close
Sayahna Sayahna
Search

കടാങ്കോട്ടു മാക്കം ഭഗവതി


കൊട്ടാരത്തിൽ ശങ്കുണ്ണി

ഐതിഹ്യമാല
Aim-00.png
ഗ്രന്ഥകർത്താവ് കൊട്ടാരത്തിൽ ശങ്കുണ്ണി
മൂലകൃതി ഐതിഹ്യമാല
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഐതിഹ്യകഥകൾ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ലക്ഷ്മിഭായി ഗ്രന്ഥാവലി
വര്‍ഷം
1909
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 920
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മാക്കം ഭഗവതിയുടെ ചരിത്രം ഉത്തരകേരളത്തിൽ സുപ്രസിദ്ധവും സർവ്വവിദിതവുമാണെങ്കിലും ദക്ഷിണകേരളത്തിൽ ഇതു കേട്ടിട്ടുപോലുമില്ലാത്തവർ പലരുമുണ്ടെന്നാണു് അറിയുന്നതു്. അതിനാൽ അങ്ങനെയുള്ളവരുടെ അറിവിലേയ്ക്കായി ആ കഥ ചുരുക്കത്തിൽ പ്രസ്താവിച്ചുകൊള്ളുന്നു.

ഉത്തരകേരളത്തിൽ സുപ്രസിദ്ധമായ ‘കടത്തനാട്ടു്’ എന്ന ദേശത്തു് ‘കടാങ്കോടു്’ എന്നു പ്രസിദ്ധമായ ഒരു നായർഗൃഹം പണ്ടുണ്ടായിയിരുന്നു. ആ ഗൃഹക്കാർ ധനപുഷ്ടികൊണ്ടും ആഭിജാത്യം കൊണ്ടും സ്ഥാനമാനാദികൾ കൊണ്ടും സർവ്വമാന്യന്മാരായിരുന്നു. ആ തറവാട്ടിൽ ഒരു കാലത്തു് ഒരു സ്ത്രീ മാത്രമായിത്തീർന്നു ആ ഗുണവതിക്കു് ഈശ്വരപ്രസാദത്താൽ പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ആ പുത്രിയുടെ നാമധേയം ‘മാക്കം’ എന്നായിരുന്നു.

മാക്കത്തിനു ഏകദേശം മൂന്നു വയസ്സു പ്രായമായപ്പോഴേക്കും അവളുടെ മാതാപിതാക്കന്മാർ കാലദോഷത്താൽ കാലധർമ്മത്തെ പ്രാപിച്ചു. എങ്കിലും അവളുടെ സഹോദരന്മാർക്കു പന്ത്രണ്ടു പേർക്കും അവളെക്കുറിച്ചു വളരെ സ്നേഹവും വാത്സല്യവുമുണ്ടായിരുന്നതിനാൽ അവളെ അവർ യഥായോഗ്യം വളർത്തിക്കൊണ്ടുവന്നു. അവളെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുകയാൽ അവൾ വളരെ വിദുഷിയും സൽഗുണസമ്പന്നയുമായിത്തീർന്നു. മാക്കത്തിന്റെ താലികെട്ടു കല്യാണം സഹോദരന്മാർ വളരെ കേമമായി ആഘോഷപൂർവ്വം നടത്തിച്ചു.

മാക്കം കാലക്രമേണ കൗമാരകാലത്തെ വിട്ടു നവയൗവനദശയെ പ്രാപിച്ചു. സർവ്വാംഗസുന്ദരിയായിരുന്ന അവൾക്കു യൗവനം കൂടി വന്നപ്പോഴേക്കും ആകൃതി കൊണ്ടും പ്രകൃതികൊണ്ടും മാക്കത്തിനു തുല്യമായിട്ടു് ഒരു കന്യക ത്രൈലോക്യത്തിലെങ്ങും തന്നെ ഇല്ലെന്നു് സർവ്വജനങ്ങളും ഒരുപോലെ പറഞ്ഞുതുടങ്ങി. മാക്കത്തിന്റെ സൗന്ദര്യം, സൗശീല്യം, വൈദുഷ്യം, വൈദഗ്ദ്ധ്യം, ഈശ്വരഭക്തി, നിഷ്കാപട്യം മുതലായ സർഗുണങ്ങളെക്കുറിച്ചു് പുകഴ്ത്താത്തവരായി ലോകത്തിൽ ആരും തന്നെ ഇല്ലെന്നായിത്തീർന്നു.

ഇതിനിടയ്ക്കു് മാക്കത്തിന്റെ സഹോദരന്മാർ പന്ത്രണ്ടുപേരും സുന്ദരിമാരായ ഓരോ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുകയും തറവാട്ടിൽ തന്നെ കൊണ്ടുവന്നു താമസിപ്പിച്ചു തുടങ്ങുകയും മാക്കത്തിനു സർവ്വപ്രകാരേണയും അനുരൂപനായ ഒരു ഭർത്താവു് ഉണ്ടായിത്തീരുകയും ചെയ്തു. ആ മനുഷ്യൻ ‘ഇളം കൂറ്റിൽത്തറവാട്ടിൽ നമ്പർ നമ്പ്യാർ’ എന്നു പ്രസിദ്ധനായ പുരുഷശ്രേഷ്ഠനായിരുന്നു. ഇദ്ദേഹത്തെപ്പോലെ സകല യോഗ്യതകളും തികഞ്ഞ ഒരു പുരുഷൻ അക്കാലത്തു് വടക്കേ മലയാളത്തിലുണ്ടായിരുന്നില്ല. ഈ പുരുഷരത്നം അവളിൽ വന്നുചേർന്നതു് അവളുടെ ഭാഗ്യം കൊണ്ടും അവൾ ബാല്യം മുതൽ ഭക്തിപൂർവ്വം സേവിച്ചു്കൊണ്ടിരുന്ന ‘ലോകമലയാർ കാവിൽ’ ഭഗവതിയുടെ കാരുണ്യംകൊണ്ടുമായിരുന്നു. ആ കാവു കടത്തനാട്ടു് രാജസ്വരൂപം വകയാണെങ്കിലും മാക്കം ആ ഭഗവതിയെ സേവിച്ചു വശംവദയാക്കിത്തീർത്തിരുന്നു. ദേവി ഭക്തവത്സലയും ഭക്താഭിഷ്ടപ്രദയുമാണല്ലോ.

