണർ നാലോ എട്ടോ വേണമെങ്കിലും സ്വാമിയാർ മഠത്തിലുണ്ടായിരിക്കും. അടിയൻതന്നെ പോയി വിളിച്ചുകൊണ്ടുവരാം” എന്നു പറഞ്ഞു് അവിടെ നിന്നു പോയി.

ആ മനു‌ഷ്യൻ പോയതിന്റെശേ‌ഷം സ്വാമിയാർ “ഔദാര്യനിധിയായ ഈ മനു‌ഷ്യൻ ആരാണു്? ഇയാളുടെ സ്ഥിതി ഏതു പ്രകാരമാണു്?” എന്നു ചിലരോടു ചോദിച്ചു. അപ്പോൾ അവിടെ നിന്നിരുന്നവർ, “ഈ മനു‌ഷ്യൻ ഈ ദേശത്തുള്ള പ്രധാനന്മാരായ നായന്മാരിൽ ഒരാളാണു്. ഇവർ സ്ഥാനമാനങ്ങളും മറ്റുമുള്ള പുരാതന തറവാട്ടുകാരും വലിയ ധനവാന്മാരും യോഗ്യന്മാരുമാണു്. കുന്നങ്കരി എന്നാണു് വീട്ടുപേർ കുന്നങ്കരി മേനോൻമാരെന്നാണു് ഇവരെ സാധാരണയായി പറഞ്ഞുവരുന്നതു്. ഈ പ്രദേശത്തുള്ള മിക്ക നിലം പുരയിടങ്ങളും അവരുടെ വകയാണു്. അവർ എന്തെങ്കിലും പറഞ്ഞാൽ സമ്മതിക്കാത്തവരായി ഈ ദേശത്താരുമില്ല.” എന്നും മറ്റും സ്വാമിയാരെ ഗ്രഹിപ്പിച്ചു. അപ്പോഴേക്കും കുന്നങ്കരി മേനോൻ വാർപ്പു കെട്ടിയെടുക്കാനുള്ള തണ്ടും കയറുമെടിപ്പിച്ചു നാലു നമ്പൂരിമാരെയുംകൊണ്ടു് അവിടെ എത്തിക്കഴിഞ്ഞു. ആ നാലു നമ്പൂരിമാരിൽ ഒരാൾ പിച്ചകശ്ശേരിപ്പണിക്കരായിരുന്നു. അദ്ദേഹം തലേദിവസം തന്നെ ദൈവഗത്യാ സ്വാമിയാർ മഠത്തിൽ വന്നുചേർന്നിരുന്നു. അദ്ദേഹം നല്ല ദേഹബലമുള്ള ആളായിരുന്നു. വാർപ്പിന്റെ മുകളിൽ തെക്കുവടക്കായി തണ്ടുവെച്ചു കെട്ടി. മൂന്നു നമ്പൂരിമാർകൂടി തണ്ടിന്റെ വടക്കേത്തലയും തെക്കേത്തല പിച്ചകശ്ശേരിപ്പണിക്കർ തനിച്ചും പിടിച്ചെടുത്തു. അപ്പോൾ പണിക്കർ തനിച്ചു പിടിച്ചതുകൊണ്ടു സ്വാമിയാർ തെക്കേത്തല പണിക്കർക്കു തെക്കേത്തലപ്പണിക്കർ എന്നുകൂടി ഒരു പേർ ഇരിക്കട്ടെ എന്നു് അരുളിച്ചെയ്തു. അങ്ങനെ അന്നു മുതൽ അദ്ദേഹത്തിനു് തെക്കേത്തലപ്പണിക്കർ എന്നുകൂടി ഒരു നാമം സിദ്ധിച്ചു. എങ്കിലും അധികം പ്രസിദ്ധി പിച്ചകശ്ശേരിപ്പണിക്കരെന്നുള്ള പഴയ പേരിനു തന്നെയാണു്.

