close
Sayahna Sayahna
Search

വില്വമംഗലത്തു സ്വാമിയാർ


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വില്വമംഗലത്തുനമ്പൂരി സന്ന്യസിച്ചു സ്വാമിയാരായതിന്റെ കാരണവും അദ്ദേഹം ചേർത്തല കാർത്ത്യായനിയേയും തിരുവാർപ്പിൽ ശ്രീകൃഷ്ണസ്വാമിയേയും മറ്റും പ്രതിഷ്ഠിച്ചതും, ഏറ്റുമാനൂർ ക്ഷേത്രം പുനരുദ്ധാരണം ചെയ്തു് നവീകരിച്ചതും തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിലും, വൈയ്ക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിലും, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും ദർശനത്തിനായി ചെന്നപ്പോഴുണ്ടായ അത്ഭുതങ്ങളും മറ്റും ഐതിഹ്യമാലയുടെ പൂർവ്വഭാഗങ്ങളിലായി പ്രസ്താവിച്ചിട്ടുള്ളതിനാൽ അതൊന്നും ഇവിടെ ആവർത്തിക്കുന്നില്ല. ആ സ്വാമിയാർ നിമിത്തം തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രമുണ്ടായതിനെക്കുറിച്ചു മാത്രമാണ്‌ ഇവിടെ പ്രസ്താവിക്കാൻ ഭാവിക്കുന്നതു്.

ശ്രീകൃഷ്ണസ്വാമി, സ്വാമിയാർക്കു പ്രത്യക്ഷീഭവിച്ചതിന്റെ ശേഷം അദ്ദേഹത്തിന്റെ തേവാര (വിഷ്ണുപൂജ) സമയത്തു പതിവായി അടുക്കൽ ചെന്നിരുന്നു. എന്നാലതു ലീലാലോലനായ ഒരു ബാലന്റെ ഭാവത്തിലും ധാരാളം തൊന്തരവുകൾ കാണിക്കുന്ന ഒരു കുസൃതിക്കാരന്റെ നിലയിലുമായിരുന്നു പതിവു്. ആ സമയങ്ങളിൽ സ്വാമിയാർ ഭഗവാനെ ഉണ്ണി എന്നാണു് പറഞ്ഞിരുന്നതു്. സ്വാമിയാർ പൂജ കഴിച്ചുകൊണ്ടിരിക്കുന്ന സമയങ്ങളിൽ ഭഗവാൻ ബാലാകാരനായി അടുക്കൽ ചെന്നാൽ സ്വാമിയാരുടെ പുറത്തു് ഉരുണ്ടുകയറുക, പൂജയ്ക്കുള്ള പൂക്കളും മറ്റും വാരിക്കളയുക, പൂജാപാത്രങ്ങളിൽ മൂത്രവിസർജ്ജനം ചെയ്യുക മുതലായ ഉപദ്രവങ്ങളാണു് ചെയ്യുക പതിവു്. ഭക്തവത്സലനായ ഭഗവാനു ഭക്തന്മാരുടെ അടുക്കൽ ഇന്നപ്രകാരമേ പെരുമാറാവൂ എന്നില്ലല്ലോ. എന്നാൽ ഭഗവാൻ സ്വാമിയാരുടെ അടുക്കൽ ഇപ്രകാരമെല്ലാം പ്രവർത്തിച്ചതു സ്വാമിയാരുടെ സഹനശക്തിയും ഭക്തിദാർഢ്യവും എത്രമാത്രമുണ്ടെന്നു പരീക്ഷിക്കാൻകൂടി ആയിരിക്കണം.