മാക്കം നല്ല പിടിപ്പും പഠിപ്പും ശേഷിയും ശേമുഷിയും കാര്യവിവരവുമുള്ള കൂട്ടത്തിലായിരുന്നതിനാൽ അവളുടെ സഹോദരന്മാർ തറവാട്ടിലെ സകല വരവു ചെലവുകളുടെയും കണക്കുകൾ അവളെയും ബോധ്യപ്പെടുത്തി വന്നിരുന്നു. എന്നു മാത്രമല്ല മാക്കത്തിന്റെ സമ്മതംകൂടാതെ അവർ ഒരുകാശു പോലും ചെലവു ചെയ്യാറുമില്ലായിരുന്നു. അതിനാൽ ആ പുരുഷന്മാരുടെ ഭാര്യമാർക്കു് മാക്കത്തോടു വളരെ അസൂയയും വൈരവുമുണ്ടായിത്തീർന്നു. കടാങ്കോട്ടുതറവാടു് വളരെ മുതലുള്ളതായിരുന്നതിനാൽ അവിടെ നിന്നു ക്രമത്തിലധികമായ സമ്പാദ്യമുണ്ടാക്കാമെന്നായിരുന്നു ആ സ്ത്രീകളുടെ വിചാരം. മാക്കം നിമിത്തം അവരുടെ ആ അത്യാഗ്രഹം പൂർണ്ണമായി സാധിച്ചിരുന്നില്ല. എന്നാൽ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെയിരിക്കത്തവണ്ണം വേണ്ടതൊക്കെ ധാരാളമായി കൊടുക്കുന്നതിനു മാക്കം അനുവദിക്കുകയും അവരുടെ ഭർത്താക്കന്മാർ അവർക്കു കൊടുക്കുകയും ചെയ്തിരുന്നു. അതിനാൽ ഭർത്താക്കന്മാരുടെ കാലം കഴിഞ്ഞാലും അവർക്കും അവരുടെ സന്താനങ്ങൾക്കും ഒട്ടും ബുദ്ധിമുട്ടുകൂടാതെ നിത്യവൃത്തികഴിച്ചുകൂട്ടുവാൻ തക്കവണ്ണമുള്ള മുതൽ അവർ സമ്പാദിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ സ്ത്രീകൾക്കു് അതൊന്നുകൊണ്ടും തൃപ്തിയായില്ല. “തനിക്കു് താൻ പോന്ന മഹത്തുക്കൾക്കും ധനത്തിലുള്ളാഗ്രഹമൽപ്പമല്ല” എന്നുണ്ടല്ലോ. എന്നാൽ തങ്ങൾക്കു് ആഗ്രഹത്തിനു തക്കവണ്ണമുള്ള സമ്പാദ്യമുണ്ടാകാഞ്ഞിട്ടല്ല, അളവില്ലാതെയുള്ള ധനത്തിന്മേൽ മാക്കത്തിനു അവകാശവും അധികാരവും സിദ്ധിച്ചതുകൊണ്ടാണു് ആ സ്ത്രീകൾക്കു സങ്കടമുണ്ടായതു്. അതിനാൽ അവർ തങ്ങളുടെ ഭർത്താക്കന്മാർക്കു മാക്കത്തോടു് ഏതുവിധവും വിരോധമുണ്ടാക്കിത്തീർക്കണമെന്നു നിശ്ചയിച്ചുകൊണ്ടു് ആ പുരുഷന്മാരുടെ അടുക്കൽ അടുത്തുകൂടി സദാ ‘തലേണമന്ത്രം’ ഉരുക്കഴിച്ചുകൊണ്ടിരുന്നു. മരുമക്കത്തായ കുടുംബങ്ങളിലെ നാത്തൂൻപോരും ‘നാത്തൂന്മാരുടെ തലേണമന്ത്രവും അമ്മായിപ്പഞ്ചതന്ത്രം’ പോലെ തന്നെ പ്രസിദ്ധങ്ങളാണല്ലൊ. എന്നാൽ മാക്കത്തിന്റെ പന്ത്രണ്ടാമത്തെ സഹോദരനായ രാമൻനമ്പ്യാരുടെ ഭാര്യയായ ‘പുരാണി’ എന്ന സ്ത്രീ സുശീലയും, മറ്റവരെപ്പോലെ അത്യാഗ്രഹവും ദുഷ്ടതയും അസൂയയുമില്ലാതെ മാക്കത്തെക്കുറിച്ചു് സ്നേഹവും വാത്സല്യവുമുള്ളവളുമായിരുന്നതിനാൽ അവൾ തലേണമന്ത്രം ജപിക്കാനും മറ്റും കൂടിയില്ല. ഒരു സമയം അവൾ മന്ത്രം ജപിക്കാനും മന്ത്രം പ്രയോഗിക്കാനും മറ്റും തുനിഞ്ഞിരുന്നുവെങ്കിലും അതൊന്നും രാമൻ നമ്പ്യാരുടെ അടുക്കൽ ഫലിക്കുകയുമില്ലായിരുന്നു. എന്തുകൊണ്ടെന്നാൽ രാമൻ നമ്പ്യാർക്കു് മാക്കത്തെക്കുറിച്ചു് മൂത്ത സഹോദരന്മാർ പതിനൊന്നു് പേരെക്കാളധികം സ്നേഹവും വാത്സല്യവും വിശ്വാസവുമുണ്ടായിരുന്നു. മാക്കത്തെക്കുറിച്ചു് ആരെല്ലാം എന്തെല്ലാം ഏഷണി പറഞ്ഞാലും ആ മനുഷ്യൻ ഒരിക്കലും വിശ്വസിക്കുകയില്ലായിരുന്നു. എന്നാൽ പുരാണി ഏഷണി പറയാനും മറ്റും പോകാത്തതു് അതുകൊണ്ടൊന്നുമല്ലായിരുന്നു. ആ സ്ത്രീയ്ക്കു് മാക്കത്തെക്കുറിച്ചു് സീമാതീതമായ സ്നേഹമുണ്ടായിരുന്നതുകൊണ്ടു തന്നെയാണു്. പിന്നെ അവൾ പ്രകൃത്യാസുശീലയുമായിരുന്നല്ലോ. ജ്യേഷ്ഠത്തിമാർ പതിനൊന്നുപേരും സദാ മാക്കത്തെ ദുഷിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടാണിരുന്നതു്. എന്നാൽ പുരാണി അതു കേൾക്കുമ്പോഴൊക്കെ ജ്യേഷ്ഠത്തിമാരോടു് എതിർത്തു പറഞ്ഞുകൊണ്ടുമിരുന്നു. അതിനാൽ അവർക്കു പതിനൊന്നു പേർക്കും ക്രമേണ പുരാണിയെക്കുറിച്ചും ഒട്ടും രസമില്ലാതെയായിത്തീർന്നു. ഇതെല്ലാം അറിഞ്ഞുകൊണ്ടിരുന്നിട്ടും മാക്കം ആ നാത്തൂന്മാർക്കു വിരോധമായിട്ടു യാതൊന്നും പറയുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നില്ല. “ഉപകാരപ്രധാനസ്സ്യാദപകാരപരേപ്യരൗ” എന്നാണല്ലോ പ്രമാണം.

സൽഗുണവതിയായ മാക്കത്തിനു ഭർത്താവുണ്ടായിട്ടു് അധികം താമസിയാതെതന്നെ അവൾ ഗർഭം ധരിക്കുകയും യഥാകാലം പ്രസവിച്ചു് ഒരു ആൺകുട്ടിയുണ്ടാവുകയും ചെയ്തു. അപ്പോൾ നാത്തൂന്മാർക്കു് പതിനൊന്നുപേർക്കും അവളോടുള്ള അസൂയയും വൈരവും പൂർവ്വാധികം വർദ്ധിച്ചു. എങ്കിലും സഹോദരന്മാർക്കും ഭർത്താവിന്നും പുരാണിക്കും മാക്കത്തെക്കുറിച്ചുള്ള സ്നേഹവും സന്തോഷവുമാണു് അപ്പോൾ വർദ്ധിച്ചതു്. അതിനാൽ നാത്തൂന്മാർ അവരുടെ തലേണമന്ത്രം അക്ഷരലക്ഷം വീതം ജപിച്ചിട്ടും യാതൊരു ഫലസിദ്ധിയുമുണ്ടായില്ല. പ്രകൃത്യാ നിർദ്ദോഷവാന്മാരായ ആ പുരുഷന്മാർ തങ്ങളുടെ ഭാഗിനേയനു യഥാകാലം ‘ചാത്തു’ എന്നു പേരിടുകയും അന്നപ്രാശനമടിയന്തിരം സാഘോഷം കെങ്കേമമായി നടത്തുകയും ആ കുട്ടിയെ യഥായോഗ്യം വളർത്തിപ്പോരികയും ചെയ്തു.