Chap99pge889.png

വാർപ്പോടുകൂടി ബിംബം സ്വാമിയാർ മഠത്തിൽ കൊണ്ടുചെന്നതിന്റെ ശേ‌ഷം അഞ്ചുപേർകൂടി പുണ്യാഹം കഴിച്ചു് അന്നു മുതൽ തന്നെ ബിംബത്തിങ്കൽ പൂജ തുടങ്ങി. ഉടനെ സ്വാമിയാർ ഈ വിവരങ്ങളെല്ലാം അന്നു നാടുവാണിരുന്ന തെക്കുംകൂർ രാജാവിന്റെ പേർക്കു എഴുതിയയയ്ക്കുകയും അടുത്ത ദിവസം തന്നെ രാജാവു പരിവാരസമേതം അവിടെ എത്തുകയും പെട്ടെന്നു അമ്പലം പണിയും പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ചെയ്തു. സ്വാമിയാർ നോക്കിയപ്പോൾ വാർപ്പിരിക്കുന്നതായി ആദ്യം കണ്ട സ്ഥലത്തുതന്നെയാണു് അമ്പലം പണിയിച്ചതു്. ആ പുരയിടം കുന്നങ്കരിമേനോന്റെ വകയായിരുന്നു. അമ്പലം പണിയിക്കുന്നതിനായി അദ്ദേഹം ആ സ്ഥലം വില വാങ്ങാതെ സസന്തോ‌ഷം വിട്ടുകൊടുത്തു. ശ്രീകൃഷ്ണസ്വാമിയെ അവിടെ പ്രതിഷ്ഠിച്ചതു് ആ വാർപ്പോടുകൂടിത്തന്നെയാണു്. അതിനാൽ ക്ഷേത്രത്തിനു തിരുവാർപ്പു് എന്നു നാമം സിദ്ധിച്ചു. പിന്നീടു് ആ ദേശത്തിനും ആ പേരുതന്നെയായിത്തീർന്നു. ബിംബം പ്രതിഷ്ഠിക്കാൻ വാർപ്പോടുകൂടി എടുത്തു കൊണ്ടു പോയപ്പോഴും തെക്കേത്തല പിടിച്ചതു് തെക്കേത്തലപ്പണിക്കർ തന്നെയാണു്. പ്രതിഷ്ഠ നടത്തിയതു വാസ്തവത്തിൽ വില്വമംഗലത്തു സ്വാമിയാരായിരുന്നുവെങ്കിലും തന്ത്രിയുടെ സ്ഥാനം വഹിച്ചതു് ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പടായിരുന്നു.

പ്രതിഷ്ഠയും കലശവും കഴിഞ്ഞു നാലാം കലശദിവസം തന്ത്രിയും തെക്കുംക്കൂർ രാജാവും വില്വമംഗലത്തു സ്വാമിയാരും തിരുവാർപ്പിൽ സ്വാമിയാരും കുന്നങ്കരി മേനോനും കൂടി മേലാൽ നടക്കേണ്ടുന്ന ക്ഷേത്രകാര്യങ്ങളെല്ലാം നിശ്ചയിച്ചു. “ഇതൊരു അടിയന്തിരക്ഷേത്രമായിരിക്കണം. ഉഷഃരപൂജ പതിവായി ഏഴര നാഴിക വെളുപ്പിനു കഴിയണം. പന്തീരടിപൂജ, ഉച്ചപ്പൂജ മുതലായതിനും നേരനീക്കം വരുത്താൻ പാടില്ല. എന്നു മാത്രമല്ല, ഗ്രഹണസമയത്തുതന്നെ ഒരു പൂജ വിശേ‌ഷാൽ നടത്തണം. അതിനു് ഗ്രഹണപൂജ എന്നു നാമമായിരിക്കണം. ക്ഷേത്രകാര്യങ്ങൾ നടത്താനുള്ള പ്രധാന ചുമതല എന്നും