ഒരു ദിവസം ഭഗവാന്റെ ഉപദ്രവം ഏറ്റവും ദുസ്സഹമായിത്തീരുകയാൽ സ്വാമിയാർ, “ഉണ്ണീ! ഉപദ്രവിക്കാതെ ഇരിക്കൂ” എന്നു പറഞ്ഞു പുറംകൈകൊണ്ടു തള്ളി മാറ്റി. അതു സ്വാമിക്കു് ഒട്ടും രസിച്ചില്ല. പുറം കൈകൊണ്ടു തള്ളി മാറ്റുന്നതു നിഷിദ്ധവും നികൃഷ്ടവുമാണല്ലോ. അതിനാൽ സ്വാമി കോപഭാവത്തോടുകൂടെ “ഇനിയെന്നെ കാണണമെങ്കിൽ അനന്തൻ‌കാട്ടിൽ വരണം” എന്നു പറഞ്ഞിട്ടു് അവിടെനിന്നു മറഞ്ഞു.

ഭഗവാൻ അന്തർദ്ധാനം ചെയ്തുകഴിഞ്ഞപ്പോൾ സ്വാമിയാർ ഏറ്റവും വിഷണ്ണനായിത്തീർന്നു. പിന്നെ അദ്ദേഹം അനന്തൻകാടന്വേക്ഷിച്ചു പുറപ്പെട്ടു. അത്യന്തം വിഷാദത്തോടുകൂടി അദ്ദേഹം പല സ്ഥലങ്ങളിൽ അന്വേഷിച്ചു് അലഞ്ഞു നടക്കുകയും പലരോടും ചോദിക്കുകയും ചെയ്തിട്ടും ഒന്നും അറിയാൻ കഴിഞ്ഞില്ല. ഒടുക്കം വഴിനടന്നും വെയിൽകൊണ്ടും ക്ഷീണിച്ചു തളർന്നു് ഒരു സ്ഥലത്തു ചെന്നു താൻ ചെയ്തുപോയ അക്രമപ്രവൃത്തിയെക്കുറിച്ചു വിചാരിച്ചു പശ്ചാത്തപിച്ചുകൊണ്ടു് ഒരു മരത്തണലിലിരുന്നു. ആ സമയം ആ സ്ഥലത്തിനു സമീപം ഒരു പറയന്റെ കുടിലിൽ പറയനും അവന്റെ ഭാര്യയും തമ്മിൽ ഒരു ശണ്ഠ നടന്നിരുന്നു. അതിനിടയ്ക്കു പറയൻ ദേഷ്യപ്പെട്ടു തന്റെ ഭാര്യയോടു് “ഇനിയും നീ എന്നോടു വഴക്കിനു വരികയാണെങ്കിൽ നിന്നെ ഞാൻ തല്ലിക്കൊന്നു് അനന്തൻ‌കാട്ടിലേക്കു വലിച്ചെറിയും” എന്നു പറഞ്ഞു. അതുകേട്ടു സ്വാമിയാർ ആ പറയന്റെ അടുക്കൽ ചെന്നു ചില സാന്ത്വനവാക്കുകൾ കൊണ്ടു് അവനെ സമാധാനിപ്പെടുത്തിയിട്ടു് അനന്തൻ‌കാടു് എവിടെയാണെന്നു് അവനോടു ചോദിക്കുകയും അവൻ അതു കാണിച്ചുകൊടുക്കുകയും ചെയ്തു.