അനന്തരം മാക്കം പ്രസവിച്ചു് ഒരു പെൺകുട്ടി കൂടിയുണ്ടായാൽ കൊള്ളാമെന്നുള്ള ആഗ്രഹം ക്രമത്തിലധികം വർദ്ധിക്കുകയാൽ അവളുടെ സഹോദരന്മാർ അതിനായി സംഖ്യയില്ലാതെ ധനവ്യയം ചെയ്തു് അനവധി സൽക്കർമ്മങ്ങൾ നടത്തി. അതൊക്കെക്കൊണ്ടു നാത്തൂന്മാർക്കു് അസൂയ പ്രതിദിനം വർദ്ധിച്ചുകൊണ്ടിരുന്നു. എങ്കിലും അവർക്കു് ഒന്നും ചെയ്യാനും ചെയ്യിക്കാനും സാധിക്കായ്കയാൽ എല്ലാം സഹിക്കുക തന്നെ ചെയ്തു.

ആരെല്ലാം എന്തെല്ലാം വിചാരിച്ചാലും എത്രമാത്രം അസൂയപ്പെട്ടാലും “സുലഭമഹോ! ഗുണികൾക്കു വാഞ്ചിതാർത്ഥം” എന്നുള്ളതിനു വ്യത്യാസം വരുന്നതല്ലല്ലോ. മാക്കം രണ്ടാമതും ഗർഭം ധരിക്കുകയും യഥാകാലം ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. അപ്പോൾ നാത്തൂന്മാരുടെ അസൂയ പരമകാഷ്ഠയെ പ്രാപിച്ചു. മാക്കത്തിന്റെ സഹോദരന്മാരുടെ സന്തോഷവും അങ്ങനെതന്നെ. അവർ തങ്ങളുടെ ഭാഗിനേയിക്കു യഥാകാലം ‘ചീരു’ എന്നു പേരിടുകയും ചോറൂണിനു കെങ്കേമമായി വട്ടം കൂട്ടുകയും ചെയ്തു. അവർ ഭാഗിനേയന്റെ ചോറൂണടിയന്തിരത്തിനേക്കാൾ ഇതു കേമമാക്കണമെന്നു വിചാരിച്ചു് അതിനു തക്കവണ്ണമാണു ഇതിനു വട്ടം കൂട്ടിയതു്. അവർ ഉണ്ടാക്കിച്ച സ്വർണ്ണാഭരണങ്ങളും ആൺകുട്ടിക്കുണ്ടാക്കിച്ചതിൽ വളരെ അധികമായിരുന്നു.

ചോറൂണടിയന്തിരത്തിനു ക്ഷണിക്കപ്പെട്ടവരായിട്ടും അങ്ങനെയല്ലാതെയും അസംഖ്യമാളുകൾ ആ വീട്ടിൽ വന്നു കൂടുകയും മുഹൂർത്തസമയത്തു ചോറു കൊടുക്കുകയെന്നുള്ള ക്രിയ യഥായോഗ്യം നടത്തുകയും ചെയ്തു. പിന്നെ സദ്യയ്ക്കു് ഇലവയ്ക്കാനുള്ള ആരംഭമായി.

ഇതിനിടയ്ക്കു് നാത്തൂന്മാർ പതിനൊന്നുപേരും അസൂയ സഹിക്കവയ്യാതെയായിട്ടു് ഒരു വിജനസ്ഥലത്തു് കൂടിയിരുന്നു് ഒരാലോചന നടത്തി.

ഒന്നാമത്തവൾ
ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞും വ്യസനിച്ചുകൊണ്ടു് ഇവിടിയിരിക്കുന്നതിനേക്കാൾ നല്ലതു് നമുക്കു് വല്ല സ്ഥലത്തും പോയി മരിക്കുക തന്നെയാണു്.
രണ്ടാമത്തവൾ
നമ്മളെന്തിനാണു മരിക്കുന്നതു്? നമുക്കു് ഈ സങ്കടമൊക്കെ ഉണ്ടാക്കിത്തീർക്കുന്നതു് മാക്കമൊരുത്തിയാണു്. അതിനാൽ ഏതുവിധവും അവളെ കൊല്ലാൻ നോക്കുകയാണു് വേണ്ടതു്. അവളുടെ കഥ കഴിഞ്ഞാൽപ്പിന്നെ സകല കാര്യങ്ങളും നമ്മൾ വിചാരിക്കുന്നതുപോലെ ഇവിടെ നടക്കും. പിന്നെ നമുക്കു് ഒരിക്കലും ഒന്നുകൊണ്ടും വ്യസനിക്കേണ്ടതായി വരികയില്ല.
മൂന്നാമത്തവൾ
അതൊക്കെ ശരിതന്നെ. പക്ഷേ അവളെക്കൊല്ലാൻ കൗശലമൊന്നുമില്ലല്ലോ.
നാലാമത്തവൾ
കൗശലമില്ലായ്കയൊന്നുമില്ല. എനിക്കൊരു നല്ല കൗശലം തോന്നുന്നുണ്ടു്. അതു ചെയ്താൽ മതി.
അഞ്ചാമത്തവൾ
എന്നാൽ അതെന്താണെന്നു കൂടി പറയൂ. കേൾക്കട്ടെ.
നാലാമത്തവൾ
അതു പറയാം. നമ്മുടെ അടുക്കളക്കാരൻ ചാപ്പനെ വിളിച്ചു മാക്കത്തിനു ചോറു വിളമ്പിക്കൊടുക്കുമ്പോൾ അതിൽ വിഷം ചേർത്തു കൊടുക്കണമെന്നു സ്വകാര്യമായി പറഞ്ഞു ചട്ടംകെട്ടണം. എന്തെങ്കിലും വിഷദ്രവ്യം അവന്റെ കയ്യിൽ കൊടുത്തേക്കുകയും വേണം. എന്നാൽ കാര്യം പറ്റും.
ആറാമത്തവൾ
ഇതു കാര്യം കൊള്ളാം. നല്ല കൗശലമാണു്. പക്ഷേ അവനു വല്ലതും കൊടുക്കാതെ അവനങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല.
എട്ടാമത്തവൾ
അതു ശരിയാണു്. അവനു വല്ലതും കൊടുക്കണം.
ഒൻപതാമത്തവൾ
കൊടുക്കണം. കൊടുത്താലെന്താണു്? നമുക്കു് ഉപദ്രവം തീരുമല്ലോ.
പത്താമത്തവൾ
എന്റെ വീതത്തിനു നൂറു റുപ്പിക കൊടുക്കാൻ ഞാൻ തയ്യാറാണു്. അങ്ങനെ നമ്മളെല്ലാവരും കൊടുക്കണം. അപ്പോൾ ആയിരത്തി ഒരുനൂറു് ഉറുപ്പികയാകും. അത്രയും കൊടുത്താൽ അവൻ നിശ്ചയമായിട്ടും അങ്ങനെ ചെയ്യും. ഇനി വിഷം വേണമല്ലോ, അതിനെന്താ കൗശലം?
പതിനൊന്നാമത്തവൾ
അതിനെക്കുറിച്ചു നിങ്ങളാരും വിചാരപ്പെടേണ്ട. എന്റെ കൈവശം ഒരു ദ്രാവകമിരിക്കുന്നുന്നുണ്ടു്. ആയിരം പേരെക്കൊല്ലാൻ അതിൽ ഒരു തുള്ളി തന്നെ തികച്ചുവേണ്ട.