കുന്നങ്കരി മേനോന്റെ വീട്ടിൽ അന്നന്നു മൂത്തയാൾ നടത്തണം. ആ ഉദ്യോഗസ്ഥന്റെ പേർ വലിയ മേനോൻ എന്നായിരിക്കണം. എന്നും താമരപ്പൂകൊണ്ടു ദേവനു പു‌ഷ്പാഞ്ജലി വേണം. ക്ഷേത്രത്തിൽപൂജാകാര്യങ്ങൾക്കു നേരനീക്കം വരാതിരിക്കുന്നതിനു് അന്നന്നു സ്വാമിയാർമഠത്തിലുണ്ടായിരിക്കുന്ന സ്വാമിയാന്മാരും പ്രത്യേകം മനസ്സുവെയ്ക്കണം. ക്ഷേത്രത്തിലേക്കു് നെയ്യു്, ശർക്കര, അരി, താമരപ്പൂവു് മുതലായി എന്തെങ്കിലും ആവശ്യപ്പെട്ടാൽ സ്വാമിയാർമഠത്തിൽ നിന്നു കൊടുക്കണം. ക്ഷേത്രത്തിൽ ഒരു ദിവസത്തെ പൂജാദികൾക്കു വേണ്ടുന്ന സകല സാധനങ്ങളും സദാ മഠത്തിൽ തയ്യാറാക്കിവച്ചിരിക്കണം. പൂജാദികൾക്കു വേണ്ടുന്ന സാധനങ്ങൾ വീഴ്ചകൂടാതെ വലിയ മേനോന്റെ ആജ്ഞപ്രകാരം ശേഖരിച്ചു കൊടുക്കുന്നതിനു് തെക്കേത്തല (തെക്കുംതല എന്നും ചിലർ പറയാറുണ്ടു്) പണിക്കരെ ചന്തിരക്കാരനായി നിയമിക്കണം. ഇവിടെ ആണ്ടുതോറും മേടസ്സംക്രാന്തിക്കു കൊടിയേറി പത്തുദിവസത്തെ ഉത്സവം വേണം. ഉത്സവകാലത്തു ദേവനെ എഴുന്നെള്ളിക്കുന്നതിന്റെ മുന്നിൽ തെക്കേത്തലപ്പണിക്കർ കളഭം പൂശി, കട്ടിയും കവണിയുമുടുത്തു്, ഒരു വടിയും പിടിച്ചു് അകമ്പടി സേവിക്കണം. ഈ ദേശത്തുള്ള നായന്മാരുടെ പെൺകുട്ടികളുടെ താലികെട്ടുകല്യാണത്തിനു മുമ്പായി വരുന്ന ഉത്സവകാലത്തു് എഴുന്നള്ളത്തിന്റെ മുമ്പിൽ അവരെക്കൊണ്ടു വിളവെടുപ്പിക്കണം. ഉത്സവം കൊടിയേറുന്നതിനു മുമ്പായി ഈ ദേശത്തുള്ള പുരകളെല്ലാം കെട്ടി മേച്ചിൽ കഴിപ്പിക്കണം. കൊടിയേറ്റുനാൾ ഒരാനയെ മതില്ക്കകത്തേക്കു് ഓടിച്ചുകയറ്റണം” എന്നും മറ്റുമാണു് അവർ നിശ്ചയിച്ചതു്. ഈ വകയ്ക്കെല്ലാം വേണ്ടുന്ന വസ്തുക്കൾ തെക്കുംകൂർ രാജാവു ദേവസ്വത്തിലേക്കു പതിച്ചുകൊടുത്തു. ഇങ്ങനെ അവിടെ വേണ്ടുന്നതെല്ലാം ഏർപ്പാടു ചെയ്തതിന്റെ ശേ‌ഷം വില്വമംഗലത്തു സ്വാമിയാർ അവിടം വിട്ടു് പോവുകയും ചെയ്തു. അന്നു നിശ്ചയിച്ച ചട്ടപ്രകാരമാണു് ഇപ്പോഴും തിരുവാർപ്പിൽ ക്ഷേത്രകാര്യങ്ങൾ നടത്തിയും നടന്നും പോരുന്നതെന്നാണു വെച്ചിരിക്കുന്നതു്. കാലഭേദം