Chap112pge998.png

ആ കാടു കല്ലും മുള്ളും മരങ്ങളും നിറഞ്ഞു് ഏറ്റവും ദുഷ്‌പ്രാപ്യവും ദുസ്സഞ്ചാരവും ആയിരുന്നു എങ്കിലും സ്വാമിയാർ ഭഗവാനെ കാണാനുള്ള അത്യാഗ്രഹം നിമിത്തം ആ ദുർഘടമൊന്നും ലേശംപോലും വകവയ്ക്കാതെ ആ വനത്തിൽ പ്രവേശിച്ചു ഭഗവാനെ നോക്കി നടന്നുതുടങ്ങി. അങ്ങനെ കുറച്ചുദൂരം ചെന്നപ്പോൾ ഭഗവാനെ കണ്ടു. പക്ഷേ അതു യഥാപൂർവ്വം ഉണ്ണിക്കൃഷ്ണനായിട്ടല്ലായിരുന്നു. ഒരു ഇരിപ്പമരത്തിന്റെ ചുവട്ടിലും, കാല്‌ക്കലും തലയ്ക്കലുമിരിക്കുന്ന ഭൂലക്ഷ്മീമാരോടുകൂടെ അനന്തന്മേൽ കിടക്കുന്നതായിട്ടുമാണു് ഭഗവാനെ അപ്പോൾ സ്വാമിയാർ കണ്ടതു്. ഉടനെ സ്വാമിയാർ ഭക്തിപാരവശ്യത്തോടു കൂടെ ഭഗവാനെ സാഷ്ടാംഗമായി വീണു നമസ്ക്കരിച്ചു. സ്വാമിയാരെ കണ്ടു സന്തുഷ്ടനായ ഭഗവാൻ സ്വാമിയാരോടു സസ്മിതം “ഞാൻ ഭക്ഷണം കഴിച്ചിട്ടു വളരെ ദിവസമായി. എനിക്കിപ്പോൾ വിശപ്പു കലശലായിരിക്കുന്നു. ഉടനെ എനിക്കെന്തെങ്കിലും തിന്നാൻ തരണം” എന്നരുളിച്ചെയ്തു. ഭഗവാനു ഭക്ഷിപ്പാൻ കൊടുക്കുന്നതിനു മറ്റു മാർഗ്ഗമൊന്നും കാണായ്കയാൽ സ്വാമിയാർ ആ കാട്ടിലുണ്ടായിരുന്ന ഒരു മാവിൽനിന്നു വീണുകിടന്നിരുന്ന കണ്ണിമാങ്ങ കുറെ പെറുക്കിയെടുത്തു് ഒരു കല്ലിന്മേൽ വെച്ചു ചതച്ചു് അവിടെത്തന്നെ കിടന്നിരുന്ന ഒരു ചിരട്ടയിലാക്കിക്കൊടുത്തു. ഭഗവാൻ അതു വാങ്ങി ഭക്ഷിക്കുകയും “മതി, എന്റെ വിശപ്പു നിശ്ശേഷം മാറുകയും എനിക്കു നല്ല തൃപ്തിയാവുകയും ചെയ്തിരിക്കുന്നു” എന്നു് അരുളിച്ചെയ്യുകയും ചെയ്തു.

അനന്തരം സ്വാമിയാർ അനന്തശായിയായ ഭഗവാൻ ശ്രീപത്മനാഭൻ അനന്തൻ കാട്ടിൽ‌വെച്ചു തനിക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു എന്നുള്ള വിവരം തിരുവിതാംകൂറു് മഹാരാജാവിനെ ഗ്രഹിപ്പിച്ചു. അക്കാലത്തു തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരമായിരുന്നതിനാൽ മഹാരാജാവു് കുടുംബസമേതം എഴുന്നള്ളി താമസിച്ചിരുന്നതു് പത്മനാഭപുരം കൊട്ടാരത്തിലായിരുന്നു.