“എന്നാൽ അങ്ങനെതന്നെ” എന്നു അവരെല്ലാവരുംകൂടി പറഞ്ഞുറച്ചു. പിന്നെ അവർ ചാപ്പനെ വിളിച്ചു് സ്വകാര്യമായിട്ടു് ഇതു പറഞ്ഞു. അതുകേട്ടു ചാപ്പൻ ചെവിപൊത്തിക്കൊണ്ടു് “അയ്യോ! ശിവശിവ! മഹാപാപം. ഇതു ഞാൻ ഒരിക്കലും ചെയ്യുകയില്ല. ആയിരത്തൊരുനൂറല്ല, പതിനായിരമായാലും ഈ കാര്യം എന്നാൽ സാദ്ധ്യമല്ല” എന്നു പറഞ്ഞു. അപ്പോൾ ആ സ്ത്രീകൾ “എന്നാൽ അതുവേണ്ട. ഈ വിഷദ്രവ്യം ചേർത്തു ഞങ്ങൾക്കു് ചോറുവിളമ്പിത്തന്നാലും മതി. അതിനു നിനക്കെന്താ വിഷമം? ഇതു ഞങ്ങൾ തന്നെ പറഞ്ഞിട്ടാണല്ലോ. എന്നാൽ അതിനെക്കുറിച്ചു് ചോദ്യമുണ്ടാകുമ്പോൾ വിഷം മാക്കം തന്നു ഞങ്ങൾക്കു തരുവിച്ചതാണെന്നു പറഞ്ഞേക്കണം. നീ അതുമാത്രം ചെയ്താൽ മതി. നിനക്കു തരാമെന്നു പറഞ്ഞിട്ടുള്ള സംഖ്യ ഞങ്ങൾ തരികയും ചെയ്യാം” എന്നു പറഞ്ഞു. അതിനും ചാപ്പനു നല്ല സമ്മതമില്ലായിരുന്നു. എങ്കിലും ആ സ്ത്രീകളുടെ നിർബ്ബന്ധം നിമിത്തം ഒടുക്കം അങ്ങനെ ചെയ്യാമെന്നു സമ്മതിച്ചു് അവൻ പോയി.

അപ്പോഴേയ്ക്കും അവിടെ സദ്യയുടെ തിടുക്കമായിക്കഴിഞ്ഞു. ഈ പതിനൊന്നു സ്ത്രീകൾ പ്രത്യേകമൊരു സ്ഥലത്താണ്‌ ഉണ്ണാനിരുന്നതു്. വിളമ്പുകാർ ഓരോ പദാർത്ഥങ്ങൾ മുറയ്ക്കു വിളമ്പിവന്ന കൂട്ടത്തിൽ ഇവർക്കും വിളമ്പി. ഉടനെ ചാപ്പൻ ഇവർക്കു ചോറും കൊണ്ടുവന്നു വിളമ്പി. അപ്പോൾ അവരിൽ ഒരു സ്ത്രീ (ഒന്നും അറിഞ്ഞിട്ടില്ലാത്ത ഭാവത്തിൽ) ചോറു തൊട്ടുനോക്കീട്ടു് “അയ്യോ ഈ ചോറെന്താണ്‌ ഇങ്ങനെയിരിക്കുന്നതു്? ഇതിൽ വിഷം ചേർന്നിട്ടുണ്ടെന്നു തോന്നുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ ശേഷമുള്ളവരും ചോറു തൊട്ടുനോക്കീട്ടു് “ശരിയാണു് ഈ ചോറു വിഷം ചേർന്നതുതന്നെ, സന്ദേഹമില്ല” എന്നു പറഞ്ഞു. പിന്നെ അവർ “ചാപ്പനിതാ ആളെക്കൊല്ലാൻ ചോറു് വിഷം ചേർത്തു വിളമ്പിയിരിക്കുന്നു” എന്നു പറഞ്ഞു ബഹളം കൂട്ടി. അതുകേട്ടു് അവരുടെ ഭർത്താക്കന്മാർ അവിടെയെത്തി ചില പരിശോധനകൾ കഴിച്ചപ്പോൾ ആ ചോറു വിഷം ചേർന്നതുതന്നെയെന്നു ബോധപ്പെടുകയാൽ അവർ ചാപ്പനെ വിളിച്ചു ചോദ്യം തുടങ്ങി. ചാപ്പൻ ഒന്നും മിണ്ടാതെ നില്ക്കുകയാൽ അവർ അവനെപ്പിടിച്ചു പ്രഹരിച്ചുതുടങ്ങി. തല്ലുകൊണ്ടു വേദന സഹിക്കവയ്യാതെയായപ്പോൾ ചാപ്പൻ, “ഈ വിഷം ജ്യേഷ്ഠത്തിയമ്മമാർക്കു ചോറ്റിൽ ചേർത്തു കൊടുക്കണമെന്നു പറഞ്ഞു ചെറിയമ്മ (വടക്കേ മലയാളത്തിലുള്ള മാന്യകുടുംബങ്ങളിലെ സ്ത്രീകളെ ഭൃത്യന്മാർ ‘ചെറിയമ്മ’ എന്നോ ‘കുഞ്ഞിയമ്മ’ എന്നോ ആണു് പറയുക പതിവു്) തന്നതാണു്. അതുകൊണ്ടു ഞാൻ ഇങ്ങനെ കൊടുത്തതാണു്” എന്നു് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു വിളിച്ചുപറഞ്ഞു. ജനങ്ങൾ ഇതുകേട്ടു് അത്ഭുതപ്പെടുകയും വ്യസനിക്കുകയും ചെയ്തു. “മാക്കം ഇങ്ങനെ ചെയ്യുമോ?” എന്നു ചിലരും “ഓഹോ അവൾ ഇതും ഇതിലപ്പുറവും ചെയ്യും” എന്നു് മറ്റു ചിലരും “അംഗനാജനത്തോളം ദുർബുദ്ധി മറ്റാർക്കുള്ളൂ” എന്നു വേറെ ചിലരും ഓരോരുത്തർ ഓരോവിധം പറഞ്ഞുതുടങ്ങി. ഇതൊക്കെ കേട്ടപ്പോൾ മാക്കത്തിനു വ്യസനം ദുസ്സഹമായിത്തീർന്നു. “സത്യസ്വരൂപനായ ഈശ്വരനു പരമാർത്ഥമറിയാമല്ലോ. സർവ്വസാക്ഷിയായ സകലേശ്വരൻ തന്നെ ഇതിനു സമാധാനമുണ്ടാക്കിക്കൊള്ളും” എന്നു് അവൾ ആദ്യം വിചാരിച്ചു. പിന്നെ “ഇവിടെ ഞാനൊന്നും മിണ്ടാതെയിരുന്നാൽ ജനങ്ങൾക്കു് തെറ്റിദ്ധാരണയുണ്ടാകും. അതുകൊണ്ടു് എന്റെ പരമാർത്ഥം ഞാൻ തന്നെ പറയുകയാണു് ഇവിടെ വേണ്ടതു്” എന്നു രണ്ടാമതു തീർച്ചപ്പെടുത്തിക്കൊണ്ടു മാക്കം തന്റെ രണ്ടു കുട്ടികളോടുകൂടി ഇറങ്ങിച്ചെന്നു് ആ ജനക്കൂട്ടത്തിൽ നിന്നുകൊണ്ടു് “ഈ സംഗതിയിൽ ഞാൻ യാതൊന്നും അറിഞ്ഞിട്ടില്ലെന്നുള്ള പരമാർത്ഥം സത്യസ്വരൂപിണിയായ ലോകമലയാർകാവിലമ്മയ്ക്കറിയാം. ഇതിൽ സ്വൽപമെങ്കിലും വല്ലതും ഞാനറിഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ എന്റെയും ഈ ഓമനക്കുട്ടികളുടെയും തല പൊട്ടിത്തെറിക്കട്ടെ. അല്ലെങ്കിൽ ഇതു ചെയ്തവർക്കു് അതിന്റെ ഫലം ആ സർവ്വേശ്വരി കാണിച്ചു് കൊടുക്കട്ടെ” എന്നു് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ഈ സമയം ചാപ്പൻ ഒരു ഭ്രാന്തനെപ്പോലെ തുള്ളിച്ചാടി ആ സ്ഥലത്തു ചെന്നു് “ഇതു സത്യം, ഇതു സത്യം, ഞാൻ കള്ളം ചെയ്തു. ഞാൻ കള്ളം ചെയ്തു. ഞാൻ വ്യാജം പറഞ്ഞു. ഞാൻ വ്യാജം പറഞ്ഞു. അയ്യോ! എനിക്കു പേടിയാവുന്നേ. ഇതാ, ദംഷ്ട്രങ്ങളും കടിച്ചു കണ്ണുകളുമുരുട്ടി ഒരു ഭയങ്കരസ്വരൂപം എന്റെ നേരെ വരുന്നു. ഞാനിപ്പോൾ ചാവും, ഇപ്പോൾ ചാവും” എന്നു് ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടു് അവിടെ വീണു. ഉടനെ അവൻ രക്തം വമിച്ചു മരിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടും ഭയാത്ഭുതപാരവശ്യത്തോടുകൂടി ജനങ്ങളെല്ലാവരും പിരിഞ്ഞുപോയി. അപ്പോൾ ആ ചേട്ടകളായ ചേട്ടത്തിയമ്മമാർ ഏറ്റവും ഭയവിഹ്വലകളായിത്തീർന്നു. എങ്കിലും ചാപ്പൻ തങ്ങൾ ചെയ്തതൊന്നും വിളിച്ചു പറഞ്ഞില്ലല്ലോ. അതു ഭാഗ്യം എന്നു വിചാരിച്ചു് അവർ സമാധാനപ്പെട്ടു. പിന്നെയും വിഷണ്ണയായിത്തന്നെ ഇരുന്ന മാക്കത്തെ രാമൻനമ്പ്യാരും പുരാണിയും കൂടി സാന്ത്വനോക്തികൾകൊണ്ടു സമാധാനപ്പെടുത്തുകയും ചെയ്തു.