കൊണ്ടു സ്വല്പം ചില ഭേദഗതികൾ വന്നിട്ടില്ലെന്നുമില്ല. ഇങ്ങനെ ഏതാനും കാലം കഴിഞ്ഞപ്പോൾ തെക്കേത്തലപ്പണിക്കർക്കു തിരുവാർപ്പിൽനിന്നു് ഒരു സ്വാമിയാരെ ക്ഷണിച്ചു തനിക്കു കൂടി ഊരാണ്മയുള്ള തെള്ളകം ക്ഷേത്രത്തിൽ കൊണ്ടുപോയി ഒരു ഭിക്ഷയമൃതേത്തു നടത്തണമെന്നു് ഒരു മോഹം തോന്നുകയും ആ വിവരം ഒരു ദിവസം സ്വാമിയാരുടെ അടുക്കൽ അറിയിക്കുകയും ചെയ്തു. പണിക്കർ ക്ഷേത്രത്തിലെ ഒരു ജോലിക്കാരനും സ്വാമിയാരുടെ ഇഷ്ടനുമായിരുന്നതിനാൽ സ്വാമിയാർ അതു് സസന്തോ‌ഷം സമ്മതിച്ചു. പിന്നെ പണിക്കർ അതിനൊരു ദിവസം നിശ്ചയിക്കുകയും വേണ്ടതെല്ലാം വട്ടം കൂട്ടുകയും ചെയ്തിട്ടു വിവരം സ്വാമിയാരെ അറിയിക്കുകയും നിശ്ചിത ദിവസം രാവിലെ സ്വാമിയാർ തെള്ളകം ക്ഷേത്രസന്നിധിയിൽ എത്തുകയും ചെയ്തു. മാധ്യന്ദിനം കഴിച്ചു സ്വാമിയാർ ചെന്നപ്പോഴേക്കും ഭിക്ഷയ്ക്കു് (ഭക്ഷണത്തിനു്) എല്ലാം കാലമായിരുന്നു. വെയ്ക്കാനും വിളമ്പാനും പ്രധാനമായി പിച്ചകശ്ശേരിപ്പണിക്കർ തന്നെയായിരുന്നു.

അദ്ദേഹത്തെ സഹായിക്കാൻ ചെമ്മുണ്ടപ്പണിക്കരുമുണ്ടായിരുന്നു. ശേ‌ഷം നാല്പതില്ലക്കാർക്കും ഈ സ്വാമിയെക്കുറിച്ചു വളരെ പുച്ഛമായിരുന്നതിനാൽ അവരാരും യാതൊന്നും ഉത്സാഹിക്കാനായി പോയില്ല. എന്നുമാത്രമല്ല, അവർസ്വാമിയാരെ കുറേശ്ശെ പരിഹസിക്കുകയും ചെയ്തു. അതു പരസ്യമായിട്ടല്ലായിരുന്നുവെങ്കിലും സ്വാമിയാരറിയാതെയിരുന്നില്ല. എങ്കിലും പിച്ചകശ്ശേരിപ്പണിക്കരാണല്ലോ തന്നെ ക്ഷണിച്ചതെന്നു വിചാരിച്ചു് സ്വാമിയാർ ഭിക്ഷയ്ക്കു ചെന്നിരുന്നു. പിച്ചകശ്ശേരിപ്പണിക്കർ മുറയ്ക്കു് ഓരോന്നു വിളമ്പിക്കൊടുത്തു തുടങ്ങി. ഭിക്ഷയ്ക്കുള്ള വിഭവങ്ങളിൽ പ്രധാനമായിട്ടുണ്ടായിരുന്നതു് വെളിന്താൾ (മടന്തത്താൾ) കൊണ്ടുള്ള എരിശ്ശേരിയായിരുന്നു. തെള്ളകം ദേശത്തു വെളിഞ്ചേമ്പു ധാരാളമായിട്ടുണ്ടായിരുന്നതിനാൽ അതിന്റെ താൾ കൊണ്ടുള്ള എരിശ്ശേരി ധാരാളമായിട്ടുണ്ടാക്കിയിരുന്നു. ഈ താൾ കൊണ്ടുള്ള കറി സ്വാമിയാർക്കു് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്നു