സ്വാമിയാർക്കുണ്ടായ ദിവ്യദർശനത്തെക്കുറിച്ചു് അറിഞ്ഞിട്ടു മഹാരാജാവു് പത്മനാഭപുരത്തും അതിനടുത്ത പ്രദേശങ്ങളിലും താമസക്കാരും , ജനപുഷ്ടികൊണ്ടും ധനപുഷ്ടികൊണ്ടും പ്രബലന്മാരുമായിരുന്ന എട്ടു മഠങ്ങളിലെ പോറ്റിമാരോടുകൂടെ അനന്തൻ‌കാട്ടിലെത്തി ആ സ്ഥലം സന്ദർശിച്ചു. പത്മനാഭസ്വാമിയെ സ്വാമിയാർക്കു പ്രത്യക്ഷമായി കാണാമായിരുന്നുവെങ്കിലും മഹാരാജാവു് മുതലായവർക്കാർക്കും കാണാമായിരുന്നില്ല. എങ്കിലും വില്വമംഗലത്തു സ്വാമിയാരുടെ ദിവ്യത്വത്തെക്കുറിച്ചു മഹാരാജാവു് മുതലായവർക്കെല്ലാപേർക്കും നല്ലപോലെ അറിയാമായിരുന്നതുകൊണ്ടു് അദ്ദേഹം പറഞ്ഞതിനെ വിശ്വസിച്ചു. മഹാരാജാവു് അനന്തൻകാട്ടിലെയും അടുത്ത പ്രദേശങ്ങളിലേയും കാടുകളും മരങ്ങളുമെല്ലാം വെട്ടിമാറ്റിച്ചു. സ്വാമിയാർ ഭഗവാനെ കണ്ടതായ ആ സ്ഥലത്തു് ഒരു ക്ഷേത്രം പണിയുന്നതിനു് കല്പിച്ചു ചട്ടംകെട്ടുകയും മേൽ‌പറഞ്ഞ എട്ടു മഠക്കാരായ പോറ്റിമാരുത്സാഹിച്ചു സകലവും മഹാരാജാവുതിരുമനസ്സിലെ ഹിതം പോലെ നടത്തുകയും ചെയ്തു.

ക്ഷേത്രം പണി കഴിഞ്ഞതിന്റെ ശേഷം മഹാരാജാവു് ആ ക്ഷേത്രത്തിൽ മേല്പറഞ്ഞ പോറ്റിമാരുടെ സഹായസഹകരണങ്ങളോടുകൂടിത്തന്നെ ഒരു ശുഭമുഹൂർത്തത്തിൽ യഥാവിധി പത്മനാഭസ്വാമിയെ പ്രതിഷ്ഠിപ്പിക്കുകയും ചെയ്തു. പ്രതിഷ്ഠിക്കപ്പെട്ട ശ്രീപത്മനാഭവിഗ്രഹം സ്വാമിയാർ കണ്ടവിധം അനന്തശായിയായിട്ടുള്ളതാണു്. അതു് ഇപ്പോഴും അങ്ങനെതന്നെയാണിരിക്കുന്നതു്.