അനന്തരം ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെശേഷം, ഒരു ദിവസം, മുമ്പു് ആട്ടാൻ കൊടുത്തിരുന്ന എള്ളാട്ടിയ എണ്ണയും കൊണ്ടു് ഒരു വാണിയൻ കടാങ്കോട്ടു ചെന്നിരുന്നു. ആ സമയം ആ തറവാട്ടിലെ പുരുഷന്മാർ പന്ത്രണ്ടു പേരും നായാട്ടിനും അവരുടെ ഭാര്യമാരിൽ പുരാണി എന്തോ ഗൃഹജോലിക്കും, ശേഷം പതിനൊന്നു പേരും കുളിക്കാനും മാക്കത്തിന്റെ ഭർത്താവു കൃഷിസ്ഥലത്തേയ്ക്കും പോയിരിക്കുകയായിരുന്നു. മാക്കം ഋതുവായിരിക്കുകയുമായിരുന്നു. അതിനാൽ മാക്കം വാണിയനോടു് “എണ്ണ അളന്നെടുക്കുന്നതിനും നിനക്കു് ആട്ടുകൂലി തരുന്നതിനും ഇപ്പോൾ സൗകര്യമില്ല. ഞാൻ തീണ്ടാരിയായിരിക്കുകയാണു്. അതുകൊണ്ടു നാളെ വന്നാൽ എണ്ണ അളന്നെടുക്കുകയും നിനക്കു കൂലിതരികയും ചെയ്യാം. എണ്ണ ആ പാത്രത്തിൽത്തന്നെ ഇവിടെയിരിക്കട്ടെ. നീ പുറത്തു് ആ വരാന്തയിൽ നിന്നുകൊണ്ടു് എണ്ണപ്പാത്രം അകത്തേക്കു് വെച്ചിട്ടു് ഇപ്പോൾ പോവുക” എന്നു പറഞ്ഞു. അവൻ അപ്രകാരം വരാന്തയിൽ നിന്നുകൊണ്ടു് എണ്ണപ്പാത്രം അകത്തേക്കുവെച്ചിട്ടു് മുറ്റത്തേക്കിറങ്ങി. കുളിക്കാൻ പോയിരുന്ന നാത്തൂന്മാർ കുളികഴിഞ്ഞു് മടങ്ങിവന്നു് വരാന്തയിലേക്കു കയറുകയും വാണിയൻ മുറ്റത്തേയ്ക്കിറങ്ങുകയും ചെയ്തതു് ഒരേ സമയത്തായിരുന്നു. വാണിയൻ ഇറങ്ങിപ്പോകുന്നതു കണ്ടിട്ടു് ആ സ്ത്രീകൾ മാക്കത്തെ വളരെ ശകാരിച്ചു: “എടീ കുലടേ! നിന്റെ കള്ളത്തരമൊക്കെ ഞങ്ങളറിഞ്ഞു. നിനക്കു ഒരു ഭർത്താവുണ്ടല്ലോ. പിന്നെ ഈ വാണിയനും കൂടി വേണമോ? തീണ്ടലും തീണ്ടാരിയും വർജ്ജിക്കാത്ത നിനക്കു് രാവും പകലും ഒന്നു പോലെയായതു് അത്ഭുതമല്ല. നീ ഈ മാന്യതറവാട്ടേക്കും കളങ്കമുണ്ടാക്കാനായി ജനിച്ചവളാണു്. നിന്റെ സഹോദരന്മാർ വരട്ടെ. നിന്റെ ഈ ദുഷ്കൃത്യങ്ങളെ നിർത്താൻ അവർ വിചാരിച്ചാൽ കഴിയുമോ എന്നു ഞങ്ങൾക്കറിയണം. തറവാടുകളിലുള്ള സ്ത്രീകൾ ഇങ്ങനെ തുടങ്ങിയാൽ കുടുംബം മുടിഞ്ഞുപോകുമല്ലോ. ഈ പുംശ്ചലി സഹോദരന്മാർക്കും നല്ല വരുമാനമാണുണ്ടാക്കിവെയ്ക്കുന്നതു്, ഇവൾ ഇങ്ങനെ തുടങ്ങിയാൽ അവർ പുറത്തിറങ്ങി നടക്കുന്നതെങ്ങനെയാണു്? അവർക്കു് അന്യന്മാരുടെ മുഖത്തു നോക്കാൻ നാണമാകുമല്ലോ?” എന്നും മറ്റും പറഞ്ഞാണു് അവർ മാക്കത്തെശ്ശകാരിച്ചതു്. ഇതുകേട്ടു് പുരാണി അവിടെയെത്തി ചെവികൾ പൊത്തിക്കൊണ്ടു്, “അയ്യോ, ശിവശിവ! ഇതു മഹാ പാപമാണു് നിഷ്ക്കളങ്കയായ ഈ പതിവ്രതാരത്നത്തെക്കുറിച്ചു് ഇങ്ങനെ പറഞ്ഞാൽ നിങ്ങളുടെ നാവു പുഴുക്കും. സർവ്വസാക്ഷിയായിട്ടു് ഒരീശ്വരനുണ്ടെന്നു നിങ്ങൾ വിചാരിക്കാത്തതു കഷ്ടമാണു്” എന്നു പറഞ്ഞു. അതുകേട്ടു് ആ ചേട്ടത്തിയമ്മമാർ പുരാണിയേയും ഒട്ടു വളരെ ശകാരിച്ചു. അപ്പോൾ മാക്കം പുരാണിയോടായിട്ടു പറഞ്ഞു: “ജ്യേഷ്ഠത്തിയമ്മ മിണ്ടാതെയിരിക്കണം. അവർ എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ. എനിക്കു് അതുകൊണ്ടു് ഒരു ദോഷവുമുണ്ടാവുകയില്ല. ലോകമലയാർ കാവിൽ ഭഗവതി തന്നെ ഇതിനൊക്കെ ഉത്തരം പറഞ്ഞുകൊള്ളും.” ഇതുകേട്ടു് പുരാണി അടുക്കളയിലേക്കും മറ്റവർ അവരുടെ ഇരിപ്പിടങ്ങളിലേക്കും പോയി.