മാത്രമല്ല, ഈ താൾകൊണ്ടു പുളികൂട്ടാതെ എന്തു് കറിയുണ്ടാക്കിയാലും ചൊറിയുകയും ചെയ്യും. സ്വാമിയാർക്കു ഭിക്ഷയ്ക്കു (ഭക്ഷണത്തിനു്) എന്തൊരു പദാർത്ഥം കൊണ്ടു ചെന്നു വിളമ്പിയാലും വേണ്ടെന്നും മതിയെന്നും പറയരുതെന്നും വിളമ്പുന്നവയിൽ യാതൊന്നും ശേ‌ഷിച്ചുവയ്ക്കരുതെന്നുമാണു് പ്രമാണം. അതിനാൽ ഈ താളെരിശ്ശേരി വിളമ്പാൻ കൊണ്ടു ചെന്നിട്ടു സ്വാമിയാർ ഒന്നും മിണ്ടിയില്ല. ആ ഉപദ്രവം ആദ്യമേ തീരട്ടെ എന്നു് വിചാരിച്ചു സ്വാമിയാർ ആ എരിശ്ശേരി മുഴുവനും ക്ഷണത്തിൽ ഭക്ഷിച്ചു തീർത്തു. അതുകണ്ടിട്ടു സ്വാമിയാർക്കു് താളെരിശ്ശേരി ഏറ്റവും ഇഷ്ടമാണെന്നു നിശ്ചയിച്ചു പണിക്കർ പിന്നെയും വിളമ്പി. സ്വാമിയാർ അതും ഒരുവിധത്തിൽ തിന്നു തീർത്തു. ഇങ്ങനെ പിന്നെയും പിന്നെയും വിളമ്പി വിളമ്പി അവിടെയുണ്ടാക്കിയിരുന്ന എരിശ്ശേരി മുഴുവനും പണിക്കർ സ്വാമിയാരെ കുടിപ്പിച്ചു. അപ്പോഴേക്കും സ്വമിയാർക്കുണ്ടായ ബുദ്ധിമുട്ടു് എത്രമാത്രമെന്നു പറവാൻ പ്രയാസം. ഭിക്ഷ കഴിഞ്ഞു കൈകഴുകി കുലുക്കുഴിഞ്ഞിട്ടും സ്വാമിയാർക്കു് വായിലെ ചൊറിച്ചിൽ മാറിയില്ല. ആകപ്പാടെ സ്വാമിയാർ സാമാന്യത്തിലധികം വി‌ഷമിച്ചു.

ഭിക്ഷയമൃതേത്തു കഴിഞ്ഞതിന്റെശേ‌ഷം ദക്ഷിണയായി. സ്വാമിയാർക്കു ദക്ഷിണയ്ക്കു വസ്ത്രവും യഥാശക്തി പണവും ചുക്കും കടുക്കയും കൂടി അവരുടെ മുമ്പിൽവെച്ചു നമസ്ക്കരിക്കുകയാണു പതിവു്. വസ്ത്രവും പണവും മറ്റും കാഴ്ചവെയ്ക്കുന്നതു ഭിക്ഷ നടത്തിയ ആൾമാത്രമേ പതിവുള്ളുവെങ്കിലും നമസ്ക്കരിക്കാൻ ആ സ്ഥലത്തുള്ള ബ്രാഹ്മണരെല്ലാം ചെല്ലുകയാണു് പതിവു്. ഇവിടെ നമസ്ക്കരിക്കുന്നതിനു് പിച്ചകശ്ശേരിപ്പണിക്കരും ചെമ്മുണ്ടപ്പണിക്കരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ദക്ഷിണ കഴിഞ്ഞപ്പോൾ സ്വാമിയാർ അനുഗ്രഹിക്കുന്നതിനു പകരം ശപിക്കുകയാണു് ചെയ്തതു്. തന്നെ മടന്തത്താൾ തീറ്റി വി‌ഷമിപ്പിച്ച പിച്ചകശ്ശേരിപ്പണിക്കർക്കും അതിനു സഹായിച്ച ചെമ്മുണ്ടപ്പണിക്കർക്കും