ക്ഷേത്രം പണിയും പ്രതിഷ്ഠയും കഴിഞ്ഞിട്ടും സ്വാമിയാരെ അവിടെനിന്നു വിട്ടയയ്ക്കുന്നതിനു് മഹാരാജാവിനും പത്മനാഭസ്വാമിയുടെ സന്നിധിയിൽ നിന്നു വിട്ടുപിരിയുന്നതിനു സ്വാമിയാർക്കും സമ്മതമില്ലാതെയിരുന്നതിനാൽ ക്ഷേത്രത്തോടടുത്തുതന്നെ സ്വല്പം പടിഞ്ഞാറുമാറി മഹാരാജാവു കല്പിച്ചു് ഒരു സ്വാമിയാർമഠം പണിയിച്ചുകൊടുക്കുകയും സ്വാമിയാർ തന്റെ സ്ഥിരവാസം അവിടെയാക്കുകയും ചെയ്തു. അനന്തരം മഹാരാജാവു് സ്വാമിയാർക്കു നിത്യവൃത്തി സുഖമായിക്കഴിഞ്ഞുകൂടത്തക്കവണ്ണം ചില അനുഭവങ്ങൾ പതിച്ചുകൊടുക്കുകയും പരിചരണത്തിനു വേണ്ടുന്ന ഭൃത്യന്മാർ, കുട്ടിപ്പട്ടർ മുതലായവരെ കല്പിച്ചു നിയമിച്ചുകൊടുക്കുകയും ചെയ്തു. സ്വാമിയാർ അന്യന്മാരാരും ആവശ്യപ്പെടാതെ സ്വമനസ്സാലെതന്നെ പതിവായി ക്ഷേത്രത്തിൽ പോയി പത്മനാഭസ്വാമിയെ ഭക്തിപൂർവ്വം സേവിക്കുകയും പുഷ്പാഞ്ജലി കഴിക്കുകയും ചെയ്തിരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ മഹാരാജാവു് പത്മനാഭസ്വാമിക്കു സ്വാമിയാരുടെ പുഷ്പാഞ്ജലി മുടക്കം കൂടാതെ എന്നും വേണമെന്നു കല്പിച്ചു നിശ്ചയിക്കുകയും ആ വകയ്ക്കു സ്വാമിയാർക്കു വിശേഷാൽ ചില പതിവുകൾകൂടി കല്പിച്ചു് ഏർപ്പെടുത്തുകയും ചെയ്തു. പത്മനാഭസ്വാമിക്കു സ്വാമിയാരുടെ പുഷ്പാഞ്ജലി മുടങ്ങാതെ എന്നുമുണ്ടായിരിക്കണമെന്നു് മഹാരാജാവു കല്പിച്ചു നിശ്ചയിച്ചിരിക്കുന്ന സ്ഥിതിക്കു് വല്ല കാരണവശാലും തനിക്കു വയ്യാതെ വന്നാലും പുഷ്പാഞ്ജലി മുടങ്ങരുതെന്നു കരുതി വില്വ മംഗലത്തു സ്വാമിയാർ യോഗ്യനായ ഒരു നമ്പൂരിക്കുകൂടി സന്ന്യാസം കൊടുത്തു തന്റെ ശിക്ഷ്യനാക്കി. അത്യാവശ്യമായാൽ ആ ശിഷ്യനായ സ്വാമിയാരും ക്ഷേത്രത്തിൽ കടന്നു പുഷ്പാഞ്ജലി കഴിച്ചുകൊള്ളുന്നതിനു മഹാരാജാവു് കല്പിച്ചനുവദിക്കുകയും ആ സ്വാമിയാർക്കും ചില പതിവുകൾ കല്പിച്ചു് ഏർപ്പെടുത്തുകയും പുഷ്പാഞ്ജലി കഴിക്കുന്ന സ്വാമിയാരുടെ പേരു്, മേലാൽ പുഷ്പാഞ്ജലി സ്വാമിയാർ എന്നായിരിക്കണമെന്നു കല്പിച്ചു നിശ്ചയിക്കുകയും ചെയ്തു. ആ സ്വാമിയാരുടെ ശിഷ്യപരമ്പരയിലുൾപ്പെട്ട ഏതെങ്കിലും ഒരു സ്വാമിയാർ പത്മനാഭസ്വാമിക്കു പുഷ്പാഞ്ജലി കഴിക്കണമെന്നുള്ള ഏർപ്പാടു് ഇപ്പോഴും വേണ്ടെന്നു വെച്ചിട്ടില്ല. പത്മനാഭസ്വാമിക്കു് ഇപ്പോഴും ഒരു സ്വാമിയാർ പതിവായി പുഷ്പാഞ്ജലി നടത്തിവരുന്നുണ്ടു്. അദ്ദേഹത്തെ എല്ലാവരും പുഷ്പാഞ്ജലി സ്വാമിയാർ എന്നു തന്നെയാണു് പറഞ്ഞുവരുന്നതു്. പുഷ്പാഞ്ജലി സ്വാമിയാർക്കു കല്പിച്ചു നിശ്ചയിച്ചിട്ടുള്ള അനുഭവങ്ങളെല്ലാം ഇപ്പോഴും കൊടുത്തുപോരുന്നുമുണ്ടു്. ഇത്രയും പറഞ്ഞുകൊണ്ടു് ഇപ്പോൾ തിരുവനന്തപുരം പട്ടണമായി പ്രശോഭിക്കുന്ന സ്ഥലം പണ്ടു വലിയ വനപ്രദേശമായിരുന്നു എന്നും ആ വനത്തിന്റെ പേർ അന്തൻ‌കാടു് എന്നായിരുന്നു എന്നും തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രമുണ്ടാകുന്നതിനു കാരണം വില്വമംഗലത്തു സ്വാമിയാരായിരുന്നു എന്നും സ്പഷ്ടമാകുന്നുണ്ടല്ലോ.