പിന്നെ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാക്കത്തിന്റെ സഹോദരന്മാർ നായാട്ടുകഴിഞ്ഞു് മടങ്ങിവന്നു. അന്നു രാത്രിയിൽത്തന്നെ അവരിൽ പതിനൊന്നുപേരെയും അവരുടെ ഭാര്യമാർ തലയിണമന്ത്രം ജപിച്ചു മയക്കി. മാക്കം പുംശ്ചലിയും ദുഷ്കൃത്യം ചെയ്യുന്നവളുമാണെന്നു ദൃഢമായി വിശ്വസിപ്പിച്ചു. മാക്കം സദ്വൃത്തയും പതിവ്രതയുമാണെന്നുള്ള വിശ്വാസവും അവളെക്കുറിച്ചു് വളരെ വാത്സല്യവും സ്നേഹവുമുണ്ടായിരുന്ന ആ സഹോദരന്മാരുടെ മനസ്സു മയങ്ങി. ഇപ്രകാരമുള്ള തെറ്റിദ്ധാരണയുണ്ടാകണമെങ്കിൽ ആ നാത്തൂന്മാരുടെ തലയിണമന്ത്രത്തിന്റെ ശക്തി എത്രമാത്രമുണ്ടായിരിക്കണം? ഭാര്യമാരുടെ മന്ത്രജപം കഴിഞ്ഞപ്പോഴേക്കും ആ പുരുഷന്മാർ പതിനൊന്നുപേരും തങ്ങളുടെ സഹോദരി കേവലം കുലടയും ദുർവൃത്തയുമാണെന്നു വിശ്വസിക്കുകയും ഇവൾ ജീവിച്ചിരിക്കുന്നതു തങ്ങൾക്കും തങ്ങളുടെ തറവാട്ടേക്കും ദുഷ്കീർത്തികരമാണെന്നും ഏതുവിധവും അവളുടെ കഥ കഴിക്കണമെന്നും തീർച്ചയാക്കുകയും അതിനൊരു കൗശലം അവർ പതിനൊന്നു പേരും കൂടി ആലോചിച്ചു നിശ്ചയിക്കുകയും ചെയ്തു.

പിറ്റേദിവസം കാലത്തേ ആ പതിനൊന്നു സഹോദരന്മാരും കൂടി മാക്കത്തെ വിളിച്ചു്, “ഇന്നു ലോകമലയാർകാവിൽ ‘നിറമാല’ എന്ന ആഘോഷമുണ്ടല്ലോ. അതു തമ്പുരാൻ നടത്തുന്നതാകകൊണ്ടു വളരെ കേമമായിരിക്കും. നിനക്കു് അതുകാണാൻ പോകേണ്ടയോ? വീട്ടിൽ നിന്നു പുറത്തിറങ്ങാതെ ഇവിടെത്തന്നെയിരുന്നിട്ടാണു് നിന്റെ മനസ്സിനു് ഉന്മേഷവും ദേഹത്തിനു സുഖവുമില്ലാതെയിരിക്കുന്നതു്. അതിനാൽ നീ കുറേശ്ശെ പുറത്തിറങ്ങി സഞ്ചരിക്കുകയും വേണം. ഈ കുട്ടികളേയും കൊണ്ടു കാവിൽപ്പോയി ദേവിയെ വന്ദിക്കുന്നതു നമുക്കും നമ്മുടെ സന്താനങ്ങൾക്കും തറവാട്ടേക്കും ശ്രേയസ്കരമായിട്ടുള്ളതാണല്ലോ. ദേവിയെ വന്ദിക്കുന്നതിനു ഇത്രയും മുഖ്യമായിട്ടു വേറെ ഒരു ദിവസമില്ല. ഈ ആഘോഷം കാണാൻ പോയാൽക്കൊള്ളാമെന്നു നീ പലപ്പോഴും പറഞ്ഞിട്ടുള്ളതുമാണല്ലോ. ഈ ആഘോഷം കൊല്ലന്തോറുമുള്ളതാണെങ്കിലും ഇക്കൊല്ലം പതിവിൽ കൂടുതലായി ചില വിശേഷങ്ങൾ കൂടിയുണ്ടെന്നു കേട്ടു. ആട്ടെ, വേഗം തയ്യാറാവുക, ഒട്ടും താമസിക്കേണ്ട. വഴി നാലഞ്ചു നാഴികയുണ്ടല്ലോ. ഈ കുട്ടികളേയും കൊണ്ടു നടന്നെത്തണമല്ലൊ. തൊഴാനായിട്ടു് പോകുമ്പോൾ വാഹനങ്ങളുപയോഗിക്കുന്നതു യുക്തമല്ല. ഞങ്ങളും നടന്നാണു് പോകുന്നതു്. എല്ലാവർക്കും ഒരുമിച്ചു തന്നെ പോകണം. നിന്റെ ഭർത്താവു് കൂടെയില്ലാത്ത സ്ഥിതിക്കു ഞങ്ങൾ കൂടെയില്ലാതെ നീ തനിച്ചു പോവുകയില്ലല്ലോ. അങ്ങനെ പോകുന്നതു ശരിയുമല്ലല്ലോ” എന്നു പറഞ്ഞു.