ബ്രാഹ്മണ്യമില്ലാതായിപ്പോകട്ടെ എന്നും തെള്ളകം ദേശത്തു മടന്തചേമ്പു കിളുർക്കാതെയായിപ്പോകട്ടെ എന്നും ധിക്കാരികളായ മറ്റേ നാല്പതില്ലക്കാരും കാലക്രമേണ ക്ഷയിച്ചു നാമാവശേ‌ഷന്മാരായിപ്പോകട്ടെ എന്നുമായിരുന്നു സ്വാമിയാരുടെ ശാപം. ഈ ശാപം ശരിയായി ഫലിച്ചു. സ്വാമിയാരുടെ ശാപം നിമിത്തം മറ്റുള്ള ബ്രാഹ്മണർ കൂട്ടത്തിൽക്കൂടാതെയാവുക നിമിത്തം പിച്ചകശ്ശേരിപ്പണിക്കരും ചെമ്മുണ്ടപ്പണിക്കരും കുടുംബസഹിതം ഒരുവക അമ്പലവാസികളെപ്പോലെ അന്തരാള ജാതിക്കാരായിത്തീർന്നു. തെള്ളകം ദേശത്തു് ഇന്നും മടന്തചേമ്പു് കിളുർക്കുന്നില്ല. ധിക്കാരികളായ നാല്പതില്ലക്കാരും കാലക്രമേണ നശിച്ചു നാമാവശേ‌ഷന്മാരായിത്തീരുകയും ചെയ്തു. അഞ്ചെട്ടു കൊല്ലം മുമ്പു ചെമ്മുണ്ടപ്പണിക്കരുടെ കുടുംബം അന്യംനിന്നു.

സ്വാമിയാർ ശപിച്ചയുടനെ പിച്ചകശ്ശേരിപ്പണിക്കർ ശാപമോക്ഷത്തിനപേക്ഷിക്കുകയാൽ സ്വാമിയാർ “ആട്ടെ, പണിക്കരുടെ കടവിൽ ആറ്റിൽ ഓരു വരുന്ന കാലത്തു നിങ്ങളുടെ ശാപം തീർന്നു നിങ്ങൾക്കു ബ്രാഹ്മണ്യമുണ്ടാകും” എന്നരുളി ചെയ്തു. പിചകശ്ശേരിപ്പണിക്കരുടെ ഇല്ലം കോട്ടയം താലൂക്കിൽ വിജയപുരം പകുതിയിൽ പാറമ്പുഴദേശത്തു കൗണാറെന്നുകൂടി പേരുള്ള മീനച്ചിലാറ്റിന്റെ വക്കത്താണു്. അവിടെ ഇതുവരെ ഓരു വന്നു തുടങ്ങിയിട്ടില്ല. പിച്ചകശ്ശേരിപ്പണിക്കരുടെ കുടുംബത്തിൽ ഇപ്പോൾ കേശവൻ എന്നു പേരായിട്ടു് ഒരു പുരു‌ഷൻ മാത്രമേയുള്ളൂ. അയാൾക്കു് ഇപ്പോൾ പ്രായം എൺപത്തൊന്നു വയസ്സായിട്ടുണ്ടു്. അതിനാൽ അവരുടെ കടവിൽ ഓരു വരുന്നതിനു മുമ്പു് ആ കുടുംബവും അന്യം നിന്നുപോകുമെന്നുള്ളതിനു സംശയമില്ല.

തെള്ളകം ദേവസ്വത്തിലെ ഊരാളന്മാർ മിക്കവരും അന്യം നിന്നതിന്റെ ശേ‌ഷം ശേ‌ഷമുണ്ടായിരുന്നവർ ആ ദേവസ്വം കുമാരനല്ലൂർ ദേവസ്വത്തിലേക്കു വിട്ടുകൊടുത്തു. കുമാരനല്ലൂർദേവസ്വക്കാർ അതു് ആ ക്ഷേത്രത്തിലെ ഒരു ജോലിക്കാരനായ വട്ടപ്പള്ളി മൂത്തതിനു് കൊടുത്തു. ഇപ്പോൾ ആ വിഷ്ണുക്ഷേത്രം വട്ടപ്പള്ളി മൂത്തതിന്റെ വകയായിട്ടാണിരിക്കുന്നതു്.