Chap87pge750.png

ഇതു കേട്ടിട്ടു് മാക്കം, ‘ഇതിനുമുമ്പു പലപ്പോഴും നിറമാലാഘോഷം കാണാൻ പോകാനായിട്ടു ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടു്. അന്നൊരിക്കലും അനുവദിക്കാത്ത ഇവർ ഇപ്പോൾ ഇതിനു നിർബന്ധിക്കുകയും സ്നേഹഭാവത്തിൽ ഉപദേശിക്കുകയും ചെയ്യുന്നതുവിചാരിച്ചാൽത്തന്നെ ഇതിലെന്തോ ചതിയുണ്ടെന്നു തീർച്ചയാക്കാം. ഇതിൽ സംശയിക്കാനൊന്നുമില്ല. ഇവർ എന്നെ കൊല്ലാനായിട്ടുതന്നെയാണു് കൊണ്ടു പോകാനുത്സാഹിക്കുന്നതു്. അങ്ങനെയാവട്ടെ. ഈ ദുഷ്ടജനങ്ങളുടെ കൂട്ടത്തിൽ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലതു മരിക്കുകതന്നെയാണു്. ഈ അവസാനകാലത്തു് എന്റെ പ്രാണനാഥനെ ഒന്നു കണ്ടിട്ടു് പോകാൻ നിവൃത്തിയില്ലാതെ വന്നതും ഭാഗ്യദോഷം തന്നെ. ഞാൻ പോയതായിട്ടു കേൾക്കുമ്പോൾ അദ്ദേഹം എന്നെ അനുഗമിക്കുമെന്നുള്ളതു തീർച്ചയാണു്. അദ്ദേഹത്തെ അപ്പോൾ കണ്ടുകൊള്ളാം. ഇപ്പോൾ അതിനായിട്ടു് താമസിക്കുന്നില്ല. ഈ ദുഷ്ടന്മാരുടെ ആഗ്രഹം വേഗത്തിൽ സാധിക്കട്ടെ’ എന്നു വിചാരിച്ചിച്ചുറച്ചിട്ടു് ക്ഷണത്തിൽപ്പോയി കുളിച്ചുവന്നു പതിവുപോലെ ഭഗവതിയെ ധ്യാനിച്ചു മനസ്സുകൊണ്ടു പൂജിച്ചു സ്തുതിച്ചിട്ടു ധവളഭസ്മവും നിർമ്മലവസ്ത്രവും ധരിച്ചു. പിന്നെ മാക്കം അവിടെ തന്റെ വകയായിട്ടുണ്ടായിരുന്ന പൊന്നും പണവും പെട്ടികളും പ്രമാണങ്ങളും പണ്ടങ്ങളും വസ്ത്രങ്ങളുമെല്ലാം തീയിലിട്ടു ചുട്ടു ഭസ്മമാക്കി. ഒരു വസ്ത്രവും ഒരു മുലക്കച്ചയും അവൾ ധരിച്ചിരുന്നു. അവ രണ്ടുമല്ലാതെ വേറെ യാതൊന്നും അവൾ എടുത്തില്ല. മാക്കം തന്റെ കുട്ടികളോടുകൂടി പുറപ്പെട്ടപ്പോൾ നാത്തൂന്മാർ പന്ത്രണ്ടുപേരും ഒരുപോലെ അശ്രുക്കൾ പൊഴിച്ചു. പുരാണി സന്താപം കൊണ്ടും മറ്റവർ സന്തോഷം കൊണ്ടുമായിരുന്നു എന്നുമാത്രമേ ഭേദമുണ്ടായിരുന്നുള്ളു. മാക്കം തിരിഞ്ഞു് നോക്കി. ആ നാത്തൂന്മാരുടെ ഭാവപ്പകർച്ച കണ്ടു നെടുവീർപ്പിട്ടുകൊണ്ടു തന്റെ കുട്ടികളോടുകൂടി നടന്നു. പതിനൊന്നു സഹോദരന്മാരും അവളോടുകൂടിത്തന്നെ പോയി.

അങ്ങനെ രണ്ടുമൂന്നു നാഴിക ദൂരം പോയപ്പോൾ മാക്കം വല്ലാതെ ക്ഷീണിച്ചു. അവൾക്കു് കുട്ടികളെയും കൊണ്ടു സഹോദരന്മാരോടൊപ്പം നടന്നെത്തുവാൻ വയ്യാതെയായി. അപ്പോൾ സഹോദരന്മാർ മാക്കത്തോടു് സ്നേഹഭാവത്തോടുകൂടി “നീ വല്ലാതെ ക്ഷീണിച്ചുവെന്നു തോന്നുന്നുവല്ലോ. ഇനി ഇവിടെയിരുന്നു സ്വൽപം വിശ്രമിച്ചിട്ടു പോയാൽ മതി” എന്നു പറഞ്ഞു. അവിടം മനുഷ്യവാസമില്ലാത്ത ഒരു വനപ്രദേശമായിരുന്നു. ആ ഭയങ്കരവനം കണ്ടപ്പോൾ മാക്കം “ഇവിടെ വെച്ചായിരിക്കുമോ ഇവർ എന്റെ കഥ കഴിക്കാൻ നിശ്ചയിച്ചിരിക്കുന്നതു?” “എന്നാലങ്ങനെയാവട്ടെ” എന്നു വിചാരിച്ചു ഭക്തിപൂർവ്വം ഭഗവതിയെ ധ്യാനിച്ചുകൊണ്ടു ധൈര്യസമേതം ഒരു മരത്തണലിൽച്ചെന്നു തന്റെ കുട്ടികളെ അടുക്കലിരുത്തിക്കൊണ്ടു് അവിടെയിരുന്നു. അവളുടെ സഹോദരന്മാർ അവിടെയൊക്കെ ചുറ്റിനടന്നു സ്ഥലപരിശോധനചെയ്തപ്പോൾ സമീപത്തുതന്നെ ഏറ്റവും കുണ്ടുള്ളതായിട്ടു് ഒരു കിണർ കണ്ടെത്തി. അപ്പോൾ അവരിലൊരാൾ ആ കിണറ്റിൽ നോക്കീട്ടു് “അഹോ! ഇതു് അത്യത്ഭുതം തന്നെ. ഈ കിണറ്റിലിതാ നക്ഷത്രങ്ങൾ കാണുന്നു” എന്നു പറഞ്ഞു. പിന്നെ മറ്റൊരാൾ നോക്കീട്ടു് “ശരി തന്നെ ഈ പകൽസമയത്തു നക്ഷത്രം ഇവിടെയല്ലാതെ ഭൂതലത്തിൽ മറ്റെങ്ങും കാണുമെന്നു തോന്നുന്നില്ല” എന്നു പറഞ്ഞു. ഇങ്ങനെ അവർ പതിനൊന്നുപേരും ആ കിണറ്റിൽ നക്ഷത്രങ്ങളുള്ളതായി പറയുകയും അതു ചെന്നു കാണാനായി മാക്കത്തോടു് നിർബ്ബന്ധിക്കുകയും ചെയ്തു. മാക്കത്തിനു ഇതു കാണാനാഗ്രഹമില്ലെന്നു പറഞ്ഞിട്ടു് അവർ വീണ്ടും നിർബ്ബന്ധിച്ചു. ഒടുക്കം ആ സാധ്വി “വരുന്നതൊക്കെ വരട്ടെ” എന്നു ധൈര്യസമേതം നിശ്ചയിച്ചിട്ടു ഭഗവതിയെ മനസ്സിൽ സുദൃഢം ധ്യാനിച്ചുകൊണ്ടു മന്ദം മന്ദം ചെന്നു കിണറ്റിൽ കുനിഞ്ഞുനോക്കി. ആ സമയം ആ പതിനൊന്നു ദുഷ്ടന്മാരിൽ ഒരാൾ മുമ്പേ തന്നെ അരയിൽ ഒളിച്ചുകരുതിസൂക്ഷിച്ചുവെച്ചിരുന്ന ആയുധമെടുത്തു. ശിവ ശിവ! ശേഷം ചിന്ത്യം. ആ കുട്ടികളുടെ കഥയും അങ്ങനെ തന്നെ…

തങ്ങളുടെ സഹോദരിയും അവളുടെ കുട്ടികളും നിമിത്തം മേലാൽ തങ്ങൾക്കും തങ്ങളുടെ തറവാട്ടേക്കും യാതൊരു കുറച്ചിലുമുണ്ടാവുകയില്ലെന്ന കൃതാർത്ഥതയോടുകൂടി ആ മനുഷ്യാധമന്മാർ അവരുടെ ഗൃഹത്തിലേക്കു മടങ്ങിപ്പോന്നു. അവർ ഗൃഹത്തിലെത്തിയപ്പോൾ അവിടെക്കണ്ട കാഴ്ച അത്ഭുതകരവും ഭയങ്കരവുമായിരുന്നു. മാക്കം അവിടെ “നാലെട്ടു തൃക്കൈകളിലുജ്ജ്വലിക്കും ശൂലാദിനാനായുധഭാസമാന” യായി തീക്കട്ടപോലെ ജ്വലിക്കുന്ന കണ്ണുകളും ചന്ദ്രലേഖകൾ പോലെ വളഞ്ഞ ദംഷ്ട്രകളുംകൊണ്ടു ഭയങ്കരമായ മുഖത്തോടുകൂടി രക്താംബരവും മുണ്ഡമാലകളുമണിഞ്ഞു നൃത്തം ചെയ്യുന്നതായിട്ടും അവളുടെ രണ്ടു് കുട്ടികളും കളിച്ചുകൊണ്ടും പുരാണി ഭർത്തൃസമേതയായി വന്ദിച്ചുകൊണ്ടു് സമീപത്തു് നിൽക്കുന്നതായിട്ടും ആ പുരുഷന്മാരുടെ ഭാര്യമാർ പതിനൊന്നുപേരും രക്തം ഛർദ്ദിച്ചു മരിച്ചു കിടക്കുന്നതുമായിട്ടാണു് അവർ കണ്ടതു്. അപ്പോൾ അവർക്കു് തങ്ങളാൽ വധിക്കപ്പെട്ട മാക്കം ദേവീസാരൂപ്യത്തെയും ദേവീസാമീപ്യത്തെയും പ്രാപിക്കുകയാണു ചെയ്തതെന്നും അവർ മരിച്ചു എന്നു തങ്ങൾക്കു തോന്നിയതു ദേവിയുടെ മായ കൊണ്ടു മാത്രമാണെന്നും മനസ്സിലായി. അവർ മാക്കത്തിന്റെ പാദത്തിങ്കൽ വീണു ക്ഷമായാചനം ചെയ്യാമെന്നു വിചാരിച്ചുവോ എന്തോ? ഏതെങ്കിലും അതിനൊന്നിനും ഇടയാകാതെ ആ പതിനൊന്നു പുരുഷന്മാരും രക്തം വമിച്ചുകൊണ്ടു പെട്ടെന്നു് അവിടെ വീണു മരിച്ചു. മാക്കത്തിന്റെ ഭർത്താവു് ഈ വർത്തമാനം കേട്ട ക്ഷണത്തിൽ ആത്മഹത്യ ചെയ്തു തന്റെ ഭാര്യയെ അനുഗമിച്ചു. പിന്നെ അവിടെ രാമൻ നമ്പ്യാരും പുരാണിയും മാത്രം ശേഷിച്ചു. അവർ ഭഗവതിയെ ഭക്തിപൂർവ്വം സേവിച്ചുകൊണ്ടും സന്താനസമ്പൽസമൃദ്ധിയോടുകൂടിയും സസുഖം വളരെക്കാലം ജീവിച്ചിരുന്നു. ആ ദമ്പതിമാരുടെ സന്താനപരമ്പരയിലുൾപ്പെട്ട ചില വീട്ടുകാർ ഇപ്പോഴും കടത്തനാട്ടുണ്ടത്രേ.

അതെങ്ങനെയുമാവട്ടെ. ‘കടാങ്കോട്ടു മാക്കം’ മേൽപറഞ്ഞപ്രകാരം ‘മാക്കം ഭഗവതി’ യായിത്തീർന്നു എന്നുള്ള സംഗതി ആ ദിക്കുകാർ ഇപ്പോഴും പൂർണ്ണമായി വിശ്വസിക്കുകയും ആ ദേവിയെ ഭക്തിപൂർവ്വം സേവിക്കുകയും ചെയ്തുപോരുന്നുണ്ടു്. മാക്കം ഭഗവതിയുടെ കഥ പണ്ടാരോ ഒരുമാതിരി പാട്ടായിട്ടുണ്ടാക്കിയതു് ആ ദിക്കുകളിൽ ഇപ്പോഴും നടപ്പുണ്ടു്. ഇതിനു ‘മാക്കം തോറ്റം’ എന്നാണു പേരു പറഞ്ഞുവരുന്നതു്. ഈ പാട്ടിനു കവിതാഗുണമോ ശബ്ദഭംഗിയോ വൃത്തനിയമമോ ഒന്നുമില്ലെങ്കിലും ആ ദേവിക്കു് ഇതു് സന്തോഷകരമാണു്. ദേവീപ്രസാദത്തിനായിട്ടും സന്തത്യർത്ഥമായിട്ടും ഇതു് ആ ദിക്കുകാർ ചില ജാതിക്കാരെക്കൊണ്ടു് ഇപ്പോഴും പാടിക്കാറുണ്ടു്. ഇതു കൂടാതെ ‘മാക്കം തിറ’ എന്നൊരു കളിയും ആ ദിക്കിൽ നടപ്പുണ്ടു്. അതും സന്തത്യർത്ഥമായിട്ടും ദേവീപ്രസാദത്തിനായിട്ടും പലരും കളിപ്പിക്കുന്നുണ്ടു്. ഇതും മാക്കം ഭഗവതിക്കു് വളരെ സന്തോഷകരമായിട്ടുള്ളതാണു്. സന്തതിയില്ലാതെയിരുന്നിട്ടു് ‘മാക്കം തിറ’ കളിപ്പിക്കുകയും ‘മാക്കം തോറ്റം’ പാടിക്കയും ചെയ്തിട്ടു് സന്തതിയുണ്ടായ തറവാടുകൾ കടത്തനാട്ടു വളരെയുണ്ടു്. ഇപ്പോഴും പലരും അഭീഷ്ടസിദ്ധിക്കായി ഈ വഴിപാടുകൾ നടത്തിക്കുന്നുണ്ടു്.

മാക്കത്തിന്റെ തലവെട്ടിയിട്ടതായി പറഞ്ഞിരിക്കുന്ന കിണർ ഇപ്പോഴുമവിടെ കാൺമാനുണ്ടു്. ആ കിണറിനു് ഇപ്പോഴും ‘മാക്കം കിണർ’ എന്നാണു പേരു പറഞ്ഞുവരുന്നതു്. ഒരീഴവൻ ആ കിണറ്റിൽ നോക്കീട്ടു ചാമുണ്ഡി അവന്റെ നാവു പിടിച്ചു വലിച്ചറുത്തു ചോര കുടിച്ചതായി ഒരൈതിഹ്യമുണ്ടു്. അതിനാൽ പേടിച്ചിട്ടു് ഇപ്പോഴും ആരും ആ കിണറ്റിൽ നോക്കാറില്ല. മാക്കം ഭഗവതിയുടെ കഥ വാസ്തവത്തിലുണ്ടായതാണെന്നതിലേയ്ക്കു് ഇതിലധികം ലക്ഷ്യങ്ങൾ വേണമെന്നില്ലല്ലോ.